Thursday, February 12, 2009

റഹ്‌മാനും ജോർജ്ജും പിന്നെ നാണപ്പനും

സ്ലംഡോഗ് മില്ലനൈറിലെ സംഗീതത്തിന് എ. ആർ. റഹ്‌മാൻ (പടം കാണുക) പ്രശസ്തമായ രണ്ട് വിദേശ പുരസ്കാരങ്ങൾ നേടിയിരിക്കുന്നു. ഈ മാസം 22നാണ് ഇക്കൊല്ലത്തെ ഓസ്കാർ സമ്മാനദാനം. അവിടെയും റഹ്‌മാൻ പരിഗണനയിലുണ്ട്.
ലോകം റഹ്‌മാന്റെ സംഗീതത്തെ വാഴ്ത്തുന്ന ഈ വേളയിൽ രണ്ട് സുഹൃത്തുക്കളുടേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അഭിപ്രായം ഓർത്തുപോകുന്നു. ന്യൂ ഇൻഡ്യൻ എക്സ്പ്രസിന്റെ ഉപദേഷ്ടാവ് ട്.ജെ.എസ്. ജോർജ്ജും അന്തരിച്ച എഴുത്തുകാരൻ എം.പി.നാരായണപിള്ളയും ആണ് ആ സുഹൃത്തുക്കൾ.

ജോർജ്ജിന്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങുന്ന ‘ഘോഷയാത്ര’ എന്ന പുസ്തകത്തിൽ ‘അവതാരിക’യായി ചേർത്തിട്ടുള്ളത് 1993ലും 1997ലും നാണപ്പൻ എന്ന് ഞങ്ങൾ വിളിച്ചിരുന്ന നാരായണപിള്ള അദ്ദേഹത്തിനയച്ച രണ്ട് കത്തുകളാണ്. ഇതിലൊന്നിൽ റഹ്‌മാൻ കടന്നു വരുന്നു.

ജോർജ്ജിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയത്. അതിൽ എഴുതാൻ ജോർജ്ജിനെ പ്രേരിപ്പിക്കുകയായിരുന്നു നാണപ്പൻ.

നാണപ്പൻ എഴുതി: “എഴുത്തുകാരൻ ആകാൻ സ്വന്തമായി മനസ്സിൽ വല്ലതും വേണം. വേറാർക്കും തോന്നാത്തത്.

“ദൈവം സഹായിച്ച് നിങ്ങൾക്കതുണ്ട്. ഉദാഹരണങ്ങൾ ഡസൻ കണക്കിന് തരാം. എ. എച്ച്. (ആർ) റഹ്‌മാന്റെ സംഗീതത്തെപ്പറ്റി – അവൻ അലമ്പാണെന്ന കാര്യം –ആദ്യമെന്നോട് പറഞ്ഞത് നിങ്ങളാണ്. അവന്റെ ‘വന്ദേമാതരം’ കേട്ടപ്പോൾ നിങ്ങൾ ആറുമാസം മുമ്പ് പറഞ്ഞത് നൂറുശതമാനവും എനിക്ക് ബോദ്ധ്യമായി. ആ അഭിപ്രായമെഴുതാൻ മലയാളത്തിലെന്നല്ല ഇന്ത്യയിൽ വേറൊരാളെ കിട്ടുമൊ?”

ലോകം റഹ്‌മാനെ നെഞ്ചിലേറ്റിയാലും വ്യത്യസ്തമായ അഭിപ്രായം വെച്ചുപുലർത്താനും അത് പറയാനുമുള്ള അവകാശം ജോർജ്ജിനുണ്ട്. മനുഷ്യർ ഭിന്നരുചിക്കാരാണ്, വിഭിന്ന താല്പര്യങ്ങളുള്ളവരാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ എല്ലാവരും തങ്ങളുടെ അഭിപ്രായം ഏറ്റുപറയണമെന്നും തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവർത്തിക്കണമെന്നുമുള്ള നിർബന്ധം ചിലർ വെച്ചുപുലർത്തുന്നതാണ് പ്രശ്നം.

1 comment:

Unknown said...

ശരിയാണ്,ഓരോരുത്തര്‍ക്കും എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാവും. ഏതാണ് ശരിയെന്ന് കാലം തീരുമാനിക്കേണ്ടതാണ്. തങ്ങളുടെ അഭിപ്രായമാണ് കേവലമായ ശരിയെന്നും മറ്റുള്ളവര്‍ അത് അംഗീകരിക്കണമെന്നും ശാഠ്യം പിടിക്കുന്നത് തന്നെയാണ് ലോകം സംഘര്‍ഷഭരിതമാകാന്‍ കാരണം. ഈ അഭിപ്രായവൈരുധ്യങ്ങള്‍ക്കിടയിലും അനുരജ്ഞനത്തിന്റെ ഒരു തലത്തില്‍ നിന്ന് കൊണ്ട് പ്രശ്നങ്ങളെ സമീപിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞേനേ. സമൂഹത്തെ നയിക്കാന്‍ ബധ്യതപ്പെട്ട നേതാക്കള്‍ക്ക് സാധാരണക്കാരില്‍ നിന്ന് ഭിന്നമായി മൌലികമായി ചിന്തിക്കാന്‍ ഇന്ന് കഴിയുന്നില്ല.