Monday, November 29, 2010

റാഡിയാ ടേപ്പിൽ കുരുങ്ങിയ മാധ്യമങ്ങൾ

ബി.ആർ.പി. ഭാസ്കർ

രാഷ്ട്രീയം, വ്യവസായം, മീഡിയ എന്നീ മേഖലകളിലെ ജീർണ്ണതയെ നീരാ റാഡിയാ ടേപ്പുകൾ തുറന്നു കാട്ടിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് അലമാരയിൽ നിന്ന് അസ്ഥികൂടങ്ങൾ വീഐഴുന്നതുകൊണ്ട് രാഷ്ട്രീയരംഗം ചീഞ്ഞതാണെന്ന് ജനം നേരത്തെ മനസ്സിലാക്കിയിരുന്നു. ഭാരിച്ച തെരഞ്ഞെടുപ്പു ചെലവിന്റെയും ഉയരുന്ന സ്വാർത്ഥ താല്പര്യങ്ങളുടെയും ഫലമായി പടരുന്ന അർബുദത്തിന്റെ പിടിയിൽ പെടാത്ത ഒരു രാഷ്ട്രീയ കക്ഷിയും ഇന്നില്ല. രാഷ്ട്രീയരംഗത്തെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വ്യവസായരംഗത്തെ പ്രവർത്തനങ്ങൾ കൺ‌മുന്നിലല്ലാത്തതുകൊണ്ട് അതും ചീഞ്ഞതാണെന്ന വിവരം അത്രതന്നെ പരക്കെ അറിയപ്പെടുന്നില്ല. പോരെങ്കിൽ ഉല്പന്നങ്ങളുടെ മാത്രമല്ല കമ്പനികളുടെയും ബ്രാൻഡ് നിർമ്മിതിക്കായി വിഭവശേഷിയുള്ള സ്ഥാപനങ്ങളുമുണ്ട്. തങ്ങളുടെ ഉടമകളും രക്ഷകരും അവിടെയുള്ളതുകൊണ്ട് മാധ്യങ്ങൾ അതിന്റെ പ്രവർത്തനം സൂക്ഷിച്ചു നോക്കാറുതന്നെയില്ല -- അമ്പതുകളിലെ മുന്ധ്രാ സംഭവവും
തൊണ്ണൂറുകളിലെ ഹർഷദ് മേത്താ ഇടപാടും പോലുള്ള എന്തെങ്കിലും കുംഭകോണം അതിന് നിർബന്ധിക്കുന്നില്ലെങ്കിൽ. കടുത്ത മത്സരത്തിലായിരിക്കുമ്പോഴും മാധ്യമങ്ങൾ പരസ്പരം രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. കണ്ണാടി വീടുകളിൽ ഇരിക്കുന്നവർ കല്ലെറിയരുതല്ലൊ. പൊതുജനങ്ങൾക്ക് താല്പര്യമുള്ള തൊഴിൽപരമായ കാര്യങ്ങൾ പോലും പൊതുചർച്ചക്ക് വിധേയമാക്കാൻ മടിക്കുന്നവർ എങ്ങനെയാണ് അലമാരയിലെ അസ്ഥികൂടങ്ങളിലേക്ക് വെളിച്ചം വിതരുന്നത്?

വൻ‌വ്യവാസായികൾക്കുവേണ്ടി പ്രവർത്തിക്കുന്ന നീരാ റാഡിയ മാധ്യമ താരങ്ങളുൾപ്പെടെ പലരുമായി 2008-09 കാലത്ത് നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ടേപ്പുകൾ ഉണ്ടെന്ന വിവരം കുറച്ചുകാലമായി അറിവുള്ളതാണ്. മാധ്യമങ്ങൾ എന്തുകൊണ്ടാണ് അവ അവഗണിക്കുന്നതെന്ന് ഗിരീഷ് നിക്കം എന്ന പത്രപ്രവർത്തകൻ ആറു മാസം മുൻപ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ എഴുതിയിരുന്നു. ചില ചെറിയ പ്രസിദ്ധീകരണങ്ങൾ അവ നോക്കുകയും 2ജി സ്‌പെക്ട്രം അഴിമതി ചൂടു വാർത്തയായപ്പോൾ അവ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. രാഷ്ട്രീയക്കാർ പ്രതീക്ഷിക്കാവുന്ന വിധത്തിൽ പ്രതികരിച്ചു. അവർ 2ജി അഴിമതിയിലെ അവരുടെ നിലപാടുകൾക്ക് ശക്തി പകരുന്ന വിധത്തിൽ പ്രസ്താവനകളിറക്കി. വ്യവസായികൾ മിണ്ടാതിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും മിണ്ടിയില്ല. ബ്ലോഗുകളും സാമൂഹികശൃംഖലകളും പോലെ ലഭ്യമായ ഇടങ്ങളിൽ ആളുകൾ കോപത്തോടെയും സങ്കടത്തോടെയും പ്രതികരിച്ചപ്പോൾ അവർ ഗൂഢ നിശ്ശബ്ദതയെന്ന ആരോപണം ഒഴിവാക്കാൻ ആവശ്യമായിടത്തോളം നാവ് ചലിപ്പിക്കാൻ തയ്യാറായി. വാർത്താ ചാനലുകൾ കരുതലോടെ നടത്തിയ ചർച്ചകളിൽ നാം എങ്ങനെ ഇവിടെ എത്തിപ്പെട്ടു, എങ്ങനെ ഇവിടെ നിന്ന് പുറത്തുചാടും തുടങ്ങിയ സൌകര്യപ്രദമല്ലാത്ത ചോദ്യങ്ങൾ ഉയർന്നതേയില്ല.
പൊതുമണ്ഡലത്തിലെ വിമർശനങ്ങളിലേറെയും കാര്യങ്ങൾ വേണ്ടവിധത്തിൽ മനസ്സിലാക്കാതെയുള്ളതായിരുന്നു. രാഷ്ട്രീയകാരും മാധ്യമപ്രവർത്തകരും തമ്മിൽ വളരെ അടുപ്പമുണ്ടെന്നതാണ് പ്രശ്നമെന്ന മട്ടിലാണ് ചിലർ പ്രതികരിച്ചത്. പത്രങ്ങളും പത്രപ്രവർത്തകരും തമ്മിലുള്ള ബന്ധത്തിന് നീണ്ട ചരിത്രമുണ്ട്. കോമൺസ് സഭയിലെ പ്രസ് ഗാലറിയിലേക്ക് കൈചൂണ്ടിക്കൊണ്ട് മറ്റ് മൂന്ന് മണ്ഡലങ്ങളേക്കാളും ശക്തമായ ഒരു ‘ഫോർത്ത് എസ്റ്റേറ്റ്’ അതാ ഇരിക്കുന്നു എന്ന് ബർക്ക് പറഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഏതാണ്ട് അതേ കാലത്താണ് ഹിക്കി ഇന്ത്യയിലെ ആദ്യ പത്രം സ്ഥാപിച്ചതും ബ്രിട്ടീഷ് ഇന്ത്യൻ അധികാര മണ്ഡലത്തിനുള്ളിൽ ഉയർന്നു കൊണ്ടിരുന്ന എതിർപക്ഷത്തിന്റെ പിന്തുണയോടെ ഗവർണർ ജനറലുമായി കൊമ്പുകോർത്തതും. സ്വാതന്ത്ര്യം നേടുന്നതിനു തൊട്ടുമുമ്പ് ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്ത് രണ്ട് ധാരകളുണ്ടായിരുന്നു: ഒന്ന്, കൊളോണിയൽ താല്പര്യങ്ങൾ ഏറെക്കുറെ പങ്കിട്ടിരുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പത്രങ്ങൾ അടങ്ങിയത്, മറ്റേത് ഉയരുന്ന ദേശീയ അധികാരവ്യവസ്ഥയോട് അടുത്തു നിന്നവർ അടങ്ങിയത്. കൊളോണിയൽ ശക്തി പിൻ‌വാങ്ങുകയും അത് സൃഷ്ടിച്ച ഭരണകൂടം സ്വതന്ത്ര ഇന്ത്യയുടെ ഉപകരണമാവുകയും ചെയ്തപ്പോൾ രണ്ട് ധാരകളും ഒന്നുഇച്ച് ഒരു ഇന്ത്യൻ മാധ്യമ വ്യവസ്ഥ രൂപപ്പെട്ടു. അത് വേഗം അസമമായ രണ്ട് ധാരകളായി പിളർന്നു. മുഖ്യധാരയുടേത് ഏറെക്കുറെ ഉയരുന്ന ഇന്ത്യൻ മുതലാളിത്വ വ്യവസ്ഥയുടെ താല്പര്യങ്ങളായിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചെറുതും ഇടത്തരവുമായ പത്രങ്ങളായിരുന്നു മറ്റേ ധാരയിൽ. ചെറിയ പത്രങ്ങൾ വളർന്നപ്പോൾ അവരുടെ താല്പര്യങ്ങളും മുഖ്യധാരയുടേതിനോട് അടുത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ അധികാര മത്സരങ്ങളിൽ രണ്ട് ധാരകളും പങ്ക് വഹിക്കുകയുണ്ടായി – ചിലപ്പോൾ പക്ഷപാതപരമായി, ചിലപ്പോൾ തൊഴിൽമാന്യത ആവശ്യപ്പെടുന്ന നിഷ്പക്ഷത ഒരളവു വരെ പാലിച്ചുകൊണ്ട്. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയവും വ്യവസായവും പത്രപ്രവർത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നീരാ റാഡിയാ ടേപ്പുകൾ നൽകുന്ന തെളിവ് അന്ധാളിപ്പിക്കേണ്ട കാര്യമില്ല.

ടേപ്പുകൾക്ക് വലിയ പ്രാധാന്യമില്ലെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം. അധികാരം കയ്യാളുന്നവർക്കിടയിലെ അനുവദനീയമല്ലാത്ത ബന്ധങ്ങൾ താക്കോൽദ്വാരത്തിലൂടെ കാണിച്ചു തരുന്നുവെന്നതിലാണ് അവയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. ഈ ബന്ധങ്ങൾ ബഹുജനതാല്പര്യങ്ങൾക്ക് അനുസൃതമായതല്ല. ഇരുളിൽ പ്രവർത്തിക്കുന്ന ചിലർ ഏതെങ്കിലും വ്യവസായികളുടെ താല്പര്യം മിൻ‌നിർത്തി എ. രാജയെ മന്ത്രിയാക്കുകയും രാജാ കോടാനുകോടി രൂപാ നഷ്ടമുണ്ടാക്കുന്ന തരത്തിൽ 2ജി സ്‌പെക്ട്രം നൽകുകയും ചെയ്‌തെങ്കിൽ ഈ ടേപ്പുകൾ രാജ്യത്തിനെതിരായ ഒരു വലിയ ഗൂഢാലോചനയുടെ തെളിവാണ്. അതിനപ്പുറം അവ രാഷ്ട്രീയം, വ്യവസായം, മാധ്യമ പ്രവർത്തനം എന്നീ രംഗങ്ങളിലുള്ളവർക്കിടയിലെ ബന്ധത്തിൽ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിലേക്ക് വെളിച്ചം വീശുന്നു. നാം എങ്ങനെ ഊരാക്കുടുക്കിൽ പെട്ടെന്നും എങ്ങനെ അതിൽ നിന്ന് പുറത്തു കടക്കാമെന്നും മനസ്സിലാക്കാൻ ഇത് സൂക്ഷ്മതയോടെ പഠിക്കേണ്ടതുണ്ട്.

പത്ര ഉടമകളുമായി മാത്രമല്ല പത്രാധിപന്മാരുമായും പത്രപ്രവർത്തകരുമായും ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം രാഷ്രീയനേതൃത്വം നേരത്തെ മനസ്സിലാക്കിയിരുന്നു. പക്ഷെ ബന്ധത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു. ടൈംസ് ഓഫ് ഇൻഡ്യായുടെ ഉടമകളായ ഡൽമിയാ-ജെയിൻ ക്കുടുംബത്തിന്റെ ഭരണകൂടവുമായുള്ള ബന്ധം വിഷമം നിറഞ്ഞതായിരുന്നു. അവർക്കെതിരെ നിയമനടപടികൾ എടുക്കേണ്ട സാഹചര്യങ്ങളുണ്ടായി. ഒരാൾക്ക് ജയിൽശിക്ഷക്ക് വിധിക്കപ്പെട്ടു. മറ്റൊരാൾ അന്വേഷണം നടക്കുന്നതിനിടയിൽ മരിക്കുകയാണുണ്ടായത്. ഹിന്ദുസ്ഥാൻ ടൈസ് ഉടമകളായ ബിർള കുടുംബത്തിന്റെ ബന്ധം സുഖകരമായിരുന്നു. ഒരു ബിർള രാജസ്ഥാനിൽ നിന്ന് രാജ്യ സഭയിൽ പോകാൻ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ് അതിന്റെ കുറെ വോട്ടുകൾ അദ്ദേഹത്തിനു നൽകി. സ്വതന്ത്ര എം.എൽ.എ.മാരിൽ നിന്ന് ജയിക്കാനാവശ്യമായ ബാക്കി സംഘടിപ്പിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല.

പത്രത്തിന്റെ സ്വാധീനം വ്യവസായ താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ ആഗ്രഹിച്ച ഉടമകൾ ആദ്യകാലത്ത് ഭരണാധികാരികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് അവർ പത്രാധിപന്മാരുടെ സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങി. ഉടമകളുടെ മാധ്യമ്യേതര പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാഞ്ഞതിനാൽ ടൈംസ് ഓഫ് ഇൻഡ്യയിൽ എൻ.ജെ. നാൻ‌പോരിയായ്ക്കും ഹിന്ദുസ്ഥാൻ ടൈംസിൽ ബി.ജി.വർഗ്ഗീസിനും പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ രാംനാഥ് ഗോയങ്കയുടെ ബന്ധം സങ്കീർണ്ണവും ഏറ്റക്കുറച്ചിലുകൾ ഉള്ളതുമായിരുന്നു. അദ്ദേഹം 1952ൽ തമിഴ് നാട്ടിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈക്കടുത്തുള്ള ആവടിയിൽ കോൺഗ്രസ് സമ്മേളനം നടന്നപ്പോൾ സ്വാഗതസംഘത്തിന് അദ്ദേഹം പത്രത്തിന്റെ ആപ്പീസിൽ സ്ഥലം നൽകി. അദ്ദേഹം 1971ൽ വീണ്ടും ലോക് സഭാംഗമായി. അത് മദ്ധ്യ പ്രദേശിൽ നിന്ന് ജന സംഘം സ്ഥാനാർത്ഥിയായായിരുന്നു. എൺപതുകളിൽ അദ്ദേഹം ബംഗ്ലൂരുവിലെ എക്സ്പ്രസ് ഗസ്റ്റ് ഹൌസിൽ ബോർഡ് തൂക്കാൻ അനുവദിച്ചതുകൊണ്ട് റാം ജെഠ്മലാനിക്ക് കർണ്ണാടക വാസിയെന്ന് അവകാശപ്പെട്ട് ജനതാ ദൾ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയുടെ സഹായത്തോടെ അവിടെ നിന്ന് രാജ്യ സഭയിലെത്താനായി. രാഷ്ട്രീയ നേതാക്കളും ബിസിനിനസ് പ്രമുഖരുമായി അദ്ദേഹം നടത്തിയ ചില കത്തിടപാടുകൾ മരണാനന്തരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വന്തം ബിസിനസ് താല്പര്യങ്ങൾക്കും സുഹൃത്തുക്കളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കുമായി പത്രത്തിന്റെ സ്വാധീനം ഉപയോഗിച്ച കഥ അതിൽ കാണാം. അടിയന്തിരാവസ്ഥ്ക്കെതിരെ നിലകൊണ്ടയാലെന്ന നിലയിലാണ് ഇന്ന് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധിയുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹം പിന്നീട് നറ്റത്തിയ വിഫലശ്രമത്തെ കുറിച്ച് പലർക്കും അറിവില്ല. ഒരവസരത്തിൽ നിയമത്തിന്റെ കൈ അദ്ദേഹത്തിന്റെ അടുത്തെത്തി. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും മകനും കൂട്ടുപ്രതിയുമായ ഭഗവൻദാസ് ഗോയങ്കയ്ക്ക് ജയിൽ ശിക്ഷ വിധിച്ചു. അകാല മരണം അദ്ദേഹത്തെ ജയിൽവാസത്തിൽ നിന്ന് ഒഴിവാക്കി.

കീഴ്തലങ്ങളിലും രാഷ്ട്രീയ വ്യവസായ താല്പര്യങ്ങളും മാധ്യമങ്ങളുമായി സമാനമായ ബന്ധങ്ങൾ വികസ്ച്ചതിന് കശ്മീർ മുതൽ കേരളം വരെയും ഒറീസ മുതൽ മഹാരാഷ്ട്ര വരെയും പലയിടങ്ങളിൽ നിന്നും ഉദാഹരണങ്ങൾ ലഭ്യമാണ്. നിലവിലുള്ള പത്രങ്ങളെ ആശ്രയിക്കാതെ പല രാഷ്ട്രീയ കക്ഷികളും നേതാക്കളും സ്വന്തം പത്രങ്ങൾ തുടങ്ങി. ചിലർ പത്രങ്ങൾ വിലയ്ക്ക് വാങ്ങി. ഇന്ന് രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളിൽ 80 ശതമാനത്തിലേറെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തുടങ്ങിയവയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയൊ സാമ്പത്തിക ലക്ഷ്യത്തോടെയൊ ഇരു ലക്ഷ്യങ്ങളോടും കൂടിയൊ ആണ് ജന്മമെടുത്തത്. ബിസിനസ് തല വിജയത്തേക്കാൾ എളുപ്പം രാഷ്ട്രീയ തല വിജയമാണെന്ന് പല പത്ര ഉടമകളും കണ്ടെത്തി. അതേസമയം സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ മിക്ക കക്ഷികളും ഏതെങ്കിലും പത്രത്തിന്റെ തോളിലേറിയല്ല അവിടെയെത്തിയതെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. നേരേമറിച്ച് മാധ്യങ്ങളുടെ അവഗണനയും ചിലപ്പോൾ എതിർപ്പും മറികടന്നാണ് അവ വിജയിച്ചത്. അമ്പതുകളിൽ ഹിന്ദു പത്രം തങ്ങളുടെ നേതാവിന്റെ പ്രസംഗം “സി.എൻ. അണ്ണാദുരൈയും പ്രസംഗിച്ചു” എന്ന് എഴിതി തള്ളിയിരുന്നെന്നത് ദ്രാവിഡ രാഷ്രീയ കേന്ദ്രങ്ങൾ ഇപ്പോഴും മറന്നിട്ടില്ല. പത്രങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉത്തർ പ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയും അധികാരത്തിൽ വരുമായിരുന്നില്ല. എൻ. ടി. രാമറാവുവിന്റെ ഒരു കൊല്ലം പോലും തികയാത്ത തെലുങ്ക് ദേശം പാർട്ടിയെ ആന്ധ്ര പ്രദേശിൽ അധികാരത്തിലേറ്റുന്നതിൽ രാമോജി റാവുവിന്റെ ഈനാട് പത്രം വഹിച്ച പങ്ക് അത്തരത്തിലുള്ള ഏക സംഭവമാണ്.

സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കൾ പത്രപ്രവർത്തകരെ പത്രാധിപ പദവി ഉൾപ്പെടെ നല്ല സ്ഥാനങ്ങൾ നേടുന്നതിനു ചിലപ്പോൾ ആവശ്യപ്പെടാതെതന്നെ സഹായിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപരായുള്ള തന്റെ നിയമനത്തിൽ സഞ്ജയ് ഗാന്ധിക്ക് പങ്കുണ്ടായിരുന്നെന്ന് ഖുഷ്‌വന്ത് സിങ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന മാസിക വരിസംഖ്യയായ 1500 രൂപ നിർത്തുമെന്ന ഭീഷണി മതിയായിരുന്നു 1970 കളിൽ യു.എൻ.ഐ. മാനേജ്‌മെന്റിനെക്കൊണ്ട് ബ്യൂറോ ചീഫിനെ സ്ഥലം മാറ്റുന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ. ഒരു കാലത്ത് പ്രാദേശികതലത്തിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകർ ടിക്കറ്റിനായി കോൺഗ്രസ് ആപ്പീസുകളിലൊ നേതാക്കളുടെ വീടുകളിലൊ കയറിയിറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ പ്രാദേശിക കക്ഷി നേതാക്കളുടെ വീടുകളിൽ രാജ്യ സഭാ സീറ്റുകൾക്കായി കയറിയിറങ്ങുന്നു.

മാധ്യമപ്രവർത്തകരെ ഇടനിലക്കാരാക്കിക്കൊണ്ട് വ്യവസായികൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആശ്രയിക്കാവുന്നവരെ മന്ത്രിമാരാക്കാൻ ശ്രമിക്കുന്നത് പഴയ കാലത്ത് ചിന്തിക്കാനാവുമായിരുന്നില്ല. ആ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്താണ്. ആഗോളീകരണ പ്രക്രിയ ആരംഭിക്കുമ്പോൾ അത് നൽകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ സന്നദ്ധനായി ധീരുഭായ് അംബാനി രംഗത്തെത്തിയിരുന്നു. ചുരുങ്ങിയ കാലയളവിൽ ഇല്ലായ്മയിൽ നിന്ന് സമ്പന്നതയെ കൊടുമുടിയിലെത്തിയ അദ്ദേഹം പുതിയ കാലത്ത് വിജയിക്കാനുള്ള യോഗ്യതകൾ തനിക്കുണ്ടെന്ന് അതിനകം തെളിയിച്ചിരുന്നു. ഒരു വ്യവസായിയും അതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത വിപുലമായ പബ്ലിക് റിലേഷൻസ് സംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ആ സമയത്താണ് ടൈംസ് ഒഫ് ഇൻഡ്യയുടെ ഉടമ സമീർ ജെയിൻ പത്രം മറ്റൊരു ഉല്പന്നം മാത്രമാണെന്നും അത് വിറ്റും അതിനു പരസ്യം സംഭരിച്ചും തനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന മാനേജർമാരാണ് ഉല്പാദിപ്പിക്കുന്ന പത്രാധിപന്മാരേക്കാളും വേണ്ടപ്പെട്ടവർ എന്ന് പ്രഖ്യാപിച്ചതും മാധ്യമരംഗത്തെ മത്സരത്തിന്റെ ചട്ടക്കൂട് പുന;സംഘടിപ്പിച്ചതും. രാഷ്ടീയരംഗത്തും കോടീശ്വരന്മാർ തിങ്ങി നിറഞ്ഞു. ചിലർ തമിഴ് നാട് മുഖ്യമന്ത്രി എം. കരുണാനിധിയെപ്പോലെ രാഷ്ട്രീയത്തിലൂടെ (അദ്ദേഹത്തിന്റെ കാര്യത്തിൽ വേണമെങ്കിൽ സിനിമയിലൂടെയും എന്നു കൂടിച്ചേർക്കാം) കോടീശ്വരന്മാരാവുകയായിരുന്നു. മറ്റ് ചിലർ കോടീശ്വരന്മാരായി രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു. വളർന്നുകൊണ്ടിരിക്കുന്ന അച്ചടി മേഖല പുതിയ മുതലാളിമാർക്ക് ജന്മം നൽകി. അതിനിടെ സ്വകാര്യ ടെലിവിഷൻ വരവായി. അത് ഉയർന്ന താരമൂല്യമുള്ള പത്രപ്രവർത്തകരെ സൃഷ്ടിച്ചു. അവരിൽ പലരും സാദാ മാധ്യമ പ്രവർത്തകരല്ല. അവർ സംരഭകരും മാധ്യമ ഉടമകളും കൂടിയാണ്. ഇങ്ങനെ വികസിച്ചിട്ടുള്ള പുതിയ രാഷ്ട്രീയത്തിന്റെയും പുതിയ വ്യവസായത്തിന്റെയും പുതിയ മാധ്യമത്തിന്റെയും ലോകത്ത് രാസത്വരയായാണ് നീരാ റാഡിയ അവതരിക്കുന്നത്.

എല്ലാ മേഖലകളിലെയും ജീർണ്ണതകൾ തുറന്നു കാട്ടേണ്ട ഒന്നായാണ് ജനങ്ങൾ മാധ്യമങ്ങളെ കാണുന്നത്. ആ മേഖലയിൽ ജീർണ്ണത പടരുമ്പോൾ സ്വാഭാവികമായും മറ്റ് മേഖലകളിലെ ജീർണ്ണതകൾക്കെതിരെ ശബ്ദമുയർത്താൻ അതിന് കഴിയാതാവും. ഒരു രംഗത്തും ഗുണമേന്മ ഉറപ്പാക്കാൻ ചുമതലപ്പെട്ട സംവിധാനങ്ങൾ രാജ്യത്ത് ഇന്നില്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രതിഭാസങ്ങൾ ഒഴിവാക്കാവില്ല. ദൃശ്യമാധ്യമ രംഗത്തെ സ്വയംനിയന്ത്രണ സംവിധാനം ഉറപ്പുള്ള ഒന്നല്ല. അച്ചടിമാധ്യമരംഗത്തെ ഔദ്യോഗിക സംവിധാനം കാലഹരണപ്പെട്ടിരിക്കുന്നു. ഉചിതമായ ഒരു പുതിയ മാധ്യമ നിയന്ത്രണ സംവിധാനം എത്രവേഗം സ്ഥാപിക്കാനാകുമോ അത്രയും നല്ലത്.

മാധ്യമം ദിനപത്രം നവംബർ 28, 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം

No comments: