Sunday, April 15, 2012

അധികാരികളുടെ ആണവപ്രേമം

ബി.ആർ.പി.ഭാസ്കർ

ആണവോർജ്ജ പ്രശ്നത്തിൽ തുറന്ന ചർച്ച വേണമെന്ന ഒരു സംഘം ലേഖകരുടെ അഭിപ്രായം തികച്ചും ന്യായയുക്തമാണ്. എന്നാൽ കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളിൽ അവിടത്തെ സാങ്കേതികവിദഗ്ദ്ധരുടെ നിലപാടുകൾക്ക് എൻഡോസൾഫാൻ വിഷയത്തിൽ കാസർകോട്ട് ആകാശത്തുനിന്ന് കീടനാശിനി വിതറിയ പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതരുടെയും ജീവനക്കാരുടെയും നിലപാടിനേക്കാൾ പ്രാധാന്യം കല്പിക്കേണ്ടതുണ്ടോ?

ശാസ്ത്രവും സാങ്കേതികവിദ്യയും പഴയ അന്ധവിശ്വാസങ്ങളെ തൂത്തെറിയുന്നതോടൊപ്പം ചിലപ്പോൾ കപടശാസ്ത്രീയസമീപനം സ്വീകരിച്ചുകൊണ്ട് പുതിയ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാറുണ്ട്. ലേഖകസംഘത്തിന്റെ വാദഗതികളിൽ ഈ പ്രവണത കാണാവുന്നതാണ്. നിത്യേന ജനങ്ങൾ പ്രകൃതിയിൽ നിന്ന് അണുവികരണം നേരിടുന്നതുകൊണ്ട് സർക്കാരിന്റെ വകയായി കുറച്ചു കൊടുക്കുന്നതുകൊണ്ട് ഒരു കുഴപ്പവും വരില്ലെന്ന അവരുടെ വാദത്തിൽ അത് ശക്തിയായി പ്രതിഫലിക്കുന്നുണ്ട്. പലതരം വിഷവസ്തുക്കളും വാതകങ്ങളും ഭൂമിയിൽ നേരത്തെ തന്നെയുള്ളപ്പോൾ എന്തുകൊണ്ട് എൻഡോസൾഫാനും കീടനാശിനി കലർന്ന കോളകളും ആയിക്കൂടാ എന്നും ചോദിക്കാവുന്നതാണ്. കൽ‌പാക്കം ആണവനിലയത്തിനു സമീപത്തുള്ള സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസർ കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ വിശ്വാസ്യതയെ അവർ ചോദ്യം ചെയ്യുന്നത് ശ്രദ്ധിക്കുക. “ആണവവികരണം എന്തേ സ്ത്രീകളിൽ മാത്രം തൈറോയ്ഡ് ക്യാൻസർ ഉണ്ടാക്കുന്നു?“ അവർ ചോദിക്കുന്നു. തൈറോയ്ഡ് ക്യാൻസർ എല്ലായിടത്തും പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ബാധിക്കുന്നതെന്ന് ഒരു ഗൂഗിൾ അന്വേഷണം നടത്തിയാൽതന്നെ മനസിലാക്കാവുന്നതേയുള്ളു. എന്തു സംഭവിച്ചാലും കൂടംകുളം റിയാക്ടർ തകരില്ലെന്ന് എ.പി.ജെ. അബ്ദുൽ കലാം തൊട്ട് ഇങ്ങോട്ടുള്ള ശാസ്ത്രസാങ്കേതിക ഉദ്യോഗസ്ഥവൃന്ദം വാദിക്കുന്നു. എന്തു സംഭവിച്ചാലും ടൈറ്റാനിക് മുങ്ങില്ലെന്നായിരുന്നു ആ കപ്പൽ നിർമ്മിച്ചവരുടെ അവകാശവാദം. ആദ്യയാത്രയിൽ തന്നെ അത് മുങ്ങി.

വികസനപ്രക്രിയയിൽ ആണവോർജ്ജത്തിന് സ്ഥാനം നൽകണമൊ, നൽകുന്നെങ്കിൽ അത് ഏത് തരത്തിലുള്ളതാവണം? ഇതാണ് വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയം. ചർച്ച നടക്കേണ്ടത് ആണവോർജ്ജത്തിലൂടെയല്ലാതെ രക്ഷയില്ലെന്ന് വിശ്വസിക്കുന്ന സാങ്കേതിക പെന്തക്കോസ്തുകാരും അത് തങ്ങളുടെ ജീവിതം അപകടത്തിലാക്കുമെന്ന് ഭയപ്പെടുന്ന സാധാരണക്കാരായ ജനങ്ങളും തമ്മിലല്ല, രാജ്യത്തെ നയപരിപാടികൾ രൂപീകരിക്കുന്നവരും ബന്ധപ്പെട്ട വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവരും തമ്മിലാണ്.  ചർച്ചകൾ നടക്കേണ്ടത് നയപരിപാടികൾ രൂപകല്പന ചെയ്യുന്ന ഘട്ടത്തിലാണ്. ആ ഘട്ടത്തിൽ ഭരണാധികാരികളും ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ 14,000 കോടി രൂപ ചെലവാക്കിയ ശേഷം കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകാനാവാത്ത സാഹചര്യം ഒഴിവാക്കാമായിരുന്നു. ഈ വൈകിയ വേളയിലും വിവേകത്തിന്റെ പാത സ്വീകരിക്കാതെ സമാധാനപരമായി എതിർപ്പ് പ്രകടിപ്പിക്കുന്ന ജനങ്ങളെയും സന്നദ്ധ സംഘടനകളെയും ജനാധിപത്യത്തിന് നിരക്കാത്ത മാർഗ്ഗങ്ങളുപയോഗിച്ച് അമർച്ച ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

ആണവ വിഷയത്തിൽ തുറന്ന, സത്യസന്ധമായ ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങളല്ല നിലവിലുള്ളത്. ആണവോർജ്ജം സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നതായതുകൊണ്ട് സർക്കാർ അതീവ രഹസ്യമായാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ആണവോർജ്ജ വകുപ്പ് സ്ഥാപിതമായ കാലം മുതൽക്കെ പ്രധാനമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകളുടെ പ്രവർത്തനം പരിശോധിക്കുന്നതുപോലെ ഈ വകുപ്പിന്റെ കാര്യങ്ങൾ പാർലമെന്റിന് പരിശോധിക്കാനാവില്ല. ആണവ സുരക്ഷാ സംവിധാനം ആണവ വകുപ്പിന്റെ കീഴിൽ തന്നെയാണ്. ഇതൊരു നല്ല കീഴ്വഴക്കമല്ല. ഇക്കാര്യത്തിൽ റയിൽ‌വേ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഒരുദ്യോഗസ്ഥൻ റയിൽ സുരക്ഷാ കമ്മിഷണറായി നിയമിക്കപ്പെടുമ്പോൾ അയാൾ ഭരണപരമായി മറ്റൊരു വകുപ്പിന്റെ കീഴിലേക്ക് മാറ്റപ്പെടുന്നു. ആണവോർജ്ജവ വകുപ്പിന് പുറത്ത് സുതാര്യവും സ്വതന്ത്രവുമായ സുരക്ഷാ സം‌വിധാനമുണ്ടാക്കാൻ സർക്കാർ തയ്യാറാകാത്തിടത്തോളം സുരക്ഷിതത്വത്തെ കുറിച്ചുള്ള അതിന്റെ അവകാശവാദങ്ങൾ മുഖവിലക്കെടുക്കാനാവില്ല.

ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാവർക്കും അവരവരുടേതായ സ്ഥാപിത താല്പര്യങ്ങളുണ്ട്. തങ്ങൾക്ക് അറിവുള്ളതും പരിചിതവുമായ സാങ്കേതികവിദ്യയിൽ അവർ അമിതവിശ്വാസമർപ്പിക്കും. കേരളത്തിന്റെ ഊർജ്ജമേഖലയിൽ നിന്നു തന്നെ ഇതിന് തെളിവ് കണ്ടെത്താനാവുന്നതാണ്. ജലവൈദ്യുതിയിൽ പരിജ്ഞാനവും പരിചയവുമുള്ളവരാണ് നമ്മുടെ ഇലക്ട്രിസിറ്റി ബോർഡുദ്യോഗസ്ഥർ. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇനിയും വൻ ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായിട്ടും അവർ അവയ്ക്കായി മുറവിളികൂട്ടുകയും മറ്റ് പദ്ധതികൾക്ക്  തടസം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സമീപനം തന്നെയാണ് ആണവ വകുപ്പുദ്യോഗസ്ഥരുടെ നിലപാടിലും പ്രകടമാകുന്നത്.

ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന ഹോമി ജെ. ഭാഭ ഈ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പു തന്നെ രാജ്യത്ത് അത് സംബന്ധിച്ച പഠനങ്ങൾക്ക് തുടക്കം കുറിച്ചയാളാണ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സർക്കാരിനെ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനായി. ജലവൈദ്യുതിയേക്കാൾ കുറഞ്ഞ ചിലവിൽ ആണവോർജ്ജം ഉത്പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ആണവോർജ്ജവത്തിൽ അർപ്പിച്ച വിശ്വാസത്തെ അന്നത്തെ ശാസ്ത്രീയമായ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലാണ് കാണേണ്ടത്. താരതമ്യേന ചെറിയ രണ്ട് ബോംബുകൾ നിർമ്മിച്ച് ജപ്പാനിലിട്ട് ആ രാജ്യത്തെ കീഴ്പ്പെടുത്തി ആണവയുഗത്തിന്റെ പിറവി പ്രഖ്യാപിച്ച അമേരിക്ക കൂടുതൽ ശേഷിയുള്ള ബോംബുകളുണ്ടാക്കാൻ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. സോവിയറ്റ് യൂണിയനും അമേരിക്കയുടെ സുഹൃത്തുക്കളായ   ബ്രിട്ടനും ഫ്രാൻസും സ്വന്തം ബോംബുകളുണ്ടാക്കി വൻ‌ശക്തിപദവി നിലനിർത്താനുള്ള ശ്രമവും ആരംഭിച്ചിരുന്നു. വ്യാവസായിക യുഗത്തിൽ പിന്തള്ളപ്പെട്ടതുപോലെ ആണവ യുഗത്തിലും ഇന്ത്യ പിന്തള്ളപ്പെടരുതെന്ന ചിന്തയാണ് നെഹ്രുവിനെയും ഭാഭയെയും നയിച്ചത്. ഇന്ത്യ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമെ അണുശക്തി ഉപയോഗിക്കുകയുള്ളുവെന്ന് നെഹ്രു ആവർത്തിച്ചു പ്രഖ്യാപിച്ചെങ്കിലും ആദ്യം മുതൽ തന്നെ ആണവായുധ പദ്ധതി ലക്ഷ്യമിട്ടിരുന്നുവെന്നത് ഇന്നൊരു രഹസ്യമല്ല.

ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ 1955ൽ ജനീവയിൽ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജാ‍വശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യ ഈ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കേണ്ടതാണെന്ന് ഹോമി ഭാഭ പറയുകയുണ്ടായി. അറ്റോമിക് എനർജി കമ്മിഷൻ ചെയർമാനായിരുന്ന എം.ആർ. ശ്രീനിവാസൻ 2005ൽ ഭാഭായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് 50 കൊല്ലങ്ങൾക്കുശേഷവും അദ്ദേഹത്തിന്റെ വാദങ്ങൾ നിലനിൽക്കുന്നതായി അവകാശപ്പെട്ടു. അമേരിക്കയുടെ 1979ലെ ത്രീ മൈൽ ഐലൻഡ് ദുരന്തത്തിന്റെയും സോവിയറ്റ് യൂണിയന്റെ 1986ലെ ചെർണോബിൽ ദുരന്തത്തിന്റെയും വെളിച്ചത്തിൽ പല രാജ്യങ്ങളും അതിനകം അവരുടെ ആണവ പദ്ധതികൾ പുന:പരിശോധനക്ക് വിധേയമാക്കിയിരുന്നു. പക്ഷെ ഭാഭയെ ആണവ മതത്തിന്റെ അന്തിമ പ്രവാചകനായി ഉയർത്തിയ ഇന്ത്യൻ ശാസ്ത്രലോകത്തിന് അദ്ദേഹത്തിന്റേത് അവസാന വാക്കായി. കഴിഞ്ഞ കൊല്ലം ഒരു സുനാമി ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ കേന്ദ്രം തകർത്തു. ജപ്പാനിലെ 13 കോടി ജനങ്ങളിൽ ഏതാണ്ട് 10 ശതമാനം താമസിക്കുന്നത് തലസ്ഥാനമായ ടോക്യോവിലാണ്. ആ വൻ‌നഗരം പൂർണ്ണമായി ഇല്ലാതാകുമെന്നുപോലും താൻ അന്ന് ഭയപ്പെട്ടതായി ഉയർന്ന സർക്കാർ വക്താവ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. വേണ്ടിവന്നാൽ ജീവൻ ത്യജിക്കാൻ തയ്യാറായി മുന്നോട്ടുവന്ന ഏതാനും പേരെ തകർന്ന ആണവകേന്ദ്രത്തിലേക്കയച്ചാണ് ജപ്പാൻ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

ആണവോർജ്ജവത്തിൽ അമിതവിശ്വാസം അർപ്പിച്ചിരുന്ന കൂടുതൽ രാജ്യങ്ങളെ നയം പുന:പരിശോധിക്കാൻ ഫുക്കുഷിമ അനുഭവം പ്രേരിപ്പിച്ചു. എന്നാൽ പാലം കുലുങ്ങിയാലും തങ്ങൾ കുലുങ്ങില്ലെന്നു പറഞ്ഞു നിൽക്കുന്ന രണ്ട് കേളന്മാർ ഇപ്പോഴുമുണ്ട്: ഇന്ത്യയും ചൈനയും. കൃത്യമായി പറഞ്ഞാൽ, ഈ രാജ്യങ്ങളിലെ ഭരണാധികാരികളാണ് ആ കേളന്മാർ. ലോക സമ്പദ്‌വ്യവസ്ഥയുടെ കൊടുമുടി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. വിദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ച് കുറഞ്ഞ വിലയ്ക്ക് എണ്ണ സംഘടിപ്പിച്ച് മുന്നേറിയ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ച വികസന മാതൃകയാണ് ഇരുവരും പിന്തുടരുന്നത്. ഇത് രണ്ട് പ്രശ്നങ്ങൾ ഉയർത്തുന്നു: വൻ‌തോതിലുള്ള ഊർജ്ജ ഉപഭോഗമാണ് ഒന്ന്. വിഷ വാതകങ്ങളുടെ വൻ‌തോതിലുള്ള പുറന്തള്ളലാണ് മറ്റേത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ രണ്ട് രാജ്യങ്ങളിലും നടക്കുന്നില്ല. പകരം പാശ്ചാത്യ രാജ്യങ്ങൾ ചെയ്തതെല്ലാം തങ്ങൾക്കും ചെയ്യാനാവുമെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് രണ്ടിടത്തെയും ഭരണാധികാരികളും ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരും. (ശാസ്ത്രജ്ഞന്മാർ എന്ന വിശേഷണം ബോധപൂർവ്വം ഒഴിവാക്കുകയാണ്.)

ആണവ-മിസൈൽ സാങ്കേതികവിദ്യകൾ വൻശക്തി പദവി നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഈ മേഖലകളിലെ നേട്ടങ്ങൾ ജനങ്ങളിൽ അഭിമാനബോധം വളർത്താൻ സഹായിക്കുന്നുണ്ട്. ഈ അഭിമാനബോധം ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മൌലികമായ സംഭാവനകൾ നൽകാൻ നമുക്കാകുന്നില്ലെന്ന വസ്തുത മറച്ചുവെക്കാൻ സഹായിക്കുകയും ചെയ്യുന്നു. മർമ്മപ്രധാനമായ ചില ശാസ്ത്ര-സാങ്കേതിക മേഖലകളിൽ അമേരിക്കയെ പിന്തള്ളി മുന്നേറിയ രാജ്യമായിരുന്നു സോവിയറ്റ് യൂണിയൻ. അതിന്റെ പതനത്തിൽനിന്ന് ഇന്ത്യ ഒരു പാഠം പഠിക്കേണ്ടതുണ്ട്. അത് വിശാല ജനതാല്പര്യങ്ങൾ അവഗണിച്ചുകൊണ്ട് കെട്ടി ഉയർത്തുന്ന വൻശക്തി പദവി എപ്പോൾ വേണമെങ്കിലും വീഴാവുന്ന ചീട്ടുകൊട്ടാരമാണെന്നതാണ്. സ്വന്തമായ അണുബോംബില്ലാതിരുന്ന കാലത്താണ് ചൈന അമേരിക്കയുടെ വടക്കോട്ടുള്ള തള്ളിക്കയറ്റം തടയാനായി കൊറിയൻ യുദ്ധത്തിൽ നേരിട്ട് ഇടപെട്ടത്. അമേരിക്ക അണുബോംബിടാനുള്ള സാദ്ധ്യത മാവൊ സെതുങ്ങിനെ പിന്തിരിപ്പിച്ചില്ല. അണുബോംബ് വർഷമുണ്ടായാലും ചൈനയിൽ പിന്നെയും ജനങ്ങൾ ബാക്കിയുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആണവ കേന്ദ്രം തകർന്ന് വലിയ തോതിൽ  നാശനഷ്ടമുണ്ടായാലും പിന്നെയും ജനങ്ങൾ ബാക്കിയുണ്ടാകുമെന്ന വിശ്വാസത്തിൽ നയപരിപാടികൾ രൂപീകരിക്കാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് അവകാശമില്ല.

കൂടം‌കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളെ സമരപാതയിലെത്തിച്ചത് ആണവ കേന്ദ്രം അവരുടെ ജീവനും ഉപജീവനമാർഗ്ഗങ്ങൾക്കും ഉയർത്തുന്ന ഭീഷണിയാണ്. സമരത്തിന് പിന്തുണ നൽകിക്കൊണ്ട് ഭരണകൂടത്തിന്റെ ശക്തിയെ നേരിടാനുള്ള മനോബലം അവർക്ക് നൽകുന്ന സർക്കാരിതര സംഘടനകളെ പൊലീസിനെയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളെയും ഉപയോഗിച്ച് ഒതുക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയ്ക്കാണ് ചർച്ച എന്ന ആശയവുമായുള്ള ആണവ സാങ്കേതിക വിദഗ്ദ്ധ ബ്രിഗേഡിന്റെ രംഗപ്രവേശം.  ചർച്ച ആവശ്യമാണ് എന്നാൽ ചർച്ച ചെയ്യേണ്ട വിഷയം കൂടം‌കുളം കേന്ദ്രം വേണമോ വേണ്ടയോ എന്നതല്ല, ആണവ പദ്ധതികളുമായി രാജ്യം മുന്നോട്ടു പോകണമോ വേണ്ടയോ എന്നതാണ്. ആണവോർജ്ജോത്പാദനം തുടങ്ങിയിട്ട് ആറു പതിറ്റാണ്ടായെങ്കിലും ആണവമാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു രാജ്യവും വിശ്വസനീയമായ ഒരു മാർഗ്ഗവും ഇതുവരെ കണ്ടെത്തിയിട്ടില്ല.   

ആണവ വിഷയത്തിൽ രാജ്യം ഇപ്പോൾ രണ്ട് ചേരികളായി തിരിഞ്ഞുനിൽക്കുകയാണ്. സർക്കാരിനൊപ്പം അതിനെ നയിക്കുന്ന കോൺഗ്രസ് കക്ഷി മാത്രമല്ല, പ്രതിപക്ഷ കക്ഷികളായ ബി.ജെ.പി.യും സി.പി.എമ്മുമുണ്ട്. അമേരിക്കയുമായി ഒന്നാം യു.പി.എ. സർക്കാർ ഒപ്പിട്ട ആണവ കരാറിൽ പ്രതിഷേധിച്ച് ഇടതു പാർട്ടികൾ അതിനുള്ള പിന്തുണ പിൻ‌വലിച്ചിരുന്നു. റഷ്യയുടെ ഉപരകരണങ്ങൾക്കു പകരം അമേരിക്കയുടേതാണ് കൂടംകുളത്ത് സ്ഥാപിച്ചിരുന്നതെങ്കിൽ സി.പി.എം. നിലപാട് ഇതുതന്നെയാകുമായിരുന്നെന്ന് തോന്നുന്നില്ല. ആണവ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമീപനം ഒരിക്കലും സത്യസന്ധമായിരുന്നില്ല. അമേരിക്ക ഏക ആണവശക്തിയായിരുന്ന കാലത്താണ് അന്താദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോക സമാധാന കൌൺസിൽ രൂപീകരിച്ചുകൊണ്ട് ആണവായുധങ്ങൾക്കെതിരെ ആഗോളാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചത്. സോവിയറ്റ് യൂണിയൻ ആണവശക്തിയായി മാറിയശേഷം അതിന്റെ പ്രവർത്തനം മന്ദഗതിയിലായി. ചൈനയും അണുബോംബുണ്ടാക്കിയതോടെ അത് പൂർണ്ണമായും നിശ്ചലമായി. ഇന്ന് കമ്മ്യൂണിസ്റ്റുകാർ ലോക സമാധാന പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാനാവില്ല.  

ആണവ വിഷയത്തിൽ രാജ്യത്തുണ്ടായിട്ടുള്ള ചേരിതിരിവിന്റെ സ്വഭാവം ശ്രദ്ധയർഹിക്കുന്നു. അധികാരിവർഗ്ഗം കക്ഷിഭേദമന്യെ ഒരു വശത്തും സാധാരണ ജനങ്ങൾ മറുവശത്തുമായി അണിനിരന്നിരിക്കുകയാണ്. അസ്വസ്ഥജനകമായ ഈ യാഥാർത്ഥ്യം മറച്ചു പിടിക്കാനാണ്  ഭരണകൂടം കൂടംകുളത്തെ ജനകീയ സമരത്തെ വിദേശ എൻ.ജി.ഒ. മാരുടെ സമരമായി ചിത്രീകരിക്കുന്നത്. ഇത്തരത്തിലുള്ള ചേരിതിരിവ് വിദേശരാജ്യങ്ങളിലും കാണാവുന്നതാണ്. പാശ്ചാത്യരാജ്യങ്ങളിലെ ചില സർക്കാരിതര സംഘടനകൾ ആണവവിരുദ്ധ സമരങ്ങളെ പിന്തുണക്കുമ്പോൾ അവിടത്തെ ഭരണകൂടങ്ങൾ ആഗോള ആണവ വിപണിയെ നിയന്ത്രിക്കുന്നവരും ഇന്ത്യ ആണവോർജ്ജത്തെ കൂടുതലായി ആശ്രയിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അതിന്റെ അർത്ഥം അവർ ഇന്ത്യ ലോക ശക്തിയായി വളർന്നു കാണാൻ ആഗ്രഹിക്കുന്നുവെന്നല്ല. തങ്ങളുടെ നിയന്ത്രണത്തിനു വിധേയമായി മാത്രം ഇന്ത്യ ആണവ പദ്ധതികൾ നടപ്പിലാക്കണമെന്നതാണ് അവരുടെ നിലപാട്. അതിന് അനുയോജ്യമായ കരാറാണ് അമേരിക്ക ഇന്ത്യയുമായി ഒപ്പിട്ടത്. നമ്മുടെ സർക്കർ ആണവോർജ്ജ പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ഏറ്റവും കൂടുതൽ ചേതം അനുഭവിക്കുക നമ്മളല്ല, നമുക്ക് ആണവ സാമഗ്രികൾ വിറ്റ് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാമെന്ന പ്രതീക്ഷയിൽ കഴിയുന്ന വിദേശരാജ്യങ്ങളാണ്.   

സൌരോർജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണ് ലോകം നേരിടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്കുള്ള ശരിയായ പരിഹാരമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സൌരൊർജ്ജത്തിന്റെ ഉത്പാദനം സംബന്ധിച്ച സാങ്കേതികവിദ്യ ഇപ്പോൾ  തന്നെ ലഭ്യമാണ്. എന്നാൽ  ചെലവ് കൂടുതലായതുകൊണ്ടും ഏറെ സ്ഥലസൌകര്യങ്ങൾ ആവശ്യമായതുകൊണ്ടും അത് വലിയ തോതിൽ ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും കഴിയുന്നില്ല. ചെലവ് കുറഞ്ഞ സൌരോർജ്ജ സാങ്കേതികവിദ്യ വികസിപ്പിക്കാനായാൽ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കായിരിക്കും. കാരണം അമേരിക്കക്കൊ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിനൊ ഇന്ത്യയോളം സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നതുതന്നെ. പക്ഷെ നിരവധി ലക്ഷം കോടി രൂപയുടെ ആണവ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ള ഇന്ത്യാ ഗവൺ‌മെന്റ് അതിന്റെ ഒരു ശതമാനം പോലും സൌരോർജ്ജ ഗവേഷണത്തിനായി നീക്കിവെക്കുന്നില്ല. ഇതിന്റെ പ്രധാന കാരണം ആഗോള അധികാര രാഷ്ട്രീയത്തിൽ ആണവോർജ്ജത്തിനുള്ള സ്ഥാനം സൌരോർജ്ജത്തിനില്ലാത്തതാണ്. സൌരോർജ്ജം ഉപയോഗിച്ച് ലോകത്ത് വമ്പിച്ച നാശം വിതക്കാൻ കഴിയുന്ന കുറെ ആയുധങ്ങൾ അമേരിക്ക വികസിപ്പിച്ചെടുത്താൽ നമ്മുടെ ഭരണാധികാരികൾ അതിലേക്ക് ശ്രദ്ധ തിരിച്ചുവിടാനും അതിനായി വൻ‌തോതിൽ പണം ചെലവാക്കാനും തയ്യാറാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

രാജ്യതന്ത്രജ്ഞനും രാഷ്ട്രീയക്കാരനും തമ്മിലുള്ള തരത്തിലുള്ള അന്തരം ശാസ്ത്രജ്ഞന്മാരും ശാസ്ത്ര ഉദ്യോഗസ്ഥന്മാരും തമ്മിലുമുണ്ട്. ഒരു ശാസ്ത്രജ്ഞൻ ഈവിധ വിഷയങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് മനസിലാക്കാൻ ആൽബർട്ട് ഐൻസ്റ്റൈന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ മതി. രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനി വിട്ട് അമേരിക്കയിലെത്തുമ്പോൾ ഹിറ്റ്ലർ ഭരണകൂടം ആണവ മിസൈൽ രംഗങ്ങളിൽ വലിയ താല്പര്യമെടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അണുബോംബുണ്ടാക്കാനുള്ള ശ്രമത്തിൽ ജർമ്മനി വിജയിച്ചാൽ അത് യുദ്ധത്തിന്റെ ഗതി മാറ്റിമറിക്കുമെന്നതിനാൽ അതിനു മുമ്പ് അമേരിക്ക ബോംബുണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പ്രസിഡന്റിനെ കണ്ട് അദ്ദേഹം ഈ ആഗ്രഹം അറിയിക്കുകയും അതിനായി സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ മറ്റ് ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും ചെയ്തു. യുദ്ധത്തിനുശേഷം അമേരിക്ക ആണവായുധ പരിപാടികൾ തുടരുകയും മറ്റ് രാജ്യങ്ങളും ആ പാതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ അദ്ദേഹം അതിനെതിരായി ശബ്ദമുയർത്തുകയും മറ്റ് ശാസ്ത്രജ്ഞരെയും സമാധാനത്തിനുവേണ്ടിയുള്ള യജ്ഞത്തിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുകയും ചെയ്തു.  (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 8-14, 2012.

4 comments:

Manoj മനോജ് said...

ഒരേ ഒരു ചോദ്യം മാത്രമേയുള്ളൂ... കേരളത്തില്‍ വരാനിരുന്ന ഈ ആണവനിലയം ഗ്രൌണ്ട് ബ്രേക്കിങിനു പോലും അനുവദിക്കാതെ സമരം ചെയ്ത് ഓടിച്ചത് പോലെ എന്ത് കൊണ്ട് കൂടംങ്കുളത്ത് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ചെയ്തില്ല?

ഇത്രയും പണം മുടക്കി തീരാറായപ്പോഴാണോ പ്രതിഷേധം നടത്തുന്ന “രക്ഷകര്‍‌“ ഉറക്കം ഉണരുന്നത്???

ഈ “രക്ഷകര്‍‌” ആദ്യമേ ഇറങ്ങിയിരുന്നുവെങ്കില്‍ ഇത് വിജയത്തിലെത്തുമായിരുന്നു എന്ന് മാതമല്ല അമേരിക്കയുമായി ഉണ്ടാക്കിയ കരാറില്‍ കോണ്‍ഗ്രസ്സ് ഏകപക്ഷീയമായി നടപടിയും എടുക്കുമായിരുന്നില്ല. അപ്പോള്‍ കുറ്റക്കാര്‍ ഇപ്പോള്‍ “രക്ഷരുടെ” വേഷത്തില്‍ ആകാശത്ത് നിന്ന് പൊട്ടി വീണവര്‍ തന്നെയല്ലേ!!! അത് കൊണ്ട് തന്നെയാണു പ്രധാനമന്ത്രി “രക്ഷകര്‍ക്ക്” എതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ സംശയത്തോടെ നോക്കി പോകുന്നത്! ആകാശത്ത് നിന്ന് ഇപ്പോള്‍ പൊട്ടി വീണ രക്ഷകരെയാണു ജനങ്ങള്‍ ആട്ടി വെളിയിലാക്കേണ്ടത്!!

Jagadees said...

ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി

KUTTY said...

സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതോല്പാദനം ഇനിയും കൂടുതല്‍ ഗവേഷണം നടത്തേണ്ട വിഷയമാണ്. നമുക്ക് ആണവോര്‍ജ്ജ വകുപ്പ് ഉള്ളത് പോലെ എന്ത് കൊണ്ട് ഒരു സൗരോര്‍ജ്ജ വകുപ്പും ഗവേഷണവും തുടങ്ങിക്കൂട? ആണവ ഗവേഷണം നിര്‍ത്തണം എന്ന് പറയുന്നത് ബാലിശമാണ്. കാരണം: (1)ആണവ ഗവേഷണം വെറും ഊര്ജത്തിണോ ആയുധത്തിണോ വേണ്ടി മാത്രമല്ല. മറിച്ചു, ആരോഗ്യ-ഭക്ഷണ മേഖലയില്‍ ആണവ ഗവേഷണത്തിന്‍റെ സംഭാവനയായി വളരെ അധികം നേട്ടങ്ങള്‍ നാം ഇതിനകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. അതിനിയും തുടരേണ്ടതുണ്ട്. (2)തല്‍ക്കാലം നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ താരതമ്യേന നല്ലത് ആണവ നിലയങ്ങള്‍ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. സൗരോര്‍ജ്ജ ഗവേഷണത്തിന് ആണവോര്‍ജ്ജ ഗവേഷണത്തിന് നല്‍കുന്നതിന് തുല്യമായ പരിഗണന നല്‍കിയാല്‍ സമീപ ഭാവിയില്‍ തന്നെ, ലോകത്ത് ഇന്ന് സ്വപ്നം കാണാവുന്നതില്‍ വെച്ച് ഏറ്റവും സുരക്ഷിതവും പരിസ്ഥിതി-സൗഹൃദ പരവുമായ ഊര്‍ജ്ജോല്പാദനം നമുക്ക് സാധ്യമാവും. ഇന്ത്യയെ പോലുള്ള ഭൂമധ്യരേഖാ പ്രദേശങ്ങളിലെ രാജ്യങ്ങള്‍ പാശ്ചാത്യരെ അനുകരിക്കുന്നത് നിര്‍ത്തി അവരവരുടെ നാട്ടിന് അനുയോജ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്.

BHASKAR said...

Manoj, കഴിയുമെങ്കിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം കാണുക. “ഇത്രയും പണം മുടക്കി തീരാറായപ്പോഴാണോ പ്രതിഷേധം നടത്തുന്ന ‘രക്ഷകര്‍‌‘ ഉറക്കം ഉണരുന്നത്???” എന്ന താങ്കളുടെ പരിഹാസത്തിനുള്ള ഉത്തരം അതിലുണ്ട്. “ഈ സമരം എപ്പോഴാ തുടങ്ങിയത്” എന്ന മാതൃഭൂമിയുടെ മനില സി. മോഹന്റെ ചോദ്യത്തിന് പന്ത്രണ്ടാം ക്ലാസുകാരി നൽകിയ ഉത്തരം ഇങ്ങനെ: “നാങ്ക പൊറക്കറതുക്ക് മുന്നാടിയേ പോരാട്ടം ആരംഭിച്ചിരിക്ക്”. (മലയാള പരിഭാഷ: ഞങ്ങൾ ജനിക്കുന്നതിനു മുമ്പെ സമരം ആരംഭിച്ചിരുന്നു).