Tuesday, March 11, 2014

തൂക്കുകയർ എന്ന മിഥ്യാനീതിസങ്കല്പം

ബി.ആർ.പി. ഭാസ്കർ

രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളെ വധശിക്ഷയിൽ നിന്നൊഴിവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് തമിഴ് നാട് സർക്കാർ അവരെ മോചിപ്പിക്കാൻ തീരുമാനിച്ചപ്പോൾ എതിർപ്പുമായി മുന്നോട്ടു വന്ന രാഹുൽ ഗാന്ധി ചോദിച്ചു: “രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ പ്രധാനമന്ത്രിക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ സാധാരണക്കാർക്ക് നീതി നൽകാനാകുമോ?” അച്ഛനെ നഷ്ടപ്പെട്ട മകന്റെ ദു:ഖം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നതിനെ തികച്ചും സ്വാഭാവികമായി കാണണം. അതേ സമയം അവയിൽ പ്രതിഫലിക്കുന്ന നീതി സങ്കല്പം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ചെന്നൈക്ക് സമീപമുള്ള ശ്രീപെരുമ്പുതൂരിൽ ഒരു തെരഞ്ഞെടുപ്പു റാലിയിൽ സംബന്ധിക്കാൻ എത്തിയപ്പോഴാണ് ശ്രീലങ്കയിൽ നിന്നുള്ള ചാവേറായ ധനു എന്ന ഗായത്രി ധരിച്ചിരുന്ന ബെൽറ്റ് ബോംബ് പൊട്ടി രാജീവ് ഗാന്ധി 1991 മേയ് 21ന് കൊല്ലപ്പെട്ടത്. കേസന്വേഷിച്ച പ്രത്യേക സംഘം ഒരു കൊല്ലത്തിലധികം സമയമെടുത്ത് തയ്യാറാക്കിയ1,000 പേജുള്ള കുറ്റപത്രത്തിൽ 41 പ്രതികളുടെ പേരുണ്ടായിരുന്നു. എൽ.ടി.ടി.ഇ. തലവൻ വി. പ്രഭാകരൻ ആയിരുന്നു ഒന്നാം പ്രതി. പ്രഭാകരനും സഹായികളുമുൾപ്പെടെ പ്രധാന പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. എന്നാൽ അവരെല്ലാം ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിനിടിയിൽ കൊല്ലപ്പെടുകയൊ ആത്മഹത്യ ചെയ്യുകയൊ ചെയ്തു.  വിചാരണ നേരിട്ട 26 പേരിൽ എൽ.ടി.ടി.ഇ നിയോഗിച്ച കൊലയാളി സംഘത്തിലെ അംഗമെന്ന് അന്വേഷണ സംഘം കണ്ടെത്തിയ നളിനിയും ഭർത്താവ് മുരുകൻ എന്ന ശ്രീഹരനും ഉൾപ്പെട്ടിരുന്നു. മിക്കവർക്കും കൊല നടത്താനുള്ള എൽ.ടി.ടി.ഇ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നില്ല. കൊലയാളി സംഘത്തിന് കൊലക്കു മുൻപോ പിൻപോ സഹായങ്ങൾ ചെയ്തുകൊടുത്തെന്നതായിരുന്നു അവർ ചെയ്ത കുറ്റം. ഇൻഡ്യൻ പീനൽ കോഡ് വകുപ്പുകൾ കൂടാതെ ടാഡ എന്ന ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് അന്വേഷണം സംഘം കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ 15 ദിവസം പൊലീസ് കസ്റ്റഡിയിൽ വെക്കാനെ സാധാരണ നിയമം അനുവദിക്കുന്നുള്ളു. ടാഡ പ്രകാരം 60 ദിവസം വരെ പൊലീസ് കസ്റ്റഡിയിൽ വെക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്യാം. കൂടാതെ പൊലീസിന് നൽകുന്ന കുറ്റസമ്മതം തെളിവായി സ്വീകരിക്കുകയും ചെയ്യാം.

അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ചിലർ പിൽക്കാലത്ത് നൽകിയ വിവരങ്ങൾ അന്വേഷണത്തിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയങ്ങളുയർത്തിയിട്ടുണ്ട്. അന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്ന എം.കെ. നാരായണൻ താല്പര്യമെടുത്ത് തെളിവ് പൂഴ്ത്തിയെന്ന അതീവ ഗുരുതരമായ ആരോപണമാണ് ഒരുദ്യോഗസ്ഥൻ ഉന്നയിച്ചിട്ടുള്ളത്. ബോംബ് പൊട്ടിക്കാനുപയോഗിച്ച ഒമ്പത് വോൾട്ട് ബാറ്ററി വാങ്ങിക്കൊടുത്തെന്നതായിരുന്നു പേരരിവാളൻ എന്ന പ്രതിക്കെതിരായ കുറ്റം. ബാറ്ററി വാങ്ങുന്നതെന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് പേരരിവാളൻ അന്വേഷണസംഘത്തിനു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. മൊഴി എഴുതിയെടുത്ത സി.ബി.ഐ. പൊലീസ് സൂപ്രണ്ട് വി. ത്യാഗരാജൻ ഈ വിവരം രേഖപ്പെടുത്തിയില്ല. അദ്ദേഹം തന്നെ ഇക്കാര്യം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.  
സുരക്ഷാ പരിഗണ മുൻ‌നിർത്തി പൊതുജനങ്ങളെ കോടതി മുറിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വധശ്രമത്തിനു ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട ശിവരാജന്റെ ആത്മഹത്യക്കു ശേഷം ലഭിച്ച എൽ.ടി.ടി.ഇ രേഖകളിൽ നിന്ന് നളിനിയൊഴികെയാർക്കും അയാളുടെ ദൌത്യത്തെ കുറിച്ച് അറിവില്ലായിരുന്നെന്ന് വ്യക്തമായിരുന്നു. എന്നിട്ടും പ്രോസിക്യൂഷൻ വിചാരണ നേരിട്ട 26 പേർക്കും വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ടാഡ കോടതി ആ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
കൊലപാതകം നടന്ന് ഏഴു വർഷം കഴിഞ്ഞ് 1998 ജൂൺ 28നാണ് വിധി വന്നത്.

ടാഡ കോടതി വിധിക്കെതിരെ അപ്പീൽ കേൾക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലാത്തതുകൊണ്ട് ശിക്ഷിക്കപ്പെട്ടവർ സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് കെ.ടി. തോമസിന്റെ അദ്ധ്യക്ഷതയിലുള്ള മുന്നംഗ ബെഞ്ച് 1999 മേയ് 11 ന് നടത്തിയ വിധിപ്രസ്താവത്തിൽ നളിനി, മുരുകൻ, ശാന്തൻ, പേരരിവാളൻ എന്നിവരുടെ വധശിക്ഷ സ്ഥിരീകരിക്കുകയും മറ്റുള്ളവരുടെ ശിക്ഷ വിവിധ കാലാവധിക്കുള്ള തടങ്കലായി കുറയ്ക്കുകയും ചെയ്തു. വധശിക്ഷക്കു വിധിക്കപ്പെട്ട എല്ലാവരും രാഷ്ട്രപതിക്ക് ദയാഹർജി നൽകി. കെ. ആർ. നാരായണനായിരുന്നു പ്രസിഡന്റ്. മുന്നിലെത്തിയ 10 ഹർജികളിൽ രണ്ടെണ്ണത്തിൽ അദ്ദേഹം അനുകൂല തീരുമാനമെടുത്തു. എന്നാൽ രാജീവ് ഗാന്ധി വധക്കേസ് പ്രതികളുൾപ്പെടെയുള്ളവരുടെ  അപേക്ഷകളിൽ അദ്ദേഹം തീരുമാനമെടുത്തില്ല. തടങ്കലിലായിരിക്കെ പ്രസവിച്ച കൊച്ചു കുട്ടിയുള്ളതിനാൽ നളിനിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിനെ തുടർന്ന് അവരുടെ ശിക്ഷ ജീവപര്യന്തം തടവായി മാറ്റപ്പെട്ടു. കെ.ആർ. നാരായണനെപ്പോലെ എ.പി.ജെ. അബ്ദുൾ കലാമും ദയാഹർജികളിൽ തീരുമാനമെടുക്കാൻ മടിച്ചു. അദ്ദേഹം ഒരപേക്ഷ നിരസിച്ചു. കൊൽക്കത്തയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊന്നതിനു ശിക്ഷിക്കപ്പെട്ട ധനഞ്ജയ ചാറ്റർജിയുടെ അപേക്ഷയാണ് അദ്ദേഹം തള്ളിയത്. മറ്റ് അപേക്ഷകൾ തീരുമാനമെടുക്കാതെ അദ്ദേഹം പിൻ‌ഗാമിയായ പ്രതിഭാ പാട്ടിലിനു വിട്ടു. ഏതാനും കൊടും‌കുറ്റവാളികളുൾപ്പെടെ 35 പേരുടെ വധശിക്ഷ അവർ ഇളവു ചെയ്തു. ആരെയും തൂക്കിലേറ്റാൻ ആഗ്രഹിക്കാഞ്ഞതുകൊണ്ടാകാം രാജീവ് വധക്കേസ് പ്രതികളുടെ കാര്യത്തിൽ അവരും തീരുമാനമെടുത്തില്ല.  

കെട്ടിക്കിടക്കുന്ന ദയാഹർജികൾ ഒന്നൊന്നായെടുത്ത പ്രണബ് മുഖർജി ഏഴു മാസത്തിൽ ഏഴു പേരെ കഴുമരത്തിലേക്കയച്ചു. അദ്ദേഹം 2011 ആഗസ്റ്റിൽ മുരുകന്റെയും ശാന്തന്റെയും പേരരിവാളന്റെയും ദയാഹർജികൾ തള്ളിയതിനെ തുടർന്ന് സെപ്തംബർ 9ന് മൂവരെയും തൂക്കിക്കൊല്ലാൻ തീരുമാനമായി. എന്നാൽ മദ്രാസ് ഹൈക്കോടതി ഇടപെട്ട് ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞു. പിന്നീട് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റപ്പെട്ടു.
ഇതിനിടെ, 2010ൽ, നളിനി തന്നെ മോചിപ്പിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. താൻ 20 കൊല്ലമായി തടങ്കലിലാണെന്നും ജീവപര്യന്തം തടവിന് വിധിക്കപ്പെടുന്നവരെ 14 കൊല്ലം കഴിയുമ്പോൾ മോചിപ്പിക്കുന്ന പതിവ് തന്റെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ ആ വാദം അംഗീകരിച്ചില്ല.

ആഗസ്റ്റ് മാസത്തിൽ മറ്റൊരു കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി ഒരു സുപ്രധാന തത്വം ആവിഷ്കരിച്ചു. ദയാഹർജിയിൽ തീരുമാനമെടുക്കുന്നത് അകാരണമായി വൈകിയാൽ ശിക്ഷയിൽ ഇളവു നൽകുന്നതിന് അത് മതിയായ കാരണമാകുമെന്ന് കോടതി പറഞ്ഞു. ദീർഘകാലം കഴുമരത്തിന്റെ തണലിൽ കഴിയേണ്ടി വരുന്ന ഒരാൾ അനുഭവിക്കുന്ന മാൻസിക സംഘർഷം കണക്കിലെടുത്തുകൊണ്ടാണ് കോടതി അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ രാജീവ് ഗാന്ധി കൊലക്കേസിൽ വധശിക്ഷ കാത്തു രണ്ട് പതിറ്റാണ്ടിലധികമായി കഴിഞ്ഞിരുന്ന മൂന്നു പേരുടെയും ശിക്ഷ ജീവപര്യന്തം തടവായി മാറ്റപ്പെട്ടു.

തമിഴ് നാട് നിയമസഭ നേരത്തെ ഒരു പ്രമേയത്തിലൂടെ പ്രസിഡന്റിനോട് അവരുടെ ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സുപ്രീം കോടതി വിധി വന്നയുടൻ തമിഴ് നാട് സർക്കാർ എല്ലാ കുറ്റവാളികളും ഇതിനകം 22ൽ പരം കൊല്ലം തടവ് അനുഭവിച്ചതിനാൽ അവരെ മോചിപ്പിക്കുവൻ തീരുമാനിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൽ അതിനെതിരെ രംഗത്തു വന്നതിനെ തുടർന്ന് അവരുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കോടതി ഉടൻ തന്നെ അവരുടെ മോചനം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് നൽകി.

ശ്രീലങ്കയിലെ തമിഴരുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംഘടനയെന്ന നിലയിൽ എൽ.ടി.ടി.ഇ.ക്ക് അനുകൂലമായ ജനവികാരം തമിഴ് നാട്ടിൽ നിലനിന്നിരുന്നു. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം ബഹുജനങ്ങളുടെ സമീപനത്തിൽ മാറ്റമുണ്ടായെങ്കിലും പല രാഷ്ട്രീയ കക്ഷികളും തുടർന്നും അതിനെ പിന്തുണച്ചു. എന്നാൽ അതിനെ ഒരു തീവ്രവാദി സംഘടനയായി കണ്ടുകൊണ്ട് എല്ലാക്കാലവും ശക്തമായി എതിർത്തിരുന്ന നേതാവാണ് മുഖ്യമന്ത്രി ജെ. ജയലളിത. ആ നിലയ്ക്ക് ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുന്ന ഏഴു പേരെയും മോചിക്കാനുള്ള ജയലളിത സർക്കാരിന്റെ തീരുമാനത്തിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ അത് തന്റെ പാർട്ടിക്കു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടൽ തീർച്ചയായുമുണ്ടാകണം. അതേ സമയം 1993 മുതൽ തുടർച്ചയായി തടവിൽ കഴിയുന്നവരെ വിട്ടയക്കാനുള്ള തീരുമാനം മാനുഷികപരിഗണയുടെ അടിസ്ഥാനത്തിൽ ന്യായീകരണമുള്ളതാണ്.

ശ്രീലങ്കയിലെ മറ്റ് തമിഴ് സംഘടനകളുടെ നേതാക്കളെ കൊന്നൊടുക്കിക്കൊണ്ടാണ് എൽ.ടി.ടി.ഇ. പ്രവർത്തനം ആരംഭിച്ചത്. ഒന്നൊ രണ്ടൊ പേർ ചെന്നൈയിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ആ കേസുകൾ സത്യസന്ധമായി അന്വേഷിച്ച് പ്രഭാകരനെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നിരുന്നെങ്കിൽ പിന്നീട് നടന്ന പല കൊലകളും ഒഴിവാക്കാൻ കഴിയുമായിരുന്നു. പ്രഭാകരനെപ്പോലെ ഒരാൾ മനുഷ്യൻ ജീവൻ വെച്ച് പന്തു കളിക്കുന്നത് മനസിലാക്കാവുന്നതാണ്. എന്നാൽ  രാജീവ് വധം സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരും കോടതികളും, കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും, അറിഞ്ഞൊ അറിയാതെയൊ, മനുഷ്യജീവൻ വെച്ചു കളിക്കുകയായിരുന്നില്ലേ എന്ന് സംശയിക്കാവുന്നതാണ്. വധശിക്ഷ പൂർണ്ണമായും ഒഴിവാക്കിയാൽ ഇത്തരം അപചയം പരിമിതപ്പെടുത്താനെങ്കിലും തീർച്ചയായും കഴിയും. (മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 3, 2014)

No comments: