Friday, February 20, 2009

പുതിയ കാലം വരുന്നു. പുതിയ ക്ലാസ്സിപ്പേരും?

ഇക്കൊല്ലത്തെ ബജറ്റിലൂടെ ഒരു പുതിയ തുടക്കം കുറിക്കുകയാണെന്ന സന്ദേശം നൽകാനായി ധനമന്ത്രി ടി.എം.തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ തകഴിയുടെ കയർ എന്ന ബൃഹദ് നോവലിൽനിന്ന് ഏതാനും വരികൾ ഉദ്ധരിക്കുകയുണ്ടായി.

കണ്ടെഴുത്തിനു വരുന്ന ക്ലാസിപ്പേർക്ക് താമസിക്കാൻ എരുമത്ര മഠം വൃത്തിയാക്കുന്നെന്ന് അറിഞ്ഞപ്പോൾ കീഴ്വഴക്കമില്ലെന്ന് ജന്മി പറയുന്ന ഭാഗമാണ് അദ്ദേഹം ഉദ്ധരിച്ചത്. മുറജപത്തിനു തിരുവനന്തപുരത്തേക്ക് പോകുന്ന നമ്പൂതിരിമാരേ അതിനുമുമ്പ് അവിടെ താമസിച്ചിട്ടുള്ളെന്ന് അയാൾ ചൂണ്ടിക്കാണിക്കുന്നു.

പുതിയ കാലം വന്നിരിക്കുന്നു, പുതിയ കീഴ്വഴക്കങ്ങൾ ആവശ്യമായിരിക്കുന്നു, ഈ ബജറ്റിലൂടെ അതിനാണ് ശ്രമിക്കുന്നത് – അങ്ങനെ പോയി തോമസ് ഐസക്കിന്റെ സന്ദേശം.

കയർ മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ തകഴി വിവരിക്കുന്ന കാര്യങ്ങൾ തന്റെ ആവശ്യത്തിന് ഉപകരിക്കുന്നവയല്ലെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു.

കണ്ടെഴുത്തിന് വരുന്ന ഉദ്യോഗസ്ഥൻ ഏത് ജാതിക്കാരനാണെന്ന് അറിയാതെയാണ് ജന്മി കീഴ്വഴക്കമില്ലെന്ന് പറഞ്ഞത്. അയാളും ബ്രാഹ്മണൻ തന്നെയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. അതായത് കീഴ്വഴക്ക ലംഘനം ഉണ്ടായതേയില്ല. വന്നത് നമ്പൂതിരിയല്ല, തമിഴ് ബ്രാഹ്മണനായിരുന്നു എന്ന് മാത്രം.

പുതിയ കാലത്ത് പുതിയ ക്ലാസിപ്പേർ വേണമെന്ന തോമസ് ഐസക്കിന്റെ വാക്കുകൾ ഞെട്ടലോടെയാണ് ഞാൻ കേട്ടത്. കാരണം കയറിലെ ക്ലാസ്സിപ്പേർ ഭൂമി തിട്ടപ്പെടുത്തി കൊടുത്തത് പ്രതിഫലം വാങ്ങിയിട്ടാണ്. കൂടുതൽ അംഗങ്ങളുള്ളതുകൊണ്ട് കൂടുതൽ കൃഷിഭൂമി ആവശ്യമായിരുന്ന കുടുംബങ്ങൾക്ക് അതിനായി കണ്ടുകാഴ്ച വെയ്ക്കേണ്ടി വന്നു. അംഗസംഖ്യ കുറഞ്ഞ കുടുംബങ്ങൾക്കും കണ്ടുകാഴ്ച വെയ്ക്കേണ്ടി വന്നു –- തങ്ങൾക്ക് കൃഷി ചെയ്യാനാവുന്നതിലധികം ഭൂമി അടിച്ചേൽപ്പിച്ച് കരബാധ്യത കൂട്ടുന്നത് ഒഴിവാക്കാൻ!

തോമസ് ഐസക്കിന്റെ വാക്കുകൾ കയറിലെ ഈ വരികൾ എന്നെ ഓർമ്മിപ്പിച്ചു: “കൊച്ചമ്മ ഒരിക്കൽ മുല്ലക്കാരനോടൊരു കാര്യം പറഞ്ഞു. ഈ കുടികളെല്ലാം കണ്ടുകാഴ്ച വെയ്ക്കുന്ന പൊന്നും വെള്ളിയും ഉണ്ടല്ലൊ അത് മുഴുവൻ ക്ലാസ്സിപ്പേരേമാനും കൊച്ചമ്മയ്ക്കുമുള്ളതല്ല. അതിന്റെ ഒരു വീതമേ അവർക്കെടുക്കാവൂ. ഒരു ചെറിയ വീതം മാത്രം. ബാക്കി മുഴുവൻ തിരുവനന്തപുരത്തെത്തണം. ആ രഹസ്യം കൊച്ചമ്മ മറ്റാരോടും പറഞ്ഞിട്ടില്ല.”

വന്നയുടനെ ക്ലാസ്സിപ്പേർ ഒരു ജന്മി കുടുംബത്തിൽ സംബന്ധം തുടങ്ങി. പണി തീർത്തു പോകും മുമ്പ് അയാൾ മറ്റൊരു സ്ത്രീയെയും ഗർഭിണിയാക്കി.

4 comments:

ഭ്രമരന്‍ said...

വന്നയുടനെ ഒരു ജന്മി കുടുംബത്തിൽ സംബന്ധം തുടങ്ങി.
ഇപ്പോൾ സംബന്ധം അല്ല ഫ്രീക്ക്‌ അവുട്ട്‌ ആണെന്നുമാത്രം

Unknown said...

പുതിയ കാലത്ത് പുതിയ ക്ലാസിപ്പേർ വേണമെന്ന തോമസ് ഐസക്കിന്റെ വാക്കുകൾ ഞെട്ടലോടെയാണ് ഞാൻ കേട്ടത്

കയ്യിലിരുപ്പ് ശരിയല്ലാത്ത ആ പഴയ ക്ലാസിപ്പേരീനെ തിരിച്ചുകൊണ്ടുവരണമെന്നാണോ ഐസക് പറഞ്ഞത്? അങ്ങിനെയെങ്കില്‍ ഞെട്ടിയാല്‍പ്പോരെ?

K Govindan Kutty said...

ധനകാര്യമന്ത്രിമാര്‍, അവര്‍ വായിക്കാത്ത വരികള്‍ ഉദ്ധരിക്കുന്ന പതിവ് പുതിയതല്ല. പ്രസംഗം എഴുത്തുകാരന്റെ ഭവനാവിലാസം അനുസരിച്ച് ഒരോന്നങ്ങനെ എഴുതിച്ചേര്‍ക്കും. കേരളത്തില്‍ അതിന്റെ ആശാന്‍ കേ എം മാണി ആയിരുന്നു. നൈനം ഛിന്ദന്തി ശസ്ത്രാണി... എന്നു തുടങ്ങുന്ന ഗീതാശ്ലോകവും ഒരിക്കല്‍ അദ്ദേഹം തട്ടിമൂളിക്കുകയുണ്ടായി. നാശമില്ലാത്ത ആത്മാവെവിടെ? നശിച്ചുപോകുന്ന ധനമെവിടെ? അതൊന്നും മാണിക്ക് പ്രശ്നമായിരുന്നില്ല. മിഴിച്ചിരിക്കുന്ന മെംബര്‍മാരെ ഒന്നുകൂടി കണ്ണുതള്ളിക്കണം. അത്രതന്നെ. അത്രയേ തോമസ് ഐസക്കും ഉദ്ദേശിച്ചിരിക്കുകയുള്ളൂ. അദ്ദേഹം കയര്‍ വായിച്ചിരിക്കും എന്നു ഞാന്‍ കരുതുന്നു. സന്ദര്‍ഭവും അര്‍ഥവും ര്‍ത്തിരിക്കില്ലെന്നുമാത്രം. പ്രസംഗം എഴുതിയ പ്രേതത്തിനു പറ്റിയ പിഴയും ആകാം. മന്മോഹന്‍ സിംഗ് ഒരു ബജറ്റ് ലിങ്കണെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉപസംഹരിച്ചത്: ഞാന്‍ നടകശാലയിലേക്കു പോകുന്നു. കൊലയാളികളെ അറിയിച്ചേക്കൂ. ലിങ്കണു പറ്റിയത് മന്മോഹന് പറ്റിയില്ല എന്നത് സമധാനം. തോമസ് ഐസക്കിന് എന്ത് പറ്റും ആവോ?

ഞാന്‍ ആചാര്യന്‍ said...

ദയവായി ഫോളോ ഗാഡ്ജറ്റ് ഉള്‍പ്പെടുത്തുക