Monday, December 3, 2007

ഭൂപരിഷ്കരണം: അടുത്ത കാല്‍വെയ്പ് മുന്നോട്ടോ പിന്നോട്ടോ?

ജനശക്തി വാരികയുടെ പുതിയ ലക്കത്തില്‍ ( ഡിസംബര്‍ 7) ഈ വിഷയത്തില്‍ ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍നിന്നു ഏതാനും വരികള്‍:

വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന് തടസ്സം നില്‍ക്കുന്നതെല്ലാം പോകണമെന്നു അദ്ദേഹം പറയുന്നത് മനസ്സിലാക്കുകയും ചെയ്യാം. പക്ഷെ വ്യവസായ വകുപ്പിലെ മുഖ്യ കാര്യസ്ഥന്‍റെ മനസില്‍ വ്യവസായത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓടിവരേണ്ടത് വന്‍ പാര്‍പ്പിട പദ്ധതികളും അമ്യു‌സ്മെന്റ് പാര്‍ക്കുകളും വാണിജ്യകേന്ദ്രങ്ങളുമാണോ? ഇതെല്ലാം ഇന്നു സി. പി. എം. സംസ്ഥാന നേതൃത്വതിന്റെയും അതിന്റെ ആവശ്യങ്ങളറിഞ്ഞു പണം കൊടുത്തു സഹായിക്കുന്നവരുടെയും പ്രിയപദ്ധതികളില്‍ പെടുന്നവയാനെന്നത് തീര്‍ച്ചയായും യാദൃശ്ചികമാവില്ല. ഇതെല്ലാം വന്‍ ലാഭസാധ്യതയുള്ള പരിപാടികള്‍ തന്നെ. പക്ഷെ അവ വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ പെടുന്നില്ല. കേരളം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങളുമല്ലവ.

കേരളം അടിയന്തിരമായി ഭൂവിനിയോഗം ഗൌരവപൂര്‍വ്വം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ... കൃഷിയ്ക്കും വ്യവസായത്തിനും മറ്റു എല്ലാവിധ ന്യായമായ ആവശ്യങ്ങള്‍ക്കും ഭൂമി വകയിരുത്തിക്കൊണ്ട് പുതിയ ഭൂവിനിയോഗ പദ്ധതി തയ്യാറാക്കുകയും അത് സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യാത്തതുകൊണ്ടാണ് രാഷ്ട്രീയ രക്ഷാധികാരത്തിന്‍ കീഴില് മനോമാത്യുമാരും ഫാരിസുമാരും ഉയര്‍ന്നുവരുന്നത്.

5 comments:

ഭൂമിപുത്രി said...

ചരിത്രപ്രധാനമായ നമ്മുടെ ഭൂപരിഷ്ക്ക്രണം പ്രതിക്ഷക്കൊത്തുള്ള് ഗുണഫലങ്ങള്‍ തരാത്തതും,കാര്‍ഷികമേഖല പോകെപ്പോകെ തളരുന്നതും,എന്തുകൊണ്ടാ‍യിരുക്കുമെന്നാണു സര്‍
കരുതുന്നതു? എവിടെയാണ്‍ പാളിച്ചസംഭവിച്ചതു?

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ മനോരമ നടത്തിയ അഭിപ്രായങ്ങള്‍ സമാഹരിച്ച്‌ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. അത്‌ ഇവിടെ വായിക്കുക . ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപവും ഇവിടെ വായിക്കാം.

ഇതില്‍ ബാലകൃഷ്ണന്‍ മുന്നോട്ട്‌ വച്ച ഈ പോയന്റ്‌ നിര്‍ണ്ണായകമാണ്‌ എന്നാണ്‌ എന്റെ പക്ഷം

ആറു കുട്ടികളുണ്ടായിരുന്ന ഒരു കുടുംബം ഭൂസ്വത്ത് വീതംവയ്ക്കുമ്പോള്‍ ഒരു കുട്ടിക്കു രണ്ടോ മൂന്നോ ഏക്കര്‍ മാത്രമാണല്ലോ ലഭിക്കുക. ഒരു വിഭജനംകൂടി നടന്നുവെന്നു കരുതുക. ഒരോ കുടുംബത്തിനും ലഭിക്കുന്ന ഭൂമിയുടെ വിസ്തീര്‍ണം ഒരേക്കര്‍വരെയായി കുറയും. ഇത്തരത്തിലുള്ള തുണ്ടുഭൂമികളില്‍ കൃഷിനടത്തുന്നത് ഒരിക്കലും ആദായകരമാവില്ല. അതിനാല്‍ പലരും ഭൂമി മറ്റുള്ളവര്‍ക്കു വില്‍ക്കുകയോ വീടുവയ്ക്കാനുള്ള പ്ളോട്ടുകളായി മാറ്റുകയോ ചെയ്തുകഴിഞ്ഞു. കുറെയേറെ ഭൂമി തരിശായി ഇട്ടിട്ടുമുണ്ട്. ചെറുകിട ഭൂ ഉടമകള്‍ക്കു കൃഷിക്കും ജലസേചനത്തിനും വന്‍തോതില്‍ പണം മുടക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ ഭൂപരിഷ്കരണ നിയമം വിജയകരമായി നടപ്പാക്കിയിട്ടും കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു വ്യക്തം

കുടികിടപ്പില്ലാതായതോടെ ജന്മിത്വം അവസാനിച്ചു. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ സ്ഥലം പാട്ടത്തിനു കൊടുക്കുന്ന രീതി അനിവാര്യമായി മാറിയിരിക്കുന്നു. വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കു മാത്രമല്ല കൃഷിക്കുപോലും ഇത് അത്യന്താപേക്ഷിതമാണ്. കുടുംബശ്രീ, ഗ്രൂപ്പ് ഫാമിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ പരോക്ഷമായി പാട്ടവ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. അയല്‍ക്കാരന്റെ ഭൂമി പാട്ടത്തിനെടുത്ത് കൂടുതല്‍ സ്ഥലത്തു കൃഷിയിറക്കുകയെന്നത് കര്‍ഷകനു ലാഭകരമായ തൊഴിലാണിപ്പോള്‍. അതേസമയം ഭൂ ഉടമ കൂടുതല്‍ വരുമാനത്തിനായി വ്യവസായത്തിലോ മറ്റു മേഖലകളിലോ ജോലിചെയ്യേണ്ടതായും വരുന്നു. ഇപ്പോഴത്തെ പാട്ടസംവിധാനത്തിനു നിയമത്തിന്റെ പരിരക്ഷയില്ല. അതുകൊണ്ടു തന്നെ നിയമവിരുദ്ധമായ പുതിയ തരം പാട്ടവ്യവസ്ഥ വ്യാപകമായിട്ടില്ല.

ഇതോടൊപ്പം സക്കറിയ പറയുന്ന കേരളാ യാഥാര്‍ത്ഥ്യങ്ങളും പ്രത്യേകം ശ്രദ്ധേയം


സക്കറിയ (സാഹിത്യകാരന്‍)



1963ലെ കേരളമല്ല, 2007ലേത്. 1963ലെ ഭൂപരിഷ്കരണ നിയമം അതിന്റെ സാമുദായികമായ ജോലി നിര്‍വഹിച്ചു. പക്ഷേ, ഭൂമിയുടെ പ്രാഥമിക ഉപയോഗമായ കൃഷിയെ സംബന്ധിച്ച് അതിനൊന്നും നേടാന്‍ കഴിഞ്ഞില്ല. മറിച്ചു പരമ്പരാഗതമായി കൃഷിയില്‍ ഉറച്ചുനില്‍ക്കുന്ന ഒരു ചെറുശതമാനമൊഴികെയുള്ള കേരളം കൃഷി കൈവെടിഞ്ഞു. ഒരുവശത്തു കമ്യൂണിസം കൃഷിക്കാരനെ വില്ലനായി ചിത്രീകരിച്ചു. മറുവശത്തു കൃഷിത്തൊഴിലാളിയെ കൈവിട്ടു വിപ്ലവം വെള്ളക്കോളര്‍ ധാരികളുടെ മടിത്തട്ടില്‍ സ്വയം പ്രതിഷ്ഠിച്ചു. ഇനിയുമൊരു വശം കൂടിയുണ്ട്. മലയാളിയുടെ ഫ്യൂഡല്‍ ജാതിഡംഭുകള്‍ അവനെ മണ്ണില്‍ തൊടാന്‍ അറയ്ക്കുന്നവനാക്കി.

അങ്ങനെ, തൊഴിലില്ലായ്മകൊണ്ടു വലയുന്നു എന്ന വായ്ത്താരി മുഴങ്ങുന്ന കേരളത്തില്‍ ലക്ഷക്കണക്കിനു ബംഗാളികളും ഒറിയാക്കാരുമൊക്കെ അധ്വാനിക്കുന്നു. മലയാളി 'നോക്കിനില്‍പ്പില്‍ ആനന്ദം കൊള്ളുന്നു. കൃഷി തമിഴന്റെ ഉത്തരവാദിത്തമായി. മലയാളിക്കു തിന്നാനുള്ളത് അവന്‍ ഉണ്ടാക്കുകയും വേണം, കൊടുക്കാനുള്ള വെള്ളം കൊടുക്കുകയുമില്ല!

ഭൂമിയുടെ ഉപയോഗങ്ങള്‍ കാലത്തിനൊത്തു മാറിക്കൊണ്ടേയിരിക്കും. ഏറ്റവും ബഹുമാന്യ പരിസ്ഥിതി വാദിയുടെ വീടിരിക്കുന്നതു കഷ്ടിച്ചു 150 വര്‍ഷം മുന്‍പു കാടായിരുന്ന സ്ഥലത്താണ്. ഏറ്റവും വാചാലനായ നദീസംരക്ഷകന്റെ വീടുപണിക്കു ഭാരതപ്പുഴയുടെ പ്രിയങ്കര മണ്ണു തന്നെയാണു ലോറിക്കണക്കിനു വന്നിറങ്ങുനനത്. സമൂഹത്തിന്റെയും ലോകത്തിന്റെയും സാമ്പത്തിക ക്രമത്തിന്റെ വളര്‍ച്ചയ്ക്കനുസൃതമായി ഉപയോഗിക്കാനല്ലെങ്കില്‍ പിന്നെ ഭൂമി എന്തിന്? മണ്ണപ്പം ഉണ്ടാക്കിത്തിന്നാല്‍ വിശപ്പുമാറുമോ?

ഭൂപരിഷ്കരണമല്ല ആവശ്യം, പരിസ്ഥിതി - ഭൌമശാസ്ത്രപരമായ ആസൂത്രണത്തോടെ ഭൂമിയുടെ വിദഗ്ധോപയോഗമാണ്. പക്ഷേ, എല്ലാ ആസൂത്രണവും കൈക്കൂലിയിലേക്കും കെടുകാര്യസ്ഥതയിലേക്കും നയിക്കുന്ന ഭരണകൂടങ്ങള്‍ക്കു കീഴില്‍ ഭൂമി പീഡനത്തിനിരയാകുന്നു. അതാണു കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഭൂമിപുത്രി said...

മനോരമയിലെ ചിലനിരീക്ഷണങ്ങള്‍ വായിച്ചിരുന്നു
കിരണ്‍.നന്ദി

BHASKAR said...

വിദേശികള്‍ വരുന്നതുവരെ ഇന്ത്യയില്‍ ഭൂമി യഥേഷ്ടം കൈമാറാവുന്ന വസ്തു ആയിരുന്നില്ല. ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ ഭൂമി കൃഷിക്കാര്‍ക്ക് വിതരണം ചെയ്തുപോന്നു. ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ Permanent Settlement ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥിരമാക്കി. തുടര്‍ന്നു നാട്ടുരാജാക്കന്മാരും ആ രീതി സ്വീകരിച്ചു. കയര്‍ എന്ന നോവലിന്‍റെ ആദ്യ ഭാഗത്ത് തകഴി വിവരിക്കുന്ന കണ്റെഴുത്ത് തിരുവിതാംകൂറില്‍ രാജഭരണത്തിന്‍ കീഴില്‍ നടന്ന അവസാനത്തെ ഭൂവിതരണമാണ്. കൂട്ടുകുടുംബ വ്യവസ്ഥയില്‍ കൃഷി ഭൂമി ശിഥിലമാകുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. പുതിയ സാഹചര്യങ്ങളില്‍ പുതിയ രീതികള്‍ ആവശ്യമാകും. അത് എന്തായിര്‍ക്കണമെന്നു തീരുമാനിക്കുന്നത് സമൂഹത്തിന്‍റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയാകണം.സര്‍ക്കാര്‍ വ്യവസായികളുടെയും തോട്ടം ഉടമകളുടെയും താത്പര്യം മാത്രം നോക്കിയാല്‍ പോര.

കിരണ്‍ തോമസ് തോമ്പില്‍ said...

ബിആര്‍പിയുടെ ജനശക്തിലേഖനം ഇവിടെ വായിക്കുക
ബാലകൃഷ്ണന്റെ കുറിപ്പ് ഇവിടെയും വായിക്കുക

ബി.അര്‍.പി. യുടെ ലേഖനം വായിച്ചാല്‍ നമുക്ക് തോന്നുക വ്യവസായ മന്തിയും പിണറായി വിജയനും പാര്‍ട്ടിയിലെ ചിലരും കൂടി വളരെ രഹസ്യമായി ഭൂപരിഷക്കരണ നിയമം അട്ടിമറിക്കാന്‍ പോകൂന്നു എന്നാണ്. എന്നാല്‍ ബാലകൃഷ്ണന്റെ ലേഖനം വായിച്ചാല്‍ നമുക്ക് നമുക്ക് അങ്ങനെ തോന്നുകയുമില്ല. പിന്നെ ബി.അര്‍.പിയുടെ ലേഖനം ജനശക്തിയിലായതിനാലും ഈ വാര്‍ത്ത വച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചത് മാതൃഭൂമി പത്രമാകയാലും ജനശക്തിയുടെ വായനക്കാര്‍ക്ക് വേണ്ടരീതിയില്‍ തരപ്പെടുത്തിയ ഒന്നാകും ഇതെന്ന് കരുതേണ്ടി വരുന്നു.

പ്രസ്തുത ലേഖനം തുടങ്ങുന്നത് തന്നെ ഒരു ജനശക്തി ടെമ്പ്‌ലേറ്റിലാണ്. അതായത് സി.പി.എം ലെ ഔദ്യോഗിക പക്ഷത്തുള്ളവരുടെ രഹസ്യ ചെയ്തികള്‍ വെളിപ്പെടുത്തുന്നു എന്ന ഒരു ആമുഖം. പിന്നെ ബാലകൃഷ്ണന്റെ കുറിപ്പില്‍ നിന്ന് ഇതിന് ആവശ്യമായത് ഉദ്ധരുക്കുക് അതിന് ശെഷം സ്വന്തം അഭിപ്രായം പറയുക. ഈ ലേഖനത്തിന്റെ അവസാന്‍ ബി.ആര്‍.പി. ഇങ്ങനെ പറയുന്നു

കൃഷിയും വ്യവസായവും സേവനവുമൊക്കെ ചേര്‍ന്ന ഒരു സമ്മിശ്ര സമ്പദ്‌ വ്യവസ്ഥയെക്കുറിച്ചാണ്‌ നയപരിപാടികള്‍ രൂപീകരിക്കുന്നവര്‍ ചിന്തിക്കേണ്ടത്‌.


ബാലകൃഷ്ണന്റെ കുറിപ്പ് അവസാനിക്കുന്നതും ഇങ്ങനെയാണ്

വലിയൊരു വിഭാഗം ജനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെങ്കില്‍ പോലും ഇത്തരമൊരു നീക്കം പൊതുജനത്തിന് ഉടനെ ദഹിച്ചെന്നു വരില്ല. അതിനാല്‍ ഇതേപ്പറ്റി വ്യാപകമായ ചര്‍ച്ചകളുണ്ടാകണം. അങ്ങനെ നിയമം ഉപേക്ഷിക്കുന്നതിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപീകരിക്കണം. ഭൂപരിഷ്കരണ നിയമത്തിനപ്പുറത്തേക്കു നോക്കേണ്ട കാലമായി


അപ്പോള്‍ ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിലെക്ക് തന്റെ അഭിപ്രായം പറഞ്ഞൊള്ള ഒരു കുറിപ്പിനേ പര്‍വ്വതീകരിച്ച് അത് ഒരു വിവാദമാക്കി മുഖപ്രസംഗം എഴുതിയും രണ്ട് ദിവസം കരീമിന്` നേരെ കുതിര കയറിയും മാത്ര്‌ഭൂമി കലിപ്പ് തീര്‍ത്തപ്പോള്‍ അന്നു വൈകിട്ട് തൊട്ട് 2 ദിവസം കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ കൊണ്ടാടിയിട്ടും ഇങ്ങനെ ഒരു അഭിപ്രായം ഇല്ലെന്ന് കരീമും മുഖ്യമന്ത്രിയും പറഞിട്ടും ഇതില്‍പ്പിടിച്ച് ഒരു മൈലേജ് ഉണ്ടാക്കാന്‍ ജനശക്തി ശ്രമിക്കുന്നതെന്തിന് എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.

വ്യവസായ വകുപ്പ് സെക്രട്ടറി വഴി ചീഫ് സെക്രട്ടറിക്ക് ഒരു കുറിപ്പ് കൊടുത്ത് സ്വന്തക്കാര്‍ക്ക് ഗുണമുണ്ടാക്കാന്‍ കരീമും പിണറായിയും ഈ സമ്മേളന കാലത്ത് ശ്രമിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ.അപ്പോള്‍ ഇത് വച്ച് ഒരു കളി കളിച്ചാല്‍ ഗുണമുണ്ടാകുന്നത് ആര്‍ക്കാണ് എന്നും ചിന്തിച്ചാല്‍ വ്യക്തമാകും. ശത്രുവിന്റെ ശത്രു മിത്രം ആ മിത്രത്തിനെ സഹായിച്ചാല്‍ ശത്രുവിനിട്ട് ഒരു പണിയും കൊടുക്കാം മിത്രത്തിന് എന്തെങ്കിലും ഗുണം കിട്ടിയാല്‍ ആയിക്കോട്ടേ

ഇതിനല്‍ ബാലകൃഷ്ണന്‍ പറഞ്ഞതും ബി.ആര്‍.പി. പറയാത്തതുമായ ഒരുപാട് കാര്യാങ്ങള്‍ ആ ലേഖനന്ത്തില്‍ ഉണ്ട്. ആ കുറിപ്പും ബി.ആര്‍.പിയുടെ ലേഖനവും വായിച്ച് നോക്കിയിട്ട് തീരുമാനിക്കൂ.

ബാലകൃഷ്ണന്റെയും ബി.ആര്‍.പിയുടെയും കുറിപ്പുകള്‍ വായിച്ചിട്ട് എനിക്ക് തോന്നുന്നത് രണ്ടുപേരും പറയുന്നതില്‍ കാര്യമുണ്ട് എന്നാണ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി കിട്ടാതെ ഇരിക്കുമ്പോള്‍ ഭൂപരിഷ്ക്കരണത്തില്‍ നിന്നും എസ്റ്റേറ്റ് എന്ന് പറഞ്ഞ് ഒഴികഴിവ്‌ നേടിയവര്‍ അത് വ്യവാസയപരമായ് ഉപയോഗിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ല. അതുപോലെ ഒറ്റക്ക് കൃഷിചെയ്താല്‍ നഷ്ടമാകുന്നതും തരിശിട്ടിരിക്കുന്നതുമായ നെല്‍പ്പാടങ്ങള്‍ കരാര്‍ കൃഷിക്കോ ഗ്രൂപ്പ് ഫാമിങ്ങിനോ ഉപയോഗപ്പെടുത്താന്ത്തക്കവിധവും വ്യവാസയ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ഭൂമി വാങ്ങാന്‍ കഴിയുന്നവിധം ഉള്ള പരിഷ്ക്കരണവും വേന്ണമെങ്കില്‍ നടപ്പിലാക്കണം.

ജനശക്തി ടെന്‍പ്‌ലേറ്റിന് പുറത്തുള്ള ബി.ആര്‍.പിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടത് തന്നേയാണ് .