Friday, January 30, 2009

ഞാഞ്ഞൂലിനെ വെറുതെ വിടാം

ഗ്രഹണകാലം എന്ന പോസ്റ്റിനോടുള്ള രാമചന്ദ്രന്റെ പ്രതികരണം കണ്ടപ്പോൾ ഒരു പഴയ കാര്യം ഓർമ്മ വന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന കാലം. രാമനാഥ് ഗോയങ്കയുടെ ഇൻഡ്യൻ എക്സ്പ്രസ് ഇന്ദിരയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. പത്രത്തിന്റെ പ്രഗത്ഭനായ പത്രാധിപർ ഫ്രാങ്ക് മൊറേയ്സ് Myth and Reality എന്ന തലക്കെട്ടിൽ ഇന്ദിരാ സർക്കാർ പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു നീണ്ട പരമ്പരയെഴുതി. പരമ്പര തീർന്നപ്പോൾ നെഹ്രു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഹെറാൾഡിന്റെ പത്രാധിപർ എം. ചലപതി റാവു രണ്ടു വരിയിൽ മറുപടി നൽകി. അതിങ്ങനെ:

Myth: Frank Moraes
Reality: Ramnath Goenka

രാമചന്ദ്രൻ എന്നോട് ചോദിക്കുന്നത് Mythന്റെ പേരു പറയാമോയെന്നാണ്. Realityയുടെ പേരു പറയാമോയെന്ന് ധൈര്യമായി ചോദിക്കൂ, സുഹൃത്തെ.


ഞാഞ്ഞൂലുകൾ പലവിധം. ഇത് ഇന്റർനെറ്റിൽനിന്ന് എടുത്ത ചിത്രം


ഞാഞ്ഞൂലിനെ നമുക്ക് വെറുതെ വിടാം. ഗ്രഹണത്തിന് കാരണമാകുന്നത് ആ സാധു ജീവിയല്ല. ഏതൊ പ്രപഞ്ചനിയമം അർപ്പിച്ചിരിക്കുന്ന കർത്തവ്യം നിർവഹിക്കുക മാത്രമാണ് അത് ചെയ്യുന്നത്.

എന്റെ കുട്ടിക്കാലത്ത് ഗ്രഹണ സമയത്ത് കുട്ടികൾ മടലുവെട്ടി ഭൂമിയിൽ ശക്തിയായി അടിക്കുമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തൊന്നുമുള്ള കാലമായിരുന്നില്ലല്ലൊ. രാഹു ചന്ദ്രനെ വിഴുങ്ങുന്നതാണ് ഗ്രഹണ കാരണമെന്നാണ് ഞങ്ങൾ കരുതിയത്. രാഹുവിനെക്കൊണ്ട് പിടി വിടുവിപ്പിക്കാനായിരുന്നു ഞങ്ങൾ ഓടിനടന്ന് മടലുകൊണ്ട് അടിച്ചത്. അടി കൊള്ളുന്നത് ഭൂമിയ്ക്കാണ്, രാഹുവിനല്ല എന്നതൊന്നും ഞങ്ങൾ ഓർത്തില്ല.

ഇപ്പോൾ സംസ്ഥാനത്തു നടക്കുന്നതും അത്തരത്തിലുള്ള മടലുകൊണ്ടുള്ള അടി തന്നെ. സംസ്ഥാന കമ്മിറ്റിയും പോളിറ്റ്ബ്യൂറോയും സി. ബി. ഐ. പാർട്ടിയെ ഗ്രസിച്ചിരിക്കുന്നതായി വിളിച്ചുപറഞ്ഞു. ഉടൻ തന്നെ പിള്ളേര് മടലും വെട്ടി ഓടി നടന്ന് അടിയും തുടങ്ങി. വളരുമ്പോൾ അവർ ഗ്രഹണ കാരണം കൃത്യമായി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം. അപ്പോഴേയ്ക്കും നാട് അടി കുറേ പിടിച്ചിരിക്കുമെന്ന് മാത്രം.

3 comments:

Thaikaden said...

Ippol ellavarum thammil atichalle valarunnathu.

The Kid said...

പാവം പാര്‍ട്ടി, നന്നാവാന്‍ കിട്ടിയ ഒരു അവസരമായിരുന്നു, അതും കളഞ്ഞുകുളിക്കുകയാണ്. ഇനി പാര്‍ട്ടിയെ നന്നാക്കാന്‍ ഒരു ഭഗീരഥന്‍ തന്നെ ഇറങ്ങി വരേണ്ടിവരും.

ramachandran said...

ഒ കെ
വെറുതെ വിട്ടു