Tuesday, November 15, 2011

ആഭാസങ്ങൾ ഏറ്റുമുട്ടുന്ന രാഷ്ട്രീയച്ചന്ത

ബി.ആർ.പി. ഭാസ്കർ

പത്രപ്രവർത്തകനെന്ന നിലയിലുള്ള തന്റെ ദീർഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ പുസ്തകത്തിന് കെ. സി. ജോൺ നൽകിയ പേര് “കേരള രാഷ്ട്രീയം - ഒരു അസംബന്ധ നാടകം” എന്നായിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ആ വിശേഷണം “ഒരു ആഭാസ നാടകം” എന്ന് തിരുത്തുമായിരുന്നു.
മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെയും ഭരണ മുന്നണി ചീഫ് വിപ്പ് പി.സി.ജോർജിന്റെയും പത്തനാപുരത്തെ ആഭാസകരമായ പ്രസംഗങ്ങൾ ഉയർത്തിയ കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ അതിരൂക്ഷമായ പ്രയോഗങ്ങൾ നടത്തിയ മന്ത്രിയെക്കൊണ്ട് അടുത്ത പ്രഭാതത്തിൽ തന്നെ പരസ്യമായി മാപ്പ് പറയിക്കാൻ മുഖ്യമന്ത്രിക്കായി. സർക്കാരിനുവേണ്ടി അദ്ദേഹം തന്നെ നിയമസഭയിൽ ഖേദം പ്രകടിപ്പിച്ചു. ഗണേശ് കുമാറിന്റെ മാപ്പ് ആത്മാർത്ഥമല്ലെന്ന് പറഞ്ഞുകൊണ്ട് സഭയിൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് ജോർജിൽ ആക്രമണം കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഖേദപ്രകടനങ്ങളെ അവഗണിക്കുന്ന പ്രതിപക്ഷ സമീപനം രാഷ്ട്രീയപ്രേരിതമാകയാൽ അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് ഭരണപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിൽ വിഷയം വേഗം ഒഴിഞ്ഞുപോക്കാനിടയില്ല.

വാർത്താ അവതാരകർ ചായമിട്ട് ഒമ്പതു മണി ചർച്ചയ്ക്ക് സ്റ്റുഡിയോവിലേക്ക് കടക്കുമ്പോഴാണ് ചാനലുകൾക്ക് ഗണേശ് കുമാറിന്റെ പത്തനാപുരം പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കിട്ടിയത്. മിക്കവരും നിമിഷങ്ങൾക്കകം വിഷയം ചർച്ച ചെയ്യാൻ ആളുകളെ കണ്ടെത്തി. അതിനു കഴിയാതെ വന്ന ഒരു ചാനൽ മറ്റൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ക്ഷണിച്ച നേതാക്കളോട് ആദ്യം ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ഭാഗത്തുള്ളവരുടെ പ്രവൃത്തികളെ അന്ധമായി ന്യായീകരിക്കുന്ന പതിവ് രീതി ഇക്കാര്യത്തിൽ സ്വീകരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് മിക്ക യു.ഡി.എഫ് നേതാക്കളും ഉടൻ തന്നെ ഗണേശ് കുമാറിന്റെ പ്രസംഗത്തെ അപലപിച്ചു. അത്രത്തോളം പോകാൻ കഴിയാത്ത ചിലർ പ്രസംഗത്തെ തള്ളിപ്പറയുന്നതോടൊപ്പം അതിന് പരോക്ഷമായ ബ്യായീകരണം നൽകാനും ശ്രമിച്ചു.

ജോർജിന്റെ പ്രസംഗം രാത്രി ചർച്ച കഴിഞ്ഞശേഷം എത്തിയതുകൊണ്ട് പ്രതികരണവും വൈകി. താരതമ്യേന മയമുള്ള പ്രയോഗങ്ങളാണ് ജോർജ് നടത്തിയതെങ്കിലും പ്രതിപക്ഷം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത് അതിലെ സ്ത്രീ പട്ടികജാതി ഘടകങ്ങൾ കൂടുതൽ ലാഭകരമായി പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലാകണം.
ഗണേശ് കുമാറിന്റെയും ജോർജിന്റെയും ആഭാസ പ്രയോഗങ്ങൾ കേൾവിക്കാരായ കേരളാ കോൺഗ്രസ് അണികളെ ആവേശഭരിതരാക്കിയെന്ന് പത്തനാപുരത്തു നിന്നുള്ള ചാനൽ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉച്ചഭാഷിണി വന്ന കാലം മുതൽ അത് പ്രാസംഗികരിൽ ആവേശം ജനിപ്പിക്കുകയും അവർ അത് തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ശ്രോതാക്കൾക്ക് പകരുകയും ചെയ്തുപോരുന്നുണ്ട്. ചാനൽ മൈക്രോഫോണും തത്സമയ സംപ്രേഷണവും കൂടി വന്നതോടെ ആവേശത്തിന്റെ ഒഴുക്ക് പല മടങ്ങ് വർദ്ധിച്ചു. ആ പ്രക്രിയ ഇപ്പോഴും തുടരുകയാണെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ പൂരപ്പാട്ടുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.

നേതാക്കൾ വാ തുറക്കുമ്പോൾ പുറത്തേക്കൊഴുകുന്നത് രാഷ്ട്രീയം ഉല്പാദിപ്പിക്കുന്ന ആഭാസമാണ്. മൂന്ന് പതിറ്റാണ്ടു കാലമായി കാതലായ മാറ്റ്ം കൂടാതെ നിലനിൽക്കുന്ന ഇരുമുന്നണി സംവിധാനത്തിന്റെ കോട്ടങ്ങളുടെ പട്ടികയിൽ ആഭാസോല്പാദനം ഉയർന്ന സ്ഥാനമർഹിക്കുന്നു. പലപ്പോഴും ആഭാസം പ്രകടമാകുന്നത് ഭാഷയിലാണ്. എഴുത്തുകാർ ആവശ്യത്തിനൊത്ത് ഭാഷ രൂപപ്പെടുത്തുന്നതിന് സി.വി. രാമൻപിള്ള മുതൽ ഒ.വി.വിജയനും കാക്കനാടനും വരെ നിരവധി ഉദാഹരണങ്ങൾ നിരത്താനാവും. അതുപോലെതന്നെ രാഷ്ട്രീയ നേതാക്കളും അവരവരുടെ ആവശ്യത്തിനൊത്ത ഭാഷ രൂപപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ ഗാന്ധിയുടെ ലാളിത്യം പാലിച്ചയാളാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ ഭാഷ ഗാന്ധിയുടേതായിരുന്നില്ല. മറ്റ് കക്ഷികളിൽ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ആവശ്യത്തിനൊത്ത ഭാഷ രൂപപ്പെടുത്തുന്നതിൽ ആദ്യകാലത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായി ‘മൂരാച്ചി’ പോലെയുള്ള ചില അസുലഭ പദങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ആക്ഷേപകരമല്ലാത്ത വാക്കുകളുപയോഗിച്ച് ആക്ഷേപകരമായ സാഹചര്യം സൃഷ്ടിക്കാൻ ഇ.എം.എസിന് കഴിഞ്ഞിരുന്നു. (‘ആന്റണികരുണാകരപ്രഭൃതികൾ’ എന്നെഴുതിക്കൊണ്ട് അദ്ദേഹം വായനക്കാരിൽ ആ നേതാക്കൾ മോശക്കാരാണെന്ന ധാരണയുണ്ടാക്കിയത് കൌതുകകരമായി തോന്നിയ ഈ ലേഖകൻ ഒന്നൊ രണ്ടൊ അവസരങ്ങളിൽ അദ്ദേഹത്തിന്റെ പ്രഭൃതിപ്രയോഗം അനുകരിക്കുകയുണ്ടായി.) അദ്ദേഹത്തിന്റെ ഭാഷയിൽ ആഭാസത്തിന്റെ അംശം ലവലേശമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിൻമുറക്കാർ വ്യത്യസ്തമായ ഭാഷ രൂപപ്പെടുത്തിറ്യിരിക്കുന്നു.

ഗണേശ് കുമാറിന്റെയും പി.സി. ജോർജിന്റെയും പത്തനാപുരം പ്രസംഗത്തിലും ശരീരഭാഷയിലും മാടമ്പിത്തത്തിന്റെ അംശങ്ങളുണ്ടായിരുന്നു. ആ നിലയ്ക്ക് അവരുടേ വാക്കുകളെ ഫ്യൂഡൽകാല അശ്ലീല-ദ്വയാർത്ഥപ്രയോഗങ്ങളുടെ തുടർച്ചയായിട്ടാണ് കാണേണ്ടത്. എന്നാൽ തനിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ വനിതയെക്കുറിച്ച് മുനവെച്ച പദപ്രയോഗം നടത്തിയത് മാടമ്പിത്ത പാരമ്പര്യം ആരോപിക്കാനാവാത്ത വി.എസ്. അച്യുതാനന്ദനാണ്. ആഭാസം അശ്ലീലത്തിന്റെ രൂപത്തിൽ മാത്രമല്ല വെളിപ്പെടുന്നത്. അധികാര രാഷ്ട്രീയം പകർന്നു നൽകുന്ന അഹങ്കാരത്തിന്റെ രൂപത്തിലും അത് പ്രകടമാകാറുണ്ട്. എസ്.എഫ്.ഐ. നേതാവ് പല്ലടിച്ച് കൊഴിക്കുമെന്ന് ഭീഷണി മുഴക്കുമ്പോൾ അതിനെ ചെറുപ്പക്കാരന്റെ ചോരത്തിളപ്പായൊ മന്ത്രിയാകാനുമുള്ള തത്രപ്പാടായൊ കാണാവുന്നതാണ്. വിദ്യാർത്ഥികളുടെ നേർക്ക് കൈത്തോക്കുപയോഗിച്ച പൊലീസുദ്യോഗസ്ഥന്റെയും ആ മനുഷ്യനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും നടപടികൾ ന്യായീകരിക്കാവുന്നതല്ല. കോഴിക്കോട്ട് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടിയതിനുശേഷം തെക്കെവിടെയോ ഉള്ള ആ പൊലീസുദ്യോഗസ്ഥന്റെ വീടിനു നേരെയും മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിനു നേരേയും നടന്ന അക്രമങ്ങളും അതുപോലെ തന്നെ ന്യായീകരണമില്ലാത്തവയാണ്. തോക്കുപയോഗിച്ച പൊലീസുദ്യോഗസ്ഥനെ യൂണിഫോമിലല്ലാതെ കണ്ടാൽ തല്ലാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്ത മുതിർന്ന നേതാവും യൂണിഫോമിൽ കണ്ടാലും തല്ലാമെന്ന് പറഞ്ഞ അതിലും മുതിർന്ന നേതാവും ആഭാസരാഷ്ട്രീയത്തിന്റെ ആൾരൂപങ്ങളാണ്. അക്രമത്തേക്കാൾ വലിയ ആഭാസമില്ല.

കേരളം ഇന്ന് വ്യത്യസ്ത ആഭാസങ്ങൾ ഏറ്റുമുട്ടുന്ന രാഷ്ട്രീയച്ചന്തയാണ്. എന്നാൽ രാഷ്ട്രീയ കക്ഷികളിൽ നിന്ന് മാത്രമല്ല ആഭാസപ്രകടനങ്ങളുണ്ടാകുന്നത്. ഒരു ക്രൈസ്തവ സഭയുടെ നേതാക്കളാണ് അടുത്ത കാലത്ത് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ നേർക്ക് നടന്ന അക്രമത്തിനു പിന്നിലുണ്ടായിരുന്നതെന്ന് ആർക്കാണറിയാത്തത്?

പൊതുമണ്ഡലത്തിൽ ശക്തിപ്പെട്ടിട്ടുള്ള ആഭാസരാഷ്ട്രീയം നിയമസഭയിൽ പ്രതിഫലിക്കുന്ന കാഴ്ചകൾക്ക് നാമിപ്പോൾ നിത്യേബ്ന സാക്ഷ്യം വഹിക്കുകയാണ്. സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി അധ്യക്ഷവേദിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളും ജീവനക്കാരി വീഴുന്നതുകണ്ട് സ്ത്രീപീഡനം എന്ന് മുറവിളി കൂട്ടിയ ഭരണപക്ഷാംഗങ്ങളും, ഇറങ്ങിവാടാ എന്ന് ആക്രോശിച്ച പ്രതിപക്ഷാംഗങ്ങളും അതുകേട്ട് മേശയ്ക്ക് മുകളിലൂടെ ചാടിയിറങ്ങി അവരെ നേരിടാൻ മുതിർന്ന മന്ത്രിയുടെയുമൊക്കെ പ്രകടനങ്ങൾ ആഭാസത്തിന്റെ പരിധിയിൽ പെടും. മന്ത്രിയുടെ മുണ്ട് നീക്കത്തെപ്പറ്റിയുള്ള പ്രതിപക്ഷ നേതാവിന്റെ വിവരണം സഭാനടപടികളെ ‘എ’ സർട്ടിഫിക്കറ്റ് സിനിമയുടെ തലത്തിലെത്തിച്ചു. ചാനൽ ക്യാമറകൾ എല്ലാം ഉടനുടൻ നമ്മുടെ വീടുകളിലെത്തിച്ചു. സംഭവങ്ങൾക്ക് വാർത്താ പ്രാധാന്യമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പരമ്പരാഗത മാധ്യമപ്രവർത്തനത്തിൽ വിവരങ്ങൾ ശേഖരിക്കൽ (gathering), തയ്യാറാക്കൽ (processing) വിതരണം ചെയ്യൽ (dissemination) എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയിരുന്നു. തൽസമയ സംപ്രേഷണ കാലത്ത് രണ്ടാമത്തെ പ്രക്രിയയുടെ പ്രസക്തി കുറയുകയും അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്താണ് വാർത്ത, ആരൊക്കെയാണ് വാർത്താസ്രോതസുകൾ, അവരിൽ നിന്ന് എന്തൊക്കെയാണ് സ്വീകരിക്കാവുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിവേചനബുദ്ധിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനാവാത്ത സാഹചര്യം സംജാതമായിരിക്കുന്നു. സൌമ്യ വധക്കേസിൽ വിചാരണക്കോടതി തീർപ്പു കല്പിച്ച ദിവസം ഒരു ചാനൽ ആ യുവതിയുടെ അമ്മയുടെ പ്രതികരണം തേടി. “എന്റെ മകളെ പിച്ചിച്ചീന്തിയെപോലെ അയാളെ പിച്ചിച്ചീന്തണം“ എന്ന അവരുടെ അഭിപ്രായം സത്യസന്ധമായി അത് പ്രേക്ഷകരിലെത്തിച്ചു. ഈ തോതിലുള്ള സത്യസന്ധത ആഭാസത്തിന് പ്രചാരം നൽകുകയും ഒരളവു വരെ അതിന് കേരള സമൂഹത്തിൽ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തെയും മാധ്യമപ്രവർത്തനത്തെയും ആഭാസത്തിൽ നിന്ന് എങ്ങനെ കരകയറ്റാമെന്ന് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചിന്തിച്ചു തുടങ്ങേണ്ട കാലമായി. സമൂഹത്തിനു ഗുണകരമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സമയമാണ് ആഭാസം കയ്യടക്കുന്നത്. അതുകൊണ്ട് പൊതുസമൂഹത്തിന് ഇതിനെ ബന്ധപ്പെട്ട മേഖലകളിലുള്ളവർ പരിഹാരം കാണേണ്ട ഒരു പ്രശ്നമായി കണ്ടുകൊണ്ട് വിട്ടുനിൽക്കാനാവില്ല. (മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 717, നവംബർ 14, 2011)

1 comment:

Anonymous said...

താങ്കള്‍ പറയുന്ന പ്രശ്നത്തിന്റെ കാരണം മാധ്യമങ്ങള്‍ ആണ്. ഈ ആഭാസങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒന്ന്‍ നിര്‍ത്തി നോക്ക്. മുല്യമുള്ള കാര്യങ്ങള്‍ മാത്രം പറയുന്നവര്‍ക്ക് സമയവും സ്ഥലവും കൊടുക്ക്. മറ്റുള്ളവരെ അവഗണിക്കു. സ്ഥാനമല്ല നോക്കേണ്ടത്.