Thursday, November 9, 2017

കായല്‍ ചാണ്ടിയെ മറയ്ക്കാന്‍  സോളാര്‍ ചാണ്ടി?

ബി.ആര്‍.പി. ഭാസ്കര്‍ 
ജനശക്തി

ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടിനുവേണ്ടി നടത്തിയ കായല്‍ നികത്തലുള്‍പ്പെടെയുള്ള ക്രമക്കേടുകളുടെ കഥ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നിരവധി ആഴ്ചകളായി. അതു സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്ന ടിവി ചാനലിന്റെ ആപ്പീസിനു നേരെ ചെറിയ തോതിലുള്ള ഒരാക്രമണവുമുണ്ടായി. ഇതൊന്നും തന്റെ  ഇടപെടല്‍ ആവശ്യപ്പെടുന്ന വിഷയങ്ങളായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടില്ല. മാത്രമല്ല എതെങ്കിലും തരത്തിലുള്ള ഒരന്വേഷണം നടത്താതെ തന്നെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തോമസ്‌ ചാണ്ടിക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ  ഉലച്ച സോളാര്‍ കുംഭകോണം സംബന്ധിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ വ്യത്യസ്തനാമൊരു മുഖ്യനെ നാം കണ്ടു. റിപ്പോര്‍ട്ട് അദ്ദേഹം ഉടന്‍ മന്ത്രിസഭയുടെ മുന്നില്‍ വെച്ചു. കമ്മിഷന്‍ വിശദമായി പരിശോധിച്ചതും അല്ലാത്തതുമായ വിഷയങ്ങളില്‍ നടപടിയെടുക്കാന്‍  മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റനവധി കോണ്ഗ്രസ് നേതാക്കള്‍ക്കുമെതിരായ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് വകുപ്പിനും ലൈംഗികപീഡനാരോപണങ്ങള്‍ പോലീസ് വകുപ്പിനും വിട്ടു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നു തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉടന്‍ പത്രസമ്മേളനം വിളിച്ച് മാധ്യമ പ്രവര്ത്തകരെ അറിയിക്കേണ്ടെന്നായിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ അവ സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതി എന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷെ വിഷയം അഴിമതിയും സ്ത്രീപീഡനവും ആരോപണവിധേയര്‍ യു.ഡി.എഫ് നേതാക്കളുമാകുമ്പോള്‍ എങ്ങനെ വെച്ചുതാമസിപ്പിക്കും? മാനേജരുടെ യുക്തംപോലെ പ്രോഗ്രാം ഭേദഗതി ചെയ്തുകൊണ്ട് അദ്ദേഹം പത്രസമ്മേളനം വിളിച്ച് വാര്‍ത്ത ചൂടോടെ നല്‍കി. അതേസമയം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്തൊക്കെയുണ്ടെന്നു തല്‍ക്കാലം ആരും അറിയേണ്ടെന്നും മുഖ്യമന്ത്രി തീരുമാനിച്ചു.

നിയമപ്രകാരം കമ്മിഷന്‍ റിപ്പോര്‍ട്ട് അതിന്മേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച വിവരവുമായി ആറു മാസത്തിനുള്ളില്‍ നിയമസഭയില്‍ വെക്കണം. ഈ നിബന്ധന കൃത്യമായി പാലിക്കപ്പെടാറില്ല. എന്നാല്‍ ഈ റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയില്‍ വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്മേല്‍ നടപടി പ്രഖ്യാപിച്ച സ്ഥിതിക്ക് അതിന്റെ പ്രസിദ്ധീകരണം വൈകിപ്പിക്കേണ്ട ആവശ്യമില്ല. ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍ ആശ്രയിക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാനുള്ള അവകാശം കോണ്ഗ്രസ് നേതാക്കള്‍ക്കുണ്ടെന്നു സര്‍ക്കാരിനെ നിയമോപദേശകര്‍ ബോധ്യപ്പെടുത്തി. അങ്ങനെ റിപ്പോര്‍ട്ട് മേശമേല്‍ വെക്കാനായി ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനമായി.

ഏകദേശം മൂന്നു കൊല്ലം പണിയെടുത്ത് ജ.ശിവരാജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ലഭ്യമല്ലെങ്കിലും അതില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല. സരിതയും രാധാകൃഷ്ണനും അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും കമ്മിഷനെ കുറെ വട്ടം ചുറ്റിച്ചു. ഇതിലൊരാളുടെ വാക്ക് കേട്ട് കമ്മിഷന്‍ രസകരമായ കാഴ്ചകളുള്ള ഒരു ടേപ്പ് കണ്ടെത്താന്‍ പോലീസിനെ കോയമ്പത്തൂര്‍ക്ക് അയച്ചു. ചാനലുകള്‍ ക്യാമറകളുമായി പിന്നാലെ കൂടി. ഒന്നും കണ്ടെത്താനായില്ല. എല്ലാവരും പരിഹാസ്യരായി.

സരിത എഴുതിയതും സംഭ്രമജനകമായ വിവരങ്ങളടങ്ങിയതെന്നു കരുതപ്പെടുന്നതുമായ ഒരു കത്ത് ഏറെക്കാലം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കമ്മിഷന്‍ പല തവണ ആവശ്യപ്പെട്ടിട്ടും സരിത കത്ത് ഹാജരാക്കിയില്ല. ഒടുവില്‍ ഒരു ചാനല്‍ ഹാജരാക്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശയാണ് കോണ്ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികപീഡന കേസുകള്‍ക്ക് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. സരിത കത്ത് എഴുതിയത് പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ ഒരു കോടതിയും അതില്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കില്ല. നിരവധി വ്യത്യസ്ത ഭാഷ്യങ്ങളുള്ള ഒരു കത്താണത്. കോണ്ഗ്രസ് നേതാക്കള്‍ ഇടപെട്ട് 22പേജുണ്ടായിരുന്ന കത്ത് രണ്ടു പേജായി ചുരുക്കിയെന്നു പാര്‍ട്ടി സെക്രട്ടറി ആയിരിക്കെ പിണറായി ഒരു പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ആ കത്ത് കോടതിയില്‍ നിലനില്‍ക്കില്ലെന്നു മനസിലാക്കിയതുകൊണ്ടാകണം പത്രസമ്മേളനം നടത്തി അന്വേഷണം പ്രഖ്യാപിച്ചശേഷം സരിത പുതിയ പരാതി എഴുതി മുഖ്യമന്ത്രിക്ക് നല്‍കിയത്.     

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയോ സര്‍ക്കാര്‍ പിന്നീട് എഴുതി വാങ്ങിയ പരാതിയുടെയോ അടിസ്ഥാനത്തില്‍ ഒരു കോടതി ഉമ്മന്‍ ചാണ്ടിയെയും മറ്റും സ്ത്രീപീഡനത്തിനു ശിക്ഷിക്കാനുള്ള സാധ്യത ഇപ്പോഴുമില്ല. പൊതുജനശ്രദ്ധ തല്‍ക്കാലത്തേക്കു തോമസ്‌ ചാണ്ടിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയിലേക്ക് മാറ്റാനാകുമെന്ന പ്രതീക്ഷയിലാകണം ഉപദേശകന്‍ ഇപ്പോള്‍ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രിക്ക്  ഉപദേശിച്ചുകൊടുത്തത്. (ജനശക്തി, നവംബര്‍ 1-15, 2017)

1 comment:

Pradeep Singh said...
This comment has been removed by a blog administrator.