Saturday, February 6, 2016

ഇത് തിരിച്ചുപോക്കിന്റെ കാലം

ബി.ആർ.പി. ഭാസ്കർ

ഈ നൂറ്റാണ്ട് പിറക്കുമ്പോൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ. ആയിരുന്നു രാജ്യം ഭരിച്ചിരുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. പത്തു കൊല്ലം ഭരിച്ചശേഷം ബി.ജെ.പി. വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. എ.ബി. വാജ്പേയ് നയിച്ച എൻ.ഡി.എ സർക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മോദി നയിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾ മനസിലാക്കുകയും മാനിക്കുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു വാജ്പേയ്. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ അടിത്തറ പാകിയ ജവഹർലാൽ നെഹ്രുവിന്റെ സംഭാവനകളെ അദ്ദേഹം വിലമതിച്ചു. ബംഗ്ലാദേശിന്റെ രൂപീകരണത്തിൽ കലാശിച്ച ഇന്ത്യാ-പാകിസ്ഥാൻ യുദ്ധകാലത്ത് രാജ്യത്തെ നയിച്ച ഇന്ദിരാ ഗാന്ധിയെ അദ്ദേഹം ദുർഗ്ഗ എന്ന് വിശേഷിപ്പിച്ചു. ഹിന്ദുത്വത്തിന്റെ വളർച്ചയെ ദീർഘകാലം തടഞ്ഞു നിർത്തിയ നെഹ്രുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഓർമ്മയെ ഭയക്കുന്ന മോദി അവരെ വിസ്മൃതിയിലാഴ്ത്തിയും ഒരിക്കലും ഹിന്ദുവർഗീയതയുടെ ഭാഗമ്ല്ലായിരുന്ന വല്ലഭ്ഭായ് പട്ടേൽ, ബി.ആർ. അംബേദ്കർ, ശ്രീനാരായണഗുരു, അയ്യൻ‌കാളി തുടങ്ങിയവരെ ഹിന്ദുത്വദേവഗണത്തിൽ പെടുത്തിയും ഹിന്ദുരാഷ്ട്ര പദ്ധതി മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമത്തിലാണ്. ഗുജറാത്തിലും അയോധ്യയിലുമെന്ന പോലെ, ദേശീയതലത്തിലും രണ്ട് തലങ്ങളിലായാണ് ഈ ശ്രമം നടക്കുന്നത്. ഭരണയന്ത്രം ഉപയോഗിച്ചു ചെയ്യാനാകാത്തതിനെ സ്വകാര്യ സേനകളെ ഉപയോഗിച്ചു ചെയ്യുന്നു. വർഗ്ഗീയതക്ക് --  ന്യൂനപക്ഷ വർഗ്ഗീയതയായാലും ഭൂരിപക്ഷ വർഗ്ഗീയതയായാലും -- താൽക്കാലിക വിജയം നേടാനാകുമെങ്കിലും ഒടുവിൽ ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം അതിനെ തോല്പിക്കുക തന്നെ ചെയ്യും.

ഇരുപതാം നൂറ്റാണ്ട് പിറക്കുമ്പോൾ കേരളം, പ്രത്യേകിച്ച് നാട്ടുരാജ്യങ്ങളായ തിരുവിതാംകൂ‍റും കൊച്ചിയും, ഇന്ന് നാം നവോത്ഥാനമെന്ന് വിവക്ഷിക്കുന്ന നവീകരണ പ്രസ്ഥാനങ്ങളുടെ സ്വാധീനത്തിൽ ഇന്ത്യയുടെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറുകയായിരുന്നു. അതിന്റെ പ്രതിഫലനം പല മേഖലങ്ങളിലും ഇപ്പോഴും കാണാമെങ്കിലും, ഈ നൂറ്റാണ്ട് പിറക്കുമ്പോൾ കേരളം തിരിച്ചുപോക്കിന്റെ പാതയിലായിരുന്നു. അധികാരത്തിനായി മത്സരിക്കുന്ന കക്ഷികൾ തെരഞ്ഞെടുപ്പിൽ ജയിക്കാനായി എല്ലാത്തരം  പ്രതിലോമതകളുമായി നിരന്തരം നടത്തുന്ന ഒത്തുതീർപ്പുകളുടെ ഫലമായി നവോത്ഥാന മൂല്യങ്ങൾ കൈമോശം വന്നിരിക്കുന്നു. പല രാഷ്ട്രീയ നേതാക്കളും കേരള സമൂഹം ജീർണ്ണാവസ്ഥയിലാണെന്ന് ഇപ്പോൾ സമ്മതിക്കുന്നുണ്ട്. എന്നാൽ നിർണ്ണായകമായ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തെളിക്കാൻ കഴിവുള്ള ഒരു നേതൃത്വം ഒരു പാർട്ടിയിലും ഇതുവരെ ഉയർന്നുവന്നിട്ടില്ല.

ദേശീയതലത്തിൽ ഭാവിയെ കുറിച്ച് പ്രതീക്ഷക്കു വക നൽകുന്ന ചില മാറ്റങ്ങൾ ഇക്കൊല്ലം (2015ൽ) ഉണ്ടായി. എന്നാൽ കേരളം ഇപ്പോഴും എതിർദിശയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഒരുപക്ഷെ സ്ഥിതിഗതികൾ കൂടുതൽ വഷളായശേഷമെ ഗുണകരമായ മാറ്റം പ്രതീക്ഷിക്കാനാകൂ.  (മലയാളം വാരിക, ഫെബ്രുവരി 5, 2016)

 ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഞാൻ എഡിറ്റ് ചെയ്യുമ്പോൾ' എന്ന വിഷയത്തിൽ 2000 മുതൽ 2015 വരെയുള്ള കാലത്ത് രാഷ്ട്രീയഭാവ തലങ്ങളിൽ വന്ന വ്യത്യാസം ഉൾപ്പെടുത്തി ഒരു ലേഖനം എഴുതണമെന്ന്
മലയാളം വാരിക പത്രാധിപർ ആവശ്യപ്പെട്ട്ടതനുസരിച്ച എഴുതിയ കുറിപ്പാണിത്.)

No comments: