Saturday, April 9, 2011

അക്രമത്തിൽ കുരുത്തതുണ്ടോ ജനാധിപത്യത്തിൽ വാടുന്നു?

ബി.ആർ.പി. ഭാസ്കർ

കാലാവധി പൂർത്തിയാക്കുന്ന കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 69 പേർ -- അതായത് പകുതിയോളം -- തെരഞ്ഞെടുക്കപ്പെട്ട സമയത്ത് വിവിധ കോടതികളിൽ ക്രിമിനൽ നടപടികൾ നേരിടുകയായിരുന്നു. അവർക്കെതിരെ 234 കേസുകളാണ് ഉണ്ടായിരുന്നത്. അവയിൽ 18 എണ്ണം കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മാരകമായ ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിപ്പെടുത്തൽ, മോഷണശ്രമം എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റങ്ങൾ അടങ്ങുന്നവയായിരുന്നു.

ഇന്ത്യാ മഹാരാജ്യത്തെ, ഒരുപക്ഷെ ലോകത്തിലെ തന്നെ, ഏറ്റവും വലിയ ജനാധിപത്യവിശ്വാസികൾ നാം കേരളീയരാണെന്ന് നാം നേരത്തെ തീരുമാനിച്ചിട്ടുള്ള സ്ഥിതിക്ക് ഇത് വിശ്വസിക്കാൻ പലർക്കും പ്രയാസമായിരിക്കും. ഇലക്ഷൻ വാച്ച് എന്ന ദേശീയ സംഘടനയുടെ റിപ്പോർട്ടിലുള്ള വിവരമാണിത്. കേരളീയരെ അപകീർത്തിപ്പെടുത്താനായി അത് ചമച്ചതല്ല ഈ കണക്കുകൾ. സുപ്രീം കോടതി വിധിപ്രകാരം സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ക്രോഡീകരിക്കുക മാത്രമാണ് ആ സർക്കാരിതര സംഘടന ചെയ്തത്.

കുറ്റാരോപിതരുടെ രാഷ്ട്രീയ ബന്ധം ഇങ്ങനെ: എൽ. ഡി. എഫ് 65 (സി.പി.എം. 44, സി.പി.ഐ. 13, ജെ.ഡി -എസ്. 4, ആർ.എസ്.പി. 2, കേരള കോൺഗ്രസ്-ജോസഫ്, കേരള കോൺഗ്രസ്-സെക്യുലർ 1 വീതം), യു.ഡി.എഫ്. 4 (കോൺഗ്രസ് 2. കേരള കോൺഗ്രസ്-മാണി, ജെ.എസ്.എസ്. 1 വീതം).

ഈ കണക്കിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫുകാരാണ് കുഴപ്പക്കാരെന്നും യു.ഡി.എഫുകാർ മര്യാദരാമന്മാരാണെന്നും തീർപ്പുകല്പിക്കാൻ വരട്ടെ. തെരഞ്ഞെടുപ്പിനു മുമ്പുള്ള അഞ്ചുകൊല്ലക്കാലം യു.ഡി.എഫ്. അധികാരത്തിലായിരുന്നു. എൽ.ഡി. എഫിനു അത് സമരകാലമായിരുന്നു. എല്ലാം പിടിച്ചു നിർത്തുന്ന ബന്ദ്, അത് കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ശേഷം ഉപരോധം, പിന്നെ സമരം വിജയിപ്പിക്കാൻ ചില തരികിടകൾ -- ഇതൊക്കെയാണ് ഇന്ത്യൻ പീനൽ കോഡിന്റെ പ്രയോഗത്തിലേക്ക് നയിച്ചത്.

രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ നടത്തുന്ന അക്രമങ്ങൾ രാഷ്ട്രീയ പ്രവത്തനത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് അതിന് വിചാരണ നേരിടുന്നവർ ശിക്ഷിക്കപ്പെട്ടാൽ തന്നെയും ക്രിമിനലുകളല്ലെന്നുമുള്ള നിലപാടാണ് രാഷ്ട്രീയ കക്ഷികൾക്കുമുള്ളത്. കൃത്യം കൊലപാതകമാണെങ്കിൽ പോലും കുറ്റവാളികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് കക്ഷിനേതാക്കൾ വിശ്വസിക്കുന്നു. നീണ്ട രാഷ്ട്രീയ കൊലപാതക ചരിത്രമുള്ള കണ്ണൂർ ജില്ലയിൽ സി.പി.എമ്മും ആർ.എസ്.എസും പിടിയിലാകുന്ന പ്രവർത്തകരുടെ കുടുംബങ്ങളുടെ സംരക്ഷണ ചുമതല പൂർണ്ണമായി ഏറ്റെടുക്കാറുണ്ട്. ഉറച്ച കൂറൂം അച്ചടക്കബോധവുമുള്ള സംഘടനകളെന്ന നിലയിൽ സംഘടന ഏല്പിക്കുന്ന ഏത് ചുമതലയും നിറവേറ്റാൻ സന്നദ്ധരായ അണികൾ ഇരുവർക്കുമുണ്ട്. പൊലീസിൽ സംഘടനാതല സ്വാധീനമുള്ള സി.പി.എമ്മിന് ആവശ്യമെങ്കിൽ യഥാർത്ഥ കുറ്റവാളികളെ പുറത്തു സംരക്ഷിച്ചുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങാനായി വാടക പ്രതികളെ നിയോഗികാനുള്ള കഴിവുമുണ്ട്. മൂന്ന് പതിറ്റാണ്ടായി ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ അധികാരം ലഭിക്കുന്ന കക്ഷിയെന്ന നിലയിൽ ശിക്ഷയിൽ ഇളവും പരോളും നൽകി കാരാഗൃഹ ജീവിതത്തിന്റെ കാലയളവ് കുറയ്കാനുള്ള അവസരം സി.പി.എമ്മിന് കിട്ടാറുണ്ട്. ഇതും പ്രത്യയശാസ്ത്രപ്രതിബദ്ധതയും ചേരുമ്പോൾ ചാവേറുകളെ ആകർഷിക്കാനും കൂലിപ്രതികളെ കണ്ടെത്താനുമുള്ള കഴിഹ് വർദ്ധിക്കുന്നു.

തെരഞ്ഞെടുക്കപ്പെട്ടവരെ സംബന്ധിക്കുന്ന വിവരം മാത്രമാണ് ഇലക്ഷൻ വാച്ച് ക്രോഡീകരിച്ചത്. അതിൽ എൽ.ഡി.എഫുകാർ, പ്രത്യേകിച്ചും സി.പി.എമ്മുകാർ, കൂടുതലായതുകൊണ്ട് അവർ പൊതുവെ അക്രമികളും കോൺഗ്രസുകാരും മറ്റ് യു.ഡി. ഫുകാരും കൂടുതൽ മാന്യന്മാരുമാണെന്ന് കരുതാനാവില്ല. തോറ്റ സ്ഥാനാർത്ഥികൾ നൽകിയ സത്യവാങ്മൂലങ്ങളിലെ വിവരങ്ങൾ കൂടി കണക്കിലെടുത്താൽ ഓരോ പാർട്ടിയിലെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെ സംബന്ധിച്ച് കുറച്ചുകൂടി കൃത്യമായ വിവരം കിട്ടുമായിരുന്നു. പക്ഷെ അതും പൂർണ്ണമായും ആശ്രയിക്കാവുന്ന കണക്കാവില്ല. കാരണം തെരഞ്ഞെടുപ്പിനുമുമ്പുള്ള അഞ്ചു കൊല്ലക്കാലം അധികാരം യു.ഡി.എഫിന്റെ കൈകളിലായിരുന്നതുകൊണ്ട് കോൺഗ്രസും സഖ്യകക്ഷികളും സമരങ്ങൾക്ക് അവധി നൽകിയിരിക്കുകയായിരുന്നു. തന്മൂലം പൊലീസുമായി വഴക്കിനും വക്കാണത്തിനുമുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും യു.ഡി.എഫിൽ ക്രിമിനൽ കേസുകൾ നേരിടുന്ന നാലു പേർ ഉണ്ടായി. ആ കേസുകൾ മുൻ എൽ.ഡി.എഫ്. ഭരണകാലത്തെ സമരങ്ങളെ തുടർന്നുണ്ടായവയാകാനാണ് സാധ്യത.

യുവജന-വിദ്യാർത്ഥി സംഘടനകളിലെ അംഗങ്ങളെ അക്രമസമരങ്ങളിലേക്ക് തള്ളിവിട്ടിട്ട് നേതാക്കന്മാർ പിന്നിൽ നിൽക്കുകയാണ് പതിവെന്ന് പലരും പറയാറുണ്ട്. ധാരാളം ജനപ്രതിനിധികൾ കേസുകളിൽ ഉൾ‌പ്പെട്ട സാഹചര്യത്തിൽ ഈ ആക്ഷേപം തള്ളിക്കളയേണ്ടിയിരിക്കുന്നു.

സത്യവാങ്മൂലങ്ങളിൽ രേഖപ്പെടുത്തിയ കേസുകളുടെ സ്വഭാവം പരിശോധന അർഹിക്കുന്നു. പതിന്നാല് കേസുകളുമായി പട്ടികയിൽ സ്ഥാനം നേടിയ സി.പി.എം. ജനപ്രതിനിധിക്കെതിരെ ഗുരുതരമെന്ന് പറയാവുന്ന ഒരു കുറ്റമേയുള്ളു. അത് മാരകമായ ആയുധം കൊണ്ട് മുറിവേല്പിച്ചു എന്നതാണ്. കേസിന്റെ എണ്ണത്തിൽ പിന്നിലാണെങ്കിലും (13 മാത്രം) ഗുരുതരമായ കുറ്റങ്ങൾ അടങ്ങുന്ന അഞ്ചു കേസുകളാണ് മറ്റൊരു നേതാവിനെതിരെയുള്ളത്. ഇതിൽ രണ്ട് കൊലപാതക ശ്രമങ്ങൾ (IPC 307, attempt at murder), ഒരു കവർച്ചാശ്രമം, ചെറുപ്രായക്കാർക്ക് അശ്ലീല വസ്തുക്കൾ വിറ്റത് എന്നിവയുൾപ്പെടുന്നു. മറ്റ് ചിലർ നൽകിയ വിവരങ്ങൾ ഇങ്ങനെ: ഏഴു കേസുകൾ, ഗുരുതരമായ കുറ്റം ഒന്നു മാത്രം (വധശ്രമം-- IPC 308 attempt to commit culpable homicide); ആറ്‌ കേസുകൾ, ഗുരുതരമായ കുറ്റം ഒന്നു മാത്രം, വധശ്രമം); നാല് കേസുകൾ, ഗുരുതരമായ കുറ്റങ്ങൾ രണ്ട്, കൊലപാതക ശ്രമവും വധശ്രമവും).

ഗുരുതരമായ കുറ്റങ്ങൾ ചെയ്തെന്ന പൊലീസിന്റെ ആരോപണം നിലനിൽക്കെ തെരഞ്ഞെടുപ്പ് നേരിട്ട് വിജയിച്ച സി.പി.എമ്മുകാർ ആരൊക്കെയാണെന്ന് അറിയാൻ വായനക്കാർക്ക് ജിജ്ഞാസയുണ്ടാകും. അതുകൊണ്ട് മുകളിൽ പരാമർശിച്ച കേസുകളിൽ ഉൾപ്പെട്ടവരുടെ പേരുകൾ (യഥാക്രമം) നൽകാം: പാലോളി മുഹമ്മദ്കുട്ടി, എം. വിജയകുമാർ, എം.എ. ബേബി, ജി. സുധാകരൻ, എളമരം കരിം, എല്ലാവരും മന്ത്രിമാർ.

സി.പി.ഐ. മന്ത്രിമാരും പട്ടികയിലുണ്ട്: സി. ദിവാകരൻ -- നാല് കേസുകൾ, രണ്ട് കൊലപാതകശ്രമങ്ങൾ ഉൾപ്പെടെ അഞ്ച് ഗുരുതരമായ കുറ്റങ്ങൾ; കെ.പി. രാജേന്ദ്രൻ -- രണ്ട് കേസുകൾ, ഒരു കൊലപാതകശ്രമം.

ഒറ്റനോട്ടത്തിൽ, ഈ വസ്തുതകൾ അക്രമത്തിൽ പങ്കെടുത്ത് കേസുകളിൽ പ്രതിയാകുന്നത് മന്ത്രിയാകാനുള്ള യോഗ്യതയായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ കരുതെന്ന ധാരണ നൽകുന്നു. ഇത് അക്രമസംഭവങ്ങളിൽ പങ്കാളികളാകുന്ന യുവാക്കളെ പ്രചോദിപ്പിക്കാൻ പര്യാപ്തമാണ്. മന്ത്രിയല്ലാത്ത എ. പ്രദീപ് കുമാറിന്റെ കഥ ആ ധാരണ ശരിയല്ലെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം 15 കേസുകളിലാണ് പ്രതിയായത്. രണ്ട് കേസുകളിൽ കുറ്റം വധശ്രമം, ഒന്നിൽ കൊലപാതകശ്രമം. കെ.കെ. ശൈലജയുടെ സാന്നിധ്യം അക്രമകേസുകളുടെ പട്ടികയിൽ സ്ത്രീകൾക്ക് നാമമാത്രമായ പ്രാതിനിധ്യം നൽകുന്നു. രണ്ട് കേസുകളാണ് അവർക്കെതിരെയുള്ളത്. അതിലൊന്ന് കൊലപാതകശ്രമ കേസാണ്.

പ്രക്ഷോഭപ്രകടനങ്ങൾക്കിടയിൽ അക്രമം നടക്കുന്നത് അസാധാരണമല്ല. എന്നാൽ സമരവീര്യം മൂത്ത് ശൈലജ ആരെയെങ്കിലും കൊല്ലാൻ ശ്രമിച്ചിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറ്റ് നേതാക്കളും പൊലീസ് ആരോപിക്കുന്ന ഗുരുതരമായ കുറ്റങ്ങൾ ചെയ്തുവോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. എന്തെന്നാൽ രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചമക്കുന്നത് പൊലീസിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തിരുവിതാംകൂറിൽ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് പൊലീസുകാർ അക്രമരഹിത സമരം നടത്തിയിരുന്ന കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ കയറി ചട്ടിയും കലവും തല്ലിപ്പൊട്ടിച്ചശേഷം കോഴിയെയൊ ആടിനെയൊ മോഷ്ടിച്ചെന്ന് ആരോപിച്ച് അവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മാറിമാറി വരുന്ന രാഷ്ട്രീയ യജമാനന്മാർക്ക് കീഴിൽ പൊലീസ് പാരമ്പര്യം നിലനിർത്തുന്നതുകൊണ്ടാവാം വിജയകുമാറും ദിവാകരനും പ്രദീപ് കുമാറും ശൈലജയും മറ്റും രേഖകളിൽ കൊലപാതകം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടവരായിത്തീർന്നത്. പക്ഷെ ഇവർക്കെതിരായ ആരോപണങ്ങൾ, കോഴിമോഷണം പോലെ, പൂർണ്ണമായും പൊലീസ് ഭാവനയിൽ പൊട്ടിമുളച്ചതാണെന്ന് കരുതാനും വയ്യ. എഴുത്തുകാർ ചെറിയ സംഭവങ്ങളിൽ നിന്ന് വലിയ കഥകൾ മെനഞ്ഞെടുക്കുന്നതുപോലെ ചെറിയ തോതിലുള്ള അക്രമത്തെ പൊലീസ് കൊലപാതശ്രമമായി വികസിപ്പിച്ചതാകാനാണ് സാധ്യത.

കേരള രാഷ്ട്രീയത്തിലെ അക്രമ പ്രവണത യാദൃശ്ചികമായി രൂപപ്പെട്ടതല്ല. വാഴുന്നോർ അക്രമം ഉപയോഗിച്ച് അടിമത്വവും ജാതിമേധാവിത്വവും നിലനിർത്തിയിരുന്ന നാടാണിത്. ചാന്നാർ ലഹള, നായരീഴവ ലഹള, പുലയ ലഹള, മാപ്പിള ലഹള എന്നിങ്ങനെ അറിയപ്പെടുന്ന സമരങ്ങളെല്ലാം ഇരകൾ അക്രമത്തെ അക്രമം കൊണ്ട് നേരിട്ട് കഥ പറയുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവം അക്രമത്തിന് സൈദ്ധാന്തിക അടിത്തറ നൽകി. കൽക്കത്താ തീസിസിനെ അടിസ്ഥാനമാക്കി വിപ്ലവത്തിന്റെപേരിൽ പല അക്രമസംഭവങ്ങളുമുണ്ടായി. ആയുധങ്ങളൊ കുറഞ്ഞ തോതിലെങ്കിലുമുള്ള പരിശീലനമൊ കൂടതെയാണ് പുന്നപ്രയിലും വയലാറിലും പാവങ്ങൾ തോക്കിനു മുമ്പിലേക്ക് തള്ളിവിടപ്പെട്ടത്. ഒറ്റയ്ക്ക് കിട്ടിയ പൊലീസുകാരനെ കുത്തിക്കൊന്നതാണ് വടക്ക് ഏറ്റവും വലിയ വിപ്ലവപ്രവർത്തനമായി ഇന്നും പ്രകീർത്തിക്കപ്പെടുന്നത്. വിപ്ലവത്തെ സംബന്ധിച്ച് ബാലിശവും കാല്പനികവുമായ സങ്കല്പങ്ങൾ അങ്ങനെ രാഷ്ട്രീയമനസുകളിൽ സ്ഥലം പിടിച്ചു.

ഭൂരിപക്ഷം വിപ്ലവചിന്ത ഉപേക്ഷിച്ചെന്ന് ആക്ഷേപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുപോയ ന്യൂനപക്ഷം ഒറ്റപ്പെട്ട അക്രമസംഭവങ്ങളിലൂടെയാണ് തങ്ങൾ വിപ്ലവപാതയിൽ തുടരുകയാണെന്ന ധാരണ നിലനിർത്തിയത്. ബംഗാളിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് പടർന്ന ബന്ദ്, ഘെരാവൊ എന്നീ സമരമുറകൾ അതിന് സഹായകമായി. അതിന് ബംഗാൾ വലിയ വിലയാണ് കൊടുത്തത്. പല വലിയ കമ്പനികളും ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് ബാംഗ്ലൂരിലേക്കും മറ്റും മാറ്റി. കൊളോണിയൽ കാലത്തു തന്നെ വ്യാവസായികകേന്ദ്രമായി വളർന്നിരുന്ന വൻ‌നഗരം ക്ഷയിച്ചു. തൊഴിലാളികൾക്ക് പണി നഷ്ടപ്പെട്ടു. സമ്പദ് വ്യവസ്ഥ ദുർബലമായി. വ്യവസായങ്ങൾ വളരെയൊന്നു ഇല്ലാതിരുന്ന കേരളത്തെ അത് മറ്റൊരു തരത്തിൽ ബാധിച്ചു. നിക്ഷേപകർ സംസ്ഥാനത്ത് മുതൽ മുടക്കാൻ മടിച്ചു. അങ്ങനെയുണ്ടായ കെടുതികൾ മറികടക്കാൻ രണ്ട് സംസ്ഥാനങ്ങളിലെയും പാർട്ടികൾ മുതൽ മുടക്കാൻ തയ്യാറായി വരുന്നവരെയെല്ലാം രണ്ടു കൈകളും നീട്ടി സ്വീകരിക്കുന്ന മാർഗ്ഗമാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ബുദ്ധിശൂന്യമായ ‘വിപ്ലവ’ത്തിൽ നിന്ന് ബുദ്ധിശൂന്യമായ ‘വികസന‘ത്തിലേക്കുള്ള കുടമാറ്റം.

സി.പി.എം പോഷകസംഘടനകളെ ഉപയോഗിച്ച് വെട്ടിത്തെളിച്ച പാതയിലൂടെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പല കക്ഷികളുടെയും വിദ്യാർത്ഥി-യുവജന സംഘടനകൾ പിന്നീട് സഞ്ചരിച്ചത്. ക്രിമിനൽ കേസുകളുകളുള്ള രണ്ട് കോൺഗ്രസ് എം.എൽ.എ. മാരിൽ ഒരാൾ പി.സി.വിഷ്ണൂനാഥ് എന്ന യുവനേതാവാണ്.

പുന്നപ്ര-വയലാർ സമരകാലം വരെ നീളുന്ന വിപ്ലവരാഷ്ട്രീയ പാരമ്പര്യമുള്ള വി.എസ്. അച്യുതാനന്ദന്റെ പേരിൽ ഒരു ക്രിമിനൽ കേസുമില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പ്രായം അദ്ദേഹത്തിന്റെ വിപ്ലവാവേശത്തെ ശമിപ്പിച്ചതാണോ കാരണം? അല്ല. കുട്ടനാട്ടിലെ കൃഷിഭൂമിയിൽ അദ്ദേഹം അനുയായികളുമായി ചെന്ന് വെട്ടിനിരത്തിയ പ്രായമെത്താൻ വിജയകുമാറിനും ബേബിക്കും കരീമിനും ഇനിയും കാത്തിരിക്കേണ്ടതുണ്ട്. അവർ അക്രമസമര മുഖത്തായിരുന്നപ്പോൾ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രായം മറന്നുകൊണ്ട് സംസ്ഥാനമൊട്ടുക്ക് ഓടിനടന്ന്, കാടും മലയും കയറി, അദ്ദേഹം സ്വന്തം പ്രതിച്ഛായ ഉടച്ചുവാർത്ത് ജനകീയ നേതാവായി രൂപാന്തരപ്പെടുകയായിരുന്നു. അദ്ദേഹം കോടതി കയറി. അത് പ്രതിയായല്ല -- വാദിയും പരാതിക്കാരനുമായി. പോളിറ്റ്ബ്യൂറോയിൽ തുടരാനുള്ള യോഗ്യതയില്ലെന്ന് തീരുമാനിച്ചിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയായും തെരഞ്ഞെടുപ്പു നായകനായും അംഗീകരിക്കാൻ പാർട്ടി നേതൃത്വത്തെ നിർബന്ധിക്കുന്നത് ഈ പ്രതിച്ചായയാണ്.

അക്രമരാഷ്ട്രീയം പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന സത്യസന്ധതയില്ലായ്മയുടെ ഒരു മുഖം മാത്രമാണ്. അത് പല തലങ്ങളിലും പല തരത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വത്ത് വിവരത്തോടൊപ്പം, ഇൻ‌കം ടാക്സ് ഡിപ്പാർട്ടുമെന്റ് നൽകുന്ന പെർമനന്റ് അക്കൌണ്ട് നമ്പർ (പാൻ) സംബന്ധിച്ച വിവരം നൽകണമെന്ന വ്യവസ്ഥ പല സ്ഥാനാർത്ഥികളും പാലിക്കാത്തതിനെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. കഴിഞ്ഞ തവണ വിവരം നൽകാതിരുന്നവരുടെ പട്ടികയിൽ ഈ പേരുകളുണ്ട്: എം.എ.വാഹിദ്, വർക്കല കഹാർ, എം.ജെ.ജേക്കബ്, കുട്ടി അഹമ്മദ് കുട്ടി, സാജു പോൾ, പി.ജെ. ജോസഫ്, കെ.പി.രാജേന്ദ്രൻ. രണ്ട് മുന്നണികളിൽ പെട്ടവരും ഈ പട്ടികയിലുണ്ട്.

കേരളം പഞ്ചാബിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി മാറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ മറ്റ് ചിലയിടങ്ങളിലെപ്പോലെ ഇവിടെ.സമ്പന്നർ നിയമസഭയിലേക്ക് ധാരാളമായി കടന്നു വരുന്നില്ല. കൊല്ലത്തെ ഒരു കശുവണ്ടി മുതലാളി 1952ൽ സി.കേശവനെതിരെ മത്സരിച്ചു തോറ്റശേഷം പണമൊഴുക്കി ജയിക്കാമെന്ന വിശ്വാസത്തിന്റെ ബലത്തിൽ മാത്രം ആരും തെരഞ്ഞെടുപ്പ് രംഗത്ത് വന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു കോടി രൂപയിലധികം സ്വത്ത് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ നാലു പേർ മാത്രമാണ് ജയിച്ചത്: തോമസ് ചാണ്ടി (16 കോടി). കെ.പി. രാജേന്ദ്രൻ (1.2 കോടി), എം.കെ. പ്രേംനാഥ് (1.12 കോടി), പി. ജെ. ജോസഫ് (1.06 കോടി). സി.പി.എമ്മിന്റെയൊ കോൺഗ്രസിന്റെയൊ എം.എൽ.എ. മാർ ഈ പട്ടികയിലില്ല. സ്ഥാനാർത്ഥികൾ സത്യവാങ്മൂലങ്ങളിൽ നൽകുന്ന സ്വത്ത് വിവരം ശരിയാണോ എന്ന് പരിശോധിക്കാൻ ഔദ്യോഗിക സംവിധാനങ്ങളൊ സർക്കാരിതര സംഘടനകളൊ മെനക്കെടാറില്ല. പൊതുമണ്ഡലത്തിൽ സത്യസന്ധതക്ക് കുറഞ്ഞ വില മാത്രം കല്പിക്കപ്പെടുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൾ നൽകുന്ന സ്വത്ത് വിവരം മുഖവിലയ്ക്ക് എടുക്കാനാവില്ല.

സത്യസന്ധതക്ക് വലിയ വില കല്പിക്കാത്തവർ അധികാരത്തിലേറുമ്പോൾ സ്വാഭാവികമായും ഭരണത്തിൽ സത്യസന്ധത കുറയും. അതിന് തെളിവ് നിത്യേന പത്രവാർത്തകളുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വരാറുണ്ട്. അധ്യാപകരും സ്കൂൾ മാനേജ്‌മെന്റുകളും ഉദ്യോഗസ്ഥന്മാരും ചേർന്ന് വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു. ആരോഗ്യ വകുപ്പും ഡോക്ടർമാരും ചേർന്ന് സ്ഥലം മാറ്റ നാടകം കളിച്ച് ഇല്ലാത്ത അധ്യാപകർ ഉണ്ടെന്ന് വരുത്തി കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് മെഡിക്കൽ കോളെജുകൾക്ക് അംഗീകാരം നേടുന്നു. റേഷൻ വാങ്ങാത്തവരുടെ പേരിൽ അരി അനുവദിച്ചുകൊണ്ട് മില്ലുകൾക്ക് അരിയെത്തിക്കുന്നു. ഉത്തരക്കടലാസുകൾ മുക്കിക്കൊണ്ട് റാങ്ക് ലിസ്റ്റുകളിൽ പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവെച്ചവരുടെ മുകളിൽ സ്വന്തക്കാരെ കടത്തിവിടുന്നു. അക്രമത്തിൽ കുരുത്തവരുണ്ടോ ജനാധിപത്യത്തിൽ വാടുന്നു?

(മാധ്യമം ആഴ്ചപ്പതിപ്പ് 2011 ഏപ്രിൽ 11ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)

No comments: