Wednesday, April 12, 2017

മാധ്യമപ്രവര്‍ത്തനം ക്രിമിനല്‍ പ്രവൃത്തിയാകുമ്പോള്‍ 

ബി.ആര്‍.പി. ഭാസ്കര്‍ 
മാതൃഭൂമി ആഴ്ചപ്പതിപ്പ്

ഒന്നാം പ്രസ് കമ്മിഷന്റെ മുന്നില്‍ തെളിവ് നല്‍കിയ ഒരു പത്ര ഉടമ പറഞ്ഞു താന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ എല്ലാ വകുപ്പുകളും ലംഘിച്ചിട്ടുണ്ടെന്ന്‍. അതില്‍ 302ഉം (കൊലപാതകം) പെടുമോ എന്ന്‍ ഒരംഗം ചോദിച്ചു. മറുപടി ഒരു ബൈബിള്‍ വാക്യമായിരുന്നു: Spirit was willing but flesh was weak. (Editor:ഇത് തര്‍ജ്ജമ ചെയ്യുകയോ മലയാളം ബൈബിളിലെ വാക്കുകള്‍ കിട്ടുമെങ്കില്‍ അതുപയോഗിക്കുകയോ ചെയ്യുക.) വായനക്കാരെ പ്രകമ്പനം കൊള്ളിക്കുന്ന വാര്‍ത്തയ്ക്കായി പത്രാധിപരായ മകന്‍ പത്ര ഉടമയായ അച്ഛനെ കൊല്ലുന്ന കഥ പറയുന്ന ഒരു ഇംഗ്ലീഷ് നോവല്‍ ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. അത്രത്തോളം പോയില്ലെങ്കിലും ഹീനമായ ഒരു ക്രിമിനല്‍ കുറ്റമാണ് പ്രേക്ഷകരെ കൂട്ടാനായി മംഗളം ചാനല്‍ ചെയ്തത്. 

ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഒരു സ്ത്രീയുമായി ഫോണില്‍ കു‌ടി ശൃംഗരിക്കുന്നതിന്റെ അപൂര്‍ണ്ണ ശബ്ദരേഖയായിരുന്നു ആദ്യ ദിവസം അതിന്റെ  മുഖ്യവാര്‍ത്ത. ചാനല്‍ സാരഥികള്‍ കണക്കുകൂട്ടിയതു പോലെ അത് വലിയ ചര്‍ച്ചാ വിഷയമായി. അഞ്ചു മണിക്കൂറിനുള്ളില്‍ ശശീന്ദ്രന്‍ രാജിവെച്ചു. വാര്‍ത്ത കേട്ട പലരും മന്ത്രിയുടെ അനാശ്യാസ സംഭാഷണം പുറത്തു വന്നതില്‍ സന്തോഷിക്കുകയും അതാസ്വദിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ അതിറെ നൈതികത ചോദ്യം ചെയ്തു. ടേപ്പില്‍ സ്ത്രീശബ്ദം ഉണ്ടായിരുന്നില്ല. മന്ത്രി സംസാരിക്കുന്നത്  മുന്‍ പരിചയമുള്ള ഒരാളോടാണെന്ന്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്‍ വ്യക്തമായിരുന്നു. ഉഭയസമ്മത പ്രകാരമുള്ള സംഭാഷണം ചോര്‍ത്തി സംപ്രേഷണം ചെയ്തത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ഉയര്‍ന്നു. കുട്ടികളെ മാറ്റി നിര്‍ത്തണം എന്ന് പറഞ്ഞുകൊണ്ടാണു ചെയ്തതെങ്കിലും അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തത് തെറ്റാണെന്ന അഭിപ്രായം ചിലര്‍ പ്രകടിപ്പിച്ചു. 

സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം നിരവധി മാധ്യമ പ്രവര്‍ത്തകരും വാര്ത്തക്കെതിരെ ശക്തമായി പ്രതികരിച്ചു. സ്വന്തം ചാനലിലൂടെയും അവസരം നല്‍കിയ മറ്റുള്ളവയിലൂടെയും  മംഗളം ടിവി സി.ഇ.ഒ ആര്‍. അജിത്കുമാര്‍ വിമര്‍ശനത്തെ ധീരമായി പ്രതിരോധിച്ചു. തങ്ങള്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനും  അധികാര ദുര്‍വിനിയോഗം തടയാനുമുള്ള കുരിശുയുദ്ധത്തിലാണെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ കടുത്ത മത്സരം നടക്കുന്ന മേഖലയിലേക്ക് പുതുതായി പ്രവേശിക്കുന്ന ചാനല്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വാര്‍ത്തചമയ്ക്കുകയായിരുന്നെന്ന സംശയം നിലനിന്നതിനാല്‍ വിശ്വാസയോഗ്യമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ നിന്നും വനിതകളുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും  ഉയര്‍ന്നു. അധികാരികള്‍ അതംഗീകരിക്കുമെന്ന്‍ വാര്‍ത്ത പരന്നപ്പോള്‍ ചാനല്‍ മേധാവി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നെന്നു ഏറ്റുപറയുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു.

ഒരു മാധ്യമ സ്ഥാപനം ഇത്തരത്തില്‍ പരസ്യമായി കുറ്റസമ്മതം നടത്തുന്നത് അത്യപൂര്‍വ്വമാണ്. എട്ട് മുതിര്‍ന്ന പത്രപ്രവര്ത്ത്രകര്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെതിരായ ഓപ്പറേഷന്‍ നടത്തിയതെന്നും ഒരു മാധ്യമപ്രവര്‍ത്തക കെണിയാകാന്‍ സ്വയം തയ്യാറാവുകയായിരുന്നെന്നുമുള്ള അജിത്കുമാറിന്റെ പ്രസ്താവത്തില്‍ ചാനല്‍ മേധാവിയെന്ന നിലയില്‍ അദ്ദേഹത്തിനുള്ള ഉത്തരവാദിത്വം കുറച്ചുകാട്ടാനുള്ള ശ്രമമുണ്ട്. ചാനലിനുണ്ടായ വീഴ്ചയില്‍ ഉടമകളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന കാര്യങ്ങളും നിയമ സംവിധാനത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്നവയുമുണ്ട്. ഇരുകൂട്ടരും സത്യസന്ധമായും നീതിപൂര്‍വകമായും അവ കൈകാര്യം ചെയ്യട്ടെ.

ഈ കുറ്റകൃത്യമുണ്ടായ സാഹചര്യം സൂക്ഷ്മ പരിശോധന അര്‍ഹിക്കുന്നു. ചെറിയ കാലയളവില്‍ വലിയ വളര്‍ച്ച കണ്ട ഒന്നാണ് ഇന്ത്യയിലെ ദൃശ്യമാധ്യമരംഗം. മാധ്യമങ്ങളുടെ വളര്ച്ചയ്ക്കൊത്ത് മാധ്യമ പരിശീലന സംവിധാനം വളര്‍ന്നില്ല. പക്വമതികളുടെ അഭാവം ചാനലുകളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ പ്രതിഫലിച്ചു. അവതാരകര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രാതിനിധ്യം സ്വയം ഏറ്റെടുത്തു. സ്റ്റുഡിയോകള്‍ വെളിച്ചപ്പാടുകള്‍ ഉറഞ്ഞു തുള്ളുന്ന ഇടങ്ങളായി. ഇന്ന്‍ ടെലിവിഷനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ നിയമമില്ലാത്ത ഏക രാജ്യം ഒരുപക്ഷെ ഇന്ത്യയാണ്. പണച്ചാക്കിന്റെ പിന്ബലമുണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും മാധ്യമ ഉടമയുമാകാന്‍ കഴിയുന്ന അവസ്ഥയാണുള്ളത്. 

ഒരു ചാനല്‍ അഞ്ചു മണിക്കൂറില്‍ ഒരു മന്ത്രിയെ വീഴ്ത്തിയത് ദൃശ്യമാധ്യമങ്ങളുടെ ശക്തിക്ക് തെളിവാണെങ്കില്‍ സാമൂഹിക താല്പര്യം മുന്‍ നിര്‍ത്തി ഇടപെട്ട മാധ്യമപ്രവര്ത്തകര്‍ക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കും അഞ്ചു ദിവസത്തില്‍ അതിനെക്കൊണ്ട് തെറ്റ് ഏറ്റുപറഞ്ഞു മാപ്പപേക്ഷിപ്പിക്കാന്‍ കഴിഞ്ഞത് ഇന്നത്തെ ദുര്‍ബലാവസ്ഥയിലും കേരളത്തിലെ പൊതുസമൂഹത്തിനു തെറ്റ് ചെയ്യുന്നവരെ തിരുത്താനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കുന്നു. ഈ സംഭവത്തില്‍ പൊതുസമൂഹം നടത്തിയ വിജയകരമായ ഇടപെടലിനെ ചുരുക്കിക്കാട്ടാനുള്ള ബോധപൂര്‍വ്വമായ ശ്രമം വലിയ മലയാള മാധ്യമ ശൃംഗലകളുടെ റിപ്പോര്‍ട്ടുകളില്‍ കാണാനുണ്ട്. ഇത്തരം പൊതുസമൂഹ ഇടപെടലുകളെ അവര്‍ ഭയപ്പെടുന്നെന്നാണ് അത് സൂചിപ്പിക്കുന്നത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രില്‍ 9, 2017)

No comments: