Saturday, February 2, 2013

പി.ജെ. കുര്യൻ വിശദമായ അന്വേഷണത്തിന് വിധേയനാകണം

രാജ്യ സഭാ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ സ്ഥാനമുപേക്ഷിച്ച് വിശദവും സത്യസന്ധവുമായ        അന്വേഷണത്തിന് വിധേയനാകണമെന്ന് ഫിഫ്ത് എസ്റ്റേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു;

പ്രസ്താവനയുടെ പൂർണ്ണരൂപം:
തന്നെ പീഡിപ്പിച്ചവരിൽ പി.ജെ. കുര്യനും ഉൾപ്പെട്ടിരുന്നെന്ന സൂര്യനെല്ലി പെൺകുട്ടിയുടെ ആവർത്തിച്ചുള്ള ആരോപണം കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നു. കുര്യനെതിരായ ആരോപണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി അനന്തരനടപടികളിലേക്ക് കടക്കാനിരിക്കുമ്പോഴാണ് അദ്ദേഹം മേൽകോടതികളെ സമീപിച്ചതും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായ ബെഞ്ച് തുടർനടപടികൾ തടഞ്ഞതും. അന്വേഷണ സംഘത്തിൽ അംഗമായിരുന്ന ഉദ്യോഗസ്ഥന്റെ പുതിയ വെളിപ്പെടുത്തലുകൾ കുര്യനെതിരായ അന്വേഷണത്തിൽ അപാകതകുളുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നു. ഉയർകോടതി ഇടപെടലിലൂടെ നിയമാനുസൃതമായ വിചാരണയിൽ നിന്ന് ഒഴിവായ കുര്യൻ കോടതി തന്നെ കുറ്റവിമുക്തനാക്കിയെന്ന് അവകാശപ്പെടുന്നതിൽ അർത്ഥമില്ല.

കേന്ദ്രമന്ത്രിയെന്ന നിലയിൽ പൊലീസ് അകമ്പടിയുണ്ടായിരുന്ന പി.ജെ. കുര്യൻ സെക്യൂറിറ്റിക്കാരെ ഒഴിവാക്കി നടത്തിയ യാത്രയെ കുറിച്ചുള്ള സംശയങ്ങൾ നിസ്സാരമായി തള്ളാവുന്നതല്ല. ഈ സാഹചര്യത്തിൽ അദ്ദേഹം ഇപ്പോൾ വഹിക്കുന്ന രാജ്യ സഭാ ഉപാദ്ധ്യക്ഷ പദവി ഉപേക്ഷിച്ച് വിശദമായ അന്വേഷനത്തിന് വിധേയനാകണം. അദ്ദേഹം സ്വമേധയാ അതിനു തയ്യാറാകുന്നില്ലെങ്കിൽ രാജിവെച്ച് അന്വേഷണം നേരിടാൻ ആവശ്യപ്പെടാനുള്ള ചുമതല കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും സാങ്കേതിക വാദങ്ങൾ ഉന്നയിച്ചും വിശദവും സത്യസന്ധവുമായ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചാൽ പ്രക്ഷോഭ പരിപാടികളിലൂടേ അതിന് അദ്ദേഹത്തിന്റെമേൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിലെ പൌരസമൂഹം നിർബന്ധിതമാകും.

ഫിഫ്ത്ത് എസ്റ്റേറ്റിനു വേണ്ടി,

ബി.ആർ.പി. ഭാസ്‌കർ, ആനന്ദ്, സാറാ ജോസഫ്, ക.വേണു, സി.ആർ.പരമേശ്വരന്‍, എന്‍.എം. പിയേഴ്‌സൺ, ഹമീദ് ചേന്ദമംഗലൂർ,  പി.എം. മാനുവല്‍