Monday, March 24, 2014

ഒരു രക്തസാക്ഷിയുടെ രാസപരിണാമങ്ങൾ



ബി.ആർ.പി. ഭാസ്കർ

ടി.പി. ചന്ദ്രശേഖരൻ അതിദാരുണമായി കൊല്ലപ്പെട്ടപ്പോൾ അതൊരു രാഷ്ടീയ കൊലപാതകമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. സി.പി.എമ്മിന് ഓഞ്ചിയം പ്രദേശത്ത് ചന്ദ്രശേഖരൻ ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നതിനാൽ കൊലയ്ക്കു പിന്നിൽ ആ പാർട്ടിയാണെന്ന നിഗമനം തികച്ചും സ്വാഭാവികമായിരുന്നു. സി.പി.എം. നേതാക്കൾ ആവർത്തിച്ചു പറഞ്ഞതുപോലെ, ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമനെന്ന തരത്തിലുള്ള നിഗമനം തന്നെയായിരുന്നു അത്. സംശയത്തിന് എന്തെങ്കിലും ഇടമുണ്ടായിരുന്നെങ്കിൽ അത് കൊലപാതകം ഏതെങ്കിലും പാർട്ടി ഘടകം എടുത്ത തീരുമാനത്തിന്റെ ഫലമായിരുന്നൊ അതൊ ഏതെങ്കിലും പാർട്ടി പ്രവർത്തകനൊ പ്രവർത്തകരൊ സ്വന്തനിലയിൽ നടത്തിയതായിരുന്നൊ എന്ന കാര്യത്തിൽ മാത്രമാണ്.

സി.പി.എമ്മിനെ പോലെ കർശനമായ അച്ചടക്കപാലന പാരമ്പര്യമുള്ള കക്ഷി അതിന്റെ അറിവൊ സമ്മതമൊ കൂടാതെ ഒരംഗം കുറ്റകൃത്യം നടത്തിയാൽ അയാൾക്കെതിരെ നടപടി എടുക്കുമെന്ന് ഉറപ്പാണ്. അങ്ങനെയൊന്നും ഉണ്ടായില്ലെന്നു തന്നെയല്ല കൊല നടന്നയുടൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വം സംശയം മറ്റുള്ളവരിലേക്ക് തിരിച്ചുവിടാൻ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്തു. കൊലയാളി സംഘം ഉപയോഗിച്ച വാഹനത്തിൽ ‘മാഷെ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ചിരുന്നതു ചൂണ്ടിക്കാട്ടി തീവ്രവാദി ബന്ധം അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. കാറിന്റെ ഉടമ ഒരുയർന്ന കോൺഗ്രസ് നേതാവിന്റെ ബന്ധുവാണെന്ന് പറഞ്ഞതും ഒരു പാർട്ടി നേതാവു തന്നെ. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു മുമ്പ് പിണറായി വിജയൻ അദ്ദേഹത്തെ കുലംകുത്തി എന്ന് വിളിച്ചിരുന്നു. പാർട്ടി ഔപചാരികമായി കൊലപാതകത്തെ  അപലപിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി അതിനുശേഷവും കുലംകുത്തി പ്രയോഗം നടത്തി അതിന്റെ ഗൌരവം കുറച്ചു.

മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച കേസുകളിൽ ബന്ധപ്പെട്ട പാർട്ടികൾ നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കുകയാണ് പൊലീസ് കുറച്ചുകാലമായി ചെയ്തുകൊണ്ടിരുന്നതെന്നത് പരസ്യമായ രഹസ്യമാണ്.  ചന്ദ്രശേഖരന്റെ കൊലപാതകം സംസ്ഥാനത്തുയർത്തിയ അത്യപൂർവ്വമായ പൊതുവികാരം ആ രീതി അവലംബിക്കുന്നതിന് തടസമായി. പാർട്ടി നൽകുന്നവരെ പ്രതിചേർക്കുന്നതിനു പകരം അന്വേഷണ സംഘം പാർട്ടി ആപ്പീസുകളിലും പാർട്ടിഗ്രാമങ്ങളിലും കൊലയാളികളെ തിരക്കിച്ചെന്നു. കൊല ചെയ്തവരെന്ന് കരുതപ്പെട്ടവരെ പിടികൂടിയശേഷം അന്വേഷണം അവരെ ഒളിപ്പിച്ചവരിലേക്ക് നീങ്ങി. ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകരെ സർക്കാർ ബോധപൂർവ്വം കേസിൽ കുടുക്കുകയാണെന്ന് സി.പി.എം. ആരോപിച്ചു. അന്വേഷണം കൊന്നവരിൽ നിന്ന് കൊല്ലിച്ചവരിലേക്ക് നീങ്ങുമെന്ന് ഔദ്യോഗിക വക്താക്കൾ പ്രഖ്യാപിച്ചപ്പോൾ പാർട്ടി പ്രതിരോധം കൂടുതൽ ശക്തമാക്കി. അപ്പോൾ ഉന്നത നേതാക്കന്മാരെയും കുടുക്കാൻ ശ്രമിക്കുന്നെന്നായി ആരോപണം. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം താഴ്ന്ന തലങ്ങളിലെ പ്രവർത്തകർക്ക് സ്വന്ത നിലയിൽ കൊലപാതകം പോലെയുള്ള ഒരു കൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കാൻ അനുവദിക്കുന്നതല്ല.  രണ്ടു ജില്ലകളിലെ പാർട്ടി ഘടകങ്ങളിൽ പെട്ടവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന പൊലീസിന്റെ കണ്ടെത്തൽ ഉയർന്ന തലത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന നിഗമനം അനിവാര്യമാക്കി. അതേസമയം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് ചില കോൺഗ്രസ് നേതാക്കളും നടത്തിയ നിരുത്തരവാദപമായ പ്രസ്താവനകൾ സി.പി.എം നേതാക്കളെ കുടുക്കാൻ ശ്രമം നടക്കുന്നെന്ന പാർട്ടിയുടെ ആരോപണം ശക്തിപ്പെടുത്താൻ പോരുന്നതായി.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ നടത്തിയ പ്രസ്താവനകൾ പരിശോധിക്കുമ്പോൾ ആ സമയത്ത് പൊതുമണ്ഡലത്തിലുള്ള വിവരങ്ങൾക്ക് പാർട്ടി അണികൾക്കും അണിയായികൾക്കും സ്വീകരിക്കാൻ കഴിയുന്ന വിശദീകരണം നൽകാനായിരുന്നു ഓരോ ഘട്ടത്തിലും ശ്രമിച്ചതെന്ന് കാണാനാകും. സി.പി.എമ്മിനെ കൊലയാളി പാർട്ടിയായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്നായിരുന്നു ആദ്യം പറഞ്ഞത്. കണ്ണൂർ മേഖലയിലെ കൊലപാതക പരമ്പരകളെ കുറിച്ച് അറിവുള്ളവരാണ് കേരളത്തിലെ ജനങ്ങൾ. കൊലപാതകങ്ങളുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് അവരെ വിശ്വസിപ്പിക്കാനാവില്ല. അതിനാൽ രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചാവിഷയമാകുമ്പോൾ തങ്ങൾ ഇരകളാണ്, വേട്ടക്കാരല്ല എന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. കൊലപാതകങ്ങളിൽ ഏറ്റവുമധികം പ്രവർത്തകരെ നഷ്ടപ്പെട്ടിട്ടുള്ളത് സി.പി.എമ്മിനാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മുകാർ സമാധാനപ്രിയരും എതിരാളികൾ കൊലയാളികളുമാണെന്ന ധാരണ പരത്താനാണ് പാർട്ടിയുടെ ശ്രമം. പാർട്ടി ഭാഷ്യത്തിൽ കൊലപാതകങ്ങൾ മറ്റുള്ളവർ ചെയ്യുന്നതാണ്. പാർട്ടി ചെയ്യുന്നത് പ്രതിരോധവും. സി.പി.എമ്മിന് മറ്റു പാർട്ടികളേക്കാൾ കൂടുതൽ ആൾനഷ്ടം സംഭവിക്കുന്നതിന്റെ കാരണം കണ്ടെത്താൻ വലിയ പ്രയാസമില്ല. കൊലയിൽ കലാശിക്കുന്ന മിക്കവാറും എല്ലാ സംഘട്ടനങ്ങളിലും ഒരു വശത്ത് സി.പി.എമ്മാണ്. മറുവശത്താകട്ടെ ഒരു കക്ഷിയല്ല, പല കക്ഷികളാണ്. അതായത് ഒരു വശത്ത് കൊല്ലപ്പെടുന്നത് സി.പി.എമ്മുകാരാണെങ്കിൽ മറുവശത്ത് കൊല്ലപ്പെടുന്നത് വിവിധ പാർട്ടികളിൽ പെടുന്നവരാണ്. എല്ലാവരും ഒരു ജീവന് പകരം മറ്റൊന്ന് എന്ന അടിസ്ഥനത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് കൂട്ടിനോക്കുമ്പോൾ കൊല്ലപ്പെട്ട സി.പി.എമ്മുകാരുടേയും സി.പി.എമ്മിതരരുടേയും എണ്ണം ഏറെക്കുറെ സമമായിരിക്കും.

ചന്ദ്രശേഖരന്റെ കൊലപാതകം ആർ.എം.പി. ഒരു വലിയ പ്രശ്നമായി ഉയർത്തിക്കൊണ്ടു വരികയും അപ്പുക്കുട്ടൻ വള്ളിക്കുന്നിനെപ്പോലെയുള്ള മുൻ‌പാർട്ടി അംഗങ്ങൾ അത് ഏറ്റുപിടിക്കുകയും ചെയ്തപ്പോൾ സോഷ്യൽ മീഡിയയിലെ പാർട്ടി പ്രചാരകർ ഉയർത്തിയ പ്രധാന എതിർവാദം അവരൊക്കെ പാർട്ടിയിലുണ്ടായിരുന്ന കാലത്തും എതിരാളികൾ കൊല്ലപ്പെട്ടിരുന്നെന്നും അതിനെതിരെ അവർ ശബ്ദമുയർത്തിയിരുന്നില്ലെന്നതുമാണ്. ചന്ദ്രശേഖരന്റെ കൊലയിൽ പാർട്ടിക്കു പങ്കുണ്ടെന്ന നിലപാടെടുത്തിട്ടുള്ള വി.എസ്. അച്യുതാനന്ദൻ സെക്രട്ടറിയായിരുന്ന കാലത്തും കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും അവർ അത്യുത്സാഹത്തോടെ ചൂണ്ടിക്കാണിക്കുന്നു. മറ്റ് കൊലപാതകങ്ങളുടെ കാര്യത്തിൽ മൌനം പാലിച്ചവർക്ക് ചന്ദ്രശേഖരൻവധത്തെ കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നു വാദിക്കുന്നവരുടെ ആത്യന്തികലക്ഷ്യം സ്വന്തം നിലപാടിന്റെ സാധൂകരണമാണ്. പാർട്ടി പറയുന്നത് കളവാണെന്നറിഞ്ഞുകൊണ്ടു തന്നെ അതിനോടൊപ്പം നിൽക്കാൻ സ്വയമേവ തീരുമാനിക്കുകയൊ അതിന് നിർബന്ധിതരാവുകയൊ ചെയ്യുന്നവരാണവർ. അതിനു സഹായകമായ തിരക്കഥകൾ രചിക്കുകയും വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്ന പാർട്ടി നേതാക്കളുടെ വൈഭവത്തെ കുറിച്ചു അവർക്ക് മതിപ്പുണ്ടാകാം. എന്നാൽ പുറത്തു നിന്നു നോക്കുന്നവരുടെ കണ്ണിൽ അവർ പാർട്ടി പട്ടേലരുടെ തൊമ്മിമാർ മാത്രമാണ്.

അച്യുതാനന്ദൻ സംഘടനക്കുള്ളിൽ വിഷയം ഉയർത്തിയതാണ് ചന്ദ്രശേഖരന്റെ കൊലപാതകവുമായി പാർട്ടിക്കു ബന്ധമില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അംഗീകരിച്ച കേന്ദ്ര നേതൃത്വത്തെ പാർട്ടിതല അന്വേഷണം നടത്തുമെന്നും ആർക്കെങ്കിലും കൊലയുമായി ബന്ധമുണ്ടെന്നു കണ്ടാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും പ്രഖ്യാപിക്കാൻ നിർബന്ധിതമാക്കിയത്. ആരാണ് അന്വേഷണം നടത്തുന്നത്, എന്തു പുരോഗതിയാണുള്ളത് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തപ്പെട്ടെങ്കിലും പ്രകാശ കാരാട്ട് അവയ്ക്ക് ഉത്തരം നൽകാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ ചന്ദ്രശേഖരൻ ചില കരാർ പണികൾ മുടക്കിയതിലുള്ള വൈരാഗ്യം മൂലം കെ.സി. രാമചന്ദ്രൻ എന്ന ലോക്കൽ കമ്മിറ്റി അംഗം കൊലയാളിസംഘത്തെ ഏർപ്പെടുത്തി അദ്ദേഹത്തെ വകവരുത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടർന്ന് രാമചന്ദ്രനെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നുമുള്ള അറിയിപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. സംസ്ഥാന പാർട്ടി പത്രക്കുറിപ്പിലൂടെയാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്. സുപ്രധാനമായ പാർട്ടി കണ്ടെത്തൽ അറിയിക്കാൻ ജനറൽ സെക്രട്ടറിയൊ സംസ്ഥാന സെക്രട്ടറിയൊ മാധ്യമ പ്രവർത്തകരെ നേരിട്ട് കാണാതിരുന്നത് ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നെന്ന്  അനുമാനിക്കാവുന്നതാണ്.

വിചാരണക്കു മുൻപു തന്നെ കോടതി കേസിലെ നിരവധി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷൻ വിഭാഗത്തിന്റെയും പ്രവർത്തനം കുറ്റമറ്റതല്ലായിരുന്നെന്ന് സൂചിപ്പിക്കുന്നു. വിചാരണക്കിടയിൽ  നിരവധി സാക്ഷികൾ കൂറുമാറുകയും ചെയ്തു. അന്വേഷണസംഘം സമ്മർദ്ദം ചെലുത്തി സാക്ഷികളാക്കിയവർ കോടതിയിലെത്തിയപ്പോൾ പിൻ‌വാങ്ങിയെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. അത് ശരിയാകാം. അതേസമയം ആ പിന്മാറ്റത്തിന്റെ പിന്നിൽ പാർട്ടിയുടെ സമ്മർദ്ദവുമുണ്ടായിരുന്നിരിക്കണം. വിചാരണക്കൊടുവിൽ  ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. കൊല നടത്തിയ എട്ടുപേരെ കൂടാതെ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ ഉൾപ്പെടെ മുന്ന് സി.പി.എമ്മുകാരെയും കൊല ആസൂത്രണം ചെയ്തതിൽ പങ്ക് വഹിച്ചവരെന്ന നിലയിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവു ശിക്ഷക്ക് വിധിച്ചു. അതിനു ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ കൊലയാളിസംഘത്തിൽ നിന്ന് ദൂരം പാലിക്കാൻ ഔപചാരികമായി ശ്രമിച്ചു. ശിക്ഷിക്കപ്പെട്ട പാർട്ടി അംഗങ്ങൾ നിരപരാധികളാണെന്നും അപ്പീൽ കോടതിയിൽ അവരെ സംരക്ഷിക്കാനുള്ള ബാധ്യതെയെ പാർട്ടി ഏറ്റെടുത്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊലയാളി സംഘത്തിൽ പെട്ടവരെ മറ്റൊരു ജയിലിലേക്ക് മാറ്റുകയും അവിടെ അവർക്ക് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തപ്പോൾ  പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും മറ്റ് പാർട്ടി എം.എൽ.എമാരും നടത്തിയ ഇടപെടൽ അവരെ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടി കയ്യൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി.
വിചാരണക്കോടതി വിധി വന്നശേഷം കൊല്യ്ക്ക് പ്രേരിപ്പിച്ച മുഴുവൻ പേരേയും കണ്ടെത്താൻ ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കെ. കെ. രമ ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. പിണറായി വിജയൻ അപ്പോൾ കേരള രക്ഷായാത്രയിലായിരുന്നു. അദ്ദേഹത്തിന്റെ യോഗങ്ങളിൽ ചന്ദ്രശേഖരൻ സ്ഥിരം വിഷയമായി. ഇ.പി. ജയരാജൻ, എളമരം കരിം, സി. ഭാസ്കരൻ തുടങ്ങിയവർ പ്രസംഗങ്ങളിൽ ചന്ദ്രശേഖരനെതിരെ അധിക്ഷേപം ചൊരിഞ്ഞു. കരിമിന്റെ വാഗ്‌വിലാസത്തിൽ ആ രക്തസാക്ഷി മണ്ണാങ്കട്ട ആയി. അധിക്ഷേപങ്ങൾ പ്രതിഷേധം വിളിച്ചുവരുത്തിയപ്പോൾ പിണറായി വിജയൻ സഹപ്രവർത്തകരെ ന്യായീകരിച്ചു. ചന്ദ്രശേഖരൻ മഹത്വവത്കരിക്കപ്പെടുന്നെന്നും ആ പ്രദേശത്തുകാർക്ക് ചന്ദ്രശേഖരനെ കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അവർ സംസാരിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വിചിത്രമെന്നു പറയട്ടെ ചന്ദ്രശേഖരനെ കുറിച്ച് എല്ലാമറിയാമായിരുന്ന സി.പി.എം. നേതാക്കൾക്ക് ആ ഘട്ടത്തിൽ രാമചന്ദ്രനെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നു. വ്യക്തിവിരോധം മൂലം രാമചന്ദ്രൻ കൊലയാളികളെ ഏർപ്പാടു ചെയ്ത് ചന്ദ്രശേഖരനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അവർക്കൊ പിണറായി വിജയനുപോലുമൊ അപ്പോൾ അറിയില്ലായിരുന്നു!

വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ചന്ദ്രശേഖരന്റെ കൊലപാതകം കരാർ പണികൾ മുടക്കിയതിലുള്ള വിരോധം തീർക്കാൻ രാമചന്ദ്രൻ തനിച്ച് ആസൂത്രണം ചെയ്ത് ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടേ നടപ്പിലാക്കിയതാണെന്ന പോളിറ്റ്ബ്യൂറോയുടെ കണ്ടുപിടിത്തം ആ ഹീനകൃത്യത്തിന്റെ ഉത്തരവാദിത്തം ഒരു ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ചുമലിൽ ഇറക്കിവെച്ചിട്ട് മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു മനസിലാക്കാനാകും. ഇതിലൂടെ വിചാരണക്കോടതി ശിക്ഷിച്ച ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തനെ സംരക്ഷിക്കാനും സി.ബി.ഐ.യുടെ ഗൂഢാലോചനാ‍ന്വേഷണം മുകളിലേക്ക് വ്യാപിക്കുന്നത് തടയാനും കഴിയുമെന്ന് പാർട്ടി കരുതുന്നുണ്ടാകണം. അജ്ഞാതവഴിയിലൂടെയുള്ള പാർട്ടി അന്വേഷണത്തിനിടയിൽ കുലംകുത്തിയും മണ്ണാങ്കട്ടയും കരാർമുടക്കിയുമായി രൂപാന്തരപ്പെട്ട ചന്ദ്രശേഖരൻ ജനങ്ങളുടെ കണ്ണിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയാണ്. അദ്ദേഹത്തെ ഉത്തമ കമ്മ്യൂണിസ്റ്റായി വിശേഷിപ്പിച്ച അച്യുതാനന്ദന്റെ അന്വേഷണ റിപ്പോർട്ട് പൂർണ്ണമല്ലെന്ന പരസ്യ പ്രസ്താവം പാർട്ടി നിലപാട് അന്തിമ തീരുമാനമായി അംഗീകരിക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് കാണിക്കുന്നത്. സി.ബി.ഐ. ഊർജ്ജിതമായ അന്വേഷണം നടത്തുകയും അച്യുതാനന്ദൻ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്താൽ ഇനിയും പിന്നോട്ടുപോകാൻ പാർട്ടി നിർബന്ധിതമാകം. (മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 17, 2014)

No comments: