Monday, June 11, 2012

മനുഷ്യാവകാശ പോരാട്ടങ്ങൾ ഒരിക്കലും നിലയ്ക്കുന്നില്ല

ബി.ആർ.പി. ഭാസ്കർ

മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ലോകവ്യാപകമായി അംഗീകരിച്ചിട്ടുള്ള ചില തത്വങ്ങളുണ്ട്. അവ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകൃതമായ ഐക്യരാഷ്ട്ര സഭ 1948 ഡിസംബർ 10ന് പാസാക്കിയ സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അക്കാലത്ത് ഐക്യരാഷ്ട്ര സഭയിൽ രണ്ട് വ്യത്യസ്ത ചേരികൾ നിരന്തരം സംഘട്ടത്തിലേർപ്പെട്ടിരുന്നു. ഈ ചേരികളുടെ മനുഷ്യാവകാശം സംബന്ധിച്ച സങ്കല്പങ്ങൾ വ്യത്യസ്തമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ വ്യക്തിയുടെ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും പ്രാമുഖ്യം കല്പിച്ചപ്പോൾ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി. നീണ്ട ചർച്ചകൾക്കുശേഷമാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ രേഖ രൂപപ്പെട്ടത്.

ലോകമെമ്പാടുമുള്ള എല്ലാവർക്കും അർഹതപ്പെട്ട അവകാശങ്ങൾ 30 വകുപ്പുകളിൽ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിച്ചിട്ടുള്ള സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനം  മനുഷ്യ സമൂഹത്തിന്റെ നീണ്ട ചരിത്രത്തിലെ സുപ്രധാനമായ ഒരാദ്ധ്യായത്തിന്റെ തുടക്കം കുറിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങൾക്കുമിടയ്ക്കുള്ള കാലഘട്ടത്തിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് അത്തരത്തിലുള്ള ഒരു രേഖ തയ്യാറാക്കാൻ ലോക രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്. അന്തസ്സായി ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കുമുണ്ടെന്നും അത് ഉറപ്പാക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവായിരുന്നു അതിന്റെ പിന്നിൽ.

സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിനുശേഷവും ഐക്യരാഷ്ട്ര സഭ ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയും കൂടുതൽ അന്താരാഷ്ട്ര ഉടമ്പടികൾ തയ്യാറാക്കുകയും ചെയ്തു. ഇവയിൽ പ്രധാനപ്പെട്ടവ 1966ൽ പാസാക്കപ്പെട്ട അന്താരാഷ്ട്ര പൌരാവകാശ രാഷ്ട്രീയാവകാശ ഉടമ്പടി (International Covenant on Civil and Political Rights), അന്താരാഷ്ട്ര സാമൂഹിക സാമ്പത്തിക സാംസ്കാരിക ഉടമ്പടി (International Convent on Social, Economic and Cultural Rights) എന്നിവയാണ്. പ്രത്യേക അവശതകൾ നേരിടുന്ന ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനായി പിന്നെയും പല ഉടമ്പടികളുമുണ്ടായി.  കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഉടമ്പടി (Convention on the Rights of the Child, 1989), അവശതകളുള്ളവരുടെ അവകാശങ്ങൾ സംബന്ധിച്ച ഉടമ്പടി (Convention on the Rights of Persons with Disabilities 2006), ആദിമ ജനങ്ങളുടെ അവകാശ പ്രഖ്യാപനം (Declaration on the Rights of Indigenous Peoples, 2007) എന്നിവ അക്കൂട്ടത്തിൽ പെടുന്നു. രേഖകൾ  സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. ബീജിംഗിൽ 1995ൽ ചേർന്ന ഉച്ചകോടി സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണെന്ന് പ്രഖ്യാപിച്ചു.
സാർവലൌകിക പ്രഖ്യാപനം മനുഷ്യാവകാശങ്ങൾ പൊതുവായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉടമ്പടികൾ അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള അംഗരാജ്യങ്ങളുടെ കടമ ഊന്നിപ്പറയുന്നു.

തങ്ങൾക്ക് പൊതുവായ ചില അവകാശങ്ങളുണ്ടെന്ന ബോധം മനുഷ്യസമൂഹം ആവിർവിച്ച കാലത്തുതന്നെ ഉരുത്തിരിഞ്ഞിരുന്നെന്ന് കരുതാൻ ന്യായമുണ്ട്. എന്നാൽ അവകാശ സങ്കല്പങ്ങൾക്ക് കാലാകാലങ്ങളിൽ മാറ്റമുണ്ടായി. ഈ സങ്കല്പങ്ങളെ മനുഷ്യസമൂഹത്തിന്റെ അവസ്ഥയിൽ നിന്ന് വേർപെടുത്തി കാണാനാവില്ല. വേട്ടയാടി ജീവിതം നയിച്ചിരുന്ന കാലത്ത് സമൂഹത്തിന്റെ അടിസ്ഥാനഘടകം ഗോത്രമായിരുന്നു. കാർഷികവൃത്തിയിലേക്ക് തിരിഞ്ഞപ്പോൾ ഗോത്രങ്ങൾ വിഭജിച്ച് കൂട്ടുകുടുംബങ്ങളുണ്ടായി. വ്യാവസായികയുഗത്തിൽ കൂട്ടുകുടുംബങ്ങൾ പിളർന്ന് അണുകുടുംബങ്ങളുണ്ടായി. സ്വാഭാവികമായി ഓരോ ഘട്ടത്തിലും പുതിയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അവകാശസങ്കല്പങ്ങൾ പുതുക്കി നിശ്ചയിക്കപ്പെട്ടു. മാറ്റത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് പലപ്പോഴും പഴയ രീതികൾ തുടരാൻ ആഗ്രഹിച്ചവരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നു.  ഐക്യരാഷ്ട്ര സഭയിൽ സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വകുപ്പുകളെ സംബന്ധിച്ച ചർച്ചകളിൽ രാഷ്ട്രീയ ആശയങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം മല്ലടിച്ച അമേരിക്കയും സോവിയറ്റ് യൂണിയനും വ്യാവസായികരാജ്യങ്ങളായിരുന്നതിനാൽ വ്യാവസായികയുഗത്തിലെ അവകാശ സങ്കല്പങ്ങളാണ് അവർ മുൻ‌കൈയെടുത്ത് തയ്യാറാക്കിയ ആ രേഖയിലുള്ളത്..

ബാലവേലയോടുള്ള സമീപനം സാമൂഹികാവസ്ഥയും അവകാശബോധവും തമ്മിലുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്നു. കാർഷിക സമൂഹങ്ങളിൽ മാതാപിതാക്കളോടൊപ്പം  കുട്ടികൾ പാടത്ത് പണിയെഊക്കുകയും കൈത്തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.  കുഞ്ഞുകൈകളുടെ വിരുത് ആവശ്യമായ ചില മേഖലകളിൽ അവരുടെ പങ്കാളിത്തം അനുപേക്ഷണീയവുമായി ഭവിച്ചു. കുട്ടികൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ല. വ്യാവസായിക യുഗത്തിന്റെ പിറവിയോടെ സ്ഥിതിഗതികൾ മാറി. ചാൾസ് ഡിക്കൻസിന്റെയും മറ്റും കൃതികൾ ഇംഗ്ലണ്ടിൽ ബാലവേലക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി. ബാല്യം എന്നത് വ്യാവസായിക വിപ്ലവത്തിനു ശേഷമുണ്ടായ കണ്ടുപിടിത്തമാണെന്ന് വിദ്യാഭ്യാസ വിചക്ഷണനായ ഇവാൻ ഇല്ലിച്ച് (Ivan Illich) നിരീക്ഷിച്ചിട്ടുണ്ട്. കാർഷിക സമൂഹങ്ങളിൽ കുട്ടികളും മുതിർന്നവരും ഒരേ തരം വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വലിപ്പത്തിൽ വ്യത്യാസമുണ്ടായിരുന്നെന്ന് മാത്രം.  പല കാർഷിക സമൂഹങ്ങളിലും ഈ രീതി ഇപ്പോഴും കാണാവുന്നതാണ്. വ്യാവസായികയുഗം ‘ബാല്യം’ കണ്ടുപിടിക്കുകയും കുട്ടികൾക്കായി പ്രത്യേകം വസ്ത്രങ്ങൾ തയ്യാറാക്കാൻ ഒരു പുതിയ വ്യവസായമേഖല സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഇല്ലിച്ച് ചൂണ്ടിക്കാണിക്കുന്നു. ആധുനിക സമൂഹങ്ങൾ ഇപ്പോൾ കുട്ടികളെ പ്രത്യേക അവകാശങ്ങളുള്ള ഒരു വിഭാഗമായി കണക്കാക്കുന്നു. അവയിൽ പ്രധാനപ്പെട്ടത് വിദ്യാഭ്യാസം നേടാനുള്ള അവകാശമാണ്. ആ അവകാശം നിഷേധിക്കപ്പെടുന്നുവെന്നതാണ് ബാലവേലയെ അസ്വീകാര്യമാക്കുന്ന ഏറ്റവും വലിയ ഘടകം. 

ലോകത്തെ വികസിതരാജ്യങ്ങൾ ഇപ്പോൾ ഉത്പാദന-നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യമുണ്ടായിരുന്ന വ്യാവസായികയുഗം പിന്നിട്ട് സേവനവ്യവസായങ്ങൾക്ക് കൂടുതൽ ഉയർന്ന സ്ഥാനമുള്ള വ്യാവസായികോത്തര കാലഘട്ടത്തിലാണ്. സേവനസമൂഹത്തിൽ വ്യാവസായികയുഗത്തിൽ രൂപപ്പെട്ട അണുകുടുംബ വ്യവസ്ഥ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉല്ലേഖനം ചെയ്തിട്ടുള്ള അവകാശങ്ങളിലൊന്ന് കുടുംബമായി കഴിയാനുള്ള അവകാശമാണ്. എന്നാൽ വിവാഹവും കുടുംബബന്ധവുമൊക്കെ നിരസിക്കുന്ന പ്രവണത ചില സമൂഹങ്ങളിൽ പ്രകടമായിട്ടുണ്ട്. സമൂഹ്യ‌ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ വ്യവസ്ഥയെ എങ്ങനെ മാറ്റിമറിച്ചാലും അന്തസ്സായി കഴിയാനുള്ള മനുഷ്യന്റെ – ആണിന്റെയും പെണ്ണിന്റെയും കുട്ടിയുടെയും – അവകാശത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്തേ മതിയാകൂ. എന്നാൽ ആ അവകാശം നിഷേധിക്കുവാൻ ആഗ്രഹിക്കുന്ന ആരെങ്കിലുമൊക്കെ എപ്പോഴുമുണ്ടാകും.
സംഘടിത മതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ അവ ഉത്ഭവിച്ചത് ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനാണെന്ന് കാണാനാവും. ഫാറോയുടെ കീഴിൽ ദുരിതം അനുഭവിച്ചിരുന്നവരെ മോശ അവിടെനിന്ന് പുറത്തേക്ക് നയിച്ചത് അന്തസ്സായി ജീവിക്കാനുള്ള അവസരം തേടിയാണ്. അയൽക്കാരനെ സ്നേഹിക്കുക എന്ന ബൈബിളിലെ പഴയ പുസ്തകത്തിലെ നിയമം യഥാർത്ഥത്തിൽ ഒരു സമൂഹത്തിന്റെ ആദ്യ മനുഷ്യാവകാശ പാഠമാണ്. അയൽക്കാരൻ തന്നെപ്പോലെ ഒരാളാണെന്ന തിരിച്ചറിവ് അതിന്റെ പിന്നിലുണ്ട്. യേശു ക്രിസ്തു ഒരു പടി കൂടി മുന്നോട്ടുപോയി ശത്രുവിനെ സ്നേഹിക്കാൻ ഉപദേശിച്ചു. ശത്രുവും തന്നെപ്പോലെ ഒരു മനുഷ്യനാണെന്നും ആ നിലയ്ക്ക് തനിക്ക് തുല്യനാണെന്നുമുള്ള തിരിച്ചറിവാണ് ആ ഉപദേശത്തിൽ പ്രകടമായത്. ഒരേ ദൈവത്തിന്റെ മക്കളെന്ന നിലയിൽ എല്ലാ മനുഷ്യരും തുല്യരാണെന്ന ആശയത്തിലൂടെ ഇസ്ലാം സാഹോരര്യസങ്കല്പത്തെ കൂടുതൽ ഉയരത്തിലെത്തിച്ചു. ജാതിവ്യവസ്ഥയിലൂടെ മനുഷ്യരെ വ്യത്യസ്ത തലങ്ങളിലായി വിഭജിച്ചു നിർത്തിയ ഹിന്ദുമതം വളരുന്ന അവകാശബോധ പ്രവണതക്ക് ഒരപവാദമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ ജാതിവ്യവസ്ഥക്ക് അടിത്തറ പാകിയ ചാതുർവർണ്യം വ്യാഖ്യാനങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും  പിൽക്കാലത്ത് ഏകീകരിക്കപ്പെടുകയും വിദേശികൾ ഹിന്ദുമതം എന്ന പേരു നൽകുകയും ചെയ്ത ബഹുസ്വര ചിന്താധാരയിലെ ഒരംശം മാത്രമാണ്. അതിന് ആധികാരികത നൽകുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തവും ഗീതയിലെ ചാതുർവർണ്യം മയാസൃഷ്ടം എന്ന വരിയും ജാതിവ്യവസ്ഥയെ നിലനിർത്താൻ പിന്നീട് എഴുതിച്ചേർക്കപ്പെട്ടതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാരതീയ ചിന്താധാരയിലെ അത്യുദാത്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഉപനിഷത്തുക്കൾ എല്ലാ മനുഷ്യരിലും ഈശ്വരാംശമുണ്ടെന്ന് പ്രഖ്യാപിക്കുന്നു. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയുമെല്ലാം ഒന്നാണെന്ന അദ്വൈതചിന്തയിളുള്ളത് മനുഷ്യരെ മാത്രമല്ല സർവ ചരാചരാങ്ങളെയും ഉൾക്കൊള്ളുന്ന തുല്യതാ സങ്കല്പമാണ്..

ഒരർത്ഥത്തിൽ, മതങ്ങളെപ്പോലെ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും സാമുദായിക കൂട്ടായ്മകളുമൊക്കെ അവകാശ സംരക്ഷകരായാണ് രൂപംകൊണ്ടിട്ടുള്ളത്. വളർന്ന് സംഘടിതശക്തികളാകുമ്പോ പ്രസ്ഥാനങ്ങളുടെ സ്വഭാവത്തിലും സമീപനത്തിലും പലപ്പോഴും മാറ്റങ്ങളുണ്ടാകുന്നു. അവയുടെ താല്പര്യം സ്വന്തം അണികളിലേക്ക് ചുരുങ്ങുകയും അവരുടെ അവകാശങ്ങൾ ഉറപ്പിക്കാനുള്ള ശ്രമത്തിൽ വേണ്ടിവന്നാൽ മറ്റ് വിഭാഗങ്ങളുടെ അവകാശങ്ങളെ ഹനിക്കാനും അവർ തയ്യാറാകുന്നു. എല്ലാവർക്കും അവകാശങ്ങളുണ്ടെന്നും അവ മാനിക്കപ്പെടണമെന്നുമുള്ള വിശ്വാസം പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങൾക്കുണ്ടാവുകയും അത് അണികളിലേക്ക് വ്യാപിക്കുകയും ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. നിർഭാഗ്യവശാൽ, അവകാശസങ്കല്പം വികസിപ്പിക്കുന്നതിനു പകരം, സങ്കുചിത  സ്വാർത്ഥ താല്പര്യം മുൻനിർത്തി അതിനെ ഏതെങ്കിലും തലത്തിൽ പരിമിതപ്പെടുത്തി നിർത്താനാണ് പ്രസ്ഥാനങ്ങൾ സാധാരണയായി ശ്രമിക്കുന്നത്.

വ്യക്തിയുടെ മനുഷ്യാവകാശ അവബോധം വികസിക്കുന്നത് മാനസിക വളർച്ചക്കൊപ്പമാണ് നവജാത ശിശുവിന്റെ ലോകത്തിൽ സ്വന്തം അമ്മ മാത്രമേയുള്ളു. അച്ഛനും കുടുംബത്തിലെ മറ്റംഗങ്ങളും പിന്നീട് അതിലേക്ക് കടന്നു വരുന്നു. കുട്ടി വളരുമ്പോൾ കളിക്കൂട്ടുകാരെയും അയൽ‌വാസികളെയും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് അതിന്റെ ലോകം വികസിക്കുന്നു. ജാതി, മതം, വാസസ്ഥലം, ആശയപ്രപഞ്ചം എന്നിവയുമായൊക്കെ പരിചയപ്പെടുമ്പോൾ പലതരം ആളുകളെടെ സാന്നിധ്യം തിരിച്ചറിയുകയും ആഭിമുഖ്യമുള്ളവരെ ഉൾപ്പെടുത്താനാവും വിധം ലോകം പിന്നെയും വികസിക്കുകയും ചെയ്യുന്നു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, സ്വാർത്ഥ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ, വ്യക്തിയെ പിടിച്ചു നിർത്താൻ ശ്രമങ്ങളുണ്ടാകാറുണ്ട്. അവ വിജയിച്ചാൽ ആ വ്യക്തിയുടെ ലോകം കുടുംബത്തിലൊ ജാതിയിലൊ മതത്തിലൊ സംസ്ഥാനത്തൊ രാജ്യത്തൊ ഒക്കെയായി പരിമിതപ്പെടുത്തപ്പെടും. ഓരോ വ്യക്തിത്വവും വ്യത്യസ്ത അസ്തിത്വങ്ങളുടെ അംശങ്ങളടങ്ങുന്നതാണ്. ഇവയ്ക്കിടയിൽ പ്രകടമാകുന്ന വൈരുദ്ധ്യങ്ങൾ പലപ്പോഴും അയഥാർത്ഥമാണ്. ഏതെങ്കിലുമൊന്നിന് അമിതപ്രാധാന്യം നൽകുന്നതുകൊണ്ടാണ് വൈരുദ്ധ്യങ്ങളുണ്ടാകുന്നത്. വികാസം ഏതെങ്കിലും തലത്തിൽ പിടിച്ചു നിർത്താനുള്ള തല്പര കക്ഷികളുടെ ശ്രമങ്ങൾ മറികടക്കാനായാൽ ഏതൊരു വ്യക്തിക്കും താനൊരു വിശാലമായ മനുഷ്യസമൂഹത്തിന്റെ ഭാഗമാണെന്നും ആ സമൂഹത്തിന് പൊതുവായ അവകാശങ്ങളുണ്ടെന്നും തിരിച്ചറിയാനാകും.

മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങൾ എന്ന സങ്കല്പം ലളിതമാണെങ്കിലും അവ ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ചിലപ്പോൾ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉയർന്നു വരും. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് തിരിച്ചുനൽകാനുണ്ടാക്കിയ നിയമം കേരളത്തിൽ സജീവമായി ചർച്ച ചെയ്യപ്പെട്ട വേളയിൽ ഭൂമി കയ്യടക്കിയ കുടിയേറ്റ കർഷകർ ഉയർത്തിയ വാദങ്ങൾ ഇതിനുദാഹരണമാണ്. തങ്ങൾ ഭൂമി പണം കൊടുത്തു വാങ്ങിയതാണ്, ഏതാനും വർഷങ്ങളായി പ്രതികൂല സാഹചര്യങ്ങൾ നേരിട്ടുകൊണ്ട് കൃഷി ചെയ്തുവരികയാണ്, ഉടമസ്ഥാവകാശം പല തവണ കൈമറിഞ്ഞിട്ടുണ്ട് എന്നിങ്ങനെ പോയി അവരുടെ വാദങ്ങൾ. രണ്ട് വിഭാഗങ്ങളുടെ അവകാശങ്ങൾ തമ്മിൽ ഈ വിധത്തിൽ സംഘട്ടനമുണ്ടാകുമ്പോൾ മനുഷ്യാവകാശ സംരക്ഷകർ കൂടുതൽ ദുർബലമായ വിഭാഗത്തോടൊപ്പമാണ് നിൽക്കേണ്ടത്. ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള  തർക്കത്തിൽ വാസ്തവത്തിൽ അത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പു ആവശ്യമായിരുന്നില്ല. കാരണം കുടിയേറ്റക്കാരുടെ അവകാശം നിയമപരമായി നിലനിൽക്കുന്നതായിരുന്നില്ല. ആദിവാസികൾക്ക് വനഭൂമിയിൽ താമസിക്കാനും ഉപജീവനം നടത്താനുമുള്ള അവകാശം മാത്രമാണുണ്ടായിരുന്നത്. വനഭൂമിയുടെമേൽ ഉടമസ്ഥാവകാശം ഇല്ലാതിരുന്നതുകൊണ്ട് ആദിവാസിക്ക് അത് വിൽക്കാനും കുടിയേറ്റക്കാരന് അത് വാങ്ങാനും കഴിയുമായിരുന്നില്ല. ഭൂമിക്കായി കുടിയേറ്റക്കാരൻ പണം കൊടുത്തിരുന്നെങ്കിൽ തന്നെ അത് നിയമസാധുതയുള്ള ക്രയവിക്രയമായിരുന്നില്ല. അങ്ങനെയൊരു ഭൂമികൈമാറ്റം നടന്നതിന് രേഖയുണ്ടെങ്കിൽ ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്ത് നേടിയതാണെന്ന് ഉറപ്പാക്കാം. അതുകൊണ്ടാണ് കാശു കൊടുത്തെങ്കിൽ തന്നെയും ഭൂമി തട്ടിയെടുത്തതായി കണക്കാക്കുമെന്ന് നിയമസഭയിൽ റവന്യു മന്ത്രി ബേബി ജോൺ പറഞ്ഞത്.

കേരള നിയമസഭയിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഐകകണ്ഠ്യേനയാണ് ആ നിയമം പാസാക്കിയത്. കുടിയേറ്റക്കാർക്ക് രാഷ്രീയ-മതശക്തികളുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് ഇരുമുന്നണികളും അധികാരത്തിലിരിക്കെ അത് നടപ്പാക്കാൻ കൂട്ടാക്കിയില്ല. സംസ്ഥാനത്തെ സാഹചര്യങ്ങളിൽ അത് നടപ്പാക്കാൻ കഴിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ അവർക്ക് മടിയുമുണ്ടായില്ല. രാഷ്ട്രീയനേതൃത്വങ്ങൾ പ്രശ്നപരിഹാരത്തിന് പിന്നീട് മുന്നോട്ടുവെച്ച നിർദ്ദേശം ഭൂമി നഷ്ടപ്പെട്ട ആദിവാസികാൾക്ക് വേറെ ഭൂമി നൽകുകയെന്നതാണ്. ആദിവാസികൾക്ക് വനഭൂമിയുമായുള്ള ബന്ധം മറ്റ് കർഷകർക്ക് കൃഷിഭൂമിയുമായുള്ള ബന്ധത്തിൽ നിന്ന് വ്യത്യസ്തമാണ്. ആ നിലയ്ക്ക് ആദിവാസികളുടെ ഭൂമി വീണ്ടെടുത്ത് അവർക്ക് തിരികെ നൽകിയിട്ട് കൈയേറ്റക്കാർക്ക് വേറേ ഭൂമി നൽകുകയായിരുന്നു കൂടുതൽ ഉചിതം. ദുർബലരുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന ശക്തന്മാർക്ക് കൂട്ടുനിൽക്കുന്ന ഭരണകൂടങ്ങൾക്കുണ്ടോ അങ്ങനെ ചിന്തിക്കാൻ കഴിയുന്നു?

ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ കടമ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നതു കൊണ്ട് ലോകമൊട്ടുക്കും മനുഷ്യാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി സജ്ജമാക്കിയിട്ടുള്ള സേനയെന്ന നിലയിൽ പൊലീസ് മനുഷ്യാവകാശസംരക്ഷകരുടെ ഒന്നാം നിരയാണ്. ജനാധിപത്യ വ്യവസ്ഥയിൽ പൊലീസിന് ജനങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള ചുമതലയുമുണ്ട്. പക്ഷെ പൊലീസിന്റെ ഭാഗത്തു നിന്ന് പലപ്പോഴും അതിക്രമങ്ങളുണ്ടാകുന്നു. സാധാരണയായി ഇതിന്റെ ദുരന്തം അനുഭവിക്കുന്നത് ദുർബല വിഭാഗങ്ങളാണ്. കൊളോണിയൽ കാലത്തെ രീതി പിന്തുടർന്ന് നമ്മുടെ ജനാധിപത്യ ഭരണകൂടവും ചിലപ്പോൾ ക്രമസമാധാനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പട്ടാളത്തെ നിയോഗിക്കാറുണ്ട്. ഇത് സാധ്യമാക്കാനായി ബ്രിട്ടീഷു ഭരണകാലത്ത് നിലനിന്നിരുന്നതും അതിക്രമം കാട്ടുന്ന പട്ടാളക്കാർക്ക് സംരക്ഷണം നൽകുന്നതുമായ ഒരു നിയമം സർക്കാർ വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. പട്ടാളം ശത്രുക്കളെ നേരിടാനുള്ളതാണ്. ആ ആവശ്യം മുൻ‌നിർത്തിയുള്ള പരിശീലനമാണ് പട്ടാലക്കാർക്ക് നൽകുന്നത്. ക്രമസമാധാനം പാലിക്കൻ നിയോഗിക്കപ്പെടുന്ന പട്ടാളക്കാർ സ്വന്തം ജനങ്ങളെയും ശത്രുക്കളെപ്പോലെ കൈകാര്യം ചെയ്യുന്നതിന്റെ ഫലമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നു. മണിപ്പൂരിൽ ഇറോം ശർമിള എന്ന കവയത്രി പട്ടാളക്കാർക്ക് വിശേഷാൽ അധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനൊന്നു കൊല്ലമായി നിരാഹാര സമരം നടത്തിവരികയാണ്. അവർക്കെതിരെ ആത്മഹത്യാശ്രമത്തിന് തുടർച്ചയായി കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുത്ത് ആശുപത്രിയിലാക്കി ബലമായി കുഴലിലൂടെ ദ്രവാഹാരം നൽകി സർക്കാർ അവരുടെ ജീവൻ നിലനിർത്തുകയാണ് ചെയ്യുന്നത്. ഒരവസരത്തിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തു വന്നയുടൻ തന്റെ ആവശ്യത്തിലേക്ക് കൂടുതൽ ശ്രദ്ധയാകർഷിക്കാനായി ശർമിള സമരവേദി ഡൽഹിയിലേക്ക് മാറ്റി. എന്നിട്ടും ദേശീയ മാധ്യമങ്ങൾ അതവഗണിച്ചു. സർക്കാർ ശർമിളയെ അറസ്റ്റ് ചെയ്ത് മണിപ്പൂരിലേക്ക് തിരിച്ചു കൊണ്ടുപോയി. പട്ടാളവും പൊലീസും നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ സർക്കാരുകൾ  ലാഘവബുദ്ധിയോടെയും മാധ്യമങ്ങളും മദ്ധ്യവർഗ്ഗസമൂഹവും ഉദാസീനതയോടെയുമാണ് വീക്ഷിക്കുന്നതെന്ന് ശർമിളയുടെ സഹന സമരത്തോടുള്ള സമീപനം തെളിയിക്കുന്നു.

മനുഷ്യാവകാശങ്ങളെ ബഹുവചനത്തിലാണ് പരാമർശിക്കാറുള്ളതെങ്കിലും യഥാർത്ഥത്തിൽ അത് ഏകവും അവിഭാജ്യവുമാണ്. ഒരു വിഭാഗത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ മറ്റ് വിഭാഗങ്ങളുടെ അവകാശങ്ങളും അപകടം നേരിടുന്നു. മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ വലിയ പ്രചാരം ലഭിച്ചിട്ടുള്ള മാർട്ടിൻ നീമുള്ളർ (Martin Niemöller) എന്ന പാതിരിയുടെ അനുഭവകഥ ഇത് ഉദാഹരിക്കുന്നു. ഹിറ്റ്ലറുടെ കോൺസെൻ‌ട്രേഷൻ ക്യാമ്പുകളിൽ അഞ്ചു വർഷം കഴിഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ* ഇങ്ങനെ:

ആദ്യം അവർ സോഷ്യലിസ്റ്റുകൾക്കായി വന്നു
ഞാൻ മിണ്ടിയില്ല
എന്തെന്നാൽ ഞാൻ സോഷ്യലിസ്റ്റ് ആയിരുന്നില്ല.

പിന്നീട് അവർ ട്രെയ്ഡ് യൂണിയൻ‌കാർക്കായി വന്നു
ഞാൻ മിണ്ടിയില്ല
എന്തെന്നാൽ ഞാൻ ട്രെയ്ഡ് യൂണിയൻ‌കാരനായിരുന്നില്ല.

പിന്നീട് അവർ ജൂതന്മാർക്കായി വന്നു
ഞാൻ മിണ്ടിയില്ല
എന്തെന്നാൽ ഞാൻ ജൂതനായിരുന്നില്ല.

പിന്നീട് അവർ എനിക്കായി വന്നു
അപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ
ആരും ബാക്കിയുണ്ടായിരുന്നില്ല.

അപരൻ, മിത്രമായാലും ശത്രുവായാലും, തനിക്കുള്ള എല്ലാ അവകാശങ്ങൾക്കും തന്നെപ്പോലെ തന്നെ അർഹതയുള്ളവനാണെന്ന് കരുതാനാകുമ്പോൾ മാത്രമെ ഒരാൾക്ക് മനുഷ്യാവകാശ അവബോധമുണ്ടെന്ന് പറയാനാകൂ. ഈജിപ്തിൽ നിന്നുള്ള ഒരു കഥ മണലാരണ്യത്തിലെ ഒരു യാത്രാനുഭവം വിവരിക്കുന്നുണ്ട്. മണലല്ലാതെ മറ്റൊന്നും കണ്ണിൽ പെടാതെ വളരെ ദൂരം നടന്ന ശേഷം വിദൂര ചക്രവാളത്തിൽ കറുത്ത ഒരു പൊട്ടു കണ്ടു. യാത്ര തുടരുകയും ദൂരം കുറയുകയും ചെയ്തപ്പോൾ, ഓരോരോ ഘട്ടത്തിലായി, അതൊരു ജീവിയാണെന്നും, തന്നെപ്പോലെ ഒരു മനുഷ്യനാണെന്നും, ഒടുവിൽ, സ്വന്തം സഹോദരനാണെന്നും യാത്രികൻ തിരിച്ചറിയുന്നു. മറ്റേ ആൾ സഹോദരനൊ സഹോദരിയൊ ആണെന്ന് തിരിച്ചറിയാൻ കഴിയാത്തത് ദൂരത്തിന്റെ മാത്രം പ്രശ്നമല്ല. മഹാകവി ചൂണ്ടിക്കാണിച്ചതുപോലെ ‘അടുത്തുനില്പോരനുജനെ കാണാൻ അക്ഷികളില്ലാത്ത‘ അവസ്ഥയുമുണ്ട്.

ദുർബലരെ ചൂഷണം ചെയ്യാനുള്ള വാസന ശക്തന്മാർ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ചൂഷക വിഭാഗത്തെ ഇല്ലാതാക്കുമ്പോൾ മറ്റൊന്ന് ഉയർന്നു വരുന്നതാണ് നാം പലപ്പോഴും കാണുന്നത്. ഇതിന്റെ അർത്ഥം ചൂഷണവുമായി സമരസപ്പെടണമെന്നല്ല, അതിനെതിരെ നിരന്തരം പോരാടണമെന്നാണ്. ആ നിലയ്ക്ക് മനുഷ്യാവകാശ പോരാട്ടങ്ങൾ ഒരിക്കലും നിലയ്ക്കുന്നില്ല.   

*നീമുള്ളറുടെ വാക്കുകൾ പല രൂപത്തിൽ പ്രചരിച്ചിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ കണ്ടെത്താൻ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ (സാന്താ ബാർബറ) ജർമ്മൻ ചരിത്രം പ്രൊഫസർ ഹരോൾഡ് മാർക്യൂസ് (Harold Marcuse) സ്വന്തം വെബ്സൈറ്റിൽ (http://www.history.ucsb.edu/faculty/marcuse/niem.htm) കൊടുത്തിട്ടുള്ളതിന്റെ സ്വതന്ത്ര പരിഭാഷയാണിത്.

(പിറവി, ജൂൺ 2012)

No comments: