Tuesday, June 20, 2017

ഖേദങ്ങളും ആള്‍മാറാട്ടങ്ങളും

ബി.ആര്‍.പി. ഭാസ്കര്‍

മോദി സര്‍ക്കാരിന്റെ സ്വഭാവം ഫാസിസമല്ല അധികാരപ്രമത്തതയാണെന്നു സി.പി.ഐ-എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞ കൊല്ലം വിലയിരുത്തിയത് ഇടതുപക്ഷ നിരീക്ഷകരെ ഏറെ അത്ഭുതപ്പെടുത്തുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് കന്നയകുമാര്‍ അതിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. “സഖാവേ, താങ്കള്‍ക്ക് ഇനിയും പൊരുതാന്‍ വയ്യെങ്കില്‍ ദയവായി വിരമിച്ച് ന്യു യോര്‍ക്കിലേക്ക് പോവുക,” അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ സമരം ഞങ്ങള്‍ നടത്തിക്കൊള്ളാം.” കഴിഞ്ഞ ദിവസം കാരാട്ട് പോളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞു ചില സഹപ്രവര്‍ത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍  ഫാസിസം പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി. ഭവന്റെ പടികള്‍ ചവിട്ടി കയറി ഉള്ളിലെത്തി. ബി.ജെ.പിയുടെയോ ആര്‍.എസ്.എസിന്റെയോ വേഷമണിഞ്ഞല്ല അത് വന്നത്. ഹിന്ദു സേന എന്നൊരു സംഘടനയുടെ പ്രവര്‍ത്തകരുടെ രൂപത്തിലാണ് അതെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പത്രസമ്മേളനത്തിനു വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നുഴഞ്ഞു കയറി മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് അവര്‍ യെച്ചൂരിയുടെ നേര്‍ക്ക് ചെന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.

ആള്‍മാറാട്ടവും ‘സംഘടനാമാറാട്ട’വും സംഘ പരിവാറിനു അന്യമല്ല. ഗാന്ധിവധവുമായി ആര്‍.എസ്.എസിനു ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1948ല്  അതിനെ നിരോധിച്ചിരുന്നു.  രാഷ്ട്രീയത്തില്‍ നിന്ന്‍ വിട്ടു നില്ക്കാമെന്ന ഉറപ്പു നല്‍കിയശേഷമാണ് ഉപപ്രധാനമന്ത്രി വല്ലഭ്ഭായ് പട്ടേല്‍ സാംസ്കാരിക സംഘടനയായി അംഗീകരിച്ചുകൊണ്ട് അതിന്റെ മേലുള്ള  നിരോധനം പിന്‍വലിച്ചത്. ആ നടപടിയോട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശക്തമായി വിയോജിച്ചിരുന്നതായി അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കത്തുകള്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.എസിനെ കോണ്ഗ്രസ് അനുകൂല സംഘടനയാക്കാമെന്ന  പ്രതീക്ഷയിലാണ് പട്ടേല്‍  ആ തീരുമാനമെടുത്തതെന്നു ഒരു ചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നെഹ്രുവിനെ വെറുക്കുന്ന സംഘ നേതാക്കളുടെ പട്ടേല്‍ പ്രേമം ആ അഭിപ്രായം ബലപ്പെടുത്തുന്നതാണ്.  കൊല നടത്തുന്നതിനു മുമ്പേ  ഗോഡ്സെ സംഘടന വിട്ടിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസ് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‍ ഒഴിഞ്ഞുമാറിയത്. സംഘടനയെ ഉത്തരവാദിത്വത്തില്‍ നിന്ന്‍ ഒഴിവാക്കാനായി തങ്ങള്‍ ആര്‍.എസ്.എസ് വിടുകയായിരുന്നെന്ന് ഗോഡ്സേയുടെ കൂട്ടുപ്രതിയായിരുന്ന സഹോദരന്‍ പില്‍ക്കാലത്ത് പറയുകയുണ്ടായി.   

അല്പം വൈകിയാണെങ്കിലും ആര്‍.എസ്.എസ്, പതിവിനു വിരുദ്ധമായി, ഹിന്ദു സേനയുടെ അതിക്രമത്തെ ഔപചാരികമായി അപലപിച്ചിട്ടുണ്ട്.  ഇതിനെ ഒരു പുതിയ തുടക്കമായി കാണാമോ? സംഘ പരിവാരിന്റെ ചില പോഷക സംഘടനകളും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ചിലരും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പു തന്നെ ഒറ്റ നോട്ടത്തില്‍ ഒറ്റപ്പെട്ടവയെന്നു തോന്നാവുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അക്കൂട്ടത്തിലൊന്നാണ് ഒഡിഷയില്‍ പ്രവര്‍ത്തിച്ചിരുന്ന  ഗ്രഹാം സ്റ്റെയിന്‍സ് എന്ന ആസ്ത്രേലിയന്‍ മിഷനറിയെയും രണ്ട്‌ മക്കളെയും ചുട്ടുകൊന്ന സംഭവം. അന്വേഷണോദ്യോഗസ്ഥര്‍  സ്ഫോടനക്കേസുകളില്‍  പിടികൂടി വിചാരണത്തടവുകാരായി തുറുങ്കിലടച്ച പല മുസ്ലിം യുവാക്കളും നിരപരാധികളായിരുന്നെന്നും ആ സ്ഫോടനങ്ങളുടെ പിന്നില്‍ ഹിന്ദു തീവ്രവാദികളായിരുന്നെന്നും പിന്നീട്  വെളിപ്പെട്ടു.  ഭിഷഗ്വരനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ദഭോല്കര്‍ മഹാരാഷ്ട്രയില്‍   കൊല്ലപ്പെട്ടത് കേന്ദ്രത്തില്‍ യു.പി.എ അധികാരത്തിലിരുന്നപ്പോഴാണ്. ഭരണമാറ്റത്തിനുശേഷം സമാന സാഹചര്യങ്ങളില്‍ മഹാരാഷ്ട്രയില്‍ ഗോവിന്ദ് പന്സാരെയും കര്‍ണ്ണാടകത്തില്‍ എം.എം. കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടു. പശുക്കളെ കശാപ്പു ചെയ്തെന്നൊ കശാപ്പു ചെയ്യാനായി കൊണ്ടുപോയെന്നോ ആരോപിച്ച് പല സംസ്ഥാനങ്ങളിലും സംഘം ചേര്‍ന്നുള്ള കൊലപാതകങ്ങള്‍ നടന്നു. എല്ലായിടത്തും അക്രമത്തിനിരയായത് മുസ്ലിങ്ങളും ദലിതരുമാണ്. ഇത്തരം സംഭവങ്ങളില്‍ ബി.ജെ.പിയിതര സംസ്ഥാനങ്ങളിലെ പോലീസും പലപ്പോഴും അക്രമികള്‍ക്ക് അനുകൂലമായ നിലപാടെടുത്തത് രാജ്യത്തെ പോലീസ് സംവിധാനത്തിന്റെ വര്‍ഗീയാഭിമുഖ്യം തെളിയിക്കുന്നു. വേട്ടയാടപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്കേണ്ട പോലീസ്  പലപ്പോഴും ഇരകള്ക്കെതിരെ കേസെടുക്കുന്നു. ഉത്തര്‍ പ്രദേശിലെ സഹറന്‍പൂരില്‍ താക്കൂര്മാരുടെ ആക്രമണങ്ങളെ ചെറുക്കാന്‍  ദലിതരെ സജ്ജരാക്കാന്‍ മുന്നോട്ടുവന്ന ചന്ദ്രശേഖര്‍ ‘രാവണന്‍’ എന്ന യുവ അഭിഭാഷകനെതിരെ  25ലധികം കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്.

“സി.പി.എം തുലയട്ടെ” എന്ന് മുദ്രാവാക്യം വിളിച്ച ഹിന്ദു സേനക്കാര്‍ യെച്ചൂരിയെ ലക്ഷ്യമിട്ടതിനുള്ള കാരണം പറഞ്ഞിരുന്നില്ല. കാശ്മീരിലെ പട്ടാള അതിക്രമങ്ങളെ പാര്‍ട്ടി വിമര്‍ശിച്ചതാണ് അവരെ പ്രകോപിപ്പിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ദേശീയ പതാകയും ദേശീയഗാനവും ഉപയോഗിച്ച് ഒരു വ്യാജ ദേശീയത വളര്‍ത്താന്‍ ശ്രമിക്കുന്ന പരിവാര്‍ സമീപനത്തിന്‍റെ സ്വാധീനം ഇവിടെ കാണാം.  രാജ്യസ്നേഹത്തിന്റെ പേരില്‍ പട്ടാള അതിക്രമങ്ങളെ ന്യായീകരിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്ന സമീപനമല്ല.  സമീപകാലത്തെ അക്രമങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും യു.പിയിലെ അഖ്ലഖിനെയും രാജസ്ഥാനിലെ പെഹ്ലു ഖാനെയും പോലെ സ്വന്തം  നാട്ടിനു പുറത്ത് അറിയപ്പെടാത്തവരെ പരസ്യമായി സംഘം ചേര്‍ന്ന്‍  ആക്രമിക്കുകയോ കൊല്ലുകയോ ഒക്കെയാകാം. എന്നാല്‍ ദഭോല്‍ക്കറെയും കല്‍ബര്‍ഗിയെയും പോലെ പ്രശസ്തരായ വ്യക്തികള്‍ക്കെതിരെ നടത്തുന്നത്  ഒളിയുദ്ധമാണ് . ഒരു ദേശീയ കക്ഷിയുടെ തലസ്ഥാന നഗരിയിലെ ആസ്ഥാന മന്ദിരത്തില്‍ പട്ടാപ്പകല്‍  കയറി അതിന്റെ സമുന്നത നേതാവിനെ ആക്രമിക്കാന്‍ നടത്തിയ ശ്രമമായതുകൊണ്ടാകാം യെച്ചൂരി സംഭവത്തെ അപലപിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം തയ്യാറായത്.  കടുത്ത സംഘ  പ്രചാരകരെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ആക്കിക്കൊണ്ട് ഫലത്തില്‍ നേരിട്ട് അധികാരം കയ്യാളുന്ന പ്രസ്ഥാനമായി മാറിയ സ്ഥിതിക്ക് പരിവാര്‍ നേതൃത്വം അണികളെ നിയന്ത്രിക്കാനുള്ള കഴിവ് പ്രദര്‍ശിപ്പിക്കേണ്ട സമയമാണിത്.  (മാതൃഭൂമി ആഴ്ച്പ്പതിപ്പ്, ജൂണ്‍ 18, 2017)   

No comments: