Thursday, February 19, 2009

നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർക്കു വേണ്ടിയുള്ള കാത്തിരിപ്പ്

‘ജോമോൻ പുത്തൻപുരക്കലിന്റെ അഭയ കേസ് ഡയറി‘ എന്ന പോസ്റ്റിന് കീഴിൽ കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി എഴുതി: “രാജ്യത്ത് ഒരു നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു“.

ആ കമന്റ് എന്തുകൊണ്ട് നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർ ഉണ്ടാകുന്നില്ല എന്നതിനെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.

അമേരിക്കയിൽ വാഷിങ്ടൺ പോസ്റ്റിലെ ബോബ് വുഡ്‌വേഡ്, കാൾ ബേൺസ്റ്റീൻ എന്നീ റിപ്പോർട്ടർമാർ വാട്ടർഗേറ്റ് സംഭവം സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നുകൊണ്ട് പ്രസിഡന്റ് നിക്സൺന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന കാലത്ത് ന്യൂ യോർക്കിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇൻഡ്യാ എബ്രോഡ് വാരികയിൽ “കുൽദീപ് നയ്യാർ, നിങ്ങൾ എവിടെയാണ്?” എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലും സമാന സംഭവങ്ങൾ നടക്കുന്നുണ്ട്, കുൽദീപ് നയ്യാറെപ്പോലുള്ള പത്രപ്രവർത്തകർ എന്താണ് അവ പുറത്തുകൊണ്ടുവരാത്തത് എന്നായിരുന്നു ലേഖകന്റെ ചോദ്യം. ആ ലേഖനത്തിന് അന്ന് ഞാൻ ഒരു മറുപടി എഴുതുകയുണ്ടായി. അതിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് വുഡ്‌വേഡും ബേൺസ്റ്റീനും പ്രവർത്തിക്കുന്നത് ഇന്ത്യയിൽ നിലനിൽക്കുന്നതിൽ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങളിലാണെന്നതാണ്.

ആ യുവ റിപ്പോർട്ടർമാർക്ക് ഒരുയർന്ന ഉദ്യോഗസ്ഥൻ തുടർച്ചയായി വിവരം ചോർത്തിക്കൊടുത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പേര് അവർ വെളിപ്പെടുത്തിയിരുന്നില്ല. പത്രാധിപർക്കും ഉടമയ്ക്കും പോലും റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന ‘ഡീപ് ത്രോട്ട്’ ആരാണെന്ന് അറിയില്ലായിരുന്നു. ഈയിടെയാണ് അദ്ദേഹം അന്തരിച്ചത്. അതിന് അല്പം മുമ്പ് മാത്രമാണ് അദ്ദേഹത്തിന്റെ പേര് പുറത്തുവന്നത്. അത്തരം പ്രവർത്തനസ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് പത്രപ്രവർത്തകർക്ക് പ്രതീക്ഷിക്കാനാവില്ല.

പ്രസിഡന്റിന്റെ നില അപകടത്തിലാകുമെന്നറിഞ്ഞുകൊണ്ടാണ് ‘ഡീപ് ത്രോട്ട്’ രഹസ്യവിവരങ്ങൾ ചോർത്തിക്കൊടുത്തത്. പ്രസിഡന്റ് പോയാലും ശരി നിയമവിരുദ്ധ പ്രവൃത്തികൾ നടന്നെന്ന കാര്യം പുറത്തുവരണമെന്ന് അദ്ദേഹം തീരുമാനിച്ചു. കാരണം നിയമവാഴ്ചയാണ് പ്രസിഡന്റിന്റെ സ്ഥാനത്തേക്കാളും വലുത്. പ്രസിഡന്റ് നിയമിച്ച പ്രോസിക്യൂട്ടർ വൈറ്റ് ഹൌസിലുള്ള ടേപ്പുകൾ അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് നിയമിച്ച ജഡ്ജി ആ ആവശ്യം ശരിവെച്ചു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും അതിനനുകൂലമായി വോട്ട് ചെയ്തു. ഇതൊക്കെ ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണോ?

ജാതിമത നേതാക്കളെയും പാർട്ടി നേതാക്കളെയും എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണ് തങ്ങളുടെ പരമമായ ധർമ്മമെന്ന് വിശ്വസിക്കുന്നവരുടെ നാട്ടിൽ ഉണ്ടാവുക ജോമോൻമാരല്ല, ചുടുചോറു വാരാൻ തയ്യാറുള്ള കുട്ടിക്കുരങ്ങന്മാരാണ്.

ജോമോൻ പുത്തൻപുരയ്ക്കൽ ഒരുകാലത്ത് സഭയുടെ യുവജന സംഘടനയിൽ പ്രവർത്തിച്ചിരുന്നു. പക്ഷെ അദ്ദേഹം സത്യത്തിനും ധർമ്മത്തിനും നീതിക്കും സഭയ്ക്കു മുകളിൽ സ്ഥാനം നൽകി. അതുകൊണ്ടാണ് അഭയയുടെ കൊലപാതകത്തിന് ഉത്തരവാദികൾ ആരായാലും അവരെ പുറത്തുകൊണ്ടുവരണമെന്ന നിർബന്ധബുദ്ധിയോടെ അദ്ദേഹത്തിന് പ്രവർത്തിക്കാനായത്.

നൂറ് ജോമോൻ പുത്തൻപുരയ്ക്കൽമാർക്കായി നീണ്ട കാത്തിരിപ്പ് വേണ്ടിവരുമെന്ന് തോന്നുന്നു.

1 comment:

Unknown said...

വായിച്ചു സര്‍, അനന്തമായി കാത്തിരിക്കാനേ നമുക്ക് പറ്റൂ? ഞാന്‍ ആലോചിക്കുകയായിരുന്നു. സാധാരണയായി നമ്മുടെ രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശരാശരിയായി ഏറിയാല്‍ ഒരു 60ശതമാനം പേരാണ് വോട്ട് ചെയ്യുന്നത്. മുഴുവന്‍ പാര്‍ട്ടികളുടെയും ഉറച്ച വോട്ടുകള്‍ ഏതാണ്ട് പോള്‍ ചെയ്യപ്പെടുമല്ലൊ. അപ്പോള്‍ വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്നവര്‍ സ്വാഭാവികമായും കക്ഷിരാഷ്ട്രീയക്കാരോട് വിധേയത്വം ഇല്ലാത്തവര്‍ ആയിരിക്കുമല്ലൊ. അവര്‍ ഒരു പൊതുസമൂഹമായി ഐക്യപ്പെട്ടിരുന്നുവെങ്കില്‍ നമ്മുടെ ജനാധിപത്യം രചനാത്മകമായി പരിവര്‍ത്തിക്കുമായിരുന്നുവല്ലൊ.പലപ്പോഴും ന്യൂനപക്ഷം വോട്ടര്‍മാരുടെ പ്രാതിനിധ്യമുള്ളവരല്ലെ നമ്മെ ഭരിക്കുന്നത്. ഒരു പൊതുസമൂഹം രൂപപ്പെട്ടുവരുന്നതിന് ഇന്നുള്ള സമാനമനസ്ക്കരായവര്‍ക്ക് ഒരു മൂവ്മെന്റ് തുടങ്ങിക്കൂടേ?