Sunday, February 14, 2010

'ഡേറ്റ്‌ലൈൻ: ചരിത്രത്തെ ചിറകിലേറ്റിയവർ'

തിരുവനന്തപുരം ദൂർദർശനിൽ ന്യൂസ് എഡിറ്ററായ കെ.എ.ബീന, നൊസ്റ്റാൾജിയ മാസികയുടെ മാനേജിങ് എഡിറ്ററും ടി.വി. അവതാരകയുമായ ഗീതാ ബക്ഷി എന്നിവർ രചിച്ച “ഡേറ്റ്‌ലൈൻ: ചരിത്രത്തെ ചിറകിലേറ്റിയവർ” എന്ന പുസ്തകം ഇന്ന് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് കേന്ദ്ര സഹമന്ത്രി ശശി തരൂർ പ്രസ് അക്കാദമി ചെയർമാൻ എസ്.ആർ. ശക്തിധരന് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

അൻപതുകളിൽ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മാതൃക’ എന്ന മാസികയുടെ പത്രാധിപരായിരുന്ന എം. കരുണാകരൻ നായരുടെ മകളാണ് ബീന. പത്രം നടത്തിയ കടം വീട്ടാൻ കുടുംബസ്വത്ത് വിറ്റ് നാടു വിട്ട് മർച്ചന്റ് നേവിയിൽ ചേരേണ്ടി വന്നെങ്കിലും കരുണാകരൻ നായർ മകളുടെ മനസ്സിൽ പത്രപ്രവർത്തനത്തോടുള്ള തൃഷ്ണ വളർത്തി.

എം.ബി.ബി.എസ്. ബിരുദം നേടി മെച്ചപ്പെട്ട രീതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന കാലത്തുതന്നെ അതുപേക്ഷിച്ച് പത്രപ്രവർത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ച ഡോ. എം.എസ്. ബക്ഷിയുടെ മകൾ ഗീതക്കും മറ്റൊരു വഴി തെരഞ്ഞെടുക്കാനുണ്ടായിരുന്നില്ല. മറാത്തിയായ അച്ഛൻ മുംബായിൽ പത്രപ്രവർത്തനം നടത്തിയപ്പോൾ മകൾ അമ്മയുടെ ഭാഷയായ മലയാളത്തിലേക്ക് തിരിഞ്ഞു.

ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ പുസ്തകമെന്ന് ആമുഖത്തിൽ ബീനയും ഗീതയും പറയുന്നു. “പത്രപ്രവർത്തനം ലഹരിയായി സിരകളിൽ പടർന്നുപിടിച്ച പാരമ്പര്യത്തിന്റെ ബാക്കിപത്രം“. പലപല ഇടങ്ങളിൽ പലപല ജീവിതാവസ്ഥകളിൽ കഴിയുന്ന മുതിർന്ന പത്രപ്രവർത്തകരുടെ അനുഭവസമ്പത്ത് രേഖപ്പെടുത്തുന്ന ചുമതലയാണ് അവർ ഏറ്റെടുത്ത് നടത്തിയത്.

കുറെ മലയാളി പത്രപ്രവർത്തകരുടെ ഓർമ്മകൾ പകർത്തി സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം ഗുരുസ്ഥാനീയരായിട്ടുള്ളവർക്കുള്ള ഉചിതമായ ദക്ഷിണയാണെന്നും അത് നമ്മുടെ പത്രപ്രവർത്തനചരിത്രത്തിന് മുതൽക്കൂട്ടാകുമെന്നും അവതാരികയിൽ മലയാള മനോരമ ചീഫ് എഡിറ്റർ കെ. എം. മാത്യു നിരീക്ഷിക്കുന്നു.

വി.പി. രാമചന്ദ്രൻ, ടി. വേണുഗോപാലൻ, പി. രാജൻ, എൻ. രാമചന്ദ്രൻ, പി. ഗോവിന്ദപ്പിള്ള, തോമസ് ജേക്കബ്, എൻ. എൻ. സത്യവ്രതൻ, കെ. എം. റോയ്, കെ. ജി. പരമേശ്വരൻ നായർ, ലീലാ മേനോൻ, ജോയി തിരുമൂലപുരം, പി. അരവിന്ദാക്ഷൻ, ഒ. അബ്ദു റഹ്‌മാൻ, കെ. പത്മനാഭൻ നായർ, ടി. വി. അച്യുത വാര്യർ, ഉദയ് താരാ നായർ എന്നിവരോടൊപ്പം .ഞാനും ഇതിൽ ഒരു കഥാപാത്രമാണ്. അതുകൊണ്ടു പറയട്ടെ, ചരിത്രത്തെ ചിറകിലേറ്റിയെന്ന വിചാരം എന്റെ മനസ്സിലില്ല.

ശശി തരൂർ നിർദ്ദേശിച്ചതനുസരിച്ച് ഈയിടെ അന്തരിച്ച സത്യവ്രതന്റെ ഓർമ്മയ്ക്കായി സദസ്യർ ഒരു മിനിട്ട് മൌനം ആചരിച്ചു.

കറന്റ് ബുക്സ് തൃശ്ശൂർ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ.

വിതരണം:
കോസ്‌മോ ബുക്സ്, തൃശ്ശൂർ, കൊച്ചി, കോഴിക്കോട്
ഇ-മെയ്ൽ: cosmobooks@asianetindia.com

വില: 135 രൂപ

No comments: