Wednesday, December 3, 2014

രാഷ്ട്രീയ കാപട്യം തുറന്നുകാട്ടപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ

ജൂലൈ ഒൻപതിന്‌ സി കെ ജാനു നയിക്കുന്ന ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച നിൽപ്പുസമരം ഈ വാരാന്ത്യത്തിൽ അഞ്ചു മാസം പിന്നിടും. തുടക്കത്തിൽ അത്‌ വലിയ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നില്ല. എന്നാൽ ക്രമേണ നീതി തേടി നിൽക്കുന്ന ആദിവാസി മലയാളിമനഃസാക്ഷിയെ തൊട്ടുണർത്താൻ തുടങ്ങി. ഇപ്പോൾ ഓരോ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ധാരാളം പേർ സമരപ്പന്തലിലെത്തി ആദിവാസികളോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലും ചില വിദേശ നഗരങ്ങളിലും മലയാളികൾ ചിലപ്പോൾ നിന്നു കൊണ്ടു തന്നെ തങ്ങൾ അവരോടൊപ്പമാണെന്ന്‌ പ്രഖ്യാപിക്കുന്നു. യുവാക്കളുടെ നവമാധ്യമ കൂട്ടായ്മകളും സ്കൂൾ കുട്ടികളും ഈ വിഷയത്തിലെടുക്കുന്ന താൽപ്പര്യം കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച്‌ പ്രതീക്ഷയ്ക്ക്‌ വക നൽകുന്നു.

ഗോത്രമഹാസഭ ഒരു പുതിയ ആവശ്യവും ഉന്നയിച്ചിട്ടില്ല. സർക്കാർ നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നടപടിയെടുക്കണമെന്നു മാത്രമാണ്‌ അവർ ആവശ്യപ്പെടുന്നത്‌. ‘വാക്കു പാലിക്കുന്നത്‌ ജനാധിപത്യമര്യാദയാണ്‌-’ അവർ ഭരണാധികാരികളെ ഓർമിപ്പിക്കുന്നു. ആദിവാസികൾക്ക്‌ ഇത്തരം ഒരോർമ്മപ്പെടുത്തൽ നടത്തേണ്ടി വരുന്നുവെന്നത്‌ കേരള രാഷ്ട്രീയം ഏറെ ജീർണിച്ചിരിക്കുന്നുവെന്നതിന്‌ തെളിവാണ്‌. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത്‌ ഓടിനടന്ന്‌ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്ക്‌ സഹായധനം നൽകി അന്താരാഷ്ട്ര ഖ്യാതി അവകാശപ്പെടുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദിവാസിയുടെ മുന്നിൽ ഓരോ ദിവസവും ചെറുതായിക്കൊണ്ടിരിക്കുകയാണ്‌. രണ്ടു മാസത്തോളം അദ്ദേഹം നിൽപ്പുസമരം കണ്ടില്ലെന്നു നടിച്ചു. പിന്നീട്‌ ഗോത്രമഹാസഭാ നേതാക്കളോട്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം വേണമെന്നും അതുകൊണ്ട്‌ സമരം നിർത്തി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു പതിറ്റാണ്ടു മുമ്പ്‌ നൽകിയ വാഗ്ദാനം പാലിക്കാൻ ഇനിയും മൂന്നു മാസം നൽകണമെന്ന ആവശ്യം നിരസിച്ചുകൊണ്ട്‌ അവർ നിൽപ്പു തുടർന്നു.

മുഖ്യമന്ത്രി ആവശ്യപ്പെട്ട മൂന്നു മാസവും അവർ നിന്നു തീർത്തു. എന്നിട്ടും സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആവശ്യമായ ഉത്തരവിറക്കിയിട്ടില്ല. മൂന്നു മാസത്തെ സമയം വേണമെന്ന അദ്ദേഹത്തിന്റെ നിലപാട്‌ ആത്മാർഥമായിരുന്നില്ലെന്ന്‌ അങ്ങനെ വ്യക്തമായിരിക്കുന്നു. ആദിവാസികളെ സെക്രട്ടേറിയറ്റ്‌ പടിക്കൽ നിന്ന്‌ ഒഴിവാക്കാൻ അദ്ദേഹം ഒരു അടവ്‌ പ്രയോഗിക്കുകയായിരുന്നു. നിൽപ്പുസമരം തുടരുന്ന ഒാ‍രോ ദിവസവും ആദിവാസികൾ നാം കൊണ്ടാടുന്ന ജനാധിപത്യ വ്യവസ്ഥയുടെ പൊള്ളത്തരവും തുറന്നു കാട്ടിക്കൊണ്ടിരിക്കുകയാണ്‌. ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ടു മാത്രം ഒരു രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കുന്നെന്ന്‌ പറയാനാവില്ല. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നവർ ജനങ്ങളുടെ, പ്രത്യേകിച്ചും ദുർബലവിഭാഗങ്ങളുടെ, താൽപ്പര്യങ്ങൾ മുൻനിർത്തി തീരുമാനങ്ങളെടുക്കുകയും അവ സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ്‌ വ്യവസ്ഥ ജനാധിപത്യപരമാണെന്ന്‌ പറയാനാവുക.

പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ്‌ ഗാഡ്ഗിൽ അധ്യക്ഷനായ സമിതി നൽകിയ ശുപാർശകൾ അട്ടിമറിക്കാൻ കേരള സർക്കാർ നടത്തിയ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ ഹീനമെന്നേ വിശേഷിപ്പിക്കാനാവൂ. ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തിൽ കേരളത്തിലെയും ഗോവയിലെയും സർക്കാരുകൾ പലതരം വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സ്ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകളുടെ ഫലമായി കേന്ദ്രം കെ കസ്തൂരിരംഗൻ അധ്യക്ഷനായി മറ്റൊരു കമ്മിറ്റിയെ നിയമിച്ചു. കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടിൽ വേണ്ടുവോളം വെള്ളം ചേർത്തിട്ടും കേരള സർക്കാരിനു തൃപ്തിയായില്ല. അത്‌ സ്വന്തം കമ്മിറ്റിയുണ്ടാക്കി അതിൽ കൂടുതൽ വെള്ളം ചേർത്തു.

അവശേഷിക്കുന്ന വനങ്ങളുടെ സംരക്ഷണമാണ്‌ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകളുടെ ലക്ഷ്യം. ഒരു കുടിയേറ്റ കർഷകനെയും പുറത്താക്കണമെന്ന്‌ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ട ഉത്തരവാദിത്തം ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും വിട്ടുകൊടുക്കുകയാണ്‌ അത്‌ ചെയ്തത്‌. തികച്ചും ജനാധിപത്യപരമായ ആ സമീപനം കേരള സർക്കാരിന്‌ സ്വീകാര്യമാകാഞ്ഞതിന്റെ കാരണം രഹസ്യമല്ല. അവർ സംരക്ഷിക്കാനാഗ്രഹിക്കുന്നത്‌ ബഹുജനങ്ങളുടെ താൽപ്പര്യങ്ങളല്ല, ക്വാറി നടത്തിപ്പുകാരുടെയും റിസോർട്ട്‌ ഉടമകളുടെയുമൊക്കെ താൽപ്പര്യങ്ങളാണ്‌. തീരുമാനങ്ങൾ ജനങ്ങൾക്കു വിട്ടുകൊടുത്താൽ ഈ വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകില്ല.

പശ്ചിമഘട്ട മേഖലയിൽ ആറ്‌ സംസ്ഥാനങ്ങളുണ്ട്‌. എല്ലാ സംസ്ഥാനങ്ങളിലും മാഫിയാ സംഘങ്ങൾ പരിസ്ഥിതി അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുമുണ്ട്‌. എന്നാൽ ഗാഡ്ഗിൽ ശുപാർശകൾക്കെതിരെ കേരളത്തിലെയും ഗോവയിലെയും സർക്കാരുകൾ മാത്രമാണ്‌ ശക്തമായ നിലപാടെടുത്തത്‌. അവയ്ക്കുമേൽ മാഫിയാ സംഘങ്ങൾക്കുള്ള അമിതസ്വാധീനത്തിന്‌ ഇതിനപ്പുറം എന്ത്‌ തെളിവു വേണം? ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായ സമരം മലയോര കർഷകരുടെ പേരിലാണ്‌ നടത്തപ്പെട്ടത്‌. ആദിവാസികൾക്കോ മലയോര കർഷകർക്കോ ദോഷകരമായ ഒന്നും ആ റിപ്പോർട്ടിലില്ല. വനം കയ്യേറ്റക്കാരെയാണ്‌ അത്‌ പ്രതികൂലമായി ബാധിക്കുന്നത്‌.

ആദിവാസികളുടെ നിൽപ്പുസമരം അടിസ്ഥാനപരമായി അവരുടെ നിലനിൽപ്പിനുവേണ്ടിയുള്ളതാണ്‌. അതേസമയം കേരളത്തിലെ പൊതുസമൂഹത്തിന്റെ താൽപ്പര്യവും അതിൽ അടങ്ങിയിരിക്കുന്നു. കേരളം നിലനിൽക്കണമെങ്കിൽ പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന വനങ്ങൾ നിലനിൽക്കണം. വനം നിലനിൽക്കണമെങ്കിൽ വനംകയ്യേറ്റങ്ങൾ അവസാനിക്കണം. അതുറപ്പാക്കാൻ ഒരു ഉത്തമ മാർഗമുണ്ട്‌. അത്‌ ആദിവാസികളുടെ അധീനതയിലുള്ള മുഴുവൻ ഭൂമിയും പട്ടികപ്രദേശമായി പ്രഖ്യാപിക്കുകയെന്നതാണ്‌. അത്‌ ചെയ്യാനുള്ള വൈമുഖ്യമാണ്‌ സർക്കാരിന്റെ കപട നിലപാടിനു പിന്നിൽ.

ആദിവാസികൾക്ക്‌ നൽകാൻ ഭൂമിയില്ലെന്ന സർക്കാർ വാദം കള്ളമാണ്‌. അവർക്കായി കണ്ടെത്തിയ ഒന്നാണ്‌ ആറളം ഫാം. അത്‌ മറ്റാവശ്യങ്ങൾക്ക്‌ മാറ്റിവയ്ക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം. ആ ഭൂമിയും ഹാരിസൺസ്‌ അനധികൃതമായി കൈവശം വെച്ചിരുന്നതും ഇപ്പോൾ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളതുമുൾപ്പെടെയുള്ള പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും ഭൂരഹിതരായ ആദിവാസികൾക്ക്‌ നൽകാൻ സർക്കാർ മടിക്കുന്നത്‌ അത്‌ മറ്റാർക്കെങ്കിലും നൽകി രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടമുണ്ടാക്കാനാണ്‌. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടും കുറ്റമറ്റതല്ല. ആദിവാസി താൽപ്പര്യങ്ങൾ ബലികഴിക്കാൻ തയ്യാറാകുന്ന ഒരു കക്ഷിക്കും പുരോഗമനചേരിയുടെയോ ഇടതുപക്ഷത്തിന്റെയോ ഭാഗമാണെന്ന്‌ അവകാശപ്പെടാനുള്ള അർഹതയില്ല. (ജനയുഗം, ഡിസംബർ 3, 2014)

No comments: