Wednesday, February 25, 2015

കാലം ഇടതുപക്ഷ ഐക്യം ആവശ്യപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ
ജനയുഗം

സിപിഎമ്മിന്റെ കേരള സംസ്ഥാന സമ്മേളനം വിജയകരമായി അവസാനിച്ചിരിക്കുന്നു. മാർച്ച്‌ രണ്ടോടുകൂടി സിപിഐയുടെ സംസ്ഥാന സമ്മേളനവും കഴിയും. കേരളത്തിൽ ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി അധികാരത്തിൽ വരാറുള്ളതിനാൽ അടുത്ത കൊല്ലം ഈ രണ്ടു കക്ഷികളും വീണ്ടും ഭരണകക്ഷികളാകുമെന്ന്‌ കരുതാം. ആ നിലയ്ക്ക്‌ ഈ സമ്മേളനങ്ങൾക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌.

മൂന്നു തവണയിൽ കൂടുതൽ ഭാരവാഹിത്വം വഹിച്ചവർ തുടരുന്നതിന്‌ കേന്ദ്ര കമ്മിറ്റി വിലക്ക്‌ ഏർപ്പെടുത്തിയതിനെ തുടർന്ന്‌ 16 കൊല്ലം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ സ്ഥാനമൊഴിയുകയും കോടിയേരി ബാലകൃഷ്ണൻ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സമീപകാലത്ത്‌ ഏറെ വിഭാഗീയ പ്രവർത്തനങ്ങൾ നടന്ന പാർട്ടിയിൽ അധികാര കൈമാറ്റം സുഗമമായി നടന്നതിൽ നേതൃത്വത്തിന്‌ അഭിമാനിക്കാം. ഇതിനകം പൂർത്തിയായ ജില്ലാ സമ്മേളനങ്ങൾ സംബന്ധിച്ച വിവരമനുസരിച്ച്‌ സിപിഐയിലും തെരഞ്ഞെടുപ്പു പ്രക്രിയ ഏറെക്കുറെ സുഗമമായി പുരോഗമിക്കുകയാണ്‌. ഇതെല്ലാം കമ്മ്യൂണിസ്റ്റുകാർക്കു മാത്രമല്ല ഇടതുപക്ഷത്തിൽ പ്രതീക്ഷ പുലർത്തുന്ന എല്ലാവർക്കും സന്തോഷത്തിനു വക നൽകുന്നു. എന്നാൽ അവരെ ആശങ്കാകുലരാക്കുന്ന പലതും കൂടി ഇതിനിടയിൽ നടക്കുന്നുണ്ട്‌.

കമ്മ്യൂണിസ്റ്റ്‌ സംഘടനകളുടെ ചട്ടവട്ടങ്ങളനുസരിച്ച്‌ വിവിധ തലങ്ങളിലെ സമ്മേളനങ്ങൾ പ്രതിനിധികൾക്ക്‌ മുൻസമ്മേളനത്തിനുശേഷമുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ സംബന്ധിച്ച്‌ ആശയങ്ങൾ മുന്നോട്ടുവെയ്ക്കുന്നതിനുമുള്ള അവസരങ്ങളാണ്‌. ഈ പ്രക്രിയകൾ യഥാവിധി നടക്കുമ്പോൾ മാത്രമാണ്‌ ശരിയായ അർത്ഥത്തിൽ സമ്മേളനങ്ങൾ വിജയകരമായിരുന്നെന്ന്‌ പറയാൻ കഴിയുക. ബഹുജനങ്ങൾ സമ്മേളനങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക്‌ ആശ്രയിക്കുന്നത്‌ മാധ്യമങ്ങളെയാണ്‌. ഇടതു മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയിൽ അവർ സിപിഎം സമ്മേളനങ്ങൾക്ക്‌ വലിയ പ്രാധാന്യം കൽപ്പിച്ചു. എന്നാൽ ആലപ്പുഴയിൽ നടന്നത്‌ വിഎസ്‌ വധം ആട്ടക്കഥയാണെന്ന ധാരണയാണ്‌ മാധ്യമങ്ങളെ പൂർണമായും ആശ്രയിച്ചവർക്ക്‌ ലഭിച്ചത്‌. ഏതെങ്കിലും മന്ദബുദ്ധിക്ക്‌ കഥ മനസിലായില്ലെങ്കിലോ എന്നു കരുതിയാകണം ഒരു ചാനൽ ‘വിഎസ്‌ വധം’ എന്ന്‌ എഴുതിക്കാണിക്കുകയും ചെയ്തു. സിപിഎമ്മിന്റെ വലിപ്പമില്ലാത്തതുകൊണ്ട്‌ സിപിഐയുടെ സമ്മേളനങ്ങൾക്ക്‌ അത്രത്തോളം മാധ്യമശ്രദ്ധ ലഭിച്ചില്ല. എന്നിട്ടും പാർട്ടിക്ക്‌ രക്ഷപ്പെടാനായിട്ടില്ല. ജില്ലാ സമ്മേളന ചർച്ചകൾ തിരുവനന്തപുരത്തെ പേയ്മെന്റ്‌ സീറ്റ്‌ വിവാദത്തെ ചുറ്റിപറ്റിയായിരുന്നെന്നാകും മുഖ്യധാരാ മാധ്യമങ്ങളെ മാത്രം ആശ്രയിച്ചവർ മനസിലാക്കിയിട്ടുണ്ടാകുക.

മാധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ല. അവർക്ക്‌ വേണ്ടത്‌ വിവാദങ്ങളാണ്‌. ടെലിവിഷന്റെ വരവ്‌ എല്ലാം മാറ്റിമറിച്ചിരിക്കുന്നു. ഈച്ചകൾ പറന്നു ശർക്കരയിലെത്തുന്നതുപോലെ ടെലിവിഷൻ ക്യാമറകൾ വിവാദഭൂമിയിലെത്തുന്നു. കന്റോൺമെന്റ്‌ ഹൗസിനു മുമ്പിൽ തുറന്നിരുന്ന ക്യാമറാക്കണ്ണുകൾക്ക്‌ അടഞ്ഞുകിടക്കുന്ന ഗേറ്റല്ലാതെ ഒന്നും കാണാനായില്ലെങ്കിലും വീട്ടിൽ ടിവി സെറ്റിന്റെ മുന്നിലിരുന്ന പ്രേക്ഷകൻ താൻ എല്ലാം കാണുകയാണെന്നും ചരിത്രത്തിന്‌ സാക്ഷിയാവുകയാണെന്നും കരുതി നിർവൃതിയടഞ്ഞു.

സമ്മേളന റിപ്പോർട്ടുകൾ വികലമാകുന്നതിന്റെ ഉത്തരവാദിത്വം മാധ്യമങ്ങളുടെ തലയിൽ മാത്രമായി കെട്ടിവെക്കാനാവില്ല. സിപിഎമ്മിന്റെ ആലപ്പുഴ സമ്മേളനത്തെ ഗ്രസിച്ച വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതായിരുന്നില്ല. അത്‌ പാർട്ടി നേതാക്കൾ വെള്ളിത്താലത്തിൽവെച്ച്‌ അവർക്ക്‌ നൽകുകയായിരുന്നു. സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൽ നിന്നും അതിനോട്‌ വിയോജിപ്പ്‌ രേഖപ്പെടുത്തിക്കൊണ്ട്‌ വിഎസ്‌ അച്യുതാനന്ദൻ പോളിറ്റ്‌ ബ്യൂറോക്ക്‌ അയച്ച കുറിപ്പിൽ നിന്നുമാണ്‌ അതിന്റെ തുടക്കം. മാധ്യമ അപസർപ്പക പ്രവർത്തനമല്ല രേഖകൾ പുറത്തു കൊണ്ടുവന്നത്‌. പാർട്ടിക്കുള്ളിലെ പോരിൽ ഒരു ഭാഗത്തുള്ള ആരോ സമ്മേളനത്തിനു മുമ്പായി കാര്യങ്ങൾ പൊതുമണ്ഡലത്തിൽ ബോധപൂർവം എത്തിക്കുകയായിരുന്നു. ആ ഘട്ടത്തിൽ വിവാദം കത്തിപ്പടരുന്നത്‌ തടയുന്നതിനു പകരം അതിനെ ആളിക്കത്തിക്കുകയാണ്‌ നേതൃത്വം ചെയ്തത്‌. ഇതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌ സമ്മേളനകാലത്ത്‌ പാർട്ടി നേതൃത്വത്തിന്റെയും മാധ്യമങ്ങളുടെയും താൽപര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല എന്നാണ്‌.

വിഭാഗീയത ഇല്ലാതാക്കിയിട്ടാണ്‌ പടിയിറങ്ങുന്നതെന്ന്‌ പറഞ്ഞ പിണറായി വിജയൻ മൂന്നു കൊല്ലത്തെ പ്രവർത്തന റിപ്പോർട്ടിൽ ആ കാലയളവിലെ മാത്രമല്ല അതിനു മുമ്പുമുള്ള വി എസ്‌ അച്യുതാനന്ദന്റെ ചെയ്തികളെയും വിവരിക്കാൻ നിരവധി പേജുകൾ നീക്കിവെച്ചു. അതിന്റെ ചുവടു പിടിച്ചു ചർച്ചയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും വിഎസിനെ തള്ളിപ്പറഞ്ഞു. അതെല്ലാം പുറംലോകം മാധ്യമങ്ങളിലൂടെ അറിഞ്ഞു. സ്വയംവിമർശനപരമായി വിഷയങ്ങളെ സമീപിക്കുന്നതാണ്‌ തങ്ങളുടെ രീതിയെന്ന്‌ മാർക്സിസ്റ്റ്‌ പ്രസ്ഥാനങ്ങൾ അഭിമാനപൂർവം അവകാശപ്പെടാറുണ്ട്‌. അത്തരത്തിലുള്ള പരിശോധന അർഹിക്കന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ മൂന്നു കൊല്ലക്കാലത്ത്‌ ഇവിടെയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ ആർഎസ്പിയുടെ ചേരിമാറ്റവും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന യുഡിഎഫ്‌ സർക്കാരിനെതിരേ എൽഡിഎഫ്‌ നടത്തിയ സമരങ്ങൾ ഫലം കാണാതെ പോയതും ഉദാഹരണങ്ങൾ. മാധ്യമ റിപ്പോർട്ടുകളിൽ നിന്ന്‌ വായിച്ചെടുക്കാനാകുന്നത്‌ ഇവ സംബന്ധിച്ച പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങൾ വിമർശനപരമല്ല, സ്വയംന്യായീകരണങ്ങളാണ്‌ എന്നാണ്‌. സ്വയംവിമർശനപരമായി ചർച്ചയിൽ പങ്കെടുത്ത ഏതെങ്കിലും പ്രതിനിധി അവയെ സമീപിച്ചെങ്കിൽ അക്കാര്യവും പൊതുജനങ്ങൾ അറിഞ്ഞിട്ടില്ല. കാരണം ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക്‌ ഔദ്യോഗികമായി നൽകിയ പാർട്ടി നേതാവോ രഹസ്യമായി നൽകിയ പ്രതിനിധികളോ അത്‌ വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല.

സമാപന ദിവസത്തെ പൊതുയോഗത്തിൽ സ്വാഗതപ്രസംഗം നടത്തിയ പ്രാദേശിക നേതാവ്‌ ആദ്യം സമ്മേളനം നടന്ന ആലപ്പുഴയിലാണ്‌ അൻപതാം വർഷത്തെ സമ്മേളനവും നടക്കുന്നതെന്ന്‌ ചൂണ്ടിക്കാണിച്ചശേഷം ആവേശത്തള്ളലിൽ നൂറാം വർഷം ഇന്ത്യയിലെ ഭരണകക്ഷിയെന്ന നിലയിൽ -- അതേ ഇന്ത്യയിലെ ഭരണകക്ഷിയെന്ന നിലയിൽ -- വിപ്ലവപാരമ്പര്യമുള്ള നഗരം വീണ്ടും സിപിഎം സമ്മേളന വേദിയാകുമെന്ന്‌ പറഞ്ഞു. അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിക്കവേ വിപ്ലവത്തിന്‌ അത്‌ കൂടിയേ തീരൂ എന്ന്‌ കോടിയേരി വിശദീകരിച്ചു. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ആദ്യകാലം മുതൽ ശക്തിപകർന്നിരുന്ന അടിസ്ഥാനവർഗങ്ങൾ അകന്നുപോകുന്നതിന്റെ വ്യക്തമായ സൂചനകളുള്ളപ്പോഴാണ്‌ ഇത്തരം പ്രസ്താവങ്ങളുണ്ടാകുന്നത്‌. വിവിധതലങ്ങളിലുള്ള നേതാക്കൾ വേണ്ടത്ര യാഥാർഥ്യബോധത്തോടെയല്ല വിഷയങ്ങളെ സമീപിക്കുന്നതെന്ന്‌ ഇതൊക്കെ വെളിവാക്കുന്നു.

ഇടതുപക്ഷം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വി എസ്‌ അച്യുതാനന്ദനല്ല, സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഇടതു കക്ഷികൾക്കു പൊതുവിലും, സിപിഎമ്മിന്‌ പ്രത്യേകിച്ചും, ഉണ്ടായിട്ടുള്ള ശക്തിക്ഷയമാണ്‌. ഇടയ്ക്കും മുറയ്ക്കും അധികാരത്തിലെത്താൻ കമ്മ്യൂണിസ്റ്റ്‌ കക്ഷികളെ സഹായിക്കുന്ന മുന്നണി സംവിധാനം വർഗീയതയെ ചെറുക്കാനുള്ള ഇടതു മുന്നണിയുടെ കഴിവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. കാലം അതാവശ്യപ്പെടുന്നു. (ജനയുഗം, ഫെബ്രുവരി 25, 2015.)

Wednesday, February 11, 2015

ഡൽഹിയിൽ നിന്നുള്ള നല്ല വാർത്ത

ബി.ആർ.പി. ഭാസ്കർ
ജനയുഗം

ഒരു കൊല്ലമായി ഡൽഹിയിൽ നിന്നുള്ള വാർത്തകൾ ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നല്ലവയായിരുന്നില്ല. കേന്ദ്രത്തിൽ അധികാരം നേടിയശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വലിയ മുന്നേറ്റം നടത്തുകയും മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിൽ പോലും അധികാരത്തിൽ പങ്കാളിയാകാൻ കഴിയുന്ന തരത്തിൽ വളരുകയും ചെയ്തു. അതോടെ നരേന്ദ്രമോഡി അജയ്യനാണെന്ന ധാരണ പരന്നു. ഹിന്ദുത്വവാദികൾ ഇന്ത്യ ഹിന്ദുത്വരാഷ്ട്രമാണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കാൻ ധൈര്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ സമത്വം, മതനിരപേക്ഷത തുടങ്ങിയവയെ അവർ പ്രത്യക്ഷത്തിൽ തന്നെ നിരാകരിക്കാനും തുടങ്ങി. കഴിഞ്ഞ ദിവസം ആർഎസ്‌എസ്‌ തലവൻ മോഹൻ ഭഗവത്‌ ‘ഒരു മതം, ഒരു ദൈവം, ഒരു ഭാഷ’ എന്ന അത്യന്തം അപകടകരമായ ഫാസിസ്റ്റ്‌ മുദ്രാവാക്യം മുന്നോട്ടുവെച്ചു. ദേശീയ പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്ന കക്ഷികൾക്ക്‌ രാജ്യത്തെയും സമൂഹത്തെയും പിന്നോട്ടു വലിക്കുന്ന ശക്തികളെ ഫലപ്രദമായി ചെറുക്കാൻ കഴിയാത്തത്‌ ജനങ്ങളെ കടുത്ത നിരാശയിലാക്കിയ ഘട്ടത്തിൽ ഡൽഹിയിൽ നിന്നും ഇതാ ഒരു നല്ല വാർത്ത വന്നിരിക്കുന്നു. അവിടത്തെ ജനങ്ങൾ കോൺഗ്രസിനോടൊപ്പം ബിജെപിയെയും തൂത്തെറിഞ്ഞുകൊണ്ട്‌ ആം ആദ്മി പാർട്ടിയെ (ആപ്‌) മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചിരിക്കുന്നു.

ഡൽഹിയിൽ 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 15 കൊല്ലത്തെ ഭരണത്തിനു തിരശീല വീണു. അഴിമതി ആരോപണങ്ങളാണ്‌ പൊതുവെ മെച്ചപ്പെട്ട ഭരണം കാഴ്ചവെച്ച കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്‌ കാരണമായത്‌. മൂന്നു തവണ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്തിന്‌ സ്വന്തം മണ്ഡലമായ ന്യൂഡൽഹി നിലനിർത്താൻ പോലുമായില്ല. ഏറെക്കാലമായി കോൺഗ്രസും ബിജെപിയും നേരിട്ടു മത്സരിച്ചിരുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഡൽഹി. ആ നിലയ്ക്ക്‌ കോൺഗ്രസ്‌ തോൽക്കുമ്പോൾ അധികാരത്തിലേറാൻ കഴിയേണ്ട ബിജെപിക്ക്‌ ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം മൂലം അതിനു കഴിയാതെപോയി. ഇന്ത്യൻ റവന്യൂ സർവീസ്‌ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ്‌ കെജ്‌രിവാൾ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ പ്രക്ഷോഭത്തിൽ സജീവ പങ്കാളിയായിരുന്നു. അധികാരം നേടിയാൽ മാത്രമെ അഴിമതിക്കെതിരെ ഫലപ്രദമായ നടപടികൾ എടുക്കാനാവൂ എന്ന ചിന്തയാണ്‌ അദ്ദേഹത്തെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു തെരഞ്ഞെടുപ്പു രംഗത്ത്‌ പ്രവേശിക്കാൻ പ്രേരിപ്പിച്ചത്‌. ബിജെപി 33.07 ശതമാനം വോട്ടും 31 സീറ്റും നേടി 70 അംഗ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായപ്പോൾ ആപ്‌ 29.49 ശതമാനം വോട്ടും 28 സീറ്റുമായി തൊട്ടുപിന്നിലായിരുന്നു.

പ്രധാനമായും കോൺഗ്രസിന്റെ ചെലവിലാണ്‌ ആപ്‌ ആദ്യ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്‌. കോൺഗ്രസിന്റെ വോട്ട്‌ വിഹിതത്തിൽ 15 ശതമാനത്തിന്റെ കുറവാണുണ്ടായത്‌. ബിജെപിയുടെ നഷ്ടം മൂന്ന്‌ ശതമാനം മാത്രമായിരുന്നു. ബിജെപി അധികാരത്തിൽ വരുന്നത്‌ തടയാൻ കോൺഗ്രസ്‌ നൽകിയ പിന്തുണയോടെ കെജ്‌രിവാൾ മുഖ്യമന്ത്രിയായി. അതിനുശേഷംസർക്കാരാഫീസുകളിൽ അഴിമതി കുറഞ്ഞതായി ജനങ്ങൾക്ക്‌ അനുഭവപ്പെട്ടു. ചില വലിയ കമ്പനികളുമായി കെജ്‌രിവാൾ കൊമ്പു കോർത്തു. ഒടുവിൽ ആ രീതിയിൽ ഏറെനാൾ മുന്നോട്ടു പോകാൻ കഴിയില്ലെന്ന്‌ മനസിലായതുകൊണ്ട്‌ അദ്ദേഹം രാജിവെച്ചു. ആപിൽ പിളർപ്പുണ്ടാക്കി അധികാരത്തിലെത്താൻ വേണ്ട ഭൂരിപക്ഷം നേടാൻ ബിജെപി ശ്രമിച്ചെങ്കിലും അത്‌ ഫലിച്ചില്ല. ഡൽഹി ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കാൻ അങ്ങനെ ജനങ്ങൾക്ക്‌ വീണ്ടും അവസരം ലഭിച്ചു.

ഇത്തവണ അരവിന്ദ്‌ കെജ്‌രിവാളിന്‌ വലിയ പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നു. കഴിഞ്ഞ ഒരു കൊല്ലക്കാലത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയങ്ങളുടെ ശിൽപികളായ മോഡിയും പാർട്ടി അധ്യക്ഷൻ അമിത്‌ ഷായും എന്തു വില കൊടുത്തും തലസ്ഥാന നഗരി കൈപ്പിടിയിൽ ഒതുക്കാനായി ആളും അർത്ഥവും സംഘടിപ്പിച്ചു. മോഡി തെരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ അധികാരം ഇട്ടിട്ടോടിയ അരാജകത്വവാദിയായ കെജ്‌രിവാൾ നക്സലൈറ്റുകളോടൊപ്പം കൂടുകയാണ്‌ വേണ്ടതെന്നു പരിഹസിച്ചു. പക്ഷെ ഡൽഹിയിലെ ജനങ്ങൾ ജാതിമത പരിഗണന കൂടാതെ ആപിനെ പിന്തുണച്ചു. ആപിന്റെ വോട്ടു വിഹിതം 24ൽ നിന്ന്‌ 54 ശതമാനമായി ഉയർന്നു. അതോടെ നിയമസഭയിലെ അംഗബലം 67 ആയി. ഇതിനു മുമ്പ്‌ ഒരു പാർട്ടിക്കും ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബിജെപിയുടെ വോട്ടുവിഹിതം 33ൽ നിന്ന്‌ 32 ശതമാനമായി കുറഞ്ഞു. അതിന്റെ ഫലമായി സീറ്റുകളുടെ എണ്ണം മൂന്നായി ചുരുങ്ങി. അംഗബലം പത്തു ശതമാനത്തിനു താഴെയാകയാൽ നിയമസഭയിൽ പ്രതിപക്ഷനേതൃപദവി അവകാശപ്പെടാൻ പോലും അതിനു കഴിയില്ല. കോൺഗ്രസിന്റെ വോട്ട്‌ ശതമാനം ഒമ്പതായി ചുരുങ്ങി. ഒന്നര കൊല്ലം മുമ്പു വരെ സംസ്ഥാനം ഭരിച്ച കക്ഷിക്ക്‌ അതോടെ നിയമസഭയിൽ പ്രാതിനിധ്യം പോലുമില്ലാതായി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡൽഹിയിലെ ഏഴ്‌ സീറ്റും തൂത്തുവാരിയിരുന്നു. സംസ്ഥാനത്തെ 70 നിയമസഭാമണ്ഡലങ്ങളിൽ 60ലും അന്ന്‌ ഒന്നാം സ്ഥാനത്തായിരുന്ന ആ കക്ഷിക്ക്‌ ഇപ്പോൾ മൂന്നിടത്തേ ജയിക്കാനായിട്ടുള്ളു. അന്ന്‌ പത്തിടത്തു മാത്രം ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്ന ആപ്‌ 67 സീറ്റ്‌ നേടിയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും വേർതിരിച്ചു കാണാനുള്ള കഴിവ്‌ വോട്ടർമാർക്കുണ്ടെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. രാഷ്ട്രീയ കക്ഷികൾക്ക്‌ മറ്റൊരു പാഠവും ഇതിൽ നിന്ന്‌ പഠിക്കാനാകും. അത്‌ രാഷ്ട്രീയ അഴിമതിയിൽ മനംമടുത്ത ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതാണ്‌. ആ ലക്ഷ്യത്തോടെ കോൺഗ്രസിന്‌ കേന്ദ്രഭരണം നിഷേധിക്കാൻ തീരുമാനിച്ച ജനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചു. കാരണം ഒരു ദേശീയ ബദലാകാനുള്ള കഴിവുള്ള കക്ഷിയായി അവർ അതിനെ കണ്ടു. സംസ്ഥാനതലത്തിൽ ബദലാകാനുള്ള കഴിവ്‌ തങ്ങൾക്കുണ്ടെന്ന്‌ ആപ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തെളിയിച്ചിരുന്നു. ആ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കൈയൊഴിഞ്ഞുകൊണ്ട്‌ ജനങ്ങൾ ആപിനെ വലിയ തോതിൽ പിന്തുണച്ചു.

ഡൽഹി അടുത്ത കാലത്ത്‌ വളരെയേറെ കൂറുമാറ്റങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുകയുണ്ടായി. കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയിൽ ആപ്‌ ഉൾപ്പെടെയുള്ള കക്ഷികളിൽ നിന്ന്‌ പലരെയും ആകർഷിക്കാൻ ബിജെപിക്കു കഴിഞ്ഞു. കെജ്‌രിവാളിന്‌ ഏതൊരു ബിജെപി നേതാവിനേക്കാളും ജനപ്രീതിയുണ്ടെന്ന്‌ മനസിലാക്കിയ മോഡി ജനലോക്പാലിനായുള്ള അണ്ണാ ഹസാരെയുടെ സമരത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥ കിരൺ ബേദിയെ പാർട്ടിയിലേക്ക്‌ കൊണ്ടൂവരികയും മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. കിരൺ ബേദിയുൾപ്പെടെയുള്ള എല്ലാ അവസരവാദികളെയും പുറന്തള്ളിക്കൊണ്ട്‌ ഡൽഹിയിലെ വോട്ടർമാർ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചു.

മോഡി അധികാരത്തിൽ വന്നശേഷം സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഘർവാപസിയും സദാചാര പൊലീസ്‌ കളിയുംപോലുള്ള പേക്കൂത്തുകൾക്കെതിരായ ശക്തമായ വിധിയെഴുത്തുകൂടിയാണ്‌ ഡൽഹി തെരഞ്ഞെടുപ്പു ഫലം. ജാതിമതവിഭാഗങ്ങളുടെ അപ്രീതി ഭയന്ന്‌ ഹിന്ദു വർഗീയതക്കെതിരെ ഉറച്ച നിലപാട്‌ എടുക്കാൻ മടിക്കുന്ന മതനിരപേക്ഷ കക്ഷികൾക്ക്‌ ഈ ജനവിധി ധൈര്യം പകരേണ്ടതാണ്‌.

Wednesday, February 4, 2015

ഭയപ്പെടുത്തുന്ന പരിഹാസവും തിരിഞ്ഞുനോട്ടവും

ബി.ആർ.പി. ഭാസ്കർ

തമിഴ് നാട്ടിലെ താരതമ്യേന ദുർബലമായ ഹിന്ദുത്വചേരിയും ചില ജാതിസംഘടനകളും ഭീഷണി ഉയർത്തിയതിനെ തുടർന്ന് പെരുമാൾ മുരുകൻ എന്ന നോവലിസ്റ്റ് കഴിഞ്ഞ ദിവസം എഴുത്തു നിർത്തുന്നതായും പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ കൃതികളും പിൻ‌വലിക്കുന്നതായും പ്രഖ്യാപിക്കുകയുണ്ടായി. ആ സമയത്ത് പാരീസിൽ തീവ്രവാദി ആക്രമണത്തിൽ മുഖ്യ പത്രാധിപരും മറ്റ് മൂന്നു കാർട്ടൂണിസ്റ്റുകളും ഉൾപ്പെടെ നിരവധി ജീവനക്കാർ കൊല്ലപ്പെട്ട ഷാർളി എബ്ദോ (Charlie Hebdo) എന്ന ആക്ഷേപഹാസ്യ വാരികയുടെ അവശേഷിക്കുന്ന സ്റ്റാഫംഗങ്ങൾ അക്രമികളുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കൂടുതൽ പ്രകോപനപരമായ ഉള്ളടക്കത്തോടെ പുതിയ ലക്കം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. മുരുകന്റെയും ഷാർളിയുടെയും പ്രതികരണങ്ങളിൽ പ്രതിഫലിച്ചത് ബന്ധപ്പെട്ട വ്യക്തികളുടെ മനോഭാവത്തിലുള്ള വ്യത്യാസം മാത്രമല്ല, സമൂഹങ്ങളുടെ സമീപനങ്ങളിലുള്ള വ്യത്യാസം കൂടിയാണ്.

ഷാർളി പ്രവർത്തകരുടെ പ്രതികരണം മനസിലാക്കാൻ ഫ്രഞ്ച് മാധ്യമങ്ങളുടെ ചരിത്രം അറിയേണ്ടതുണ്ട്. പൌരോഹിത്യത്തെ എതിർക്കുകയും പാവനമെന്നു കരുതുന്നവയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ശക്തമായ ഒരു ധാര ഫ്രാൻസിന്റെ പാരമ്പര്യത്തിലുണ്ട്. അതു രൂപപ്പെടുത്തുന്നതിൽ അച്ചടിമാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. ആ പാരമ്പര്യം  ആക്ഷേപഹാസ്യത്തിലൂടെ നിലനിർത്തുന്ന പ്രസിദ്ധീകരണമാണ് ഷാർളി. അതിന് ഹരകിരി എന്ന പേരിൽ ഒരു മുൻ‌ഗാമി ഉണ്ടായിരുന്നു. (ഫ്യൂഡൽ ജപ്പാനിലെ ചേകവന്മാർ മാനം കാക്കാനായി സ്വയം വയറ്റിൽ കുത്തി മരിക്കുന്ന സമ്പ്രദായമാണ് ഹരകിരി). അതിന്റെ പ്രസാധകർ 1969ൽ അതേ പേരിൽ ഒരു വാരിക കൂടി തുടങ്ങി. രണ്ടാം ലോക മഹായുദ്ധ കാലത്ത് അധിനിവേശ ജർമ്മൻ സേനക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുകയും പിൽക്കാലത്ത് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുകയും ചെയ്ത ഷാർൾ ഡി ഗോ (Charles de Gaulle) അന്തരിച്ചപ്പോൾ ഹരകിരി വാരിക പ്രസിദ്ധീകരിച്ച ലേഖനവും തലക്കെട്ടും ആക്ഷേപഹാസ്യം തുളുമ്പുന്നതായിരുന്നു. സർക്കാർ അതിനെ നിരോധിച്ചു. ഷാർൾ ഡി ഗോളിന്റെ പേരിനെ ഓർമ്മിപ്പിക്കുന്ന ‘ഷാർളി‘ എന്ന പേരു സ്വീകരിച്ചുകൊണ്ട് വാരിക നിരോധനം മറികടന്നു. ഇടയ്ക്ക് ഏതാനും കൊല്ലം പൂട്ടിക്കിടന്ന ഷാർളി 1993ൽ വീണ്ടും പ്രസിദ്ധീകരണം തുടങ്ങി.

ഇസ്രായേലിനെയും ജൂതന്മാരെയും ആക്ഷേപിക്കുക വഴി വംശീയവിദ്വേഷം പ്രസരിപ്പിക്കുന്ന പ്രസിദ്ധീകരണമെന്ന കുപ്രസിദ്ധി ഷാർളി നേടിയിട്ടുണ്ട്. എന്നാൽ വംശീയവെറിക്കെതിരെ നിലകൊള്ളുന്ന ഇടതുപക്ഷ പ്രസിദ്ധീകരണമാണെന്നാണ് അത് അവകാശപ്പെടുന്നത്. കത്തോലിക്കാ സഭയും ഇസ്ലാമും ഉൾപ്പെടെയുള്ള മതങ്ങളെയും ഷാർളി നിശിതമായി വിമർശിച്ചിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികളും ഷാർളിയും തമ്മിൽ 2006ൽ മുതൽ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആ കൊല്ലം പ്രസിദ്ധീകരിച്ച ഒരു ലക്കത്തിലെ മുഖചിത്രം കരയുന്ന പ്രവാചകനെ ചിത്രീകരിക്കുന്ന കാർട്ടൂണായിരുന്നു.  “മൌലികവാദികൾ മുഹമ്മദിനെ കീഴ്പെടുത്തുന്നു” എന്ന് തലക്കെട്ട് ധ്വനിപ്പിച്ചു. പ്രവാചകന്റേതായി ഈ വാക്കുകളും അതിലുണ്ടായിരുന്നു: “വഷളന്മാരുടെ സ്നേഹം വലിയ പ്രശ്നം തന്നെ.” ഡെന്മാർക്കിലെ ഒരു പത്രം പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാർട്ടൂണുകൾക്കെതിരെ മുസ്ലിങ്ങൾ ലോകമൊട്ടുക്കു പ്രതിഷേധിച്ചപ്പോൾ ഷാർളി സ്വന്തമായ കുറെ കാർട്ടൂണുകൾ കൂടി ചേർത്തുകൊണ്ട് അവ പുന;പ്രസിദ്ധീകരിച്ചു. ആ ലക്കത്തിന് പതിവിലധികം ചെലവുണ്ടായി. വാരികയുടെ നടപടി  പ്രകോപനപരമാണന്നും മതവികാരങ്ങൾ വ്രണപ്പെടുത്തരുതെന്നും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. പാരീസിലെ വലിയ പള്ളി (ഗ്രാൻഡ് മോസ്ക്), ഫ്രഞ്ച് ഇസ്ലാമിക് ഓർഗനൈസേഴൻസ് യൂണിയൻ, മക്കാ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം വേൾഡ് ലീഗ് എന്നീ സ്ഥാപനങ്ങൾ വാരികക്കെതിരെ കേസ് കൊടുത്തു. മൂന്നു കാർട്ടൂണുകളിൽ വംശീയവെറി അടങ്ങിയിട്ടുണ്ടന്ന് അവർ ആരോപിച്ചു. അതിലൊന്ന്  തലപ്പാവിൽ ബോംബുമായി നിൽക്കുന്ന പ്രവാചകന്റെ പടമായിരുന്നു. പരാതിക്കാർക്ക് ഫലിതം മനസിലാക്കാൻ കഴിവില്ലെന്നു കരുതുന്നത് വംശീയവെറിയാകുമെന്ന് വാരിക കോടതിയിൽ വാദിച്ചു. മുസ്ലിങ്ങളെ മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് വംശീയവെറി തന്നെയെന്ന് വാദിഭാഗം വക്കീൽ പറഞ്ഞു. കാർട്ടൂണുകൾ മുസ്ലിങ്ങളെയല്ല, മൌലികവാദികളെയാണ് പരിഹസിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് കോടതി പരാതികൾ തള്ളി.

പ്രസിഡന്റ് നികൊളാസ് സർക്കോസിയുടെ മകൻ ഴാങ് (Jean) ധനികയായ ജൂതവനിതയെ വിവാഹം കഴിക്കാനായി ജൂതനാകുന്നുവെന്ന് വാർത്ത വന്നപ്പോൾ “ഈ ചെക്കൻ ഒരുപാട് മുന്നോട്ടു പോകും” എന്ന് ഷാർളിയിലെ ഒരു കാർട്ടൂണിസ്റ്റ് എഴുതി. അത് സെമിറ്റിക്‌വിരുദ്ധ വിശേഷണമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് വാരിക കാർട്ടൂണിസ്റ്റിനെ പുറത്താക്കി. തന്നെ അന്യായമായി പിരിച്ചിവിട്ടെന്ന പരാതിയുമായി കാർട്ടൂണിസ്റ്റ് കോടതിയെ സമീപിച്ചു. കോടതി ആ വാദം അംഗീകരിക്കുകയും ഭീമമായ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു.  

ഷരിയാ വാരിക എന്ന പേരിൽ മുഹമ്മദ് ഗസ്റ്റ് എഡിറ്ററായി ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കുമെന്ന് കാണിച്ച് ഷാർളി 2011ൽ ഒരു അറിയിപ്പു പ്രസിദ്ധീകരിച്ചു. ചിരിച്ചു ചത്തില്ലെങ്കിൽ 100 ചാട്ടയടി നൽകുമെന്ന് പ്രവാചകന്റേതായി ഒരു വാചകവും അതിലുണ്ടായിരുന്നു. ആ പതിപ്പ് ഇറങ്ങുന്നതിന് ഒരു ദിവസം മുമ്പ് പത്രത്തിന്റെ ആപ്പീസിനു നേരെ ബോംബേറുണ്ടായി. അതിന്റെ വെബ്സൈറ്റ് ആക്രമിക്കപ്പെടുകയും ചെയ്തു. ഇസ്ലാമിനോടും പ്രവാചകനോടുമുള്ള വാരികയുടെ പരിഹാസത്തെ അപലപിച്ച ഫ്രഞ്ച് കൌൺസിൽ ഓഫ് മുസ്ലിം ഫെയ്ത്ത് എന്ന സംഘടനയുടെ തലവൻ മുഹമ്മദ് മൂസോയ് (Mohammed Moussaoui) അതിനെതിരായ അക്രമത്തെയും ശക്തമായി എതിർത്തു. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും വാരികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സെപ്തംബർ 2012ൽ ഷാർളി പ്രവാചകന്റെ നഗ്നചിത്രം ഉൾപ്പെടെ ഏതാനും കാർട്ടുണുകൾ കൂടി പ്രസിദ്ധീകരിച്ചു. ഒരു ഇസ്ലാംവിരുദ്ധ സിനിമക്ക് മറുപടിയെന്നോണം പല പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും അമേരിക്കൻ എംബസികൾ ആയിടെ ആക്രമിക്കപ്പെട്ടിരുന്നു. അത് കണക്കിലെടുത്ത് ഫ്രാൻസ് 20 മുസ്ലിം രാജ്യങ്ങളിലെ എംബസികളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുകയും പല കോൺസുലേറ്റുകളും സാംസ്കാരിക കേന്ദ്രങ്ങളും അടയ്ക്കുകയും ചെയ്തു. ഷാർളി ആപ്പിസിൽ സായുധ പോലീസ് വിന്യസിക്കപ്പെട്ടു. വാരികയെ വിമർശിച്ച വിദേശകാര്യ മന്ത്രി എരിതീയിൽ എണ്ണ ഒഴിക്കണോ എന്ന് ചോദിച്ചു. എല്ലാവരെ കുറിച്ചും കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും പ്രവാചകനെ കുറിച്ചാകുമ്പോൾ മാത്രമാണ് അത് പ്രകോപനമാകുന്നതെന്നുമായിരുന്നു പത്രാധിപരുടെ മറുപടി.

ഷാർളി ആപ്പീസിൽ ഈ മാസം (ജനുവരിയിൽ) നടന്ന ആക്രമണത്തെ നയിച്ചത് ആൽജീരിയൻ പശ്ചാത്തലമുള്ള ഫ്രഞ്ചു പൌരന്മാരായ രണ്ട് മുസ്ലിം സഹോദരന്മാരായിരുന്നു. അതിലൊരാൾ യെമനിൽ പരിശീലനം നേടിയിരുന്നു. യെമനിലെ അൽഖെയ്‌ദാ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തിൽ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. അതിലൊരാളും ആൽജീരിയൻ മുസ്ലിമായിരുന്നു. ഷാർളിയോട് അനുഭാവം പ്രകടിപ്പിക്കാൻ ട്വിറ്റർ എന്ന സാമൂഹ്യമാധ്യമത്തിൽ ഴോക്കിം റോഞ്ചിൻ (Joachim Roncin) എന്ന ആർട്ടിസ്റ്റ് ഫ്രഞ്ചിൽ “ഞാൻ ഷാർളി” എന്നർത്ഥമുള്ള മുദ്രാവാക്യം എഴുതി. നിമിഷങ്ങൾക്കുള്ളിൽ അത് ഫ്രഞ്ചിലും മറ്റ് ഭാഷകളിലും ലോകമൊട്ടുക്ക് പ്രചരിച്ചു. വാരികയുടെ വെബ്സൈറ്റും അതേറ്റെടുത്തു. ഷാർളിക്കു നേരേയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച എല്ലാവർക്കും ആ മുദ്രാവാക്യം സ്വീകാര്യമായില്ല. വാരികയുടെ വംശീയ പരാമർശങ്ങളോട് എതിർപ്പുള്ളവർ “ഞാൻ ഷാർളിയല്ല“ എന്ന എതിർമുദ്രാവാക്യം ഉയർത്തി. ചിലർ “ഞാൻ അഹമ്മദ്” എന്ന മുദ്രാവാക്യം സ്വീകരിച്ചു. കൊല്ലപ്പെട്ട മുസ്ലിം പൊലീസുകാരന്റെ പേർ അഹമ്മദ് എന്നായിരുന്നു. അയാൾ ഷാർളിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ ജീവൻ ദാനം ചെയ്യുകയായിരുന്നെന്ന് അവർ പറഞ്ഞു.

ആക്രമണത്തിന്റെ നാലാം ദിവസം ഫ്രഞ്ചു തലസ്ഥാനമായ പാരീസിൽ സംഘടിപ്പിച്ച ദേശീയൈക്യ റാലിയിൽ 20 ലക്ഷത്തോളം പേർ പങ്കെടുത്തു. ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ 40 രാഷ്ട്രങ്ങളിലെ നേതാക്കളെത്തി. ഫ്രാൻസിലെ മറ്റ് നഗരങ്ങളിലും കൂറ്റൻ പ്രകടനങ്ങൾ നടന്നു. ആക്രമണത്തെ അതിജീവിച്ച ഷാർളി ജീവനക്കാർ മറ്റൊരു പത്രത്തിന്റെ ആപ്പീസിലിരുന്നു തയ്യാറാക്കിയ പുതിയ ലക്കത്തിന്റെ 70 ലക്ഷം കോപ്പികളാണ് വിപണിയിലെത്തിയത്. നേരത്തെ ഓരോ ആഴ്ചയിലും 60,000 കോപ്പികളാണ് വിറ്റിരുന്നത്.

പ്രവാചകൻ ബിംബാരാധനയെ ശക്തമായി എതിർത്തിരുന്നു. അദ്ദേഹത്തിന്റെ രൂപം ചിത്രീകരിക്കുന്നതിനെ ഇസ്ലാം എതിർക്കുന്നത് ബിംബവത്കരണം ബിംബാരാധനയിലേക്ക് നയിക്കാനിടയുള്ളതുകൊണ്ടാണ്. ബൈബിളിലെ പഴയ നിയമത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കി നവോദയ അപ്പച്ചൻ നിർമ്മിച്ച പരമ്പര ദൂർദർശൻ ഉപേക്ഷിച്ചത് ഒരു മുസ്ലിം സംഘടനയുടെ ഭീഷണിയെ തുടർന്നാണ്. ബൈബിളിലെ പ്രവാചകന്മാർ ഇസ്ലാമിന്റെയും പ്രവാചകരാണെന്നും അവരെ ചിത്രീകരിക്കാനാകില്ലെന്നുമാണ് ആ സംഘടന വാദിച്ചത്. പഴയ പുസ്തകത്തിലെ പ്രവാചകന്മാർ മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പെ ജൂതന്മാരുടെയും കൃസ്ത്യാനികളുടെയും ആരാധ്യപുരുഷന്മാരായിരുന്നു. അവരെ ചിത്രീകരിക്കുന്നതിൽ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുമില്ലാത്ത എതിർപ്പാണ് മുസ്ലിം സംഘടന പ്രകടിപ്പിച്ചത്. ഒരു നല്ല  ആശയത്തെ വിശ്വാസിസമൂഹം ദുർവ്യാഖ്യാനം ചെയ്യുന്നതിന് ഉദാഹരണമാണിത്.  

ഷാർളിയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ ചിലർ കാണുന്നത് സംസ്കാരങ്ങൾ തമ്മിലുള്ള സംഘട്ടനമായാണ്. ചിലർ ഷാർളിയെ പത്രസ്വാതന്ത്ര്യത്തിന്റെ പ്രതീകമായും തീവ്രവാദികളെ മതത്തെ പ്രതിനിധാനം ചെയ്യുന്നവരായും കാണുന്നു. മതത്തിന്റെ പേരിൽ കൊല നടത്തുന്നവരെ നയിക്കുന്നത് മതവിശ്വാസമല്ല, മതഭ്രാന്താണ്. വസ്തുതകൾ അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള ജനങ്ങളുടെ അവകാശമാണ് പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. ഷാർളി ഏർപ്പെട്ടിരിക്കുന്നത് വസ്തുതകൾ അറിയിക്കുന്ന പ്രക്രിയയിലാണോ എന്ന ചോദ്യം അസ്ഥാനത്തല്ല. യഥാർത്ഥത്തിൽ അത് തേടുന്നത് അറിയിക്കാനുള്ള സ്വാതന്ത്ര്യമല്ല, അഭിപ്രായ പ്രകടനത്തിന്റെ ഭാഗമായി പരിഹസിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇരുകൂട്ടരും പ്രത്യക്ഷത്തിൽ തന്നെ അതിരുകൾ ലംഘിക്കുകയാണ്. തീവ്രവാദികളിൽനിന്നു വ്യത്യസ്തമായി ഷാർളി ആരുടേയും ജീവന് ഭീഷണി ഉയർത്തുന്നില്ല. അതേസമയം മനസുകളിൽ ഏല്പിക്കുന്ന മുറിവിന്റെ ആഘാതത്തെ ചെറുതായി കാണാനാവില്ല.

ആക്രമണവിധേയമായ ഷാർളിക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉടനടി പിന്തുണ ലഭിച്ചപ്പോൾ പെരുമാൾ മുരുകൻ വലിയ ഒറ്റപ്പെടൽ അനുഭവിച്ചു. അദ്ദേഹം തിരുച്ചെങ്കോട് സ്വദേശിയാണ്. അവിടെയുള്ള പ്രശസ്തമായ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവനാളിൽ കുട്ടികളില്ലാത്ത സ്ത്രീകൾ ഗർഭധാരണത്തിനായി പരപുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പതിവ് നൂറു കൊല്ലം മുമ്പു വരെ നിലനിന്നിരുന്നുവത്രെ. ഇതിനെ കുറിച്ച് മാതൊരുഭാഗൻ എന്ന നോവലിലെ പരാമർശം സംഘ പരിവാറിനെയും ചില ജാതിസംഘടനകളെയും ചൊടിപ്പിച്ചു. അവരും വ്യാപാരികളുടെ സംഘടനയും ചേർന്ന് ബന്ദ് സംഘടിപ്പിച്ചു. സ്വയംരക്ഷക്കായി സ്ഥലം വിടാൻ പൊലീസ് മുരുകനോട് ആവശ്യപ്പെട്ടു. അതനുസരിച്ച അദ്ദേഹം ചെന്നൈയിലേക്ക് മാറി. പുസ്തകത്തെ എതിർക്കുന്നവരുമായി സംഘടിപ്പിക്കുന്ന സമാധാന സംഭാഷണങ്ങളിൽ പങ്കെടുക്കാൻ പിന്നീട് അധികൃതർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. തിരികെയെത്തിയപ്പോൾ അവരുമായി സംസാരിക്കാൻ അവസരം നൽകാതെ നിരുപാധികം മാപ്പപേക്ഷിക്കുന്നതായി എഴുതി ഒപ്പിട്ടുകൊടുക്കാൻ അധികൃതർ ആവശ്യപ്പെട്ടു. നിർബന്ധത്തിനു വഴങ്ങേണ്ടി വന്നതിനെ തുടർന്ന് അദ്ദേഹം എഴുത്തുകാരനായ പെരുമാൾ മുരുകൻ മരിച്ചതായി ഫേസ്‌ബുക്കിൽ എഴുതി. മാതൊരുഭാഗൻ 2010ൽ പ്രസിദ്ധീകരിച്ച നോവലാണ്. കഴിഞ്ഞ കൊല്ലം അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു. അന്നൊന്നും ഇല്ലാതിരുന്ന രോഷം ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടത് യാദൃശ്ചികമല്ല. അതിന്റെ പിന്നിൽ ചില തല്പരകക്ഷികളുടെ കരുതിക്കൂട്ടിയുള്ള പ്രവർത്തനമുണ്ട്. സി.പി.എം. മാത്രമാണ് ആദ്യ ഘട്ടത്തിൽ മുരുകന് പിന്തുണ പ്രഖ്യാപിച്ചത്. തമിഴ് നാട്ടിലെ പ്രമുഖ ദ്രാവിഡ കക്ഷികൾ നിശ്ശബ്ദത പാലിച്ചു. എഴുത്തുകാരന്റെ ‘ചരമക്കുറിപ്പ്’ ജനങ്ങളെ ഞെട്ടിച്ചു. തമിഴ് നാട്ടിനകത്തും പുറത്തുമുള്ള എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും മുരുകന് പിന്തുണയുമായെത്തി.

തകഴി ശിവശങ്കരപ്പിള്ളയും കുട്ടനാടുമായുള്ള തരത്തിലുള്ള ബന്ധമാണ് പെരുമാൾ മുരുകന് തിരുച്ചെങ്കോട് ഉൾപ്പെടുന്ന കൊങ്ങുനാടുമായുള്ളത്. മുരുകൻ നേരിട്ട തരത്തിലുള്ള വിമർശം ചെമ്മീനിനെയും കയറിനെയും തുടർന്ന് തകഴിയും കേട്ടിരുന്നു. കടലിൽ പോകുന്ന മുക്കുവന്റെ സുരക്ഷ കരയിലുള്ള ഭാര്യയുടെ കൈകളിലാണെന്ന ചെമ്മീനിലെ സൂചന പുസ്തകം ഇറങ്ങിയ കാലത്ത് ചർച്ച ചെയ്യപ്പെടുകയും ആക്ഷേപം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കയറിനെ ആസ്പദമാക്കി ദൂരദർശനുവേണ്ടി എം.എസ്. സത്യു തയ്യാറാക്കിയ ഹിന്ദി സീരിയലിന്റെ പ്രാരംഭപ്രവർത്തനത്തിനിടയിൽ ഈ ലേഖകൻ അമ്പലപ്പുഴയിൽ വെച്ച് തകഴിയുടെ ബന്ധുവും മുൻ എം.എൽ.ഏയുമായ കെ. കെ. കുമാരപിള്ളയുമായി സംസാരിക്കാനിടയായി. നോവലിനെ കുറിച്ച് വാചാലനായ അദ്ദേഹം സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ കഥ തകഴിയുടെ മനസിൽ ബീജാവാപം ചെയ്തിരുന്നതായി പറഞ്ഞു. ക്ലാസ്സിപ്പേരുടെ സംബന്ധവും ഗന്ധർവസഞ്ചാരവുമൊക്കെ അടങ്ങുന്ന ആദ്യ എപ്പിസോഡുകൾ സമ്പ്രേഷണം ചെയ്തശേഷം അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ അദ്ദേഹത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടായതായി കണ്ടു. “എൻ.എസ്.എസിന്റെ പ്രസിഡന്റായിരുന്നെങ്കിൽ ഞാൻ കേസു കൊടുക്കുമായിരുന്നു” എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. എഴുതിയത് തകഴി ആയതുകൊണ്ടും കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ നന്മകൾ നിലനിന്നിരുന്നതു കൊണ്ടും ഭൂതകാലത്തേക്കുള്ള ആ 
തിരിഞ്ഞുനോട്ടം പ്രശ്നങ്ങളുണ്ടാക്കിയില്ല.
തിരിഞ്ഞുനോട്ടത്തെയും പരിഹാസത്തെയും ഭയപ്പെടതെ മുന്നോട്ടുപോകാൻ സമൂഹത്തിനു കഴിയണം.(കേരളശബ്ദം, ഫെബ്രുവരി 8, 2015)