Wednesday, October 7, 2015

ഹർത്താൽ നിയന്ത്രണ നിയമം ആവശ്യമില്ല

ബി ആർ പി ഭാസ്കർ

ഹർത്താലുകൾ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഹർത്താൽ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ആലോചിക്കുന്നു. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം അറിയാനായി ഒരു കരടു ബിൽ തയ്യാറാക്കിയതായി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

കുറിപ്പിൽ നൽകിയിട്ടുള്ള വിവരമനുസരിച്ച്‌, ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ അക്കാര്യം മാധ്യമങ്ങളിലൂടെ മൂന്നു ദിവസം മുമ്പ്‌ ജനങ്ങളെ അറിയിച്ചിരിക്കണം. അക്രമത്തിനുള്ള സാധ്യതയുണ്ടെന്ന്‌ ബോധ്യപ്പെട്ടാൽ സർക്കാരിന്‌ ഹർത്താൽ തടയാവുന്നതാണ്‌. ബലം പ്രയോഗിച്ച്‌ സ്ഥാപനങ്ങൾ അടപ്പിക്കുന്നതും പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതും പുതിയ നിയമപ്രകാരം ആറു മാസം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ നൽകാവുന്ന കുറ്റകൃത്യമായിരിക്കും. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പൊലീസിൽ നിക്ഷിപ്തമാകും. വീഴ്ചയുണ്ടായാൽ പൊലീസുദ്യോഗസ്ഥനെതിരെ കർശന നടപടി എടുക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്‌.

മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയുടെ കുറിപ്പിനൊട്‌ 12,000ലധികം പേർ പ്രതികരിച്ചെന്നും അവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ്‌ ബില്ലിനോട്‌ എതിർപ്പു പ്രകടിപ്പിച്ചതെന്നും രാജു പി നായർ എന്ന യുവസുഹൃത്ത്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഹർത്താലുകൾക്കെതിരേ പൊതുജനാഭിപ്രായം സ്വരൂപിക്കുകയും ഹർത്താൽ ദിവസങ്ങളിൽ റയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റേഷനുകളിലും കുടുങ്ങുന്നവർക്കായി യാത്രാസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന ‘സേ നോ ടു ഹർത്താൽ’ എന്ന സംഘടനയുടെ സ്ഥാപകനാണ്‌ രാജു. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനായ അദ്ദേഹത്തിന്‌ ഈ വിഷയത്തിൽ കോൺഗ്രസിനകത്തു നിന്ന്‌ എതിർപ്പു നേരിടേണ്ടി വന്നിട്ടുണ്ട്‌. അതേസമയം കോൺഗ്രസിനു പുറത്തു നിന്ന്‌ പിന്തുണ നേടാനും കഴിഞ്ഞിട്ടുണ്ട്‌. സംഘടനയുടെ പ്രവർത്തനം 2010ൽ ഉദ്ഘാടനം ചെയ്തത്‌ ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ ആയിരുന്നു.

മന്ത്രിയുടെ കുറിപ്പിനോട്‌ പ്രതികരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുന്നെന്നും അവരിൽ 90 ശതമാനവും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒരു പത്രത്തിൽ പിന്നീട്‌ വായിച്ചു. ആ കണക്ക്‌ സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ ഫേസ്ബുക്കിൽ രമേശ്‌ ചെന്നിത്തലയുടെ നിർദ്ദേശത്തിന്‌ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. അതേസമയം അതിന്റെ അടിസ്ഥാനത്തിൽ ബില്ലിന്റെ സ്വീകാര്യതയെ കുറിച്ച്‌ തീർപ്പു കൽപിക്കാനാവില്ല. പിണറായി വിജയൻ ബില്ലിനെ അപലപിച്ചുകൊണ്ട്‌ ഒരു പോസ്റ്റിട്ടാൽ അവിടെയും ലക്ഷങ്ങൾ പ്രതികരിക്കാനെത്തും. അവരിൽ 90 ശതമാനവും അദ്ദേഹത്തിന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നവരുമാകും.

രാഷ്ട്രീയകക്ഷികളുടെ എതിർപ്പും വധഭീഷണിയും നേരിട്ടുകൊണ്ട്‌ രാജു പി നായർ നടത്തുന്ന ഹർത്താൽവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നയാളാണ്‌ ഈ ലേഖകൻ. എന്നാൽ ഹർത്താലുകൾ നിയന്ത്രിക്കാൻ രമേശ്‌ ചെന്നിത്തല വിഭാവന ചെയ്യുന്ന തരത്തിലുള്ള ഒരു നിയമം ആവശ്യമില്ലെന്നാണ്‌ എന്റെ അഭിപ്രായം. ഏതായാലും സർക്കാർ തയ്യാറാക്കിയിട്ടുള്ള ബില്ലിലെ ചില വ്യവസ്ഥകൾ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാൻ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്‌.

ചില മാധ്യമങ്ങൾ 2012ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ അനുസരിച്ച്‌ അതിനുമുമ്പുള്ള ഏഴു കൊല്ലക്കാലത്ത്‌ 363 ഹർത്താലുകളാണ്‌ കേരളം കണ്ടത്‌. അതായത്‌ 364 ആഴ്ചകളിൽ 363 ഹർത്താൽ. ശരാശരി ആഴ്ചയിൽ ഒന്ന്‌. അതിനുശേഷമുള്ള മൂന്നു കൊല്ലക്കാലത്ത്‌ എത്ര ഹർത്താൽ നടന്നു എന്നറിയില്ല. എന്നാൽ ആഴ്ചയിൽ ഒന്നെന്ന തോതിൽ ഹർത്താലുകൾ നടക്കുന്നുണ്ടെന്ന്‌ തോന്നുന്നില്ല. ഇത്‌ ഹർത്താലിനെതിരായ ജനവികാരം വളരുന്നെന്ന്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മനസിലാക്കിയതിന്റെ ഫലമാകണം. ഈ സാഹചര്യത്തിൽ ഇപ്പോൾ ഒരു ഹർത്താൽ നിയന്ത്രണ നിയമം ആവശ്യമാണോ എന്ന്‌ ആഭ്യന്തര മന്ത്രി ഗൗരവപൂർവം ആലോചിക്കണം.

സേ നോ ടു ഹർത്താൽ എന്ന സംഘടനയുടെ ഹർത്താൽവിരുദ്ധ നിലപാടുകളെ പിന്തുണക്കുന്നവരെല്ലാം ഒരു കാരണവശാലും ഹർത്താലുകൾ നടത്താൻ പാടില്ലെന്ന അഭിപ്രായക്കാരല്ല. രാജു പി നായർ തന്നെയും ഹർത്താലിനോടല്ല, അതിനെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിൽ നടപ്പാക്കുന്നതിനോടാണ്‌ എതിർപ്പെന്ന്‌ സ്വകാര്യ സംഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ബലപ്രയോഗത്തിലൂടെ ഹർത്താൽ നടപ്പാക്കുന്നത്‌ തടയാൻ യഥാർഥത്തിൽ ഒരു പുതിയ നിയമം ആവശ്യമില്ല. കാരണം അതിനു വേണ്ട വകുപ്പുകൾ ഒന്നര നൂറ്റാണ്ടു മുമ്പ്‌ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതും കാലാകാലങ്ങളിൽ വരുത്തിയ മാറ്റങ്ങളോടെ ഇപ്പോഴും നിലനിൽക്കുന്നതുമായ ഇന്ത്യൻ പീനൽ കോഡിലുണ്ട്‌. ബലം പ്രയോഗിക്കുന്നതും സംഘം ചേരുന്നതും സംഘം ചേർന്ന്‌ ബലപ്രയോഗത്തിലൂടെ ആളുകളെ ഭയപ്പെടുത്തുന്നതും കീഴ്പെടുത്തുന്നതുമെല്ലാം അതിൽ നിർവചിച്ചിട്ടുള്ള കുറ്റകൃത്യങ്ങളിൽ പെടുന്നു. ഇതിലപ്പുറം എന്തു നിയമ വ്യവസ്ഥയാണ്‌ വേണ്ടത്‌? കേരളം നേരിടുന്ന യഥാർഥ പ്രശ്നം നിയമത്തിന്റെ അഭാവമല്ല, ഉള്ള നിയമങ്ങൾ സത്യസന്ധമായി നടപ്പാക്കാനുള്ള കഴിവ്‌ ഭരണസംവിധാനത്തിനില്ലെന്നതാണ്‌. പുതിയ നിയമമുണ്ടാക്കി പരിഹരിക്കാവുന്ന ഒന്നല്ല അത്‌.

കരടു നിയമത്തിലെ ഏറ്റവും അപലപനീയമായ വകുപ്പ്‌ ഹർത്താലിന്‌ മൂന്നു ദിവസത്തെ നോട്ടീസ്‌ നൽകണമെന്നതാണ്‌. ഇത്‌ ഹർത്താലിന്റെ ചരിത്രത്തെ കുറിച്ച്‌ അറിവില്ലാത്ത ആരുടെയോ മനസിലുദിച്ച ആശയമാകണം. ജാലിയൻവാലാ ബാഗിൽ ബ്രിട്ടീഷ്‌ പട്ടാളം 1919ൽ നടത്തിയ കൂട്ടക്കൊലക്കെതിരായ ബഹുജനവികാരം പ്രകടിപ്പിക്കാൻ ഗാന്ധി കണ്ടെത്തിയ മാർഗമാണ്‌ എല്ലാ പണിയും നിർത്തിവെച്ചുകൊണ്ടുള്ള ഹർത്താൽ. ഹർ (എല്ലാം) താൽ (പൂട്ടുക) എന്ന രണ്ട്‌ നാട്ടുഭാഷാ വാക്കുകൾ കൂട്ടിയോജിപ്പിച്ചാണ്‌ പുതിയ പ്രതിഷേധമാർഗത്തിന്‌ അദ്ദേഹം പേരിട്ടത്‌. പെട്ടെന്നുണ്ടാകുന്ന ക്ഷോഭം ശാന്തമായി പ്രകടിപ്പിക്കാനുള്ള അവസരമെന്ന നിലയിൽ ഹർത്താലിന്‌ ഇന്നും പ്രസക്തിയുണ്ട്‌.

അത്തരം അവസരങ്ങളിൽ മുന്നു ദിവസത്തെ നോട്ടീസ്‌ നൽകി കാത്തിരിക്കണമെന്ന്‌ പറയുന്നത്‌ അസംബന്ധമാണ്‌. ഹർത്താൽ അക്രമാസക്തമാകുമെന്ന്‌ ബോധ്യപ്പെട്ടാൽ തടയാനുള്ള അധികാരം സർക്കാരിനു നൽകാനുള്ള വ്യവസ്ഥയും അനാവശ്യമാണ്‌. സമാധാനഭഞ്ജനം തടയാൻ നടപടിയെടുക്കാനുള്ള അധികാരം സർക്കാരിന്‌ ഇപ്പോൾ തന്നെയുണ്ട്‌. അതിന്റെ മറവിൽ ഏതു വിഷയത്തിൽ പ്രതികരിക്കണം, എങ്ങനെ പ്രതികരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശം കവരാൻ പാടില്ല. -- ജനയുഗം, ഒക്ടോബർ 7, 2015.

1 comment:

[RajeshPuliyanethu, said...

http://rajeshpuliyanethu.blogspot.in/2013/07/blog-post_10.html