Saturday, May 7, 2016

എല്ലാം ശരിയാകാൻ രാഷ്ട്രീയ സംസ്കാരം മാറണം                                            ബി. ആർ. പി. ഭാസ്കർ
ജനശക്തി

അഡ്‌ജസ്റ്റ്മെന്റുകൾ പൂർത്തിയായി. പ്രകടനപത്രികകൾ പുറത്തു വന്നു. മുദ്രാവാക്യങ്ങളും പാരഡി പാട്ടുകളും കൊണ്ട് കേരളം നിറഞ്ഞു. നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ വാക്പോർമുഖം തുറന്നു. അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പ് മാമാങ്കം അന്തിമ പാദത്തിലേക്ക് നീങ്ങുകയാണ്..

മൂന്നര പതിറ്റാണ്ടു മുമ്പ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫും നിലവിൽ വന്നശേഷം നടന്ന ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടായിട്ടുണ്ട്. അഞ്ചു കൊല്ലം കൂടി കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹത്തോടെയാണ് ഓരോ സർക്കാരും കാലാവധി പൂർത്തിയാക്കിയത്. ആ ലക്ഷ്യം മുൻ‌നിർത്തി അവസാന നാളുകളിൽ ചില നടപടികളെടുത്ത അവസരങ്ങളുമുണ്ട്. എന്നാൽ ഒരു മൂന്നണിക്കും ഭരണത്തുടർച്ച എന്ന മുദ്രാവാക്യം ഉയർത്താനുള്ള ധൈര്യം ഉണ്ടായില്ല. ഇത്തവണ അങ്ങനെയൊരു മുദ്രാവാക്യം യു.ഡി.എഫ് ആദ്യമായി ഉയർത്തിയിരിക്കുന്നു.

ഈ ഇരുമുന്നണി സമ്പ്രാ‍ായത്തിന്റെ കാലത്ത് അധികാരത്തിലേറിയ ഓരോ സർക്കാരും തൊട്ടു മുന്നിലത്തേതിനെക്കാൾ മോശമായിരുന്നു. കാലാവധി പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടി സർക്കാരിനോളം അഴിമതിക്കും തട്ടിപ്പിനു കൂട്ടുനിന്നതിനും പഴി കേട്ട മറ്റൊന്ന് സംസ്ഥാന ചരിത്രത്തിലില്ല. എന്നിട്ടും ജനങ്ങളുടെ മുന്നിൽ വന്ന് ഒരവസരം കൂടി ചോദിക്കാൻ അതിന് കഴിയുന്നു. എതിരാളികളുടെ അവസ്ഥ തങ്ങളുടേതിനേക്കാൾ മെച്ചമല്ലെന്ന ചിന്ത അവർക്ക് അമിതമായ ആത്മവിശ്വാസം നൽകുന്നുണ്ടാകണം. സർക്കാരിനെതിരായ ആരോപണങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പ്രക്ഷോഭങ്ങളെല്ലാം പരാജയപ്പെട്ടത് ഭരണപക്ഷത്തിന് പ്രതീക്ഷക്ക് വക നൽകുന്നുണ്ടാകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങളുടെ പരമ്പര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.  പട്ടികക്ക് നീളം കൂട്ടാനായി സർക്കാർ പണി പൂർത്തിയാകും മുമ്പ് ചില ഔപചാരിക ഉദ്ഘാടനങ്ങളും നടത്തി. ഒട്ടുമിക്ക പദ്ധതികളും ഏറെക്കാലം ചർച്ചചെയ്യുകയും നേരത്തെ പണി തുടങ്ങുകയും ചെയ്തവയാണ്. പണി പൂർത്തിയായത് തങ്ങളുടെ കാലത്തായതു കൊണ്ട് അവയെ സ്വന്തം നേട്ടമായി അവകാശപ്പെടുന്നതിനെ കുറ്റപ്പെടുത്താനാവില്ല. അവയ്ക്ക് അഴിമതിയുടെയും തട്ടിപ്പിന്റെയും കറ കഴുകിക്കളയാനാവില്ലെങ്കിലും അവ ഉപയോഗിച്ച് പ്രതികൂല സാഹചര്യം മറികടക്കാനാണ് ഭരണമുന്നണിയുടെ ശ്രമം.
 
“എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും” എന്നതാണ് ഇടതുമുന്നണിയുടെ മുദ്രാവാക്യം. ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടാകുന്ന കീഴ്‌വഴക്കമനുസരിച്ച് എൽ.ഡി.എഫ് വിജയിക്കേണ്ട തെരഞ്ഞെടുപ്പാണിത്. മുന്നണികളെ നയിക്കുന്ന കോൺഗ്രസിനും സി.പി.എമ്മിനും അവയിലെ പ്രധാന ഘടകകക്ഷികൾക്കും സ്ഥിരമായി വോട്ടു ചെയ്യുന്ന, തികഞ്ഞ പ്രതിബദ്ധതയുള്ള ഒരു വിഭാഗം ഇവിടെയുണ്ട്. അവരുടെ ശതമാനത്തിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നെന്ന് കരുതാൻ ന്യായമില്ല. എന്നിട്ടും, പശ്ചിമ ബംഗാളിലും ത്രിപുരയിലും സംഭവിച്ചതിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടാകുന്നത് മാറിമാറി വോട്ടു ചെയ്യുന്ന സ്വഭാവമുള്ള ഒരു വിഭാഗമുള്ളതുകൊണ്ടാണ് . ഒരു പാർട്ടിയുടെയും (അഥവാ മുന്നണിയുടെയും) ഭരണത്തിന് പാസ് മാർക്ക് കൊടുക്കാതെ  ഇക്കൂട്ടർ അവസരം കിട്ടുമ്പോൾ അവരെ തോല്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആരും അഞ്ചു കൊല്ലത്തിലധികം വിശ്വാസമർപ്പിക്കാൻ കൊള്ളുന്നവരല്ലെന്ന് കരുതുന്നവരാണവർ. ഭരണത്തുടർച്ച അവരെ സംബന്ധിച്ചിടത്തോളം ഭയാനകമായ അവസ്ഥയാണ്.

രാഷ്ട്രീയകക്ഷികൾ ജനവികാരം മാനിക്കണമെങ്കിൽ തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ച് അല്പമെങ്കിലും അനിശ്ചിതത്വം നിലനിൽക്കണം. കേരളത്തിൽ തുടർച്ചയായി ഭരണമാറ്റം നടക്കുന്നതിനാൽ പാർട്ടികൾക്ക് ജനങ്ങളെ തീരെ ഭയമില്ലാത്ത അവസ്ഥയാണുള്ളത്. ഭരണം എത്ര നല്ലതായാലും അഞ്ചു കൊല്ലമെ കിട്ടുകയുള്ളുവെന്നും പ്രതിപക്ഷത്ത് അഞ്ചു കൊല്ലം കഴിച്ചുകൂട്ടിയശേഷം വീണ്ടും അവസരം ലഭിക്കുമെന്നും രണ്ട് മുന്നണികളുടെയും തലപ്പത്തുള്ളവർ ഉറച്ചു വിശ്വസിക്കുന്നു. അപ്പോൾ അവരെന്തിനു നല്ലതു മാത്രം ചെയ്ത് സൽ‌പേര് സമ്പാദിക്കണം?

ഇരുമുന്നണികളിലുമുള്ള ജനങ്ങളുടെ വിശ്വാസക്കുറവ് മുതലെടുക്കാമെന്ന പ്രതീക്ഷയുമായാണ് ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ രംഗപ്രവേശം ചെയ്റ്റിട്ടുള്ളത്. ബി.ജെ.പിയും അതിന്റെ മുൻ‌ഗാമിയായ ജനസംഘവും അര നൂറ്റാണ്ടായി ശ്രമിച്ചിട്ടും കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും കേരള നവോത്ഥാനത്തിന്റെ ഉന്നതാദർശങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണിതിന്റെ പ്രധാന കാരണം. എക്കാലവും  ഇടതുപക്ഷത്തെ വലിയ തോതിൽ പിന്തുണച്ചിട്ടുള്ള ദലിത് പിന്നാക്ക വിഭാഗങ്ങളുടെ നിരയിൽ വിള്ളലുണ്ടാക്കാനുള്ള ബി.ജെ.പി. ശ്രമം ഒരളവിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ അതിന് ഈ വിഭാഗങ്ങളിൽ പെടുന്ന, പരമ്പരാഗതമായി ഇടതിനൊപ്പം നിന്നിരുന്നവരെ ആകർഷിക്കാൻ എളുപ്പമല്ല. എന്നാൽ കോൺഗ്രസിനൊപ്പം നിന്നിരുന്ന കുറേപ്പേരെ അടർത്തിമാറ്റാൻ അതിന് കഴിഞ്ഞേക്കും.  

ബി.ജെ.പി. ഇന്ന് കേന്രം ഭരിക്കുന്ന കക്ഷി മാത്രമല്ല, കോൺഗ്രസിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയെന്ന ഖ്യാതി പിടിച്ചെടുത്ത കക്ഷി കൂടിയാണ്. എല്ലാ സമൂഹങ്ങളിലും ഉയരുന്ന രാഷ്ട്രീയശക്തിക്കൊപ്പം നിൽക്കാനാഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ടാകും. അത്തരക്കാരെ ആകർഷിക്കാൻ ബി.ജെ.പിക്ക് കഴിയുമെങ്കിലും അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അതിന്റെ നേതൃത്വത്തിന്റെ കഴിവ് പരിമിതമാണ്. അതായത് അധികാര മത്സരം ഇപ്പോഴും യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാറിമാറി വോട്ടു ചെയ്യുന്നവരിൽ പലരും എൽ.ഡി.എഫിന് --- വി.എസ്. അച്യുതാനന്ദന് എന്നു പറയുന്നതാകും കൂടുതൽ ശരി --- ഒരവസരം കൂടി നൽകാൻ തയ്യാറായിരുന്നതുകൊണ്ട് യു.ഡി.എഫിനു നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. വലിയ ദുഷ്പേരു സമ്പാദിച്ച ഉമ്മൻ ചാണ്ടിക്ക് ഒരവസരം നൽകാൻ അവർ തയ്യാറാകില്ല. “എൽ.ഡി.എഫ് വരും” എന്നത് അവർ കേൾക്കാനാഗ്രഹിക്കുന്ന വാക്കുകളാണ്. എന്നാൽ “എല്ലാം ശരിയാകും” എന്ന പ്രഖ്യാപനത്തിൽ അവർ വിശ്വസിക്കാനിടയില്ല. കാരണം മുൻ കാലങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായ സമീപനങ്ങൾ തങ്ങളിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷ നൽകാൻ പോരുന്ന ഒന്നും സ്ഥാനാർത്ഥി നിർണ്ണയ വേളയിലും പ്രചാരണ ഘട്ടത്തിലും എൽ.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

പൊതുസമ്മതിയുള്ള വ്യക്തികളെ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിപ്പിക്കുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ് പാർട്ടി ഏറെക്കാലമായി പിന്തുടരുന്ന ഒന്നാണ്. ആദ്യ കേരള നിയമസഭയിൽ വി.ആർ.കൃഷ്ണയ്യരും ജോസഫ് മുണ്ടശ്ശേരിയും അങ്ങനെ എത്തിയവരാണ്. തങ്ങളുടെ പ്രവർത്തന മേഖലകളിൽ ഒന്നാം നിരക്കാരായിരുന്നു അവർ. ഏതെങ്കിലൂം തരത്തിലുള്ള ദുരാരോപണങ്ങൾ അവർ കേട്ടിട്ടുണ്ടായിരുന്നില്ല. പാർട്ടി ജാതിമത പരിഗണനകൾക്ക് പ്രാമുഖ്യം നൽകിയിരുന്നെങ്കിൽ അവർക്ക്  സ്ഥാനാർത്ഥിത്വം ലഭിക്കുമായിരുന്നില്ല. ഇത്തവണ മുമ്പൊരിക്കലുമില്ലാത്ത തോതിൽ ഇടതു മുന്നണി സീറ്റുകൾ ഔട്ട്‌സോഴ്സ് ചെയ്തു. എന്നാൽ പുറത്തു നിന്ന് കണ്ടെത്തിയവർ കൃഷ്ണയ്യരുടെയും മുണ്ടശ്ശേരിയുടെയും തലത്തിലുള്ളവരല്ല. സ്വന്തം സഭയുടെ ശത്രുത നേടിയകാലത്താണ് സി.പി.ഐ മുണ്ടശ്ശേരിയെ നിർത്തി വിജയിപ്പിച്ചതും വിദ്യാഭ്യാസമന്ത്രിയാക്കിയതും. പിന്നീട് വഴിമാറി സഞ്ചരിച്ചതിന്റെ ഫലമായി ഇടതുപക്ഷം ഏറെ ദൂരെ എത്തിപ്പെട്ടിരിക്കുന്നു.

ഇത് പാർട്ടിയുടെ സ്ഥിരം വോട്ടർമാരെ അലട്ടുന്ന കാര്യമല്ല. ചെയ്യുന്നത് ശരിയായാലും തെറ്റായാലും പാർട്ടിക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണവർ. മാറിമാറി വോട്ടുചെയ്യുന്ന വിഭാഗത്തെയും ഇത് ബാധിക്കില്ല. കാരണം ഭരണമാറ്റം ഉറപ്പാക്കാൻ അവർക്ക് മാറി വോട്ടുചെയ്തേ മതിയാകൂ. അങ്ങനെ “എൽ.ഡി.എഫ് വരും“ എന്ന പ്രതീക്ഷ നിറവേറ്റപ്പെടുമ്പോഴും എങ്ങനെ “എല്ലാം ശരിയാകും” എന്ന ചോദ്യം അവശേഷിക്കുന്നു.

ഉൾപ്പാർട്ടിപ്പോരിനിടയിൽ ഒരു ഘട്ടത്തിൽ അച്യുതാനന്ദൻ സംസ്ഥാന നേതൃത്വവുമായുള്ള തന്റെ അഭിപ്രായഭിനതയ്ക്ക് പ്രത്യയശാസ്ത്രപരമായ പരിവേഷം നൽകിയിരുന്നെങ്കിലൂം അടിസ്ഥാനപരമായി യു.ഡി.എഫ് സർക്കാരിന്റെയും എൽ.ഡി.എഫ്. സർക്കാരിന്റെയും നയപരിപാടികൾ തമ്മിലുള്ള വ്യത്യാസം വളരെ നേരിയതാണ്. മുന്നണി സർക്കാരുകളുടെ പ്രവർത്തനം പരിശോധിച്ചാൽ ഇത് വ്യക്തമാകും. അതുകൊണ്ട് ബോധ്യപ്പെടുന്നില്ലെങ്കിൽ ഇപ്പോൾ രണ്ട് മുനണികളും ജനങ്ങളുടെ മുന്നിൽ വെച്ചിട്ടുള്ള പ്രകടനപത്രികകളിലെ “ഇടത്”, “വലത്” അംശങ്ങൾ തെരയുക.

കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം മുന്നണി കാലഘട്ടത്തിൽ വളർന്നു വന്നിട്ടുള്ള ദുഷിച്ച രാഷ്ട്രീയ സംസ്കാരമാണ്. രാഷ്ട്രീയ മലിനീകരണത്തിന് തുടക്കം കുറിച്ചത് ജനാധിപത്യപരമായ രീതിയിൽ അധികാരം നേടിയ കമ്മ്യൂ‍ണിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ കോൺഗ്രസ് ഉണ്ടാക്കിയ വർഗ്ഗീയ കൂട്ടുകെട്ടാണ്. എന്നാൽ വർഗീയ രാഷ്ട്രീയം വളർത്തിയതിൽ സി.പി.എമ്മിന്റെ പങ്ക്  കോൺഗ്രസിന്റേതിനേക്കാൾ വലുതാണ്. വർഗീയ കക്ഷികളൂമായി കോൺഗ്രസ് പരിമിതമായ അളവിൽ ഇടപെട്ടപ്പോൾ സി.പി.എം അവരെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാന്യത നേടിക്കൊടുത്തു. താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ കൂട്ടുകെട്ടുകൾ കോൺഗ്രസിനെയും സി.പി.എമ്മിനെയും നാശത്തിന്റെ ചുഴിയിലേക്ക് കൂടുതൽ കൂടുതൽ വലിച്ചിഴച്ചുകൊണ്ടിരിക്കുകയാണ്.

ഏതൊരു സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽ‌പ്പിനും വളർച്ചയ്ക്കും ഒരു കുറഞ്ഞ തോതിലുള്ള സത്യസന്ധത നിലനിൽക്കണം. ഇന്നത്തെ കേരള സമൂഹം ആ കുറഞ്ഞ തലത്തിനു താഴെയാണ്. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഇഷ്ടമുള്ളവർക്ക് ഏക്കർ കണക്കിനു സ്ഥലം പതിച്ചു കൊടുക്കാനും വേണ്ടപ്പെട്ട നൂറോ നൂറ്റമ്പതൊ പേർക്ക് ജോലി തരപ്പെടുത്താൻ മത്സരപ്പരീക്ഷ എഴുതിയ 40,000 ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ  അപ്രത്യക്ഷമാക്കാനും  കഴിയുന്നത് അതിന് തെളിവാണ്. എല്ലാം ശരിയാകണമെങ്കിൽ ഈ ദുഷിച്ച രാഷ്ട്രീയ സംസ്കാരം ഇല്ലാതാകണം. (ജനശക്തി, മേയ് 1-15, 20166)

No comments: