Friday, December 18, 2009

എ.സി.വി.യുടെ രാഷ്ട്രീയ റീയാലിറ്റി ഷോ: നായനാർ ഏറ്റവും ജനപ്രിയ നേതാവ്

ഏഷ്യാനെറ്റ് കേബിൾ വിഷൻ നടത്തിയ രാഷ്ട്രീയ റീയാലിറ്റി ഷോയിൽ ഇ.കെ. നായനാർ കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

തപാൽ വഴിയും എസ്.എം.എസിലൂടെയും ഓൾ‌ലൈനായും പ്രേക്ഷകർ നൽകിയ വോട്ടിലൂടെയാണ് പത്ത് ഫൈനലിസ്റ്റുകളിൽ നിന്ന് നായനാർ തെരഞ്ഞെടുക്കപ്പെട്ടത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 30 നേതാക്കളുടെ പട്ടിക എ.സി.വി. തയ്യാറാക്കി പ്രേക്ഷകരുടെ അഭിപ്രായം തേടുകയായിരുന്നു.

ഫൈനലിസ്റ്റുകൾ ഇവരായിരുന്നു: ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ.നായനാർ, എ.കെ. ഗോപാലൻ, സി.അച്യുതമേനോൻ, കെ.ആർ.ഗൌരിയമ്മ, വി.എസ്. അച്യുതാനന്ദൻ, കെ. കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, പാണക്കാട് ശിഹാബ് തങ്ങൾ.

ഇന്ന് രാത്രി തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഫലപ്രഖ്യാപനം ഗൌരിയമ്മ ചടങ്ങിൽ സംബന്ധിച്ച് നേരിട്ട് ആദരം ഏറ്റുവാങ്ങി. മറ്റുള്ളവരെ ബന്ധുക്കളൊ സഹപ്രവർത്തകരൊ പ്രതിനിധീകരിച്ചു.

കേരളത്തിൽ ധാരാളം രാഷ്ട്രീയ കക്ഷികളുണ്ടെങ്കിലും ആദരിക്കപ്പെട്ട പത്തു പേരിൽ ഒമ്പതു പേരും കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പാരമ്പര്യങ്ങളിൽനിന്ന് വന്നവരാണെന്നത് ശ്രദ്ധേയമാണ്. പാണക്കട് തങ്ങൾ മാത്രമാണ് ആ ധാരകൾക്ക് പുറത്തു നിന്നു വന്ന നേതാവ്. ജീവിച്ചിരിക്കുന്ന ഒരു സി.പി.എം നേതാവേ പട്ടികയിലുള്ളു:വി.എസ്. അച്യുതാനന്ദൻ.

ചടങ്ങിന്റെ വിഡിയോ റിപ്പോർട്ട് എ.സി.വി. നാളെ (ശനി) രാത്രി 8 മണിക്ക് സമ്പ്രേഷണം ചെയ്യും.

Thursday, December 17, 2009

തേജസ്: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

തേജസ് പത്രത്തെയും ദ്വൈവാരികയെയും നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം കേരള സർക്കാരിന് കത്തയച്ചതായി ഇന്ന് ഇൻഡ്യാവിഷൻ റിപ്പോർട്ട് ചെയ്തു.

തേജസ് പത്രം ഈ വാർത്തയോടുള്ള പ്രതികരണം ആരാഞ്ഞു. എന്റെ പ്രതികരണം ചുവടെ ചേർക്കുന്നു:

തേജസ് പത്രത്തെയും ദ്വൈവാരികയെയും നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സർക്കാരിനു് അയച്ച കത്ത് കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നടപടിയെടുക്കേണ്ടവരുടെ ലിസ്റ്റ് അയച്ചുകൊടുത്തിരുന്നു. അച്ചടി മാധ്യമങ്ങൾ പരിശോധിക്കാൻ സംസ്ഥാനത്ത് സ്ഥിരം സംവിധാനമുണ്ടെന്നിരിക്കെ ഏതൊ രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര ഇടപെടൽ ദുരുപദിഷ്ടമാണ്. ഭീകരതക്കെതിരായ നടപടികൾ ഭരണകൂട ഭീകരതയുടെ സ്വഭാവം ആർജ്ജിക്കുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച വാർത്തകൾ തടയാനുള്ള ഔദ്യോഗികശ്രമത്തെ സംശയത്തോടെ മാത്രമെ വീക്ഷിക്കാനാവൂ.

Monday, December 14, 2009

സാമൂഹിക ബഹിഷ്കരണത്തിന്റെ ആധുനികഘട്ടം

കേരള സർക്കാർ കുറേക്കാലമായി നവംബറിൽ ക്ഷേത്രപ്രവേശന വിളംബരദിനം ആചരിച്ചുവരുന്നുണ്ട്. പട്ടികജാതി പട്ടികവകുപ്പാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. വകുപ്പുദ്യോഗസ്ഥർ പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ടവരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി ദർശനത്തിനു കൊണ്ടുപോകുന്നു. ഇക്കൊല്ലം വി.ജെ.ടി. ഹാളിൽ പൊതുയോഗവുമുണ്ടായിരുന്നു. അവിടെ താരം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. സർക്കാർ എന്നാണ്, എന്തിനാണ് ഈ ആഘോഷം തുടങ്ങിയതെന്നറിയില്ല.

ശ്രീചിത്തിരതിരുനാൾ ബാലവർമ്മ മഹാരാജാവാണ് 1936ൽ ഒരു വിളംബരത്തിലൂടെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുങ്ങൾക്കും തുറന്നു കൊടുത്തത്. രാജ ഭരണകാലത്തും തുടർന്നുള്ള ഏതാനും വർഷങ്ങളിലും തിരുവനന്തപുരത്ത് വിദ്യാർത്ഥിയായി കഴിഞ്ഞ എനിക്ക് അന്ന് ഇത്തരത്തിലുള്ള പരിപാടികളെക്കുറിച്ച് കേട്ട ഓർമ്മയില്ല. പരിപാടികളുണ്ടായിരുന്നെങ്കിൽതന്നെ അവ ശ്രദ്ധ ആകർഷിച്ചില്ല എന്നർത്ഥം. ശ്രീചിത്തിരതിരുനാൾ രാജാവും രാജപ്രമുഖനുമായിരുന്ന തിരുവിതാംകൂർ, തിരു-കൊച്ചി സർക്കരുകളേക്കാൾ ഒച്ചപ്പാടോടെ കേരളഭരണകൂടം തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം ആഘോഷിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ആഘോഷിക്കാൻ കാരണമുണ്ടെങ്കിൽതന്നെ അത് ചെയ്യേണ്ടത് ദേവസ്വം വകുപ്പല്ലേ? പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിനെ ആ ചുമതല ഏൽ‌പ്പിച്ചതിന്റെ പിന്നിലുള്ള ചേതോവികാരത്തെ സംശയത്തൊടെയെ വീക്ഷിക്കാനാവൂ. ദലിതർ അതിനെതിരെ ശബ്ദമുയർത്തുന്നത് സ്വാഭാവികമാണ്.

ഇക്കൊല്ലം എൽ.ഡി.എഫിന്റെ മതനിർപേക്ഷ സർക്കാർ ദലിതരെ അമ്പലത്തിലേക്ക് കൊണ്ടുപോയ സമയത്ത് ദലിത് നേതൃത്വത്തിൽ ദേശീയതലത്തിൽ രൂപപ്പെട്ടിട്ടുള്ള ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാനഘടകം ‘ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നിലെ ഗൂഢാലോചന‘ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് ഒരു ചർച്ച സംഘടിപ്പിച്ചു. അതിൽ പങ്കെടുത്തവർ രണ്ട് കാര്യങ്ങൾ ഊന്നിപ്പറഞ്ഞു. ഒന്ന്, തിരുവിതാംകൂറിലെ ദലിത് സമൂഹം ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടിരുന്നില്ല. പ്രസക്ത കാലഘട്ടത്തിൽ ദലിത് പ്രസ്ഥാനത്തെ നയിച്ചിരുന്ന അയ്യൻ‌കാളി ഉന്നയിച്ച ആവശ്യം സകൂൾ പ്രവേശനമായിരുന്നു. രണ്ട്, ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആത്യന്തികലക്ഷ്യം അധ:സ്ഥിത വിഭാഗങ്ങളുടെ മതപരിവർത്തനം തടയുകയെന്നതായിരുന്നു. ഈഴവർ അക്കാലത്ത് മതം‌മാറ്റം ഗൌരവപൂർവം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. പലരും വ്യക്തിപരമായി തീരുമാനമെടുത്ത് അതിനകം ക്രിസ്തു മതത്തിലേക്ക് പരിവർത്തനംചെയ്തിരുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്ക് തീരുമാനമെടുക്കു ന്നതിനു പകരം സമുദായാംഗങ്ങൾ ഒന്നിച്ച് ഒരു മതം സ്വീകരിക്കണമെന്ന ആശയം ചിലർ മുന്നോട്ടു വെച്ചു. അതിന്റെ അടിസ്ഥാനത്തിൽ അതിനു പറ്റിയ മതം ഏതാണെന്ന് തീരുമാനിക്കാൻ വ്യാപകമായ തോതിൽ അവർ ആശയവിനിമയവും നടത്തി. ഈഴവരുടെ കൂട്ടപലായനത്തിന്റെ ഫലമായി ഹിന്ദുക്കൾ ന്യൂനപക്ഷമാകുന്ന അവസ്ഥ ഒഴിവാക്കാനാണ് രാജഭരണകൂടം ക്ഷേത്രപ്രവേശനം അനുവദിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.

സർക്കാർതല ആഘോഷത്തിൽ പ്രതിഫലിക്കുന്നത് ക്ഷേത്രപ്രവേശന വിളംബരത്തെ ഭരണകൂട നേട്ടമായി അവതരിപ്പിക്കാനുള്ള ഉപരിവർഗ്ഗ താല്പര്യമാണ്. നവോത്ഥാന പ്രസ്ഥാനത്തെ തന്നെ ഹൈജാക്ക് ചെയ്യാൻ അവർ ശ്രമിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സാമൂഹ്യമാറ്റത്തിന്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ട്.

വ്യത്യസ്ത സാമൂഹങ്ങളുടെ രാഷ്ട്രീയ ഏകീകരണത്തിനുള്ള സാഹചര്യം ഒരുക്കിയ വൈക്കം സത്യഗ്രഹം, പലരും ധരിച്ചിരിക്കുന്നതുപോലെ, ക്ഷേത്രപ്രവേശനത്തിനു വേണ്ടിയായിരുന്നില്ല. ക്ഷേത്രത്തിനടുത്തുള്ള പൊതുവീഥിയിലൂടെ നടക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെതായിരുന്നു സത്യഗ്രഹികളൂടെ നിലപാട്. ആദ്യമായി ആ അവകാശം സ്ഥാപിക്കാൻ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത് ദലിതരായിരുന്നു. ദേശാഭിമാനി ടി.കെ.മാധവന്റെ ശ്രമഫലമായി കോൺഗ്രസ് ആ പരിപാടി ഏറ്റെടുത്തു. ഒരു ഈഴവനും ഒരു ദലിതനും ഉൾപ്പെടെ മൂന്നു പേരാണ് ഓരോ ദിവസവും അതു വഴി നടന്ന് അറസ്റ്റ് വരിച്ചത്. കോൺഗ്രസിന്റെ മുൻ‌നിര നേതാവായിരുന്ന ജോർജ് ജോസഫ് അറസ്റ്റ് വരിച്ചപ്പോൾ മഹാത്മാ ഗാന്ധി ഇടപെട്ട് സത്യഗ്രഹത്തിൽ നിന്ന് അഹിന്ദുക്കളെ മാറ്റി. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ വികസിച്ചുവന്ന സമരം അങ്ങനെ ഹിന്ദുമതത്തിന്റെ ചട്ടക്കൂടിലൊതുക്കപ്പെട്ടു. ജാതീയമായ അവശതകളനുഭവിക്കുന്നവരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിച്ചു ഹിന്ദുമതത്തെ ഉറപ്പിച്ചു നിർത്താൻ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ഇത് സത്യഗ്രഹകാലത്ത് ശ്രീനാരായണഗുരുവായി അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണരൂപം വായിക്കുന്ന ആർക്കും മനസ്സിലാക്കാനാകും.

കാലക്രമത്തിൽ കേരളനവോത്ഥാനമായി വികസിച്ച വ്യത്യസ്ത പരിഷ്കരണ പ്രസ്ഥാനങ്ങളെ നയിച്ചത് ഒരേ വികാരമായിരുന്നില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ജാതിശ്രേണിയുടെ കീഴ്ത്തട്ടുകളിലായിരുന്നവരുടെ ലക്ഷ്യം തുല്യതയും തുല്യാവസരങ്ങളും നേടുകയെന്നതായിരുന്നു. മേൽത്തട്ടുകാരുടെ ലക്ഷ്യം പുതിയ കാലഘട്ടത്തിൽ മേൽക്കോയ്മ നിലനിർത്തുകയെന്നതായിരുന്നു. അതിന് ഉതകുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾക്കാണ് അവർ ശ്രമിച്ചത്. വൈക്കം സത്യഗ്രഹകാലത്ത് യോഗക്ഷേമസഭ നിലവിലുണ്ടായിരുന്നെങ്കിലും മാറ്റങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമായിരുന്നില്ല അത്. ഏതാനും വർഷങ്ങൾക്കുശേഷമാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നമ്പൂതിരി സമുദായത്തിലെ യുവാക്കൾ സാമൂഹ്യപരിഷ്കാരം ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നത്. സമുദായത്തിനുള്ളിൽ അവകാശനിഷേധം അനുഭവിച്ചിരുന്ന ഇളമുറക്കാരും സ്ത്രീകളുമാണ് മാറ്റങ്ങൾക്കായി മുറവിളികൂട്ടിയത്. വൈക്കം സത്യഗ്രഹത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി വലിയ പങ്ക് വഹിക്കുകയുണ്ടായി. എന്നാൽ നമ്പൂതിരി നവീകരണ പ്രസ്ഥാനത്തെപ്പോലെ നായർ പ്രസ്ഥാനവും അടിസ്ഥാനപരമായി മുതിർന്ന തലമുറക്കെതിരെ യുവാക്കൾ സംഘടിപ്പിച്ച ഒന്നായിരുന്നു. അതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നവരിലേറെയും ബ്രാഹ്മണ സംബന്ധങ്ങളിലെ സന്തതികളായിരുന്നെന്നത് യാദൃശ്ചികമല്ല.

സ്വജാതിവിവാഹവും വിധവാവിവാഹവും അംഗീകരിക്കപ്പെട്ടതോടെ നമ്പൂതിരി സമുദായത്തിലേയും മക്കത്തായവും ആളോഹരിവിഹിതവും അംഗീകരിക്കപ്പെട്ടതോടെ നായർ സമുദായത്തിലേയും ഇളമുറക്കാരുടെ ലക്ഷ്യങ്ങൾ ഏറെക്കുറെ പൂർത്തിയായി.
എല്ലാവരും തുല്യരും തുല്യാവകാശമുള്ളവരുമെന്ന ആശയം ഉൾക്കൊള്ളാനാവുന്ന തലത്തിലേക്ക് അവരുടെ പരിഷ്കരണപ്രസ്ഥാനങ്ങൾ വളർന്നിരുന്നില്ല. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനം എന്ന സങ്കല്പം പതിറ്റാണ്ടുകൾക്കുമുമ്പെ ശ്രീനാരായണൻ കേരളസമൂഹത്തിനു മുന്നിൽ വെച്ചിരുന്നു. എന്നാൽ ഗുരു ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ അനുയായികൾക്കിടയിൽനിന്നു തന്നെ എതിർപ്പ് ഉയർന്നു വന്നിരുന്നു. വി.ടി. ജാതിരഹിതസമൂഹം എന്ന ലക്ഷ്യം പ്രഖ്യാപിച്ചപ്പോൾ അനുയായികൾ അദ്ദേഹത്തെ വിട്ടു. കമ്മ്യൂണിസ്റ്റ് നേതാവായി മാറിയ ഇ.എം.എസ്. നമ്പൂതിരിപ്പാട് യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായപ്പോൾ വ്യവസായ രംഗത്തിറങ്ങി സമൂഹത്തിൽ മേൽക്കോയ്മ നിലനിർത്താനാണ് സമുദായാംഗങ്ങളെ ഉപദേശിച്ചത്.

സാമൂഹ്യപുരോഗതിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ജാതിമേധാവിത്വശക്തികൾ ഓരോ ഘട്ടത്തിലും മാറ്റങ്ങളുടെ വ്യാപ്തി പരിമിതപ്പെടുത്താൻ ശ്രമിച്ചതായി കാണാം. ഉദാത്തമായ ആശയങ്ങളല്ല സ്വാർത്ഥതാല്പര്യങ്ങളാണ് പ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കളെയും പലപ്പോഴും നയിച്ചത്. മുന്നോക്ക സമുദായ പ്രസ്ഥാനങ്ങളുടെ കാര്യത്തിൽ മാത്രമല്ല പിന്നാക്ക സമുദായ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും ഇതുണ്ടായി.

കഴിഞ്ഞ നൂറ്റാണ്ടിലെ സംഭവങ്ങൾ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തുമ്പോൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആവിർഭാവം നവോത്ഥാനം പിന്നിലേക്കോടിച്ച ജാതി മേധാവിത്വത്തിന് രാഷ്ട്രീയ കൊടിയുമായി തിരിച്ചുവരാൻ അവസരം ഒരുക്കിയതായി കാണാം. സാമുദായിക സംഘടനകളെ ഒപ്പം നിറുത്തിക്കൊണ്ടാണ് തിരുവിതാം‌കൂർ ഭരണകൂടം കോൺഗ്രസ്സിനെ പ്രതിരോധിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയോടെ അവ കോൺഗ്രസ് ഭാഗത്തേക്ക് നീങ്ങി. സംഖ്യാബലമുള്ള സമുദായങ്ങളെ ഭാഗികമായി ഉൾക്കൊള്ളുന്ന ഒരു വ്യവസ്ഥ അംഗീകരിക്കാൻ ജാതിമേധാവിത്വം തയ്യാറായി. ഇന്നും നിലനിൽക്കുന്ന ആ സംവിധാനം തുല്യതയിൽ അധിഷ്ഠിതമല്ല. ഫ്യൂഡൽ കാലത്ത് ആവിഷ്കരിക്കപ്പെട്ട സാമൂഹ്യ ബഹിഷ്കരണ പദ്ധതിയുടെ അംശങ്ങൾ അതിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പണ്ടത്തെയത്ര രൂക്ഷമല്ലെന്ന് മാത്രം.

പഴയ ബഹിഷ്കൃത സമൂഹത്തിൽ പെട്ടവരിൽ നിന്ന് ആളുകളെ വ്യത്യസ്ത തോതുകളിൽ മുഖ്യധാരയിലേക്ക് സംക്രമിപ്പിക്കുന്ന സമീപനമാണ് ജാതിമേധാവിത്വം സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫ്. കാലത്തും എൽ.ഡി.എഫ്. കാലത്തും നടക്കുന്ന സർക്കാർ നിയമനങ്ങളിൽ ഈ സമീപനത്തിന്റെ പ്രതിഫലനം കാണാം. അതിന്റെ ഫലമായാണ് പല പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും, പ്രത്യേകിച്ചും സംഖ്യാബലവും സാമ്പത്തികശേഷിയും കുറഞ്ഞ വിഭാഗങ്ങളിൽ പെട്ടവർക്ക്, അർഹമായ പ്രാതിനിധ്യം കിട്ടാതെ പോകുന്നത്. ഈ സംവിധാനം നിലനിർത്താൻ രണ്ട് മുന്നണികളെ നയിക്കുന്ന കക്ഷികളും സന്നദ്ധമാണ്. അതുകൊണ്ടാൺ ഏത് മുന്നണി ഭരിച്ചാലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകാത്തത്.

ദലിത് സമൂഹത്തിന്റെ സമകാലികാവസ്ഥ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ജാതിമേധാവിത്വസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സും രണ്ട് പതിറ്റാണ്ടു പയറ്റിയശേഷമാണ് ഭൂപരിഷ്കരണ നിയമത്തിന് അന്ത്യരൂപം കൈവന്നത്. ജന്മിയിൽ നിന്നെടുക്കുന്ന ഭൂമി, ഭൂരഹിതരായ ദലിത് കർഷകത്തൊഴിലാളികളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, കുടിയാന്മാർക്ക് നൽകുമ്പോൾ സാമൂഹ്യ വ്യവസ്ഥയിൽ കാര്യമായ മാറ്റം വേണ്ടിവരില്ലെന്ന തിരിച്ചറിവാണ് പ്രമുഖ പാർട്ടികൾക്കെല്ലാം സ്വീകാര്യമായ ഭൂപരിഷ്കരണം സാധ്യമാക്കിയത്.

സാമൂഹ്യ ബഹിഷ്കരണത്തിന്റെ ഈ ആധുനികരൂപവും കാലഹരണപ്പെട്ടിരിക്കുന്നു. തുല്യതയിൽ കുറഞ്ഞ ഒന്നും ദലിത് സമൂഹത്തെ തൃപ്തിപ്പെടുത്തില്ലെന്നതാണ് മുത്തങ്ങയും ആറളവും ചെങ്ങറയും വർക്കലയും നൽകുന്ന സന്ദേശം. (യോഗനാദം, ഡിസംബർ 1-15, 2009)

Thursday, December 10, 2009

മറുനാടൻ മലയാളികൾക്കായി ഒരു ഇന്റർനെറ്റ് പത്രം

പ്രവാസി മലയാളികൾക്കു വേണ്ടി മാത്രമുള്ള ലോകത്തെ ആദ്യത്തെ സമ്പൂർണ ദിനപത്രം.

പ്രവാസി മലയാളികൾക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. വാർത്തകൾ, വിശേഷങ്ങൾ, അനുഭവങ്ങൾ, എല്ലാം.


നാളെ (ഡിസംബർ 11ന്) ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെടുന്ന “മറുനാടൻ മലയാളി“ വെബ്സൈറ്റിന്റെ അവകാശവാദങ്ങളാണിവ.

“മറുനാടൻ മലയാളി“യുടെ ബ്രോഷ്യുറിൽ നിന്ന് കൂടുതൽ വിവരങ്ങൾ:

കേരളത്തിലെ പ്രമുഖ മലയാള പത്രങ്ങളിൽ ജോലി ചെയ്തിരുന്നവരും ഇപ്പോൾ പ്രവാസികളായി മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവരുമായ പത്രപ്രവർത്തകരുടെ ഗൃഹാതുരത്വം നിറഞ്ഞ കൂട്ടായ്മയാണ് “മറുനാടൻ മലയാളി“. പ്രവാസി മലയാളികൾക്ക് എന്നും നേരം വെളുക്കുമ്പോൾ ഒരു ദിനപത്രം എന്നതാണ് “മറുനാടൻ മലയാളി“യുടെ ലക്ഷ്യം.

24 മണിക്കൂർ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് “മറുനാടൻ മലയാളി“യുടെ ഒരു ഭാഗം മാത്രമാണ്. എന്തിഷ്ടപ്പെടുന്നവർക്കും ഇവിടെ ഒരിടം ഉണ്ട്. സാഹിത്യമോ, സിനിമയോ, രാഷ്ട്രീയമോ, സ്‌പോർട്‌സോ, ബിസിനസോ എന്തുമാവട്ടെ.

ഇവിടെ അവസാനിക്കുന്നില്ല “മറുനാടൻ മലയാളി“യുടെ സ്വഭാവം. പ്രവാസി മലയാളിയുടെ ജീവിതത്തെ ബാധിക്കുന്നതും പ്രവാസി ജീവിക്കുന്ന രാജ്യത്തും ചുറ്റുപാടും സംഭവിക്കുന്നതുമായ വാർത്തകൾ തിരിച്ചറിഞ്ഞു നൽകുന്ന മിനി സൈറ്റുകൾ “മറുനാടൻ മലയാളി“ക്കകത്ത് ഒളിഞ്ഞിരിക്കുന്നു. അമേരിക്കൻ മലയാളിയും യൂറോപ്യൻ മലയാളിയും ഗൾഫ് മലയാളിയുമൊക്കെ ഇവയിൽ ചിലതു മാത്രമാണ്.


അഞ്ചു പംക്തികൾ. എഴുതുന്നത് സക്കറിയ, ചന്ദ്രമതി, എൻ.ആർ.എസ്. ബാബു, എൻ.പി.ഹാഫിസ് മുഹമ്മദ് എന്നിവരും ഞാനും.

“മറുനാടൻ മലയാളി”യുടെ നേതൃനിരയിൽ ഇവരാണ്:

ചീഫ് എഡിറ്റർ: ഷാജൻ സ്കറിയ
എഡിറ്റോറിയൽ ഡയറക്ടർ: എൽ.ആർ.ഷാജി
എഡിറ്റോറിയൽ കോ-ഓർഡിനേറ്റർ: എൻ.കെ.ഭുപേഷ്
അസോസിയേറ്റ് എഡിറ്റർ: വിൻസി സെജു
ഫീച്ചർ എഡിറ്റർ: മേരി ലില്ലി
അസിസ്റ്റന്റ് എഡിറ്റർ: കണ്ണൻ

ചിലർ പുറത്തുനിന്ന് സഹായിക്കുന്നു. അക്കൂട്ടത്തിൽ കൺസൾട്ടന്റ് എഡിറ്റർ ആയി ഞാനും എഡിറ്റോറിയൽ അഡ്വൈസേഴ്സായി സെബാസ്റ്റ്യൻ പോൾ, കെ.എം.റോയ്, ലാൽ ജോസ്, ലീലാ മേനോൻ എന്നിവരുമുണ്ട്.

ബ്രിട്ടീഷ് മലയാളി
വെബ്‌സൈറ്റിലൂടെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഉറച്ച സ്ഥാനം നേടിയ അനുഭവസമ്പത്തുമായാണ് ഷാജൻ സ്കറിയയും കൂട്ടരും കൂടുതൽ വിശാലമായ “മറുനാടൻ മലയാളി”യുമായി രംഗപ്രവേശം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് തത്സമയം ആശയവിനിമയം നടത്താനുള്ള സൌകര്യമാണ് അവർ ഒരുക്കുന്നത്.

തിരുവനന്തപുരത്ത് മാസ്കട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കേന്ദ്ര സഹമന്ത്രി ശശി തരൂർ നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് “മറുനാടൻ മലയാളി“ ഉത്ഘാടനം ചെയ്യും. സംസ്ഥാന ധനമന്ത്രി ടി. എം.തോമസ് ഐസക് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

“മറുനാടൻ മലയാളി”യുടെ URL: www.marunadanmalayalee.com

മേൽ‌വിലാസം:
Marunadan Malayalee,
Marunadan Malayalee Bhavan,
MRF Road,
Vadavathoor PO,
Kottayam 686 010
e-mail: editor@marunadanmalayalee.com
Telephone: 0481-257 8911

Overseas Office:
51 Sultan Road,
Shrewsbury,
England SY 12SS
Telephone: 00442031372233

Wednesday, December 9, 2009

വൈകുണ്ഠ സ്വാമി -- ‘ ആദ്യ സ്വാതന്ത്ര്യ സമര സേനാനി’

ക്രൂരമായ ഫ്യൂഡൽ-കൊളോണിയൽ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഒരു പുതിയ സമൂഹത്തിനു വേണ്ടിയുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ് “തിരുവിതാംകൂർ മഹാരാജാവിനെ അനന്തപുരി നീചൻ എന്നും ബ്രിട്ടീഷ് റീജന്റിനെ വെൺനീചൻ എന്നും അഭിസംബോധന ചെയ്ത അതുല്യപ്രതിഭാസ”മായ ശ്രീ വൈകുണ്ഠ സ്വാമികൾ. ദലിത്ബന്ധു രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം “വൈകുണ്ഠ സ്വാമികൾ --കേരള സാമൂഹ്യനവോത്ഥാനത്തിന്റെ മാർഗ്ഗദർശി” എന്ന പേരിൽ ബഹുജൻവാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു.

ദലിത്, നസ്രാണി വിഷയങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച നൂറിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ് ദലിത്ബന്ധു എന്ന പേരിലറിയപ്പെടുന്ന എൻ.കെ. ജോസ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കേരളത്തിലെ ആദ്യ സ്വാതന്ത്ര്യ സമര സേനാനി കൊട്ടാരക്കര മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ ഇന്നും തികച്ചും അജ്ഞാതനായ വൈകുണ്ഠ സ്വാമികളാണ്.

വൈകുണ്ഠ സ്വാമികളെയും സ്വാമികളുടെ നവോത്ഥാനത്തെയും പറ്റി ദലിത്ബന്ധു അന്വേഷിക്കുന്നത് കേവലം ജിജ്ഞാസയുടെ പേരിലല്ല, മറ്റൊരു നവോത്ഥാനത്തിന് ശ്രമിക്കാനാണ്. മറ്റൊരു നവോത്ഥാനം ആവശ്യമാണെന്ന് കരുതുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്..

വില 125 രൂപ

പ്രസാധകർ:
Bahujan Vartha,
Gandhinagar,
Kudavoor P.O.,
Thiruvananthapuram 659 313

Tuesday, December 8, 2009

മലയാള പത്രങ്ങൾ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു

ഉപഗ്രഹ ടേലിവിഷന്റെ വരവ് മലയാള പത്രങ്ങളുടെ വളർച്ചയെ ബാധിച്ചിട്ടില്ലെന്ന് ഇൻഡ്യൻ റീഡർഷിപ്പ് സർവ്വേ 2009ലെ രണ്ടാം റൌണ്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള ചില വാർത്തകൾ നമ്മുടെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാർക്ക് പുതിയ വിവരം നൽകുകയെന്നതിനേക്കാൾ സ്വന്തം നേട്ടം അറിയിക്കുകയെന്നതായിരുന്നു അവയുടെ ലക്ഷ്യം.

രാജ്യത്ത് ഏറ്റവുമധികം വായനക്കാരുള്ള (വരിക്കാരല്ല) പത്ത് പത്രങ്ങളുടെ പട്ടികയിൽ മലയാള മനോരമയും മാതൃഭൂമിയും ഇപ്പോഴുമുണ്ട്. മനോരമ നാലാം സ്ഥാനത്തും മാതൃഭൂമി ഒമ്പതാം സ്ഥനത്തുമാണ്.

ഒന്നാം റൌണ്ട് സർവ്വേയ്ക്കുശേഷം മനോരമയുടെ വായനക്കാരുടെ എണ്ണം 88.83 ലക്ഷത്തിൽ നിന്ന് 91.83 ലക്ഷമായും മാതൃഭൂമിയുടേത് 64.13 ലക്ഷത്തിൽ നിന്ന് 66.78 ലക്ഷമായും ഉയർന്നതായി റിപ്പോർട്ട് കണക്കാക്കുന്നു. മനോരമ മൂന്നു ലക്ഷം വായനക്കരെ കൂടുതലായി നേടിയപ്പോൾ മാതൃഭൂമിക്ക് പുതുതായി കിട്ടിയത് 265,000 വായനക്കാരെയാണ്. മനോരമയുടെ അടിത്തറ കൂടുതൽ വിപുലമായതുകൊണ്ട് അതിന്റെ വളർച്ചാ നിരക്ക് (3.38 ശതമാനം) മാതൃഭൂമിയുടേതിനേക്കാൾ (4.13 ശതമാനം) കുറഞ്ഞതായി.

ഏറ്റവുമധികം ആളുകൾ വായിക്കുന്ന 20 പത്രങ്ങളുടെ പട്ടികയിൽ മറ്റൊരു മലയാള പത്രവുമില്ല. എന്നാൽ രാജ്യത്ത് ഏറ്റവും വലിയ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത് ദേശാഭിമാനി ആണ്. അതിന്റെ വായനക്കാരുടെ എണ്ണം 16.62 ലക്ഷത്തിൽ നിന്ന് 20.27 ലക്ഷമായി വർദ്ധിച്ചതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 22 ശതമാനം വളർച്ച.

വലിയ 20 പത്രങ്ങളുടെ പട്ടികയിൽ രണ്ട് ഇംഗ്ലീഷ് പത്രങ്ങളേയുള്ളൂ: ടൈംസ് ഓഫ് ഇൻഡ്യയും (ഏഴാം സ്ഥാനം) ഹിന്ദുസ്ഥാൻ ടൈംസും (പത്തൊമ്പതാം സ്ഥാനം). ടൈംസ് ഓഫ് ഇൻഡ്യാ വായനക്കാരുടെ എണ്ണം 68.66 ലക്ഷത്തിൽ നിന്ന് 71.42 ലക്ഷമായി ഉയർന്നപ്പോൾ ഹിന്ദുസ്ഥാൻ ടൈംസിന്റേത് 34.94 ലക്ഷത്തിൽ നിന്ന് 33.47 ലക്ഷമായി കുറയുകയാണുണ്ടായത്.

പട്ടികയിലെ 20 പത്രങ്ങളിൽ ഒൻപതെണ്ണത്തിനു മാത്രമാണ് വായനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞത്. പത്തൊമ്പത് പത്രങ്ങൾക്ക് വായനക്കാർ കുറഞ്ഞു. വലിയ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി, പഞ്ചാബി പത്രങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. ഇത് ഹിന്ദി, മലയാളം പത്രങ്ങൾ വളരുകയാണെങ്കിലും മറ്റ് ചില ഭാഷകളിൽ പത്രങ്ങളുടെ വളർച്ച നിലയ്ക്കുകയാണോ എന്ന സശയം ജനിപ്പിക്കുന്നു.

ആനുകാലികങ്ങൾക്ക് രാജ്യമൊട്ടുക്ക് വായനക്കാർ നഷ്ടപ്പെടുന്നതായി സർവ്വേ കാണിക്കുന്നു. ഇത് ടെലിവിഷന്റെ സ്വാധീനമാണെന്ന് കരുതാൻ ന്യായമുണ്ട്. എന്നാൽ മലയാള പ്രസിദ്ധീകരണങ്ങൾ അവിടെയും അപവാദമായി നിലകൊള്ളുന്നു.

വനിതയുടെ (ഒന്നാം സ്ഥാനം) വായനക്കാരുടെ എണ്ണം 26.19 ലക്ഷത്തിൽ നിന്ന് 29.00 ലക്ഷമായും, മലയാള മനോരമ ആഴ്ചപ്പതിപ്പിന്റേത് (അഞ്ചാം സ്ഥാനം) 14.00 ലക്ഷത്തിൽ നിന്ന് 16.09 ലക്ഷമായും ബാലരമയുടേത് (ആറാം സ്ഥാനം)14.35 ലക്ഷത്തിൽ നിന്ന് 15.7 ലക്ഷമായും ഉയർന്നു. കൂടുതൽ വായനക്കാരെ നേടിയ മറ്റ് പ്രധാന മലയാള പ്രസിദ്ധീകരണങ്ങൾ മാതൃഭൂമി ആരോഗ്യ മാസിക, മാതൃഭൂമി തൊഴിൽവാർത്ത, മംഗളം വാരിക, ഗൃഹലക്ഷ്മി എന്നിവയാണ്.

റീഡർഷിപ്പ് സർവ്വേയുടെ ആധികാരികത ചിലർ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ കോടിക്കണക്കിന് രൂപയ്ക്കുള്ള പരസ്യങ്ങളുടെ ഒഴുക്ക് തീരുമാനിക്കുന്നതിൽ ഈ സർവ്വേയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്.

Saturday, December 5, 2009

മലയാളികളും മാധ്യമങ്ങളും

പത്രം വാങ്ങാൻ മലയാളികൾ പ്രതിവർഷം 441 കോടി രൂപ ചെലവാക്കുന്നു എന്നാണ് ഒരു ഏകദേശ കണക്ക്. ഇത് ശരിയാണെങ്കിൽ മൊത്തം മലയാളികളുറെ ഒറ്റ ദിവസത്തെ പത്രച്ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപ. കേബിൾ ടിവിക്ക് വരിസംഖ്യയായി ഒരു വർഷം ചെലവിടുന്നത് 500 കോടി രൂപ. പ്രതിദിനം ഒരു കോടി മുപ്പത്തേഴ് ലക്ഷം. ഓരോ ദിവസവും ഇരുപതോളം പത്രങ്ങളുടെ 40 ലക്ഷത്തോളം കോപ്പികൾ 60 ലക്ഷം കുടുംബങ്ങളിലെത്തുന്നു. അരക്കോടി വീടുകളിൽ ടിവി ഉണ്ട്. ഇതിൽ 32 ലക്ഷം വീടുകളിലെങ്കിലും കേബിൾ കണക്ഷനുമുണ്ട്. പതിനേഴ് എഫ്.എം. നിലയങ്ങൾ. മൊബൈൽ ഫോൺ (ഒരു വർഷത്തെ വിളിച്ചെലവ് രണ്ടായിരം കോടി രൂപ), എസ്.എം.എസ്, ബ്ലോഗുകൾ, ട്വിറ്റർ, സോഷ്യൽ നെറ്റ്വർക്കുകൾ. എല്ലാം കൊണ്ടും വിവരവിനിമയം നമ്മുടെ വലിയ വ്യവസായമായിരിക്കുന്നു. ഇങ്ങനെ വ്യാപകമായി വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളും സാംസ്കാരിക ഉല്പന്നങ്ങളും നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കുന്നതെങ്ങനെ? മലയാളി മാത്രമല്ല് ലോകം മുഴുവൻ ഒരു മാധ്യമ ശൃംഖലയിൽ ഭാഗഭാക്കായിരിക്കുന്നു.

ഡോ. യാസീൻ അശ്റഫ് (yaseenashraf@gmail.com) പ്രബോധനം അറുപതാം വാർഷികപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ നിന്ന് ഏടുത്ത വിവraമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

Wednesday, December 2, 2009

'ലോക ബാങ്ക് അതിക്രമങ്ങള്‍ക്കെതിരെ ജനകീയ കൺവൻഷൻ'

ലോക ബാങ്കിനും അതിന്റെ ദല്ലാളന്മാർക്കുമെതിരെ ജനങ്ങളുടെ കുറ്റപത്രം സമർപ്പിക്കുന്നതിനായി ഡിസംബര് 5 ശനിയാഴ്ച്ച കോഴിക്കോട് ജനകീയ കൺവൻഷൻ ചേരുന്നു.

കൺ‌വൻഷൻ വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യം സംഘാടകർ ഇങ്ങനെ വിശദീകരിക്കുന്നു:

കേരളം അമേരിക്കൻ ധനകാര്യ ഏജൻസികളുടെ പൂർണ്ണ നിയന്ത്രണത്തിലേക്കു നീങ്ങുകയാണ്. ഭരണാധികാരികൾ വൻ‌തോതിലുള്ള വായ്പയെടുത്ത് ആരംഭിച്ച കീഴ്പ്പെടൽ ലജ്ജാകരമായ ദാസ്യമാകുകയാണ്. ലോക ബാങ്ക് അടിച്ചേൽ‌പ്പിക്കുന്ന നിയന്ത്രണങ്ങൾക്ക് ജനങ്ങളെ ബലിമൃഗങ്ങളാക്കുന്നതിൽ ഇടതുപക്ഷസർക്കാറിന്റെ മുൻകൈ നമ്മെ അമ്പരപ്പിക്കുന്നു.

ലോക ബാങ്കിന്റെ ഘടനാപരമായ പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് കുടിവെള്ളവും ആരോഗ്യവും വിദ്യാഭ്യാസവും യാത്രാസൗകര്യവുമെല്ലാം കനത്ത വില അഥവാ യൂസർഫീ കൊടുത്തു വാങ്ങേണ്ടതായിത്തീർന്നത്, ഭൂമിക്കച്ചവടത്തിന്റെ അതിരുകൾ ലംഘിച്ചത്, എല്ലാറ്റിനും നികുതി പുതുക്കി വർദ്ധിപ്പിച്ചത്, വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാതെ പോയത്.

ഘടനാപരമായ പരിഷ്ക്കാരങ്ങൾക്ക് വഴങ്ങില്ലെന്ന് ശഠിച്ചിരുന്ന മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വഴിമാറിയിരിക്കുന്നു. ലോക ബാങ്കിന്റെയും ഐ.എം.എഫിന്റെയും ജനവിരുദ്ധ നടപടികൾക്കെതിരെ കമ്യൂണിസ്റ്റു പാർട്ടികളുടെ സാർവദേശീയ സമ്മേളനം ഉയർത്തിയ കാതലായ വിമർശനം കേരളത്തിലെ പാർട്ടിയും ഭരണവും അവഗണിക്കുകയാണ്. ലോക ബാങ്കിന്റെയും സാമ്രാജ്യത്വത്തിന്റെയും കൂട്ടിക്കൊടുപ്പുകാരായി അവർ മാറുകയാണ്. വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നെന്ന പോലെ കേരളത്തിലെ വലിയ കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ഇനി നീതി പ്രതീക്ഷിക്കേണ്ടതില്ല.

വിഴിഞ്ഞം പദ്ധതി കുപ്രസിദ്ധ ലോക ബാങ്ക് സംരംഭമായ ഐ.എഫ്.സി യെ ഏൽ‌പ്പിച്ചതും ജനകീയാസൂത്രണത്തിന് ആയിരം കോടി വായ്പ വാങ്ങുന്നതും പൊതുനിരത്തുകൾക്ക് വേറെയും വായ്പകൾക്ക് ഇരക്കുന്നതും പൊതുനിരത്തുകൾ ബി.ഒ.ടി എന്ന ഓമനപ്പേരിട്ട് സ്വകാര്യ മൂലധന ശക്തികൾക്ക് നല്കുന്നതും ആസിയാൻ കരാറിനെക്കാൾ ആയിരം മടങ്ങ് ദോഷകരമായ ലോക ബാങ്ക് ഇടപെടലുകളാണ്.

ഈ സാഹചര്യത്തിലാണ് ലോകബാങ്കിനും അതിന്റെ ദല്ലാളന്മാർക്കുമെതിരെ ജനങ്ങളുടെ കുറ്റപത്രം സമർപ്പിക്കേണ്ടി വരുന്നത്. ഇതിനായി 2009 ഡിസംബർ 5 ശനിയാഴ്ച്ച 3 മണിക്ക് കോഴിക്കോട് മാനാഞ്ചിറയിലുള്ള സ്പോർട്സ് കൗൺസിൽ ഹാളിൽ ലോക ബാങ്ക് അതിക്രമങ്ങൾക്കെതിരായ ജനകീയ കൺവൻഷൻ ചേരുന്നു.

സാമ്രാജ്യത്വവിരുദ്ധ ആക്റ്റിവിസ്റ്റായ അശോക് റാവു (ദില്ലി ), കെ.ആർ .ഉണ്ണിത്താൻ, കെ. വിജയചന്ദ്രൻ , ജോസഫ് സി. മാത്യു, എം.രാജൻ , പ്രൊഫ.കെ. അരവിന്ദാക്ഷൻ, എം.ആർ .മുരളി, എൻ. .പ്രഭാകരൻ , എം.എം.സോമശേഖരൻ , ടി.പി.ചന്ദ്രശേഖരൻ , പി.സുരേന്ദ്രൻ, എൻ.ശശിധരൻ, ഡോ. പി.ഗീത , ബാബു ഭരദ്വാജ്, ഡോ.കെ.എൻ. അജോയ്കുമാര് , സിദ്ധാർത്ഥൻ പരുത്തിക്കാട്, എൻ .പി.ചന്ദ്രശേഖരൻ( ചൻസ്), കെ.എം.നന്ദകുമാർ, ഡോ.ആസാദ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുക്കുന്നു.

അഡ്വ.പി.കുമാരൻ‌കുട്ടി, ചെയർമാൻ, സ്വാഗതസംഘം.
കെ.പി.പ്രകാശൻ, ജന.കൺ‌വീനർ, സ്വാഗതസംഘം.
പ്രൊഫ. എൻ. സുഗതൻ, പ്രസിഡണ്ട്, അധിനിവേശ പ്രതിരോധ സമിതി
വി.പി.വാസുദേവൻ, ജന.സെക്രട്ടറി, അധിനിവേശ പ്രതിരോധ സമിതി

Monday, November 30, 2009

മാധ്യമ പഠനങ്ങൾ

ജീവചരിത്രകാരനെന്ന നിലയിൽ പ്രശസ്തിനേടിയ പി.കെ.പരമേശ്വരൻ നായരുടെ പേരിലുള്ള ട്രസ്റ്റ് ഓരോ കൊല്ലവും ഓരോ ചർച്ചാസമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ 17 പ്രബന്ധസമാഹാരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ കൊല്ലം മാധ്യമങ്ങളെക്കുറിച്ചാണ് പി.കെ. പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റ് ചർച്ച സംഘടിപ്പിച്ചത്. ആ ചർച്ചാസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 15 പ്രബന്ധങ്ങൾ ‘മാധ്യമ പഠനങ്ങൾ‘ എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു.

പ്രബന്ധകാരന്മാരും പ്രബന്ധങ്ങളും:

ടി.ജെ.എസ്.ജോർജ്: പത്രപ്രവർത്തനത്തിലെ പ്രവണതകളും പരീക്ഷണങ്ങളും
എൻ.രാമചന്ദ്രൻ: പത്രപ്രവർത്തനത്തിലെ അദൃശ്യചക്രങ്ങൾ
ബി.ആർ.പി.ഭാസ്കർ: അധികാരവും മാധ്യമങ്ങളും
തോട്ടം രാജശേഖരൻ: ഗവണ്മെന്റും മാധ്യമങ്ങളും
ലീലാ മേനോൻ: ദൃശ്യമാധ്യമങ്ങളുടെ കാലികപ്രസക്തി
എം.കെ.ശിവശങ്കരൻ: ശ്രാവ്യമാധ്യമങ്ങളുടെ സാധ്യതകൾ
ഡോ. സെബാസ്റ്റ്യൻ പോൾ: അധിനിവേശവും മാധ്യമങ്ങളും
ഡോ.അച്യുത്ശങ്കർ എസ്. നായർ: മാധ്യമങ്ങളും വിവരസാങ്കേതികവിദ്യയും
ഡോ.ഷാജി ജേക്കബ്: സാഹിത്യവും മാധ്യമങ്ങളും
ഡോ.ബി.വി.ശശികുമാർ: ബദൽ മാധ്യമങ്ങൾ
എസ്.ഡി.പ്രിൻസ്: ഇലൿട്രോണിക് ജേർണലിസം
പി.പി.ജെയിംസ്: അന്വേഷണാത്മകപത്രപ്രവർത്തനം
സി.ഗൌരിദാസൻ നായർ: പരസ്യവും ഉപഭോഗത്വരയും
പ്രൊഫ. പന്മന രാമചന്ദ്രൻ നായർ: മാധ്യമങ്ങളും മലയാളവും
ഡോ.എഴുമറ്റൂർ രാജരാജവർമ്മ: മാധ്യമങ്ങളും സംസ്കാരവും

എഡിറ്റർ:
പ്രൊഫ. പന്മന രാമചന്ദ്രൻ നായർ
വില: 85 രൂപ

പ്രസാധകർ:
പി.കെ.പരമേശ്വരൻ നായർ മെമ്മോറിയൽ ട്രസ്റ്റ്,
പൂജപ്പുര, തിരുവനന്തപുരം 695012

വിതരണം:
കറന്റ് ബുക്സ്

Wednesday, November 25, 2009

കേരളത്തിലെ വിദ്യാഭ്യാസരംഗം സംബന്ധിച്ച ചില വസ്തുതകൾ

പാർശ്വവൽകരിക്കപ്പെട്ട വിഭാഗങ്ങളുടെ സാക്ഷരതാ നിരക്ക്:
പട്ടിക ജാതി – 79.65%
പട്ടിക വർഗ്ഗം – 57.09%
അട്ടപ്പാടിയിലെ ചില ആദിവാസി ഊരുകളിൽ -- 38.62%
ആദിവാസി സ്ത്രീകൾ -- 51%
മത്സ്യത്തൊഴിലാളി സ്ത്രീകൾ -- 44%

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ പൂർണ്ണമായും സർക്കാർ, എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കുന്നു.

കുട്ടികൾ കുറവായതുകൊണ്ട് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകൾ -- 1694 (2007-08ലെ സർക്കാർ കണക്ക്)

പ്രത്യേക വിഭാഗങ്ങൾക്കായുള്ള സ്കൂളുകൾ:

ട്രൈബൽ സ്കൂളുകൾ - 90. വയനാടും കണ്ണൂരും പോലെ ധാരാളം ആദിവാസികളുള്ള ചില ജില്ലകളിൽ ലോവർ പ്രൈമറി ട്രൈബൽ സ്കൂളുകളില്ല.

ഫിഷറീസ് സ്കൂൾ - 61 (ഏകദേശം 10 മാത്രമേയുള്ളെന്നാണ് അനൌദ്യോഗിക കണക്ക്)

ചിലയിടങ്ങളിൽ ആദിവാസി കുട്ടികൾക്ക് 40 കിലോമീറ്റർ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടി വരുന്നു. സർക്കാർ റസിഡൻഷ്യൽ സ്കൂളുകൾ കുറവായതുകൊണ്ട് അവർ ചിലപ്പോൾ സ്വന്തം ചെലവിൽ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കാൻ നിർബന്ധിതരാകുന്നു.

പല ആദിവാസി പ്രദേശങ്ങളിലും ഒരദ്ധ്യാപകൻ മാത്രമുള്ള സ്കൂളുകളാണുള്ളത്. ആ അദ്ധ്യാപകൻ നാല് ക്ലാസ്സുകൾ എടുക്കുന്നതു കൂടാതെ ഉച്ച ഭഷണത്തിന്റെ കാര്യവും നോക്കണം.

ഏഴും എട്ടും ക്ലാസുകൾ കഴിഞ്ഞ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾ വലിയ തോതിൽ കൊഴിഞ്ഞുപോകുന്നു.

ദലിത് കുട്ടികളിൽ 99% സ്കൂളിൽ ചേരുന്നു. 5% ലോവർ പ്രൈമറി തലത്തിലും 5% അപ്പർ പ്രൈമറി തലത്തിലും വിട്ടുപോകുന്നു. കഴിഞ്ഞ പത്തു കൊല്ലത്തെ കണക്കുകൾ അനുസരിച്ച് 50% മാത്രമാണ് പത്താം സ്റ്റാൻഡേർഡ് പാസാകുന്നത്. ഉപരി വിദ്യാഭ്യാസത്തിനു പോകുന്നത് 10%. ബിരുദധാരികളാകുന്നത് 5% മാത്രം.

കേരളം നൂറു ശതമാനം സാക്ഷരത നേടിയ മാതൃകാ സംസ്ഥാനമാണെന്നത് ഒരു മിഥ്യ മാത്രമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നിലവാരം കുറഞ്ഞ വിദ്യാഭ്യാസം കിട്ടുന്നവരൊ സാമ്പത്തിക പരാധീനത മൂലമൊ സ്കൂൾ അപ്രാപ്യം ആയതുമൂലമൊ സ്കൂൾ സംവിധാനത്തിൽ പ്രവേശിക്കാൻ പോലുമാകാത്തവരൊ ആണ്.

‘ക്രൈ” (CRY -- Child Rights and You) എന്ന സംഘടന “എല്ലാ കുട്ടികൾക്കും തുല്യ വിദ്യാഭ്യാസം” എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ രേഖയിൽ നിന്നാണ് മുകളിലുള്ള വിവരങ്ങൾ ഏടുത്തിട്ടുള്ളത്.

തുല്യ വിയാഭ്യാസം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകാൻ ‘ക്രൈ” തയ്യാറാക്കിയിട്ടുള്ള അവകാശപത്രികയിൽ ഡിസംബർ 10 വരെ ഒപ്പിടാവുന്നതാണ്.

“ക്രൈ”യുമായി ബന്ധപ്പെടാൻ

Send SMS to 58558 with the word CRY and your name and surname
Phones:
Mumbai 022-2309 6845,
New Delhi 011-2469 3137,
Bangalore 080-2548 4952
Chennai 044-2836 5545

Sunday, November 22, 2009

ഹാർട്ട് ഗൈഡും ദ് ലെറ്റേഴ്സും

തിരുവനന്തപുരത്ത് ഇന്നലെ നടന്ന ഒരു ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ട രണ്ട് പ്രസിദ്ധീകരണങ്ങളാണ് ഹാർട്ട് ഗൈഡും ദ് ലെറ്റേഴ്സും.

‘ഹാർട്ട് ഗൈഡ്’ മലയാളത്തിലാണ്. പുസ്തകരൂപത്തിലാണത്. The Letters ഇംഗ്ലീഷിലാണ്. മാസികയുടെ രൂപത്തിൽ.

ഒരേ കാലത്ത് തിരുവനന്തപുരത്ത് കലാശാലാ വിദ്യാർത്ഥികളായിരുന്ന ഒരു സംഘമാണ് ഈ പ്രസിദ്ധീകരണങ്ങൾക്ക് പിന്നിലുള്ളത്. അതുകൊണ്ടുതന്നെ പ്രകാശനച്ചടങ്ങ് നടന്ന ഐ.എം.എ. ഹാളിൽ ഒരു പൂർവവിദ്യാർത്ഥി സംഗമത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു.

പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. ജി. വിജയരാഘവൻ പുസ്തകം പ്രകാശനം ചെയ്തു. ഞാൻ മാസികയും.

ഹൃദ്രോഗം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ ലളിതമായ ഭാഷയിൽ നൽകുന്ന 14 ലേഖനങ്ങളാണ് ‘ഹൃദ്രോഗ’ത്തിലുള്ളത്. എസ്.എസ്.ലാൽ, ശ്രീജിത്ത് എൻ. കുമാർ, ആർ.സി. ശ്രീകുമാർ, എൻ.സുൽഫി എന്നീ നാല് ഡോക്ടർമാരടങ്ങുന്ന എഡിറ്റോറിയൽ ബോർഡാണ് അത് തയ്യാറാക്കിയത്. വില അഞ്ചു രൂപ. പ്രസാധകർ: സയൻസ് ഇന്റർനാഷനൽ

ഏഷ്യാനെറ്റ് ചാനലിന്റെ ‘പൾസ്’ എന്ന ആരോഗ്യകാര്യ പരിപാടിയുടെ ആദ്യകാല അവതാരകനായിരുന്ന ഡോ. ലാൽ ഇപ്പോൾ ജനീവയിൽ ഡബ്ല്യൂ എച്ച് ഓ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോക ആരോഗ്യ സംഘടനയിൽ ഉദ്യോഗസ്ഥനാണ്.

‘ഹാർട്ട് ഗൈഡി’ൽ അദ്ദേഹം എഴുതുന്നു: “ഹൃദയത്തെയും ഹൃദയസംരക്ഷണത്തേയും പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുകയെന്ന കർത്തവ്യം ഏറ്റെടുത്തു നടത്തുന്ന പ്രസ്ഥാനങ്ങൾ നിരവധിയുണ്ട്. എങ്കിലും ഈ വിഷയത്തിലുള്ള സമാന്യ വിജ്ഞാനം പൊതുജനത്തിനാവശ്യമായ അളവിൽ കൃത്യമായി എത്തിക്കുകയെന്നത് പലപ്പോഴും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കേണ്ട ബാധ്യത സയൻസ് ഇന്റർനാഷനലിനും ഉണ്ടെന്ന് അതിന്റെ പ്രവർത്തകർ തിരിച്ചറിയുന്നു. ആ തിരിച്ചറിവിന്റെ പ്രതിഫലനമാണ് ഈ പ്രസിദ്ധീകരണം. തുടക്കം ഹൃദയത്തിലാണ്. ഇനിയും പലതും പറയാനുണ്ട്. വരും ലക്കങ്ങളിൽ മറ്റ് പ്രധാന വിഷയങ്ങൾ വായനക്കാർക്ക് പ്രതീക്ഷിക്കാം.”

മേൽവിലാസം:
സയൻസ് ഇന്റർനാഷനൽ,
കെ-5, കൊച്ചാർ റോഡ്,
ശാസ്തമംഗലം,
തിരുവനന്തപുരം – 10
ഫോൺ 0471-2311174, 944657567

ഇംഗ്ലീഷിലുള്ള പ്രസിദ്ധീകരണമായ The Letters-നെക്കുറിച്ച് ഇംഗ്ലീഷ് ബ്ലോഗിൽ എഴുതുന്നതാണ്.

Monday, November 16, 2009

മലബാർ കലാപം 1921-‘22

ചരിത്രകാരനും ചരിത്രാദ്ധ്യാപകനുമെന്ന നിലയിൽ പ്രശസ്തനായ ഡോ. എം. ഗംഗാധരൻ രചിച്ച “The Malabar Rebellion” എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ‘മലബാർ കലാപം 1921 – ‘22“ എന്ന പേരിൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. എ.പി.കുഞ്ഞാമു ആണ് പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

പ്രസാധകർ പുസ്തകം അവതരിപ്പിക്കുന്നതിങ്ങനെ: “കർഷകകലാപം, സാമുദായിക കലാപം, വർഗീയ ലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921-22 കാലഘട്ടത്തിൽ മലബാറിൽ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ആ പോരാട്ടങ്ങളെ വിവരിക്കുകയാണ് പ്രശസ്ത ചരിത്രപണ്ഡിതനായ എം. ഗംഗാധരൻ. ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങൾക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരു കാഴ്ചപ്പാടിലൂടെ മലബാർ കലാപരേഖകൾ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം.”

ഡോ. ഗംഗാധരൻ മലബാർ കലാപത്തിന്റെ ആഘാതവും പ്രത്യാഘാതവും ഇങ്ങനെ വിലയിരുത്തുന്നു: “മലബാർ കലാപത്തിന്റെ അടിസ്ഥാനസ്വഭാവം വർഗ്ഗീയമല്ല. എങ്കിലും അതിന്റെ ആഘാതവും അനന്തരഫലങ്ങളും വർഗ്ഗീയവികാരങ്ങളും വർഗ്ഗീയരാഷ്ട്രീയവും രാജ്യത്തുടനീളം മൊത്തത്തിൽ വളരുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. മലബാറിൽ കലാപത്തിനുശേഷം ദേശീയവാദികളുടെ പ്രവർത്തനം ഏതാണ്ട് അസാധ്യമായിത്തീർന്നു.“

Sunday, November 8, 2009

ഇരകളുടെ ലോകം

പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയെ സംബന്ധിക്കുന്ന നർമ്മ കഥകൾ അടങ്ങുന്ന ഒരു പുസ്തകം കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ശശി തരൂർ പ്രകാശനം ചെയ്യുകയുണ്ടായി. “കുഞ്ഞൂഞ്ഞ് കഥകൾ: അല്പം കാര്യങ്ങളും” എന്ന ആ പുസ്തകം രചിച്ചത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥൻ പി.റ്റി. ചാക്കോ ആണ്. അതേ ചടങ്ങിൽ വെച്ച് ചാക്കോയുടെ “ഇരകളുടെ ലോകം” എന്ന പുസ്തകം ഞാൻ പ്രകാശനം ചെയ്തു. ദീപിക പത്രത്തിൽ പ്രവർത്തിക്കുന്ന കാലത്ത് എഴുതിയ അന്വേഷണാത്മക പരമ്പരകളുടെ സമാഹാരമാണ് അത്. ചാക്കോക്ക് പത്തിൽപരം പുരസ്കാരങ്ങൾ നേടിക്കൊടുത്ത, വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ചു പരമ്പരകൾ അതിലുണ്ട്.

“ഹൃദയത്തിൽ പട്ടട എരിയുന്നവർ” എന്ന പരമ്പരയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ദുരിതം അനുഭവിക്കുന്നവരുടെ ജീവിതത്തിലേക്ക് ചാക്കോ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇരകളിൽ കമ്മ്യൂണിസ്റ്റുകാരുണ്ട്, കോൺഗ്രസ്സുകാരുണ്ട്, ആറെസ്സെസ്സുകാരുണ്ട്. രാഷ്ട്രീയ ലേബലുകൾക്കപ്പുറം അവരുടെ ദുരന്തത്തെ ഒരു മാനുഷികപ്രശ്നമെന്ന നിലയിൽ ചാക്കോ സമീപിക്കുന്നു. അപൂർവമായി ഒരു നേതാവിന്റെ മേൽ വാൾ പതിക്കുകയൊ ബുള്ളറ്റ് തുളച്ചുകയറുകയൊ ചെയ്യാറുണ്ടെങ്കിലും പൊതുവിൽ കണ്ണൂരിലെ അക്രമത്തിന്റെ ഇരകൾ പാവപ്പെട്ട മനുഷ്യരാണ്. പലരും കൂലിപ്പണിക്കാർ.

ലോക്കപ്പുകളിൽ അവസാനിച്ച ജീവിതങ്ങളുടെ കഥയാണ് ചാക്കോ “മൂന്നാം മുറയിൽ ചിതറിയവർ” എന്ന പരമ്പരയിൽ പറയുന്നത്. കുറ്റവാളികളായ പൊലീസുകാരെ നിയമത്തിനു മുമ്പിലെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ഡി.വൈ.എസ്.പി. രാജശേഖര കാരണവരുടെ ദുർമരണവും പരാമർശിക്കപ്പെടുന്നുണ്ട്.

കോവളത്തെ വിദേശ വിവാഹങ്ങളാണ് ചാക്കോ അന്വേഷണവിധേയമാക്കുന്ന മറ്റൊരു വിഷയം. ലോട്ടറി പോലെ ചിലർ അതിലൂടെ രക്ഷപ്പെട്ടപ്പോൾ ബഹുഭൂരിപക്ഷം പെണ്ണുങ്ങളും ജീവിതം തുലച്ചതായി ലേഖകൻ കണ്ടെത്തുന്നു.

“കരിമണലിലെ കറുത്ത പണം” എന്ന പരമ്പരയിൽ ചാക്കോ പൊതുസ്വത്ത് കൈക്കലാക്കാൻ സ്വകാര്യ സംരംഭകർ നടത്തുന്ന ശ്രമങ്ങൾ തുറന്നുകാട്ടുന്നു. അധികമൊന്നും അറിയപ്പെടാത്ത മൊണാസൈറ്റിന്റെ ചരിത്രവും അതിൽ അനാവരണം ചെയ്യപ്പെടുന്നു.

പുതിയ ആഗോള സാമ്പത്തിക വ്യവസ്ഥ സംബന്ധിച്ച ചർച്ചകൾ നടക്കുന്ന കാലത്ത് സംസ്ഥാനത്ത് നിലനിന്നിരുന്ന ആശങ്കകൾ പ്രതിഫലിക്കുന്ന പരമ്പരയാണ് “ആഗോളവത്കരണവും കാർഷിക കേരളവും”. ആഗോളവത്കരണം റബർ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന ഭയം അന്ന് നിലനിന്നിരുന്നു. എന്നാൽ ആസിയാൻ കരാർ കേരളത്തിൽ പുതിയ ആശങ്കകൾ ഉയർത്തുമ്പോൾ, റബർ കർഷകരെ മാത്രമാണ് വിദേശ വെല്ലുവിളി നേരിടാൻ പ്രാപ്തിയുള്ളവരായി നമുക്ക് കാണാൻ കഴിയുന്നത്.

പ്രഭാത് ബുക് ഹൌസ് ആണ് “ഇരകളുടെ ലോകം” പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 115 രൂപ.

Thursday, November 5, 2009

മാറുന്ന കേരളത്തിൽ മാറാതെ നിൽക്കുന്ന ഒരിടം

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് കേരളം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇതൊരു ദരിദ്രസംസ്ഥാനമായിരുന്നു. പുറത്തുനിന്ന് വലിയ തോതിൽ പണം ഒഴുകിയെത്തി തുടങ്ങിയതോടെ കേരളം ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ തുടങ്ങി. ഇപ്പോൾ ഇതൊരു സമ്പന്നസംസ്ഥാനമാണ്. പുറത്തുനിന്നുള്ള പണം പല ചാലുകളിലൂടെ ഒഴുകുന്നു. ആ ചാലുകളുടെ ഇരുവശത്തുമുള്ളവർക്ക് അതിന്റെ ഗുണം ഏറിയൊ കുറഞ്ഞൊ ലഭിക്കുന്നു. തീരദേശത്തുകൂടി യാത്രചെയ്യുമ്പോൾ സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ വലിയ തോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കാണാം. ഗ്രാമങ്ങൾ നഗരങ്ങളായി മാറുന്നു. നഗരങ്ങൾ വൻ‌നഗരങ്ങളായി മാറുന്നു. ഗ്രാമനഗരത്തുടർച്ചയായിരുന്ന തീരപ്രദേശം നഗരത്തുടർച്ചയായി മാറുന്നു. എല്ലായിടത്തും മുൻപ് കണ്ടതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നു.

ഇങ്ങനെ നാട് അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ ഒരു പ്രദേശം മാറ്റമില്ലാതെ നിൽക്കുന്നത് ഒന്ന് ചിന്തിച്ച് നോക്കുക. സമയം പോയതറിയാതെ മരവിച്ചു നിൽക്കുന്ന ഒരിടം. അത്തരത്തിലുള്ള ഒരനുഭവമാണ് ഒൿടോബർ 7ന് കൊല്ലം ജില്ലയിലെ പരവൂർ എന്ന സ്ഥലത്തുള്ള കോട്ടപ്പുറം ഹൈസ്കൂളിൽ പോയപ്പോൾ എനിക്കുണ്ടായത്. ഞാൻ ആദ്യം പഠിച്ച സ്കൂളാണത്. നാലു കൊല്ലം പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്നതെല്ലാം വീട്ടിലിരുന്നു പഠിച്ചശേഷം 1938ൽ ഞാൻ അവിടെ പ്രിപ്പാരട്ടറി ക്ലാസിൽ ചേർന്നു. അന്ന് അതിന്റെ പേർ കോട്ടപ്പുറം ഇംഗ്ലീഷ് ഹൈസ്കൂൾ എന്നായിരുനുന്നു. (അധ്യയന ഭാഷ മാറിയപ്പോൾ പേരിൽ നിന്ന് ‘ഇംഗ്ലീഷ്’ ഒഴിവാക്കപ്പെട്ടു.) മൂന്നര കൊല്ലം അവിടെ പഠിച്ചശേഷം 1942ൽ കൊല്ലത്തെ ക്രേവൻ എൽ.എം.എസ്. സ്കൂളിലേക്ക് പോയി. അതിനുശേഷം പല തവണ പരവൂരിൽ പോയെങ്കിലും സ്കൂളിൽ പോകാൻ അവസരമുണ്ടായില്ല. അടുത്ത കാലത്ത് രൂപീകൃതമായ പൂർവ വിദ്യാർത്ഥി സംഘടനയുടെ അദ്ധ്യക്ഷനും മുൻ‌മന്ത്രിയുമായ സി.വി. പത്മരാജൻ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ അതിയായ സന്തോഷമുണ്ടായി. നീണ്ട 67 കൊല്ലങ്ങൾക്കുശേഷം സ്കൂൾ സന്ദർശിക്കാൻ അവസരം ലഭിച്ചിരിക്കുന്നു! വളരെ കാലം സ്കൂളിലെ പ്രഥമാ‍ദ്ധ്യാപകാനായിരുന്ന കെ. കുഞ്ഞുണ്ണിപ്പിള്ളയുടെ 101-‍ാം ജന്മവാർഷികാഘോഷമാണ് പ്രധാന പരിപാടിയെന്നത് ആഹ്ലാദം വർദ്ധിപ്പിച്ചു.

സ്കൂൾ പറമ്പിൽ കടന്നപ്പോൾ എല്ലാം ഞാൻ അവിടം വിട്ടപ്പോഴത്തെ അവസ്ഥയിൽ നിൽക്കുന്നു. അതേ മരങ്ങൾ, അതേ കെട്ടിടങ്ങൾ, കൂടുതൽ പഴകിയ അവസ്ഥയിൽ. ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്നപ്പോൾ അവിടെ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജവിന്റെ ഒരു അർദ്ധകായ പ്രതിമയും ഛായാചിത്രവും. അതും എന്റെ കാലത്ത് ഉണ്ടായിരുന്നതാവണം. മാറ്റം സൂചിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്താൻ ഞാൻ നാലുപാടും നോക്കി. അപ്പോൾ സ്കൂൾ കെട്ടിടങ്ങൾക്കപ്പുറം ഉയർന്നു നിൽക്കുന്ന മൊബൈൽ ടവ്വറുകൾ കണ്ടു. പരവൂർ മാറിയിരിക്കുന്നു. മാറാത്തത് കോട്ടപ്പുറം സ്കൂൽ മാത്രം.

ഞാൻ അവിടെ പഠിക്കുമ്പോൾ കുഞ്ഞുണ്ണിപ്പിള്ള സാർ കുട്ടികൾക്ക് പ്രിയങ്കരനായ, ഖദർധാരിയായ, യുവ അദ്ധ്യാപകനായിരുന്നു. പിൽക്കാലത്ത് അദ്ദേഹം പ്രധാന അദ്ധ്യാപകനായി. പരവൂരിൽ കമ്മ്യുണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചതായി ചടങ്ങ് ഉത്ഘാടനം ചെയ്ത പൂർവ വിദ്യാർത്ഥിയും തൊഴിൽ മന്ത്രിയുമായ പി.കെ. ഗുരുദാസൻ പറഞ്ഞു. പൂർവ വിദ്യാർത്ഥിയും പൂർവ അദ്ധ്യാപകനുമായ പത്മരാജൻ കുഞ്ഞുണ്ണിപ്പിള്ള സാറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. അവിടെ എന്റെ സമകാലികനായിരുന്ന അലിഗഢ് സർവകലാശാലാ മുൻ പ്രോവൈസ് ചാൻസലർ കെ.എം. ബഹാവുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞുണ്ണിപ്പിള്ള സാറിന്റെ ഭാര്യ ശ്രീമതി പി. വസന്തകുമാരിദേവി അമ്മയെയും അദ്ദേഹത്തോടൊപ്പം അവിടെ സേവനം അനുഷ്ഠിച്ച അധ്യാപകരെയും പൊന്നാട അണിയിക്കുന്ന ചുമതലയാണ് സംഘാടകർ എനിക്ക് നൽകിയത്.

ഒരു പാഠപുസ്തകത്തിലെ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം ഉയർത്തിയ വാദങ്ങൾ കേരളത്തിൽ അലയടിച്ചുകൊണ്ടിരുന്ന സമയത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്റെ വിദ്യാർത്ഥികാലത്തെ ജ്ഞാനനിർമ്മിതിയെക്കുറിച്ച് ഒരു ലേഖനം എഴുതാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. സ്കൂളുകളിൽ ചെലവഴിച്ച കാലത്തെ ഓർമ്മകൾ പുതുക്കാൻ അത് എന്നെ സഹായിച്ചു. അപ്പോഴാണ് കോട്ടപ്പുറം സ്കൂൾ എനിക്ക് എത്രയധികം ഗുണം ചെയ്തുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

കോട്ടപ്പുറം സ്കൂൾ 102 കൊല്ലം മുമ്പാണ് സ്ഥാപിതമായത്. വളരെക്കാലം അത് കൊല്ലത്തിനും ആറ്റിങ്ങലിനും ഇടയ്ക്കുള്ള ഏക ഇംഗ്ലീഷ് ഹൈസ്കൂൾ ആയിരുന്നു. അതുകൊണ്ടു തന്നെ പരവൂരിനു പുറത്തുനിന്ന് അത് ധാരാളം വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നു. ഇന്ന് അത് പരിതാപകരമായ അവസ്ഥയിലാണ്. രക്ഷകർത്താക്കൾക്ക് താല്പര്യം ഇംഗ്ലീഷ് മീഡിയത്തിലാകയാൽ, മറ്റ് സർക്കാർ എയ്ഡഡ് സ്കൂളുകളെപ്പോലെ ഇപ്പോൾ അതിന് കുട്ടികളെ ആകർഷിക്കാനാകുന്നില്ല. മറ്റൊരു പ്രശ്നം മാനേജ്‌മെന്റ് ദുർബലമാണെന്നതാണ്. രണ്ട് കുടുംബംഗങ്ങൾ സംയുക്തമായാണ് സ്കൂൾ ഭരിക്കുന്നത്. സ്കൂളിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ അവർ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്ന് പറയപ്പെടുന്നു. സ്കൂൾ മെച്ചപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയാൽ സഹായം നൽകാൻ പൂർവ വിദ്യാർത്ഥികളുടെ ഒരു വലിയ സമൂഹം പരവൂരിലും പുറത്തുമുണ്ട്.

ഞാൻ പഠിക്കുന്ന കാലത്ത് കോട്ടപ്പുറം സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ ആൺകുട്ടികളേയുള്ളു. അത് ആൺപള്ളിക്കൂടമായ കഥ പത്മരാജൻ പറഞ്ഞു. അടുത്തു എസ്. എൻ. വി. സ്കൂൾ എന്നൊര്രു മിഡിൽ സ്കൂൾ ഉണ്ടായിരുന്നു. സാധാരണയായി ഈഴവ കുടുംബങ്ങളിലെ കുട്ടികൾ അവിടെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമെ നായർ ഉടമഥതയിലുള്ള കോട്ടപ്പുറം സ്കൂളിൽ വന്നിരുന്നുള്ളു. എസ്.എൻ.വി. സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ ശ്രമം നടത്തിയപ്പോൾ അവിടെനിന്ന് ഉയർന്ന ക്ലാസുകളിലേക്കുള്ള കുട്ടികളുടെ വരബ് നിലയ്ക്കുമെന്നതുകൊണ്ട് കോട്ടപ്പുറം സ്കൂൾ മാനേജ്‌മെന്റ് എതിർത്തു. പനമ്പള്ളി ഗോവിന്ദമേനോൻ ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. രണ്ട് സമുദായങ്ങളും തമ്മിലുള്ള മത്സരം തീർക്കാൻ അദ്ദേഹം ഒരു മാർഗ്ഗം കണ്ടെത്തി. എസ്.എൻ.വി. സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ അനുവദിക്കുക. അതിനെ പെൺപള്ളിക്കൂടമാക്കുക. കോട്ടപ്പുറം ഹൈസ്കൂളിനെ ആൺപള്ളിക്കൂടവുമാക്കുക. അങ്ങനെ രണ്ട് സമുദായങ്ങളിലെയും ആൺകുട്ടികൾ ഒന്നിച്ച് കോട്ടപ്പുറം സ്കൂളിലും പെൺകുട്ടികൾ ഒരുമിച്ച് എസ്.എൻ.വി.സ്കൂളിലും പഠിക്കാൻ തുടങ്ങി..

Wednesday, November 4, 2009

വർക്കല കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് ദലിത് ആക്ഷൻ കൌൺസിൽ

വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന് വിവിധ ദലിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച ദലിത് ആക്ഷൻ കൌൺസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ബി.എസ്.പി., ദലിത് സേവാ സമിതി, അംബേദ്കർ ഐക്യവേദി എന്നിവയും വിവിധ ദലിത് ക്രൈസ്തവ സംഘടനകളും ഉൾപ്പെടെ 14 സംഘടനകളുടെ സംയുക്ത വേദിയാണ് ദേശീയ അധ;കൃത വർഗ്ഗ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് കരകുളം സത്യകുമാർ അദ്ധ്യക്ഷനായുള്ള ആക്ഷൻ കൌൺസിൽ.

സത്യകുമാറുമായി പി.ജയചന്ദ്രൻ നടത്തിയ അഭിമുഖസംഭാണത്തിന്റെ റിപ്പോർട്ട് “ഡി.എച്ച്.ആർ.എമ്മിന്റെ മറവിൽ ദലിത് കോളനികളിൽ പൊലീസ് തേർവാഴ്ച” എന്ന തലക്കെട്ടിൽ കേരള ശബ്ദം ഈയാഴ്ച (നവംബർ 15, 2009ലെ ലക്കം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വർക്കല സംഭങ്ങളെ സംബന്ധിച്ച് പൊലീസ് നൽകിയിട്ടുള്ളതും മാധ്യമങ്ങൾ പ്രചരിപ്പിച്ചതുമായ ചില കഥകൾ സത്യകുമാർ അഭിമുഖസംഭാഷണത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ജയചന്ദ്രന്റെ റിപ്പോർട്ടിൽ നിന്ന്:

വർക്കലയിൽ കൊല ചെയ്യപ്പെട്ട ശിവപ്രസാദ് മുൻപ് ശിവസേനക്കാരനായിരുന്നു. പിന്നീട് വിട്ടുപോയി…

മറ്റൊരാരോപണം ശ്രീനാരായണഗുരുവിന്റെ പ്രതിമ തകർത്തു എന്നുള്ളതാണ്. ഒരിക്കലും ദലിതരായി ജനിച്ചവരാരും ശ്രീനാരായണ പ്രതിമ തകർക്കില്ല. അംബേദ്കറേയും അയ്യങ്കാളിയേയും പോലെതന്നെ ശ്രീനാരായണഗുരുവിനെയും ആരാധിക്കുന്നവരാണ് ദലിതർ…

പൊലീസ് മറച്ചുപിടിച്ച ശിവപ്രസാദിന്റെ ശിവസേനയുമായുള്ള പൂർവബന്ധത്തെക്കുറിച്ച് മറ്റൊരു ദലിത് നേതാവായ പന്തളം രാജേന്ദ്രനിൽ നിന്നും ഞാൻ നേരത്തെ കേട്ടിരുന്നു. സംഘടന വിട്ട ശിവപ്രസാദിനെ തിരികെ കൊണ്ടുവരാൻ താൻ ശ്രമിച്ചിരുന്നതായി ശിവസേനയുടെ മുൻ സംസ്ഥാന സെക്രട്ടറി തന്നോട് പറഞ്ഞതായി ദലിത്-മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു യോഗത്തിൽ സംസാരിക്കവെ രാജേന്ദ്രൻ വെളിപ്പെടുത്തി.

Monday, November 2, 2009

നമ്മൾ/അവർ: സാമൂഹികാവസ്ഥയെ നിർവചിക്കുന്ന ദ്വന്ദം

കാലത്ത് നടക്കാൻ പോയ വർക്കലയിലെ ശിവപ്രസാദിനെ ഒരു കാരണവും കൂടാതെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചു. കൊലപാതകം നമുക്ക് പുത്തരിയല്ല. പക്ഷെ അതിന് ഒരു കാരണം വേണം. അത് കുടുംബവഴക്കാകാം, വസ്തുതർക്കമാകാം, രാഷ്ട്രീയ പകപോക്കലാകാം. ‘മോട്ടീവി’ന്റെ അഭാവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രയാസമുണ്ടാകുമെന്നതുകൊണ്ട് കൊലപാതകം അന്വേഷിക്കുന്ന പൊലീസിന് കാരണം കണ്ടെത്തേണ്ടതുണ്ട്. കാരണം എന്തായാലും അത് അറിയുമ്പോൾ നാം ഏറെക്കുറെ തൃപ്തരാകും, അതോടെ കൊലയുമായി നമുക്ക് പൊരുത്തപ്പെടാനുമാകും.

വർക്കലയിൽ പൊലീസ് വളരെ വേഗം കാരണം കണ്ടെത്തി. ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് (ഡി.എച്ച്.ആർ.എം) എന്നൊരു തീവ്രവാദി സംഘടന അതിന്റെ ശക്തി നാട്ടുകാരെ ബോധിപ്പിക്കാനായി കൊലപാതകം നടത്തുകയായിരുന്നു. മറ്റൊരാളെ കൊല്ലാൻ നടത്തിയ ശ്രമം പരാജയപ്പെട്ടശേഷമാണ് ശിവപ്രസാദിനെ വെട്ടിയത്. കേരളത്തിലെ മദ്ധ്യവർഗ്ഗ സമൂഹം അതുകേട്ട് പകച്ചു നിന്നു. “നിരപരാധിയായ ശിവപ്രസാദിനു ഇത് സംഭവിക്കാമെങ്കിൽ എനിക്കും നിങ്ങൾക്കും ഇത് സംഭവിക്കാം“ എന്ന് അവർ ഭയത്തോടെ ഓർത്തു. ശിവപ്രസാദ് ‘നമ്മളി’ൽ ഒരാളാണ്. കൊലയാളികൾ ‘നമ്മളി’ൽ പെടുന്നവരല്ല. ‘അവരി’ൽ പെടുന്നവരാണ്.

ശിവപ്രസാദിന്റെ കൊലപാതകത്തെയും കാരണം കണ്ടെത്തലിനെയും തുടർന്ന് പൊലീസ് വ്യാപകമായ ദലിത് വേട്ട ആരംഭിച്ചു. അവർ നിരവധി യുവാക്കളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. അറസ്റ്റും പീഡനവും ഭയന്ന് ആണുങ്ങൾ ഒളിവിൽ പോയി. തൊടുവെ കോളനിയിൽ ശിവസേന പ്രവർത്തകർ ഡി.എച്ച്.ആർ.എം പ്രവർത്തകർക്കെതിരെ വൻ തോതിൽ അക്രമം അഴിച്ചുവിട്ടു. അവർ ഒമ്പത് വീടുകൾ ആക്രമിച്ച് വസ്തുവഹകൾ നശിപ്പിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങൾ വലിച്ചുകീറി. അതൊന്നും വാർത്തയായില്ല. അത് സംഭവിച്ചത് ‘നമ്മൾ‘ക്കല്ലല്ലൊ, ‘അവർ‘ക്കല്ലേ?

ഈ സംഭവപരമ്പരകൾ നടന്ന് ഒരു മാസത്തിനുശേഷം വസ്തുതാപഠനത്തിന് വർക്കലയിലെത്തിയ മനുഷ്യാവകാശപ്രവർത്തകർ കോളനികളിലെ അവസ്ഥയെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചു. ശിവപ്രസാദിന്റെ മരണം ഞെട്ടിപ്പിച്ച മദ്ധ്യവർഗ്ഗത്തെ കോളനിനിവാസികളുടെ ദുര്യോഗം ഞെട്ടിപ്പിച്ചില്ല. ശിവപ്രസാദിന് സംഭവിച്ചത് നമുക്കും സംഭവിക്കാവുന്നതാണ്. എന്നാൽ ദലിതർക്ക് സംഭവിച്ചത് ‘നമ്മൾ’ക്ക് സംഭവിക്കില്ല. അത് ‘അവർ‘ക്കു മാത്രം സംഭവിക്കുന്നതാണ്.

ദലിത് ജനാധിപത്യ ഐക്യമുന്നണി ഒൿടോബർ 27ന് പൊലീസ്-ശിവസേനാ അതിക്രമങ്ങൾക്കെതിരെ വർക്കല പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി. ഏകദേശം 1,000 പേർ പങ്കെടുത്തു. ആണുങ്ങൾ ഒളിവിൽ തുടരുന്നതുകൊണ്ട് അത് ഫലത്തിൽ പെണ്ണുങ്ങളുടെ പ്രകടനമായി മാറി. ധർണ്ണയിൽ പങ്കെടുത്തവർ തൊടുവെയിൽ തിരിച്ചെത്തിയപ്പോൾ ശിവസേന അവരെ ആക്രമിച്ചു. ഏഴു പെണ്ണുങ്ങൾ രാത്രി പരിക്കുകളോടെ ആശുപതികളിൽ പ്രവേശിപ്പിക്കപ്പെട്ടു. അതും വലിയ പ്രശ്നമായില്ല. കാരണം അത് ‘നമ്മൾ’ക്ക് സംഭവിക്കാവുന്നതല്ല, ‘അവർ’ക്കു മാത്രം സംഭവിക്കുന്നതാണ്.

ഡി.എച്ച്.ആർ.എം. പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ്ണ നടത്തി. ആണും പെണ്ണുമായി ഏകദേശം 200 പേർ ഉണ്ടായിരുന്നു. എല്ലാവരും ഒരേ വേഷം ധരിച്ചിരുന്നു -- ബി.ആർ.അംബദ്കറുടെ ചിത്രം ആലേഖനം ചെയ്ത കറുത്ത ടി-ഷർട്ടും ജീൻസും. പ്രകടനത്തിന്റെ ദൃശ്യങ്ങൾ മദ്ധ്യവർഗ്ഗത്തിന്റെ ഭീതി വർദ്ധിപ്പിച്ചു. പട്ടാളക്കാരെപ്പോലെ യൂണിഫാം ധരിക്കുന്നെങ്കിൽ അവർ ഭീകരന്മാർ തന്നെയാകണമല്ലൊ. സി.പി.എമ്മിന്റെ യൂണിഫോമിട്ട റെഡ് വോളന്റിയർമാർ ബാൻഡുമായി മാർച്ച് ചെയ്യുന്നത് കാണുമ്പോഴില്ലാത്ത ഭയം ഡി.എച്ച്.ആർ.എം പ്രവർത്തകർ യൂണിഫോമിട്ട് വരിവരിയായി ഇരിക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്നതെന്നുകൊണ്ടാണ്?

“ഞങ്ങളുടെ കറുത്ത യൂനിഫോമിൽ മാത്രം ദുരൂഹതയും തീവ്രതയും കാണുന്നുവെങ്കിൽ അത് ആ വേഷത്തോടുള്ള വിരോധം കൊണ്ടല്ല, ഞങ്ങളുടെ കറുത്ത തൊലിയോടുള്ള അടങ്ങാത്ത വിദ്വേഷം മൂലമാണ്“ എന്ന് ഡി.എച്ച്.ആർ.എം. ചെയർമാൻ വി. വി. ശെൽ‌വരാജ് ഈയിടെ പറയുകയുണ്ടായി. എന്നാൽ ആ വേഷത്തെ വെറുക്കാൻ കേരളത്തിലെ മദ്ധ്യവർഗ്ഗത്തിന് കറുപ്പ് നിറം കൂടാതെ വേറെയും കാരണങ്ങളുണ്ട്. ഒന്ന് അത് പാശ്ചാത്യമാണെന്നതാണ്. മറ്റൊന്ന് ആണും പെണ്ണും ഒരേ യൂണിഫോം ധരിക്കുന്നെന്നതാണ്.

ആർ.എസ്.എസിന് തുടക്കം മുതൽ യൂണിഫോമുണ്ട്. അത് വന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ നിന്നല്ല. വെള്ളക്കാരന്റെ സൈനിക പാരമ്പര്യത്തിൽ നിന്നാണ്. ‘നമ്മൾ’ യൂണിഫോം ധരിക്കും, പക്ഷെ ‘അവർ’ക്ക് യൂണിഫോം ധരിക്കാൻ എന്തവകാശമാണുള്ളത്? ഇനി യൂണിഫോം ധരിക്കാൻ അനുവദിച്ചാൽ തന്നെ ആർ. എസ്.എസിന്റെ നിക്കറിനേക്കാളും സി.പി.എമ്മിന്റെ ട്രൌസറിനേക്കാളും ആധുനികമായ ടീ-ഷർട്ടും ജീൻസും ധരിക്കാമൊ?

ഡി.എച്ച്.ആർ.എമ്മിന്റെ യൂണിഫോം പുരുഷമേധാവിത്വം കല്പിച്ചിട്ടുള്ള ലിംഗവിഭജനത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഒന്നാണ്. സി.പി.എം പോലും ആണുങ്ങൾക്കു മാത്രമെ ട്രൌസർ ധരിക്കാനുള്ള അവകാശം നൽകിയിട്ടുള്ളൂ. റെഡ് പെണ്ണുങ്ങളുടെ യൂണിഫോം സാരിയാണ്. ‘നമ്മൾ’ പെണ്ണുങ്ങളെ സാരിയിൽ നിന്ന് ചുരിദാരിലേക്ക് പോലും മാറ്റാത്തപ്പോഴാണ് ‘അവർ‘ പ്ര്ണ്ണുങ്ങലെ ജീൻസ് ധരിപ്പിക്കുന്നത്. ആ ധിക്കാരം എങ്ങനെ പൊറുക്കാനാകും?

Friday, October 30, 2009

ഡി.എച്ച്.ആർ.എം. ചെയർമാൻ സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച്

വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് തീവ്രവാദക്കുറ്റം ആരോപിച്ചിട്ടുള്ള ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റിന്റെ ചെയർമാൻ വി.വി.ശെൽ‌വരാജ് സംഘടനയുടെ പ്രവർത്തനവും നയപരിപാടികളും മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിഡദീകരിക്കുകയുണ്ടായി.

താല്പര്യമുള്ളവർക്ക് അത് ഇവിടെ വായിക്കാം: അവർ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്.

Thursday, October 29, 2009

നവോത്ഥാനത്തിന്റെ ഗന്ധമുള്ള ദലിത് വാരിക

ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന ആഴ്ചപ്പതിപ്പിന്റെ രണ്ട് ലക്കങ്ങൾ
വിശകലനം ചെയ്യുന്ന ഒരു ലേഖനം: നവോത്ഥാനത്തിന്റെ ഗന്ധമുള്ള ദലിത് വാരിക

Wednesday, October 28, 2009

പൊലീസും മാധ്യമങ്ങളും ശിവ സേനയുടെ പങ്ക് വീണ്ടും മറച്ചു പിടിക്കുന്നു

വർക്കലയിലെ ദലിത് കോളനിയിൽ ഇന്നലെ രാത്രി നടന്ന അക്രമത്തെക്കുറിച്ചുള്ള പത്രവാർത്തകൾ പൊലീസും മുഖ്യധാരാ മാധ്യമങ്ങളും ചേർന്ന് അവിടെ നടക്കുന്ന സംഭവങ്ങളിൽ ശിവ സേനക്കുള്ള പങ്ക് മറച്ചു പിടിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

ഇന്നലെ രാത്രി എനിക്ക് ലഭിച്ചതിൽ നിന്ന് വ്യത്യസ്തമായി,രണ്ടു സ്ത്രീകളല്ല, എട്ടു സ്ത്രീകൾക്കാണ് പരിക്കേറ്റതെന്നാണ് ഇന്ന് അവിടെ നിന്ന് ലഭിക്കുന്ന വിവരം. രണ്ടു പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ, മറ്റുള്ളവർ ചിറയിൻ‌കീഴും വർക്കലയിലുമുള്ള താലൂക്ക് ആശുപത്രികളിൽ.

പൊലീസ് ഭാഷ്യത്തെ ആസ്പദമാക്കി വർക്കല ലേഖകന്മാർ നൽകിയിട്ടുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ഓവിൽ നിന്ന് കുടിവെള്ളം എടുക്കുന്നതു സംബന്ധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിലേക്ക് നയിക്കുകയായിരുന്നു. വേള്ളമെടുക്കുന്നിടത്ത് വഴക്കുണ്ടാകുന്നത് ഒരു പുതിയ സംഭവമല്ല. എന്നാൽ അതിന്റെ ഫലമായി സ്ത്രീകളെ വാളെടുത്ത് വെട്ടുന്നത് കേരളത്തിൽ ഇതാദ്യമാകണം. കേരളാ പൊലീസിന്റെ തിരക്കഥരചനാ വൈദഗ്ദ്ധ്യം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

മലയാള മനോരമയിൽ ദലിത് സ്ത്രീകൾ പൊലീസിന്റെയും ശിവ സേനയുടെയും അതിക്രമൾക്കെതിരെ നേരത്തെ നടത്തിയ പൊലീസ് സ്റ്റേഷൻ ധർണ്ണയെക്കുറിച്ച് ഒരു പരാമർശവുമില്ല. എന്നാൽ മാതൃഭൂമി റിപ്പോർട്ടിൽ “ദലിത് ജനാധിപത്യ മുന്നണി പ്രവർത്തകർ വർക്കല പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി മണിക്കൂറുകൾ കഴിയും മുമ്പാണ് തൊടുവേയിൽ സംഘർഷമുണ്ടായാത്” എന്ന് പറയുന്നുണ്ട്. പക്ഷെ മാതൃഭൂമി ലേഖകനും ശിവ സേനയുടെ പേർ പറയാനുള്ള ധൈര്യമുണ്ടായില്ല. “രണ്ട് സംഘടനകളിൽ പെട്ടവർ“ സംഘട്ടനത്തിൽ ഉൾപ്പെട്ടെന്ന സൂചനയ്ക്കപ്പുറം ആ ലേഖകനും പോകുന്നില്ല.

സംസ്ഥാനവും വർക്കല പട്ടണവും ഭരിക്കുന്ന സി.പി.എമ്മിനും നിയമസഭയിൽ വർക്കലയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്സിനും ഇപ്പോഴും മിണ്ടാട്ടമില്ല.


ധർണയെ സംബന്ധിച്ച മാതൃഭൂമി വാർത്ത: http://www.mathrubhumi.com/php/newFrm.php?news_id=12297148&n_type=RE&category_id=3&Farc=

വർക്കല: ദലിത് കോളനികളിൽ എന്താണ് നടക്കുന്നത്?

ഒൿടോബർ 18ന് വർക്കലയിലെ ദലിത് കോളനികളിൽ വസ്തുതാപഠനത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ കോളനി നിവാസികൾ നൽകിയ മൊഴിയെ ആസ്പദമാക്കി ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കി ഒൿടോബർ 24ന് സമ്പ്രേഷണം ചെയ്ത ‘കണ്ടതും കേട്ടതും’ പരിപാടി ഇപ്പോൾ ചാനലിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ലിങ്ക് ഇതാ: http://www.asianetglobal.com/ShowVdo.aspx?GlHID=748

ഇരുപത്തിരണ്ട് മിനിട്ട് നീളമുള്ള പരിപാടിയിലെ ആദ്യത്തെ15ഒ 16ഒ മിനിട്ട് വർക്കലയെ സംബന്ധിക്കുന്നതാണ്.

പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന പല വസ്തുതകളും ഇതിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ഇതിൽ വ്യക്തമാകുന്ന പ്രസക്തമായ ചില വിഷയങ്ങളിലേക്ക് എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:

1. ഡി.എച്ച്.ആർ.എമ്മിന്റെ ആവിർഭാവത്തിനു മുമ്പ് ശിവ സേനയിൽ പ്രവർത്തിച്ചിരുന്ന ദലിതരെ ആ സംഘടന എന്തിനാണ്, എങ്ങനെയാണ് ഉപയോഗിച്ചത്.
2. പൊലീസിന്റെ ഒത്താശയോടെ കോളനികളിൽ നടന്നിരുന്ന മയക്കുമരുന്ന് കച്ചവടം നിർത്തലാക്കിയതിൽ ഡി.എച്ച്. ആർ. എമ്മിന്റെ പങ്കും അതിനോടുള്ള സ്ത്രീകളുടെ പ്രതികരണവും.
3. പൊലീസും ശിവ സേനയും തമ്മിലുള്ള ചങ്ങാത്തവും അവർ കോളനികളിൽ നടത്തിയ അതിക്രമങ്ങളും
4. പൊലീസ് തേർവാഴ്ചക്കെതിരെ കോളനി നിവാസികൾ തലസ്ഥാനത്തെത്തി അധികൃതരെ കണ്ട് പരാതിപ്പെട്ടിട്ടും അവർ അത് ചെവിക്കൊണ്ടില്ല.

വസ്തുത്പഠന സങ്ഹത്തിന്റെ തെളിവെടുപ്പിന്റെ നിരവധി ദൃശ്യങ്ങൾ സംഘാംഗമായിരുന്ന ഗീത യൂട്യൂബിൽ നേരത്തെ അപ്ലോഡ് ചെയ്യുകയും അതിലേക്ക് ഫേസ്ബുക് സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിൽ ചിലതിന്റെ ലിങ്കുകൾ:

http://www.youtube.com/watch?v=ejIt-VTXE2I

http://www.youtube.com/watch?v=xJ0U5ot66_o
http://www.youtube.com/watch?v=5dMxYEFvz6k
http://www.youtube.com/watch?v=mjO7QpdVqwo

Tuesday, October 27, 2009

കാവാലം നാടകങ്ങൾ

കാവാലം നാരായണ പണിക്കരുടെ ‘കാവാലം നാടകങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ച് എഴുതിയ അഭിപ്രായം A feast for theatre enthusiasts എന്ന തലക്കെട്ടില്‍ ഇന്നത്തെ ദ് ഹിന്ദുവില്‍.

Sunday, October 25, 2009

ഇന്ദിരയെ ഓർക്കുമ്പോൾ

ബി.ആർ.പി.ഭാസ്കർ

രണ്ടു പതിറ്റാണ്ടുകാലം ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഇന്ദിരാ ഗാന്ധി ഇന്ന് പരാമർശിക്കപ്പെടുന്നത് പ്രധാനമായും അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ടാണ്. ഒന്നര കൊല്ലാം നിലനിന്ന അടിയന്തിരാവസ്ഥക്കാല അതിക്രമങ്ങളുടെ കരിനിഴൽ അവരെടുത്ത പുരോഗമനപരമായ നടപടികളിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങളെ മറയ്ക്കുന്നു. ജീവിച്ചിരിക്കെ ദുർഗ്ഗയായും യക്ഷിയായും ചിത്രീകരിക്കപ്പെട്ട ഈ മുൻ പ്രധാനമന്ത്രിയുടെ സംഭാവനകൾ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ട കാലമായി.

ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് കുടുംബവാഴ്ച സ്ഥാപിക്കാൻ ജവാഹർലാൽ നെഹ്രു ശ്രമിച്ചെന്ന് വിശ്വസിക്കുന്നവരുണ്ട്. നെഹ്രു ആദ്യം മുതൽക്കെ പാർട്ടിയിലെ യഥാസ്ഥിതികരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. അദ്ദേഹത്തിനും വല്ലഭ്ഭായ് പട്ടേലിനുമിടയിലുള്ള അകൽച്ച ഇല്ലാതാക്കാനുള്ള ശ്രമത്തിലേർപ്പെട്ടിരിക്കുമ്പോഴാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കോൺഗ്രസിന്റെ അദ്ധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ട ജെ.ബി. കൃപലാനിയും പുരുഷോത്തം ദാസ് ഠണ്ഡനും നെഹ്രുവുമായി ഇടഞ്ഞു. പാർട്ടിക്കുള്ളിലെ വലതുപക്ഷത്തിന്റെ വെല്ലുവിളി നേരിടാൻ അദ്ദേഹം കണ്ട മാർഗ്ഗം ജയപ്രാകാശ് നാരായണന്റെ നേതൃത്വത്തിൽ പാർട്ടി വിട്ട സോഷ്യലിസ്റ്റുകളെ തിരിച്ചുകൊണ്ടുവന്ന് മദ്ധ്യ-ഇടതു (left-of-centre) ചേരിയെ ശക്തിപ്പെടുത്തുകയെന്നതാണ്. ക്വിറ്റ് ഇന്ത്യാ സമരനായകനെന്ന നിലയിൽ അന്ന് രാജ്യത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള പുതുതലമുറ നേതാവ് ജെ.പി. ആയിരുന്നു. അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയാൽ സ്വാഭാവികമായും നെഹ്രുവിന്റെ പിൻഗാമിയായി കരുതപ്പെടും. എന്നിട്ടും 1950കളുടെ ആദ്യം നെഹ്രു അതിന് തയ്യാറായിരുന്നെന്നത് മകളെ പ്രധാനമന്തിയാക്കുകയെന്ന ചിന്ത അക്കാലത്ത് ഏതായാലും അദ്ദേഹത്തിന്റെ മനസ്സിലില്ലായിരുന്നെന്ന് വ്യക്തമാക്കുന്നു.

നെഹ്രു 1946ൽ ഇടക്കാല സർക്കാരിൽ ചേർന്നതു മുതൽ ഔദ്യോഗിക വസതിയിൽ ആതിഥേയയായുണ്ടായിരുന്ന ഇന്ദിരാ ഗാന്ധി ആദ്യ്മായി ഒരുന്നതപദവി വഹിക്കുന്നത് 1959ൽ കോൺഗ്രസ് അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ഇന്ദിരയുടെ പേർ അധ്യക്ഷസ്ഥാനത്തേക്ക് ചില രണ്ടാം നിര നേതാക്കൾ നിർദ്ദേശിച്ചത് നെഹ്രുവിന്റെ അറിവോടുകൂടിയായിരുന്നില്ല. പാർട്ടി അദ്ധ്യക്ഷയെന്ന നിലയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടണമെന്ന ആവശ്യം നെഹ്രുവിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അവർ നിർണ്ണായകമായ പങ്ക് വഹിച്ചു. പക്ഷെ അതിനുശേഷം നെഹ്രുവിന്റെ ജീവിതകാലത്ത് ഇന്ദിരാ ഗാന്ധി ഒരു സ്ഥാനമെ വഹിച്ചിരിന്നുള്ളു. അത് ചൈനാ യുദ്ധത്തെ തുടർന്ന് രൂപീകരിക്കപ്പെട്ട സിറ്റിസൺസ് കൌൺസിലിന്റെ അദ്ധ്യക്ഷ പദവിയാണ്. അതിനെ പ്രധാനമന്ത്രിപദത്തിലേക്കുള്ള പരിശീലന കളരിയായി കരുതാനാവില്ല.

നെഹ്രു അന്തരിച്ചപ്പോൾ പ്രധാനമന്ത്രിപദത്തിന് ഇന്ദിരാ ഗാന്ധിയുടെ പേർ ആരും നിർദ്ദേശിച്ചതേയില്ല്ല്ല. ലാൽ ബാഹദൂർ ശാസ്ത്രി, മൊറാർജി ദേശായി എന്നിവരിൽ ആർ പിൻഗാമിയാകണം എന്നതായിരുന്നു പാർട്ടിയുടെ മുന്നിലുള്ള ചോദ്യം. കോൺഗസ് അദ്ധ്യക്ഷനായിരുന്ന കെ. കാമരാജ് പാർട്ടിയെ ‘മദ്ധ്യവർത്തി‘യായ ശാസ്ത്രിക്ക് അനുകൂലമാക്കിയെടുത്തു. ഇടതുപക്ഷക്കാരനായി അറിയപ്പെട്ടിരുന്ന വി.കെ.കൃഷ്ണമേനോൻ അന്ന് മൊറാർജിയെയാണ് പിന്തുണച്ചത്. സുഹൃത്തുക്കൾക്ക് അദ്ദേഹം നൽകിയ വിശദീകരണം “മൊറാർജി എവിടെയാണ് നിൽക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം, ശാസ്ത്രിയുടെ കാര്യം പറയാനാവില്ല” എന്നായിരുന്നു. ശാസ്ത്രിയുടെ അകാല മരണമാണ് ഇന്ദിരാ ഗാന്ധിക്കു പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തുറന്നത്. മൊറാർജിയെ തടയാൻ കഴിയുന്ന ഒരു നേതാവ് മദ്ധ്യത്തിലൊ ഇടതുഭാഗത്തൊ ഇല്ലാത്ത സാഹചര്യത്തിൽ കാമരാജ് ശക്തരായ മറ്റ് സംസ്ഥാന നേതാക്കളുടെ പിന്തുണയോടെ ഇന്ദിരാ ഗാന്ധിയെ ഉയർത്തിക്കൊണ്ടു വരികയായിരുന്നു. അടുത്ത കൊല്ലം നെഹ്രുവില്ലാതെ തെരഞ്ഞെടുപ്പ് നേരിടേണ്ടതുമ്മ്ടെന്ന ചിന്തയാണ് ഇന്ദിരയെ പിന്തുണയ്ക്കാൻ സംസ്ഥാന നേതാക്കളെ പ്രേരിപ്പിച്ചത്. വലിയ രാഷ്ട്രീയ പരിചയമില്ലാത്ത ഇന്ദിരാ ഗാന്ധിക്ക് തങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് അവർ കരുതി. ആ ഘട്ടത്തിൽ കുടുംബവാഴ്ച ആവശ്യമായിരുന്നത് കുടുംബത്തിനേക്കാൾ കോൺഗ്രസ്സിലെ പുതുനേതൃനിരയ്ക്കാണ്. ഇന്നത്തെ സ്ഥിതിയും അതിൽ നിന്ന് ഏറെ വ്യത്യസ്തമാണോ?

പേട്രിയട്ട് ദിനപത്രത്തിനുവേണ്ടി 1963ൽ ഇന്ദിരാ ഗാന്ധിയുമായി സംഭാഷണം നടത്തിയപ്പോൾ വലിയ ആത്മവിശ്വാസമില്ലാത്ത ഒരു നേതാവിനെയാണ് ഞാൻ കണ്ടത്. അവരുടെ ചില ഉത്തരങ്ങൾ അച്ചടിച്ചുവരുമ്പോൾ അതിൽ ഉറച്ചു നിൽക്കാൻ അവർക്കാകുമോയെന്ന് എന്ന് ഞാൻ സംശയിച്ചു. മൂന്ന് തവണ ഇക്കാര്യം ഞാൻ ചൂണ്ടിക്കാണിച്ചു. രണ്ടു തവണ അവർ ഉത്തരം ഭേദഗതി ചെയ്തു. പ്രധാനമന്ത്രിയായി. ഒരു കൊല്ലത്തിനുശേഷം, ഒരു പത്രസമ്മേളനത്തിൽ, ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന ഇന്ദിരാ ഗാന്ധിയെ ഞാൻ കണ്ടു. കോൺഗ്രസ്സിലെ സിണ്ടിക്കേറ്റിനു വേണ്ടത് അങ്ങനെയൊരാളെ ആയിരുന്നില്ല.

ഇന്ദിരാ ഗാന്ധിക്ക് കോൺഗ്രസ്സിനെ പൂർണ്ണമായി രക്ഷിക്കാനായില്ല. കേന്ദ്രത്തിൽ അതിനു 1967ൽ കുറഞ്ഞ ഭൂരിപക്ഷത്തോടെ പിടിച്ചുനിൽക്കാനായെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതായി. കമ്മ്യൂണിസ്റ്റ് പാർട്ടികളെ (സി.പി.ഐ. 23 സീറ്റ്, സി.പി.എം.19) പിന്തള്ളിക്കൊണ്ട് വലതുപക്ഷം (സ്വതന്ത്രാ പാർട്ടി 44, ജന സംഘം 35) ലോക്ക് സഭയിലെ മുഖ്യ പ്രതിപക്ഷമായി. പല സംസ്ഥാനങ്ങളിലും കോൺഗ്രസ്സിനു അധികാരം നഷ്ടപ്പെട്ടു. ചില പ്രാദേശിക നേതാക്കൾ പാർട്ടി വിട്ട് പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് കൂട്ടുമന്ത്രിസഭകളുണ്ടാക്കി. എക്സിക്യൂട്ടിവ് ദുർബലമായ സാഹചര്യം പ്രയോജനപ്പെടുത്തി സുപ്രീം കോടതി ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തി. എൻ. സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതിയാക്കിക്കൊണ്ട് പ്രധാന മന്ത്രിയെ നിയന്ത്രിക്കാൻ കോൺഗ്രസ്സിലെ വലതുപക്ഷം പദ്ധതിയിട്ടു. വ്യക്തമായ ഇടതുചായ്വ് സ്വീകരിച്ചുകൊണ്ടാണ് അവർ ആ വെല്ലുവിളി നേരിട്ടത്. സഞ്ജീവ റെഡ്ഡിക്കെതിരെ അവർ വി.വി.ഗിരിയെ പിന്തുണച്ചത് കോൺഗ്രസ്സിന്റെ പിളർപ്പിൽ കലാശിച്ചു. പാർട്ടി പിളർന്നപ്പോൾ പ്രധാനമന്ത്രിക്ക് ലോക് സഭയിൽ ഭൂരിപക്ഷം ഇല്ലാതായി. പക്ഷെ ചൈനാപക്ഷത്തേക്ക് നീങ്ങിയ സി.പി.എമ്മിനെതിരെ സോവിയറ്റ് പക്ഷത്ത് നിലകൊണ്ട സി.പി.ഐ.യുടെയും ഡി.എം.കെ. തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും സഹായത്തോടെ അവർക്ക് അധികാരത്തിൽ തുടരാനായി.

വലിയ ബാങ്കുകൾ ദേശസാൽക്കരിച്ചുകൊണ്ടും രാജാക്കന്മാരുടെ പ്രിവി പഴ്സ് നിർത്തലാക്കിക്കൊണ്ടും ഇന്ദിരാ ഗാന്ധി പുരോഗമനപരമായ പ്രതിച്ഛായ ശക്തിപ്പെടുത്തി. ഈ ഘട്ടത്തിൽ അവർ പ്രധാനമായും ആശ്രയിച്ചത് സർക്കാരിലെ ഒരു സംഘം നല്ല ഉദ്യോഗസ്ഥരെയും പാർട്ടിയിലെ യുവനിര നേതാക്കളെയുമായിരുന്നു.

രാജ്യത്തിനകത്തെന്ന പോലെ പുറത്തും കടുത്ത വെല്ലുവിളി ഉയർന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടിയിട്ടും അധികാരം നിഷേധിക്കപ്പെട്ട മുജിബുർ റഹ്മാൻ പൂർവ്വ പാകിസ്താനിൽ കലാപക്കൊടി ഉയർത്തി. കലാപം അടിച്ചമർത്താൻ പാകിസ്താൻ പട്ടാളത്തെ ഇറക്കി. ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചു. ഈ സാഹചര്യത്തിൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യ നിർബന്ധിതമായി. പട്ടാള മേധാവിയായിരുന്ന ജ. മാനൿഷാ തയ്യാറെടുപ്പിന് സമയം ആവശ്യപ്പെട്ടു. ഇന്ദിരാ ഗാന്ധി അത് നൽകുകയും ആ ഇടവേള നയതന്ത്ര നീക്കങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. യുദ്ധത്തിനു മുമ്പ് ഇന്ദിരാ ഗാന്ധി സോവിയറ്റ് യൂണിയനുമായി സൌഹൃദ ഉടമ്പടിയുണ്ടാക്കി. ബംഗ്ലാദേശിന്റെ പിറവിയിൽ അവസാനിച്ച യുദ്ധം ഇന്ദിരയെ ദുർഗ്ഗയാക്കി.

അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ഇന്ദിരാ കോൺഗ്രസ് 1971ൽ ലോക് സഭയിലും 1972ൽ നിരവധി സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റം നടത്തി. അതോടെ ജുഡിഷ്യറി അല്പം പിന്നോട്ടുപോയി. പാർലമെന്റിനു ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാമെന്ന് അത് സമ്മതിച്ചു. പക്ഷെ അടിസ്ഥാന ഘടന മാറ്റാൻ പാടില്ല. പുതിയ ജനവിധിക്ക് വലിയ ആയുസ്സുണ്ടായില്ല. ജയപ്രകാശ് നാരായണൻ രാഷ്ട്രീയ സന്യാസം ഉപേക്ഷിച്ച് ബീഹാറിലും ഗുജറാത്തിലും തുടങ്ങിയ അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളെ സമ്പൂർണ്ണ വിപ്ലവമാക്കി രൂപ്പാന്തരപ്പെടുത്താനെത്തിയപ്പോൾ അത് ഒലിച്ചുപോയി. അലാഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ക്രമക്കേട് കാട്ടിയതിന്റെ പേരിൽ അവരെ അയോഗ്യയാക്കുകയും ചെയ്തപ്പോൾ അവർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്വന്തം പാർട്ടി നേതാക്കളിൽപോലും വിശ്വാസം അർപ്പിക്കാൻ അവർ മടിച്ചു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടനാബാഹ്യമായ ഒരു അധികാരകേന്ദ്രം നിലവിൽവന്നു. ഇന്ദിരാ ഗാന്ധി യക്ഷിയായി. ജനാധിപത്യപരമായ വിശ്വാസ്യത വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ നിരക്ഷരരായ വോട്ടർമാർ ഇന്ദിരയെ പുറത്താക്കി. ജനതാ സർക്കാരിന്റെ പ്രവർത്തനം നിരാശപ്പെടുത്തിയപ്പോൾ അവർ ഇന്ദിരയെ തിരിച്ചുവിളിച്ചു.

മനസ്സില്ലാമനസ്സോടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്ത് ഭാഷാസംസ്ഥാനങ്ങൾ ഉണ്ടാക്കിയ നെഹ്രു പഞ്ചാബി സംസ്ഥാനം എന്ന ആവശ്യം നിരസിച്ചു. ആ അനീതി ഇന്ദിരാ ഗാന്ധി തിരുത്തി. പക്ഷെ അതിനിടയിൽ സിഖ് ജനതയ്ക്കിടയിൽ കടുത്ത അന്യതാബോധം വളർന്നിരുന്നു. അതിന്റെ ഗുണഭോക്താക്കളായ അകാലി പ്രസ്ഥാനത്തെ ചെറുക്കാൻ കോൺഗ്രസ് പ്രോത്സാഹിപ്പിച്ച ജർണയിൽ സിങ്
ഭിന്ദ്രൻവാല എന്ന ജിന്നിനെ തിരികെ കുപ്പിയിലാക്കാനായില്ല. അമൃതസരസ്സിലെ സുവർണ്ണ ക്ഷേത്രത്തിലിരുന്നു കൊലപാതകങ്ങൾ സംഘടിപ്പിച്ച ആ യുവ സന്യാസിയെ പുറത്താക്കാൻ പട്ടാളത്തെ നിയോഗിച്ചത് സിഖുകാരെ രോഷാകുലരാക്കി. അതേ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാസേനയിൽ നിന്ന് സിഖുകാരെ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടായി. ഇന്ദിരാ ഗാന്ധി ആ നിർദ്ദേശം തള്ളി. ഒരു ജനതയെ ആകമാനം ഭീകരരായി മുദ്രകുത്തുന്നതിനോട് അവർ യോജിച്ചില്ല. ഒടുവിൽ സുരക്ഷാഭടന്മാർ അവരുടെ കൊലയാളികളായി.

ഇന്ദിരാ ഗാന്ധി 1969ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയപ്പോൾ അനുഗമിച്ച വാർത്താ ഏജൻസി പ്രതിനിധിയെന്ന നിലയിൽ അവരുടെ അസാമാന്യമായ ധൈര്യപ്രകടനം കാണാൻ എനിക്ക് അവസരമുണ്ടായി. റിഫൈനറിക്കുവേണ്ടിയുള്ള സമരം നടക്കുന്ന അസമിൽ യാത്ര ചെയ്യുന്നതിൽ നിന്ന് ബന്ധു കൂടിയായ ഗവർണർ ബി.കെ.നെഹ്രു അവരെ പിന്തിരിപ്പിച്ചെങ്കിലും കലാപം നടക്കുന്ന നാഗാലണ്ടിലും സംസ്ഥാനപദവിക്കും സർവകലാശാലക്കും വേണ്ടി അക്രമാസക്തമായ സമരം നടക്കുന്ന മണിപ്പൂരിലും അവർ പോയി. കൊഹിമയിലെ ഫുട്ബാൾ ഗ്രൌണ്ടിൽ അവർ ഗോത്രവർഗ്ഗങ്ങളുമായി നൃത്തം ചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ കണ്ണുകൾ സമീപത്തുള്ള കലാപകാരികളുടെ നിയന്ത്രണത്തിലുള്ള കുന്നിലായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന അവഗണിച്ചുകൊണ്ട് ഇന്ദിര ഇംഫാലിൽ പ്രസംഗിക്കുമ്പോൾ കലാപകാരികൾ സമീപത്ത് പൊലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു.

ഇന്ദിരാ ഗാന്ധി അപകടകരമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. അതിനുള്ള വിലയും അവർ കൊടുത്തു.– മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോബർ 25, 2009

Saturday, October 24, 2009

അനിയൻ ബാവ, ചേട്ടൻ ബാവ

വർക്കലയിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിലുള്ള Kerala Letter ബ്ലോഗിൽ വായിക്കാവുന്നതാണ്.

Wednesday, October 21, 2009

വർക്കലയിലെ തെളിവെടുപ്പ്

വർക്കലയിൽ ഞായറാഴ്ച വസ്തുതാപഠനത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ പൊലീസ്-ശിവസേനാ കൂട്ടുകെട്ടിന്റെ അതിക്രമങ്ങൾക്ക് ഇരയായ ദലിത് കുടുംബാംഗങ്ങൾ തെളിവ് നൽകുന്നതിന്റെ വിഡിയോ ചിത്രം പഠന സംഘത്തിലെ അംഗമായിരുന്ന ഗീത യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
http://www.youtube.com/watch?v=50bper1Nc48&feature=player_embedded

Monday, October 19, 2009

വർക്കല: പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന വസ്തുതകൾ

പി.യു.സി.എൽ ഉൾപ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികൾ അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാൻ വർക്കല സന്ദർശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയിൽ ചില വസ്തുതകൾ അടിയന്തിരമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടൻ തന്നെ പി.യു.സി.എൽ. സെക്രട്ടറി അഡ്വ. പി.എ.പൌരൻ, മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാർ നിർമൽ സാരഥി എന്നിവരുമൊത്ത് ഞാൻ മാധ്യമപ്രവർത്തകരെ കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവർത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

കള്ളക്കഥകൾ മെനയാനുള്ള വർക്കല പൊലീസിന്റെ സാമർത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ സന്നദ്ധതയും ഈ സന്ദർശനം എന്നെ ബോധ്യപ്പെടുത്തി.

പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആർ.എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സന്ദർശിച്ചശേഷം മടങ്ങാനായി കോളനിക്കു പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കയറുമ്പോൾ ഏതാനും സ്ത്രീകൾ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാളെ ശിവസേനക്കാർ മർദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങൾ തിരിച്ചുചെന്നപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈൽ ഫോൺ അവർ പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോൾ ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് ആ ഉദ്യോഗസ്ഥൻ സമ്മതിച്ചു. ശിവസേനക്കാർ പിടിച്ചെടുത്ത മൊബൈൽ തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങൾ ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.

പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡേറ്റ്‌ലൈനിൽ ഇന്ന് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത് മനുഷ്യാവകാശ പ്രവർത്തകരെ കോളനിവാസികൾ തടഞ്ഞുവെന്നാണ്. ശിവസേന പരാമർശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവർത്തകരുടെ സഹായത്തോടെ ബോധപൂർവം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവർത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വർക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആർ.എമ്മിന്റെ പ്രവർത്തനം പല കേന്ദ്രങ്ങളിലും എതിർപ്പ് ഉയർത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോ‍ട്ടുകൾ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടർ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഈ സംഘടന നിർത്തിയ സ്ഥാനാർത്ഥി 5,000ൽ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആർ.എം പ്രവർത്തനത്തിന്റെ ഫലമായി ദലിത് കോളനികളിൽ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാർ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടർ. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആർ.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയിൽ സ്ത്രീകൾക്കിടയിൽ അതിന് വലിയ സ്വീകാര്യതയുണ്ട്.

കോളനി നിവാസികൾക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങൾക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്..

മലയാള മാധ്യമങ്ങൾ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകൾ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോൾ ടെഹൽകയുടെ അജിത് സാഹി ഡി.എച്ച്.ആർ.എം. സ്ഥാപകൻ വി.വി. സെൽവരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.

ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് കോളനികളിൽ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയിൽ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആർ.എം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആർ.എമ്മിലേക്ക് ചേക്കേറി.

Wednesday, October 14, 2009

ആഭ്യന്തരമന്ത്രി അഭിമാനം കൊള്ളുന്ന അവാർഡിന്റെ അർത്ഥമെന്താണ്?

ക്രമസമാധാനപാലനത്തിന് ലഭിച്ച അവാർഡ് പൊക്കിക്കാട്ടിയാണ് കോടിയേരി ബാലകൃഷണൻ വിമർശനങ്ങളെ പ്രതിരോധിക്കുന്നത്. അനുയായികൾ അതിന്റെ പേരിൽ അറ്റ്ദ്ദേഹത്തിന് കഴിഞ്ഞയാഴ്ച ഒരു സ്വീകരണം നൽകുകയും ചെയ്തു. എന്ത് അവാർഡാണിത്? അതിന് എന്തു വില കല്പിക്കണം?

ഈ വിഷയത്തിലുള്ള ലേഖനം ഇവിടെ വായിക്കാം

Monday, October 12, 2009

ജാനു മുതൽ ളാഹ വരെ

ചെങ്ങറ ഭൂസമരം വിലയിരുത്തിക്കൊണ്ട് ഞാൻ എഴുതിയ ഒരു ലേഖനം ജനശക്തി വാരികയുടെ 2009 ഒൿടോബർ 10-16 ലക്കത്തിലുണ്ട്.

“ചെങ്ങറ നവോത്ഥാനം വീണ്ടെടുക്കാനുള്ള വഴി തുറക്കുന്നു” എന്ന തലക്കെട്ടിലുള്ള ആ ലേഖനത്തിന്റെ മൂലരൂപം ഇവിടെ വായിക്കാം.

Saturday, October 10, 2009

ദലിത് പ്രസ്ഥാനങ്ങൾ പ്രതിരോധത്തിൽ

ദലിത് സംരക്ഷണ ആക്ഷൻ കൌൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗാന്ധി പാർക്കിൽ ഇന്നലെ തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ ഒരു ജനകീയ കൺ‌വൻഷൻ നടക്കുകയുണ്ടായി. തീവ്രവാദവും ഭീകരതയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും തീവ്രവാദപ്രവർത്തനവും ഭീകരപ്രവർത്തനവും നടക്കുന്നുണ്ട്. അവയ്‌ക്കെതിരെ ശക്തമായ വികാരം രാജ്യമൊട്ടുക്ക് നിലനിൽക്കുന്നുമുണ്ട്. കേരളത്തിലെ ഒരു ദലിത് സംഘടന മാത്രമായി എന്തിനാണ് അവയ്‌ക്കെതിരെ ഒരു കൺവൻഷൻ സംഘടിപ്പിച്ചത്? ഉത്തരം ലളിതമാണ്. പൊലീസ് നൽകുന്ന വിവരത്തെ ആസ്പദമാക്കി രണ്ടാഴ്ചയായി ‘ദലിത് തീവ്രവാദ‘ത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളും അതിന്റെ മറവിൽ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദലിത് വേട്ടയും ദലിത് സംഘടനാ പ്രവർത്തകരെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. പൊലീസും അതിനെ നിയന്ത്രിക്കുന്നവരും മാധ്യമങ്ങളുടെ സഹായത്തോടെ സങ്കുചിത ലക്ഷ്യം നേടിയിരിക്കുന്നു.

വർക്കലയിൽ നടന്ന ഒരു കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഉത്തരവാദികൾ തീവ്രവാദി സ്വഭാവമുള്ള ഒരു ദലിത് സംഘടനയാണെന്ന് ആരോപിക്കുന്ന പൊലീസ് ഇതിനകം സംസ്ഥാനമൊട്ടുക്ക് വിവിധ സംഘടനകളിൽ പെട്ട ഇരുനൂറിൽ പരം ദലിത് യുവാക്കളെ ഇത് സംബന്ധിച്ച് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിട്ടുള്ളതായി വിവിധ സംഘടനകളുടെ പ്രതിനിധികൾ പറഞ്ഞു. കുറ്റവാളികളെ പിടികൂടി വിചാരണ ചെയ്ത് ശിക്ഷ വാങ്ങിക്കൊടുക്കുക, നിരപരാധികളെ പീഡിപ്പിക്കാതിരിക്കുക എന്ന ആവശ്യങ്ങളാണ് കൺവൻഷനിൽ പങ്കെടുത്തവർ ഉന്നയിച്ചത്.

ഒരു മുൻ എൽ.ഡി.എഫ്. സർക്കാർ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൾ നാസർ മ്‌അദനിയെ അറസ്റ്റ് ചെയ്ത് തമിഴ് നാട് പൊലീസിന് കൈമാറിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു. സർക്കാർ തന്നെ മ്‌അദനിയുടെ അറസ്റ്റ് അതിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ, പ്രത്യേകിച്ച് അടിസ്ഥാനവർഗ്ഗം ഏറ്റവുമധികം പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന സി.പി.എമ്മിന്റെ, നിലപാട് തങ്ങളുടെ താല്പര്യങ്ങൾ പരിരക്ഷിക്കാൻ സഹായകമല്ലെന്ന വിശ്വാസം ദലിത് വിഭാഗങ്ങൾക്കിടയിൽ ശക്തി പ്രാപിച്ചുവരുന്ന ഘട്ടത്തിലാണ് ഈ ദലിത് വേട്ട നടക്കുന്നതെന്ന് ഓർക്കുമ്പോൾ അതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാകും.

വർക്കല കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ചുവെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിനെതിരെയുള്ള പ്രചാരണത്തിനിടയിൽ അവർ പാലി ഭാഷ പഠിക്കുന്നതും ഉപയോഗിക്കുന്നതും ഒരു മഹാപാതകമായി പൊലീസ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു സാക്ഷര സമൂഹത്തിന്റെ മുന്നിൽ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നത് വിചിത്രമാണ്.

പാലി ഇന്ത്യയിലെ പ്രാചീന ഭാഷകളിലൊന്നാണ്. ശ്രീബുദ്ധനും അനുയായികളും പാലിയും മറ്റ് പ്രാദേശിക ഭാഷകളും ഉപയോഗിച്ചാണ് സാമാന്യ ജനങ്ങൾക്കിടയിൽ ആശയങ്ങൾ പ്രചരിപ്പിച്ചത്. ബുദ്ധമതത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ പാലിയിലാണ്. അതുകൊണ്ട് തായ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ബുദ്ധമതാനുയായികൾ കൂടുതലുള്ള രാജ്യങ്ങളിലെ സ്കൂളുകളിൽ അത് നിർബന്ധിത പഠന വിഷയമാണ്. ഇന്ത്യയിലെ പ്രാചീന ജനങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ച് വിവരം ശേഖരിക്കാൻ അവശ്യം പഠിക്കേണ്ട ഒരു ഭാഷയാണത്. നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളും സർവകലാശാലകളും വൈദികപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരുടെ കൈപ്പിടിയിൽ ആയതുകൊണ്ടാണ് അതിനുള്ള സൌകര്യങ്ങൾ ഉണ്ടാകാത്തത്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം പുനെ, മൈസൂർ സർവകലാശാലകളിൽ മാത്രമാണ് ‘പ്രാകൃത’ ഭാഷാപഠന സൌകര്യങ്ങളുള്ളത്. ബാബാസാഹിബ് അംബേദ്കറുടെ മതം മാറ്റത്തെ തുടർന്ന് ബുദ്ധമതത്തിലേക്ക് ആകർഷിക്കപ്പെട്ട ദലിത് യുവാക്കൾ പാലി പഠനത്തിൽ താല്പര്യമെടുക്കുന്നതിനെ തീവ്രവാദവും രഹസ്യപ്രവർത്തനവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഒന്നുകിൽ ശുദ്ധവിവരക്കേടാണ്, അല്ലെങ്കിൽ ശുദ്ധതെമ്മാടിത്തമാണ്.

Friday, October 2, 2009

ഓരോ ജനതയും ഓരോ തലമുറയും ഗാന്ധിയെ പുന:സൃഷ്ടിക്കുന്നു

ഗാന്ധി ജയന്തി ദിനത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി, വീക്ഷണം ദിനപത്രം അയച്ചുതന്ന ചോദ്യങ്ങൾക്ക് ഉത്തരമായി, ഞാൻ എഴുതിയ കുറിപ്പ്:

ജീവിതകാലത്ത് ഗാന്ധിജിയോടൊപ്പമായിരുന്ന പല പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ ആദർശങ്ങൾക്കനുസൃതമായല്ല ഇപ്പോൾ പ്രവർത്തിക്കുന്നത്. ജീവിതകാലത്ത് അദ്ദേഹത്തെ എതിർത്തിരുന്ന പല പ്രസ്ഥാനങ്ങളും അവയുടെ പിന്തുടർച്ചക്കാരും ഇപ്പോൾ അദ്ദേഹത്തെ തൊട്ട് ആണയിടാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ ഗാന്ധിജിയുടെ സമകാലിക പ്രസക്തി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.

ഗാന്ധിജിയുടെ ജനാധിപത്യ സങ്കല്പത്തിൽ നിന്ന് നാം അകന്നുപോകുന്നുവെന്ന് വിലപിക്കുന്നതിൽ അർത്ഥമില്ല. നമുക്ക് ഇപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ എഴുതിയുണ്ടാക്കിയ ഒരു ഭരണഘടനയുണ്ട്. നമ്മുടെ ഭരണകൂടസ്ഥാ‍പനങ്ങൾ പ്രവർത്തിക്കേണ്ടത് അതനുസരിച്ചാണ്. അവ അതിൽനിന്ന് അകന്നുപോകുന്നതാണ് നമ്മെ ആശങ്കാകുലരാക്കേണ്ടത്.

തെക്കേ ആഫ്രിക്കയിൽ നിന്ന് 1915ൽ തിരിച്ചെത്തിയ ഗാന്ധി നഗരങ്ങളിലെ വിദ്യാസമ്പന്നരിൽ ഒതുങ്ങി നിന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിനെ അഞ്ചു കൊല്ലത്തിൽ ബഹുജനപ്രസ്ഥാനമാക്കി മാറ്റി. ഭാരതീയ സമൂഹത്തിന്റെ വൈവിധ്യം ഉയർത്തുന്ന പ്രശ്നങ്ങൾ ആഫ്രിക്കയിലെ ഇന്ത്യാക്കാർക്കിടയിൽ പ്രവർത്തിക്കുമ്പോൾ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. വൈവിധ്യം നിലനിർത്തിക്കൊണ്ട് ജനങ്ങളെ ഒന്നിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കാമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം ആ ശ്രമത്തിന്റെ ഭാഗമായിരുന്നു. അധികാരത്തിലേറിയപ്പോൾ കോൺഗ്രസ് അത് പാലിച്ചില്ല. പക്ഷെ ബഹുജന പ്രക്ഷോഭങ്ങളുടെ മുന്നിൽ അതിന് മുട്ടുമടക്കേണ്ടി വന്നു.

ഗാന്ധി എന്ത് പഠിപ്പിച്ചെന്ന് ചോദിച്ചാൽ ബഹുഭൂരിപക്ഷം പേരും ‘അഹിംസ’ എന്നാവും പറയുക. എത്രയൊ നൂറ്റാണ്ടുകൾക്കുമുമ്പ് ബുദ്ധൻ പഠിപ്പിച്ചതാണത്. പക്ഷെ നാം ആ പാഠം മറന്നു. ബുദ്ധന്റെ പേര് ഉച്ചരിക്കാതെയാണ് ഗാന്ധി അഹിംസാ തത്വം വീണ്ടും അവതരിപ്പിച്ചത്. വീണ്ടും നാം അത് മറന്നാൽ മറ്റാരെങ്കിലും വീണ്ടും അത് ആരെങ്കിലും അവതരിപ്പിക്കും.

മരണാനന്തരം ഗാന്ധിജി രാജ്യാന്തരതലത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലായിരുന്ന കാലത്ത് ഇന്ത്യാക്കാരുടെ അവകാശങ്ങൾക്കായി മാത്രമാണ് അദ്ദേഹം പൊരുതിയത്. വെള്ളക്കാർക്കെതിരെ ആയുധമെടുത്ത കറുത്തവരോട് അദ്ദേഹം പറഞ്ഞത് വെള്ളക്കാരെ ഭരണാധികാരികളായി കിട്ടിയത് ഭാഗ്യമായി കരുതണമെന്നാണ്. എന്നാൽ ആഫ്രിക്കയിലെയും അമേരിക്കയിലെയും കറുത്തവർ അദ്ദേഹത്തെ അവരുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കരുതുന്നു. ലോകം അദ്ദേഹത്തെ പ്രശ്നങ്ങൾ സമാധാനപൂർണ്ണമായി പരിഹരിക്കാനുള്ള മാർഗ്ഗം നിർദ്ദേശിച്ച രാജ്യതന്ത്രജ്ഞനായി വാഴ്ത്തുന്നു.

രാജ്യവും ലോകവും നേരിടുന്ന ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് ഉയർന്നിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇന്ന് പരിസ്ഥിതി പ്രവർത്തകരുടെ പ്രിയപ്പെട്ട മുദ്രാവാക്യം: “എല്ലാവരുടെയും ആവശ്യങ്ങൾ നമുക്ക് നിറവേറ്റാനാകും, പക്ഷെ ആരുടെയും അത്യാഗ്രഹം നിറവേറ്റാനാവില്ല”. ഇതിനെയും അദ്ദേഹത്തിന്റെ മരണാനന്തര വളർച്ചയ്ക്ക് തെളിവായി കാണാം.

ഫ്യൂഡൽ വിഭാഗത്തിൽ‌പെടുന്ന ധാരാളം നേതാക്കന്മാരുണ്ടായിരുന്ന കോൺഗ്രസ്സിന്റെ കാര്യപരിപാടിയിൽ ദലിതരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സമീപനം നിർണ്ണായകമായ പങ്ക് വഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ട്രസ്റ്റീഷിപ്പ് സങ്കല്പം ജനാധിപത്യം ആവശ്യപ്പെടുന്ന തുല്യതയും തുല്യാവകാശവുമായി പൊരുത്തപ്പെടുന്നതല്ല. ദലിത് വിഭാഗങ്ങൾ ഇത് തിരിച്ചറിയുന്നതുകൊണ്ട് അദ്ദേഹം പ്രചരിപ്പിച്ച ‘ഹരിജൻ’ എന്ന പദം അവർ തള്ളിക്കളയുന്നത്.

ഇന്ത്യയിലെ പുതു തലമുറകൾക്ക് ഗാന്ധിയെ ആവശ്യമില്ലെന്ന് കരുതുന്നത് തെറ്റാവും. ആറ്റൻബറൊയുടെ ‘ഗാന്ധി’ സിനിമയ്ക്ക് രാജ്യത്ത് ലഭിച്ച സ്വീകരണവും ബോളിവുഡ്ഡിന്റെ പിൽക്കാല സംഭാവനയായ ‘ഗാന്ധിഗിരി’യും ഓരോ തലമുറയും അതിന്റെ ആവശ്യത്തിനൊത് ഗാന്ധിയെ വീണ്ടും വീണ്ടും കണ്ടെത്തുമെന്ന് തെളിയിക്കുന്നു.

Wednesday, September 30, 2009

ചൈന: ദൂരെ നിന്നും അടുത്തു നിന്നും

നാളെ, ഒൿടോബർ ഒന്ന്. മാവോ സെതൂങിന്റെ നേതൃത്വത്തിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്ത് ജനകീയ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചതിന്റെ അറുപതാം വാർഷികദിനം. “ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടേതാകും പൈങ്കിളിയേ” എന്ന ഗാനത്തിനൊപ്പം “ഓ… മധുരമനോഹര മനോജ്ഞ ചൈന”യും1950കളിൽ കേരളത്തെ പുളകം കൊള്ളിച്ചിരുന്നു.

ഒന്നരക്കൊല്ലം യൂണിവേഴ്സിറ്റി ഓഫ് ഫിലിപ്പീൻസിൽ ചെലവഴിച്ചതിനിടയിൽ 1959ൽ ഞാൻ ജപ്പാനിലേക്ക് ഒരു മാസം നീണ്ട സന്ദർശനം നടത്തുകയുണ്ടായി. മനിലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ ഇടയ്ക്കു കിടക്കുന്ന രാജ്യങ്ങളൊക്കെയും സന്ദർശിക്കാൻ പദ്ധതിയിട്ടു. അക്കാലത്ത് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഓരോ രാജ്യത്തിന്റെയും പേർ പാസ്പോർട്ടിൽ പ്രത്യേകം പ്രത്യേകം എഴുതുകയായിരുന്നു പതിവ്. ർന്റെ പാസ്‌പോർട്ടിൽ ചൈന ഉൾപ്പെടുത്താൻ പറ്റില്ലെന്ന് മനിലയിലെ ഇന്ത്യൻ എംബസി പറഞ്ഞു.

ഹോങ്കോങിൽ ചെന്നപ്പോൾ അവിടെ നിന്ന് തെക്കൻ ചൈനയിലെ കാന്റോൺ നഗരത്തിലേക്ക് ദിവസവും ഒരു ട്രെയിൻ ഉണ്ടെന്നറിഞ്ഞു. അതിൽ ചൈന അതിർത്തി വരെ പോകാൻ ഞാനും ഒപ്പം യാത്ര ചെയ്യുകയായിരുന്ന സിംഹള സുഹൃത്ത് ലയണൽ ഗുണവർദ്ധനയും തീരുമാനിച്ചു. ചൈനയിലേക്ക് പോകാനുള്ള അനുമതി പത്രമില്ലാത്തതുകൊണ്ട് അതിർത്തിയിലുള്ള സ്റ്റേഷനിലേക്ക് ടിക്കറ്റ് നൽകാൻ റയിൽ‌വേ അധികൃതർ വിസമ്മതിച്ചു. അതുകൊണ്ട് അതിനു മുമ്പുള്ള സ്റ്റേഷനിലേക്ക് ഞങ്ങൾ ടിക്കറ്റ് എടുത്തു. അവിടെ വണ്ടിയിറങ്ങി പുറത്തുകടന്നപ്പോൾ അതിർത്തി വരെ സന്ദർശകരെ പതിവായി സൈക്കിളിൽ കൊണ്ടുപോകുന്ന ചിലർ ഞങ്ങളെ സമീപിച്ചു. കൂലി പറഞ്ഞുറപ്പിച്ചശേഷം രണ്ടുപേർ ഞങ്ങളെ സൈക്കിളിന്റെ കാരിയറിലിരുത്തി ഒരു കുന്നിൻ മുകളിലെത്തിച്ചു. വിശാലമായ ഒരു സമതലപ്രദേശം ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു: “അതാ, അതാണ് ചൈന!“ ലയണലും ഞാനും ആ കുന്നിൻ മുകളിൽ നിന്ന് മധുരമനോഹര മനോജ്ഞ ചൈന കൺകുളിർക്കെ കണ്ടു. എന്നിട്ട് സൈക്കിളിൽതന്നെ മടങ്ങി.

പിന്നീട് ചൈനയുടെ മധുരമനോഹരമല്ലാത്ത മുഖം നാം കണ്ടു.

കമ്മ്യൂണിസ്റ്റിതര രാജ്യങ്ങളുമായി വളരെക്കാലം പരിമിതമായ ബന്ധം മാത്രം പുലർത്തിയിരുന്ന ചൈന 1960കളുടെ അന്ത്യത്തിൽ ടേബിൾ ടെന്നിസ് മത്സരങ്ങൾ റിപ്പോർട്ടു ചെയ്യാൻ വിദേശ പത്രപ്രതിനിധികളെ ക്ഷണിക്കാൻ തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള പത്രപ്രതിനിധികൾക്കും ‘പിങ്‌പോങ് ഡിപ്ലോമസി’യുടെ ഗുണം കിട്ടുമെന്ന പ്രതീക്ഷ ഉയർന്നപ്പോൾ അവസരം കിട്ടിയാൽ ഒരാളെ അയയ്ക്കാൻ യു.എൻ.ഐ. തീരുമാനിച്ചു. അങ്ങനെ വി.പി.രാമചന്ദ്രനും ഞാനും ചൈനീസ് വിസയ്ക്ക് അപേക്ഷ നൽകി. ഇരുവർക്കും വിസ തന്നില്ല. പക്ഷെ ചൈനീസ് നയതന്ത്രഞന്മാർ ഞങ്ങളെ വെവ്വേറെ അത്താഴത്തിന് ക്ഷണിച്ചു. ആദ്യമായി ശരിയായ ചൈനീസ് ആഹാരം കഴിച്ചത്.

ഒടുവിൽ ഒരു ടേബിൾ ടെന്നിസ് മത്സരം റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്ന് ഒരാളെ ക്ഷണിക്കാൻ ചൈന തീരുമാനിച്ചപ്പോൾ അതിന് തെരഞ്ഞെടുത്തത് പി.ടി.ഐ.യുടെ ലേഖകനെയായിരുന്നു.
ഡെങ് സ്യാഒപിങ് 1978ൽ ചൈനയിൽ സാമ്പത്തിക പരിഷ്കാരത്തിന് തുടക്കം കുറിച്ചശേഷം മാധ്യമപ്രവർത്തകർക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായാണെങ്കിലും അവിടേക്ക് യാത്ര ചെയ്യാൻ അവസരം ലഭിച്ചുതുടങ്ങി. എന്റെ ചൈനാ സന്ദർശന മോഹം സഫലമായത് 1988ലാണ്. ഡെക്കാൺ ഹെറാൾഡ് അസോഷ്യേറ്റ് എഡിറ്ററെന്ന നിലയിൽ വിസയ്ക്ക് അപേക്ഷിച്ചപ്പോൾ വിദേശ നിക്ഷേപത്തിനു തുറന്നു കൊടുത്ത തീരപ്രദേശം കൂടാതെ, പരിഷ്കരണത്തെ തുടർന്ന് പുതിയ വ്യവസായങ്ങളുണ്ടായ ഒരു പ്രദേശവും ഒരു ന്യൂനപക്ഷ പ്രദേശവും (തിബറ്റ് അല്ലെങ്കിൽ സിങ്കിയാങ്) സന്ദർശിക്കാൻ താല്പര്യമുണ്ടെന്ന് ഞാൻ അറിയിച്ചെങ്കിലും യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്ത സിൻഹുഅ (ന്യൂ ചൈന) ന്യൂസ് ഏജൻസി ന്യൂനപക്ഷ പ്രദേശം ഒഴിവാക്കി. തിരിച്ചുവന്നശേഷം ഡെങ് പരിഷ്കാരം നടപ്പിലാക്കിയശേഷമുള്ള പത്തു കൊല്ലക്കാലത്ത് ചൈന വരിച്ച നേട്ടങ്ങളെക്കുറിച്ച് ഡെക്കാൺ ഹെറാൾഡിൽ ഒരു ലേഖന പരമ്പര എഴുതി.

Saturday, September 26, 2009

സ്വകാര്യ പ്രാക്ടീസ് നിർത്തലാക്കൽ വിശാല പരിഷ്കരണത്തിന്റെ ഭാഗമാകണം

മാധ്യമം ദിനപത്രത്തിന്റെ ഇന്നത്തെ ലക്കത്തിൽ ഈ വിഷയത്തിലുള്ള എന്റെ ഒരു ലേഖനമുണ്ട്.

http://www.madhyamam.com/news_details.asp?id=8&nid=233981&page=1

Sunday, September 20, 2009

മാധ്യമങ്ങൾ വിട്ടുനിൽക്കരുത്

പോൾ വധക്കേസ് സംബന്ധിച്ച ചില റിപ്പോർട്ടുകൾ വിമർശനവിധേയമായ സാഹചര്യത്തിൽ മാതൃഭൂമി “കല്ലേറുകൾക്കിടയിലെ മാധ്യമധർമം” എന്ന തലക്കെട്ടിൽ ഒരു പരമ്പര തുടങ്ങുകയുണ്ടായി.

പത്രം ആവശ്യപ്പെട്ടതനുസരിച്ച് ഈ പംക്തിയ്ക്കായി ഞാൻ എഴുതിയ ലേഖനം “മാധ്യമങ്ങൾ വിട്ടുനിൽക്കരുത്” എന്ന തലക്കെട്ടിൽ ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ടു. ലേഖനത്തിന്റെ മൂലരൂപം ഇവിടെ വായിക്കാം.

Friday, September 18, 2009

സംഘർഷ മേഖലകളിലെ മാധ്യമപ്രവർത്തനം

ഒന്നാം ലോക മഹയുദ്ധം അവസാനിച്ച് 20 കൊല്ലം കഴിഞ്ഞപ്പോൾ രണ്ടാമത്തേത് തുടങ്ങി. അത് അവസാനിച്ചിട്ട് 64 കൊല്ലമായി. ഈ കാലയളവിൽ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടായില്ലെന്നതിൽ നമുക്ക് അഭിമാനിക്കാം. പക്ഷെ ഈ കാലത്തും ലോകത്ത് സമാധാനം നിലനിന്നിരുന്നില്ലെന്നത് മറക്കാവുന്നതല്ല. ഇക്കാലമത്രയും ചെറുതും വലുതുമായ നിരവധി യുദ്ധങ്ങൾ എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിട്ടുണ്ട്. അന്റാർട്ടിക്കാ ഭൂഖണ്ഡം മാത്രമാണ് ഇതിന് അപവാദമായി ചൂണ്ടിക്കാണിക്കാവുന്നത്. അവിടെ കഴിഞ്ഞുകൂടുന്ന പെൻഗ്വിനുകൾക്ക് മനുഷ്യന്റെ സ്വഭാവമില്ല.

സംഘർഷം വാർത്തയാണ്. അതുള്ളിടത്ത് മാധ്യമപ്രവർത്തകർ ഓടിയെത്തുന്നു. കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് 350 മാധ്യമപ്രവർത്തകർ സംഘർഷ മേഖലകളിൽ കൊല്ലപ്പെട്ടതായി ഒരു പഠന റിപ്പോർട്ട് പറയുന്നു. പലരെയും അന്യോന്യ പോരാടുന്ന വിഭാഗങ്ങളിൽ പെടുന്നവർ മന:പൂർവ്വം കൊല്ലുകയായിരുന്നു.

സംഘർഷങ്ങൾ റിപ്പോർട്ടു ചെയ്യുക മാത്രമാണൊ മാധ്യമങ്ങളുടെ കർത്തവ്യം? അതോ അവയ്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളിൽ അവർ പങ്കാളികളാകണോ? പല സമൂഹങ്ങളിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. അതിന്റെ ഫലമായി നിഷേധാത്മകപായ സമീപനം സ്വീകരിച്ച് സംഘർഷങ്ങൾ ആളിപ്പടർത്തുന്നതിനു പകരം മാധ്യമങ്ങൾ സമാധാനത്തിന്റെയും സമവായത്തിന്റെയും സന്ദേശവാഹകരാകണമെന്ന അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്. ഈ ആശയം പ്രചരിപ്പിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് ജർമ്മനിയിലെ “പീസ് കൌണ്ട്സ്” (Peace Counts). ലോകത്തിന്റെ പല ഭാഗത്തും അത് ഈ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ സംഘടനയുടെ മുഖ്യ പ്രവർത്തകനായ മൈക്കൽ ഗ്ലിഷ് (Michael Gleich) ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സഹകരണത്തൊടെ മാധ്യമപ്രവർത്തകർക്കായി സംഘർഷപ്രദേശങ്ങളിൽ സമാധാനപ്രക്രിയയ്ക്ക് സഹായകമായ രീതിയിൽ എങ്ങനെ പ്രവർത്തിക്കാമെന്നതിനെക്കുറിച്ച് ഒരു ശില്പശാല നടത്തുകയുണ്ടായി. അതിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചത് ഞാനാണ്.

പ്രസ് ക്ലബ്ബിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിലെ വിദ്യാർത്ഥികൾക്കായി ഇതെ വിഷയത്തിൽ ഗ്ലിഷ് നാളെ ശില്പശാല നടത്തുന്നതാണ്.

Thursday, September 17, 2009

പത്രങ്ങളിലെ മതപംക്തികൾ

നമ്മുടെ പത്രങ്ങളിലെ മതപംക്തികളെക്കുറിച്ച് പഠനം നടത്തുന്ന ഒരു ജേർണലിസം വിദ്യാർത്ഥിയിൽനിന്ന് ഈയിടെ എനിക്ക് ഒരു ചോദ്യാവലി കിട്ടി..

ഇംഗ്ലീഷിലുള്ള ചോദ്യാവലിക്ക് ഞാൻ നൽകിയ മറുപടി KERALA LRTTER ബ്ലോഗിൽ.

Monday, August 31, 2009

ഓണാശംസകള്‍

എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍!

പോയിമറഞ്ഞ നല്ല കാലത്തെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കുന്നതിനോടൊപ്പം

ഇനിയും നല്ല കാലം വരുമെന്ന പ്രതീക്ഷയും നമുക്ക് പുലര്‍ത്താം

Sunday, August 30, 2009

ഫേസ്ബുക്കില്‍ ഉയര്‍ത്തുന്ന ചോദ്യം

പോള്‍ എം. ജോര്‍ജിന്റെ ഭൂതകാലത്തെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് പിണറായി വിജയന്‍.
മാധ്യമങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ താന്‍ ആളല്ലെന്ന് വി.എസ്. അച്യുതനന്ദന്‍. കൊല്ലപ്പെട്ട മുത്തൂറ്റ് മുതലാളി സി.പി.എം. വിഭാഗീയതയുടെ തിരിച്ചുവരവിന്‌ കാരണമാവുകയാണോ?

ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കു മുന്നില്‍ ഞാന്‍ അവതരിപ്പിച്ചിട്ടൂള്ള ചോദ്യമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇവിടെയും അല്പം തമാശ ആകാം.

Tuesday, August 25, 2009

ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍

ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്ത സഭയല്ല നമ്മുടെ ഭരണഘടന തയ്യാറാക്കിയത്. പരിമിതമായ വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് ഇന്ത്യയിലെ പ്രിവിശ്യാ നിയമസഭകളാണ് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗങ്ങളെ തെരഞ്ഞെടുത്തത്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍ ലയിച്ചപ്പോള്‍ അവയ്ക്കും സഭയില്‍ പ്രാതിനിധ്യം നല്‍കപ്പെട്ടു. ഏതാനും നാട്ടുരാജ്യങ്ങളില്‍ മാത്രമാണ് നിയമസഭകള്‍ ഉണ്ടായിരുന്നത്. നിയമസഭകളില്ലാത്ത രാജ്യങ്ങളുടെ പ്രതിനിധികളെ രാജാക്കന്മാരാണ് നാമനിര്‍ദ്ദേശം ചെയ്തത്. പ്രാതിനിധ്യസ്വഭാവമില്ലാത്ത സഭകളും രാജാക്കന്മാരുമാണ് അവരെ ഭരണഘടനാ നിര്‍മ്മാണസഭയിലെത്തിച്ചതെങ്കിലും ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെയാകെ പ്രതിനിധീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അംഗങ്ങള്‍ വിശ്വസിച്ചു. സ്വതന്ത്ര ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് സാക്ഷാത്കരിക്കാനുള്ള ചുമതല തങ്ങളില്‍ അര്‍പ്പിതമാണെന്നുമുള്ള വിശ്വാസത്തില്‍ അവര്‍ അതിനുതകുന്ന തരത്തിലുള്ള ഭരണഘടന
തയ്യാറാക്കി. എന്നിട്ട് അതിന്റെ നിര്‍മ്മാതാക്കള്‍ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍“ ആണെന്ന് ആമുഖത്തില്‍ എഴുതിവെച്ചു. പല രാജ്യങ്ങളിലെയും ഭരണഘടനകള്‍ പഠിച്ചശേഷം അവയിലെ നല്ല അംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമപണ്ഡിതര്‍ ഭരണഘടനയുടെ കരട് തയ്യാറാക്കി. അതുകൊണ്ടാണ് അത് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായിത്തീര്‍ന്നത്. എല്ലാ പൌരന്മാര്‍ക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഭരണഘടനയുടെ ആമുഖം
പ്രഖ്യാപിക്കുന്നു.

നമ്മുടെ ഭരണഘടനയുടെ സവിശേഷത ഈ പ്രഖ്യാപനത്തില്‍നിന്ന് വായിച്ചെടുക്കാം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രാന്‍സില്‍ വിപ്ലവകാലത്ത് ഉയര്‍ന്ന ആശയങ്ങളാണ്. അവ വളരെ വേഗം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളായി ലോകമൊട്ടുക്ക് അംഗീകാരം നേടി. നമ്മുടെ ഭരണഘടനയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അത് നീതിയെ ഈ തത്വങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നതാണ്. അത് നീതിസങ്കല്പത്തെ ഇങ്ങനെ വിശദീകരിക്കുകയും ചെയ്യുന്നു: “സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി“. ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന മിക്ക രാജ്യങ്ങളും സാമൂഹികമായി ഏറെക്കുറെ ഏകമാന സ്വഭാവമുള്ളവയാണ്. അവിടങ്ങളില്‍ സാമൂഹിക അസമത്വം ഒരു ഗുരുതരമായ പ്രശ്നമല്ല. ബഹുഭൂരിപക്ഷം ജനങ്ങളും നൂറ്റാണ്ടുകളായി ക്രമീകൃത അസമത്വത്തിന് വിധേയരായിരുന്ന ഈ
രാജ്യത്ത് തുല്യത ഉറപ്പുവരുത്താതെ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാവില്ലെന്ന തിരിച്ചറിവാണ് നീതിക്ക് പ്രാഥമികത്വം നല്‍കാന്‍ ഭരണഘടനാനിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. നീതി -- സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി --ഉറപ്പാക്കുന്നതിലുള്ള വിജയമൊ പരാജയമൊ ആവും ആത്യന്തികമായി നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ഭാവി നിര്‍ണ്ണയിക്കുക. ജനാധിപത്യത്തിന് നിരക്കാത്ത പലതും രാജ്യത്ത് നടക്കുന്നുണ്ട്. അധികാരം കയ്യാളുന്നവരും അവര്‍ക്കെതിരെ നിലകൊള്ളുന്നവരും അത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. ചിലരുടെ ലക്ഷ്യം നീതി നിഷേധമാണ്. മറ്റ് ചിലരുടേത് നീതിനേടലും.

അടിസ്ഥാനപരമായി എല്ലാ ജനാധിപത്യ ഭരണഘടനകളും അധികാരം എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡിഷ്യറി എന്നീ ഭരണകൂട ശാഖകള്‍ക്ക് വീതിച്ചു നല്‍കുകയും അവ പരസ്പരം നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു സംവിധാനമാണ് നമ്മുടെ ഭരണഘടനയും രൂപപ്പെടുത്തിയത്. എന്നാല്‍ അര നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ അതിലെ പരസ്പരനിയന്ത്രണ വ്യവസ്ഥകള്‍ക്ക് കോട്ടം സംഭവിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവിന്റെ തലപ്പത്തുള്ളത് അതിശക്തനായ വ്യക്തിയാണെങ്കില്‍ നിയമസഭയ്ക്ക് അതിനെ നിയന്ത്രിക്കാനുള്ള കഴിവ് ചുരുങ്ങുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ ഇത്തരത്തിലുള്ള സാഹചര്യമാണുണ്ടായിരുന്നത്. പിന്നീട് രാഷ്ട്രീയരംഗത്ത് കടുത്ത ശൈഥില്യം സംഭവിക്കുകയും എക്സിക്യൂട്ടീവ് ദുര്‍ബലമാവുകയും ചെയ്തു. പരസ്പരം നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും കഴിവ് ക്ഷയിച്ചപ്പോള്‍ അവയുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൌരന്മാര്‍ക്ക് ആശ്രയിക്കാവുന്ന ഏക സ്ഥാപനമെന്ന നിലയില്‍ ജുഡിഷ്യറിയുടെ യശസ് വര്‍ദ്ധിച്ചു. ഇത് ജുഡിഷ്യറിക്ക് അതിന്റെ അധികാരം വിപുലീകരിക്കാന്‍ അവസരം നല്‍കി. ആ അവസരം ഉപയോഗിച്ച് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സ്വയം ഏറ്റെടുത്തു.

ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ഭരണഘടന നല്‍കിയത് രാഷ്ട്രപതിക്കാണ്. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് രാഷ്ട്രപതി എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ജഡ്ജിമാരുടെ നിയമനത്തില്‍ ചീഫ് ജസ്റ്റിസുമായി ആലോചിക്കണമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആലോചിക്കണമെന്ന വ്യവസ്ഥകൊണ്ട് അര്‍ത്ഥമാക്കുന്നത് നിയമനത്തിന് ചീഫ് ജസ്റ്റിസിന്റെ അംഗീകാരമുണ്ടാകണമെന്നാണെന്ന് സുപ്രീം കോടതി ഒരു വിധിയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസും മറ്റ് രണ്ട് മുതിര്‍ന്ന ജഡ്ജിമാരും കൂടി തീരുമാനിക്കുന്നവരെ മാത്രമെ രാഷ്ട്രപതിക്ക് ജഡ്ജിമാരായി നിയമിക്കാനാവൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് ഭരണഘടനാ നിര്‍മ്മാതാക്കള്‍ വിഭാവന ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. തന്നെയുമല്ല ജനാധിപത്യത്തിനൊ സാമാന്യ ബുദ്ധിക്കൊ നിരക്കുന്നതുമല്ല. ഭരണഘടനയനുസരിച്ച് അതിന്റെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കാനുള്ള അധികാരം കോടതിക്കാണ്. കോടതി ഇതിനെ ഭരണഘടനാ വ്യവസ്ഥകള്‍ എന്താകണമെന്ന് തീരുമാനിക്കാനുള്ള അവകാശമായി വിപുലപ്പെടുത്തിയിരിക്കുകയാണ്.

തങ്ങള്‍ ഭരണഘടനയുടെ സൂക്ഷിപ്പുകാരാണെന്ന ധാരണ കോടതിക്കുണ്ടെന്നും ദുര്‍ബലമായ മറ്റ് സ്ഥാപനങ്ങള്‍ ഇത് സമ്മതിച്ചുകൊടുക്കാന്‍ തയ്യാറാണെന്നുമാണ് നിലവിലുള്ള അവസ്ഥ സൂചിപ്പിക്കുന്നത്. ആമുഖം സൂക്ഷ്മബുദ്ധിയോടെ പരിശോധിച്ചാല്‍ ഭരണഘടന ഏതെങ്കിലും സ്ഥാപനത്തെ അതിന്റെ സൂക്ഷിപ്പുകാരാക്കിയിട്ടില്ലെന്ന് കാണാവുന്നതാണ്. “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍” ഭരണഘടന “ഞങ്ങള്‍ക്കു തന്നെ നല്‍കുന്നു” എന്നാണ് അത് പറയുന്നത്. അതായത് ഭരണഘടനയുടെ നിര്‍മ്മാതാക്കളായ ജനങ്ങള്‍ തന്നെയാണ് അതിന്റെ സൂക്ഷിപ്പുകാരും.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് അലഹബാദ് ഹൈക്കോടതിയും ഉത്തര്‍ പ്രദേശ് നിയമസഭയും തമ്മില്‍ ഒരു അധികാരതര്‍ക്കം ഉണ്ടായി. അന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപദേശിച്ചതനുസരിച്ച് രണ്ട് സ്ഥാപനങ്ങളുടെയും അധികാരവ്യാപ്തിയെക്കുറിച്ച് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ കോടതി പറഞ്ഞത് ഓരോന്നിനും അതിന്റെ മണ്ഡലത്തില്‍ പരമാധികാരമുണ്ടെന്നായിരുന്നു. എന്നാല്‍ പിന്നീട്, ഒരു വിധിന്യായത്തില്‍, എല്ലാ സ്ഥാപനങ്ങളുടെയും അധികാരത്തിന്റെ ഉറവിടം ഭരണഘടനയാകയാല്‍ പരമാധികാരം ഭരണഘടനയില്‍ നിക്ഷിപ്തമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. അധികാരത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഭരണഘടന കഴിഞ്ഞും തുടരണം. ഭരണഘടനയുടെ പരമാധികാരത്തിന്റെ സ്രോതസ് എന്താണ്? ആ ചോദ്യത്തിനുള്ള ഉത്തരം അതിന്റെ ആമുഖത്തില്‍ തന്നെയുണ്ട്. അത് ജനങ്ങളാണ് -- ഭരണഘടനയുടെ നിര്‍മ്മാതാക്കളും സൂക്ഷിപ്പികാരുമായ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍”.

ഭരണഘടന മാറ്റങ്ങള്‍ക്ക് വിധേയമാണ്. അതിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമാകണം. മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍“ നല്‍കിയത് പാര്‍ലമെന്റിനാണ്. കോടതി ഇടപെടലുകളിലൂടെ ഭരണഘടനയിലുണ്ടായ മാറ്റങ്ങളില്‍ പലതും ജനാഭിലാഷങ്ങള്‍ക്ക് അനുസൃതമാണ്. എന്നാല്‍ അങ്ങനെയല്ലാത്ത ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വ്യവസ്ഥയിലുണ്ടായിട്ടുള്ള മാറ്റം അത്തരത്തിലൊന്നാണ്. പല നിയമ
വിദഗ്ദ്ധരും ഇത് പരസ്യമായി പറഞ്ഞിട്ടുണ്ട്. ആ തെറ്റ് തിരുത്തപ്പെടണം. ഒരു വിധിയിലൂടെ സുപ്രീം കോടതി തന്നെ അത് ചെയ്യുന്നത് നന്നായിരിക്കും. കോടതി അതിന് തയ്യാറാകുന്നില്ലെങ്കില്‍, ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ അധികാരമുള്ള സ്ഥാപനമെന്ന നിലയില്‍ പാര്‍ലമെന്റ് ആ ചുമതല നിര്‍വഹിക്കണം.

അഞ്ചു കൊല്ലത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടുമാത്രം നാമൊരു ജനാധിപത്യസമൂഹമാവില്ല. ഓരോ ഭരണഘടനാ സ്ഥാപനവും അതിന്റെ ചുമതലകള്‍ യഥാവിധി നിര്‍വഹിക്കുന്നെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഭരണഘടനയുടെ സൂക്ഷിപ്പുകാരെന്ന നിലയില്‍ ജനങ്ങള്‍ക്കുണ്ട്. അധികാരപരിധി ലംഘിക്കാനുള്ള പ്രവണത ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പൌരസമൂഹം ജാഗ്രത പുലര്‍ത്തുകയും ഒരു സ്ഥാപനവും മറ്റുള്ളവയുടെ മേഖലകളില്‍
കടന്നുകയറുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇത് തുടര്‍ച്ചയായി ചെയ്യേണ്ട പ്രക്രിയയാണ്. (മാധ്യമം വാര്‍ഷികപ്പതിപ്പ്)

Sunday, August 23, 2009

അഴിമതിവിരുദ്ധ കൂട്ടായ്മ

സി.ആര്‍.നീലകണ്ഠന്റെ നേതൃത്വത്തില്‍ സാമൂഹിക സാംകാരിക പ്രവര്‍ത്തകര്‍ ഒരു അഴിമതിവിര്‍ദ്ധ കൂട്ടായ്മക്ക് രൂപം നല്‍കിയിരിക്കുന്നു.

കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കണ്‍‌വന്‍ഷന്‍ സി.ആര്‍.നീലകണ്ടന്‍ (കണ്‍‌വീനര്‍), ഡോ. ആസാദ്, എം.ആര്‍.മുരളി, ളാഹ ഗോപാലന്‍, കെ.അജിത, ജോണ്‍ കൈതാരത്ത്, എം.നന്ദകുമാര്‍ തുടങ്ങിയവരടങ്ങുന്ന ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു.

ഈ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ പരിപൂര്‍ണ്ണ പിന്തുണ അര്‍ഹിക്കുന്ന ഒന്നയാണ്‌ ഞാന്‍ കാണുന്നത്. കാരണം പ്രത്യയശാസ്ത്രപരമായ അവകാശവാദങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് കേരള രാഷ്ട്രീയത്തിലെ മുഖ്യ ചാലക ശക്തിയായി അഴിമതി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഇവിടെ ഒഴുകുന്ന പതിനായിരക്കണക്കിന്‌ കോടി രൂപയില്‍ എത്രയാണ്‌ അഴിമതിയുടേ ചാലിലെത്തുന്നതെന്ന് കണക്കാക്കുക എളുപ്പമല്ല. എന്നാല്‍ അത് ഒരു ചെറിയ അംശമല്ലെന്ന് ഉറപ്പായി പറയാനാകും. ഭരണത്തിന്റെ രാഷ്ട്രീയ-ഔദ്യോഗിക ശാഖകളെ അത് ഒരുപോലെ പരിപോഷിപ്പിക്കുന്നു.

അഴിമതി മൂലം പാഴായ പണത്തിന്റെ കണക്കും ലഭ്യമല്ല. പക്ഷെ കോടികള്‍ ഒഴുക്കിയ കല്ലട പദ്ധതിയെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ അതിന്റെ വ്യാപ്തിയെക്കുറിച്ച് സൂചന നല്‍കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ആദിവാസികളുടെ ഊരുകളില്‍ അക്ഷരാര്‍ത്ഥത്തില്‍തന്നെ പാലും തേനും ഒഴുക്കാനുള്ള പണം സര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ട്. പക്ഷെ മെച്ചപ്പെട്ടത് ആദിവാസി ജീവിതമല്ല, ഇടനിലക്കാരുടെ ജീവിതമാണ്‌.

കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് ഭരണത്തിന്‌ നേതൃത്വം നല്‍കിയവരുടെ നിരയില്‍ ഇ.എം.എസ്.
നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍‍, എ.കെ.ആന്റണി എന്നിങ്ങനെ രാഷ്ട്രീയ സംശുദ്ധിയ്ക്ക് പുകഴ്പെറ്റവരുണ്ട്. അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു അവര്‍. എന്നാല്‍ അവര്‍ ഒരു അഴിമതിക്കേസെങ്കിലും പുറത്തുകൊണ്ടുവരികയൊ ഒരു അഴിമതിക്കാരനെയെങ്കിലും
തുറന്നുകാട്ടുകയൊ ചെയ്തതായി ഓര്‍ത്തെടുക്കാനാകുമൊ? അഴിമതിക്കുനേരെ കണ്ണടച്ചുകൊണ്ട് സംശുദ്ധി നിലനിര്‍ത്തിയിട്ടെന്തു കാര്യം?

നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അഴിമതി കൂടാതെ നിലനില്‍ക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍. കൊല്ലം തോറും വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തന ഫണ്ടുകള്‍ പിരിച്ചിരുന്നവര്‍ ആ പതിവ് ഉപേക്ഷിച്ചിരിക്കുന്നു. അവര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും കോഴപ്പണത്തെ ആശ്രയിക്കുകയാണെന്നാണ്‌ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഈ സാഹചര്യത്തില്‍ അവയ്ക്ക് പുറത്ത് രൂപം കൊള്ളുന്ന ഒരു പ്രസ്ഥാനത്തിനേ അഴിമതിയ്ക്കെതിരെ പോരാടാനാകൂ.

Monday, August 17, 2009

കേരളം ഇന്നലെ, ഇന്ന്, നാളെ

മലയാളി സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെ വിലയിരുത്തുന്നതിനായി പത്രം വാരിക ഞാനുള്‍പ്പെടെ ചിലര്‍ക്ക് ഒരു ചോദ്യാവലി അയച്ചുകൊടുക്കുകയുണ്ടായി. അതിന്‌ ഞാന്‍ നല്‍കിയ മറുപടി ചുവടെ ചേര്‍ക്കുന്നു.

വളരാനും മുന്നേറാനും മലയാളികള്‍ക്കുണ്ടായിരുന്നത്ര സാധ്യത സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു ജനതയ്ക്കുമുണ്ടായിരുന്നില്ല. അതിന്‍ നാം നന്ദി പറയേണ്ടത് ഒരു മുന്‍ തലമുറയ്ക്കാണ്‍. പുതിയ പാത വെട്ടിത്തുറന്ന്, ഭ്രാന്താലയമെന്ന ദുഷ്പേര്‍ നേടിയ നാടിന്‍, സമൂഹികമായും സാമ്പത്തികമായും മുന്നേറാനുള്ള അവസരം ഒരുക്കിയിട്ടാണ്‍ അവര്‍ കടന്നു പോയത്. ആ അവ്സരം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്കായില്ല. ഇതിന്റെ ഉത്തരവാദിത്വത്തില്‍ രാഷ്ട്രീയ ഔദ്യോഗിക ഭരണ നേതൃത്വങ്ങള്‍‌ക്കൊപ്പം പൊതുസമൂഹത്തിനും പങ്കുണ്ട്. ഉപജീവനാര്‍ത്ഥം കേരളത്തിനു പുറത്തു കഴിഞ്ഞ നാല്‍ പതിറ്റാണ്ടു കാലത്ത് ഇക്കാര്യത്തിലെ നമ്മുടെ വീഴ്ചയെക്കുറിച്ച് ചിന്തിച്ചിരുന്നു. മലയാളികള്‍ അജ്ഞന്മാരും അഹങ്കാരികളുമാണോയെന്ന ചോദ്യം അപ്പോള്‍ മനസ്സിലുദിക്കുകയുണ്ടായി. മുപ്പത് കൊല്ലം മുമ്പ് ഗള്‍ഫ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഒരു അറബി മുതലാളി പറഞ്ഞു: “എന്റെ സ്ഥാപനത്തില്‍ ധാരാളം മലയാളികളുണ്ട്. എല്ലാം നല്ലപോലെ പണിയെടുക്കുന്നവര്‍. കൂടുതല്‍ ആളുകള്‍ വേണമെങ്കില്‍ ഞാന്‍ കൂടുതല്‍ മലയാളികളെ കൊണ്ടുവരും.“ പ്രശ്നം മലയാളികളിലല്ല അവര്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലാണെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ നിരീക്ഷണം സഹായിച്ചു.

എന്റെ കുട്ടിക്കാലത്ത് കേരളം ദരിദ്രപ്രദേശമായിരുന്നു. മഹായുദ്ധം നടക്കുകയാണ്‍. ആഹാരം കിട്ടാനില്ല. അരിക്കു പകരം റേഷന്‍ കടകള്‍ പഞ്ഞപ്പുല്ല്ല് നല്‍കുന്നു. പണി കിട്ടാനില്ലാത്തതുകൊണ്ട് അത് വാങ്ങാനുള്ള കഴിവുപോലും പലര്‍ക്കുമില്ല. എളുപ്പം പണി കിട്ടാവുന്നത് പട്ടാളത്തിലൊ പട്ടാള ആവശ്യം മുന്‍ നിര്‍ത്തിയുള്ള സംരംഭങ്ങളിലൊ ആണ്‍. അസം അതിര്‍ത്തിയില്‍ റോഡ് പണിയ്ക്ക് പോകുന്നവരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക തീവണ്ടികള്‍ പതിവ് കാഴ്ചയായിരുന്നു.

ജനങ്ങള്‍ വിദ്യാഭ്യാസത്തെ രക്ഷാമാര്‍ഗ്ഗമായി കണ്ടു. പക്ഷെ ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ പരിമിതമായിരുന്നു. അത് ഭാവിയെക്കുറിച്ചുള്ള മുന്‍ തലമുറയുടെ സങ്കല്പം ശ്രീപത്മനാഭന്റെ ചക്രം വാങ്ങാനുള്ള യോഗ്യത നേടുകയെന്നതായിരുന്നു. മുതിര്‍ന്നവര്‍ ഞങ്ങളെ ഉപദേശിച്ചത് ‘ചിറകുവെച്ച് പറന്നുപോ‘കാനായിരുന്നു. ആ തന്ത്രം ഞങ്ങളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും അയല്‍ രാജ്യങ്ങളിലുമെത്തിച്ചു. ആ രക്ഷാമന്ത്രമാണ്‍ പിന്നാലെ വന്നവരെ കുതിച്ചുയര്‍ന്ന എണ്ണ വില പെട്ടെന്ന് സമ്പന്നമാക്കിയ ഗള്‍ഫ് നാടുകളിലെത്തിച്ചതും. അതേ കാലത്തു തന്നെ ചെറിയ തോതില്‍ പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറ്റവും നടന്നു. മറുനാടുകളുകളില്‍ പണിയെടുക്കുന്നവര്‍ നാട്ടിലെ കുടുംബങ്ങളെ കരകയറ്റാന്‍ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച് അയച്ചുകൊടുക്കുന്ന പതിവ് നേരത്തെ ആരംഭിച്ചിരുന്നു. ഗള്‍ഫിലും പാശ്ചാത്യ നാടുകളിലും പോയവര്‍ക്ക് മുന്‍ പ്രവാസികള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാഞ്ഞ തോതില്‍ മിച്ചം പിടിക്കാനും പണമയക്കാനും കഴിഞ്ഞു. ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യ ഘട്ടത്തില്‍ കൊല്ലം തോറും ഏകദേശം 300 കോടി രൂപയാണ്‍ കേരളത്തില്‍ എത്തിയിരുന്നത്. കാലക്രമത്തില്‍ അത് 30,000 കോടിയായി ഉയര്‍ന്നു. കാല്‍ നൂറ്റാണ്ടു കാലത്ത് കുറഞ്ഞത് ഒന്നൊ ഒന്നരയൊ ലക്ഷം കോടി രൂപ എത്തിയിരിക്കണം. ആ പണം മണിമന്ദിരങ്ങളും ആഢംബരവസ്തുക്കളും ആഭരണങ്ങളും വാഹനങ്ങളുമായി മാറി. ഏതാണ്ട് 25,000 കോടി രൂപ ബാങ്കുകളില്‍ കിടന്നു.

പുറത്തുനിന്നു ഒഴുകിയെത്തിയ പണത്തിന്റെ ബലത്തില്‍, കൃഷിയില്‍ പിന്നാക്കം പോയിട്ടും വ്യവസായത്തില്‍ പുരോഗതി നേടാനാകാഞ്ഞിട്ടും പ്രതിശീര്‍ഷ വരുമാനത്തിലും ചിലവിലും ഈ രണ്ട് മേഖലകളിലും വലിയ മുന്നേറ്റം നടത്തിയ പഞ്ചാബിനൊപ്പമെത്താന്‍ കേരളത്തിനായി. ആ പണത്തിന്റെ നല്ല ഭാഗം ഉല്പാദനക്ഷമമായ മേഖലകളിലെത്തിയിരുന്നെങ്കില്‍ സാമൂഹിക വികസനത്തില്‍ ലോകത്തെ മുന്‍ നിര രാജ്യങ്ങള്‍‌ക്കൊപ്പം നില്‍ക്കുന്ന ഈ നാടിന്‍ സാമ്പത്തിക വികസനത്തിലും ഒരുപക്ഷെ അവയ്‌ക്കൊപ്പം എത്താനാകുമായിരുന്നു. പക്ഷെ നിരാശപ്പെടേണ്ടതില്ല. അത് കൂടാതെ തന്നെ കേരളം ഡെങ് സ്യാഓപിങ് കാട്ടിയ പാതയിലൂടെ വികസിച്ച മധുര മനോജ്ഞ ചൈനയ്ക്ക് മുകളിലാണ്‍. ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്ക് താഴെ തന്നെ.

പലപ്പോഴും പണം ചിലവാക്കുന്നത് അത് സമ്പാദിക്കുന്നവരല്ല, നാട്ടിലിരിക്കുന്ന അവരുടെ ബന്ധുക്കളാണ്‍. പണത്തിന്റെ വിലയെക്കുറിച്ച് വിയര്‍‌പ്പൊഴുക്കി അത് സമ്പാദിക്കുന്നവരുടേതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്‍ വിയര്‍പ്പൊഴുക്കാതെ അത് ചിലവാക്കുന്നവരുടേത്. ഈ വസ്തുത നമ്മുടെ വലിയ ഉപഭോഗവസ്തു വിപണിയ്ക്ക് സവിശേഷമായ സ്വഭാവം നല്‍കുന്നു. വിദേശപ്പണം ഒഴുകുന്ന ചാലിന്റെ അരികുകളില്‍ കഴിയുന്നവര്‍ക്കും അതിന്റെ ഗുണം ലഭിക്കുന്നു. നിര്‍മ്മാണം, വ്യാപാരം, ആശുപത്രി എന്നിങ്ങനെയുള്ള രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെക്കുറെ ന്യായമായ മാര്‍ഗ്ഗങ്ങളിലൂടെയും കോഴ വാങ്ങുന്ന സ്കൂള്‍, കോളെജ് ഉടമകള്‍, ഉദ്യോഗസ്ഥന്മാര്‍, നേതാക്കന്മാര്‍ തുടങ്ങിയവര്‍ക്ക് ന്യായമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയും അതിന്റെ ഗുണം ലഭിക്കുന്നു. വിവാഹക്കമ്പോളത്തിലൂടെയും ആ പണം ഒഴുകുന്നുണ്ട്. അതൊഴുകുന്ന ചാലുകളില്‍ നിന്ന് ദൂരത്ത് കഴിയുന്ന ആദിവാസികള്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. അവര്‍ ദരിദ്രരായി തുടരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് ബീപ്പീയെല്‍ എന്ന ലേബല്‍ നല്‍കി സൌജന്യങ്ങള്‍ നല്‍കുന്നു. ബീപ്പീയെല്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ കോഴ കൊടുത്തൊ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചൊ ലേബല്‍ സംഘടിപ്പിക്കുന്നു. ഗള്‍ഫ് കുടുംബങ്ങളും അക്കൂട്ടത്തിലുണ്ടത്രെ.

വന്‍ തോതിലുള്ള പണമൊഴുക്ക് ജീവിതരീതികളില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സ്വാഭാവികം മാത്രം. കൃഷിയില്‍ പിന്നിലാണെങ്കിലും ആഹാരം ഇന്ന് പ്രശ്നമല്ല. ആവശ്യമുള്ളത് മറ്റിടങ്ങളില്‍ നിന്ന് വാങ്ങി കഴിക്കാനുള്ള പണമുള്ളതുകൊണ്ട് നാം രേഷന്‍ കടയില്‍ പോകുന്നില്ല. നമ്മുടെ പേരില്‍ സര്‍ക്കാര്‍ റേഷന്‍ കടകളിലെത്തിക്കുന്ന അരി മറ്റെവിടെയോ പോകുന്നു. നാം ഹാപ്പി, സര്‍ക്കാര്‍ ഹാപ്പി, റേഷന്‍ കടക്കാര്‍ ഹാപ്പി.

വാര്‍ത്ത അറിയാന്‍ നമുക്കിന്ന് ചായക്കടയിലൊ വായനശാലയിലൊ പോകേണ്ട പത്രമെത്തും മുമ്പെ വീട്ടിലെ ടെലിവിഷന്‍ സെറ്റ് വാര്‍ത്ത ‘പൊട്ടിക്കുന്നു‘. അത് ആവശ്യാനുസരണം നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും കൂടി ചെയ്യുന്നു. അത് കാണിച്ചുര്തരുന്ന റീയാലിറ്റി പുറംലോകത്തെ റീയാലിറ്റിയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്നു. ടിവിയിലൂടെയൊ വ്യാജ സിഡിയിലൂടെ സിനിമ കാണാമെന്നതു കൊണ്ട്‍ നമുക്ക് തിയേറ്ററിലേക്കും പോകേണ്ട. പോകേണ്ടിവന്നാല്‍ ബാല്‍ക്കണിയാണ്‍ ലക്ഷ്യം. അവിടെ ഇടം കിട്ടിയില്ലെങ്കിലെ മറ്റൊരിടത്ത് ഇരിക്കുന്ന കാര്യം ചിന്തിക്കൂ. ജീവിതം സുരക്ഷിതമാക്കാന്‍ നമുക്ക് ധാരാളം സംവിധാനങ്ങളുണ്ട്. ആദ്യമായി ചെയ്യേണ്ടത് ആപത്തില്‍ പെട്ടാല്‍ സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയാണ്‍. ജാതിയും മതവും പോലെ രാഷ്ട്രീയവും ഇപ്പോള്‍ ജന്മസിദ്ധമാണ്‍. കക്ഷി ബന്ധം ഉറപ്പാക്കിക്കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികാലവും തൊഴില്‍ ജീവിതകാലവുമുള്‍പ്പെടെ എല്ലാ കാലത്തും നമ്മെ സംരക്ഷിക്കാന്‍ സംഘടനകളായി. കാലം രാഷ്ട്രീയത്തിലും മറ്റം വരുത്തി. പരിപ്പു വട തിന്ന്, കട്ടന്‍ കാപ്പി കുടിച്ച്, വിപ്ലവ സന്ദേശം പ്രചരിപ്പിച്ചവര്‍ക്ക് വംശനാശം സംഭവിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് ആഢംഭര കാറുകളില്‍ ഓടിനടന്ന് മുതലാളിത്ത വികസനത്തിന്റെ സന്ദേശം പരത്തുന്ന പുതിയ ജനുസ് രംഗം കയ്യടക്കിയിരിക്കുന്നു. രസീതു പുസ്തകവുമായി നടന്ന് പിരിക്കുന്ന ചെറിയ തുകകള്‍ കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്ന കാലം കഴിഞ്ഞു. അതുകൊണ്ട് പാര്‍ട്ടികള്‍ ഇപ്പോള്‍ പതിനായിരം ചോദിച്ചാല്‍ ലക്ഷം കൊടുക്കാന്‍ തയ്യാറുള്ള ഉദാരമതികളെ ആശ്രയിക്കുന്നു. നാം ഹാപ്പി, പാര്‍ട്ടി ഹാപ്പി, കോടിപതി ഹാപ്പി. .

പണ്ട് പണ്ട് കൊച്ചിയില്‍ നാലര ലക്ഷം രൂപയുടെയും തിരുവിതാംകൂറില്‍ രണ്ടര ലക്ഷം രൂപയുടെയും അഴിമതി ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഒരു ഹാസ്യ മാസിക കൊച്ചു കൊച്ചി തിരുവിതാംകൂറിനെ പിന്നിലാക്കിയതില്‍ പരിതപിച്ചു. ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത് 300 കോടിയുടെ ആരോപണമാണ്‍. പുതിയ നേതാക്കള്‍ തങ്ങളെ പരിഹാസ്യരാക്കുന്നെന്ന് ജനങ്ങള്‍ പരാതിപ്പെടുമെന്ന് തോന്നുന്നില്ല. നേതാക്കള്‍ക്ക് വേണമെങ്കില്‍ ബ്രിട്ടനിലെ പാര്‍ലമെന്റില്‍ അഴിമതിക്ക് വിചാരണ ചെയ്യപ്പെട്ട വാറന്‍ ഹേസ്റ്റിങ്സിനെപ്പോലെ എത്ര കുറച്ചാണ്‍ തങ്ങള്‍ വാങ്ങിയതെന്നോര്‍ത്ത് അത്ഭുതം കൂറാം. ആദ്യ കേരള സര്‍ക്കാര്‍ ക്ഷണിച്ചു കൊണ്ടുവന്ന മുതലാളി വലിയ ലാഭമുണ്ടാക്കി. നാട്ടില്‍ ഏറെ നാശം വിതറുകയും ചെയ്തു. തുടര്‍ന്നുവന്ന സര്‍ക്കാര്‍ മൂന്നാം അഞ്ചാണ്ട് പദ്ധതി തയ്യാറാക്കിയപ്പോള്‍ ഇരുമ്പൊ കല്‍ക്കരിയൊ ഇല്ലാത്തതുകൊണ്ട് നമുക്ക് ചോദിക്കാനുള്ള അര്‍ഹതപോലുമില്ലാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇഞ്ചിനീയറിങ് പ്രോജക്ടിനു വേണ്ടി വെറുതെ ഒന്ന് പിടിച്ചുനോക്കി. പിന്നീട് നമുക്ക് ഒരു കപ്പല്‍ നിര്‍മ്മാണശാല കിട്ടി. പക്ഷെ കപ്പല്‍ നിര്‍മ്മിക്കാന്‍ കാര്യമായ അവസരം ലഭിച്ചില്ല. നീണ്ട കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യബോധത്തോടെ ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ട് അവയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്‍ നാം. സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ വ്യവസായങ്ങളുടെ ശവപറമ്പുകളായി മാറിയ ഘട്ടത്തില്‍ അവയ്ക്ക് പുറത്ത് സ്വകാര്യ സംരഭകര്‍, പല വ്യവസായങ്ങളും വിജയകരമായി നടത്തിവരുന്നുണ്ട്. പക്ഷെ നേരത്തെ തുടങ്ങിയ, പരമ്പരാഗത വ്യവസായങ്ങള്‍ എന്ന് വിശേഷിക്കപ്പെടുന്നവ ഇല്ലാതായി. അവയുടെ തകര്‍ച്ചയുടെ ഒരു കാരണം നമ്മുടെ മുതലാളിമാരുടെ പിന്നാക്കാവസ്ഥയായിരുന്നു. മറ്റൊരു കാരണം തൊഴിലാളി പ്രസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയും. രണ്ട് കൂട്ടരുടെയും പ്രശ്നം ഫ്യൂഡല്‍ സ്വാധീനത്തില്‍ നിന്ന് മോചനം ലഭിച്ചിരുന്നില്ലെന്നതാണ്‍. അര്‍ബുദം ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ എന്തെങ്കിലും ബാക്കി നിന്നാല്‍ അത് വളര്‍ന്ന് എല്ലായിടത്തേക്കും പടരുന്നതുപോലെ നിര്‍വര്‍ഗ്ഗീകരിച്ച് വിപ്ലവകാരികളായ ജന്മിമാരുടെ ഉള്ളില്‍ അവശേഷിച്ച ജന്മിത്വത്തിന്റെ അംശം വളര്‍ന്ന് മനസ് മുഴുവന്‍ വ്യാപിച്ചു. ജന്മിത്വപാരമ്പര്യമില്ലാത്തവര്‍ പിന്നീട് ഉയര്‍ന്ന് വന്നെങ്കിലും അവരുടെ റോള്‍ മോഡലുകള്‍ മുന്‍‌ഗാമികളായ മുന്‍‌ജന്മിമാരായിരുന്നു. അവരിലൂടെ ഫ്യൂഡല്‍ പാരമ്പര്യം തുടരുന്നു.

മലയാളി സമൂഹത്തിന്റെ ഭാവിയെക്കുറിച്ച്? ഭരണഘടന ഇന്നത്തെ നിലയില്‍ നിലനില്‍ക്കുന്നിടത്തോളം കേരളവും കേരളസമൂഹവുമുണ്ടാകും. എന്നാല്‍ മലയാളവും മലയാള സമൂഹവുമുണ്ടാകണമെന്നില്ല. ഇംഗ്ലീഷിലൂടെ മാത്രമെ മക്കള്‍ക്ക് രക്ഷപ്പെടാനാകൂയെന്ന മാതാപിതാക്കളുടെ വിശ്വാസം പുതിയ തലമുറയെ മലയാളത്തില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്‍. പുതിയ സാങ്കേതികവിദ്യ തുറന്നുകൊടുക്കുന്ന ലോകത്ത് വിജയിക്കാന്‍ മലയാളം മതിയാവില്ലെന്ന് വന്നാല്‍ ഭാഷ പഠിച്ചവരും അതിനെ ഉപേക്ഷിച്ചെന്ന് വരും. സമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം അച്ചടി മാദ്ധ്യമങ്ങളും ഇന്നത്തെ മലയാളി സമൂഹത്തിന്റെ സൃഷ്ടിയില്‍ ഒരു പങ്ക് വഹിക്കുകയുണ്ടായി. വരും തലമുറകളെ അവയേക്കാളേറെ സ്വാധീനിക്കുക ദൃശ്യമാധ്യമങ്ങളും ഇന്റര്‍‌നെറ്റ്, മൊബൈല്‍ തുടങ്ങിയ സങ്കേതങ്ങളിലൂടെ വികസിക്കുന്ന നവമാധ്യമങ്ങളാവും. പത്രത്തില്‍ നിന്ന് വ്യത്യസ്തമായി ടെലിവിഷന്‍ മലയാളത്തിന്‍ ഗുണത്തേക്കാളേറെ ദോഷമാണ്‍ ചെയ്യുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. അതിന്‍ പരിപാടിക്ക് പേര്രിടാന്‍ ഇംഗ്ലീഷ് വേണ്ടിവരുന്നു. റീയാലിറ്റി ഷോയില്‍ പാടാന്‍ തമിഴൊ ഹിന്ദിയൊ വേണ്ടിവരുന്നു. ഏതാനും നൂറ്റാണ്ട് മുമ്പുവരെ മലയാളമില്ലായിരുന്നു. ഏതാനും നൂറ്റാണ്ടിനുശേഷം മലയാളം ഉണ്ടാകണമെന്നില്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഉതകുന്ന ഭാഷയ്‌ക്കെ നിലനില്‍പ്പുള്ളു.

സെതല്‍‌വാദില്‍ നിന്ന് പഠിച്ച പാഠം

ഇന്ത്യയുടെ ആദ്യ അറ്റോര്‍ണി ജനറലായിരുന്ന എം.സി.സെതല്‍‌വാദ് പ്രഗത്ഭനായ അഭിഭാഷകനഅയിരുന്നു. ജഡ്ജിയാകാന്‍ താല്പര്യമുണ്ടായിരുന്നെങ്കില്‍ സുപ്രീം കോടതി ജഡ്ജിയൊ ഇന്ത്യയുടെ ചീഫ് ജസ്റ്റിസൊ ആകാമായിരുന്നു. പക്ഷെ
അദ്ദേഹത്തിന്‌ വക്കീലായി തുടരാനായിരുന്നും ആഗ്രഹം

പത്രമുതലാളിമാര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആക്ടിനെ ചോദ്യം ചെയ്തപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നീതീകരിക്കേണ്ട ചുമതല കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവെന്ന നിലയില്‍ അദ്ദേഹത്തിലാണ്‌ നിക്ഷിപ്തമായത്. നിരവധി ദിവസമെടുത്താണ്‌ സെതല്‍‌വാദ് തന്റെ വാദമുഖങ്ങള്‍ നിരത്തിയത്. നിയമം നിലനില്‍ക്കണമെന്നത് പത്രപ്രവര്‍ത്തക സമൂഹത്തിന്റെ ആവശ്യമായിരുന്നു. ഈ നിയമം പാസാക്കിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സും (ഐ.എഫ്.ഡബ്ലിയു.ജെ) കേസില്‍ കക്ഷിചേര്‍ന്നിരുന്നു. കല്‍ക്കത്താ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്
എന്‍.സി.ചാറ്റര്‍ജി ആയിരുന്നു ഐ.എഫ്.ഡബ്ലിയു.ജെ.യുടെ അഭിഭാഷകന്‍.

സെതല്‍‌വാദ് വാദിച്ചിരുന്ന സമയത്ത് ഐ.എഫ്.ഡബ്ലിയു.ജെ. സെക്രട്ടറി ജനറലായിരുന്ന എം.കെ. രാമമൂര്‍ത്തിയും മദ്രാസ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍. നരസിംഹനും എന്നും രാത്രി ഒമ്പത് മണിക്ക് സെതല്‍‌വാദിന്റെ വീട്ടിലെത്തും. അദ്ദേഹം അടുത്ത ദിവസം കോടതിയില്‍ ഉന്നയിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അവരുമായി
ചര്‍ച്ച ചെയ്യും. അവിടെ നിന്ന് അവര്‍ ചാറ്റര്‍ജിയുടെ വീട്ടില്‍ പോയി അദ്ദേഹത്തെ വിവരം ധരിപ്പിക്കും. സര്‍ക്കാരിന്റെയും ഫെഡറേഷന്റെയും വാദങ്ങള്‍ തമ്മില്‍ പൊരുത്തക്കേട് ഒഴിവാക്കാനായിരുന്നു ഈ ചര്‍ച്ചകള്‍.

വാദം നടക്കുന്ന സമയത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഒരു സ്കോളര്‍ഷിപ്പ് ഇന്റര്വ്യൂവിനായി ഞാന്‍ ഡല്‍ഹിയിലെത്തി. അങ്ങനെ രാമമൂര്‍ത്തിയോടും നരസിംഹനോടുമൊപ്പം രാത്രിചര്‍ച്ചകളില്‍ പങ്കെടുക്കാനും കോടതിയില്‍ പോയി സെതല്‍‌വാദിന്റെ വാദം കേള്‍ക്കാനുമുള്ള അവസരം ലഭിച്ചു.

ഒരു ദിവസം സെതല്‍‌വാദ് മുങ്കൂട്ടി നിശ്ചയിച്ചിരുന്ന വാദങ്ങള്‍
അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍, ബെഞ്ചിലെ അംഗമായ ജ്. ജീവന്‍ ലാല്‍
കപൂര്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു: "കച്ഛ് മിത്രയെക്കുറിച്ച് എന്ത്
പറയാനുണ്ട്?"
ഗുജറാത്തിലെ ഭുജ് നഗരത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രമാണ്‍്‌
കച്ഛ് മിത്ര. അന്ന് അതൊരു ചെറിയ പത്രമായിരുന്നു. അതിന്റെ ഉടമയായ
ട്രസ്റ്റിന്റെ കീഴില്‍ ബോംബേയിലും അഹമ്മദാബാദിലും നിന്നിറങ്ങുന്ന വലിയ
പത്രങ്ങളുണ്ട്. വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആക്ടിലെ നിബന്ധന പ്രകാരം
സര്‍ക്കാര്‍ നിയോഗിച്ച വേജ് ബോര്‍ഡ് ശിപാര്‍ശ ചെയ്ത ശമ്പള സ്കെയില്‍
കൊച്ചു പത്രങ്ങളുടെ നിലനില്പ്പ് അപകടത്തിലാക്കുമെന്ന് വാദിക്കാനായാണ്‌
കച്ഛ് മിത്രയുടെ പേരില്‍ ട്രസ്റ്റ് ഹര്‍ജി കൊടുത്തത്.
താന്‍ വാദിച്ചുകൊണ്‍റ്റിരിക്കുന്ന വിഷയത്തില്‍ നിന്ന് മറ്റൊരു
വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ ജഡ്ജി ശ്രമിച്ചത് സെതല്‍‌വാദിന്‌
തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ജ. കപൂറിനു നല്‍കിയ മറുപടി അത്
വ്യക്തമാക്കി. ഒരു കൈ ഉയര്‍ത്തി വീശിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "ആ
പീറപത്രമോ, മൈ ലോര്‍ഡ്, അതിലേക്ക് ഞാന്‍ പിന്നെ വന്നോള്ളാം‌."
ഇത്തരത്തിലുള്ള മറുപടി സെതല്‍‌വാദിന്റെ മൂപ്പും തലയെടുപ്പുന്മില്ലാത്ത ഒരു
അഭിഭാഷകനില്‍ നിന്നാണ്‌ വന്നിരുന്നതെങ്കില്‍ ജഡ്ജി ഒരുപക്ഷെ നിശ്ശബ്ദത
പാലിക്കുമായിരുന്നില്ല.
അന്ന് രാത്രി സെതല്‍‌വാദിന്റെ വീട്ടില്‍ പോയപ്പോള്‍ ഈ അഭിപ്രായം ഞാന്‍
പ്രകടിപ്പിച്ചു. അദ്ദേഹം അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്‌: "These
children, they must have their fun." (പിള്ളേര്‍ക്ക് തമാശ വേണം.) തന്റെ
വാദത്തിന്റെ അടുക്കും ചിട്ടയും തെറ്റിക്കാന്‍ അനുവദിക്കില്ലെന്ന
കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്താറുണ്ടെന്നും സെതല്‍‌വാദ് പറഞ്ഞു. അതിനെ
ഒരു നല്ല പാഠമായി ഞാന്‍ കണ്ടു.

Saturday, August 15, 2009

കൊരട്ടി പ്ലാറ്റ്ഫോമില്‍ ഒരു രാത്രി

കേരളശബ്ദം വാരിക ‘വ്യക്തിപരം’ എന്നൊരു പംക്തി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. വായനക്കാരുമായി അനുഭവം പങ്കു വെയ്ക്കുന്ന ഒരു പംക്തിയാണത്. പത്രാധിപര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആ പംക്തിയിലേക്കായി എഴുതിയ ലേഖനമാണ് താഴെ കൊടുക്കുന്നത്

കൊല്ലം എസ്. എന്‍. കോളെജില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ബി.എസ്‌സി. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ തുടര്‍ന്നുള്ള പഠനം സമാധാനം നിലനില്‍ക്കുന്ന ഏതെങ്കിലും കോളെജിലാക്കുന്നതാവും നല്ലതെന്ന് അച്ഛന്‍ നിശ്ചയിച്ചു. അങ്ങനെ യു.സി. കോളെജിലേക്ക് മാറ്റം കിട്ടാനുള്ള സാധ്യത തേടി ഞാന്‍ ആലുവായിലെത്തി. പ്രിന്‍സിപ്പല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് പറഞ്ഞതുകൊണ്ട് വൈ.എം.സി.എ.യില്‍ മുറിയെടുത്തു. ശനിയാഴ്ച എറണാകുളത്തേക്ക് പോയി. അവിടത്തെ പത്രപ്രവര്‍ത്തകര്‍ എം.പി. കൃഷ്ണപിള്ളയുടെ എം.പി. സ്റ്റുഡിയോയില്‍ പതിവായി ഒത്തുകൂടിയിരുന്നു. അച്ഛന്‍ നടത്തിയിരുന്ന നവഭാരതം പത്രത്തിനുവേണ്ടി സര്‍ദാര്‍ പട്ടേലിന്റെ കൊച്ചി സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്തുക്കളെ കാണാന്‍ അവിടെ പോയി. സൊറ പറഞ്ഞിരുന്ന് സമയം പോയതുകൊണ്ട് രാത്രി എറണാകുളത്ത് തമ്പടിച്ചു. കാലത്ത് ആലുവായ്ക്ക് പോകാന്‍ കയറിയ ബസില്‍ നല്ല തിരക്കായിരുന്നു. യാത്രക്കാരിലേറെയും സ്ത്രീകളും കുട്ടികളും. സംഭാഷണത്തില്‍നിന്ന് അവരെല്ലാം കന്യാമറിയത്തെ കാണാന്‍ പോകുന്ന മദ്ധ്യതിരുവിതാംകൂറുകാരാണെന്ന് മനസ്സിലായി. തൃശ്ശൂരിലെ ഒരു പള്ളിയില്‍ എല്ലാ മാസവും ഒരു ഞായറാഴ്ച ദിവസം കന്യാമറിയം രണ്ട് കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിവരുന്നതായി ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ദര്‍ശന ദിവസവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആ പുണ്യദിനം അന്നാണ്. ആലുവായില്‍ ഇറങ്ങാതെ, നവഭാരതത്തിനായി ദിവ്യാത്ഭുതം റിപ്പോര്‍ട്ടു ചെയ്യാന്‍ തൃശ്ശൂര്‍ക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു.

അച്ഛനുമൊത്ത് 1945ലെ സ്കൂള്‍ അവധിക്കാലത്ത് കാറില്‍ മലബാറിലേക്ക് പോയപ്പോള്‍ റൗണ്ടിലുള്ള ഒരു ഹോട്ടലില്‍ കാപ്പി കുടിക്കാന് കയറിയതു മാത്രമാണ് തൃശ്ശൂരുമായുള്ള എന്റെ പൂര്‍‌വ ബന്ധം. കടയുടെ പുറത്ത് 'ബ്രാഹ്മണാള്‍ കാപ്പി ഹോട്ടല്' എന്നും അകത്ത് 'താണജാതിക്കാര്‍ക്ക് പ്രവേശനമില്ല' എന്നും എഴുതിവെച്ചിരുന്നു. കന്യാമറിയം പ്രത്യക്ഷപ്പെടുന്ന പള്ളി എവിടെയാണെന്നൊന്നും എനിക്കറിയില്ല. മറ്റ് യാത്രക്കാര്‍ ഇറങ്ങിയിടത്ത് ഞാനും ഇറങ്ങി. അവരുടെ പിന്നാലെ നടന്ന് പള്ളിമുറ്റത്തെത്തി. ഒന്നും കഴിക്കാതെയാണ് കാലത്തെ ബസില്‍ കയറിയത്. അതുകൊണ്ട് ആദ്യം കാപ്പി കുടിക്കാമെന്ന് കരുതി. ജുബ്ബയുടെ പോക്കറ്റില്‍ തപ്പിയപ്പോള്‍ പഴ്സില്ല. ആരൊ പോക്കറ്റടിച്ചിരിക്കുന്നു. തൃശ്ശൂര്‍ക്ക് ടിക്കറ്റ് നീട്ടി വാങ്ങിയപ്പോള്‍ കണ്ടക്ടര്‍ തിരിച്ചുതന്ന ചില്ലറ പഴ്സിലിട്ടിരുന്നില്ല. അത് പോക്കറ്റില്‍ തന്നെയുണ്ട്. പക്ഷെ അത് മടക്കയാത്രയ്ക്കുതന്നെ തികയില്ല. കാപ്പി വേണ്ടെന്നു വെച്ചു.

പതിനൊന്ന് മണിയോടെ പള്ളിപ്പറമ്പ് മാതാവിനെ കാണാനെത്തിയവരെക്കൊണ്ട് നിറഞ്ഞു. എല്ലാ കണ്ണുകളും ആകാശത്തേയ്ക്ക്. പതിവായി ദര്‍ശനം ലഭിച്ചിരുന്നെന്ന് ദീപിക പറഞ്ഞ കുട്ടികള്‍ പള്ളിയ്ക്കടുത്തുള്ള കെട്ടിടത്തില്‍ ഒന്നാം നിലയിലെ വരാന്തയില്‍ നില്‍ക്കുപ്പുണ്ട്. അവരും ആകാശത്തേക്ക് നോക്കി നില്‍‌പ്പാണ്‌. അടുത്ത് ഒരു പുരോഹിതനുമുണ്ട്. മാതാവ് ഉടന്‍ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. ഒന്നര മണിയോടെ അന്ന് ദര്‍ശനം ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ ദിവ്യാത്ഭുതനാടകം അവസാനിച്ചു. എനിക്ക് എഴുതാനുള്ള വകയായി. പക്ഷെ അതിനുമുമ്പ് വിശപ്പടക്കണം, ആലുവായിലെത്തണം. അതിനുള്ള കാശില്ല. നേരേ റയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു. അപ്പോള്‍ മനസ്സില്‍ രണ്ട് ആശയങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ പോക്കറ്റടിക്കപ്പെട്ട കാര്യം പറഞ്ഞ് ആരോടെങ്കിലും കാശ് ചോദിക്കുക. അല്ലെങ്കില്‍ കള്ളവണ്ടി കയറുക. തട്ടിപ്പ് പറിപാടിയാണെന്ന് കരുതുമെന്ന ഭയം മൂലം ആദ്യത്തേതും പിടിക്കപ്പേടുമെന്ന ഭയം മൂലം രണ്ടാമത്തേതും ചെയ്യാനായില്ല. റയില്‍‌വേ സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന യാത്രാനിരക്ക് പട്ടിക നോക്കിയപ്പോള്‍ കയ്യിലുള്ള കാശ് കൊണ്ട് ചാലക്കുടി വരെ പോകാമെന്ന് കണ്ടു. ചാലക്കുടിയില്‍ വി. ഗംഗാധരന്‍ വൈദ്യന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. പത്രം വായിക്കുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ പേര് പരിചിതമായിരുന്നു. കാരണം അദ്ദേഹത്തിന്റെ കരിംകുരങ്ങ് രസായനത്തിന്റെ പരസ്യം പത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനാണ്. അച്ഛന്റെ സുഹൃത്തും. മലബാര്‍ യാത്രയില്‍ ഞങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വണ്ടിയില്‍ കയറി ചാലക്കുടിയില്‍ ഇറങ്ങി വൈദ്യരുടെ വീട് കണ്ടുപിടിച്ചു. അത് പൂട്ടിക്കിടക്കുന്നു. വൈദ്യരും കുടുംബവും നാട്ടില്‍ പോയിരിക്കുകയാണെന്ന് അയല്‍‌വാസി പറഞ്ഞു. അദ്ദേഹത്തില്‍ അര്‍പ്പിച്ച പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ പഴയ രണ്ട് ആശയങ്ങളും വീണ്ടും മനസിലുദിക്കുകയും വീണ്ടും തിരസ്കരിക്കപ്പെടുകയും ചെയ്തു. പിന്നീട് റയില്‍ പാളത്തിനരികിലൂടെ ആലുവാ ലക്ഷ്യമാക്കി നടന്നു. ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. പക്ഷെ അതൊന്നും കണ്ട് രസിക്കാന്‍ സാഹചര്യം അനുവദിച്ചില്ല. കൊരട്ടി അങ്ങാടി റയില്‍‌വേ സ്റ്റേഷനിലെത്തിയപ്പോള്‍ സന്ധ്യയായി. ഇരുട്ടത്ത് പാളത്തിലൂടെ നടക്കുന്നത് ബുദ്ധിയല്ലാത്തതുകൊണ്ട് അവിടെ തങ്ങാന്‍ തീരുമാനിച്ചു. പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരിക്കുമ്പോള്‍ ഒരു വണ്ടിയുടെ വരവ് അറിയിക്കുന്ന മണിയടിച്ചു. അത് എറണാകുളത്തേക്കുള്ള അവസാന വണ്ടിയാണെന്ന് റയില്‍‌വെ സിഗ്നല്‍മാന് ഒരു യാത്രക്കാരനോട് പറയുന്നത് കേട്ടു. പഴയ ആശയങ്ങള്‍ വീണ്ടും തലപൊക്കി. തീരുമാനവും പഴയതുതന്നെ. വണ്ടി വന്നു, നിന്നു, പോയി. സ്റ്റേഷന്‍ നിശബ്ദമായി. ഞാന്‍ ബെഞ്ചില്‍ നിവര്‍ന്ന് കിടന്നുറങ്ങി.

വെളുപ്പിന് സ്റ്റേഷനില്‍ വീണ്ടും ആളനക്കമുണ്ടായപ്പോള്‍ ഉണര്‍ന്നു. ആഹാരം കഴിച്ചിട്ട് 24 മണിക്കൂറിലേറെയായി. നടക്കാനാണെങ്കില്‍ ആലുവായ്ക്ക് ഇനിയും ധാരാളം ദൂരമുണ്ട്. ആ പഴയ രണ്ട് ആശയങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചേ മതിയാകൂ. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറയാന്‍ ഞാന്‍ തീരുമാനിച്ചു. തൃശ്ശൂരില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ടെന്നും ആലുവായിലെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി. ഇത്തരം തട്ടിപ്പുകാരെ ധാരാളം കണ്ടിട്ടുണ്ടെന്ന് പറയാന്‍ പോകയണെന്ന് ഞാന്‍ ഭയന്നു. പക്ഷെ അദ്ദേഹം അനുകമ്പാപൂര്‍‌വമാണ് പ്രതികരിച്ചത്.

"നിങ്ങളെ ഇന്നലെ രാത്രി ഇവിടെ കണ്ടതാണല്ലൊ. ഇവിടെത്തന്നെ കിടക്കുകയായിരുന്നു, അല്ലേ?" അദ്ദേഹം ചോദിച്ചു.

എന്റെ ഉത്തരത്തിനു കാത്തു നില്‍ക്കാതെ അദ്ദേഹം തുടര്‍ന്നു: "ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലൊ. ഇവിടെ ഈ സമയത്ത് ഒന്നും കിട്ടില്ല. കടകള്‍ തുറക്കാന്‍ വൈകും"

"ആലുവായിലെ മുറിയില്‍ പണമിരിപ്പുണ്ട്. അവിടെ ചെന്നു പറ്റിയാല്‍ മതി," ഞാന്‍ പറഞ്ഞു.

അപ്പൊഴേക്കും വണ്ടിയെത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു ആലുവാ ടിക്കറ്റ് അടിച്ച് എനിക്ക് നീട്ടി.
ഞാന്‍ അത് വാങ്ങി നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഓടി വണ്ടിയില്‍ കയറി.

ആലുവായിലെത്തിയ ഉടന്‍ നടക്കാതെപോയ അത്ഭുതത്തിന്റെ കഥ വിശദമായി എഴുതി നവഭാരതത്തിന്‌ അയച്ചുകൊടുത്തു. എസ്.എന്‍.കോളെജില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ എടുക്കേണ്ടെന്നുള്ള യു.സി.കോളെജിന്റെ തീരുമാനം ബുധനാഴ്ച പ്രിന്‍സിപ്പല്‍ എന്നെ അറിയിച്ചു. തിരിച്ചുപോകുന്നതിനു മുമ്പ് സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് ടിക്കറ്റ് കൂലി കൊടുക്കാനും സഹായിച്ചത് തട്ടിപ്പുകാരനെയല്ലെന്ന് ബോധ്യപ്പെടുത്താനും ഞാന്‍ കൊരട്ടിക്ക് വണ്ടി കയറി. അവിടെ ചെന്നപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നു.

"സ്റ്റേഷന്‍ മാസ്റ്റര്‍ ഇല്ലേ?" ഞാന്‍ ചോദിച്ചു.
"ഞാനാണ് സ്റ്റേഷന്‍ മാസ്റ്റര്‍," അദ്ദേഹം പറഞ്ഞു. "എന്താ വേണ്ടത്?"
"തിങ്കളാഴ്ച വെളുപ്പിന് മറ്റൊരാളെയാണല്ലൊ ഞാന്‍ കണ്ടത്. അദ്ദേഹമില്ലേ?"
"മേനനയാ തെരക്കണത്? ആള് പോയല്ലൊ."

അദ്ദേഹം അവധിയിലായിരുന്നപ്പോള്‍ ഏതാനും ദിവസത്തേക്ക് പകരക്കാരനായി വന്ന ബാലകൃഷ്ണ മേനോന്‍ ആയിരുന്നു എന്റെ രക്ഷിതാവ്. മേനോന്‍ എവിടെയുണ്ടാകുമെന്ന് പറയാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് കടപ്പാട് തീര്‍ക്കാനും കഴിഞ്ഞില്ല. ദീര്‍ഘദൂര വണ്ടിയിലിരുന്ന് കൊരട്ടി സ്റ്റേഷന്‍ കാണുമ്പോള്‍ ഞാന്‍ ആ നല്ല മനുഷ്യനെ ഇപ്പോഴും നന്ദിയോടെ ഓര്‍ക്കും.