Wednesday, February 13, 2008

ബ്ലോഗര്‍മാരുടെ അഭിപ്രായം എങ്ങനെ അധികൃതരെ അറിയിക്കാം?

വല്ലാര്‍പാടം ചര്‍ച്ചയ്ക്കിടയില്‍ റോബി ഉന്നയിച്ച ബ്ലോഗര്മാരുടെ അഭിപ്രായം സര്‍ക്കാരിനെയും പത്രക്കാരെയും അറിയിക്കാന്‍ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്.

ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ എല്ലാ സര്‍ക്കാരുകളും ശ്രമിക്കാറുണ്ട്. അതിന് സര്‍ക്കാരിന് സംവിധാനങ്ങളുമുണ്ട്. പത്രങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് പബ്ലിക് റിലേഷന്‍സ്‌ വകുപ്പിന്റെ ചുമതലകളില്‍പ്പെടുന്നു. പത്രങ്ങളില്‍ വരാത്ത കാര്യങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു നല്കുന്നു.

ബ്ലോഗര്‍മാരുടെ അഭിപ്രായം ഇപ്പോള്‍ തന്നെ ചില രാജ്യങ്ങളില്‍ അധികാര കേന്ദ്രങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. പത്രങ്ങളുടെ അഭിപ്രായത്തിനു തന്നെ നമ്മുടെ രാജ്യത്ത് അധികാരികള്‍ വലിയ വില കല്‍പ്പിക്കാറില്ല. അതിന് അവരെ കുറ്റപ്പെടുത്താനുമാവില്ല. മായാവതിയും ലാലു പ്രസാദും ഒക്കെ ഉയര്‍ന്നുവന്നത് മാധ്യമങ്ങളുടെ സഹായത്തോടെയല്ല, അവയുടെ എതിര്‍പ്പിനെ അതിജീവിച്ചാണ്. അപ്പോള്‍ മാദ്ധ്യമങ്ങളില്‍ പ്രതിഫലിക്കുന്ന പൊതുജനാഭിപ്രായത്തിനു അവര്‍ എന്ത് വില കല്പ്പിക്കാനാണ്?

റോബി ഭാഷയുടെ കാര്യവും പരാമര്‍ശിച്ചിരുന്നു. അധികൃതരും വായനക്കാരും ബ്ലോഗുകളെ ഗൌരവപൂര്‍വ്വം പരിഗണിക്കണമെങ്കില്‍ നാം ഉത്തരവാദിത്തബോധത്തോടെ അഭിപ്രായ പ്രകടനം നടത്തണം. ഒരാള്‍ തെരുവിലൂടെ തെറി വിളിച്ചു നടന്നാല്‍ അത് സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യമാണെന്ന് നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അതിനെ അറിയിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ കരുതുമെന്ന് തോന്നുന്നില്ല.

അധികൃതര്‍ ഉണര്‍ന്നു വരുന്നതുവരെ കാത്തിരിക്കണമെന്നില്ല. ബ്ലോഗര്‍മാര്‍ക്ക് തന്നെ അഭിപ്രായം ശേഖരിച്ചു അവര്‍ക്ക് എത്തിക്കാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടാക്കാവുന്നതാണ്.

1 comment:

SABU PRAYAR ~ സാബു പ്രയാര്‍ said...

മാന്യ മിത്രമേ
നമ്മുടെ ബ്ലോഗറുമാര്‍ക്ക് ഇതിനൊക്കെ എവിടെ സമയം
എല്ലാവരും ഹരികുമാറിന്റെ പുറകെയല്ലേ.