Monday, August 6, 2012

കേരളം പുന:സൃഷ്ടിക്കുന്ന പ്രവാസികൾ

ബി.ആർ.പി. ഭാസ്കർ

ഒരു ദരിദ്ര സംസ്ഥാനമായാണ് 1956ൽ കേരളം പിറന്നത്. ആളോഹരി വരുമാനം ദേശീയ ശരാശരിക്കു താഴെയായിരുന്നു. ജനങ്ങളുടെയും സർക്കാരിന്റെയും കൈകളിൽ കാശുണ്ടായിരുന്നില്ല. സർക്കാരിന് എല്ലാ ആവശ്യങ്ങൾക്കും ‘കേന്ദ്രനു’ മുന്നിൽ കൈനീട്ടേണ്ട അവസ്ഥ. വിദ്യാഭ്യാസം നേടിയവർ മെച്ചപ്പെട്ട ജോലി തേടിയും മറ്റുള്ളവർ മാന്യമായ എന്തു തൊഴിലും ചെയ്യാനുള്ള സന്നധതയോടും കൂട്ടമായി രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വണ്ടി കയറിക്കൊണ്ടിരുന്നു.

ഇന്ന് കേരളം ഒരു സമ്പന്ന സംസ്ഥാനമാണ്. വരവിലും ചെലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഈ മാറ്റം സാധ്യമാക്കുന്നതിൽ ഞങ്ങൾ ഒരു പങ്ക് വഹിച്ചെന്ന് കഴിഞ്ഞ 56 കൊല്ലക്കാലത്ത് സംസ്ഥാനം ഭരിച്ച ഏതെങ്കിലും കക്ഷിയൊ മുന്നണിയൊ പറഞ്ഞാൽ അത് ശുദ്ധ ഭോഷ്കാവും. വിദ്യാഭ്യാസ സൌകര്യങ്ങൾ വികസിപ്പിക്കുക വഴി പുറത്തുപോയി തൊഴിൽ കണ്ടെത്താൻ തങ്ങൾ സഹായിച്ചെന്ന് ചില കക്ഷി നേതാക്കൾ  പറയാറുണ്ട്. അതു അതിരുകടന്ന അവകാശവാദമാണ്. സാഹസികരായ തൊഴിലന്വേഷകർ എണ്ണ വില കുത്തിച്ചുയർന്നതിന്റെ ഫലമായി പെട്ടെന്ന് സമ്പന്നമാവുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത ഗൾഫ് നാടുകൾ നൽകുന്ന അവസരങ്ങൾ കണ്ടെത്തി അങ്ങോട്ട് പ്രവഹിച്ചതിനെ തുടർന്നാണ് കേരളം സമ്പന്നമായത്.

ഉയർന്ന ഉദ്യോഗങ്ങൾ വഹിക്കാൻ തിരുവിതാംകൂറിലെ രാജഭരണകൂടം പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്നതുകൊണ്ട് ആധുനിക വിദ്യാഭ്യാസം നേടിയ ആദ്യ തലമുറയിൽ പെട്ടവർക്ക്  തൊഴിൽതേടി ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവന്നു. ഡോക്ടറായി  യോഗ്യത നേടിയ പി. പല്പുവിന്റെ അപേക്ഷ ദിവാൻ നിങ്ങളുടെ ജാതിക്കാർക്ക് ജോലി കൊടുക്കാറില്ലെന്ന് പറഞ്ഞു നിരസിച്ചതും തുടർന്ന് അദ്ദേഹം മദ്രാസിലും മൈസൂറിലും പ്രവർത്തിച്ചതും അറിയപ്പെടുന്ന വസ്തുതകളാണ്. അദ്ദേഹം ഒരു സാമൂഹ്യ അഭയാർത്ഥി ആയിരുന്നു. ചിലർ ഇവിടെ ജോലി കിട്ടാനുള്ള സാധ്യതയുണ്ടായിട്ടും കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ പ്രതീക്ഷിച്ച് മദ്രാസ്, ബോംബേ, കൽക്കത്ത തുടങ്ങിയ വൻ‌നഗരങ്ങളിലേക്കും ബിട്ടിഷ് അധീനതയിലായിരുന്ന സിലോൺ, സിംഗപ്പൂർ, മലയ തുടങ്ങിയ നാടുകളിലേക്ക് പോയി. അവർ സാമ്പത്തിക അഭയാർത്ഥികൾ ആയിരുന്നു.

തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവകാശം ഒരു അംഗീകൃത മനുഷ്യാവകാശമാണ്. സാധാരണഗതിയിൽ ജീവിതസന്ധാരണത്തിന് പര്യാപ്തമായ ജോലി വീട്ടിനടുത്ത് കിട്ടുമെങ്കിൽ ആളുകൾ പണി തേടി ദൂരദിക്കുകളിലേക്ക് പോകില്ല. നാട്ടിൽ ലഭ്യമല്ലാത്ത എന്തെകിലും ജോലി ആഗ്രഹിക്കുന്നവർക്കെ അപ്പോൾ ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടിവരൂ. ബഹുഭൂരിപക്ഷം മലയാളികളും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ നാടുവിടുന്നവരാണ്. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടാണ് അവർ നാടുവിടുന്നത്. അടിസ്ഥാനപരമായി അവരുടെ പ്രവാസം ഭരണക്കൂടത്തിനെതിരായ വിധിയെഴുത്താണ്. ഇംഗ്ലീഷിൽ നിന്ന് ഒരു പ്രയോഗം കടമെടുത്തുകൊണ്ട് അതിനെ ‘കാലുകൊണ്ടുള്ള വോട്ടുചെയ്യൽ’ (voting with the feet) എന്ന് വിശേഷിപ്പിക്കാം.

ടിറ്റോ യൂഗോസ്ലാവിയ ഭരിക്കുന്ന കാലത്ത് അവിടെ നിന്നുള്ള ഒരു വെയ്ട്രസിനെ ഞാൻ റോം നഗരത്തിലെ ഒരു ബാറിൽ കണ്ടു. രണ്ട് പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കഴിയുന്ന രാജ്യത്തുനിന്ന് ഒരു യുവതി ഉപജീവനത്തിനായി ഒരു മുതലാളിത്ത രാജ്യത്തേക്ക് ചേക്കേറിയത് എന്നെ അത്ഭുതപ്പെടുത്തി. ടിറ്റോയോട് അവൾക്ക് വിരോധമുണ്ടാകുമെന്ന് ഞാൻ കരുതി. സംസാരിച്ചപ്പോൾ  അവൾ കടുത്ത ആരാധികയാണെന്ന് മനസ്സിലായി. ടിറ്റൊ തൊഴിലവസരങ്ങൾ സൃഷ്ടിക്കാഞ്ഞതു കൊണ്ടല്ലേ നിനക്ക് നാട് വിടേണ്ടി വന്നതെന്ന് ഞാൻ ചോദിച്ചു. തന്നെപ്പോലെയുള്ളവരുടെ കാര്യത്തിൽ താല്പര്യമുള്ള  മഹാനായ നേതാവാണ് ടിറ്റോയെന്ന് അവൾ പറഞ്ഞു. സാധാരണയായി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ പൌരന്മാരെ രാജ്യത്തിനു പുറത്തു പോകാൻ അനുവദിക്കാറില്ല. അകത്തു തന്നെയും സർക്കാർ നൽകുന്ന ജോലി ചെയ്യാനല്ലാതെ ഇഷ്ടമുള്ളിടത്തു പോയി ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കില്ല. ഈ രീതി പിന്തുടരാതെ പുറത്തു പോയി പണിയെടുക്കാൻ ടിറ്റൊ അനുവദിച്ചു. അപ്പോൾ ടിറ്റോയോട് എന്തിന് വിരോധമുണ്ടാകണം?

ആ യൂഗോസ്ലാവിയാക്കാരിയെപ്പോലെ നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ തങ്ങളെ സാമൂഹ്യ-സാമ്പത്തിക അഭയാർത്ഥികളാക്കിയ ഭരണകൂടത്തോട് നമ്മുടെ പ്രവാസികൾക്കും വിരോധമില്ല. മാറിമാറി ഭരിക്കുന്ന മുന്നണികളോടും അവയുടെ നേതാക്കളോടും കൂറുള്ളവരായി അവർ വിദേശരാജ്യങ്ങളിൽ കഴിയുന്നു – ടിറ്റോ ചെയ്തതുപോലെ എന്തെങ്കിലും സൌജന്യം   ചെയ്യാതിരുന്നിട്ടും. 

ഗൾഫ് പ്രവാസം കേരളത്തിലുണ്ടാക്കുന്ന ചലനങ്ങൾ ഞാൻ ആദ്യമായി ശ്രദ്ധിച്ചത് 1978ൽ അന്ന് ജോലിചെയ്തിരുന്ന ജമ്മു കശ്മീരിൽ നിന്ന് അവധിക്കു വന്നപ്പോഴാണ്. സർക്കാരൊ ഗവേഷണ സ്ഥാപനങ്ങളൊ അക്കാര്യത്തിൽ അന്ന് ഒരു പഠനവും നടത്തിയിരുന്നില്ല. വിദേശത്തു നിന്നുള്ള പണമെത്തുന്ന ബാങ്കുകളിലെ ഉദ്യോഗസ്ഥന്മാരുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു കൊല്ലത്തിൽ 300 കോടി രൂപ കേരളത്തിൽ എത്തുന്നതായി യു.എൻ.ഐ. റിപ്പോർട്ടിൽ ഞാൻ എഴുതി. അത് വായിച്ച ഒരാൾ അത്തരം റിപ്പോർട്ടുകൾ പ്രവാസികളുടെ കഞ്ഞികുടി മുട്ടിക്കുമെന്ന് പരാതിപ്പെട്ടു. അതുണ്ടായില്ല. വിദേശപണത്തിന്റെ ഒഴുക്ക് കാലക്രമത്തിൽ ഏതാണ്ട് 200 മടങ്ങ് വർദ്ധിക്കുകയും ധാരാളം പേരെ അത്യാഡംബര ജീവിതം നയിക്കാൻ പ്രാപ്തരാക്കുകയും ചെയ്തിരിക്കുന്നു.

വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഈ പണത്തിന്റെ ഒഴുക്ക് എങ്ങനെയാണ് ബാധിച്ചതെന്നത് ഇനിയും വിശദമായി പഠിക്കപ്പെട്ടിട്ടില്ല. മുപ്പതിൽ‌പരം കൊല്ലം മുമ്പ് യു. എൻ.ഐയിലെ എന്റെ ഒരു സഹപ്രവർത്തകൻ ഏതാനും ഡോക്ടർമാർ നൽകിയ വിവരത്തെ ആസ്പദമാക്കി പ്രവാസികൾ നാട്ടിൽ വിട്ടിട്ടുപോകുന്ന വധുക്കൾ നേരിടുന്ന മാനസികപ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയുണ്ടായി. കുവൈത്ത് സർവകലാശാലയിലെ രണ്ട് ഗവേഷകരെ കേരളത്തിൽ വന്ന് കൂടുതൽ പഠിക്കാൻ അത് പ്രേരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഒരു ഏജൻസി പണം നൽകിയതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് ഗൾഫ് പണമൊഴുക്ക് ആദ്യം പഠനവിധേയമാക്കിയത്. അത് ഇപ്പോഴും പഠനം തുടരുന്നുണ്ട്  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘കേരളം എങ്ങനെ ജീവിക്കുന്നു’ തുടങ്ങിയ ചില പഠന റിപ്പോർട്ടുകളും നമ്മുടെ മുന്നിലുണ്ട്. എന്നാൽ ഇതൊന്നും ഇവിടെയെത്തിയ എത്രയോ ലക്ഷം കോടി രൂപ ഉല്പാദനക്ഷമമായ ചാലുകളിലേക്ക് ഒഴുകുന്നുവെന്ന് ഉറപ്പാക്കാൻ സഹായിച്ചിട്ടില്ല. ഇനിയും പഠനവിധേയമായിട്ടില്ലാത്ത ചില വിഷയങ്ങളുമുണ്ട്. സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളിലെ പ്രവാസ സ്വാധീനം അക്കൂട്ടത്തിൽ‌പെടുന്നു. അച്ചടി, ടെലിവിഷൻ, സിനിമ എന്നീ മാധ്യമ രംഗങ്ങളിൽ അത്  മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അവയുടെ ഗുണകരവും ദോഷകരവുമായ അംശങ്ങൾ തിരിച്ചറിയാൻ വിശദമായ പഠനങ്ങൾ ആവശ്യമാണ്.

പല ഭരണാധികാരികളും വികസന പദ്ധതികൾക്ക് പണം തേടി ഗൾഫ് നാടുകളിലേക്ക് പോയിട്ടുണ്ട്. പ്രവാസികൾ അവർക്ക് വലിയ സ്വീകരണങ്ങളും സമ്മാനങ്ങളും നൽകി. എന്നാൽ പദ്ധതികൾക്ക് പണം നൽകിയില്ല. നടത്തിപ്പുകാരായ രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥന്മാരിലും വിശ്വാസനില്ലാത്തതുകൊണ്ടാണ് അവർ സർക്കാർ പദ്ധതികളിൽ താല്പര്യമെടുക്കാത്തത്. അതേസമയം രാഷ്ട്രീയ നേതാക്കൾ .ടെലിവിഷൻ ചാനലിൽ ഓഹരി വങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അവർ അതിന് തയ്യാറായി. സ്വകാര്യ കോളെജുകളും ആശുപത്രികളും സ്ഥാപിക്കാനും അവർ പണം കൊടുത്തു. ആദ്യത്തേതിൽ നേതാക്കളുടെ പ്രീതി നേടാനുള്ള വ്യഗ്രത കാണാം. രണ്ടാമത്തേതിൽ സ്വന്തം നാട്ടിൽ ആധുനിക സ്ഥാപനങ്ങളുണ്ടായി കണാനുള്ള ആഗ്രഹവും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയാണ് വിജയിച്ച സർക്കാർ പദ്ധതിയായി ചൂണ്ടിക്കാണിക്കാനുള്ളത്. അത് തങ്ങളുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ കീഴിൽ നിലനിർത്താനാണ് ഭരണാധികാരികൾ ശ്രമിച്ചത്. പ്രവാസികൾ സൊസൈറ്റിയിൽ താല്പര്യം കാട്ടിയില്ല. അപ്പോഴാണ് സമ്പന്നരായ പ്രവാസികളെ ഉൾപ്പെടുത്തി കമ്പനി രൂപീകരിച്ചത്. എന്നിട്ടും വേണ്ടത്ര പണം കിട്ടിയില്ല. ഹഡ്കോ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം വലിയ വായ്പ നൽകിയതുകൊണ്ടു മാത്രമാണ് പദ്ധതി നടപ്പിലാക്കാനായത്. ഈ പദ്ധതിയോടെ സമ്പന്ന പ്രവാസികളും അധികാര രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനമുള്ള കക്ഷികളും തമ്മിൽ തുടങ്ങിയ ചങ്ങാത്തം കേരള സമൂഹത്തിന്റെ ഗതി നിശ്ചയിക്കുന്നതിൽ ഇന്ന് നിർണ്ണായക സ്ഥാനം വഹിക്കുന്നു.

ഫ്യൂഡൽ മേധാവിത്വം ക്ഷയിക്കുകയും വ്യവസായവത്കരണത്തിന്റെ അഭാവത്തിൽ പുതിയ സമ്പന്ന വിഭാഗം ഉയർന്നു വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേരള സമൂഹത്തിൽ നവോത്ഥാനപ്രസ്ഥാനങ്ങൾ ഉയർത്തി പിടിച്ചതും തുടർന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തതുമായ സ്ഥിതിസമത്വം എന്ന ആശയം സാക്ഷാത്കരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഗൾഫ് പ്രവാസം തുടങ്ങിയത്. ഉയർന്ന വേതനം കിട്ടുകയും കുറഞ്ഞ ചെലവിൽ ജീവിക്കാൻ കഴിയുകയും ചെയ്തതുകൊണ്ട് ചെറിയ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് ഗണ്യമായ തുക മിച്ചം പിടിച്ച് നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞു. അവരിലേറെയും  പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരായിരുന്നു. തന്മൂലം ആദ്യഘട്ടത്തിൽ ഗൾഫ് പ്രവാസം സ്ഥിതിസമത്വം വളർത്താൻ സഹായിച്ചു. എന്നാൽ പിന്നീട് പല തരം ബിസിനസ് പ്രവർത്തനങ്ങളിലൂടെ വലിയ തോതിൽ പണം സമ്പാദിച്ച ഒരു വിഭാഗം അവിടെ ഉയർന്നു വന്നു. അതോടെ, നിരവധി പതിറ്റാണ്ടുകൾക്കുശേഷം, അസമത്വം വീണ്ടും വളരാൻ തുടങ്ങി. ഗൾഫിലും നാട്ടിലും മറ്റിടങ്ങളിലും സാമ്പത്തിക താല്പര്യങ്ങളുള്ള ഈ വിഭാഗത്തിന്റെ ആവശ്യങ്ങൾ മുൻ‌നിർത്തിയാണ് ഭരണാധികാരികൾ പ്രവർത്തിക്കുന്നത്. ഇത് മനസ്സിലാക്കാതെ സാധാരണക്കാരായ പ്രവാസികൾ അവർ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന കക്ഷികൾ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ കഴിയുന്നു.  

ഡോ. പൽ‌പു, മദ്രാസിൽ പത്രാധിപരായിരുന്ന ജി. പരമേശ്വരൻപിള്ള തുടങ്ങിയ പ്രവാസികൾ നടത്തിയ പ്രവർത്തനങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തെ സാമൂഹികമായി മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയുണ്ടായി. പ്രവാസികൾ വീണ്ടും കേരളം പുന:സൃഷ്ടിക്കുകയാണ്. എന്നാൽ ആ പ്രക്രിയ നേരാംവണ്ണം നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കഴിയുന്ന ഒരു നേതൃത്വം അവർക്കിടയിൽ നിന്ന് ഉയർന്നു വന്നിട്ടില്ല. (പാഠഭേദം, ഓഗസ്റ്റ് 2012)