Sunday, February 21, 2010

സംവരണം: വിവരവും വിവരക്കേടും

ബി.ആർ.പി.ഭാസ്കർ

സംവരണം കേരളത്തിൽ വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുന്നു. എന്നാൽ വിവരത്തേക്കാൾ വിവരക്കേടാണ് ചർച്ചകളിൽ പ്രതിഫലിക്കുന്നത്. അറിവില്ലായ്മ മൂലമാണ് ചിലർ വിവരക്കേട് പ്രചരിപ്പിക്കുന്നത്. മറ്റ് ചിലർ ബോധപൂർവം വിവരക്കേട് വിളമ്പുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നായർ സമുദായാംഗങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെടുന്ന എൻ.എസ്.എസ്. പ്രമേയമാണ് പുതിയ ചർച്ചകൾക്ക് വഴി തുറന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുന്നോക്കം നിൽക്കുന്നവർക്കൊപ്പമെത്താൻ സഹായിക്കുന്ന സംവിധാനമെന്ന നിലയിലാണ് സംവരണം വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. അത് കേവലം ഒരു താൽക്കാലിക സംവിധാനമല്ല. മുൻ ചീഫ് സെക്രട്ടറി സി.പി.നായരെപ്പോലെ നല്ല വിവരമുള്ള ഒരാൾപോലും അങ്ങനെ ധരിച്ചിട്ടുണ്ടെന്നത് അത്ഭുതകരമായി തോന്നുന്നു. “1950ൽ ഭരണഘടന ആവിഷ്കരിച്ചപ്പോൾ ജവഹർലാൽ നെഹ്രു പറഞ്ഞത് സംവരണം 10 കൊല്ലത്തേയ്ക്കുള്ള താൽക്കാലിക സംവിധാനമാണെന്നാണ്. എന്നാൽ 60 കൊല്ലമായിട്ടും സംവരണം തുടരുകയാണ്“ എന്ന് അദ്ദേഹം ഒരു സംഭാണത്തിൽ പറഞ്ഞതായി കലാകൌമുദി എഴുതുന്നു. ഭരണഘടന നിലവിൽ വരുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ടവർക്ക് സർക്കാർ സർവീസിലും ലോക് സഭയിലും നിയമസഭകളിലും നിശ്ചിത പ്രാതിനിധ്യം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ എഴുതിച്ചേർക്കപ്പെട്ട സംവരണ വ്യവസ്ഥ മാത്രമാണ് അതിലുണ്ടായിരുന്നത്. അതിന് കാലാവധിയും നിശ്ചയിച്ചിരുന്നു. ഒരു ചെറിയ കാലയളവിൽ ആ വിഭാഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് സമ്പാദിക്കാനാകുമെന്ന് നല്ലവരായ ഭരണഘടനാശില്പികൾ വിശ്വസിച്ചു. കാലാവധി അവസാനിക്കാറായപ്പോൾ ആ വിശ്വാസം തെറ്റായിരുന്നെന്ന് ഭരണാധികാരികൾക്ക് ബോധ്യമായി. അവർ ഭരണഘടനാ ഭേദഗതിയിലൂടെ പട്ടികജാതി പട്ടികവർഗ്ഗ സംവരണ വ്യവസ്ഥ നീട്ടാൻ സന്നദ്ധരായി. തുടർന്നും പാർലമെന്റ് പല തവണ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് കാലാവധി നീട്ടി. കൊല്ലം 60 കഴിഞ്ഞെങ്കിലും ഈ വ്യവസ്ഥ എടുത്തുകളയാനാകാത്തത് അതില്ലെങ്കിൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുകയില്ലെന്നതുകൊണ്ടാണ്. ഇക്കാര്യത്തിൽ ഭരണഘടനാ ശില്പികൾ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകാഞ്ഞത് പട്ടികജാതി പട്ടികവർഗ്ഗങ്ങളുടെ കുറ്റമാണെന്ന മട്ടിലാണ് സംവരണവിരുദ്ധർ വിഷയം അവതരിപ്പിക്കുന്നത്. യഥാർത്ഥ കുറ്റവാളികൾ ദലിത് ആദിവാസി വിഭാഗങ്ങളല്ല, അവരുടെ പുരോഗതി തടയാൻ നിരന്തരം ശ്രമിക്കുന്ന ജാതിമേധാവിത്വ ശക്തികളാണ്. ഭരണാധികാരികൾ സംവരണ വ്യവസ്ഥ സത്യസന്ധമായി നടപ്പിലാക്കുന്നില്ലെന്ന് അവർ ഉറപ്പു വരുത്തുന്നു.

സംവരണത്തിനെതിരെ ഏറെ കാലമായി നിയമയുദ്ധം നടത്തുന്ന സംഘടയാണ് എൻ.എസ്.എസ്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്ന വാദം കോടതികളിലും പുറത്തും അത് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാകണം സംവരണമെന്നതാണ് അതിന്റെ നിലപാട്. അതിനെ അലോസരപ്പെടുത്തുന്നത് ദലിത് ആദിവാസി സംവരണമല്ല, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണമാണ്. ഭരണഘടന നിലവിൽ വരുമ്പോൾ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണാനുകൂല്യമൊ മറ്റെന്തെങ്കിലും സംരക്ഷണമൊ നൽകുന്ന ഒരു വ്യവസ്ഥയും അതിലുണ്ടായിരുന്നില്ല. എന്നാൽ മദിരാശി പ്രിവിശ്യയിലെയും തിരുവിതാംകൂർ ഉൾപ്പെടെയുള്ള ചില നാട്ടുരാജ്യങ്ങളിലെയും ഭരണകൂടങ്ങൾ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും സർക്കാർ നിയമനത്തിലും പിന്നാക്ക ജാതികൾക്ക് സംവരണം ഏർപ്പെടുത്തിയിരുന്നു. ആ സംവരണം ഭരണഘടന നിലവിൽ വന്നശേഷവും തുടർന്നുപോന്നു. ചെമ്പകലക്ഷ്മി എന്നൊരു യുവതി അത് ചോദ്യം ചെയ്തുകൊണ്ട് 1950ൽ മദിരാശി ഹൈക്കോടതിയിൽ ഒരു ഹർജി നൽകി. സംവരണവ്യവസ്ഥയുടെ ഫലമായി ബ്രാഹ്മണജാതിയിൽ പിറന്ന തനിക്ക് മെഡിക്കൽ കോളെജിൽ പ്രവേശനം ലഭിച്ചില്ലെന്ന് അവർ പരാതിപ്പെട്ടു. അവർക്കു വേണ്ടി കോടതിയിൽ ഹാജരായത് ഭരണഘടനാ നിർമ്മാണസഭാംഗമായിരുന്ന അല്ലാടി കൃഷ്ണസ്വാമി അയ്യർ എന്ന പ്രഗത്ഭനായ അഭിഭാഷകനാണ്. അദ്ദേഹം കരട് ഭരണഘടന തയ്യാറാക്കിയ സമിതിയിലും അംഗമായിരുന്നു. മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ വകുപ്പ് 15(1) നിഷ്കർഷിക്കുന്നതിനാൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം നിലനിൽക്കുന്നതല്ലെന്ന് അദ്ദേഹം വാദിച്ചു. ആ വാദം ശരിവെച്ചുകൊണ്ട് പിന്നാക്ക ജാതികൾക്ക് നേരത്തെ അനുവദിച്ചിരുന്ന സംവരണം ഭരണാഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. മദിരാശി സർക്കാർ ആ തീരുമാനത്തിനെതിരെ അപ്പീൽ കൊടുത്തെങ്കിലും സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെച്ചു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹ്യനീതി ഉറപ്പാക്കാൻ സ്വാതന്ത്ര്യ പ്രാപ്തിക്കുമുമ്പ് ഏർപ്പെടുത്തിയ സംവരണം തുടരേണ്ടത് ആവശ്യമാണെന്ന മദിരാശി സർക്കാരിന്റെ നിലപാട് കേന്ദ്രം അംഗീകരിച്ചു. അതിനായി ഭരണഘടന ഭേദഗതി ചെയ്യാൻ കേന്ദ്രം തയ്യാറായി. അങ്ങനെയാണ് പാർലമെന്റ് ആദ്യ ഭരണഘടനാ ഭേദഗതി നിയമം പാസാക്കിയത്. അത് മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന വകുപ്പിന്റെ തുടർച്ചയായി ഒരു പുതിയ ഉപവകുപ്പ് എഴുതിച്ചേർത്തു: “സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വർഗ്ഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവർഗ്ഗങ്ങളുടെയും ഉന്നമനത്തിനായി എന്തെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതിന് ഈ വകുപ്പിലുള്ളതൊന്നും തടസ്സമാവില്ല.” ഈ ഭേദഗതിയോടെ നിലവിലുണ്ടായിരുന്ന പിന്നാക്ക സംവരണത്തിനു ഭരണഘടനയുടെ സംരക്ഷണം ലഭിച്ചു. പാർലമെന്റ് 2005ൽ പാസാക്കിയതും 2006ൽ നിലവിൽ വന്നതുമായ ഭരണഘടനയുടെ 93ആം ഭേദഗതി എയ്ഡഡും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഏത് വിഭാഗം പൌരന്മാർക്കും പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും വേണ്ടി പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തുന്നതിനായി നിയമമുണ്ടാക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു ഉപവകുപ്പ് കൂടി എഴുതിച്ചേർത്തു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ ഉപവകുപ്പിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടിട്ടുണ്ട്.

ഈ ഉപവകുപ്പുകളിലൊന്നും ‘സംവരണം‘ എന്ന വാക്കില്ലെന്നത് ശ്രദ്ധിക്കുക. എന്നാൽ സംവരണമല്ലാതെ പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിന് മറ്റെന്തെങ്കിലും പ്രത്യേക വ്യവസ്ഥ മുന്നോട്ടുവെയ്ക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ‘ജാതി‘ക്കു പകരം ‘വർഗ്ഗം‘ എന്ന പദമാണ് രണ്ട് ഉപവകുപ്പുകളിലും ഉപയോഗിച്ചിട്ടുള്ളതെങ്കിലും സമൂഹികമായ പിന്നാക്കാവസ്ഥ നിർണ്ണയിക്കുന്നതിൽ ജാതി ഒരു ഘടകമാകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാലപരിധി സംബന്ധിച്ച ഒരു പരാമർശവും ഈ ഉപവകുപ്പുകളിലില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതിന്റെ അർത്ഥം സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവർക്ക് അത് സ്ഥിരമായി ലഭിക്കുമെന്നല്ല. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ നിൽനിൽക്കുന്നിടത്തോളമെ ഏതൊരു വിഭാഗത്തിനും സംവരണത്തിന് അർഹതയുണ്ടാകൂ. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അവസാനിക്കുമ്പോൾ ആ അർഹത ഇല്ലാതാകും. ഇപ്പോൾ സാമൂഹികമൊ വിദ്യാഭ്യാസപരമൊ ആയ അവശതകളില്ലാത്ത ഒരു വിഭാഗം ഏതെങ്കിലും കാരണത്താൽ പിന്നാക്കം തള്ളപ്പെടുകയാണെങ്കിൽ ഈ ഉപവകുപ്പുകളുടെ അടിസ്ഥാനത്തിൽ അതിന് സംവരണാനുകൂല്യം ആവശ്യപ്പെടാനാകും. ആ സ്ഥിതിക്ക് എൻ.എസ്. എസിന്റെ ആവശ്യം ഈ ഉപവകുപ്പുകളുടെ പരിധിയിൽ പെടുന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. എന്നാൽ അതിലേക്ക് കടക്കും മുമ്പ് ചെമ്പകലക്ഷ്മി കോടതികളെ കബളിപ്പിച്ച കഥ കൂടി പറയേണ്ടിയിരിക്കുന്നു. ആ സ്ത്രീ മദിരാശിയിലെ ഒരു മെഡിക്കൽ കോളെജിലും പ്രവേശനത്തിന് അപേക്ഷിച്ചിരുന്നില്ല. അപേക്ഷിച്ചിരുന്നെങ്കിൽതന്നെ പ്രവേശനം ലഭിക്കുമായിരുന്നില്ലെന്നത് മറ്റൊരു കാര്യം. അത് അവർ ബ്രാഹ്മണജാതിയിൽ പിറന്നതുകൊണ്ടല്ല, മെഡിക്കൽ കോളെജ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ പാസാകാതിരുന്നതുകൊണ്ടാണ്. സുപ്രീം കോടതി വരെ ശരിവെച്ച ചെമ്പകലക്ഷ്മിയുടെ ഹർജി സംവരണം അട്ടിമറിക്കാൻ ഏത് ഹീന മാർഗ്ഗവും സ്വീകരിക്കാനുള്ള ജാതിമേധാവിത്വത്തിന്റെ സന്നദ്ധതക്ക് തെളിവാണ്. ആദ്യ ഭരണഘടനാ ഭേദഗതിയിലേക്ക് നയിച്ച സംഭവമെന്ന നിലയിൽ ചെമ്പകലക്ഷ്മിയുടെ കേസിലെ വിധി നിയമപുസ്തകങ്ങളിൽ സ്ഥലം പിടിച്ചിട്ടുണ്ട്. അവർ നടത്തിയ കപട നാടകത്തെക്കുറിച്ച് അവ നിശ്ശബ്ദത പാലിക്കുന്നു.

നായർ സമുദായത്തിന്റെ “ഇന്നത്തെ പിന്നാക്കാവസ്ഥ” ചൂണ്ടിക്കാട്ടിയാണ് എൻ.എസ്.എസ്. പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണാനുകൂല്യം തങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അതും കേവലം ജാതിയുടെ അടിസ്ഥാനത്തിൽ! സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നായർ പ്രാതിനിധ്യം ചുരുങ്ങിയതായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കർ അവകാശപ്പെടുന്നു. സർക്കാർ സർവീസിൽ നായർ പ്രാതിനിധ്യം കുറഞ്ഞിട്ടുണ്ടെന്ന വാദം ശരിയായിരിക്കണം. കാരണം നൂറു കൊല്ലം മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും സർക്കാർ ഉദ്യോഗങ്ങൾ ഏറെക്കുറെ നായർ കുത്തകയായിരുന്നു. മറ്റ് വിഭാഗങ്ങൾ വിദ്യാഭ്യാസം നേടുകയും അവർക്ക് ജോലി നൽകാൻ സർക്കാർ നിർബന്ധിതമാവുകയും ചെയ്തപ്പോൾ നായർ പ്രാതിനിധ്യം സ്വാഭാവികമായും താഴ്ന്നിട്ടുണ്ടാകണം എന്നാൽ നായർ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും മറ്റുള്ളവർക്ക് പിന്നിലായിരിക്കുന്നുവെന്ന് സ്ഥാപിക്കാൻ പോരുന്ന കണക്കുകളൊന്നും പണിക്കർ നൽകുന്നില്ല. യഥാർത്ഥത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണം തങ്ങൾക്കും വേണമെന്ന എൻ.എസ്. എസിന്റെ ആവശ്യം നേരത്തെ അത് ഉന്നയിച്ചിരുന്ന സാമ്പത്തിക സംവരണമെന്ന ആശയത്തിന്റെ പുനരാവിഷ്കരണമാണ്. ഈ ആശയം ആദ്യമായി അവതരിപ്പിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അതുമായി മുന്നോട്ടു പോകാൻ അദ്ദേഹത്തിനായില്ലെങ്കിലും സി.പി.എമ്മിനെക്കൊണ്ട് തത്ത്വത്തിൽ അത് അംഗീകരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ സാമ്പത്തിക സംവരണത്തിന് അനുകൂലമായ നിലപാട് എടുക്കുന്ന സാമാന്യം വലിയ ഒരു വിഭാഗം രാജ്യത്തുണ്ട്. അക്കൂട്ടത്തിൽ ബി.ജെ.പി.യും ചില കോൺഗ്രസുകാരുമുണ്ട്. ഭരണഘടന സംവരണം പോലുള്ള പ്രത്യേക വ്യവസ്ഥയ്ക്കുള്ള അർഹത സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നിൽക്കുന്നവർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ന്യായാധിപന്മാരും രാജ്യത്തുണ്ട്. ഇവരുടെയൊക്കെ നിലപാടുകളിൽ പ്രതിഫലിക്കുന്നത് പഴയ ജാതിമേധാവിത്വത്തിന്റെ സ്വാധീനമാണ്.

നായർ സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ കലാകൌമുദി പ്രസിദ്ധീകരിച്ച സംഭാഷണത്തിൽ സി.പി.നായർ ഏതൊരു എൻ.എസ്.എസ്. നേതാവിനേക്കാളും ഭംഗിയായി വിവരിക്കുന്നുണ്ട്. ഭൂപരിഷ്കരണത്തോടെയാണ് നായർ പതനം ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ വലിയ ഭൂവുടമകളിലേറെയും നമ്പൂതിരിമാരും നായന്മാരുമായിരുന്നെങ്കിലും ഭൂപരിഷ്കരണം നായർ സമുദായത്തിന് മൊത്തതിൽ നഷ്ടക്കച്ചവടമായിരുന്നെന്ന ധാരണ ശരിയാണെന്ന് തോന്നുന്നില്ല. ഭൂപരിഷ്കരണത്തിന്റെ ഗുണം ലഭിച്ചത് കുടിയാന്മാർക്കാണല്ലൊ. അവരിലും നായന്മാർ ഏറെ ഉണ്ടായിരുന്നു. കൃഷി ലാഭകരമല്ലാതായതുകൊണ്ട് ഭൂപരിഷ്കരണത്തിന്റെ നേട്ടം നിലനിർത്താൻ അവർക്കായില്ലെന്ന് പറയുന്നതാവും കൂടുതൽ ശരി. പലരും കിട്ടിയ ഭൂമി വിറ്റ് മറ്റ് ഉപജീവനമാർഗ്ഗം തേടി. കേരളത്തെ ദാരിദ്ര്യത്തിൽനിന്ന് കര കയറ്റി സമ്പന്ന സംസ്ഥാനമാക്കിയത് 1970ൽ തുടങ്ങിയ ഗൾഫ് പ്രവാസമാണ്. ഗൾഫിൽ പോയ വിദഗ്ദ്ധതൊഴിലാളികൾക്കിടയിലും അമേരിക്കയിലേക്ക് ചേക്കേറിയ പ്രൊഫഷനലുകൾക്കിടയിലും വളരെ കുറച്ച് നായന്മാരേയുള്ളെന്ന് സി.പി. നായർ സാക്ഷ്യപ്പെടുത്തുന്നു. ഗൾഫ് പ്രവാസത്തിന്റെ പ്രധാന ഗുണഭോക്താക്കൾ മുസ്ലിംകളാണെന്ന കാര്യത്തിൽ സംശയത്തിനിടമില്ല. ഗൾഫ് മലയാളികളിൽ 35 ശതമാനത്തോളം കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനം വരുന്ന മുസ്ലിംകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുസ്ലിംകൾ കഴിഞ്ഞാൽ ഗൾഫ് പ്രവാസത്തിന്റെ ഗുണം ഏറെ ലഭിച്ചത് ഈഴവർക്കാകാം. ചില ഗൾഫ് രാജ്യങ്ങൾ മുസ്ലിംകൾക്ക് മുൻഗണന നൽകുന്നത് ആ സമുദ്ദയത്തിന് അവിടെ കൂടുതൽ അവസരം ലഭിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. അതേസമയം ഈഴവരും മുസ്ലിംകളും ക്രൈസ്തവരും ജോലികൾ തേടി കൂട്ടത്തോടെ വിദേശത്തേക്ക് പോകാനിടയായത് ഇവിടെ അവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നതുകൊണ്ടാണെന്നത് വിസ്മരിച്ചു കൂടാ. തിരുവിതാംകൂറിൽ നിന്നുള്ള ഈഴവ പ്രവാസം രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പെ ആരംഭിച്ചിരുന്നു. അവർ ആദ്യം പോയത് സിലോൺ, മലയാ, സിംഗപ്പൂർ എന്നീ ബ്രിട്ടീഷ് കോളനികളിലേക്കാണ്.

നായർ സംവരണം ആവശ്യപ്പെടുന്ന എൻ.എസ്.എസ്. പ്രമേയത്തോടുള്ള എസ്. എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം അത് ലോകാവസാനം വരെ നടക്കാൻ പോകുന്നില്ലെന്നായിരുന്നു. അപ്രകാശിതമായ ഒരു ചിന്ത കൂടി ആ വാക്കുകളിൽ അടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. അത് ഈഴവ സംവരണം ലോകാവസാനം വരെ തുടരണമെന്നതാണ്. സാമൂഹ്യനീതിയുടെ പേരിലാണ് രണ്ട് സമുദായ സംഘടനകളുടെ നേതാക്കളും സംസാരിക്കുന്നതെങ്കിലും സാമൂഹ്യനീതിയെക്കുറിച്ചുള്ള അവരുടെ സങ്കല്പങ്ങൾ വ്യത്യസ്തമാണ്. സർക്കാർ ജോലിയിലെ കുത്തക ഇല്ലാതായതിൽ എൻ.എസ്.എസ്. നീതിനിഷേധം കാണുന്നു. ദീർഘകാലം നിഷേധിക്കപ്പെട്ട നീതിക്കുവേണ്ടി പോരാട്ടം തുടങ്ങിയ യോഗത്തിന്റെ ഇപ്പോഴത്തെ നീതിസങ്കല്പത്തിൽ സ്ഥിരമായ ജാതി സംവരണമെന്ന ആശയം കടന്നുകൂടിയിട്ടുണ്ട്. തിരുവിതാംകൂറിൽ സർക്കാർ മേഖലയിലെ നായർ കുത്തകക്കെതിരെ ആദ്യമായി ശബ്ദം ഉയർത്തിയത് ഈഴവരാണ്. ഇക്കാരണത്താൽ ഈ രണ്ട് സമുദായങ്ങൾക്കുമിടയിൽ അനാരോഗ്യകരമായ മത്സരബുദ്ധി പലപ്പോഴും പ്രകടമായിട്ടുണ്ട്. തൊഴിൽ വിപണിയിൽ വൈകിയെത്തിയ മുസ്ലിംകളുടെയും ലത്തീൻ കത്തോലിക്കരുടെയും അവസ്ഥ ഈഴവരുടേതിനേക്കാൾ മോശമാണെന്ന് ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹിന്ദു സമൂഹത്തിൽ ഈഴവരോളം അംഗബലമില്ലാത്ത നിരവധി പിന്നാക്കജാതിക്കാരുണ്ട്. അവരുടെ അവസ്ഥ കൂടുതൽ മോശമാണ്. എണ്ണം കുറവായതുകൊണ്ട് അവർക്ക് ഭരണകൂടത്തിന്റെമേൽ സമ്മർദ്ദം ചെലുത്താനുള്ള കഴിവും കുറവാണ്. നേരത്തേ പ്രയാണം ആരംഭിച്ചതുകൊണ്ട് അല്പം മുൻതൂക്കം ലഭിച്ച ഈഴവസമുദായത്തിന്റെ നേതൃത്വം കൂടുതൽ പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളോട് വേണ്ടത്ര അനുഭാവം കാട്ടാറില്ല. സാമൂഹ്യനീതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും സ്വന്തം സമുദായത്തിന്റെ താല്പര്യം മാത്രമാണ് എല്ലാ സംഘടനകളും ലക്ഷ്യമിടുന്നത്.

സാമൂഹ്യനീതി യാഥാർത്ഥ്യമാവുകയാണെങ്കിൽ ഓരോ സമുദായത്തിനും സർക്കാർ സർവീസിൽ ഏറെക്കുറെ അതിന്റെ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ലഭിക്കേണ്ടതാണ്. അത് ലഭിക്കുന്നുണ്ടോയെന്നറിയാൻ ഓരോ സമുദായത്തിന്റെയും ജനസംഖ്യ എത്രയാണെന്നും അവർക്ക് എന്ത് പ്രാതിനിധ്യമാണ് ഇപ്പോഴുള്ളതെന്നും അറിയണം. ഏഴു പതിറ്റാണ്ട് മുമ്പ് സർക്കാർ ജാതി തിരിച്ചുള്ള കണക്ക് എടുക്കുന്നത് മതിയാക്കിയതുകൊണ്ട് ഓരോ സമുദായത്തിന്റെയും ജനസംഖ്യ സംബന്ധിച്ച് ആധികാരികമായ വിവരം ലഭ്യമല്ല. ഈ സാഹചര്യം സാമുദായിക സംഘടനകൾക്ക് എണ്ണം പെരുപ്പിച്ചു കാണിക്കാൻ അവസരം നൽകുന്നു. 2001ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ മുസ്ലിംകൾ ഏതാണ്ട് 25 ശതമാനമുണ്ട്. അവരാണ് ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായം. ക്രൈസ്തവർ 19 ശതമാനമാണ്. .ദലിതർ 10 ശതമാനവും ആദിവാസികൾ ഒരു ശതമാനവും എന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. ബാക്കിയുള്ള 45 ശതമാനത്തിൽ ഈഴവരെത്ര, നായന്മാരെത്ര, മറ്റുള്ളവരെത്ര എന്ന് കൃത്യമായി നിർണ്ണയിക്കാൻ മാർഗ്ഗമില്ല. ഈഴവർ പന്നിയെപ്പോലെ പെറ്റുപെരുകുന്നതായി മന്നത്ത് പത്മനാഭൻ 1950കളിൽ നടത്തിയ പ്രസംഗങ്ങളിൽ പറഞ്ഞിരുന്നു. അതിനുശേഷം ഈഴവരുടെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞെങ്കിലും അവർ തന്നെയാകണം ഏറ്റവും വലിയ ഹിന്ദു ജാതി സമൂഹം. കേരള സർക്കാർ 1968ൽ നടത്തിയ സാമൂഹിക-സാമ്പത്തിക സർവ്വേയിൽ നായന്മാർ ജനസംഖയുടെ 14.41 ശതമാനമാണെന്ന് കണ്ടെത്തിയതായി ഒരു ഔദ്യോഗിക രേഖയിൽ കാണുന്നു. സർവ്വേ നടന്നിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞ സ്ഥിതിക്ക് ആ കണക്കിൽ ഇനിയും വിശ്വാസം അർപ്പിക്കാനാവില്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് 2006ൽ പ്രസിദ്ധീകരിച്ച കേരള പഠന റിപ്പോർട്ട് അനുസരിച്ച് വ്യത്യസ്ത ജാതിമത വിഭാഗങ്ങളുടെ നില ഇപ്രകാരമാണ്: നായന്മാർ 12.88 ശതമാനം, മറ്റ് മുന്നോക്ക ജാതികൾ 1.77 ശതമാനം, ഈഴവർ 22.81 ശതമാനം, മറ്റ് (ഹിന്ദു) പിന്നാക്ക ജാതികൾ 8.48 ശതമാനം, പട്ടികജാതികൾ 9.07 ശതമാനം, പട്ടികവർഗ്ഗങ്ങൾ 1.06 ശതമാനം, മുസ്ലിംകൾ 26.88 ശതമാനം, ക്രൈസ്തവർ 18.33 ശതമാനം. (കൂട്ടുമ്പോൾ 100നു മുകളിൽ വരുന്നതിൽ നിന്ന് കണക്കിൽ ചില്ലറ പിശകുണ്ടെന്ന് വ്യക്തമാണ്.) കൃത്യമായ കണക്കുകളുടെ അഭാവത്തിൽ നായർ സമുദായം ക്ഷീണിച്ചിട്ടുണ്ടെന്നൊ ഇല്ലെന്നൊ പറയാൻ സി.പി.നായർ തയ്യാറല്ല. അതേ സമയം സമുദായത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നുവെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. ഓരോ സമുദായവും എവിടെ നിൽക്കുന്നുവെന്ന് മനസ്സിലാക്കാൻ ജാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ ശേഖരിക്കണമെന്ന കാര്യത്തിൽ ഇപ്പോൾ എൻ.എസ്. എസ്സിനും എസ്.എൻ.ഡി.പി.യോഗത്തിനും വിവിധ മുസ്ലിം സംഘടനകൽക്കും ഒരേ അഭിപ്രായമാണുള്ളത്. ഇതിനെ ഒരു നല്ല തുടക്കമായി കാണാം. ഊഹാപോഹങ്ങളുടെ സ്ഥാനത്ത് ശരിയായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകൾ ഉണ്ടാകട്ടെ.

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു. ആ നിലയ്ക്ക് സാമൂഹികമായ അവശതകളുള്ളവർക്കെന്ന പോലെ സാമ്പത്തികവും രാഷ്ട്രീയവുമായ അവശതകളുള്ളവർക്കും നീതി നൽകാനുള്ള ചുമതല ഭരണകൂടത്തിനുണ്ട്. ഈ അവശതകളെയെല്ലാം ഒരേ തരത്തിലുള്ളവയായി ചുരുക്കാനുള്ള ശ്രമത്തിലാണ് അവരുടെ ദുഷ്ടലാക്ക് പ്രകടമാകുന്നത്. സാമൂഹികമായ അവശതകൾ ദീർഘകാലം ഉപഭൂഖണ്ഡത്തിൽ നിലനിന്ന സാമൂഹിക ബഹിഷ്കരണ പദ്ധതിയുടെ ഫലമായുണ്ടായവയാണ്. വിദ്യാഭാസനിഷേധം ആ പദ്ധതിയുടെ ഭാഗമായിരുന്നു. ആ നിലയ്ക്കാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ സവിശേഷ പരിഗണന അർഹിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഹിന്ദുക്കളെപ്പോലെ അത്തരത്തിലുള്ള അവശത അനുഭവിക്കുന്ന മുസ്ലിംകൾക്കും ക്രൈസ്തവർക്കും സംവരണത്തിനുള്ള അർഹതയുണ്ട്. അത് നിഷേധിക്കുന്നത് മതപരമായ വിവേചനമാവും. ഭരണഘടന അത് അനുവദിക്കുന്നില്ല. അതുപോലെ തന്നെ സാമ്പത്തികമായ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാൻ നടപടികളെടുക്കുമ്പോഴും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം പാടില്ല. കാരണം അത് ഭരണഘടനാവിരുദ്ധമാണ്. സാമൂഹിക പിന്നാക്കവസ്ഥക്കെന്ന പോലെ സാമ്പത്തിക പിന്നാക്കാവസ്ഥക്കും ഉചിതമായ പരിഹാരമാർഗ്ഗം സംവരണമാണെന്ന നിഗമനത്തിലാണ് ഭരണകൂടം എത്തുന്നതെങ്കിൽ അതിനായി ജാതിമത പരിഗണന കൂടാതെ നടപടികൾ സ്വീകരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സർക്കാർ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയാണെങ്കിൽ അതിന്റെ ഗുണം മുന്നോക്ക പിന്നാക്ക വ്യത്യാസം കൂടാതെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകണം.

നായർ സമുദായത്തിന് രാഷ്ട്രീയനീതി നിഷേധിക്കപ്പെടുന്നുണ്ടോ? ലോക് സഭാ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ കോൺഗ്രസ് വിവേചനം കാട്ടിയെന്ന എൻ.എസ്.എസ്. അദ്ധ്യക്ഷൻ പി.വി. നീലകണ്ഠപ്പിള്ളയുടെ കുറ്റപ്പെടുത്തൽ സമുദായ നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനകാരണം സാമൂഹികമൊ വിദ്യാഭ്യാസപരമൊ അല്ല രാഷ്ട്രീയപരമാണെന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ കേന്ദ്ര മന്ത്രിസഭാ പുന:സംഘടന എൻ. എസ്.എസ്സിനെ ചൊടിപ്പിച്ചിരുന്നു. എൻ.എസ്.എസ്സിനോട് അടുപ്പം പുലർത്തുന്ന കേരള നായന്മാരെ തഴഞ്ഞുകൊണ്ട് ഡൽഹി നായരായ ശശി തരൂരിനെ സഹമന്ത്രിയാക്കിയതിലുള്ള നീരസം സംഘടന പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മറ്റ് സമുദായങ്ങളിൽ പെട്ട രണ്ട് നേതാക്കൾക്ക് ക്യാബിനറ്റ് പദവി ലഭിച്ചത് എൻ.എസ്.എസിന്റെ നീരസം വർദ്ധിപ്പിച്ചെന്ന് തോന്നുന്നു. സാമുദായിക നേതാക്കളെ സന്ദർശിച്ച് ആശീർവാദം തേടുന്ന കീഴ്വഴക്കം പാലിക്കാൻ സന്നദ്ധനായ തരൂരിന് വെള്ളാപ്പള്ളി നടേശനെ മുഖം കാണിക്കാൻ കഴിഞ്ഞു. എന്നാൽ എൻ.എസ്.എസ്. ആസ്ഥാനമായ പെരുന്നയിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് ഇനിയും അനുവാദം കിട്ടിയിട്ടില്ല. ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് എം.എൽ.എ.മാരുടെ സീറ്റുകളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥിനിർണ്ണയം എൻ.എസ്. എസിനെ കൂടുതൽ ചൊടുപ്പിച്ചു. കെ. സി. വേണുഗോപാൽ പ്രതിനിധാനം ചെയ്തിരുന്ന ആലപ്പുഴയിൽ എ.എ.ഷുക്കൂറിനെ സ്ഥാനാർത്ഥിയാക്കിയതിൽ എൻ.എസ്.എസ്. നായർവിരുദ്ധത കണ്ടു. ഷുക്കൂറിനെതിരെ അത് എൽ.ഡി.എഫ്. (സി.പി.ഐ.) സ്ഥാനാർത്ഥി ജി. കൃഷ്ണദാസിനെ പിന്തുണച്ചു. കൃഷണദാസിനെ ജയിപ്പിക്കാൻ അതിനായില്ല. പക്ഷെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ അതിന് കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ടിടങ്ങളിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായപ്പോഴാണ് ആലപ്പുഴയിൽ മറിച്ച് സംഭവിച്ചത്.

എൻ.എസ്.എസിന്റെ പ്രമേയം പ്രധാനമായും ക്രൈസ്തവ നായർ സമുദായങ്ങളുടെ പിൻബലത്തിൽ നിലനിൽക്കുന്ന കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാക്കളെ പരിഭ്രാന്തരാക്കി. പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും എൻ.എസ്.എസ്. നേതാക്കളെ അനുനയിപ്പിക്കാൻ പെരുന്നയിൽ ഓടിയെത്തി. സമീപകാല പ്രവണതകളുടെ അടിസ്ഥാനത്തിൽ അടുത്തത് യു.ഡി.എഫിന്റെ ഊഴമാണെങ്കിലും ആലപ്പുഴയിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ എൻ.എസ്.എസ്. ഇടഞ്ഞാൽ 2011ൽ അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ തെറ്റുമോയെന്ന ഭയം കോൺഗ്രസ്സിനുണ്ട്. ഈയിടെ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിൽ കണ്ട കണക്കുകൾ അനുസരിച്ച് കേരളത്തിൽ നിന്ന് ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഏഴു പേർ നായന്മാരാണ്. അതായത് ജനസംഖ്യയുടെ 12ഒ 14ഒ ശതമാനം മാത്രം വരുന്ന സമുദായത്തിന് ലോക് സഭയിൽ 35 ശതമാനം പ്രാതിനിധ്യമുണ്ട്. കൂടുതൽ സംഖ്യാബലമുള്ള മുസ്ലിം ഈഴവ സമുദായങ്ങൾക്ക് മൂന്ന് അംഗങ്ങൾ വീതമേയുള്ളു. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ കുഞ്ചൻ നമ്പ്യാർ വരച്ചു കാട്ടിയ കഞ്ഞിക്ക് അരിയിടാത്തൽ കോപിച്ച നായർ യോദ്ധാവിന്റെ ചിത്രമാണ് മനസ്സിൽ തെളിയുന്നത്.

മാധ്യമം ആഴ്പ്പതിപ്പ് 2010 ഫെബ്രുവരി 22ലെ ലക്കത്തിൽ “നായർക്ക് ഇനിയും വേണോ നീതി“ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപമാണിത്

5 comments:

Baiju Elikkattoor said...

:)

N.J Joju said...

നല്ല പോസ്റ്റ്.

ഷൈജൻ കാക്കര said...

ഇപ്പോൾ സംവരണത്തിന്‌ അർഹരായ വിഭാഗത്തിൽ നിന്ന്‌ ക്രീമിലയർ പ്രകാരം എല്ലാ പത്തു വർഷത്തിലും കാനേഷ്കുമാരി കണക്കെടുപ്പിനോട്‌ ചേർന്ന്‌ സാമൂഹികമായും സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്നവരെ സംവരണത്തിൽ നിന്ന്‌ ഒഴിവാക്കി പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കൈ പിടിച്ചുയർത്തണം. അല്ലെങ്ങിൽ എല്ലാ കാലവും പിന്നോക്ക ജാതിയിലെ മുന്നോക്കക്കാർ എല്ലാവിധ സംവരണവും തട്ടിയെടുത്ത്‌ സ്വന്തം ജാതിയെ എന്നും പിന്നോക്കമായി നിലനിർത്തി സ്വന്തം കാര്യം നേടുന്ന അനീതി നിലനിൽക്കും

സംവരണം എന്റെ ജന്മവകാശമോ? എന്ന എന്റെ പോസ്റ്റിൽ, ലിങ്ക് താഴെ

http://georos.blogspot.com/2010/01/blog-post.html

Anonymous said...

I have written a post on your article:സാമ്പത്തിക സംവരണം=മേല്‍ജാതിസംവരണം

jayanEvoor said...

കാക്കര പറഞ്ഞത് വളരെ പ്രസക്തം.

പിന്നോക്ക സമുദായക്കാർക്ക് വേണ്ടത് സാമൂഹിക ഉന്നമനമോ അതോ ലോകാവസാനം വരെ സംവരണമോ?
ഇത് ചിന്തിക്കേണ്ട ഒരു വിഷയമാണ്.

ഈഴവ-മുസ്ലിം-മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവരിൽ ഉള്ളതു പോലെ ദളിത് വിഭാഗങ്ങളിലും ക്രീമി ലെയർ കണ്ടു പിടിച്ച്, കൂടുതൽ പിന്നോക്കാവസ്ഥയിലുള്ളവരെ ഉയർത്തിക്കൊണ്ടു വന്നേ മതിയാവൂ.

അല്ലാത്ത കാലത്തോളം ദളിതരിലെ പ്രമാണിമാരുടെ മക്കൾ എല്ലാ സംവരണാനുകൂല്യങ്ങളും കവർന്നു കൊണ്ടേയിരിക്കും.

ഏതു വിഷയത്തിനും രണ്ടുവശങ്ങൾ ഉണ്ട്. അതു രണ്ടും കാണാതെ ഒരു വശം മാത്രം കാണുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങളാണ് നമ്മുടെ നാട്ടിൽ ഉള്ളത്. നായർക്ക് സാമ്പത്തികമായേ പിന്നോക്കാവസ്ഥ അവകാശപ്പെടാൻ കഴിയൂ... സാമുദായികമായി ഇല്ല. സംവരണം സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗവും അല്ല.

സംവരണം എന്ന വിഷയത്തിന്റെ ഇരു വശങ്ങളും ചൂണ്ടിക്കാണിക്കുന്ന ഒരു ചെറു ലേഖനം ഞാനും എഴുതിയിട്ടുണ്ട്. ദയവായി അതു കൂടി ശ്രദ്ധിക്കുമല്ലോ.ലിങ്ക് താഴെ.

http://jayanevoor1.blogspot.com/2010/01/blog-post_13.html