Tuesday, January 28, 2014

പാശ്ചാത്യർ ഹൈജാക് ചെയ്ത യേശു

സക്കറിയയുടെ യേശുവാണോ എ. അടപ്പൂരിന്റെ യേശുവാണോ യഥാർത്ഥ യേശു എന്ന പ്രശ്നത്തിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അടപ്പൂർ പരാമർശിക്കുന്ന  യേശുസ്വാധീനത്തിൽ എത്രമാത്രം യാഥാർത്ഥ്യമുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.

മനുഷ്യരാശിയുടെ ചരിത്രംതന്നെ യേശുവിനു മുൻപും യേശുവിനു പിൻപും എന്ന നിലയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ജാതി-മത-ദേശ-ഭാഷാ ഭേദങ്ങൾക്കപ്പുറം എല്ലാ മനുഷ്യർക്കും സ്വന്തമായുള്ള പഞ്ചാംഗം ആ വിഭജനത്തിന്റെ വെളിച്ചത്തിൽ നിർമ്മിച്ചതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. രണ്ടായിരത്തിലേറെ കൊല്ലം മുൻപ് റോമാ സാമ്രാജ്യത്തിലെ ഒരു കുഗ്രാമത്തിൽ ജനിച്ച യേശു ക്രൂരമായ വധശിക്ഷക്ക് വിധേയനായശേഷമുള്ള 15 നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാൽ അത്തരത്തിലുള്ള ഒരു പഞ്ചാംഗം കണ്ടെത്താനാവില്ല. യേശുവിന്റെ ജനനത്തിനു 750ൽ‌പരം കൊല്ലം മുൻപ് റോമുലസ് രൂപപ്പെടുത്തിയ പഞ്ചാംഗമാണ് റോമാ സാമ്രാജ്യമൊട്ടുക്ക് നിലനിന്നിരുന്നത്. തുടക്കത്തിൽ അത് 10 ചാന്ദ്രമാസങ്ങൾ മാത്രമടങ്ങുന്ന ഒന്നായിരുന്നു. അത് പല തവണ പരിഷ്കരിക്കപ്പെടുകയും അതിനിടയിൽ സൂര്യനുമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്തു. ശ്രദ്ധേയമായ പരിഷ്കാരം നടത്തിയ ഒരാൾ ജൂലിയസ് സീസർ ആണ്. അതും യേശുവിന്റെ ജനനത്തിനു മുൻപായിരുന്നു. അദ്ദേഹം രൂപപ്പെടുത്തിയ കലണ്ടർ യൂറോപ്പിലാകെ പ്രചരിച്ചു. ഏഷ്യയിലെയും പിൽക്കാലത്ത് അമേരിക്ക എന്ന പേരു ലഭിച്ച ഭൂഖണ്ഡത്തിലേയും ജനങ്ങളും അക്കാലത്ത് ചന്ദ്രന്റെയും സൂര്യന്റെയും നിരീക്ഷിക്കപ്പെട്ട ഗതിയുടെ അടിസ്ഥാനത്തിൽ പല പഞ്ചാംഗങ്ങൾ തയ്യാറാക്കുകയും അവയുടെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്യൻ‌മാർ ജൂലിയൻ കലണ്ടറുമായാണ് അവിടെയെത്തിയത്.

ഭൂമി സൂര്യനെ വലം‌വെക്കുന്നതിന് എടുക്കുന്ന സമയത്തെ കുറിച്ച് ലഭിച്ച കൂടുതൽ കൃത്യമായ അറിവിന്റെ വെളിച്ചത്തിൽ പോപ്പ് ഗ്രെഗറി 1582ൽ ജൂലിയൻ കലണ്ടർ പരിഷ്കരിച്ചു. സ്പെയിനും പോർച്ചുഗലും പോലുള്ള കത്തോലിക്കാ രാജ്യങ്ങൾ ഉടൻ തന്നെ ഗ്രെഗോറിയൻ കലണ്ടർ സ്വീകരിച്ചു. എന്നാൽ മറ്റ് ക്രൈസ്തവ രാജ്യങ്ങൾ അതിനു തയ്യാറായില്ല. ബ്രിട്ടൻ 1752ൽ മാത്രമാണ് അത് അംഗീകരിക്കാൻ തയ്യാറായത്. റഷ്യ അതിലേക്ക് നിങ്ങിയത് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിനുശേഷം പാശ്ചാത്യ കലണ്ടറിനും യേശുവിനു മുൻപും യേശുവിനു പിൻപും എന്ന കാലഗണനാ സമ്പ്രദായത്തിനും  ലോകമൊട്ടുക്ക് ലഭിച്ച അംഗീകാരം യേശു ക്രിസ്തുവിന്റെ സംഭാവനയല്ല, പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ സംഭാവനയാണ്. മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നുള്ളവരായിരുന്നു ആധുനിക സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തിരുന്നതെങ്കിൽ മറ്റൊരു പഞ്ചാംഗം മേൽകൈ നേടുമായിരുന്നെന്ന കാര്യത്തിൽ സംശയം വേണ്ട.

പാശ്ചാത്യജനതയുടെ മതം, സംസ്കാരം, കല എന്നിവയെ രൂപപ്പെടുത്തുന്നതിൽ യേശു നിർണ്ണായകമായ പങ്ക് വഹിച്ചതായി അടപ്പൂർ പറയുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ ഏതേത് അംശങ്ങളിലാണ് യേശുവിന്റെ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും സ്വാധീനം അദ്ദേഹം കാണുന്നതെന്ന് വ്യക്തമല്ല. യേശു പാശ്ചാത്യരെ സ്വാധീനിച്ചതിനേക്കാൾ പാശ്ചാത്യർ യേശുവിനെ സ്വാധീനിച്ചില്ലേയെന്ന് സംശയിക്കാൻ വകയുണ്ട്. മദ്ധ്യേഷ്യയിൽ ജീവിക്കുകയും മരിക്കുകയും ചെയ്ത യേശുവിനെ പാശ്ചാത്യ കലാകാരന്മാർ യൂറോപ്യനാക്കിയെടുക്കുകയും ക്രിസ്മസ് ആഘോഷങ്ങളെ മഞ്ഞിൽ പൊതിയുകയും ചെയ്തു. അല്പം ചരിത്രബോധമുണ്ടെങ്കിൽ അധിനിവേശങ്ങളിൽ പാശ്ചാത്യർ ഒപ്പം കൂട്ടിയ യേശു അവരുടെ ദു:സ്വാധീനം മറികടന്നാണ് ലോകസമാധാനത്തിന്റെയും മനുഷ്യർക്കിടയിലെ സൌമനസ്യത്തിന്റെയും സന്ദേശവാഹകനായി നിലകൊള്ളുന്നതെന്ന് മനസിലാക്കാനാകും.

ബി.ആർ.പി. ഭാസ്കർ, തിരുവനന്തപുരം
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, “വായനക്കാർ എഴുതുന്നു“, ജനുവരി 26,  2014) 

No comments: