Sunday, March 14, 2010

സി.പി.എമ്മിന്റെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ രാജ്യ സഭാംഗം

രാജ്യ സഭയിൽ ഒഴിവ് വരുന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് മൂന്ന് സ്ഥാനാർത്ഥികളായി: സി.പി.എമ്മിന്റെ ടി.എൻ.സീമ, കെ.എൻ. ബാലഗോപാൽ; കോൺഗ്രസിന്റെ എ.കെ.ആന്റണി. ഈ രണ്ട് കക്ഷികൾക്കും നിയമസഭയിൽ അവരുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാവശ്യമായ അംഗബലമുള്ളതുകൊണ്ട് മറ്റാരും മത്സരരംഗത്തുണ്ടാവില്ലെന്നും അവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നും കരുതാവുന്നതാണ്.

എൽ.ഡി.എഫിന് ജയിക്കാവുന്ന രണ്ട് സീറ്റുകളും പിടിച്ചെടുത്ത സി.പി.എം. അവകാശമുന്നയിച്ച ഏത് ഘടക കക്ഷിക്കും കണ്ടെത്താനാവുന്നതിനേക്കാൾ നല്ല സ്ഥാനാർത്ഥികളെയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

അടുത്ത കാലത്ത് കോളെജ് അധ്യാപികയുടെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായ സീമ കേരളത്തിൽ നിന്നുള്ള നാലാമത്തെ വനിതാ രാജ്യ സഭാംഗമാണ്. സി.പി.എമ്മിന്റെ ആദ്യത്തെയും

സംസ്ഥാനത്തുനിന്ന് നേരത്തെ രാജ്യ സഭയിലെത്തിയ മൂന്നു പേരും കോൺഗ്രസുകാരായിരുന്നു -- 1950കളിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരതി ഉദയഭാനു, 1960കളിൽ തെരഞ്ഞെടുക്കപ്പെട്ട ദേവകി ഗോപിദാസ്, 1970കളിൽ തെരഞ്ഞെടുക്കപ്പെട്ട ലീലാ ദാമോദര മേനോൻ. പാർട്ടിയുടെ കേന്ദ്ര നേതൃത്വം താല്പര്യമെടുത്തതുമൂലമാണ് മൂവരും രാജ്യ സഭയിലെത്തിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്ത് കേന്ദ്ര നേതൃത്വം താല്പര്യമെടുക്കാഞ്ഞതുകൊണ്ട് കെ.പി.സി.സി. ഒരു സ്ത്രീയെയും നാമനിർദ്ദേശം ചെയ്തില്ല.

ഉദ്യോഗം രാജി വെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോൾ “അമ്മ രാഷ്ട്രീയക്കാരിയാകേണ്ട്” എന്ന് തന്റെ മകൾ പറഞ്ഞതതായി സീമ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി.

1 comment:

Calicocentric കാലിക്കോസെന്‍ട്രിക് said...

സെക്രട്ടേറിയറ്റ് നടയില്‍ സി പി എം വനിതാ സംഘടനയുടെ അടിച്ചുതളിക്കു നേതൃത്വം കൊടുക്കാന്‍ ഈ മഹിളയുണ്ടായിരുന്നല്ലോ.
രാജ്യസഭാംഗമാവാന്‍ പോവുന്ന വാര്‍ത്ത വന്നയുടെനെതന്നെ ഇവരുടെ ബ്ലോഗും അതിലൊരു കാവ്യവും പ്രത്യക്ഷപ്പെട്ടു. എന്റെ സ്വപ്നവീട്. ഈ കവിത സി പി എം ലാവണ്യശാസ്ത്രം അനുസരിച്ച് ജീര്‍‌ണ്ണിച്ച ബൂര്‍ഷ്വാ വ്യക്തിവാദത്തിന്റെ ഉത്തമ ഉദാഹരണമാണെന്നു ചൂണ്ടിക്കാണിച്ച അഭിപ്രായം പക്ഷേ കവയിത്രി പ്രസിദ്ധീകരിച്ചില്ല.