Friday, December 21, 2007

ഐക്യരാഷ്ട്രസഭ വധശിക്ഷക്കെതിരെ

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി വധശിക്ഷക്ക് അവധി നല്‍കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ച 54 വോട്ടിനെതിരെ 104 വോട്ടോടെ പാസ്സാക്കി. വോട്ടെടുപ്പില്‍ നിന്നു 29 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇന്ത്യ പ്രമേയത്തിനെതിരായി വോട്ട് ചെയ്തു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലോക സംഘടനയുടെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്ന കമ്മിറ്റിയില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ 99 രാജ്യങ്ങള്‍ മാത്രമാണ് അനുകൂലമായി വോട്ട ചെയ്തത്. പൊതുസഭയില്‍ അനുകൂല വോട്ടിന്‍റെ കാര്യത്തിലെന്ന പോലെ പ്രതികൂല വോട്ടിന്‍റെ കാര്യത്തിലും രണ്ടിന്‍റെ വര്‍ദ്ധനവുണ്ടായി.

ലോക സമൂഹം ധീരമായ ഒരു തീരുമാനം എടുത്തിരിക്കുന്നതായി യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പിന്നീട് പറഞ്ഞു.

രണ്ടായിരം കൊല്ലം പഴക്കമുള്ള റോമിലെ കൊളോസ്സിയം പൊന്‍വെളിച്ചം തെളിച്ച് യു. എന്‍ വോട്ട് ആഘോഷിച്ചു. അറുപത് കൊല്ലം മുമ്പ് വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണ് ഇറ്റലി. കൊളോസിയത്തിനു മുന്നില്‍ 1999ല്‍ വധശിക്ഷക്കെതിരായ നിരവധി പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. അതിനുശേഷം ലോകത്തെവിടെയെങ്കിലും വധശിക്ഷ സംബന്ധിച്ച് ഒരു നല്ല തീരുമാനമുണ്ടായാല്‍ ആഹ്ലാദം പ്രകടിപ്പിക്കാനായി കൊളോസ്സിയത്തില്‍ വെള്ള വെളിച്ചത്തിനു പകരം സ്വര്‍ണ വെളിച്ചം തെളിക്കുന്ന രീതി അധികൃതര്‍ സ്വീകരിച്ചു. ഏതെങ്കിലും രാജ്യത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍ മോചിപ്പിക്കപ്പെട്ടാലൊ അയാളുടെ ശിക്ഷ ഇളവു ചെയ്യപ്പെടുകയോ ചെയ്‌താല്‍ അവിടെ പൊന്‍ വെളിച്ചം തെളിയും.

കഴിഞ്ഞയാഴ്ച രണ്ടു ദിവസം പൊന്‍വെളിച്ചം ഉണ്ടായി. ആദ്യം അമേരിക്കയിലെ ന്യൂ ജേഴ്സി വധശിക്ഷ നിര്‍ത്തലാക്കിയതിന്‍റെ ആഘോഷമായിരുന്നു. പിന്നീട് യു. എന്‍. വോട്ടിന്‍റെ ആഘോഷം.

തിരുവിതാംകൂര്‍ മഹാരാജാവ് 1946 ല്‍ ഒരു വിളംബരത്തിലൂടെ വധശിക്ഷ നിര്‍ത്തലാക്കിയിരുന്നു. നാലു കൊല്ലം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. അതോടെ തിരുവിതാംകൂറില്‍ വധശിക്ഷ തിരിച്ചുവന്നു.

വധശിക്ഷ യഥാര്‍ത്ഥത്തില്‍ ഒരു ശിക്ഷയല്ല, പ്രതികാര നടപടിയാണ്. കണ്ണിനു കണ്ണ്, പല്ലിനു പല്ലു എന്ന പ്രാകൃത നിയമത്തിന്‍റെ തുടര്‍ച്ചയാണത്. ഹീന കുറ്റങ്ങള്‍ തടയാന്‍ വധശിക്ഷ കൂടുയേതീരൂ എന്ന് ധാരാളം പേര്‍ വിശ്വസിക്കുന്നു. എന്നാല്‍ വധശിക്ഷ ഇല്ലാതിരുന്ന കാലത്ത് തിരുവിതാംകൂറില്‍ ഹീന കുറ്റങ്ങള്‍ കൂടിയിരുന്നില്ലെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

വധശിക്ഷ ഇല്ലാതിരുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മ കേരളീയര്‍, കുറഞ്ഞപക്ഷം തിരുവിതാംകൂറുകാര്‍ പുതുക്കേണ്ടതാണ്. ഒരു വധശിക്ഷ നടക്കുമ്പോള്‍ ഒരു പൊതു സ്ഥലത്ത് കൂടി മെഴുകുതിരി കത്തിച്ച് നമുക്കു വധശിക്ഷക്കെതിരായ വികാരം പ്രകടിപ്പിക്കാവുന്നതാണ്.

1 comment:

ഭൂമിപുത്രി said...

കുറച്ചുനാള്‍ നെറ്റില്‍ കേറാന്‍പറ്റാതിരുന്നതുകൊണ്ട്,
ഇപ്പോഴാണ്‍ ഇതുകണ്ടതു.ഇത്രയും ശ്രദ്ധാര്‍ഹമായ ഈക്കുറിപ്പിനു കമന്റുകള്‍ ഒന്നും കാണാ‍ത്തതില്‍ അത്ഭുതം തോന്നി.യു.എന്നില്‍ നിന്നും ഇത്തരം അഭിനന്ദനാര്‍ഹമായ ഒരു നീക്കമുണ്ടായതില്‍ സന്തോഷം തോന്നുന്നു.ഇന്ത്യയും വൈകാതെ ഈവഴിയ്ക്ക് നീങ്ങുമെന്നു ആഗ്രഹിക്കുകയാണ്‍.
വധശിക്ഷ ഒരുതരത്തിലും ന്യായീകരിയ്കാ‍ന്‍ കഴിയാത്ത അധാര്‍മ്മികത തന്നെയാണ്‍