Wednesday, May 25, 2016

പുതിയ തുടക്കത്തിന്റെ സൂചനകൾ

ബി ആർ പി ഭാസ്കർ
ജനയുഗം

കേവലം 31 ശതമാനം വോട്ടുകൊണ്ട്‌ അധികാരത്തിലെത്താൻ കഴിയുന്ന ഒരു ജനാധിപത്യ സംവിധാനമാണ്‌ നമ്മുടെ രാജ്യത്തുള്ളത്‌. അതുകൊണ്ട്‌ തെരഞ്ഞെടുപ്പു വിജയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജനഹിതം നിർണയിക്കാനാവില്ല. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിൽ നിന്ന്‌ ഒരു കാര്യം വ്യക്തമാകുന്നു. കേരളത്തിലെ ജനങ്ങൾ യുഡിഎഫ്‌ ഭരണം തുടരാൻ ആഗ്രഹിച്ചില്ല. അഞ്ചു കൊല്ലം മുമ്പ്‌ 45.8 ശതമാനം വോട്ടോടെ അധികാരത്തിലേറിയ മുന്നണി ഒരവസരം കൂടി ആവശ്യപ്പെട്ടപ്പോൾ 37.8 ശതമാനം വോട്ടർമാരെ പിന്തുണച്ചുള്ളു. എന്നാൽ യുഡിഎഫിനെ കൈവിട്ടവരെല്ലാം എൽഡിഎഫിനെ പിന്തുണച്ചില്ല. എൽഡിഎഫ്‌ വോട്ടു വിഹിതം കൂടുകയല്ല, 45.19 ശതമാനത്തിൽ നിന്ന്‌ 43.31 ശതമാനമായി കുറയുകയാണുണ്ടായത്‌. ബിജെപിയുടെ വോട്ടു വിഹിതം മാത്രമാണ്‌ കൂടിയത്‌. കഴിഞ്ഞ തവണ 6.06 ശതമാനം വോട്ടാണ്‌ അത്‌ നേടിയത്‌. ഇത്തവണ അതിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്ക്‌ 15.01 ശതമാനം വോട്ട്‌ ലഭിച്ചു. നവോത്ഥാന സ്വാധീനത്തിൽ കേരളത്തിൽ വികസിച്ച മതനിരപേക്ഷ അന്തരീക്ഷം തടഞ്ഞു നിർത്തിയിരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‌ വളരാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നത്‌ എൽഡിഎഫും യുഡിഎഫും മനസിലാക്കണം. വർഗീയതയുടെ വളർച്ച തടയാൻ നവോത്ഥാന മൂല്യങ്ങൾ തിരിച്ചു പിടിക്കേണ്ടതുണ്ട്‌.

ജനങ്ങൾ യുഡിഎഫിന്‌ ഭരണത്തുടർച്ച നിഷേധിച്ചുകൊണ്ട്‌ എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയ സ്ഥിതിക്ക്‌ ഇനി എല്ലാം ശരിയാകണം. കേരളം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങൾ തനിയെ ഉണ്ടായവയല്ല. ഭരണകൂടങ്ങൾ തെറ്റായ നടപടികൾ സ്വീകരിച്ചതു കൊണ്ടാണ്‌ അവയുണ്ടായത്‌. അവ പോകണമെങ്കിൽ തെറ്റായ സമീപനം ഇല്ലാതാവുകയും ശരിയായ സമീപനം ഉണ്ടാവുകയും വേണം.

പുതിയ തുടക്കത്തിനുള്ള അവസരമാണ്‌ ജനങ്ങൾ എൽഡിഎഫിന്‌ നൽകിയിരിക്കുന്നത്‌. അത്‌ പ്രയോജനപ്പെടുത്താനുള്ള കഴിവ്‌ മുന്നണിക്കുണ്ടെന്ന്‌ തെരഞ്ഞെടുപ്പിനുശേഷമുള്ള സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നു. എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട്‌, തെരഞ്ഞെടുപ്പു ഫലം വന്ന്‌ 24 മണിക്കൂറിനുള്ളിൽ സിപിഐഎം മുഖ്യമന്ത്രിയെ തീരുമാനിച്ചു. വി എസ്‌ അച്യുതാനന്ദനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പു ജയിച്ചശേഷം പ്രായത്തിന്റെ പേരിൽ അദ്ദേഹത്തെ മാറ്റി നിർത്തിയതിനെ ചിലർ അനീതിയായി കാണുന്നുണ്ട്‌. എന്നാൽ അച്ചടക്കമുള്ള കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ അദ്ദേഹം പാർട്ടി തീരുമാനത്തിനൊത്തു പോവുകയും നേരത്തെ അദ്ദേഹത്തെ തഴഞ്ഞപ്പോൾ സംഭവിച്ചതിൽ നിന്ന്‌ വ്യത്യസ്തമായി അണികളും അത്‌ സ്വീകരിക്കുകയും ചെയ്തു. മറ്റുള്ളവർ ഇനി അത്‌ ചർച്ചാവിഷയമാക്കേണ്ട കാര്യമില്ല. പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള അച്യുതാനന്ദന്റെ ഭിന്നതകൾ കഴിഞ്ഞ എൽഡിഎഫ്‌ മന്ത്രിസഭയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി വരുന്നതോടെ ഭരണസംവിധാനത്തിനും സംഘടനാസംവിധാനത്തിനും ഒറ്റമനസോടെ നീങ്ങാനാകും.

പിണറായി കർക്കശക്കാരനായ സംഘടനാ നേതാവായിരുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സിപിഐഎം ദുർബലമായപ്പോൾ അകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികളെ മറികടന്നുകൊണ്ട്‌ കേരളത്തിലെ പാർട്ടിക്ക്‌ തുടർന്നും വളരാനായത്‌ അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിക്കുന്നു. പുതിയ പദവിയിൽ പാർട്ടി താൽപര്യങ്ങൾക്കപ്പുറം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാനുള്ള കടമ അദ്ദേഹത്തിനുണ്ട്‌. ആ കടമയെ കുറിച്ച്‌ പൂർണമായും ബോധവാനാണെന്ന സൂചനയാണ്‌ സ്ഥാനമേൽക്കുന്നതിനു മുമ്പ്‌, വി എസിനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കൂടാതെ, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും സന്ദർശിച്ച്‌ ആശയവിനിമയം നടത്തുക വഴി അദ്ദേഹം നൽകിയത്‌. ആർക്കെങ്കിലും അക്കാര്യത്തിൽ സന്ദേഹമുണ്ടെങ്കിൽ തന്റെ സർക്കാർ എല്ലാവരെയും ഉൾക്കൊള്ളുന്ന ജനകീയ സർക്കാരായിരിക്കുമെന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ അദ്ദേഹം തന്നെ അത്‌ നീക്കാൻ ശ്രമിച്ചിട്ടുണ്ട്‌.

മുൻകാല സമീപനങ്ങളുടെ ഫലമായി ഉയർന്നിട്ടുള്ളതും തിരുത്തപ്പെടേണ്ടതുമായ പല ദുഷ്പ്രവണതകളും നമ്മുടെ സമൂഹത്തിലുണ്ട്‌. അവയെ സത്യസന്ധമായി അഭിമുഖീകരിക്കാൻ കഴിയുന്ന നേതാവാണ്‌ പിണറായി വിജയൻ. നോക്കുകൂലി തെറ്റാണെന്ന്‌ പരസ്യമായി പറയാനുള്ള ആർജവം കാട്ടിയ നേതാവാണല്ലൊ അദ്ദേഹം. നാമമാത്ര പ്രാതിനിധ്യ പാരമ്പര്യം ഉപേക്ഷിച്ച്‌ പരിചയ സമ്പന്നരായ രണ്ട്‌ സ്ത്രീകളെ മന്ത്രിസഭയിലുൾപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം ഒരു നല്ല തുടക്കം കുറിച്ചിരിക്കുന്നു.

സാമൂഹികമായി വികസിത രാജ്യങ്ങൾക്കൊപ്പം എത്തിയിട്ടുള്ള സംസ്ഥാനമാണ്‌ കേരളം. എന്നാൽ ഒരു ആധുനിക സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിന്‌ പര്യാപ്തമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നമുക്കായിട്ടില്ല. അതിവേഗം നഗരവൽകരിക്കപ്പെടുന്ന നാടാണിത്‌. തീരദേശ മേഖലയിൽ വൻപാതകളുടെ ഇരുവശത്തുമായി പുതിയ നഗരങ്ങൾ ഉയരുന്നു, പഴയ നഗരങ്ങൾ വളർന്ന്‌ വൻനഗരങ്ങളാകുന്നു. ഗതാഗതം, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ നാം കുറച്ചു കാലമായി നേരിടുന്ന പ്രശ്നങ്ങൾ ഈ വസ്തുത തിരിച്ചറിഞ്ഞ്‌ നാഗരിക വികസനം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായുണ്ടായവയാണ്‌ . ഇവിടെ നടക്കുന്ന തരത്തിലുള്ള, 500 കിലോമീറ്റർ നീളത്തിലുള്ള നഗരവത്കരണം ലോകത്ത്‌ മറ്റെങ്ങും നടന്നിട്ടില്ല. അതുകൊണ്ട്‌ അനുകരിക്കാവുന്ന മാതൃകകളില്ല.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിനെ ആസൂത്രണ കാര്യങ്ങളിൽ ഉപദേശിച്ച പ്രശസ്ത മാർക്സിസ്റ്റ്‌ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത്‌ പട്നായിക്‌ ഇന്ത്യയിലെ ഇടതുപക്ഷം ഒരു ബദൽ വികസന തന്ത്രം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടതായി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. രാജ്യത്തിന്റെയോ ലോകത്തിന്റെയോ ഇതരഭാഗങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്‌ കേരളത്തിലെ സാഹചര്യങ്ങൾ. അതിനാൽ യുക്തിയുടെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തിൽ പഠനങ്ങൾ നടത്തി നാം തന്നെ പദ്ധതികൾ ആവിഷ്കരിക്കണം. ആ ചുമതല നിർവഹിക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‌ കഴിയേണ്ടതാണ്‌.

‘ജിഷയ്ക്ക്‌ നീതി’ എന്നത്‌ സമീപകാലത്ത്‌ ഉച്ചത്തിൽ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ്‌. അതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌ ജിഷയുടെ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നിലെത്തിച്ച്‌ ഉചിതമായ ശിക്ഷ നൽകുക എന്നതാണ്‌. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം ഒട്ടും തൃപ്തികരമല്ല. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ അപകടം സംബന്ധിച്ച പൊലീസ്‌ അന്വേഷണത്തിലും അപാകതകളുണ്ട്‌. പൊലീസ്‌ സംവിധാനത്തിൽ ജനങ്ങൾക്ക്‌ വിശാസമുണ്ടാകണമെങ്കിൽ ഇവ രണ്ടിലും വീഴ്ചവരുത്തിയവർക്കെതിരെ നടപടിയുണ്ടാകണം.

ജിഷ പ്രശ്നം ഒരേ സമയം സ്ത്രീപ്രശ്നവും ദളിത്‌ പ്രശ്നവുമാണ്‌. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതൊടൊപ്പം ദളിത്‌ വിവേചനം അവസാനിപ്പിക്കാനുള്ള നടപടികളുമുണ്ടാകണം. പുറമ്പോക്കുകളിലും കോളനികളിലും കഴിയുന്ന ദളിത്‌ കുടുംബങ്ങളുടെ മാന്യമായ പുനരധിവാസത്തെ മുൻഗണനയർഹിക്കുന്ന വിഷയമായി സർക്കാർ കാണണം.

No comments: