Tuesday, March 5, 2013

ചാരക്കേസിനെപ്പറ്റിത്തന്നെ

ബി.ആർ.പി. ഭാസ്കർ

രണ്ട് വാദങ്ങൾ ഉയർത്തിക്കൊണ്ടാണ് ചാരക്കേസ് കൊഴുപ്പിച്ച മാദ്ധ്യമങ്ങളുടെ പ്രവൃത്തി ശ്രീ. എൻ. ബാലകൃഷ്ണൻ ന്യായീകരിക്കുന്നത്. (പ്രതികരണം, മീഡിയ, ജനുവരി 2013). ഒന്ന്, വിമർശനങ്ങളെല്ലാം നമ്പി നാരായണൻ കുറ്റവിമുക്തനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. എ. രാജയെ 2-ജി കേസിൽ കോടതി വെറുതെ വിട്ടാൽ നമ്പി നാരായണനെപ്പോലെ അദ്ദേഹത്തെയും വാഴ്ത്തുമോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. രണ്ട്, ചാരക്കേസ് കാലത്തേതുപോലുള്ള റിപ്പോർട്ടുകൾ ഇപ്പോഴും മാദ്ധ്യമങ്ങളിൽ വരുന്നുണ്ട്. ഈ രണ്ട് വാദങ്ങളും തീർത്തും അപ്രസക്തമാണ്.

വസ്തുതകൾ കൃത്യതയോടെയല്ല ശ്രീ. ബാലകൃഷ്ണൻ അവതരിപ്പിക്കുന്നത്. “ശാസ്ത്രജ്ഞൻ നിരപരാധിയാണെന്ന് കോടതിയുടെ അന്തിമവിധി വന്നതോടെയാണല്ലൊ മലയാളി സമൂഹത്തിന് കുറ്റബോധം കൊണ്ട് ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നത്” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ന്യായീകരണം തുടങ്ങുന്നത്. കോടതി നമ്പി നാരായണനെ വിചാരണ ചെയ്ത് കുറ്റവാളിയല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നില്ല. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത സി.ബി.ഐ. സംസ്ഥാന പൊലീസ് ആരോപിച്ചതരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കോടതിയെ അറിയിക്കുകയും കോടതി അത് അംഗീകരിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിയാത്തതുകൊണ്ട് ഒരാൾ കുറ്റവിമുക്തനാകുന്നതും കള്ളക്കേസ് ആണെന്ന് കണ്ട് കോടതി അത് തള്ളുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ചാരക്കേസിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് മാലിക്കാരിയായ മറിയം റഷീദയാണ്. മറ്റ് പ്രതികൾ വരുന്നത് പിന്നീടാണ്. ഒരു ചാനൽ ആഴ്ചതോറും സം‌പ്രേഷണം ചെയ്തിരുന്ന മാദ്ധ്യമവിമർശന പരിപാടിയുടെ അവതാരകരെന്ന നിലയിൽ സക്കറിയയും ഞാനും അക്കാലത്തുതന്നെ ഈ കേസ് സംബന്ധിച്ച് പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ നിരന്തരം പരിശോധിക്കുകയും അവയിലെ അപാകതകൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പ്രതികൾ നിരപരാധികളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലല്ല, പത്രങ്ങൾ പത്രപ്രവർത്തനമൂല്യങ്ങൾ മറന്നുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വിമർശനം ഉന്നയിച്ചത്. പത്രപ്രവർത്തകരെ ഉപയോഗിച്ച് പൊലീസുദ്യോഗസ്ഥന്മാർ നടത്തിയ പ്രചാരണത്തിന്റെ ഫലമായി ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞന്മാർക്കെതിരെ ശക്തമായ ജനവികാരം ഉയർന്നിരുന്നു. ഐ.എസ്.ആർ.ഒ ബസുകൾക്കെതിരെ ഉണ്ടായ കല്ലേറുകളും കോടതി പരിസരത്ത് ശാസ്ത്രജ്ഞന്മാർക്കെതിരെ ഉയർന്ന മുദ്രാവാക്യങ്ങളും അതിന് തെളിവാണ്. ഈ വികാരം കോടതികളിലേക്ക് കൂടി വ്യാപിക്കുകയും അതിന്റെ ഫലമായി പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും ഞങ്ങളുടെ വിമർശനങ്ങൾ അപ്രസക്തമാകുമായിരുന്നില്ല.

വാർത്തകളുടെ ഉറവിടം എന്താണ്, വിവരത്തിന് ലേഖകന്മാർ ആശ്രയിക്കുന്ന സ്രോതസുകൾ വിശ്വസനീയമാണോ, പറയുന്ന കാര്യങ്ങൾ സാമാന്യബുദ്ധിക്കു നിരക്കുന്നതാണോ  തുടങ്ങിയ ചോദ്യങ്ങൾ ഞങ്ങൾ ഉന്നയിച്ചിരുന്നു. അന്വേഷണത്തിലിരിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾക്ക് മാദ്ധ്യമങ്ങൾക്ക് ആശ്രയിക്കാവുന്നത് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ്. മറ്റ് സ്രോതസുകളെ ആശ്രയിച്ചതാണ് ചാരക്കേസിന്റെ കാര്യത്തിൽ ലേഖകന്മാർ ചെയ്ത ഗുരുതരമായ തെറ്റ്. കേന്ദ്രത്തിന്റെ കീഴിലുള്ള വിദേശ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥന്മാരും കോൺഗ്രസ് ഗ്രൂപ്പ് നേതാക്കളും അക്കൂട്ടത്തിൽ പെടുന്നു. കേസ് അന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥന് കുറ്റകൃത്യം സംബന്ധിച്ച തെളിവുകൾ  ശേഖരിച്ച് വിചാരണക്കോടതിയെ ബോധ്യപ്പെടുത്താനുള്ള ചുമതലയുണ്ട്. രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയ നേതാക്കൾക്കും അത്തരത്തിലുള്ള ചുമതലയില്ല. ഈ കേസ് സംബന്ധിച്ച് പത്രങ്ങൾക്ക് അവർ നൽകിയ വിവരങ്ങൾക്ക് കെട്ടുകഥയുടെ സ്വഭാവമുണ്ടായിരുന്നു. മേലാളന്മാർക്ക് അയച്ച രഹസ്യ റിപ്പോർട്ടുകൾ ബലപ്പെടുത്താനുള്ള വിവരങ്ങളാണ് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥന്മാർ പത്രപ്രതിനിധികൾക്ക് നൽകിയത്. ഗ്രൂപ്പ് താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന വിവരങ്ങളാണ് കോൺഗ്രസ് നേതാക്കൾ നൽകിയത്. സംഭ്രമജനകമായ വസ്തുതകൾക്കു ഉഴറുന്ന മനസുകളുമായി നിന്ന ലേഖകന്മാർ വിവേചനബുദ്ധി ഉപയോഗിക്കാതെ അതെല്ലാം കേട്ടെഴുതി പ്രസിദ്ധീകരിച്ചു.

ആ മാനസികാവസ്ഥയിൽ കഴിയുന്ന മാദ്ധ്യമപ്രവർത്തകർ ഇന്നും ഉള്ളതുകൊണ്ടാണ് ശ്രീ. ബാലകൃഷ്ണന് ഇങ്ങനെയൊരു ചോദ്യം ചോദിക്കാനാവുന്നത്: “തിരുവനന്തപുരത്ത് ചാരവൃത്തി സംശയിച്ച് കേസെടുക്കുക, മാലിക്കാരായ രണ്ട് വനിതകൾ അറസ്റ്റിലാവുക, ഐ.എസ്.ആർ. ഒ.വിലെ ചില ശാസ്ത്രജ്ഞന്മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക തുടങ്ങി സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാവുമ്പോൾ അക്കാലത്തു മാത്രമല്ല ഇക്കാലത്തായാലും വാർത്തകളല്ലേ?” അതിനുള്ള ഹൃസ്വമായ ഉത്തരം അക്കാലത്തു മാത്രമല്ല ഇക്കാലത്തായാലും മാദ്ധ്യമപ്രവർത്തകർ കേവലം രാഷ്ട്രീയ നേതാക്കളുടെയും പൊലീസുദ്യോഗസ്ഥന്മാരുടെയും മറ്റ് സ്രോതസുകളുടെയും കേട്ടെഴുത്തുകാരായി തരംതാഴരുതെന്നാണ്.  (മീഡിയ, ഫെബ്രുവരി 2013) 

No comments: