Thursday, July 16, 2009

വിവേകമതികളായ വോട്ടർമാർ

കേരളശബ്ദം വാരികയില്‍ എഴുതിവന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍‘ എന്ന പരമ്പര അവസാനിച്ചിരിക്കുന്നു. പരമ്പരയിലെ പതിനാറാമത്തെയും അവസാനത്തെയും ലേഖനമാണിത്

അറുപതില്‍ പരം വര്‍ഷങ്ങളിലെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ വളര്‍ച്ചയെ സംബന്ധിച്ച ചില വസ്തുതകള്‍ അനിവാര്യമായും തെളിയുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് തിരുവിതാംകൂറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകളില്‍ തുടങ്ങിയ ഈ പഠനത്തില്‍ ലോക് സഭയിലേക്ക് ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളിലെയും അനുഭവങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയും എസ്.എന്‍.ഡി.പി.യോഗവും മുസ്ലിം ലീഗും കോണ്‍ഗ്രസ്സിനെതിരെ മുന്നണിയുണ്ടാക്കി മത്സരിച്ച കാലത്തുനിന്ന് നാം എത്രമാത്രം മുന്നോട്ടുപോയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസമാണ്. എന്‍. എസ്.എസും എസ്.എന്‍.ഡി.പി.യോഗവും ഇടയ്ക്ക് സ്വന്തം രാഷ്ട്രീയ കക്ഷികള്‍ രൂപീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചെത്തിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ജാതിമതബന്ധം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടും അല്ലാതെയും പല കക്ഷികളും ഇപ്പോഴും രംഗത്തുണ്ട്. അവയുമായി സഖ്യമുണ്ടാക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ മത്സരിക്കുന്നു. സമുദായ നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം കളിക്കുന്നു. അവര്‍ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ തയ്യാറാകുന്നു.

ജാതിമത പരിഗണനകള്‍ വോട്ടര്‍മാരെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്? ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ (1952) അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്ന പ്രാദേശിക നേതാവിനെയാണ് കോണ്‍ഗ്രസ് പഞ്ചാബിലെ അംബാലാ സിറ്റി നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തൊടെ തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ ഭാഗമായ പടിഞ്ഞാറന്‍ പഞ്ചാബില്‍നിന്ന് ധാരാളം ഹിന്ദുക്കള്‍ കിഴക്കന്‍ പഞ്ചാബിലേക്കും അവിടെനിന്ന് ധാരാളം മുസ്ലിങ്ങള്‍ പടിഞ്ഞാറന്‍ പഞ്ചാബിലേക്കും ഓടിപ്പോയിരുന്നു. പലായനങ്ങള്‍ അവസാനിച്ചപ്പോള്‍ അംബാലയില്‍ അവശേഷിച്ച ഏക മുസ്ലിം കുടുംബം ഗാഫര്‍ ഖാന്റേതായിരുന്നു. 1957ലും 1962ലും അംബാലയില്‍ നിന്ന് (ഈ പട്ടണം ഇപ്പോള്‍ ഹര്യാനയിലാണ്) അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലാതിരുന്ന കാലത്താണ് കോണ്‍ഗ്രസ് ഗാഫര്‍ ഖാനെ അംബാലയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും അവിടത്തെ ഹിന്ദുക്കളും സിഖുകാരും അദ്ദേഹത്തെ ജയിപ്പിച്ചതും.

ബി.ജെ.പി. മേല്‍ക്കൈ നേടിയിട്ടുള്ള ഗുജറാത്തിലെ സമകാലിക സാഹചര്യങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാം. സംസ്ഥാനത്തെ ജനസംഖ്യയുടെ ഒമ്പത് ശതമാനം മുസ്ലിങ്ങളാണ്. 1952നും 1984നു ഇടയ്ക്ക് അവിടെ നിന്ന് ലോക് സഭയിലേക്ക് മൂന്ന് മുസ്ലിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പേരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 1984നുശേഷം ഒരു മുസ്ലിം പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇടയ്ക്ക് കോണ്‍ഗ്രസ് മുസ്ലിങ്ങളെ നിര്‍ത്തുന്നത് മതിയാക്കി. ഇത്തവണ ഒരു മുസ്ലിമിനെ നിര്‍ത്തിയപ്പോള്‍ നൂറോളം പേര്‍ കോണ്‍ഗ്രസുകാര്‍ രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു.

വോട്ടര്‍മാരുടെ മനസ്സിനേക്കാള്‍ നേതാക്കന്മാരുടെ മനസ്സിലാണ് ജാതിമതചിന്ത നില നില്‍ക്കുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. രാഷ്ട്രീയ കക്ഷികള്‍ വിശ്വസിക്കുന്നതു പോലെ സമുദായ നേതാക്കളുടെ ആജ്ഞയനുസരിച്ചാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും എങ്ങനെയാണ് ഭരണമാറ്റം ഉണ്ടാകുന്നത്? 2004ല്‍ എല്‍.ഡി.എഫും 2009ല്‍ യു.ഡി.എഫും ലോക് സഭാ സീറ്റുകള്‍ തൂത്തുവാരിയത്? സി.പി.എമ്മിന്റെ പി.ഡി.പി. ബന്ധം നഷ്ടക്കച്ചവടമായിരുന്നെന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അത് മതനിരപേക്ഷ വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് ചിലര്‍ പറയുന്നു. ഹിന്ദുക്കളെ അകറ്റിയെന്ന് മറ്റ് ചിലര്‍. യഥാര്‍ത്ഥത്തില്‍ അത് ചില മുസ്ലിം വിഭാഗങ്ങളെയും അകറ്റിയിരിക്കണം. ജാതിമതസമൂഹങ്ങളുടെ പേരില്‍ സംസാരിക്കുന്ന നേതാക്കള്‍ക്ക് ആ വിഭാഗങ്ങളുടെ മേല്‍ പരിമിതമായ സ്വാധീനമേയുള്ളെന്നതാണ് വാസ്തവം. കക്ഷി നേതാക്കള്‍ക്ക് അവര്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്നു.

ലോക് സഭയിലേക്ക് നടന്ന 15 പൊതുതെരഞ്ഞെടുപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ കണ്‍‌മുന്നില്‍ തെളിയുന്ന ഒരു ചിത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയാണ്. സ്വാതന്ത്ര്യസമരം നയിച്ച കക്ഷിയെന്ന ഖ്യാതി ഏറ്റവും ഉച്ചത്തില്‍ നിന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസ്സിന് 44.99 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ബഹുകോണ്‍ മത്സരങ്ങളുണ്ടായതുകൊണ്ട് വോട്ട് ശതമാനം 50നു താഴെയായിട്ടും ലോക് സഭയില്‍ വലിയ ഭൂരിപക്ഷം നേടാന്‍ അതിന് കഴിഞ്ഞു. രണ്ടാം തെരഞ്ഞെടുപ്പ് ആയപ്പൊഴേക്കും കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതം 47.78 ശതമാനമായി വര്‍ദ്ധിച്ചു. എന്നാല്‍ അതിനുശേഷം അത് തുടര്‍ച്ചയായി കുറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളില്‍ 1971ലും 1984ഉം വോട്ടുവിഹിതം കൂട്ടാന്‍ കഴിഞ്ഞെങ്കിലും കാലക്രമത്തില്‍ കോണ്‍ഗ്രസ് മറ്റ് കക്ഷികളുടെ സഹായം കൂടാതെ ഭൂരിപക്ഷ പിന്തുണ നേടാനാകാത്ത അവസ്ഥയിലായി. അതിന്റെ അടുത്ത കാലത്തെ പ്രകടനങ്ങളില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും വീണ്ടും ഒറ്റയ്ക്ക് ഭരണത്തിലെത്താന്‍ കഴിവുള്ള കക്ഷിയാണെന്ന സൂചനയില്ല.

കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് കോണ്‍ഗ്രസ് മാത്രമല്ല അതിന്റെ പല എതിരാളികളും ക്ഷയിക്കുകയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പ്രതിപക്ഷകക്ഷി സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. പക്ഷെ അതിന്റെയത്ര വോട്ടു കിട്ടാഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിനേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടി. രണ്ടാമത്തെ തെരഞ്ഞെടുപ്പിനുമുമ്പ് സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വിട്ടുപോയ ഗാന്ധിയന്മാര്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. വോട്ടുവിഹിതത്തില്‍ മുന്നിട്ടു നിന്നെങ്കിലും പി.എസ്.പി.ക്കും ലോക് സഭയില്‍ സി.പി. ഐ.യെ പിന്നിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യ ലോക് സഭാ തെരഞ്ഞെടുപ്പുകളിലെ താരതമ്യേന നികച്ച പ്രകടനത്തിലൂടെ ദേശീയ ബദലെന്ന പ്രതീതി ജനിപ്പിച്ച ഇടതുപക്ഷം കാലക്രമത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലായി ഒതുങ്ങി.

ദേശവ്യാപകമായി വളരാന്‍ കഴിയാഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും ഗാന്ധിയന്മാരുടെയും പിന്മുറക്കാരെ പിന്തള്ളിക്കൊണ്ടാണ് ബി.ജെ.പി. ഒരു ഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായുയര്‍ന്നത്. വീര്‍ സവര്‍ക്കരുടെ ഹിന്ദു മഹാസഭ, സന്യാസിമാരുടെ പിന്തുണയുണ്ടായിരുന്ന രാമരാജ്യ പരിഷത്ത്, ഹിന്ദു മഹാസഭയുടെ മുന്‍ അധ്യക്ഷനും ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയില്‍ അംഗവുമായിരുന്ന ശ്യാമപ്രസാദ് മൂക്കര്‍ജി സ്ഥാപിച്ച ജനസംഘം എന്നിങ്ങനെ മൂന്ന് കക്ഷികളാണ് ഒന്നാം തെരഞ്ഞെടുപ്പില്‍ ഹിന്ദു വികാരമുയര്‍ത്തി കോണ്‍ഗ്രസ്സിനെ നേരിട്ടത്. ഇവയ്‌ക്കെല്ലാം കൂടി കിട്ടിയത് 5.98 ശതമാനം വോട്ടു മാത്രമാണ്. പുതിയ കക്ഷിയായ ജനസംഘമാണ് ഏറ്റവും കൂടുതല്‍ വോട്ട് (3.06 ശതമാനം) നേടിയത്. സവര്‍ക്കര്‍ ഗാന്ധി വധക്കേസില്‍ നാഥുറാം ഗോഡ്സേയ്‌ക്കൊപ്പം പ്രതിയായതിന്റെ പേരുദോഷം മൂലമാകാം ഹിന്ദുമഹാസഭയ്ക്ക് ഒരു ശതമാനം വോട്ടു പോലും കിട്ടിയില്ല. ജനസംഘത്തെയും അതിന്റെ പിന്‍‌ഗാമിയായ ബി.ജെ.പി.യെയും ഹിന്ദുത്വത്തിന്റെ മുഖ്യധാരയാക്കി വളര്‍ത്തിയത് ആര്‍.എ.എസ്. ആണ്.

ഇപ്പോള്‍ ബി.ജെ.പി.യുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 25.82 ശതമാനത്തില്‍ (1999) നിന്ന് 26.53 (2004) ആയും 28.55 (2009) ആയും ഉയര്‍ന്ന കാലഘട്ടത്തില്‍ ബി.ജെ.പി. യുടേത് 25.59 ശതമാനത്തില്‍ (1999) നിന്ന് 22.16 (2004) ആയും 18.80 (2009) ആയും കുറഞ്ഞത് അതിന് ദേശീയ ബദല്‍ പദവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നു. അധികാരത്തില്‍ കയറിയശേഷവും ഇടുങ്ങിയ ഹിന്ദുത്വ ചിന്താഗതി വെച്ചുപുലര്‍ത്തിയതിന്റെ ഫലമായി മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. അതിന് തിരിച്ചുവരവ് നടത്താനുള്ള കഴിവുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ദേശീയ ബദലായി ഉയരാനുള്ള കഴിവ് പ്രകടിപ്പിക്കുന്ന ഒരു കക്ഷിയെയും രാഷ്ട്രീയ ചക്രവാളത്തില്‍ കാണാനില്ലാത്തത് അതിനു പ്രതീക്ഷക്ക് വക നല്‍കുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂക്ഷ്മായി വീക്ഷിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും ഒരു ഇരുകക്ഷി സംവിധാനം ഇതിനകം നിലവില്‍ വന്നിട്ടുള്ളതായി കാണാം. രാജസ്ഥാന്‍, മദ്ധ്യ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് അധികാരമത്സരം. ആന്ധ്ര പ്രദേശ്, പഞ്ചാബ് തുടങ്ങിയയിടങ്ങളിലാകട്ടെ കോണ്‍ഗ്രസ് ഒരു പ്രാദേശിക കക്ഷിയുമായി മത്സരിക്കുന്നു. തമിഴ് നാട്ടില്‍ രണ്ട് പ്രാദേശിക കക്ഷികള്‍ തമ്മിലാണ് മത്സരം. പ്രമുഖകക്ഷികള്‍ ഒറ്റയ്ക്ക് മത്സരിക്കാത്ത കേരളത്തില്‍ ഇരുകക്ഷി സംവിധാനത്തിനു പകരം ഒരു ഇരുമുന്നണി സംവിധാനം നിലനില്‍ക്കുന്നു. പശ്ചിമ ബംഗാളില്‍ സി.പി. എം നേതൃത്വത്തിലുള്ള മുന്നണി മൂന്ന് പതിറ്റാണ്ടായി തുടര്‍ച്ചയായി അധികാരത്തിലിരിക്കുകയാണ്. ഇത്തവണ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം നേടിയ വിജയം ഇടതുപക്ഷത്തിന് അധികാര കുത്തക ഇനിയും നിലനിര്‍ത്താനാകുമോയെന്ന സംശയം ഉയര്‍ത്തുന്നുണ്ട്. ഉത്തര്‍ പ്രദേശ് മാറ്റത്തിന്റെ പാതയിലാണ്. അവിടെ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി. ഏറ്റവും വലിയ കക്ഷിയായി. പിന്നീട് അതിനെ പിന്തള്ളി ജനത് ദളും സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും മേല്‍ക്കൈ നേടി. ഇപ്പോഴത്തെ അവസ്ഥ ദീര്‍ഘകാലം നിലനില്‍ക്കണമെന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കക്ഷികള്‍ക്ക് മുന്‍‌തൂക്കമുള്ളിടത്തോളം കേന്ദ്രത്തില്‍ കൂട്ടുസര്‍ക്കാരുണ്ടായേ മതിയാകൂ. നിലവിലുള്ള സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ്സൊ ബി.ജെ.പി.യൊ നയിക്കുന്ന മുന്നണിക്കെ സ്ഥിരത ഉറപ്പാക്കാനാവൂ. വോട്ടര്‍മാര്‍ ഇത് തിരിച്ചറിയുന്നുവെന്ന് 1999 മുതലുള്ള ലോക് സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കുന്നവരും തോല്‍ക്കുന്നവരും തമ്മില്‍ വോട്ടുവിഹിതത്തിലുള്ള വ്യത്യാസം തീരെ ചെറുതാണ്. സ്ഥിരമായി ഒരു കക്ഷിക്ക് വോട്ടു ചെയ്യാതെ ഓരോ കക്ഷിയുടെയും സമീപകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമെന്ന് തോന്നുമ്പോള്‍ മാറി വോട്ടു ചെയ്യുന്ന ഒരു ചെറിയ വിഭാഗമാണ് ആത്യന്തികമായി ആര് അധികാരത്തില്‍ വരണമെന്ന് തീരുമാനിക്കുന്നത്. ബൂത്തിലെത്തുന്ന വോട്ടരുടെ മുന്നിലുള്ളത് വളരെ പരിമിതമായ സാദ്ധ്യതകളാണെന്നത് കണക്കാക്കുമ്പോള്‍ എത്ര വിവേകപൂര്‍വമാണ് ജനങ്ങള്‍ സമ്മതിദാനം വിനിയോഗിക്കുന്നതെന്ന് മനസ്സിലാക്കാനാകും.

No comments: