Wednesday, September 30, 2009

ചൈന: ദൂരെ നിന്നും അടുത്തു നിന്നും

നാളെ, ഒൿടോബർ ഒന്ന്. മാവോ സെതൂങിന്റെ നേതൃത്വത്തിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്ത് ജനകീയ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചതിന്റെ അറുപതാം വാർഷികദിനം. “ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടേതാകും പൈങ്കിളിയേ” എന്ന ഗാനത്തിനൊപ്പം “ഓ… മധുരമനോഹര മനോജ്ഞ ചൈന”യും1950കളിൽ കേരളത്തെ പുളകം കൊള്ളിച്ചിരുന്നു.

ഒന്നരക്കൊല്ലം യൂണിവേഴ്സിറ്റി ഓഫ് ഫിലിപ്പീൻസിൽ ചെലവഴിച്ചതിനിടയിൽ 1959ൽ ഞാൻ ജപ്പാനിലേക്ക് ഒരു മാസം നീണ്ട സന്ദർശനം നടത്തുകയുണ്ടായി. മനിലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ ഇടയ്ക്കു കിടക്കുന്ന രാജ്യങ്ങളൊക്കെയും സന്ദർശിക്കാൻ പദ്ധതിയിട്ടു. അക്കാലത്ത് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഓരോ രാജ്യത്തിന്റെയും പേർ പാസ്പോർട്ടിൽ പ്രത്യേകം പ്രത്യേകം എഴുതുകയായിരുന്നു പതിവ്. ർന്റെ പാസ്‌പോർട്ടിൽ ചൈന ഉൾപ്പെടുത്താൻ പറ്റില്ലെന്ന് മനിലയിലെ ഇന്ത്യൻ എംബസി പറഞ്ഞു.

ഹോങ്കോങിൽ ചെന്നപ്പോൾ അവിടെ നിന്ന് തെക്കൻ ചൈനയിലെ കാന്റോൺ നഗരത്തിലേക്ക് ദിവസവും ഒരു ട്രെയിൻ ഉണ്ടെന്നറിഞ്ഞു. അതിൽ ചൈന അതിർത്തി വരെ പോകാൻ ഞാനും ഒപ്പം യാത്ര ചെയ്യുകയായിരുന്ന സിംഹള സുഹൃത്ത് ലയണൽ ഗുണവർദ്ധനയും തീരുമാനിച്ചു. ചൈനയിലേക്ക് പോകാനുള്ള അനുമതി പത്രമില്ലാത്തതുകൊണ്ട് അതിർത്തിയിലുള്ള സ്റ്റേഷനിലേക്ക് ടിക്കറ്റ് നൽകാൻ റയിൽ‌വേ അധികൃതർ വിസമ്മതിച്ചു. അതുകൊണ്ട് അതിനു മുമ്പുള്ള സ്റ്റേഷനിലേക്ക് ഞങ്ങൾ ടിക്കറ്റ് എടുത്തു. അവിടെ വണ്ടിയിറങ്ങി പുറത്തുകടന്നപ്പോൾ അതിർത്തി വരെ സന്ദർശകരെ പതിവായി സൈക്കിളിൽ കൊണ്ടുപോകുന്ന ചിലർ ഞങ്ങളെ സമീപിച്ചു. കൂലി പറഞ്ഞുറപ്പിച്ചശേഷം രണ്ടുപേർ ഞങ്ങളെ സൈക്കിളിന്റെ കാരിയറിലിരുത്തി ഒരു കുന്നിൻ മുകളിലെത്തിച്ചു. വിശാലമായ ഒരു സമതലപ്രദേശം ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു: “അതാ, അതാണ് ചൈന!“ ലയണലും ഞാനും ആ കുന്നിൻ മുകളിൽ നിന്ന് മധുരമനോഹര മനോജ്ഞ ചൈന കൺകുളിർക്കെ കണ്ടു. എന്നിട്ട് സൈക്കിളിൽതന്നെ മടങ്ങി.

പിന്നീട് ചൈനയുടെ മധുരമനോഹരമല്ലാത്ത മുഖം നാം കണ്ടു.

കമ്മ്യൂണിസ്റ്റിതര രാജ്യങ്ങളുമായി വളരെക്കാലം പരിമിതമായ ബന്ധം മാത്രം പുലർത്തിയിരുന്ന ചൈന 1960കളുടെ അന്ത്യത്തിൽ ടേബിൾ ടെന്നിസ് മത്സരങ്ങൾ റിപ്പോർട്ടു ചെയ്യാൻ വിദേശ പത്രപ്രതിനിധികളെ ക്ഷണിക്കാൻ തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള പത്രപ്രതിനിധികൾക്കും ‘പിങ്‌പോങ് ഡിപ്ലോമസി’യുടെ ഗുണം കിട്ടുമെന്ന പ്രതീക്ഷ ഉയർന്നപ്പോൾ അവസരം കിട്ടിയാൽ ഒരാളെ അയയ്ക്കാൻ യു.എൻ.ഐ. തീരുമാനിച്ചു. അങ്ങനെ വി.പി.രാമചന്ദ്രനും ഞാനും ചൈനീസ് വിസയ്ക്ക് അപേക്ഷ നൽകി. ഇരുവർക്കും വിസ തന്നില്ല. പക്ഷെ ചൈനീസ് നയതന്ത്രഞന്മാർ ഞങ്ങളെ വെവ്വേറെ അത്താഴത്തിന് ക്ഷണിച്ചു. ആദ്യമായി ശരിയായ ചൈനീസ് ആഹാരം കഴിച്ചത്.

ഒടുവിൽ ഒരു ടേബിൾ ടെന്നിസ് മത്സരം റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്ന് ഒരാളെ ക്ഷണിക്കാൻ ചൈന തീരുമാനിച്ചപ്പോൾ അതിന് തെരഞ്ഞെടുത്തത് പി.ടി.ഐ.യുടെ ലേഖകനെയായിരുന്നു.
ഡെങ് സ്യാഒപിങ് 1978ൽ ചൈനയിൽ സാമ്പത്തിക പരിഷ്കാരത്തിന് തുടക്കം കുറിച്ചശേഷം മാധ്യമപ്രവർത്തകർക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായാണെങ്കിലും അവിടേക്ക് യാത്ര ചെയ്യാൻ അവസരം ലഭിച്ചുതുടങ്ങി. എന്റെ ചൈനാ സന്ദർശന മോഹം സഫലമായത് 1988ലാണ്. ഡെക്കാൺ ഹെറാൾഡ് അസോഷ്യേറ്റ് എഡിറ്ററെന്ന നിലയിൽ വിസയ്ക്ക് അപേക്ഷിച്ചപ്പോൾ വിദേശ നിക്ഷേപത്തിനു തുറന്നു കൊടുത്ത തീരപ്രദേശം കൂടാതെ, പരിഷ്കരണത്തെ തുടർന്ന് പുതിയ വ്യവസായങ്ങളുണ്ടായ ഒരു പ്രദേശവും ഒരു ന്യൂനപക്ഷ പ്രദേശവും (തിബറ്റ് അല്ലെങ്കിൽ സിങ്കിയാങ്) സന്ദർശിക്കാൻ താല്പര്യമുണ്ടെന്ന് ഞാൻ അറിയിച്ചെങ്കിലും യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്ത സിൻഹുഅ (ന്യൂ ചൈന) ന്യൂസ് ഏജൻസി ന്യൂനപക്ഷ പ്രദേശം ഒഴിവാക്കി. തിരിച്ചുവന്നശേഷം ഡെങ് പരിഷ്കാരം നടപ്പിലാക്കിയശേഷമുള്ള പത്തു കൊല്ലക്കാലത്ത് ചൈന വരിച്ച നേട്ടങ്ങളെക്കുറിച്ച് ഡെക്കാൺ ഹെറാൾഡിൽ ഒരു ലേഖന പരമ്പര എഴുതി.

No comments: