Thursday, June 18, 2009

ചെങ്ങറ ഐക്യദാർഢ്യ പുസ്തകം

പല രീതിയിൽ ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഒരു ഐക്യദാർഢ്യ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

‘പിറവിക്കുറിപ്പി‘ൽ എഡിറ്റർ ടി. മുഹമ്മദ് വേളം എഴുതുന്നു: “കേരളം നേടി എന്നവകാശപ്പെടുന്ന സമൂഹികവികസന നേട്ടത്തിനെതിരെ ഇവിടത്തെ അടിസ്ഥാന ജനവിഭാഗം സമർപ്പിച്ച കുറ്റപത്രമാണ് ചെങ്ങറ.“

പുസ്തകത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: “ഇത് ഒന്നാമതായി സമരഭൂമിയുടെ പുസ്തകമാണ്. രണ്ടാമതായി ഇതിനോട് ഐക്യപ്പെടുന്ന മുഴുവൻ സാംസ്കാരിക പ്രവർത്തകരുടെയും പുസ്തകമാണ്. ഞങ്ങൾ അതിന്റെ സംഘാടകർ മാത്രമാണ്.”

സച്ചിദാനന്ദൻ, എസ്. ജോസഫ്, രാഘവൻ അത്തോളി, എം.ബി.മനോജ്, എസ്.കലേഷ് എന്നിവരുടെ കവിതകളോടെയാണ് തുടക്കം. സച്ചിദാനന്ദന്റെ കവിതയിൽ നിന്ന് നാല് വരികൾ:

ഇന്നുയരുന്നൂ ഞങ്ങളുനെയ്‌തൊരു
സ്വന്തം കൊടിയിബ്ഭൂവിൻ മാറിൽ:
മണ്ണിന്റേതാണിതിനുടെ നിറ, മിതി-
ലുണ്ടേ പച്ചയിലൊരു ഭൂഗോളം


രാഘവൻ അത്തോളിയുടെ രണ്ട് വരികൾ:

ദുഷ്ടബ്രാഹ്മണക്കോയ്മകൾക്കാരാണ്
പ്രിയസഖാവെന്ന് പേരു നൽകുന്നത്


‘സമരഭൂമി’ എന്ന തലക്കെട്ടുള്ള വിഭാഗത്തിൽ ളാഹ ഗോപാലന്റെയും സലീന പ്രക്കാനത്തിന്റെയും വാക്കുകൾ വായിക്കാം.

‘അഭിവാദ്യം’, ‘വിശകലനം’ എന്നീ വിഭാഗങ്ങളിൽ ചെങ്ങറ ഭൂസമരത്തിന് പിന്തുണ നൽകിക്കൊണ്ടും അതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടും നിരവധി പേർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ചിരിക്കുന്നു. ചില ചെങ്ങറ രേഖകളാണ് ‘കത്ത്/റിപ്പോർട്ട്’ എന്ന തലക്കെട്ടിലുള്ള അവസാന വിഭാഗത്തിൽ.

വില 75 രൂപ

പ്രസാധകർ:
Solidarity Youth Movement,
Hira Centre,
Mavoor Road,
Kozhikode,
Kerala, India
e-mail: solidarityym@gmail.com

No comments: