Friday, February 7, 2014

വംശീയവെറി എന്ന വിപത്ത്

ബി.ആർ.പി. ഭാസ്കർ

ജനുവരി 26ന് പതിവുപോലെ ആയുധശക്തി പ്രകടിപ്പിച്ചുകൊണ്ട് ന്യൂ ഡൽഹിയിൽ റിപബ്ലിക് ദിനാഘോഷം നടന്നു. സംസ്ഥാന സർക്കാരുകൾ ഓരോ പ്രദേശത്തിന്റെയും സവിശേഷത വ്യക്തമാക്കുന്ന ടാബ്ലോകൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നവർ അവരുടെ വ്യത്യസ്ത കലാരൂപങ്ങൾ പ്രദർശിപ്പിച്ചു. ജനങ്ങൾ ടെലിവിഷനിലൂടെ ഓരോ കൊല്ലവും കാണുന്ന കാഴ്ചകളാണിവ. പരേഡ് കാണാൻ വിദൂര സംസ്ഥാനങ്ങളിൽ നിന്നു പോലും ആളുകൾ കൊടും തണുപ്പുള്ളപ്പോൾ തലസ്ഥാനത്ത് എത്താറുണ്ട്. ഡൽഹി നഗരത്തിൽ ഒരിക്കലെങ്കിലും പരേഡ് നേരിട്ടു കണ്ടിട്ടില്ലാത്ത ഒരാളും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതായത് ഇന്ത്യയുടെ നാനാത്വത്തെ കുറിച്ച് അറിവ് നേടാൻ അവസരം കിട്ടിയിട്ടുള്ളവരാണ് ഡൽഹി നിവാസികൾ. ഈ പശ്ചാത്തലത്തിൽ അവിടെ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.

ഒരു സംഭവം നടന്നത് റിപ്പബ്ലിക് ദിനം കഴിഞ്ഞയുടനാണ്. ഒരു സുഹൃത്തിന്റെ വീട് തേടി ദക്ഷിണ ഡൽഹിയിലെ ലാജ്പത് നഗറിലെത്തിയ അരുണാചൽ പ്രദേശുകാരനായ നിദൊ താനിയം എന്ന വിദ്യാർത്ഥി ഒരു കടയിൽ കയറി വഴി ചോദിച്ചു. താനിയത്തിന്റെ ചെമ്പിച്ച മുടി നോക്കി കടക്കാരൻ പരിഹസിച്ചു. യുവാവ് പ്രതിഷേധിച്ചു. പിന്നെ വാക്കേറ്റമായി. ഒടുവിൽ കടയിലെ ജീവനക്കാർ താനിയത്തെ പൊതിരെ തല്ലി. സ്ഥലത്തെത്തിയ പൊലീസുകാർ താനിയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയൊ അക്രമികൾക്കെതിരെ നടപടിയെടുക്കുകയൊ ചെയ്തില്ല. താനിയത്തെക്കൊണ്ട് കശപിശയ്ക്കിടയിൽ കടയിലെ സാധനങ്ങൾക്കുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരമായി പൊലീസ്  7,000 രൂപ കൊടുപ്പിച്ചു. അന്നു രാത്രി താനിയം മരിച്ചു.

മറ്റൊരു സംഭവം നടന്നത് റിപ്പബ്ലിക് ദിനത്തിനു മുമ്പാണ്. പക്ഷെ വിവരം പുറത്തു വന്നത് നിദൊ താനിയത്തിന്റെ മരണത്തെ തുടർന്ന് ഡൽഹിയിലെ വടക്കുകിഴക്കൻ സംസ്ഥാനക്കാർ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ മാത്രം. ഇരകൾ മണിപ്പൂർ സ്വദേശികളായ രണ്ട് സ്ത്രീകളായിരുന്നു. ദക്ഷിണ ഡൽഹിയിലെതന്നെ കോട്‌ല മുബാറക്പൂറിൽ വെച്ച് സ്ഥലവാസിയായ ഒരാൾ ആക്രമിച്ചതായി ജനുവരി 24ന് സ്ത്രീകൾ പൊലീസിനു പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വടക്കുകിഴക്കൻ സംസ്ഥാനക്കാരുടെ സംഘടന വിഷയം ഏറ്റെടുത്തശേഷം മാത്രമാണ് പൊലീസ് പരാതി രജിസ്റ്റർ ചെയ്തതും അക്രമിയെ അറസ്റ്റു ചെയ്തതും.

ആം ആദ്മി സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ നിയമമന്ത്രി സോംനാഥ് ഭാർതി അനുയായികളുമായി ദക്ഷിണ ഡൽഹിയിൽ തന്നെയുള്ള മാളവ്യ നഗറിൽ ഏതാനും ആഫ്രിക്കൻ സ്ത്രീകൾ താമസിച്ചിരുന്ന വീട് മയക്കുമരുന്നു വിരുദ്ധ നടപടിയുടെ പേരിൽ റെയ്ഡ് ചെയ്യുകയും സ്ത്രീകളെ ബലമായി ദേഹപരിശോധനക്ക് വിധേയരാക്കുകയും ചെയ്ത സംഭവത്തെയും ഇവയോട് ചേർത്താണ് പരിശോധിക്കേണ്ടത്.  മന്ത്രിസംഘത്തിന്റെ പ്രവൃത്തിയിലും വാക്കുകളിലും കറുത്ത വർഗ്ഗക്കാർക്കെതിരായ വിദ്വേഷം അടങ്ങിയിരുന്നു.

ഡൽഹിയെ കുറിച്ച് സമാന്യവിവരമുള്ള ഒരാളെയും ഈ സംഭവങ്ങൾ അത്ഭുതപ്പെടുത്തില്ല. കാരണം വളരെക്കാലമായി വംശീയവെറി നിലനിൽക്കുന്ന നഗരമാണത്. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ആഫ്രിക്കൻ വിദ്യാർത്ഥികൾക്കായി സർക്കാർ നടപ്പാക്കിയ സ്കോളർഷിപ്പ് പദ്ധതിപ്രകാരം കറുത്ത വർഗ്ഗത്തിൽ‌പെട്ടവർ ഡൽഹി സർവകലാശാലയിലെത്തി. അവിടെ പഠിച്ച നിരവധി പേർ 1970കളിൽ അവരവരുടെ രാജ്യങ്ങളിൽ ഉയർന്ന സ്ഥാനങ്ങളിലെത്തി. ഇൻഡ്യയിൽ അനുഭവിച്ച വർണ്ണവിവേചനത്തിന്റെ ഓർമ്മ ഈ രാജ്യത്തോടുള്ള പലരുടെയും സമീപനത്തെ സ്വാധീനിച്ചു. പ്രശസ്ത തമിഴ് സംവിധായകൻ എസ്.എസ്.വാസൻ  ഒരു സിനിമക്കായി ചില ഹോളിവുഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു ചിംപൻസിയെ മദിരാശിയിൽ വരുത്തി. ആ കുരങ്ങ് മിടുക്കനായ ആഫ്രിക്കൻ കുട്ടിയെപ്പോലെയുണ്ടെന്ന് ഹിന്ദു പത്രത്തിന്റെ സിനിമാ ലേഖകൻ എഴുതി. മദ്രാസ് മെഡിക്കൽ കോളെജിലെ രണ്ട് തെക്കെ ആഫ്രിക്കൻ വിദ്യാർത്ഥികൾ അത് വായിച്ച് ക്ഷുഭിതരായി പത്രാധിപരെ കണ്ട് പ്രതിഷേധം അറിയിച്ചു. അദ്ദേഹം അവരോട് മാപ്പ് പറയുകയും അടുത്ത ദിവസത്തെ പത്രത്തിൽ ഖേദം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്ത്. ഇതിൽ നിന്ന് എത്ര വ്യത്യസ്തമാണ് സോംനാഥ് ഭാർതിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി അർവിന്ദ് കെജിവാളിന്റെ നിലപാട്!

തവിട്ടു നിറക്കാരായ ഇൻഡൊനേഷ്യക്കാർക്കിടയിൽ ഒരു കഥയുണ്ട്. ദൈവം കളിമണ്ണിൽ മനുഷ്യനെ സൃഷ്ടിച്ചിട്ട് ചുട്ടെടുക്കാൻ അടുപ്പിൽ വെച്ചത്രെ. എടുത്തപ്പോൾ കറുത്തിരിക്കുന്നു. “കരിഞ്ഞുപോയി” എന്നു പറഞ്ഞു വലിച്ചെറിഞ്ഞു. അത് ആഫ്രിക്കയിൽ വീണു. വിണ്ടും ഒന്നുണ്ടാക്കി അടുപ്പത്തു വെച്ചു. എടുത്തപ്പോൾ വെളുത്തിരിക്കുന്നു. “വെന്തില്ല” എന്നു പറഞ്ഞു വലിച്ചെറിഞ്ഞു. അത് യൂറോപ്പിൽ വീണു. ഒന്നു കൂടിയുണ്ടാക്കി അടുപ്പിൽ വെച്ചു. എടുത്തപ്പോൾ തവിട്ട് നിറം. “ശരിയായ പാകം” എന്നു പറഞ്ഞു ഇൻഡൊനേഷ്യയിൽ ഇട്ടു! ഈവിധത്തിലുള്ള കഥകൾ മെനഞ്ഞു ആത്മാഭിമാനം വളർത്തുന്നതിൽ വലിയ തെറ്റില്ല. എന്നാൽ സ്വയം പുകഴുത്തുന്നതിനപ്പുറം മറ്റുള്ളവരെ ഇകഴ്ത്തുന്നിടത്ത് അപകടം തുടങ്ങുന്നു.

ഭാഷയുടെ കാര്യത്തിൽ മാത്രമല്ല വംശീയതയുടെയും സംസ്കാരത്തിന്റെയൂം മറ്റും കാര്യത്തിലും ഏറെ വൈവിധ്യമുള്ള രാജ്യമാണ് നമ്മുടേത്. കാഴ്ചയിൽ യൂറോപ്യനൊ അറബിയൊ ചീനക്കാരനൊ ആഫ്രിക്കക്കാരനൊ ഇൻഡൊനേഷ്യക്കാരനൊ ഒക്കെ ആയി തെറ്റിദ്ധരിക്കപ്പെടാവുന്നവർ ഇവിടെയുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയും വൈവിധ്യമില്ല. ഈ വൈവിധ്യത്തെ മാനിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി തൊലിയുടെ നിറത്തിന്റെയും മൂക്കിന്റെ ആകൃതിയുടെയും അടിസ്ഥാനത്തിലുള്ള ഭേദചിന്ത വർണ്ണവിവേചനമാണെന്ന് അംഗീകരിക്കാൻ നാം തയ്യാറാകണം.

ഡൽഹിയിൽ കൊല്ലപ്പെട്ട താനിയം അരുണാചൽ നിയമസഭയിലെ കോൺഗ്രസംഗവും പാർലമെന്ററി സെക്രട്ടറിയുമായ നിദൊ പവിത്രയുടെ മകനാണ്. പക്ഷെ രാഹുൽ ഗാന്ധിയേക്കാൾ മുമ്പെ നരേന്ദ്ര മോദി ഡൽഹി സംഭവത്തെ അപലപിച്ചു. വോട്ടില്ലാത്ത ആഫ്രിക്കക്കാർക്കെതിരായ അതിക്രമത്തെ കുറിച്ച് നിശ്ശബ്ദത പാലിക്കുകയും വോട്ടുള്ള വടക്കുകിഴക്കൻ ജനങ്ങൾക്കെതിരായ അക്രമത്തിനെതിരെ ശബ്ദമുയത്തുകയും ചെയ്തതിൽ നിന്ന് അദ്ദേഹത്തിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതികരണമാണെന്ന് അനുമാനിക്കാം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് പ്രാദേശികവും സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങളെ ഹൈന്ദവ ദേശീയതയുടെ പരവതാനി വിരിച്ച് മറയ്ക്കാൻ ശ്രമിക്കുന്ന ഒരു പ്രസ്ഥാനത്തെയാണ്. അത് ഉയർത്തിക്കാട്ടുന്ന ഹൈന്ദവികത ദീർഘകാലം രാജ്യത്തെ ജനങ്ങളെ വർണ്ണത്തിന്റെയും ജാതിയുടെയും പേരിൽ വേർപെടുത്തി നിർത്തിയ ഒന്നാണ്. തുല്യത എന്ന ആശയം പൂർണ്ണമായും ഉൾക്കൊള്ളുമ്പോൾ മാത്രമെ വംശീയവെറിയെ മറികടക്കാനാകൂ. (ജനയുഗം, ഫെബ്രുവരി 5, 2014)

No comments: