Sunday, January 22, 2012

മാദ്ധ്യമസംരക്ഷണത്തിൽ വളരുന്ന പ്രതിലോമത

ബി.ആർ.പി.ഭാസ്കർ

ഇന്ത്യയിൽ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമൂള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം ഭരണഘടന പൌരന്മാർക്ക് ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവുമാണ്. അതായത് ഉടമകൾക്കൊ മാദ്ധ്യമ പ്രവർത്തകർക്കൊ മാത്രമായി നൽകപ്പെട്ടിട്ടുള്ള മാദ്ധ്യമസ്വാതന്ത്ര്യം ഇവിടെയില്ല. സാമൂഹികസ്ഥാപനങ്ങളെന്ന നിലയിൽ സമൂഹത്തിന്റെ പൊതുതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല മാദ്ധ്യമങ്ങൾക്കുണ്ട്. അതുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ പ്രതിഫലിക്കുന്ന ഇടങ്ങളാകാൻ അവയ്ക്കു കഴിയണം.

പത്രധർമ്മമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്വതന്ത്ര മാദ്ധ്യമങ്ങൾ പൊതുചർച്ചകൾക്കുള്ള വേദികളായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. മലയാള മാദ്ധ്യമങ്ങൾ പൊതുവിൽ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം സാമൂഹ്യ പരിഷ്കർത്താക്കളുടെ ശ്രമഫലമായി കഴിഞ്ഞ നൂറ്റാണ്ടിൽ വമ്പിച്ച പുരോഗതി നേടി ലോകത്തെ അത്ഭുതപ്പെടുത്തുകയുണ്ടായി. ആ മാറ്റം സാദ്ധ്യമാക്കുന്നതിൽ വലിയ പങ്കാണ് പത്രങ്ങൾ വഹിച്ചത്. ഇന്നത്തെ പല മുൻ‌നിരപത്രങ്ങളുടെയും സ്ഥാപകർ ആ പ്രക്രിയയിൽ നേരിട്ട് പങ്കാളികളാവുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തിൽ നാട് കൈവരിച്ച ചില നേട്ടങ്ങൾ ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രകടമായ തെളിവാണ് ഫ്യൂഡൽ-ജാതിമത ശക്തികളുടെ തിരിച്ചുവരവ്‌. പരിഷ്കർത്താക്കൾ ജന്മം നൽകിയ പത്രങ്ങൾ ഇന്ന് ഈ പ്രക്രിയയിൽ പങ്കാളികളാണ്.

പ്രതിലോമശക്തികളെ മാദ്ധ്യമങ്ങൾ രണ്ട് രീതിയിൽ സഹായിക്കുന്നു – അവരുടെ കുഴലൂത്തുകാരായി പ്രവർത്തിച്ചുകൊണ്ടും അവർക്കെതിരെ നിലകൊള്ളുന്നവരുടെ ശബ്ദം തമസ്കരിച്ചുകൊണ്ടും. പത്രങ്ങൾ ജനപിന്തുണയുള്ള സംഘടനകളെ പ്രീണിപ്പിക്കുന്നതിനെ വിപണനതന്ത്രത്തിന്റെ ഭാഗമായി കാണാവുന്നതാണ്. ചില്ലറ അക്രമപ്രവർത്തങ്ങളല്ലാതെ ശ്രദ്ധാർഹമായ ഒരു പ്രവർത്തനവും നടത്താത്ത ഒരു ചെറിയ വർഗ്ഗീയ സംഘടനക്ക് ഏറെ സ്ഥലപരിമിതി അനുഭവിക്കുന്ന വലിയ പത്രം അർ‌ഹിക്കുന്നതിലുമധികം സ്ഥലം പതിവായി നൽകുന്നത് കണ്ടപ്പോൾ എന്തടിസ്ഥാനത്തിലാണ് അതിന് ഇത്രയേറെ പ്രാധാന്യം കല്പിക്കുന്നതെന്ന് ഞാൻ ഒരു മുതിർന്ന പത്രപ്രവർത്തകനോട് ചോദിച്ചു. അവർക്ക് ശല്യം ചെയ്യാനുള്ള കഴിവുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശല്യം ചെയ്യാൻ കഴിവുള്ള സംഘടനയെ പത്രം സഹായിക്കുന്നത് ഈവിധത്തിൽ അതിന് പ്രചാരം നൽകിക്കൊണ്ട് മാത്രമല്ല. ആ സംഘടനയെ വിമർശിക്കുന്ന പ്രസ്താവങ്ങൾ ഒഴിവാക്കിക്കൊണ്ടും അതിനെ സഹായിക്കുന്നു. വിമർശനം നടത്തുന്നത് അതിനേക്കാൾ കൂടുതൽ ശല്യം ചെയ്യാൻ കഴിവുണ്ടെന്ന് പത്രം കരുതുന്ന സംഘടനയാണെങ്കിൽ മാത്രമെ അത് വെളിച്ചം കാണുകയുള്ളു.

ഇപ്പോൾ കേരളസമൂഹത്തിൽ പ്രകടമാകുന്ന രാജഭക്തി ഉദ്ദീപിപ്പിച്ചതിൽ പത്രങ്ങൾക്ക് പങ്കുണ്ട്. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ചരമത്തോടെ തിരുവിതാംകൂർ രാജപരമ്പര അവസാനിച്ചെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അനുജൻ മാർത്താണ്ഡവർമ്മ മഹാരാജാവാകാൻ ശ്രമിച്ചില്ല. എന്നാൽ മഹാരാജാവിന്റെ നിയന്ത്രണത്തിലായിരുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കാനായി അദ്ദേഹം പുരോഹിതന്മാരുടെ സഹായത്തോടെ ശ്രീപത്മനാഭദാസൻ എന്ന സ്ഥാനപ്പേര് ഏറ്റെടുത്തു. പത്രങ്ങൾ അതുകൊണ്ട് തൃപ്തരായില്ല. അവർ അദ്ദേഹത്തെ മഹാരാജാവ് എന്ന് വിശേഷിപ്പിച്ചു. അക്കാലത്ത് ഏഷ്യാനെറ്റിൽ സക്കറിയായുമൊത്ത് നടത്തിയിരുന്ന പത്രവിശേഷം പംക്തിയിൽ ഇത് ശരിയല്ലെന്ന് ഞാൻ രണ്ട് തവണ പറഞ്ഞശേഷം മലയാള മനോരമ അതു മതിയാക്കി. പക്ഷെ മാതൃഭൂമിയും കേരള കൌമുദിയും പിന്നെയും കുറേക്കാലം അദ്ദേഹത്തെ മഹാരാജാവ് എന്ന് വിളിച്ചു. തിരുവിതാംകൂറിൽ രാജവാഴ്ച നിലനിന്ന കാലത്ത് ആരംഭിച്ച പത്രമെന്ന നിലയിൽ കൌമുദിക്ക് രാജഭക്തിയുണ്ടാകുന്നത് മനസിലാക്കാവുന്നതാണ്. മലബാറിൽ ജന്മം കൊണ്ട, സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള മാതൃഭൂമിയെ ആ പാത പിന്തുടരാൻ പ്രേരിപ്പിച്ചതെന്താണ്? പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയത്തു നിന്ന് കോഴിക്കോട്ട് ചെന്നപ്പോൾ മനോരമ തീയ്യ, മുസ്ലിം സമുദായങ്ങളിലും കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്ത് ചെന്നപ്പോൾ മാതൃഭൂമി ഹിന്ദുക്കളിലുമാണ് കണ്ണൂ നട്ടിരുന്നത്. തിരുവിതംകൂറിലെ ഒരു വലിയ വിഭാഗം ജനങ്ങളിൽ രാജഭക്തി അവശേഷിക്കുന്നെന്ന വിശ്വാസം മാതൃഭൂമിയെ സ്വാധീനിച്ചു. തങ്ങൾക്ക് മറ്റ് പത്രങ്ങളേക്കാൾ രാജഭക്തിയുണ്ടെന്ന് ബോധ്യപ്പെടുത്താനായി അതിന്റെ ശ്രമം.

മഹാരാജാവ് വിളി വിട്ടെങ്കിലും രാജഭക്തി വളർത്തുന്നതിൽ നിന്ന് പത്രങ്ങൾ പിന്തിരിഞ്ഞില്ല. അതിന് തടസമാകാവുന്ന ചിന്തകളെ അവർ ശ്രദ്ധാപൂർവ്വം ഒഴിവാക്കുന്നു. മാർത്താണ്ഡവർമ്മയുടെ ഒരു ലേഖനത്തോടെയാണ് മലയാള മനോരമ ശ്രീചിത്തിര തിരുനാളിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75ആം വാർഷികം കുറിച്ചത്. ലേഖനത്തിൽ വസ്തുതാപരമല്ലാത്ത ചില പരാമർശങ്ങളുണ്ടായിരുന്നു. അത് ചൂണ്ടിക്കാട്ടി ഡോ. എസ്. ഷാജി പത്രാധിപർക്ക് കത്തെഴുതി. മനോരമ അത് പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല.

“ശ്രീനാരായണഗുരു എല്ലാ അമ്പലങ്ങളും അവർണ്ണർക്ക് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടു“ എന്ന മാർത്താണ്ഡ വർമ്മ എഴുതിയിരുന്നു. എവിടെ, ആരോടാണ് ഗുരു ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ഡോ.ഷാജി കത്തിൽ ആവശ്യപ്പെട്ടിരുന്നു. പത്രം അത് തമസ്കരിച്ചതിന്റെ ഫലമായി മാർത്താണ്ഡവർമ്മ നടത്തിയ പരാമർശം സത്യമാണെന്ന ധാരണ അതിന്റെ വലിയ വായനാസമൂഹത്തിൽ നിലനിൽക്കുന്നുണ്ടാവണം.

മനോരമ പ്രസിദ്ധീകരിക്കാൻ മടിച്ച വസ്തുതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഷാജി എഴുതിയ ലേഖനം എസ്.എൻ.ഡി.പി. യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘യോഗനാദം’ പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് തമസ്കരിച്ച ഒരു പ്രതികരണത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുകുലം അധിപതിയായ മുനി നാരായണപ്രസാദുമായി പി.കെ. ശ്രീകുമാർ നടത്തിയ അഭിമുഖ സംഭാഷണം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കുമാരനാശാന്റെ പ്രജാസഭാ പ്രസംഗങ്ങളും മറ്റും വായിച്ചാൽ തലപെരുക്കുമെന്നും അദ്ദേഹത്തിലുള്ള ഈഴവത്വത്തിന്റെ നാറ്റം പിടിച്ച വാക്കുകൾ അതിലുണ്ടെന്നുമുള്ള മുനിയുടെ പ്രസ്താവത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഷാജി ആഴ്ചപ്പതിപ്പിന് കത്തെഴുതിയത്. ആശാന്റെ കവിതകളും ലേഖനങ്ങളും പ്രസംഗങ്ങളും ആഴത്തിൽ പഠിച്ചിട്ടുള്ള ഷാജി മുനിക്ക് തലപെരുക്കലും നാറ്റവും അനുഭവപ്പെട്ടത് ആശാന്റെ കൃതികൾ മുഴുവനും വായിക്കാനുള്ള ക്ഷമയില്ലാതെ പോയതുകൊണ്ടാണെന്ന്, മിതമായ ഭാഷയിൽ, രേഖപ്പെടുത്തി.

ശ്രീനാരായണധർമ്മം മനസിലാക്കാതെ അദ്ദേഹത്തെ വൈദികപാരമ്പര്യത്തിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നവരിലൊരാളാണ് മുനി നാരായണപ്രസാദ്. ശ്രീനാരായണൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അദ്ദേഹത്തെ അറിയാൻ കഴിഞ്ഞിട്ടുള്ള ഒരാൾക്ക് ഒരിക്കലും ഉപയോഗിക്കാനാവാത്തതുമായ ഭാഷയാണ് മുനി ഉപയോഗിക്കുന്നത്. ഏതാനും മാസം മുമ്പ് ശ്രീനാരായണധർമ്മത്തെ ആസ്പദമാക്കി സിം‌ലയിൽ സംഘടിക്കപ്പെട്ട സെമിനറിൽ പ്രഭാഷണം നടത്താനെത്തിയപ്പോൾ അദ്ദേഹം “നിങ്ങൾ ശൂദ്രനാണ്, ഞാൻ ബ്രാഹ്മണനാണ്’ എന്ന് തന്നോട് പറഞ്ഞതായി മറ്റൊരു പ്രഭാഷകനായ ഡോ. മോഹൻ ഗോപാൽ അവിടെവെച്ചു തന്നെ വെളിപ്പെടുത്തുകയുണ്ടായി. ശ്രീനാരായണൻ അവകാശപ്പെടാഞ്ഞ ബ്രാഹ്മണത്വമാണ് മുനി അവകാശപ്പെടുന്നത്!

ഒരു ഘട്ടത്തിൽ ചിന്നസ്വാമി എന്നറിയപ്പെട്ടിരുന്ന ആശാൻ പിന്നീട് ഗൃഹസ്ഥജീവിതം നയിച്ചെങ്കിലും ഒരിക്കലും ശ്രീനാരായണന്റെ ശിഷ്യനല്ലാതായില്ല. ഗുരുവിന്റെ ജീവിതകാലത്തു തന്നെ അദ്ദേഹം ബോട്ടപകടത്തിൽപെട്ടു മരിച്ചു. ആശാൻ കവിതകളും ലേഖനങ്ങളും എഴുതുകയും പ്രജാസഭയിൽ പ്രസംഗിക്കുകയും ചെയ്ത കാലത്ത് ജീവിച്ചിരുന്ന ഗുരുവിന് അനുഭപ്പെടാഞ്ഞ നാറ്റം മുനിയുടെ മൂക്കിൽ തട്ടിയെങ്കിൽ അതുത്ഭവിച്ചത് ആശാനിൽ നിന്നല്ല, ശ്രീനാരായണധർമ്മത്തിനു പുറത്തെവിടെയൊ നിന്ന് അദ്ദേഹം ഉൾക്കൊണ്ട ആശയങ്ങളിൽ നിന്നാണ്. അവയുടെ യഥാർത്ഥ ഉറവിടം വൈദിക ബ്രാഹ്മണ പാരമ്പര്യമാണ്. മുനിയുടെ വങ്കത്തത്തെ തുറന്നുകാട്ടാനുള്ള ശ്രമം മാതൃഭൂമി തമസ്കരിച്ചത് ബോധപൂർവ്വമാണെങ്കിൽ അതിനെ ശ്രീനാരായണന്റെ ആശയങ്ങളെ വക്രീകരിക്കുന്നവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായെ കാണാനാവൂ.

ബോധപൂർവ്വമൊ അല്ലാതെയൊ വൈദികപാരമ്പര്യത്തെ മഹത്ത്വവത്കരിക്കാനുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രവണത അനുഭത്തിലൂടെ എനിക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. പതിവായി താല്പര്യര്യപൂർവം വായിക്കുന്ന അതിലെ ചരിത്രപഥം പംക്തിയിൽ എം. ജയരാജ് “ബ്രാഹ്മണർതന്നെ പൂജാകർമ്മങ്ങൾ നിർവഹിക്കണമെന്ന നിർബന്ധബുദ്ധിയുള്ളവരാണ് ഭൂരിപക്ഷം ഹൈന്ദവ ദൈവങ്ങളെങ്കിലും“ എന്ന് എഴുതിക്കണ്ടപ്പോൾ ഏത് ദൈവങ്ങൾക്കാണ് അങ്ങനെ ശാഠ്യമുള്ളതെന്ന ചോദ്യം എന്റെ മനസിലുദിച്ചു. അങ്ങനെ നിർബന്ധബുദ്ധിയുള്ള ഒരു ദൈവത്തെയും ഞാൻ കണ്ടില്ല. ദൈവങ്ങൾക്ക് അങ്ങനെയൊരു നിർബന്ധബുദ്ധിയുണ്ടെന്നത് ബ്രാഹ്മണർ പറഞ്ഞുപരത്തുന്നതും ആശ്രിതർ അന്ധമായി വിശ്വസിക്കുന്നതുമായ ഒരു കെട്ടുകഥയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പത്രാധിപർക്ക് ഞാനൊരു കത്തെഴുതി. പൂജ വൈദികസമൂഹത്തിന്റെ പാരമ്പര്യമായ സാഹചര്യവും അതിൽ ഞാൻ പരിശോധിച്ചു. ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്ന ആ കത്തിൽ നിന്ന് ഏതാനും ഖണ്ഡികകൾ ഇവിടെ പകർത്തുന്നു:

“വൈദികസമൂഹത്തിന്റെ ആദിമഗ്രന്ഥമായ ഋഗ്വേദത്തിൽ പൂജയില്ല. അത് രചിക്കപ്പെടുന്ന കാലത്ത് പൂജയായിരുന്നില്ല, ഹോമമായിരുന്നു ആ വിഭാഗത്തിന്റെ ആരാധനാരീതി. ഹോമത്തിൽ തീ കൂട്ടി എണ്ണയൊഴിച്ചിട്ട് അർപ്പിക്കാനുള്ള സാധനങ്ങൾ അതിലേക്കെറിയുകയാണ് ചെയ്യുന്നത്. ഓരോ വസ്തുവും വീഴുമ്പോൾ തീ ആളിക്കത്തുന്നു. അഗ്നി ഭഗവാൻ തീനാളങ്ങളിലൂടെ അർപ്പിതവസ്തുക്കൾ ഇന്ദ്രൻ, വരുണൻ തുടങ്ങിയ ഇഷ്ടദേവതകൾക്ക് എത്തിച്ചു കൊടുക്കുകയാണെന്ന് വൈദികർ വിശ്വസിച്ചു. അഥവാ അവർ മറ്റുള്ളവരെ അങ്ങനെ വിശ്വസിപ്പിച്ചു

“പൂജയെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ ബൌദ്ധസാഹിത്യത്തിലും രണ്ടായിരത്തോളം കൊല്ലം മുമ്പ് രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന തമിഴ് സംഘകൃതികളിലുമാണുള്ളത്. പൂജയിൽ പൂവൊ മറ്റ് വസ്തുക്കളൊ ഇഷ്ടദേവതകൾക്കു സമർപ്പിക്കപ്പെടുന്നു. പൂ (പൂവ്), ചെയ് (ചെയ്യുക) എന്ന തമിഴ് വാക്കുകൾ ചേർന്നാണ് പൂജ എന്ന വാക്കുണ്ടായതെന്നാണ് പണ്ഡിതന്മാർ പറയുന്നത്. സംഘകാലത്ത് തമിഴകത്തിൽ വൈദിക പാരമ്പര്യത്തിൽ പെടുന്ന ആളുകളുണ്ടായിരുന്നുവെന്ന് ആ കൃതികളിൽ നിന്ന് മനസിലാക്കാം. എന്നാൽ പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത് അവരല്ല, പിൽക്കാലത്ത് സാമൂഹികമായി പിന്തള്ളപ്പെട്ട പാണൻ‌മാർ തുടങ്ങിയവരായിരുന്നു.

“വൈദിക സമൂഹം എന്ന് എങ്ങനെയാണ് ആധിപത്യം സ്ഥാപിച്ച് പൂജാദി കർമ്മങ്ങൾ നടത്താനുള്ള അവകാശം കൈക്കലാക്കിയതെന്ന് കൃത്യമായി പറയാനാവില്ല. സാധാരണഗതിയിൽ വിജയികളാണ് ചരിത്രം സൃഷ്ടിക്കുന്നത്. എന്നാൽ വൈദിക സമൂഹം വസ്തുതകൾ രേഖപ്പെടുത്തുന്നതിനു പകരം തങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ദൈവദത്തമാണെന്ന് വരുത്തിത്തീർക്കാനായി കള്ളക്കഥകൾ മെനയുകയാണ് ചെയ്തത്. അങ്ങനെ ആദിയും അന്തവുമില്ലാത്ത സനാതന ധർമ്മം എന്ന സങ്കല്പം അവർ അവതരിപ്പിച്ചു. ലോകാരംഭം മുതൽ നിലവിലുണ്ടായിരുന്നതും പിൽക്കാലത്ത് വൈദികരുടെ പൂർവ്വികർ ധ്യാനിച്ച് വീണ്ടെടുത്തതുമായ അപൌരുഷേയമായ മന്ത്രങ്ങൾ അടങ്ങുന്നതാണ് വേദങ്ങൾ എന്ന സിദ്ധാന്തം ഉടലെടുത്തു. വിശ്വാസത്തിന്റെ ഭാഗമായി ഇത്തരം കെട്ടുകഥകൾ ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ ജനങ്ങൾ നിർബന്ധിതരുമായി.

“എന്നാൽ വേദേതിഹാസങ്ങളിൽ നിന്നു പല ചരിത്രവസ്തുതകളും വായിച്ചെടുക്കാൻ കഴിയും. ഉദാഹരണത്തിന് ഋഗ്വേദ കാലത്ത് അതിന്റെ സ്രഷടാക്കളേക്കാൾ മെച്ചപ്പെട്ട നിലയിൽ നഗരവാസികളായ വൈദികേയിതര സമൂഹങ്ങളുണ്ടായിരുന്നു. അവരുടെ പട്ടണങ്ങളെ നശിപ്പിക്കണേ, അവരുടെ പശുക്കളെ ഞങ്ങൾക്ക് തരണേ എന്നൊക്കെയുള്ള പ്രാർത്ഥനകളാണ് ചില സൂക്തങ്ങളിലുള്ളത്. അതിനെയൊക്കെ വേദപണ്ഡിതന്മാർ ഇന്ന് ഉദാത്തമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഈ വ്യാഖ്യാനങ്ങൾ പതിന്നാലാം നൂറ്റാണ്ടിൽ ഉണ്ടായവയാണ്. അക്കാലത്ത്, ഭാഷയിൽ മാറ്റമുണ്ടായതിന്റെ ഫലമായി വൈദികർ അർത്ഥമറിയാതെ മന്ത്രങ്ങൾ ഉരുവിടുകയായിരുന്നു. അർത്ഥമറിയാതെ മന്ത്രം ചൊല്ലിയിട്ടു കാര്യമില്ലെന്ന് ചിലരും അർത്ഥമറിയേണ്ട കാര്യമില്ലെന്ന് മറ്റ് ചിലരും വാദിച്ചു. വിവാദങ്ങൾക്ക് അറുതി വരുത്താനായി വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിയായിരുന്ന സായണൻ തയ്യാറാക്കിയതാണ് ഇപ്പോൾ പ്രചാരത്തിലുള്ള ഋഗ്വേദ വ്യാഖ്യാനം. മലയാള പരിഭാഷ തയ്യാറാക്കിയ ഒ.എം.സി. നമ്പൂതിരിപ്പാട് താൻ സായണനെയാണ് ആശ്രയിക്കുന്നതെന്ന് അതിൽതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വേദകാലത്തിനു ശേഷം വികസിച്ചതും ഉപനിഷത്തുകളിൽ തിളങ്ങുന്നതുമായ ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് സായണൻ സൂക്തങ്ങൾ വ്യാഖ്യാനിച്ചത്. വൈദിക സമൂഹവും ഇതരസമൂഹങ്ങളും തമ്മിൽ പല നൂറ്റാണ്ടു കാലം നടന്ന സമ്പർക്കങ്ങളിലൂടെ രൂപപ്പെട്ടവയാണ് ഉപനിഷത്തിലെ ആശയങ്ങൾ. വൈദിക സമൂഹം സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചശേഷം, മറ്റുള്ളവരുടെ സംഭാവന മറച്ചുകൊണ്ട്, അവ തങ്ങളുടെ ബൌധികസമ്പത്താക്കുകയായിരുന്നെന്ന് ന്യായമായും അനുമാനിക്കാം.

“പുരാണേതിഹാസങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ മറ്റ് ചില ചരിത്ര വസ്തുതകൾ കൂടി തെളിയും. ഇന്ന് വ്യാപകമായി ആരാധിക്കപ്പെടുന്ന ദേവതകളെയെല്ലാം അവിടെ കാണാം. വേദങ്ങളിൽ അവരെ എളുപ്പത്തിൽ കണ്ടെത്താനാവില്ല. ചിലർ അവയിൽ പരാമർശിക്കപ്പെടുന്നതേയില്ല. ചിലർ ചെറിയ കഥാപാത്രങ്ങൾ മാത്രമാണ്. കൃഷ്ണൻ ശത്രുപക്ഷക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. ശിവന് നാലാം വേദമായ അഥർവത്തിൽ വലിയ സ്ഥാനമുണ്ട്. എന്നാൽ ഹോമത്തിലൂടെ ആരാധിക്കപ്പെടുന്ന ഒരു ദേവനല്ല. ചില പ്രാചീന കൃതികൾ മൂന്ന് വേദങ്ങളെ കുറിച്ചെ പറയുന്നുള്ളു. അതിന്റെ അടിസ്ഥാനത്തിൽ അഥർവം വേദേയിതര സമൂഹത്തിന്റേതാണെന്നും പിൽക്കാലത്ത് അതിന് വേദപദവി നൽകപ്പെടുകയായിരുന്നുവെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം ആരാധനാമൂർത്തികളെ ഉപേക്ഷിച്ചുകൊണ്ടും മറ്റ് ഭാരതീയ സമൂഹങ്ങളുടെ ആരാധനാമൂർത്തികളെ ഏറ്റെടുത്തുകൊണ്ടുമാണ് വൈദിക സമൂഹം ആധിപത്യം സ്ഥാപിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു.

“പല നൂറ്റാണ്ടുകളെടുത്താണ് വൈദിക സമൂഹം ഉപഭൂഖണ്ഡത്തിലാകെ ആധിപത്യം സ്ഥാപിച്ചത്. ഇന്നും വൈദികപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാർ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന മനുസ്മൃതിയും അർത്ഥശാസ്ത്രം പോലുള്ള ചില പഴയ കൃതികളും അതിന് അവർ അവലംബിച്ച മാർഗ്ഗങ്ങൾ മനസിലാക്കാൻ സഹായിക്കുന്നവയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീഹാറിലെ ഒരു ഗോത്രത്തിനു മേൽ വൈദിക സമൂഹം ആധിപത്യം സ്ഥപിച്ചതെങ്ങനെയെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരാധനാലയം മാറിയില്ല, ആരാധനാമൂർത്തി മാറിയില്ല. മാറിയത് പൂജാരി മാത്രം. ആദിവാസി പൂജാരിയെ മാറ്റി ബ്രാഹ്മണൻ അയാളുടെ ജോലി ഏറ്റെടുത്തു.

“വൈദിക സമൂഹം മറ്റ് സമൂഹങ്ങളുടെ ചരിത്രം വ്യാപകമായി തമസ്കരിച്ചതിന്റെ ഫലമായി സിന്ധുതട സംസ്കാരത്തെ കുറിച്ചും അശോക ചക്രവർത്തിയെ കുറിച്ചും വളരെക്കാലം ഭാരതീയർ അജ്ഞരായിരുന്നു. അശോകൻ പത്തൊമ്പതാം നൂറ്റാണ്ടിലും സിന്ധുതട സംസ്കാരം ഇരുപതാം നൂറ്റാണ്ടിലുമാണ് വീണ്ടെടുക്കപ്പെട്ടത്. രണ്ടും സാധ്യമാക്കിയത് വിദേശാധിപത്യമാണെന്നത് ലജ്ജയോടെ ഓർക്കേണ്ട വസ്തുതയാണ്.”.

ആഴ്ചപ്പതിപ്പിൽനിന്നുണ്ടായതിനു സമാനമായ അനുഭവം മാതൃഭൂമി ദിനപത്രത്തിൽ നിന്നുമുണ്ടായി. എം.എഫ്. ഹുസൈന് രാജാ രവിവർമ പുരസ്കാരം നൽകാനുള്ള എൽ.ഡി.എഫ്. സർക്കാർ തീരുമാനം വിവാദമായതിന്റെ ഫലമായാണെന്നു തോന്നുന്നു യു.ഡി.എഫ്. സർക്കാർ പുരസ്കാരം കേരളീയ ചിത്രകാരന്മാർക്കായി പരിമിതപ്പെടുത്താൻ തീരുമാനിക്കുകയുണ്ടായി. ആ തീരുമാനം ഉചിതമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ പറഞ്ഞതായി മാതൃഭൂമിയിൽ വായിച്ചു. ആ അഭിപ്രായത്തോടുള്ള യോജിപ്പ് അറിയിച്ചുകൊണ്ടും ഹുസൈൻ ഇന്ത്യ വിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പരമേശ്വരൻ പറഞ്ഞത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടും ഞാൻ പത്രാധിപർക്ക് ഒരു കത്തയച്ചു.

മാതൃഭൂമി തമസ്കരിച്ച ആ കത്തിലെ ഏതാനും വരികൾ ഇങ്ങനെ: “ഹുസൈൻ രാഷ്ട്രമൊട്ടാകെ രൂക്ഷമായ വിമർശനത്തിനു പാത്രമായിരുന്നെന്നും ഭാരതീയ സംസ്കാരത്തെ അവഹേളിക്കാൻ ചിത്രകലാപാടവം വിനിയോഗിച്ചതുകൊണ്ടാണ് രാജ്യം വിടേണ്ടി വന്നതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവം അർദ്ധസത്യം എന്ന വിശേഷണം പോലും അർഹിക്കുന്നില്ല. പരമേശ്വരൻ പിന്തുടരുന്ന പ്രത്യശാസ്ത്രത്തിന്റെ സ്വാധീനത്തിൽ പെട്ടവർ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കീഴ്കോടതികളിൽ അദ്ദേഹം സൂചിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് ഹുസൈനെതിരെ രണ്ടായിരത്തില്പരം കേസുകൾ ഫയൽ ചെയ്തതിന്റെ ഫലമായി ശിഷ്ടജീവിതം കോടതി വരാന്തകളിൽ കഴിയേണ്ട അവസ്ഥയുണ്ടായതുകൊണ്ടാണ് വന്ദ്യവയോധികനായ കലാകാരൻ ഇന്ത്യ വിട്ടത്. ആദ്യം ഫയൽ ചെയ്ത കേസുകളെല്ലാം ഹുസൈന്റെ അഭ്യർത്ഥനപ്രകാരം സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ആ കോടതി ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നു പറഞ്ഞുകൊണ്ട് അവ തള്ളി. സുപ്രീം കോടതി ആ വിധി ശരിവെക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുത്വവാദികൾ ഹുസൈനെതിരായ പ്രവർത്തനം തുടർന്നു. അവർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ജീവനു ഭീഷണി ഉയർത്തുകയും ചെയ്തു. സംഘടനകളുടെ പേരുകളിൽ രാഷ്ട്രീയ, ഭാരതീയ തുടങ്ങിയ വിശേഷണങ്ങൾ ഉള്ളതുകൊണ്ട് അവരുടെ വികാരം രാഷ്ട്രത്തിന്റെ വികാരമാകുന്നില്ല, അവരുടെ സങ്കല്പത്തിലുള്ള സാംസ്കാരം ഭാരതീയ സംസ്കാരം ആകുന്നുമില്ല. അവർക്ക് ആക്ഷേപകരമായ ചില ചിത്രങ്ങൾ ഹുസൈൻ പത്തൊ പതിനഞ്ചൊ കൊല്ലം മുമ്പ് വരച്ചവയായിരുന്നു. അവക്കെതിരായി വൈകിയുണ്ടായ വികാരപ്രകടത്തിനു പിന്നിൽ സംഘടിതശക്തികൾ പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തം.

“ഹിന്ദുത്വ ചിന്താഗതിക്കാരായ രണ്ടു പേർ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകിയതുകൊണ്ടാണ് രവിവർമ പുരസ്കാരം ഹുസൈന് നൽകാനാവാഞ്ഞത്. സ്റ്റേ നീക്കിക്കിട്ടാൻ കോടതിയെ സമീപിക്കാനുള്ള ധാർമികധൈര്യം പുരസ്കാരം പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിനുണ്ടായില്ല. ഇപ്പോഴത്തെ സർക്കാരിനും അതില്ല. ഹർജിക്കാരൊ എതിർകക്ഷികളൊ വിചാരണ ആവശ്യപ്പെടാത്തതുകൊണ്ട് കേസ് കോടതിയിൽ പൊടിപിടിച്ചു കിടക്കുന്നു.”

ഇത്തരം വസ്തുതകൾ ആളുകൾ അറിഞ്ഞാൽ തകർന്നു വീഴാവുന്നത്ര ദുർബലമല്ല ഹിന്ദു മതം. പക്ഷെ മതവികാരത്തെ സാമൂഹികമൊ രാഷ്ട്രീയമൊ ആയ താല്പര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നതിന് പ്രതിലോമശക്തികൾ ആശ്രയിക്കുന്ന കെട്ടുകഥകൾ പൊളിഞ്ഞുവീണെന്നിരിക്കും. -- മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 727, ജനുവരി 23, 2012

No comments: