Monday, December 14, 2009

സാമൂഹിക ബഹിഷ്കരണത്തിന്റെ ആധുനികഘട്ടം

കേരള സർക്കാർ കുറേക്കാലമായി നവംബറിൽ ക്ഷേത്രപ്രവേശന വിളംബരദിനം ആചരിച്ചുവരുന്നുണ്ട്. പട്ടികജാതി പട്ടികവകുപ്പാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. വകുപ്പുദ്യോഗസ്ഥർ പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ടവരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി ദർശനത്തിനു കൊണ്ടുപോകുന്നു. ഇക്കൊല്ലം വി.ജെ.ടി. ഹാളിൽ പൊതുയോഗവുമുണ്ടായിരുന്നു. അവിടെ താരം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. സർക്കാർ എന്നാണ്, എന്തിനാണ് ഈ ആഘോഷം തുടങ്ങിയതെന്നറിയില്ല.

ശ്രീചിത്തിരതിരുനാൾ ബാലവർമ്മ മഹാരാജാവാണ് 1936ൽ ഒരു വിളംബരത്തിലൂടെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുങ്ങൾക്കും തുറന്നു കൊടുത്തത്. രാജ ഭരണകാലത്തും തുടർന്നുള്ള ഏതാനും വർഷങ്ങളിലും തിരുവനന്തപുരത്ത് വിദ്യാർത്ഥിയായി കഴിഞ്ഞ എനിക്ക് അന്ന് ഇത്തരത്തിലുള്ള പരിപാടികളെക്കുറിച്ച് കേട്ട ഓർമ്മയില്ല. പരിപാടികളുണ്ടായിരുന്നെങ്കിൽതന്നെ അവ ശ്രദ്ധ ആകർഷിച്ചില്ല എന്നർത്ഥം. ശ്രീചിത്തിരതിരുനാൾ രാജാവും രാജപ്രമുഖനുമായിരുന്ന തിരുവിതാംകൂർ, തിരു-കൊച്ചി സർക്കരുകളേക്കാൾ ഒച്ചപ്പാടോടെ കേരളഭരണകൂടം തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം ആഘോഷിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ആഘോഷിക്കാൻ കാരണമുണ്ടെങ്കിൽതന്നെ അത് ചെയ്യേണ്ടത് ദേവസ്വം വകുപ്പല്ലേ? പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിനെ ആ ചുമതല ഏൽ‌പ്പിച്ചതിന്റെ പിന്നിലുള്ള ചേതോവികാരത്തെ സംശയത്തൊടെയെ വീക്ഷിക്കാനാവൂ. ദലിതർ അതിനെതിരെ ശബ്ദമുയർത്തുന്നത് സ്വാഭാവികമാണ്.

ഇക്കൊല്ലം എൽ.ഡി.എഫിന്റെ മതനിർപേക്ഷ സർക്കാർ ദലിതരെ അമ്പലത്തിലേക്ക് കൊണ്ടുപോയ സമയത്ത് ദലിത് നേതൃത്വത്തിൽ ദേശീയതലത്തിൽ രൂപപ്പെട്ടിട്ടുള്ള ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാനഘടകം ‘ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നിലെ ഗൂഢാലോചന‘ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് ഒരു ചർച്ച സംഘടിപ്പിച്ചു. അതിൽ പങ്കെടുത്തവർ രണ്ട് കാര്യങ്ങൾ ഊന്നിപ്പറഞ്ഞു. ഒന്ന്, തിരുവിതാംകൂറിലെ ദലിത് സമൂഹം ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടിരുന്നില്ല. പ്രസക്ത കാലഘട്ടത്തിൽ ദലിത് പ്രസ്ഥാനത്തെ നയിച്ചിരുന്ന അയ്യൻ‌കാളി ഉന്നയിച്ച ആവശ്യം സകൂൾ പ്രവേശനമായിരുന്നു. രണ്ട്, ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആത്യന്തികലക്ഷ്യം അധ:സ്ഥിത വിഭാഗങ്ങളുടെ മതപരിവർത്തനം തടയുകയെന്നതായിരുന്നു. ഈഴവർ അക്കാലത്ത് മതം‌മാറ്റം ഗൌരവപൂർവം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. പലരും വ്യക്തിപരമായി തീരുമാനമെടുത്ത് അതിനകം ക്രിസ്തു മതത്തിലേക്ക് പരിവർത്തനംചെയ്തിരുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്ക് തീരുമാനമെടുക്കു ന്നതിനു പകരം സമുദായാംഗങ്ങൾ ഒന്നിച്ച് ഒരു മതം സ്വീകരിക്കണമെന്ന ആശയം ചിലർ മുന്നോട്ടു വെച്ചു. അതിന്റെ അടിസ്ഥാനത്തിൽ അതിനു പറ്റിയ മതം ഏതാണെന്ന് തീരുമാനിക്കാൻ വ്യാപകമായ തോതിൽ അവർ ആശയവിനിമയവും നടത്തി. ഈഴവരുടെ കൂട്ടപലായനത്തിന്റെ ഫലമായി ഹിന്ദുക്കൾ ന്യൂനപക്ഷമാകുന്ന അവസ്ഥ ഒഴിവാക്കാനാണ് രാജഭരണകൂടം ക്ഷേത്രപ്രവേശനം അനുവദിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.

സർക്കാർതല ആഘോഷത്തിൽ പ്രതിഫലിക്കുന്നത് ക്ഷേത്രപ്രവേശന വിളംബരത്തെ ഭരണകൂട നേട്ടമായി അവതരിപ്പിക്കാനുള്ള ഉപരിവർഗ്ഗ താല്പര്യമാണ്. നവോത്ഥാന പ്രസ്ഥാനത്തെ തന്നെ ഹൈജാക്ക് ചെയ്യാൻ അവർ ശ്രമിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സാമൂഹ്യമാറ്റത്തിന്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ട്.

വ്യത്യസ്ത സാമൂഹങ്ങളുടെ രാഷ്ട്രീയ ഏകീകരണത്തിനുള്ള സാഹചര്യം ഒരുക്കിയ വൈക്കം സത്യഗ്രഹം, പലരും ധരിച്ചിരിക്കുന്നതുപോലെ, ക്ഷേത്രപ്രവേശനത്തിനു വേണ്ടിയായിരുന്നില്ല. ക്ഷേത്രത്തിനടുത്തുള്ള പൊതുവീഥിയിലൂടെ നടക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെതായിരുന്നു സത്യഗ്രഹികളൂടെ നിലപാട്. ആദ്യമായി ആ അവകാശം സ്ഥാപിക്കാൻ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത് ദലിതരായിരുന്നു. ദേശാഭിമാനി ടി.കെ.മാധവന്റെ ശ്രമഫലമായി കോൺഗ്രസ് ആ പരിപാടി ഏറ്റെടുത്തു. ഒരു ഈഴവനും ഒരു ദലിതനും ഉൾപ്പെടെ മൂന്നു പേരാണ് ഓരോ ദിവസവും അതു വഴി നടന്ന് അറസ്റ്റ് വരിച്ചത്. കോൺഗ്രസിന്റെ മുൻ‌നിര നേതാവായിരുന്ന ജോർജ് ജോസഫ് അറസ്റ്റ് വരിച്ചപ്പോൾ മഹാത്മാ ഗാന്ധി ഇടപെട്ട് സത്യഗ്രഹത്തിൽ നിന്ന് അഹിന്ദുക്കളെ മാറ്റി. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ വികസിച്ചുവന്ന സമരം അങ്ങനെ ഹിന്ദുമതത്തിന്റെ ചട്ടക്കൂടിലൊതുക്കപ്പെട്ടു. ജാതീയമായ അവശതകളനുഭവിക്കുന്നവരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിച്ചു ഹിന്ദുമതത്തെ ഉറപ്പിച്ചു നിർത്താൻ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ഇത് സത്യഗ്രഹകാലത്ത് ശ്രീനാരായണഗുരുവായി അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണരൂപം വായിക്കുന്ന ആർക്കും മനസ്സിലാക്കാനാകും.

കാലക്രമത്തിൽ കേരളനവോത്ഥാനമായി വികസിച്ച വ്യത്യസ്ത പരിഷ്കരണ പ്രസ്ഥാനങ്ങളെ നയിച്ചത് ഒരേ വികാരമായിരുന്നില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ജാതിശ്രേണിയുടെ കീഴ്ത്തട്ടുകളിലായിരുന്നവരുടെ ലക്ഷ്യം തുല്യതയും തുല്യാവസരങ്ങളും നേടുകയെന്നതായിരുന്നു. മേൽത്തട്ടുകാരുടെ ലക്ഷ്യം പുതിയ കാലഘട്ടത്തിൽ മേൽക്കോയ്മ നിലനിർത്തുകയെന്നതായിരുന്നു. അതിന് ഉതകുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾക്കാണ് അവർ ശ്രമിച്ചത്. വൈക്കം സത്യഗ്രഹകാലത്ത് യോഗക്ഷേമസഭ നിലവിലുണ്ടായിരുന്നെങ്കിലും മാറ്റങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമായിരുന്നില്ല അത്. ഏതാനും വർഷങ്ങൾക്കുശേഷമാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നമ്പൂതിരി സമുദായത്തിലെ യുവാക്കൾ സാമൂഹ്യപരിഷ്കാരം ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നത്. സമുദായത്തിനുള്ളിൽ അവകാശനിഷേധം അനുഭവിച്ചിരുന്ന ഇളമുറക്കാരും സ്ത്രീകളുമാണ് മാറ്റങ്ങൾക്കായി മുറവിളികൂട്ടിയത്. വൈക്കം സത്യഗ്രഹത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി വലിയ പങ്ക് വഹിക്കുകയുണ്ടായി. എന്നാൽ നമ്പൂതിരി നവീകരണ പ്രസ്ഥാനത്തെപ്പോലെ നായർ പ്രസ്ഥാനവും അടിസ്ഥാനപരമായി മുതിർന്ന തലമുറക്കെതിരെ യുവാക്കൾ സംഘടിപ്പിച്ച ഒന്നായിരുന്നു. അതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നവരിലേറെയും ബ്രാഹ്മണ സംബന്ധങ്ങളിലെ സന്തതികളായിരുന്നെന്നത് യാദൃശ്ചികമല്ല.

സ്വജാതിവിവാഹവും വിധവാവിവാഹവും അംഗീകരിക്കപ്പെട്ടതോടെ നമ്പൂതിരി സമുദായത്തിലേയും മക്കത്തായവും ആളോഹരിവിഹിതവും അംഗീകരിക്കപ്പെട്ടതോടെ നായർ സമുദായത്തിലേയും ഇളമുറക്കാരുടെ ലക്ഷ്യങ്ങൾ ഏറെക്കുറെ പൂർത്തിയായി.
എല്ലാവരും തുല്യരും തുല്യാവകാശമുള്ളവരുമെന്ന ആശയം ഉൾക്കൊള്ളാനാവുന്ന തലത്തിലേക്ക് അവരുടെ പരിഷ്കരണപ്രസ്ഥാനങ്ങൾ വളർന്നിരുന്നില്ല. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനം എന്ന സങ്കല്പം പതിറ്റാണ്ടുകൾക്കുമുമ്പെ ശ്രീനാരായണൻ കേരളസമൂഹത്തിനു മുന്നിൽ വെച്ചിരുന്നു. എന്നാൽ ഗുരു ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ അനുയായികൾക്കിടയിൽനിന്നു തന്നെ എതിർപ്പ് ഉയർന്നു വന്നിരുന്നു. വി.ടി. ജാതിരഹിതസമൂഹം എന്ന ലക്ഷ്യം പ്രഖ്യാപിച്ചപ്പോൾ അനുയായികൾ അദ്ദേഹത്തെ വിട്ടു. കമ്മ്യൂണിസ്റ്റ് നേതാവായി മാറിയ ഇ.എം.എസ്. നമ്പൂതിരിപ്പാട് യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായപ്പോൾ വ്യവസായ രംഗത്തിറങ്ങി സമൂഹത്തിൽ മേൽക്കോയ്മ നിലനിർത്താനാണ് സമുദായാംഗങ്ങളെ ഉപദേശിച്ചത്.

സാമൂഹ്യപുരോഗതിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ജാതിമേധാവിത്വശക്തികൾ ഓരോ ഘട്ടത്തിലും മാറ്റങ്ങളുടെ വ്യാപ്തി പരിമിതപ്പെടുത്താൻ ശ്രമിച്ചതായി കാണാം. ഉദാത്തമായ ആശയങ്ങളല്ല സ്വാർത്ഥതാല്പര്യങ്ങളാണ് പ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കളെയും പലപ്പോഴും നയിച്ചത്. മുന്നോക്ക സമുദായ പ്രസ്ഥാനങ്ങളുടെ കാര്യത്തിൽ മാത്രമല്ല പിന്നാക്ക സമുദായ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും ഇതുണ്ടായി.

കഴിഞ്ഞ നൂറ്റാണ്ടിലെ സംഭവങ്ങൾ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തുമ്പോൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആവിർഭാവം നവോത്ഥാനം പിന്നിലേക്കോടിച്ച ജാതി മേധാവിത്വത്തിന് രാഷ്ട്രീയ കൊടിയുമായി തിരിച്ചുവരാൻ അവസരം ഒരുക്കിയതായി കാണാം. സാമുദായിക സംഘടനകളെ ഒപ്പം നിറുത്തിക്കൊണ്ടാണ് തിരുവിതാം‌കൂർ ഭരണകൂടം കോൺഗ്രസ്സിനെ പ്രതിരോധിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയോടെ അവ കോൺഗ്രസ് ഭാഗത്തേക്ക് നീങ്ങി. സംഖ്യാബലമുള്ള സമുദായങ്ങളെ ഭാഗികമായി ഉൾക്കൊള്ളുന്ന ഒരു വ്യവസ്ഥ അംഗീകരിക്കാൻ ജാതിമേധാവിത്വം തയ്യാറായി. ഇന്നും നിലനിൽക്കുന്ന ആ സംവിധാനം തുല്യതയിൽ അധിഷ്ഠിതമല്ല. ഫ്യൂഡൽ കാലത്ത് ആവിഷ്കരിക്കപ്പെട്ട സാമൂഹ്യ ബഹിഷ്കരണ പദ്ധതിയുടെ അംശങ്ങൾ അതിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പണ്ടത്തെയത്ര രൂക്ഷമല്ലെന്ന് മാത്രം.

പഴയ ബഹിഷ്കൃത സമൂഹത്തിൽ പെട്ടവരിൽ നിന്ന് ആളുകളെ വ്യത്യസ്ത തോതുകളിൽ മുഖ്യധാരയിലേക്ക് സംക്രമിപ്പിക്കുന്ന സമീപനമാണ് ജാതിമേധാവിത്വം സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫ്. കാലത്തും എൽ.ഡി.എഫ്. കാലത്തും നടക്കുന്ന സർക്കാർ നിയമനങ്ങളിൽ ഈ സമീപനത്തിന്റെ പ്രതിഫലനം കാണാം. അതിന്റെ ഫലമായാണ് പല പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും, പ്രത്യേകിച്ചും സംഖ്യാബലവും സാമ്പത്തികശേഷിയും കുറഞ്ഞ വിഭാഗങ്ങളിൽ പെട്ടവർക്ക്, അർഹമായ പ്രാതിനിധ്യം കിട്ടാതെ പോകുന്നത്. ഈ സംവിധാനം നിലനിർത്താൻ രണ്ട് മുന്നണികളെ നയിക്കുന്ന കക്ഷികളും സന്നദ്ധമാണ്. അതുകൊണ്ടാൺ ഏത് മുന്നണി ഭരിച്ചാലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകാത്തത്.

ദലിത് സമൂഹത്തിന്റെ സമകാലികാവസ്ഥ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ജാതിമേധാവിത്വസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സും രണ്ട് പതിറ്റാണ്ടു പയറ്റിയശേഷമാണ് ഭൂപരിഷ്കരണ നിയമത്തിന് അന്ത്യരൂപം കൈവന്നത്. ജന്മിയിൽ നിന്നെടുക്കുന്ന ഭൂമി, ഭൂരഹിതരായ ദലിത് കർഷകത്തൊഴിലാളികളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, കുടിയാന്മാർക്ക് നൽകുമ്പോൾ സാമൂഹ്യ വ്യവസ്ഥയിൽ കാര്യമായ മാറ്റം വേണ്ടിവരില്ലെന്ന തിരിച്ചറിവാണ് പ്രമുഖ പാർട്ടികൾക്കെല്ലാം സ്വീകാര്യമായ ഭൂപരിഷ്കരണം സാധ്യമാക്കിയത്.

സാമൂഹ്യ ബഹിഷ്കരണത്തിന്റെ ഈ ആധുനികരൂപവും കാലഹരണപ്പെട്ടിരിക്കുന്നു. തുല്യതയിൽ കുറഞ്ഞ ഒന്നും ദലിത് സമൂഹത്തെ തൃപ്തിപ്പെടുത്തില്ലെന്നതാണ് മുത്തങ്ങയും ആറളവും ചെങ്ങറയും വർക്കലയും നൽകുന്ന സന്ദേശം. (യോഗനാദം, ഡിസംബർ 1-15, 2009)

2 comments:

Unknown said...

1936 man + man = man
2009 man + man + power= man otherwise "aam aadmi "
any time , woman is not able to join hands anywhere.

Manoj മനോജ് said...

ഈ പോസ്റ്റും റാണിയുടെ കമന്റും ഒരുമിച്ച് ചേര്‍ത്ത് വായിക്കേണ്ടതാണ്. റേയ്സ് & ജെന്റര്‍ എന്നത് ആഗോള പ്രശ്നം തന്നെയല്ലേ. അത് ഇന്നും ഇന്നലയും തുടങ്ങിയതല്ല. ഇടുങ്ങിയ ചിന്തയില്‍ നിന്ന് ഉയര്‍ന്ന് ആഗോള പ്രശ്നമായി കണ്ട് വേണ്ടേ ഇത് കൈകാര്യം ചെയ്യുവാന്‍. ഈ പറയുന്ന “അവഗണന” അനുഭവിക്കുന്നവരിലും ജെന്റര്‍ ഡിസ്ക്രിമിനേഷന്‍ നില നിന്നിരുന്നു, നില നില്‍ക്കുന്നു! റേയ്സ് ഡിസ്ക്രിമിനേഷനെ പറ്റി വലിയ വായില്‍ സംസാരിക്കുന്നവര്‍ ജെന്റര്‍ ഡിസ്ക്രിമിനേഷനെ പറ്റി മൌനരാകുന്നത് എന്ത് കൊണ്ടാണ്?