Sunday, June 26, 2011

മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്: സ്വാശ്രയപ്രശ്നം ഇക്കൊല്ലം തന്നെ പരിഹരിക്കണം

ശ്രീ. ഉമ്മൻ ചാണ്ടി,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി.

ആദരണീയനായ മുഖ്യമന്ത്രി,

പത്തു കൊല്ലമായി കേരളത്തിന്റെ മുന്നിൽ കീറാമുട്ടിയായി നിൽക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിന് ഇക്കൊല്ലം തന്നെ ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കാനാണ് ഈ കത്ത്.

അഞ്ചു കൊല്ലം യു.ഡി.എഫും അഞ്ചു കൊല്ലം എൽ.ഡി.എഫും ഭരണത്തിലിരുന്നുകൊണ്ട് ഈ പ്രശ്നവുമായി മല്ലടിച്ചു. അഞ്ചു കൊല്ലം വീതം ഇരുമുന്നണികളും (പ്രധാനമായും വിദ്യാർത്ഥി സംഘടനകളെ ഉപയോഗിച്ച്) പ്രതിപക്ഷത്തിരുന്നുകൊണ്ടും മല്ലടിച്ചു. കൂടാതെ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാലമത്രയും മല്ലടിച്ചു. പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.

എ.കെ. ആന്റണിയാണ് 2001ൽ 12 സ്വകാര്യ പ്രൊഫഷനൽ കോളെജുകൾക്ക് അനുമതി നൽകിക്കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ ഘട്ടത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തു നിന്നുള്ള ധാരാളം കുട്ടികൾ ഓരോ കൊല്ലവും വൻതുകകൾ തലവരിയായി നൽകി അയൽ സംസ്ഥാനങ്ങളിൽ പ്രവേശനം നേടുന്നുണ്ടായിരുന്നു. പുറത്തേക്ക് ഒഴുകുന്ന പണം ഇവിടെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് ആ തീരുമാനം എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

സ്വാശ്രയ സ്ഥാപനങ്ങൾ പകുതി സീറ്റുകളിലേക്ക് സർക്കാരിന്റെ മെറിറ്റ് ലിസ്റ്റിൽ നിന്ന് പ്രവേശനം നടത്തണമെന്നും അങ്ങനെ പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് സർക്കാർ കോളെജുകളിൽ നിലവിലുള്ള ഫീസ് മാത്രമെ വാങ്ങാവൂ എന്നും ആന്റണി നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ “രണ്ട് സ്വകാര്യ കോളെജുകൾ സമം ഒരു സർക്കാർ കോളെജ്“ എന്ന സുന്ദരമായ സമവാക്യവും അദ്ദേഹം രൂപപ്പെടുത്തി. എന്നാൽ മാനേജ്മെന്റുകളെ ഈ നിബന്ധനകൾ പാലിക്കുന്നതിന് നിർബന്ധിക്കുന്ന നിയമമൊ ചട്ടമൊ സർക്കാർ ഉണ്ടാക്കിയില്ല: സാമ്പത്തികശേഷിയുള്ള പല വിഭാഗങ്ങളും പ്രൊഫഷണൽ കോളെജുകൾ തുടങ്ങാൻ അനുമതി നേടുകയും മുഴുവൻ സീറ്റുകളും കിട്ടാവുന്ന വിലയ്ക്ക് വിൽക്കുകയും ചെയ്തു തുടങ്ങി. ഈ സ്ഥിതി നിയന്ത്രിക്കാൻ സർക്കാരിനൊ കോടതികൾക്കൊ കഴിയാത്തത് ലജ്ജാകരമാണ്.

ഓരോ കോളെജ് വർഷം തുടങ്ങുമ്പോഴും മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച തുടങ്ങും. ക്ലാസുകൾ തുടങ്ങേണ്ട സമയമാകുമ്പൊഴേക്കും സർക്കാർ പൂർണ്ണമായൊ ഭാഗികമായൊ കീഴടങ്ങിക്കൊണ്ട് ചർച്ച അവസാനിക്കും. അതോടൊപ്പം അടുത്ത അധ്യയന വർഷം ശാശ്വതപരിഹാരം കണ്ടെത്തുമെന്ന പ്രഖ്യാപനവുമുണ്ടാകും. അടുത്ത കൊല്ലവും ഇതേ നാടകം അരങ്ങേറും.

സർക്കാരിനു പുറത്തും നാടകങ്ങളുണ്ടാകും. വിദ്യാർത്ഥി സംഘടനകൾ സ്വാശ്രയ കോളെജുകളിലേക്ക് മാർച്ച് നടത്തും, നേതാക്കൾ തീപ്പൊരി പ്രസംഗങ്ങൾ നടത്തും. പിന്നെ അടിച്ചുതകർക്കൽ, കല്ലേറ്, ലാത്തിച്ചാർജ്, വെള്ളംചീറ്റൽ തുടങ്ങിയ പരിപാടികളുണ്ടാകും. അനന്തരം ഒരു കൊല്ലത്തേക്ക് എല്ലാം ശാന്തം.

ഇപ്പോൾ മനേജ്മെന്റൂകളുമായി സർക്കാർ നടത്തുന്ന ചർച്ചയും ജൂലൈ 15 മുതൽ പ്രക്ഷോഭം തുടങ്ങുമെന്ന പ്രതിപക്ഷത്തിന്റെ അറിയിപ്പും ചാക്രിക പരിപാടികളുടെ തുടർച്ചയെ സൂചിപ്പിക്കുന്നു.

ഇരുഭാഗത്തെയും യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം ഈ വാർഷിക പരിപാടികൾ ഗുണകരമാണ്. മാനേജ്മെന്റുകൾക്ക് തുടർന്നും തന്നിഷ്ടപ്രകാരം പ്രവേശനം നടത്താനാകുന്നു. വിദ്യാർത്ഥി നേതാക്കൾക്ക് കഴിവ് തെളിയിച്ച് രാഷ്ട്രീയ ഭാവി ഉറപ്പാക്കാൻ കഴിയുന്നു. കക്ഷിനേതാക്കൾക്ക് ബന്ധുക്കൾക്ക് മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടാനാകുന്നു. രാഷ്ട്രീയ സ്വാധീനമൊ സാമ്പത്തികശേഷിയൊ ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് മാത്രം അത് ദോഷം ചെയ്യുന്നു.

തികച്ചും യാദൃശ്ചികമായി ഇക്കൊല്ലം ഒരു കോൺ‌ഗ്രസ് നേതാവും ഒരു മുസ്ലിം ലീഗ് നേതാവും (ഇരുവരും അപ്പോൾ മന്ത്രിപദം കാത്തിരിക്കുകയായിരുന്നു) ഒരു സി.പി.എം. നേതാവും പണം കൊടുത്ത് മക്കൾക്ക് സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ പ്രവേശനം നേടിയ വസ്തുത പുറത്തു വരികയും മൂവരും സീറ്റുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഇതിൽ രണ്ട് സീറ്റുകൾ വിറ്റത് പരിയാരം മെഡിക്കൽ കോളെജിന്റെ ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിന്റെ ഉന്നത നേതാവായ എം.വി.ജയരാജനാണ്. എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ജയരാജൻ പറയുന്നു. അതു ശരിയാണു താനും. കാരണം ഇന്ന് നിയമതടസം കൂടാതെ സ്വാശ്രയ കോളെജുകൾക്ക് സീറ്റ് വിൽക്കാനും കാശുള്ളവർക്ക് അവ വാങ്ങാനും കഴിയും. എന്നിട്ടും മൂന്നു പേർക്ക് വങ്ങിയ സീറ്റ് തിരിച്ചു നൽകേണ്ടി വന്നത് ഇടപാടുകളിൽ പണത്തിന്റെ സ്വാധീനം കൂടാതെ രാഷ്ട്രീയ സ്വാധീനവും അടങ്ങിയിരുന്നതുകൊണ്ടാണ്.

സർക്കാരുകൾ പത്തു കൊല്ലം നടത്തിയ ശ്രമങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടെന്ന് പറയാനാവില്ല. രണ്ട് വിഷയങ്ങളാണ് പ്രശ്നത്തിൽ അടങ്ങിയിരിക്കുന്നത്. ഒന്ന് ഫീസ് നിരക്കുകളെ സംബന്ധിക്കുന്നത്. മറ്റേത് സീറ്റുകളെ സംബന്ധിക്കുന്നത്. ഈ രണ്ട് കാര്യങ്ങളിലും ചില മാനേജ്മെന്റുകളുടെ സമീപനത്തിൽ അല്പം മാറ്റം ഉണ്ടായിട്ടുണ്ട്.

ഫീസ് നിരക്കുകൾ നിശ്ചയിക്കാൻ ഒരു മുൻ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി നിലവിലുണ്ട്. മാനേജ്മെന്റുകൾ അതിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്തപ്പോൾ കോടതി അവ റദ്ദാക്കുകയും സ്വന്തം തീരുമാനം നൽകുകയും ചെയ്തു. കമ്മിറ്റി അതിനെതിരെ അപ്പീൽ നൽകിയപ്പോൾ അതിനുള്ള അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു. നിലവിലുള്ള സമിതിക്ക് നിയമപരമായി നിലനിൽക്കുന്ന തീരുമാനങ്ങൾ എടുക്കാനാവുന്നില്ലെങ്കിൽ അതിനെ പിരിച്ചുവിട്ട് മറ്റൊന്നിനെ നിയോഗിക്കാൻ സർക്കാർ തയ്യാറാകണം.

സീറ്റുകളെ കാര്യത്തിൽ 50:50 ഫോർമുല ഭൂരിപക്ഷം സ്വകാര്യ കോളെജുകളും തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ക്രൈസ്തവ മാനേജ്മെന്റുകളുടെ സംഘടന മാത്രമാണ് അത് അംഗീകരിക്കാത്തത്. കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി ഇന്റർചർച്ച് കൌൺസിൽ പ്രതിനിധികളുമായി സംഭാഷണം നടത്തിയശേഷം ഇക്കൊല്ലം മുഴുവൻ സീറ്റുകളിലും സ്വന്തമായി പ്രവേശനം നടത്താൻ ക്രൈസ്തവ മാനേജ്മെന്റുകളെ അനുവദിച്ചതായും അടുത്ത കൊല്ലം ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സഭയുടെ വിശ്വസ്ത വിധേയനായി കരുതപ്പെടുന്ന മാണിയെ കൌൺസിലുമായുള്ള ചർച്ചയെ നയിക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തിയത് ഭീമമായ അബദ്ധമായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി മാണി കമ്മിറ്റി ഇന്റർചർച്ച് കൌൺസിലുമായുണ്ടാക്കിയ ധാരണ മറ്റ് സ്വകാര്യ മാനേജ്മെന്റുകളെ നേരത്തെ അംഗീകരിച്ച 50:50 ഫോർമുലയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ ഇതിനകം ഉണ്ടായ നേട്ടം അത് അപകടത്തിലാക്കിയിരിക്കുന്നു. ഇത് തടഞ്ഞെ മതിയാകൂ.

കോൺ‌ഗ്രസും സി.പി.എമ്മും ഉൾ‌പ്പെടെ മിക്ക രാഷ്ട്രീയ കക്ഷികളും 50:50 ഫോർമുല അംഗീകരിച്ചിട്ടുണ്ട്. എസ്.എഫ്.ഐയും കെ.എസ്.യു.വും എ. ഐ.എസ്.എഫും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും അതിനെ അനുകൂലിക്കുന്നു. കക്ഷികളും വിദ്യാർത്ഥി സംഘടനകളും ഒന്നിച്ചു നിൽക്കാതെ താത്കാലിക രാഷ്രീയ ലാഭം നോക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ് സ്വകാര്യ മാനേജ്മെന്റുകൾക്ക് ബഹുജനതാല്പര്യങ്ങൾ ധാർഷ്ട്യപൂർവം അവഗണിക്കാൻ കഴിയുന്നത്.

ഇന്റർചർച്ച് കൌൺസിലിന്റെ കീഴിൽ അമല (തൃശ്ശൂർ), ജൂബിലി മിഷൻ (തൃശ്ശൂർ), മലങ്കര ഓർത്തൊഡോക്സ് സിറിയൻ (കോലഞ്ചേരി), പുഷ്പഗിരി (തിരുവല്ല) എന്നിങ്ങനെ നാല് മെഡിക്കൽ കോളെജുകളാണുള്ളത്. നാലും നിരവധി വിദ്യാർത്ഥി പ്രകടനങ്ങൾക്ക് വേദിയായിട്ടുണ്ട്. സമരങ്ങൾ വിഭാഗീയാടിസ്ഥാനത്തിലുള്ളവയും അക്രമസ്വഭാവം മൂലം അവയ്ക്ക് വേണ്ടത്ര ജനപിന്തുണയില്ലാത്തവയും ആയതു കൊണ്ടാണ് മാനേജ്മെന്റുകൾക്ക് അവയെ മറികടക്കാനാകുന്നത്. അവരുടെ നയം മൂലം അവസരങ്ങൾ നഷ്ടപ്പെടുന്ന ബഹുജനങ്ങൾ മുന്നോട്ടു വന്ന് സമാധാനപരമായി ഉപരോധം തീർത്താൽ അതിനെ മറികടക്കാൻ അവർക്കാകില്ല. അങ്ങനെയൊരു ജനമുന്നേറ്റം ഒഴിവാക്കാനുള്ള അവസാന അവസരം ഇതാണ്. സ്വാശ്രയപ്രശ്നത്തിന് ശാശ്വതപരിഹാരം ഇക്കൊല്ലം തന്നെ ഉണ്ടാകണമെന്ന ഉറച്ച നിലപാട് എടുത്തുകൊണ്ട് ഈ മെഡിക്കൽ കോളെജുകളെയും ഡീംഡ് യൂണിവേഴ്സിറ്റി പദവിയുടെ ബലത്തിൽ സർക്കാർ മെറിറ്റ് ലിസ്റ്റ് അവഗണിക്കുന്ന അമൃതയുടെയും മാനേജ്മെന്റുകളെ ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി മുൻ‌കൈ എടുക്കണം. വലിയ തോതിൽ കച്ചവടം നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായാൽ മറ്റ് രംഗങ്ങളുടെ ശുദ്ധീകരണം എളുപ്പമാകും.

ഇക്കാര്യത്തിൽ അടിയന്തിരമായ ശ്രദ്ധ പതിയുമെന്ന പ്രതീക്ഷയോടെ,

ബി.ആർ.പി.ഭാസ്കർ
ജൂൺ 21, 2011

(കേരളശബ്ദം)

3 comments:

Sreekumar B said...

സ്വാശ്രയ കോളേജുകളെ പറ്റി പറയുമ്പോള്‍ എല്ലാവരും മറക്കുന്ന ഒരു കാര്യമുണ്ട്. അവിടെ ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍. പല സ്ഥാപനങ്ങളും (സര്‍കാര്‍ സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പടെ) അവിടെ ജോലി ചെയ്യുന്ന അധ്യാപകര്‍, മറ്റു താല്‍ക്കാലിക ജീവനക്കാര്‍ തുടങ്ങിയവരെ ചൂഷണം ചെയ്യുകയും അവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും കൊടുക്കാതെയും ആണ് നടത്തുന്നത്. ഇതിനു ഒരു പരിഹാരം ഉടന്‍ ആവശ്യമാണ്‌. ഇവിടെ ലാഭം ഉണ്ടാക്കാന്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെയും അധ്യാപരുടെയും കാര്യത്തില്‍ അവര്‍ക്ക് അന്തസ്സായ സേവന വേതന വ്യവസ്ഥകള്‍ നല്‍കി മാത്രം ലാഭം കൊയ്തല്‍ മതി.

Anonymous said...

യൂനിവേര്ഴ്സിടികള്‍ നേരിട്ട് നടത്തുന്ന അനേകം സ്വാശ്രയ കോളേജുകള്‍ ഉണ്ട്. അവിടെയും അധ്യാപകരെ ചൂഷണം ചെയ്തു പോരുന്നു. അന്തസ്സായ ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പോലും മടിയാണ്. അധ്യാപകരെ ചൂഷണം ചെയ്ത പൈസയാണ് പല ബി.എഡ് കോളേജുകളുടെയും വരുമാനം. ഇവിടെ എങ്ങിനെ രക്ഷപ്പെടും? ഇത് വായിക്കുക http://educationkerala.wordpress.com/

prasidheekarannayogyamallaatha kavithakal said...

ബാൽതാക്കറയോട് ..മതേതരത്വം വേണം എന്ന് പറയുമ്പോലെ...