Friday, June 12, 2009

തെറ്റു പ്രചരിക്കുന്ന വഴി

ഇന്നത്തെ മലയാള മനോരമയിലെ ‘വാചകമേള’ പംക്തിയില്‍ കണ്ടത്:

പാളയം പള്ളിയില്‍ (മൃതദേഹത്തിന്റെ) മരണാനന്തര ചടങ്ങുകളില്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പം ഹിന്ദുക്കളായ ലക്ഷ്മിയെയും ചിന്നന്റെ ഭാര്യ ദേവിയെയും പങ്കെടുപ്പിച്ചു. ഹിന്ദുക്കളായ ഞങ്ങള്‍ മക്കളെ പങ്കെടുപ്പിച്ചു.. മുസ്ലിം സമുദായം കാട്ടിയ ഈ തുറന്ന ഹൃദയം ഇസ്ലാം നവോത്ഥാനത്തിന്റെ തുടക്കമായി ഞാന്‍ കാണുന്നു.
എം.ഡി.നാലപ്പാട്


കമലാ സുറയ്യയുടെ മൂത്ത മകന്‍ നാലപ്പാടിന്റേതായി കൊടുത്തിട്ടുള്ള വാക്കുകള്‍ അദ്ദേഹം എഴുതിയവയല്ല. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തെ ആസ്പദമാക്കി ഒരു റിപ്പോര്‍ട്ടര്‍ എഴുതി കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണവ. അദ്ദേഹവുമായി സംസാരിച്ച ലേഖകന്റെ പേരു വാരികയിലുണ്ട്.

ലേഖനത്തിലെ ആ ഭാഗം ഉദ്ധരിക്കുക വഴി മനോരമ അതിലെ ഒരു തെറ്റ് കൂടുതല്‍ ജനങ്ങളില്‍ എത്തിച്ചിരിക്കുന്നു.

അതില്‍ പരാമര്‍ശിക്കപ്പെടുന്ന ചിന്നൻ കമലാ സുറയ്യയുടെ രണ്ടാമത്തെ മകനാണ്. ദേവി ചിന്നന്റെ ഭാര്യയല്ല, കമലാ സുറയ്യയുടെ ഇളയ മകനായ ‘ഷോഡു’ എന്ന വിളിപ്പേരുള്ള ജയസൂര്യയുടെ ഭാര്യയാണ്.

തെറ്റ് പറ്റിയത് നാലപ്പാടിനാവില്ല, അദ്ദേഹം പറഞ്ഞത് കേട്ടെഴുതിയ ലേഖകനാകണം.

പാളയം പള്ളിയിൽ നടന്നത് ‘ഇസ്ലാം നവോത്ഥാനത്തിന്റെ തുടക്കം’ ആണെന്ന പ്രസ്താവത്തിൽ ഉദാരമായ സമീപനം മുസ്ലിം സമുദായത്തിൽ നേരത്തെ ഉണ്ടായിരുന്നില്ലെന്ന ദു:സ്സൂചനയുണ്ട്. അതിന്റെ ഉത്തരവാദിത്തം നാലപ്പാടിനാണോ ലേഖകനാണോ എന്ന് വ്യക്തമല്ല.

No comments: