Monday, June 28, 2010

ഡി.എച്ച്.ആർ.എം. ചെയർമാൻ വി.വി.സെൽവരാജിന് സ്വീകരണം

വർക്കല ശിവപ്രസാദ് കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടശേഷം ഏതാനും ദിവസം മുമ്പ് ജാമ്യത്തിലിറങ്ങിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് ചെയർമാൻ വി. വി. സെൽവരാജിന് സംഘടന ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ആവേശപൂർവ്വം സ്വീകരണം നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഡി.എച്ച്.ആർ.എം. പ്രവർത്തകർ രാവിലെ തന്നെ സെക്രട്ടേറിയറ്റ് മുന്നിലെത്തിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം ഈ പരിപാടിയെ സാധാരണ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമാക്കി. പലരും ഡി.എച്ച്.ആർ.എം. യൂണിഫോമായ അംബെദ്കറുടെ പടമുള്ള ടീഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്.

പന്ത്രണ്ടരയോടെ എത്തിയ സെൽവരാജിനെ അണികൾ കൊട്ടും പാട്ടുമായി വരവേറ്റു. തുടർന്ന് എട്ടു തിരിയുള്ള പരമ്പരാഗത വിളക്ക് തെളിയിച്ചുകൊണ്ട് ഞാൻ പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. പി.യു.സി.എൽ, എസ്.ഡി.പി.ഐ., സോളിഡരിറ്റി യൂത്ത് മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു.

എന്റെ ഉത്ഘാടന പ്രസംഗത്തിന്റെ സംഗ്രഹം

ഈ വേദിയിൽ നിൽക്കുമ്പോൾ ഒരു ചോദ്യം എന്റെ മനസിൽ ഉയരുന്നു. അത് ഇത് നിയമവിധേയമായ പരിപാടിയാണോ എന്നതാണ്. നിങ്ങൾക്ക് അറിവുള്ളതുപോലെ പാതയോരങ്ങളിൽ യോഗങ്ങൾ നടത്തുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ധാരാളം പാതയോര പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഞാൻ ഈ വിധിയെ അനുകൂലിക്കുന്നു. കാരണം സാമൂഹ്യജീവിതം സുഗമമാക്കുന്നതിന് ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണ്. അവ ആവിഷ്കാര-സംഘടനാ സ്വാതന്ത്ര്യങ്ങളെ തടയുന്നെന്ന അഭിപ്രായം എനിക്കില്ല. യോഗങ്ങളും ഘോഷയാത്രകളും നടത്താൻ അനുവാദം നൽകുമ്പോൾ എത്രപേർക്ക് പങ്കെടുക്കാമെന്ന് വ്യക്തമാക്കണമെന്ന് കോടതി വിധിയിലുള്ളതായി പത്രങ്ങളിൽ കണ്ടു. പാതയോരത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലുമധികം ആളുകളാണ് ഇവിടെ ഒത്തുചേർന്നിട്ടുള്ളത്. കോടതി വിധിയുടെ വെളിച്ചത്തിൽ യോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന് ഉചിതമായ സ്ഥലങ്ങൾ നിർദ്ദേശിക്കാനുള്ള ചുമതല അധികൃതർക്കുണ്ട്.

ഡി.എച്ച്.ആർ.എമ്മും സെൽവരാജും പരീക്ഷണത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുകയാണ്. നിങ്ങളുടെ സംഘടനയെ തീവ്രവാദപ്രസ്ഥാനമായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം പൊലീസ് നടത്തുകയുണ്ടായി. രണ്ട് കാരണങ്ങളാൽ ആ ശ്രമം ഒരളവുവരെ വിജയിക്കുകയും ചെയ്തു. ഒരു കാരണം ഒരു നിരപരാധിയെ വെട്ടിക്കൊന്നെന്ന ആരോപണം മധ്യവർഗ്ഗ സമൂഹത്തിൽ ഭയം പരത്തിയെന്നതാണ്. മറ്റേത് മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ആ ആരോപണത്തെ പിന്തുണച്ചുവെന്നതാണ്. സാധാരണഗതിയിൽ ഇത്തരം പ്രശ്നങ്ങളെ സമീപിക്കുമ്പോൾ ആരോപണത്തിൽ കഴമ്പുണ്ടൊയെന്നത് എനിക്ക് പ്രശ്നമല്ല. കാരണം ആരോപണ വിധേയർക്കും മനുഷ്യാവകാശങ്ങളുണ്ടെന്നും അവ സംരക്ഷിപ്പെടേണ്ടതാണെന്നും ഞാൻ വിശ്വസിക്കുന്നു. പ്രതികൾ കുറ്റം ചെയ്തോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഒരു കുറ്റാരോപണത്തിന്റെ മറവിൽ ഒരു സമൂഹത്തെയാകമാനം വേട്ടയാടാൻ പൊലീസിന് അവകാശമില്ല.

ശിവപ്രസാദിന്റെ കൊല നടന്നിട്ട് മാസം പത്തായി. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പക്ഷെ നിങ്ങൾക്കെതിരായ തീവ്രവാദ ആരോപണം ഇന്ന് വളരെപ്പേർ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. വിശ്വസനീയമായ ഒരു തെളിവും ജനങ്ങളുടെ മുന്നിൽ വെയ്ക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകം കൂടാതെ ശ്രീനാരായണ പ്രതിമ തകർത്തതിനും പൊലീസ് ഡി.എച്ച്.ആർ.എം. പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് പറഞ്ഞിട്ടുള്ളത് തൊടുവെ ദലിത് കോളനി വളഞ്ഞ പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിമ തകർത്തതെന്നാണ്. ശിവപ്രസാദിന്റെ കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് പൊലിസ് തൊടുവെ കോളനി വളഞ്ഞെന്ന വെളിപ്പെടുത്തലോടെ പൊലീസ് കെട്ടിപ്പടുത്ത തീവ്രവാദ കഥ പൊളിഞ്ഞിരിക്കുകയാണ്. പക്ഷെ നിങ്ങൾക്കെതിരായ കേസ് ഇപ്പോഴും നിലനിൽക്കുന്നു. സാക്ഷികളെ നിരത്തിയും നല്ല അഭിഭാഷകനെക്കൊണ്ട് വാദിപ്പിച്ചും നിരപരാധിത്വം തെളിയിക്കാനുള്ള നിങ്ങളുടെ കടമ അവശേഷിക്കുന്നു.

നിങ്ങൾ പരീക്ഷണത്തിന്റെ ഒരു ഘട്ടം പിന്നിട്ടതായി ഞാൻ പറഞ്ഞു. ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും സ്വയം സംഘടിച്ച് മുന്നോട്ടുവരുന്നത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് നിങ്ങൾക്ക് ഇനിയും പരീക്ഷണങ്ങൾ നേരിടേണ്ടിവരും. അയ്യങ്കാളിയുടെ കാലത്തിനുശേഷം ആദ്യമായാണ് സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള ദലിത് നേതൃത്വം കേരളത്തിൽ ഉയർന്നു വരുന്നത്. ആദിവാസി സമൂഹത്തിൽ നിന്ന് സി. കെ. ജാനു ഉയർന്നു വന്നപ്പോൾ കണ്ട അങ്കലാപ്പ് നാം ഇപ്പോൾ വീണ്ടും കാണുന്നു. ഈ അങ്കലാപ്പാണ് പുതിയ തീവ്രവാദികളെ കണ്ടെത്താൻ മുഖ്യധാരാ കക്ഷികളെ പ്രേരിപ്പിക്കുന്നത്. നിങ്ങളെ പ്രകോപിപ്പിച്ച് തീവ്രവാദത്തിലേക്ക് തള്ളിവിടാൻ ശ്രമങ്ങളുണ്ടാകും. ആ കെണിയിൽ വീഴാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.

സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവർ ഒരു കാര്യം മനസിലാക്കണം. മുഖ്യധാരാ കക്ഷികളിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് കണ്ടതുകൊണ്ടാണ് ദലിതരും ന്യൂനപക്ഷങ്ങളും മറ്റ് ദുർബലവിഭാഗങ്ങളും അവയെ വിട്ടുപോകുന്നത്. ഇത് മുഖ്യധാരാ കക്ഷികളുടെ പരാജയമാണ് സൂചിപ്പിക്കുന്നത്.

1 comment:

അങ്കിള്‍ said...

കുറ്റബോധത്തോടെയാണെങ്കിലും കോടതിവിധിയെ ധിക്കരിച്ച് പാതയോരം കൈയ്യേറി പ്രസംഗിച്ചതിനോട് യോജിക്കാൻ കഴിയുന്നില്ല. രാഷ്ട്രിയക്കാർ പോലും, പന്തലുകളഴിച്ചില്ലെങ്കിലും, പ്രസംഗസ്ഥലം മാറ്റാനുള്ള സന്മനസ്സ് കാണിച്ചതായി ടി.വി യിൽ കണ്ടു. അവരെക്കാളും തരംതാണ പരിപാടിയായി പോയി ഇത്.

ന്യായീകരണത്തിനു ബലം പോരാ.