Sunday, April 13, 2008

പാഠഭേദം പുതിയ ലക്കത്തില്‍

കടമ്മനിട്ടയ്ക്കും കെ. ടി. മുഹമ്മദിനും പാഠഭേദം മാര്‍ച്ച്-ഏപ്രില്‍ ലക്കത്തില്‍ വിട പറയുന്നു. കടമ്മനിട്ടയുടെ 'ക്യാ' എന്ന കവിത 'സ്റ്റോപ്പ് പ്രസ്സ്‌' ആയി ചേര്‍ത്തിരിക്കുന്നു. ഇതാണ് കടമ്മനിട്ട അവസാനമായി എഴുതിയ കവിതയെന്നു കുറിപ്പ് പറയുന്നു. കെ. ടി. മുഹമ്മദ് എന്തുകൊണ്ട് രാഷ്ട്രീയ നാടകം എഴുതിയില്ല എന്ന് ചോദിക്കുന്നു ആമുഖ ലേഖനം.

ജനാധിപത്യ സോഷ്യലിസം ഈ ലക്കത്തില്‍ ചര്ച്ച ചെയ്യപ്പെടുന്നു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ യൂറോപ്യന്‍ അമേരിക്കന്‍ പഠന വിഭാഗം മേധാവിയായിരുന്ന ഡോ. ബി. വിവേകാനന്ദനുമായി സ്കാന്ടിനേവിയന്‍ രാജ്യങ്ങളുടെ അനുഭവത്തെക്കുറിച്ച് പ്രശാന്ത് മിത്രന്‍ സംസാരിക്കുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് ആ രാജ്യങ്ങളില്‍ നടത്തിയ യാത്രകള്‍ ഓര്‍മ്മിക്കുന്നു.

ടോമി മാത്യു സിവില്‍ സമൂഹത്തിന്‍റെ രാഷ്ട്രീയം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ഡോ. ടി. ടി. ശ്രീകുമാറിന്‍റെ പുസ്തകത്തെ മുന്‍നിര്‍ത്തി എഴുതുന്നു. സണ്ണി കപിക്കാട് ദലിത് ഭൂസമരത്തിന്‍റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നു. കൈരളിയുടെ ചൂലും ചാണകവുമാണ് വെങ്കിടിയുടെ വിഷയം. മറ്റു പ്രധാന ലേഖനങ്ങള്‍: സിവിക് ചന്ദ്രന്‍ --കണ്ണൂര്‍ രാഷ്ട്രീയം, ചുരികത്തുമ്പത്തൊരു തുമ്പി; എ. പി. കുഞ്ഞാമു -- മുസ്ലിംകള്‍ കസ്തൂരിമാനോ?; വടക്കേടത്ത് പത്മനാഭന്‍ -- പുതിയ കേരളത്തിന് എരയാംകുടിയിലെ വിത്തോ?

മുഖപ്രസംഗം: അഞ്ചക്ക ശമ്പളം വാങ്ങുന്നവര്‍ വായിച്ചറിയാന്‍

വരിസംഖ്യ അയച്ചിട്ടില്ലാത്തവര്‍ക്ക് പാഠഭേദം ടീമിന്‍റെ ഒരു ഓര്‍മ്മക്കുറിപ്പ് ഈ ലക്കത്തിലുണ്ട്: "നമുക്കു കുറച്ചു പേര്‍ക്ക് പിണങ്ങാനും വഴക്കിടാനും വര്‍ത്തമാനം പറയാനും വേണ്ടി പാഠഭേദം തുടരുന്നു. ഇടയ്ക്ക് കുറച്ച് കാശയച്ചു തരൂ. കടലാസിനും അച്ചടിമഷിക്കും സ്റ്റാമ്പിനും മറ്റുമായി ഇവിടെ ഏറെ ചിലവുകളുണ്ടല്ലോ...."

No comments: