Saturday, May 21, 2011

മാധ്യമപ്രവർത്തനം: മാറുന്ന മുഖം

ബി.ആർ.പി. ഭാസ്കർ

മാറ്റം തുടർച്ചയായി നടക്കുന്ന പ്രക്രിയയാണ്. ചിലപ്പോൾ അത് മെല്ലെസംഭവിക്കുന്നു. അതുകൊണ്ട് എളുപ്പം ശ്രദ്ധയിൽ പെട്ടില്ലെന്ന് വരും. മറ്റ് ചിലപ്പോൾ അത് വളരെ വേഗത്തിൽ സംഭവിക്കുന്നു. അതുകൊണ്ട് അത് പെട്ടെന്ന് ശ്രദ്ധയിൽ പെടുന്നു. മാത്രമല്ല അതുമായി എങ്ങനെ പൊരുത്തപ്പെടാമെന്ന് ചിന്തിക്കാൻ നാം നിർബന്ധിതരാവുകയും ചെയ്യുന്നു. അതിവേഗത്തിൽ മാറ്റങ്ങളുണ്ടാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അര നൂറ്റാണിലധികമായി പുതിയ സാങ്കേതികവിദ്യ പല മേഖലകളിലും അത്ഭുതാവഹമായ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലകളിലൊന്ന് മാധ്യമരംഗമാണ്. എല്ലാ മാറ്റങ്ങളും നല്ലതാകണമെന്നില്ല. വിവേകമുള്ള സമൂഹം നല്ല മാറ്റങ്ങളെയും ചീത്ത മാറ്റങ്ങളെയും വേർതിരിച്ചുകാണണം, നല്ലതിനെ പ്രോത്സാഹിപ്പിക്കണം, ചീത്തയെ നിരുത്സാഹപ്പെടുത്തണം.

1927ൽ ആദ്യ റേഡിയൊ സ്റ്റേഷൻ സ്ഥാപിതമാകുന്നതുവരെ ഇന്ത്യയിൽ അച്ചടിമാധ്യമങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മിക്കവയും ആനുകാലികങ്ങൾ. കേരളത്തിലെ വർത്തമാനപത്രങ്ങൾ ആഴ്ചയിൽ രണ്ടോ മുന്നോ ദിവസങ്ങളിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. അവ വായനക്കാരിലെത്തിയത് തപാൽ വഴിയും. പിന്നിട് ദിനപത്രങ്ങളുണ്ടായി. അങ്ങനെ ഓരോ ദിവസത്തെയും സംഭവവികാസങ്ങളെ കുറിച്ച് അന്ന് വൈകിട്ടൊ അടുത്ത പ്രഭാതത്തിലൊ അറിയാൻ കഴിയുന്ന അവസ്ഥയായി. ഇന്ന് വാർത്തക്കുവേണ്ടി അടുത്ത ദിവസത്തെ പത്രത്തിനായി കാത്തിരിക്കേണ്ടതില്ല. റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ സംസ്ഥാനത്തെയും രാജ്യത്തെയും ലോകത്തെയും പ്രധാന സംഭവവികാസങ്ങൾ നമുക്ക് അപ്പോഴപ്പോൾ അറിയാനാകുന്നു. ഇരുപത് കൊല്ലം മുമ്പു വരെ റേഡിയോയും ടെലിവിഷനും കേന്ദ്ര സർക്കാരിന്റെ കുത്തകയായിരുന്നു. ഉപഗ്രഹ സാങ്കേതികവിദ്യ വരികയും സർക്കാർ സാമ്പത്തിക ഉദാരവത്കരണ നയം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമായി സ്വകാര്യ സംരംഭകർക്ക് ഈ രംഗങ്ങളിലേക്ക് കടന്നുവരാനായി. ഇന്ന് രാജ്യത്ത് 500ലധികം സ്വകാര്യ ചാനലുകളുണ്ട്. അവയുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമങ്ങളുടെ വൈവിധ്യവും പെരുപ്പവും, തത്വത്തിൽ, അവയുടെ ഉപഭോക്താക്കളായ ജനങ്ങൾക്ക് ഗുണകരമാണ്. കാരണം അത് അവർക്ക് ഒന്നിന് പകരം മറ്റൊന്ന് തെരഞ്ഞെടുക്കാൻ അവസരം നൽകുന്നു. എന്നാൽ ബഹുഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളും ഒരേ തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതുകൊണ്ട്, വൈവിധ്യത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തപ്പെടുന്നു. അങ്ങനെ, ഫലത്തിൽ, തെരഞ്ഞെടുക്കാനുള്ള അവസരം ചുരുങ്ങുന്നു.

കേരളീയർക്ക് ഏറെ പരിചിതമായ മാധ്യമരൂപം അച്ചടി മാധ്യമമാണ്. അതിന് 150ൽ പരം കൊല്ലത്തെ ചരിത്രം പറയാനുണ്ട്. ഇന്ന് ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളിൽ 90 ശതമാനവും 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയശേഷം തുടങ്ങിയവയാണ്. എന്നാൽ രണ്ട് മലയാള ദിനപത്രങ്ങൾ 120ലധികം കൊല്ലം മുമ്പ് ആനുകാലികങ്ങളായി ആരംഭിച്ചവയാണ്. മൂന്നായി വിഭജിച്ചു കിടന്ന മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും ഒരു ഭരണസംവിധാനത്തിനു കീഴിൽ കൊണ്ടുവരുന്നതിലും അച്ചടിമാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ഒരു ചെറിയ കാലയളവിൽ മാത്രം നിലനിന്ന സ്വദേശാഭിമാനി പത്രം രണ്ട് കാരണങ്ങളാൽ ഇന്നും ഓർമ്മിക്കപ്പെടുന്നു. പത്രാധിപർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകിക്കൊണ്ട് അതിന്റെ ഉടമ വക്കം അബ്ദുൾ ഖാദർ മൌലവിയും ഭരണകൂട ദുഷ്ചെയ്തികളെ നിശിതമായി വിമർശിച്ചുകൊണ്ട് അതിന്റെ പത്രാധിപർ കെ. രാമകൃഷ്ണപിള്ളയും സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകകളായി.

ലോകത്തെ മറ്റ് ഭാഗങ്ങളിലെന്നപോലെ, കേരളത്തിലും, അച്ചടി മാധ്യമങ്ങളുടെ സ്വഭാവത്തിലും സമീപനങ്ങളിലും അടുത്ത കാലത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സാക്ഷരതയും വായനാശീലവും വളർന്നതും ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും പത്രങ്ങളുടെ പ്രചാരത്തിൽ വലിയ വർദ്ധനയുണ്ടാക്കി. ഇന്ന് രാജ്യത്ത് ഏറ്റവുമധികം പ്രചാരമുള്ള പത്ത് പത്രങ്ങളുടെ പട്ടികയിൽ രണ്ട് മലയാള പത്രങ്ങളുണ്ട്. എന്നാൽ സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആനുകാലികങ്ങളുടെ പ്രചാരത്തിൽ കഴിഞ്ഞ പതിറ്റാണ്ടു കാലത്ത് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ടെലിവിഷന്റെ വരവ് വായനയെ പ്രതികൂലമായി ബാധിച്ചതിന്റെ ഫലമായാവാം ഇത് സംഭവിച്ചത്. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ വായനക്കാരെ ആകർഷിക്കാനും ടെലിവിഷൻ ഉയർത്തുന്ന വെല്ലുവിളി നേരിടാനുമുള്ള ശ്രമത്തിലാണ് ദിനപത്രങ്ങളിപ്പോൾ.
ദൃശ്യമാധ്യമരംഗത്ത് വിസ്ഫോടനാത്മകമായ വളർച്ചയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാളി ഇന്ന് പ്രധാന സംഭവങ്ങളെ കുറിച്ച് ആദ്യം അറിയുന്നത് ടെലിവിഷനിലൂടെയാണ്. പക്ഷെ ആശയവിനിമയത്തിന് കൂടുതൽ ഉപയോഗപ്രദമായ മാധ്യമമെന്ന നിലയിൽ അച്ചടിക്ക് തുടർന്നും പ്രസക്തിയുണ്ട്. എന്നാൽ തങ്ങളുടെ ശക്തിയും ദൌർബല്യവും വ്യക്തമായി തിരിച്ചറിയാതെ ദൃശ്യമാധ്യമങ്ങളുമായി മത്സരിക്കാനുള്ള പ്രവണത ചില അച്ചടിമാധ്യമങ്ങളിൽ കാണാനുണ്ട്.

ആശയവിനിമയമാണ് തങ്ങളുടെ പ്രാഥമിക ദൌത്യമെന്ന് ആദ്യകാലത്ത് മാധ്യമങ്ങൾ വിശ്വസിച്ചിരുന്നു. ആശയങ്ങൾ പ്രചരിപ്പിക്കാനും അഭിപ്രായം സ്വരൂപിക്കാനും അവ ബോധപൂർവ്വം ശ്രമിച്ചു. ഇന്ന് അവ വ്യവസായങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. വിജയത്തിന്റെ അളവുകോൽ ലാഭമാണെന്ന ആഗോളീകൃതലോക തത്വം അവ സ്വീകരിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ, വാർത്താപംക്തികൾ പോലും വിറ്റ് പണം സമ്പാദിക്കുന്ന തലത്തിലേക്ക് മാധ്യമ പ്രവർത്തനം കൂപ്പുകുത്തിയിരിക്കുന്നു. മാധ്യമ നടത്തിപ്പുകാർക്ക്, തങ്ങളുടേത് ഏറ്റവും നല്ല പത്രമാണെന്നും, അല്ലെങ്കിൽ ഏറ്റവും നല്ല ചാനലാണെന്ന് അറിയപ്പെടാനല്ല, ഏറ്റവുമധികമാളുകൾ വായിക്കുന്ന പത്രം, അല്ലെങ്കിൽ ഏറ്റവുമധികമാളുകൾ കാണുന്ന് ചാനൽ എന്നറിയപ്പെടാനാണ് കൂടുതൽ ഇഷ്ടം. കൂടുതൽ ആളുകളെ ആകർഷിക്കാനായി നിലവാരം താഴ്ത്തുവാനും മടിയില്ലാത്ത ഉടമകളും മാധ്യമ പ്രവർത്തകരുമുണ്ട്. വായനക്കാരും പ്രേക്ഷകരും ഈ പ്രവണതക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. മാധ്യമങ്ങൾ ശീലങ്ങളാണ്. അവയിലൂടെ ചീത്ത ശീലങ്ങൾ ഉൾക്കൊണ്ടാൽ അവയുടെ സ്വാധീനത്തിൽ നിന്ന് മോചനം നേടാൻ കഴിയാതെ വന്നേക്കും. അതുകൊണ്ട് മാധ്യമങ്ങൾ ആശാസ്യമല്ലാത്ത രീതികൾ സ്വീകരിക്കുമ്പോൽ ജനങ്ങൾ അത് തിരിച്ചറിയുകയും അത് തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യണം.

സാമ്പ്രദായിക മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം ഏറെക്കുറെ ഏകപക്ഷീയമാണ്. മാധ്യമങ്ങൾ സംസാരിക്കുന്നു, ജനങ്ങൾ വായിക്കുകയും കാണുകയും കേൾക്കുകയും ചെയ്യുന്നു. എന്ത് എഴുതണമെന്നും എങ്ങനെ എഴുതണമെന്നും, അല്ലെങ്കിൽ എന്ത് കാണിക്കണമെന്നും കേൾപ്പിക്കണമെന്നും എങ്ങനെ കാണിക്കണമെന്നും കേൾപ്പിക്കണെമെന്നും, മാധ്യമങ്ങൾ തീരുമാനിക്കുന്നു. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ പരിമിതമായ അവസരം മാത്രമാണുള്ളത്. അവർ മാധ്യമങ്ങൾ നൽകുന്ന വിവരം നിശ്ശബ്ദരായി ഏറ്റുവാങ്ങുന്നു. ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള കഴിവ് ഇന്റർനെറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുതിയ മാധ്യമങ്ങളെ വ്യത്യസ്തമാക്കുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിയുന്ന ആർക്കും ഇന്ന് ബ്ലോഗ് തുടങ്ങിക്കൊണ്ടൊ ഫേസ്ബുക്ക്, ട്വിറ്റർ തുറങ്ങിയ സാമൂഹിക ശൃംഖലകളിൽ ചേർന്നുകൊണ്ടൊ സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരെ അറിയിക്കാനാകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏതൊരാൾക്കും സ്വയം മാധ്യമപ്രവർത്തകനാകാൻ കഴിയുന്നു, ഏതൊരു പ്രശ്നത്തിലും ഇടപെടാൻ കഴിയുന്നു.

ടുനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ സമീപകാലത്തുണ്ടായ ഭരണമാറ്റം സാധ്യമാക്കിയത് പുതുമാധ്യമങ്ങളാണ്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ചിലർ നടത്തിയ ആഹ്വാനങ്ങളെ തുടർന്ന് ജനങ്ങൾ പൊതുസ്ഥലങ്ങളിൽ തടിച്ചുകൂടി. അവരുടെ സമാധാനപരമായ പ്രതിഷേധം ശ്രദ്ധിക്കാൻ ഭരണാധികാരികൾ നിർബന്ധിതരായി. ജനവികാരം സ്വരൂപിക്കുന്നതിലും അതിനെ കർമ്മതലത്തിലേക്ക് തിരിച്ചുവിടുന്നതിനും സാമ്പ്രദായിക മാധ്യമങ്ങളേക്കാൾ കഴിവ് പുതുമാധ്യമങ്ങൾക്കുണ്ടെന്ന് ഇത് തെളിയിച്ചു.

പുതുമാധ്യമങ്ങളുടെ സഹായത്തൊടെ കേരളത്തിനകത്തും പുറത്തും ചിതറി കിടക്കുന്ന മലയാളികളെ ഒന്നിപ്പിക്കാൻ തീവ്രശ്രമങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. പുതുമാധ്യമങ്ങൾക്ക് ഒരു ഗുരുതരമായ ദൌർബല്യമുണ്ട്. അത്, ആർക്കും കയറി എന്തും എഴുതാവുന്ന സാഹചര്യത്തിൽ, പരമ്പരാഗത മാധ്യമങ്ങളുടെ വിശ്വാസ്യത അവയ്കില്ലെന്നതാണ്.

മാധ്യമങ്ങളുടെ സ്വഭാവവും സമീപനവും മാറുമ്പോഴും മാറ്റം കൂടാതെ നിൽക്കുന്ന, അഥവാ നിൽക്കേണ്ട, ഒരു ഘടകമുണ്ട്. അത് മാധ്യമധർമ്മം സംബന്ധിച്ച്, നീണ്ട കാലത്തെ പ്രവർത്തനത്തിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള, തത്വങ്ങളാണ്. ഇതിൽ പ്രധാനം വസ്തുതകളെ മാനിക്കാനുള്ള ബാധ്യതയാണ്. വസ്തുതകൾക്ക് വില കല്പിക്കാതെയുള്ള ആശയവിനിമയം കേവലം പ്രചാരണമാണ്, മാധ്യമ പ്രവർത്തനമല്ല.

(ആകാശവാണി തിരുവനന്തപുരം നിലയം 2011 മേയ് 21ന് പ്രക്ഷേപണം ചെയ്തത്)

2 comments:

Sooraj Upot said...

"പുതിയ മാധ്യമങ്ങള്‍ , പ്രത്യേകിച്ച് ബ്ലോഗുകളും , മറ്റു കമ്മ്യൂണിറ്റി ശ്രിങ്കലകളും."

ഇവയില്‍ ബ്ലോഗുകള്‍ താരതമ്യേന ഗുണകരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ട്. പക്ഷെ ട്വിറ്റെര്‍, ഫേസ് ബുക്ക്‌ തുടങ്ങിയവ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ ഇന്റര്‍ ആക്റ്റീവ് ആയതിനാല്‍ അതിന്റെതായ ഒരുപാടു കുഴപ്പങ്ങളും അതിനുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു വിഷയത്തെ കുറിച്ച് ഏതെങ്കിലും തരത്തില്‍ ഒരല്പം ബോധാമില്ലെങ്കില്‍ അധികരികമയതും അല്ലാത്തതും തമ്മില്‍ ഒരു കൂടിക്കലരല്‍ നടക്കും. അത് ആശയ കുഴപ്പവും സൃഷ്ടിക്കും.മാത്രമല്ല വ്യാജ നാമത്തില്‍ സാധാരണ ഗതിയില്‍ അനുവര്‍ത്തിക്കാന്‍ കഴിയാത്ത ഏതു രീതിയും പരസ്യമായി അവതരിപ്പിക്കാനും കഴിയുന്നു. ചുരുക്കത്തില്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവര്‍ക് , പ്രത്യേകിച്ചും നവ യുവത്വത്തിന് ഒരുപാടു ധാരണ പിശകുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്.
(പ്രതികരനമായത് കൊണ്ട് ഇതിന്റെ ആരോഗ്യകരമായതും ഗുനകരമായതുമായ വശങ്ങള്‍ പരാമര്‍ശിക്കുന്നില്ല . അങ്ങനെ ആയാല്‍ അതൊരു ലേഖനമാകും.)

BHASKAR said...

എല്ലാ മാധ്യമങ്ങളെയും വിവേചനബുദ്ധിയോടെ സമീപിക്കേണ്ടതാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അച്ചടിമാധ്യമങ്ങൾ ആരോഗ്യകരമായ പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ട് ചില അടിസ്ഥാന തത്വങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവ വ്യാപകമായി അവഗണിക്കപ്പെടുകയാണ്. അത്തരത്തിലുള്ള തത്വങ്ങളുടെ അഭാവത്തിൽ പുതുമാധ്യമങ്ങളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ട്.