Wednesday, March 25, 2015

ജനാധിപത്യത്തിന്റെ യുക്തികൾ

ആറു മാസം മുമ്പ് കേരളത്തിലെ മദ്യനയം പരിഗണനക്ക് വന്നപ്പോൾ അതിൽ യുക്തി കാണുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. മദ്യനയത്തിന്റെ കാര്യത്തിൽ പല മലക്കം മറിച്ചിലുകളും യു.ഡി.എഫ് സർക്കാർ നടത്തിയിട്ടുണ്ട്. മുന്നണിക്കുള്ളിലും അതിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടിക്കുള്ളിലും ഇപ്പോഴും ആശയസംഘട്ടനം നടക്കുന്ന വിഷയമാണിത്. മദ്യനയത്തെ സ്വാധീനിക്കാൻ ബാർ ഉടമകൾ വലിയ തോതിൽ പണം സ്വരൂപിച്ചതായും മന്ത്രി കെ. എം. മാണിക്ക് പണം നൽകിയതായും അവരുടെ ഒരു സംഘടനാ നേതാവ് പറയുകയുണ്ടായി. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിട്ട വിജിലൻസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. അതിനിടെ ബാർ ഉടമകളുടെ ഹർജികളുടെ അടിസ്ഥാനത്തിൽ വിഷയം പല തവണം ഹൈക്കോടതി മുമ്പാകെ വരികയും അവയിൽ ഹർജിക്കാർക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. സർക്കാർ നയത്തിലെന്നപോലെ കോടതിവിധികളിലും പലപ്പോഴും യുക്തി കണ്ടെത്താൻ നന്നെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണുള്ളത്.  
നയരൂപീകരണം സർക്കാരിന്റെ ചുമതലയാണെന്നത് സർവോന്നത കോടതി അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. എന്നാൽ കേരളത്തിലെ മദ്യനയത്തിന്റെ കാര്യത്തിലുണ്ടായിട്ടുള്ള കോടതി വിധികൾ പരിശോധിക്കുമ്പോൾ ആത്യന്തികമായി കേരളത്തിന്റെ മദ്യനയം നിശ്ചയിക്കുന്നത് ആരാണെന്ന ചോദ്യം ഉയർന്നു വരും.ബാർ ലൈസൻസിനു അനുമതി  നിഷേധിച്ച മരട് മുനിസിപ്പാലിറ്റി തീരുമാനത്തിനെതിരെ പ്രദേശത്തെ ഒരു ഹോട്ടലിന്റെ ഉടമസ്ഥർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിചിത്രമായ ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, മദ്യവില്പനക്ക് അനുമതി നൽകുന്നതു സംബന്ധിച്ച കോൺഗ്രസ് നയം വിശദീകരിച്ചുകൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് നേതാക്കൾക്ക് അയച്ച കത്ത് ഭരണഘടനാബാഹ്യ കേന്ദ്രത്തിന്റെ രാഷ്ട്രീയമായ ഇടപെടലാണെന്ന് ബെഞ്ച് വിലയിരുത്തി. അത്തരം ഇടപെടലിന് നിയമത്തിന്റെ അംഗീകാരമില്ലെന്നും നിയമത്തെക്കുറിച്ച് ധാരണയുണ്ടെങ്കിൽ അങ്ങനെയൊരു സർക്കുലർ ഇറക്കുമായിരുന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള ബഹുമാനപ്പെട്ട ജഡ്ജിമാരുടെ ധാരണ അപൂർണ്ണമാണെന്ന് ഈ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
ഭരണഘടന അനുസരിച്ച പ്രവർത്തിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. എന്നാൽ ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുള്ള വ്യവസ്ഥകളെ അക്ഷരാർത്ഥതിൽ വ്യാഖ്യാനിച്ചാൽ അപകടമുണ്ടാകും. കേന്ദ്ര സർക്കാരിന്റെ ഭരണാധികാരം (എക്സിക്യൂട്ടിവ് പവ്വർ) പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നു എന്നും അദ്ദേഹത്തിനു നേരിട്ടോ കീഴുദ്യോഗസ്ഥന്മാർ മുഖേനയൊ ആ അധികാരം വിനിയോഗിക്കാമെന്നും ഭരണഘടന പറയുന്നു. അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനും ഒരു മന്ത്രിസഭ ഉണ്ടാകണമെന്ന് അതു മറ്റൊരിടത്തു പറയുന്നു. ഇതിനെ അക്ഷരാർത്ഥത്തിൽ എടുത്തുകൊണ്ട് ആദ്യ പ്രസിഡന്റ് ഡോ രാജേന്ദ്ര പ്രസാദ് ഹിന്ദു നിയമ പരിഷ്കാരം സംബന്ധിച്ച നെഹ്രു മന്ത്രിസഭയുടെ നിലപാട് അവഗണിച്ചുകൊണ്ട് സ്വന്തം അഭിപ്രായം പ്രാവർത്തികമാക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. നാം പാർലമെന്ററി  വ്യവസ്ഥയാണ് സ്വീകരിച്ചിട്ടുള്ളതെന്നും പാർലമെന്റിന് വിശ്വാസമുള്ള (സഭയിൽ ഭൂരിപക്ഷ പിന്തുണയുള്ള) മന്ത്രിസഭക്കാണ് തീരുമാനങ്ങളെടുക്കാനുള്ള അധികാരമെന്നും നെഹ്രു അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇതു സംബന്ധിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിൽ നടന്ന കത്തിടപാടുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു മാത്രമെ പ്രസിഡന്റ് പ്രവർത്തിക്കാനാകൂ എന്നു വ്യക്തമാക്കാൻ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി ഭരണഘടന ഭേദഗതി ചെയ്തു.അടിയന്തിരാവസ്ഥക്കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ പിന്നീടു വന്ന ജനതാ സർക്കാർ അതിൽ ഒരു ചെറിയ ഭേഡഗതി വരുത്തി. ഇപ്പോൾ പ്രസിഡന്റിന് മന്ത്രിസഭയോട് അതിന്റെ ശുപാർശ പുന:പരിശോധിക്കാൻ അവകാശമുണ്ട്. പുന:പരിശോധനക്കു ശേഷം അതേ ശുപാർശ തന്നെ മുന്നോട്ടുവെച്ചാൽ പ്രസിഡന്റ് അത് അംഗീകരിച്ചേ മതിയാകൂ.
ഭരണഘടനയിൽ എഴുതിയിട്ടുള്ള കാര്യങ്ങൾക്കു പുറമെ അതിന്റെ പ്രവർത്തനത്തിനിടയിൽ ഉയർന്നു വന്നിട്ടുള്ള നടപ്പുരീതികൾക്കും (കൺ‌വെൻഷൻസ്) പ്രസക്തിയുണ്ട്. പാർലമെന്ററി സമ്പ്രദായം സ്വീകരിക്കുമ്പോൾ മാതൃകയായി ഭരണഘടനാശില്പികൾ കണ്ടത് ബ്രിട്ടനെയാണ്. ആ രാജ്യത്തിനാകട്ടെ എഴുതി തയ്യാറാക്കിയ ഭരണഘടനയേയില്ല. അത് പൂർണ്ണമായും നടപ്പുരീതികളെ ആശ്രയിക്കുന്ന രാജ്യമാണ്. ഒരു രാജാവിന്റെ തലയറുത്തും ചില ജഡ്ജിമാരെ ജയിലിലടച്ചുമൊക്കെയാണ് ബ്രിട്ടീഷ് ജനസഭ (ഹൌസ് ഓഫ് കോമൺസ്) രാജ്യത്തെ പ്രധാന അധികാരകേന്ദ്രമായി വികസിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപിന്തുണ തെളിയിക്കാൻ തയ്യാറുള്ള രാഷ്ട്രീയ കക്ഷികളെ കൂടാതെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകാനാകില്ല. ഒറ്റക്കൊ കൂട്ടായൊ സഭയിൽ ഭൂരിപക്ഷ പിന്തുണയുള്ള കക്ഷിക്കൊ മുന്നണിക്കൊ മാത്രമെ സർക്കാർ രൂപീകരിക്കാനാകൂ. ഇതൊന്നും വ്യകതമാക്കാതെ പ്രസിഡന്റ് പ്രധാനമന്ത്രിയെ നിയമിക്കുമെന്നും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം മറ്റ് മന്ത്രിമാരെ നിയമിക്കുമെന്നും ഭരണഘടന പറയുന്നു. പ്രസിഡന്റ്ന് ഇഷ്ടമുള്ളിടത്തോളം കാലമാണ് മന്ത്രിമാർക്ക് സ്ഥാനത്ത് തുടരാനാകുന്നതെന്നും അതിലുണ്ട്. ഈ വകുപ്പ് അക്ഷരാർത്ഥത്തിൽ എടുത്തുകൊണ്ട് രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനത്തു നിന്ന് നീക്കുവാൻ പ്രസിഡന്റായിരുന്ന സെയിൽ സിങ് ആലോചിച്ചിരുന്നു. പക്ഷെ സൽബുദ്ധി നിലനിന്നു. അദ്ദേഹം അങ്ങനെയൊരു വിഡ്ഡിത്തം കാട്ടിയില്ല.
ജനാധിപത്യപ്രക്രിയയിൽ മർമ്മപ്രധാനമായ പങ്കുള്ള രാഷ്ട്രീയ കക്ഷികളെ കുറിച്ച് ഒരു പരാമർശവും ഭരണഘടനയുടെ ശില്പികൾ ആ രേഖയിൽ എഴുതിച്ചേർത്തിരുന്നില്ല. അവയെ കുറിച്ച് ഒരു പരാമർശം അതിൽ ആദ്യമായി കടന്നുവന്നത് 35 കൊല്ലങ്ങൾക്കുശേഷം സഭാംഗങ്ങളുടെ കൂറുമാറ്റം നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്യേണ്ടിവന്നപ്പോഴാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരംഗം സ്വയമേവ രാഷ്ട്രീയകക്ഷിയിലെ അംഗത്വം ഉപേക്ഷിക്കുകയൊ മുൻ‌കൂട്ടി അനുവാദം വാങ്ങാതെ പാർട്ടിയുടെയൊ അത് ചുമതലപ്പെടുത്തിയ ആളിന്റെയൊ നിർദ്ദേശത്തിനു വിപരീതമായി വോട്ടു ചെയ്യുകയൊ വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയൊ ചെയ്താൽ അംഗമായി തുടരുന്നതിന് അയോഗ്യനാകുമെന്ന് ഭരണഘടനയുടെ 52ആം ഭേദഗതി വ്യവസ്ഥ ചെയ്തു. ഈ ഭേദഗതി പാർട്ടികളുടെ സ്ഥാനം സംബന്ധിച്ച് കീഴ്‌വഴക്കങ്ങളിലൂടെ നേരത്തെ നിലവിൽ വന്നിരുന്ന രീതിക്ക് ഭരണഘടനാപരമായ അംഗീകാരം നൽകി. നിർഭാഗ്യവശാൽ ആ അംഗീകാരത്തെ പ്രത്യക്ഷത്തിൽ നിരാകരിക്കുകയാണ് ഹൈക്കോടതി ബെഞ്ച് ചെയ്തിരിക്കുന്നത്.
കോടതികൾക്കും നിയമത്തിനുമപ്പുറം ഒന്നുമില്ലെന്ന ധാരണ ചില നിയമജ്ഞർക്കുണ്ട്. എന്നാൽ ലിഖിതരൂപത്തിലുള്ളതും കോടതി ഉത്തരവുകളിലൂടെ നടപ്പാക്കാനാകുന്നതുമായ ചട്ടങ്ങൾ കൂടാതെ ലിഖിതരൂപത്തിലില്ലാത്തതും എന്നാൽ നടപ്പുരീതികളിൽ പ്രതിഫലിക്കുന്നതുമായ ചട്ടങ്ങളും തത്വങ്ങളും വ്യവസ്ഥാപിത ഭരണത്തിന്റെ ഭാഗമാണെന്ന് ഭരണഘടനാവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണസംവിധാനത്തിന്റെ മൂന്നു ശാഖകളിലും പ്രവർത്തിക്കുന്നവരുടെ നിയമബാഹ്യമായ അധികാരങ്ങളും അവകാശങ്ങളും കടമകളും നിർവചിക്കുന്ന ചട്ടങ്ങൾ നടപ്പുരീതികളിൽ പെടുന്നു. മൂന്നു ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പുരീതിയെ സംബന്ധിച്ച് തീർപ്പു കല്പിക്കാനാകുമെന്ന് ഭരണഘടനാ വിദഗ്ദ്ധനെന്ന നിലയിൽ പ്രശസ്തനായ സർ ഐവർ ജെന്നിങ്സ് എഴുതിയിട്ടുണ്ട്. ചോദ്യങ്ങൾ ഇവയാണ്: കീഴ്‌വഴക്കങ്ങൾ എന്താണ്? ഈ കീഴ്‌വഴക്കങ്ങൾ സൃഷ്ടിച്ചവർ തങ്ങൾ ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് വിശ്വസിച്ചിരുന്നോ? അത്തരത്തിലുള്ള ചട്ടത്തിന് മതിയായ കാരണമുണ്ടോ?
ഭരണഘടനയിൽ രാഷ്ട്രീയ കക്ഷികളെ കുറിച്ചുള്ള പരാമർശം ഉൾപ്പെടുത്തുന്നതിനു മുമ്പു തന്നെ നമ്മുടെ രാജ്യത്ത് കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിൽ അവയുടെ സ്ഥാനം നിർണ്ണയിക്കപ്പെട്ടിരുന്നു. അതിൻപ്രകാരമാണ് കക്ഷികൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതും അധികാരത്തിലേറിയാൽ തങ്ങൾ എന്തു നയപരിപാടികൾ നടപ്പാക്കുമെന്ന് പ്രകടനപത്രികയിലൂടെ വോട്ടർമാരെ മുൻ‌കൂട്ടി അറിയിക്കുന്നതും. ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ പ്രവർത്തിക്കേണ്ടത് പാർട്ടിയുടെ നയപരിപാടികളുടെ അടിസ്ഥനത്തിലാണ്. ഉത്തരവാദപ്പെട്ട ഭാരവാഹി പാർട്ടിയുടെ നയം സംബന്ധിച്ച് അധികാര സ്ഥാനങ്ങളിലിരിക്കുന്ന അംഗങ്ങൾക്കയക്കുന്ന കത്തിനെ ഭരണത്തിലുള്ള ബാഹ്യ ഇടപെടലായി ചിത്രീകരിക്കുന്നത് എല്ലാം ലിഖിത ഭരണഘടനയിലുണ്ടെന്നും അതിലുള്ളതല്ലാത്ത ഒന്നിനും സാധുതയില്ലെന്നുമുള്ള ധാരണയിൽ നിന്നുദിക്കുന്നതാണ്. 
കെ.പി.സി.സി. പ്രസിഡന്റിന്റെ സർക്കുലർ കണക്കിലെടുക്കാതെ സ്വതന്ത്രമായാണ് ഹർജിക്കാരന്റെ അപേക്ഷ പരിഗണിച്ചതെന്ന് മുനിസിപ്പൽ ചെയർമാന്റെ സത്യവാങ്മൂലത്തിലില്ലാത്തതുകൊണ്ട് സർക്കുലർ തീരുമാനത്തെ സ്വാധീനിച്ചെന്ന നിഗമനത്തിൽ ബെഞ്ച് എത്തുകയായിരുന്നു എന്നാണ് മാധ്യമവാർത്തകളിൽ നിന്ന് മനസിലാകുന്നത്. പാർട്ടി നയം തീരുമാനത്തെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത് പാർട്ടി നയം സംബന്ധിച്ച ഒരു പൊതു സർക്കുലർ ആണ്. തനിക്ക് ബാർ നടത്താൻ അനുമതി നൽകരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് മരട് മുനിസിപ്പാലിറ്റിക്ക് കത്തെഴുതിയെന്ന് ഹർജിക്കാരൻ പോലും ആരോപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവിഹിതമായ ഇടപെടൽ നടന്നുവെന്ന കോടതിയുടെ തീർപ്പു യുക്തിസഹമല്ല. 

No comments: