Friday, March 3, 2017

മലയാളി നവമാധ്യമങ്ങളുടെ വര്‍ത്തമാനം
ബി.ആര്‍.പി. ഭാസ്കര്‍

അച്ചടിമാധ്യമ സ്വാധീനം ഏറ്റവുമധികം ഏറ്റുവാങ്ങിയ ഇന്ത്യാക്കാര്‍ മലയാളികളാകണം. സാക്ഷരതാനിരക്ക് ഉയര്‍ന്നതും വായനാശീലം വളര്‍ന്നതും പത്രങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനു സഹായകമായി. നവോത്ഥാന സ്വഭാവം കൈവരിച്ച സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആ സാഹചര്യം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ അവസരമുണ്ടാക്കി. അവയെ നയിച്ചവര്‍  ആശയ പ്രചാരണത്തിന് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി.  പൊതു മാധ്യമങ്ങളും സാമൂഹിക മാറ്റങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്തു. അങ്ങനെ അച്ചടിമാധ്യമങ്ങള്‍ നല്ല മാറ്റങ്ങളുടെ ഭാഗമായി.

സര്‍ക്കാര്‍ മാധ്യമങ്ങളെന്ന പരിമിതിമൂലം റേഡിയോക്കും ടെലിവിഷനും അച്ചടിമാധ്യമങ്ങളുടേതിനു സമാനമായ സ്വാധീനം നേടാന്‍ കഴിഞ്ഞില്ല. സ്വകാര്യ ചാനലുകള്‍ വന്നപ്പോള്‍ ആ സ്ഥിതി മാറി. ടെലിവിഷന്‍ ചുറ്റുവട്ടത്തും ദൂരപ്രദേശങ്ങളിലും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ആദ്യ വിവരം നല്‍കുന്ന മാധ്യമമായി. ദൃശ്യങ്ങള്‍ക്ക് വാക്കുകളേക്കാള്‍ സ്വാധീനശക്തിയുള്ളതുകൊണ്ട് ടെലിവിഷന്‍ വളരെ വേഗം മേല്‍കൈ നേടിയെങ്കിലും അച്ചടിമാധ്യമങ്ങള്‍ അരങ്ങുവാണകാലത്ത് അവയ്ക്കുണ്ടായിരുന്ന തരത്തിലുള്ള സ്വാധീനം നേടാന്‍ ദൃശ്യമാധ്യമങ്ങള്‍ക്കായില്ല. ഇതിനു രണ്ട്‌ കാരണങ്ങളുണ്ടെന്നു തോന്നുന്നു. ഒന്ന്‍, ദൃശ്യമാധ്യമങ്ങള്‍ അച്ചടിമാധ്യമങ്ങളെപ്പോലെ മസ്തിഷ്ക പ്രവര്‍ത്തനം ആവശ്യപ്പെടുന്നില്ല. രണ്ട്‌, വളര്‍ച്ചയുടെ ഘട്ടത്തില്‍ വായനക്കാര്‍ പത്രങ്ങളെ നല്ല മാറ്റങ്ങളുടെ ഭാഗമായി കണ്ടു. എന്നാല്‍ പ്രേക്ഷകര്‍ക്ക് ചാനലുകളെ അങ്ങനെ കാണാന്‍ കഴിയുന്നില്ല. സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടെ ഭാഗമായാണ് പലരും ഇന്ന്‍ മാധ്യമങ്ങളെ പൊതുവിലും, ടെലിവിഷനെ പ്രത്യേകിച്ചും, കാണുന്നത്. ലോകത്തെവിടെയും മുന്നില്‍ ക്യാമറ കണ്ടാല്‍ ഒരാള്‍ കഴിവതും നല്ല പെരുമാറ്റം കാഴ്ചവെക്കാന്‍ ശ്രദ്ധിക്കും. മലയാളികള്‍ ഇതിനൊരപവാദമാണ്. ടെലിവിഷന്‍ ക്യാമറയുടെ മുന്നില്‍ വഷളത്തം കാട്ടാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.

വികസിത സമൂഹങ്ങളൊക്കെയും അച്ചടിയുടെയും ടെലിവിഷന്റെയും കാലം പിന്നിട്ട് നവമാധ്യമ കാലത്തേക്ക് കടന്നിരിക്കുകയാണ്. ലോകത്ത് എന്ത് നടക്കുന്നുവെന്ന് അവര്‍ ആദ്യം അറിയുന്നത് ഇന്റര്നെറ്റിലൂടെയാണ്. കുറച്ചു കാലം മുമ്പ് ഒരു മലയാള ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ചെറുപ്പക്കാരെല്ലാം തങ്ങള്‍ വാര്‍ത്തകള്‍ക്ക് ആശ്രയിക്കുന്നത് പത്രങ്ങളെയല്ല, വെബ്സൈറ്റുകളെയാണ്, എന്ന് പറയുകയുണ്ടായി. ഈ സാഹചര്യത്തില്‍ മലയാളികളും സാമൂഹ്യ മാധ്യമങ്ങളും തമ്മിലുള്ള ബന്ധം സൂക്ഷ്മ പഠനമര്‍ഹിക്കുന്നു.

ഒരു സ്വതന്ത്രവേദിയായാണ് ഇന്റര്‍നെറ്റ്‌ ജന്മമെടുത്തത്. അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നവരുടെ ശ്രമഫലമായി ഇന്നു അത് അറിവിന്റെ ഭണ്ഡരമാണ്. സര്‍ക്കാരുകളും സേവനദാതാക്കളും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അവിടെ ആര്‍ക്കും ദ്വാരപാലകരാല്‍ തടയപ്പെടാതെ പ്രവേശിച്ച് അറിവ് തേടാനും ബാഹ്യ ഇടപെടലുകള്‍ കൂടാതെ അഭിപ്രായ പ്രകടനം നടത്താനും കഴിയുന്നു. നിയന്ത്രണങ്ങളുടെ അഭാവം പ്രദാനം ചെയ്യുന്ന ഗുണത്തോടൊപ്പം സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തില്‍ നിന്നുയരുന്ന ദോഷവും അനുഭവവേദ്യമാകുന്നു.

ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കു മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും വലിയ തോതില്‍ തൊഴില്‍ തേടി പോകുന്ന മലയാളികള്‍ നവമാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും  കഴിയുമെന്ന്‍ വളരെ വേഗം മനസിലാക്കി. ഓര്‍ക്കുട്ടായിരുന്നു ആദ്യം അവരുടെ പ്രിയപ്പെട്ട വേദി. അതിനുശേഷം അവര്‍ കൂട്ടത്തോടെ ഫേസ്ബുക്കിലേക്ക് ചേക്കേറി. കേരളത്തില്‍ 48ലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണത്രെ. ഗൂഗിളില്‍ ഇംഗ്ലീഷില്‍ “ഫേസ്ബുക്ക് മലയാളി” എന്നെഴുതി അന്വേഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം ഒന്നര കോടിയിലധികം വെബ് ലിങ്കുകള്‍ ലഭിക്കും. നവമാധ്യമങ്ങളിലെ മലയാളി സാന്നിധ്യത്തിന്റെ വ്യാപ്തി അതില്‍ നിന്ന്‍ ഊഹിക്കാവുന്നതാണ്. ആ സാന്നിധ്യം ഏതു തരത്തിലുള്ളതാണു എന്നറിയാന്‍ കൂടുതല്‍ ആഴത്തിലുള്ള അനേഷണം ആവശ്യമാണ്‌. അത്തരത്തിലുള്ള അന്വേഷണത്തിനു മലയാളികള്‍ സാമൂഹ്യ മാധ്യമങ്ങളെ എന്താവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു, എത്ര ഫലവത്തായി ഉപയോഗിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും നല്‍കാനാകും.

ചില സ്ഥിതിവിവരക്കണക്കുകള്‍ മലയാളിയുടെ നവമാധ്യമ പ്രവര്‍ത്തനം നല്ല രീതിയിലുള്ളതല്ലെന്നു സൂചിപ്പിക്കുന്നു. രാജ്യത്ത് 2011ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 55ശതമാനം മൂന്നര ശതമാനം ജനങ്ങള്‍ മാത്രം താമസിക്കുന്ന കേരളത്തിന്റെ സംഭാവനയായിരുന്നു. അത് സംസ്ഥാനത്തെ ഏറ്റവുമധികം സൈബര്‍ കുറ്റാരോപിതരുള്ള (കുറ്റവാസനയുള്ളവരുള്ള?) നാടാക്കി. മലയാളികള്‍ നേരത്തെ ഇന്റര്‍നെറ്റില്‍ പ്രവേശിച്ചതും പോലീസ് അമിതാവേശത്തോടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമാകാം സംസ്ഥാനത്തിന് ആ സ്ഥാനം നേടിക്കൊടുത്തത്. (കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാണിക്കുന്ന ആവേശം തെളിവുകള്‍ നിരത്തി പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പലപ്പോഴും പോലീസ് കാട്ടാറില്ല). മറ്റുള്ളവരും ഇന്റര്‍നെറ്റില്‍ വലിയ തോതില്‍ കടന്നു ചെന്നപ്പോള്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം പോയി. ഒടുവിലത്തെ കണക്കുകളനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍  ഏറ്റവും മുകളില്‍ ഇപ്പോള്‍ മഹാരാഷ്ട്രയാണ്.

നവമാധ്യമ രംഗത്ത് ഗൌരവപൂര്‍വമായ ചര്‍ച്ചകള്‍ നടക്കുന്ന ഇടങ്ങളുണ്ട്. എന്നാല്‍ മലയാളികള്‍ കൂടുതല്‍ വ്യാപരിക്കുന്നത് അവിടെയല്ല. സ്വന്തം താല്പര്യങ്ങളും അഭിരുചികളും പലരെയും മറ്റിടങ്ങളിലേക്ക് നയിക്കുന്നു. ഇന്റര്‍നെറ്റ് മലയാളികള്‍ ചില ട്രോള്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവയില്‍ ചിലത് നിരവധി അഡ്മിന്മാരും മോഡറേറ്റര്മാരുമുള്ള സംവിധാനങ്ങളാണ്. കൂടുതല് പ്രധാന്യമുള്ള വിഷയങ്ങളും അവര്‍ കൈകാര്യം ചെയ്യാറുണ്ട്. മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്നാണ്  സ്വകാര്യ കോളേജ് വിദ്യാര്‍ഥി ജിഷ്ണു മരിച്ചതെന്ന വിവരം ശക്തമായി ആദ്യം അവതരിപ്പിച്ചത് അവരാണു.  

ദ്വാരപാലകരുള്ള മാധ്യമ ഇടങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നവമാധ്യമങ്ങള്‍ നല്‍കുന്നു. പൊതുവേദികളില്‍ അഭിപ്രായപ്രകടനം നടത്തി ശീലമില്ലാത്തതുകൊണ്ട് അവര്‍ അനുയോജ്യമല്ലാത്ത ഭാഷയും രീതികളും സ്വീകരിക്കുന്നെങ്കില്‍ അതിനെ ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ല. കാലക്രമത്തില്‍ അവര്‍ ശരിയായ പാതയിലേക്ക് വരുമെന്ന്‍ പ്രതീക്ഷിക്കാം. എന്നാല്‍ അനുയോജ്യമല്ലാത്ത ഭാഷയും രീതികളും ബോധപൂര്‍വം സ്വീകരിക്കുന്നവരുമുണ്ട്. ലിംഗസമത്വം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ഇത് വ്യക്തമായി കാണാനാകും. അവിടെ പ്രതിഫലിക്കുന്നത് സമൂഹത്തില് വ്യാപകമായിട്ടുള്ള  ജീര്‍ണ്ണതയാണ്. കേരളത്തില്‍ ഏത് രംഗത്താണ് ഇന്ന്‍ അതിന്റെ പ്രതിഫലനമില്ലാത്തത്?  

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാടാണ് കേരളം. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കിടയിലും പെണ്ണുങ്ങള്‍ ഏറെയുണ്ട്. പക്ഷെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന മലയാളികളില്‍ 29 ശതമാനം മാത്രമാണ് സ്ത്രീകള്‍. ഈ വേദിയുടെ സ്വഭാവം സ്ത്രീകളെ പിന്തിരിപ്പിക്കുകയാണോ? മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 26-മാര്‍ച്ച് 4, 2017)

Monday, February 6, 2017

അനുസരണ അടിച്ചുവാങ്ങേണ്ടതല്ല

ബി.ആര്‍.പി. ഭാസ്കര്‍

കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ എന്തോ ചീഞ്ഞുനാറുന്നു. അതിന്റെ ദുര്‍ഗന്ധം അവിടെയുള്ള ചില മന്ത്രിമാര്‍ക്കും അല്പം അകലെയുള്ള സി.പി.ഐ-എം ആസ്ഥാനത്തിരിക്കുന്ന ചില നേതാക്കള്‍ക്കും അനുഭവപ്പെടുന്നതായി അവരുടെ വാക്കുകളില്‍ നിന്ന്‍ മനസിലാക്കാം. സെക്രട്ടേറിയറ്റിലെ സി.പി.ഐ-എം അനുകൂല സംഘടന വിതരണം ചെയ്ത ലഘുലേഘയിലും അതിന്റെ സൂചനയുണ്ട്. പക്ഷെ എല്ലാവര്‍ക്കും മുകളിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് അത് അനുഭവപ്പെടുന്നില്ല. എന്തോ പ്രശ്നമുണ്ടെന്നത് ചിലരുടെ മന:പായസമാണെന്ന് അദ്ദേഹം പറയുന്നു. നാം എന്ത് കാണുന്നുവെന്നത് എവിടെ നിന്ന്‍ നോക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഒരു പ്രശ്നവുമില്ലെന്നല്ല, സര്‍ക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മില്‍ പോരടിക്കുന്നില്ല എന്നാണ്. അത് ഒരര്‍ത്ഥത്തില്‍ ശരിയാണുതാനും. ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ പോരാട്ട പാമ്പര്യമുള്ളവരല്ല. കൂട്ട അവധിയുടെ രൂപത്തിലുള്ള ഒരു പ്രതിഷേധ പരിപാടി അവര്‍ ആസൂത്രണം ചെയ്തിരുന്നു. സംഘര്‍ഷ രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന നേതാവിനു പ്രതിഷേധം പോരായോ അതിനുള്ള തയ്യാറെടുപ്പായൊ തോന്നാം. രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ജീവനക്കാരെ സംഘടിപ്പിക്കുന്ന ചരിത്രമുള്ള കക്ഷിയാണ് സി.പി.ഐ-എം. സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കെ പോലീസ് സേനയിലേക്കും അത് സ്വാധീനം നീട്ടിയിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടി മെഡിക്കല്‍ കോളേജ് അധ്യാപകനായിരുന്ന ന്യൂറോസര്‍ജന്‍ ഡോ. ബി. ഇക്ബാല്‍, പൊതുമരാമത്തു വകുപ്പില്‍ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് ഇഞ്ചിനീയറായിരുന്ന കെ.സി. ഉമേഷ്ബാബു തുടങ്ങി പല സര്‍ക്കാര്‍ ജീവനക്കാരെയും അവരുടെ സേവനചട്ട വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അംഗങ്ങളാക്കിയിരുന്നു. അവര്‍ പാര്‍ട്ടി അംഗങ്ങളാണെന്ന വിവരം പുറംലോകം അറിഞ്ഞത് നേതൃത്വത്തിനു ഇഷ്ടപ്പെടാഞ്ഞ എന്തോ ചെയ്തതിനെ തുടര്‍ന്നു ശിക്ഷാനടപടി എടുക്കുകയും ആ വിവരം പരസ്യപ്പെടുത്തുകയും ചെയ്തപ്പോഴാണ്. 

കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്മാര്‍ മുഖ്യമന്ത്രിയുടെയോ ഏതെങ്കിലും മന്ത്രിയുടെയോ കണ്ണിലുണ്ണികളായി അറിയപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിലോ ഏതെങ്കിലും സംസ്ഥാനത്തോ അവര്‍ ഭരണകൂടത്തിനെതിരെ പോരടിച്ച ചരിത്രമില്ല, ഉണ്ടാവുകയുമില്ല. കാരണം അവര്‍ക്ക് നഷ്ടപ്പെടാന്‍ പലതുമുണ്ട്. സര്‍ക്കാരിന്റെ സംഹാരശേഷിയെ കുറിച്ച് അവര്‍ക്ക് അറിവുമുണ്ട്. അസുഖകരമായ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളവരാണവര്‍. അവധിയെടുക്കുക, കേന്ദ്ര ഡെപ്യൂട്ടേഷന് തേടുക, മുന്‍കൂട്ടി വിരമിക്കക എന്നിവ അക്കൂട്ടത്തില്‍ പെടുന്നു.

പ്രാധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അധികാര പരിധി വലുതാണ്. അവര്‍ക്ക് ഇഷ്ടമുള്ള ഉദ്യോഗtസ്ഥന്മാരെ തെരഞ്ഞെടുക്കാം. ആരോടും ചോദിക്കാതെ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുകയും ചെയ്യാം. അതുകൊണ്ട് അവരും ഉദ്യോഗസ്ഥരും തമ്മില്‍ പ്രശ്നങ്ങളുളളതായി നാം കേള്‍ക്കാറില്ല. പതിനൊന്നാം വയസില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ കെ. കാമരാജ് 1954ല്‍ മദ്രാസില്‍ മുഖ്യമന്ത്രിയായപ്പോള്‍ വിദ്യാസമ്പന്നരായ ചില ഉദ്യോഗസ്ഥന്മാര്‍ മതിപ്പോടെയല്ല അദ്ദേഹത്തെ നോക്കിയത്. ഗവര്‍ണര്‍ ജനറല്‍ പദവി വരെ വഹിച്ചശേഷം വീണ്ടും മുഖ്യമന്ത്രിയായ സി. രാജഗോപാലാചാരിയുടെ പിന്‍ഗാമിയായാണ് അദ്ദേഹം വന്നതെന്നുകൂടി ഓര്‍ക്കണം. ആദ്യ ദിവസം ആപ്പീസില്‍ ഏതോ ജില്ലയില്‍ നിന്ന് വന്ന ഒരു കോണ്ഗ്രസ് നേതാവുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. സമയം അഞ്ചു മണിയാകുന്നു. ഒരു പ്രധാനപ്പെട്ട കടലാസ് ഒപ്പിട്ട് കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മുറിയിലേക്ക് കടന്നു ചെന്നു അക്കാര്യം ഓര്‍മ്മപ്പെടുത്തി. “നിങ്ങളുടെ കൊച്ചുവര്ത്തമാനം അവിടെ നില്‍ക്കട്ടെ” എന്നോ മറ്റോ ഉള്ള മുഖവുരയോടെയാണ്‌ ഉദ്യോഗസ്ഥന്‍ വിഷയം അവതരിപ്പിച്ചത്. കാമരാജ് അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങള്‍ മുറിയില്‍ പോയി ഇരിക്കുക. ഒപ്പിട്ടശേഷം ഫയല്‍      അവിടെയെത്തും.” സന്ദര്‍ശകന്‍ പോയശേഷം കാമരാജ് ഫയല് ഒപ്പിട്ടു കൊടുത്തയച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയായ ഉദ്യോഗസ്ഥനെ  ചെങ്കല്പെട്ട് ജില്ലാ കളക്ടറായി സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവും അതോടോപ്പമുണ്ടായിരുന്നു.

സെക്രട്ടറിയും കളക്ടറും ഒരേ തലത്തിലുള്ള തസ്തികകളാകയാല്‍ ആ സ്ഥലംമാറ്റം ശിക്ഷയാണെന്ന് പരയാനാകുമായിരുന്നില്ല. . എന്നാല്‍ ചെങ്കല്പട്ടിലെ കളക്ടര്‍ സ്ഥാനം ഐ.എ.എസുകാര്‍ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു. കാരണം ചെന്നൈ വിമാനത്താവളം സ്ഥിതിചെയ്യുന്ന മീനംപാക്കം അന്ന്‍ ആ ജില്ലയിലായിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനത്തില്‍ ചെന്നൈയില്‍ വന്നിറങ്ങുന്ന വി.ഐ.പിമാരെ സ്വീകരിക്കാന്‍ കളക്ടര്‍ മീനംപാക്കത്ത് എത്തണം. മറ്റേതെങ്കിലും ജില്ലയില്‍ പോസ്റ്റ്ചെയ്യാന്‍ ആ ഉദ്യോഗസ്ഥന്‍ നേരിട്ടും മറ്റുള്ളവര്‍ വഴിയും അപേക്ഷിച്ചു. ആദ്യം അവിടെ പോയി ചുമതല ഏല്‍ക്കുക, അതിനുശേഷം മറ്റൊരിടത്തേക്ക് അയക്കുന്ന കാര്യം ആലോചിക്കാം എന്നായിരുന്നു കാമരാജിന്റെ മറുപടി. അദ്ദേഹം ഒരു ധീരകൃത്യം ചെയ്തെന്ന മട്ടില്‍ അതിനെ കുറിച്ച് പത്രപ്രവര്‍ത്തകരോട് സംസാരിച്ചില്ല. ഉദ്യോഗസ്ഥന്‍ പരസ്യമായി അവഹേളിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയോട് ബഹുമാനപുരസരം പെരുമാറണമെന്ന്‍ എല്ലാവരും മനസിലാക്കി.

മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും തമ്മില്‍ അസ്വാരസ്യമുണ്ടാകുന്നത് അസാധാരണമല്ല. അത്തരം സാഹചര്യങ്ങളില്‍ മന്ത്രി തനിക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥനെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും അദ്ദേഹം അതംഗീകരിക്കുകയും ചെയ്യുന്നു. ഇത് വലിയ പ്രചാരം കൊടുക്കാതെ ചെയ്യാവുന്ന കാര്യമാണ്. എന്നാല്‍ ചില മന്ത്രിമാര്‍ തങ്ങളുടെ ഔന്നത്യം സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥനുമായി പരസ്യമായി മല്ലടിച്ച ശേഷമാവും സ്ഥലം മാറ്റം ആവശ്യപ്പെടുന്നത്ഉദ്യോഗസ്ഥന്‍ പോയശേഷവും മന്ത്രി അധിക്ഷേപം തുടര്‍ന്ന ചരിത്രവുമുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് ദേവസ്വം മന്ത്രി ജി. സുധാകരനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. ഭാരത് ഭൂഷണും തമ്മിലുണ്ടായ പ്രശ്നം ഒരുദാഹരണം.

ദേവസ്വം ബോര്‍ഡിലെ അഴിമതികളെ കുറിച്ചു വിജിലന്‍സ് വകുപ്പ് നല്‍കിയ ഒരു റിപ്പോര്‍ട്ട് മന്ത്രി സെക്രട്ടറിയെ കാണിക്കാതെ കൈവശം വെച്ചതാണു അവര്‍ തമ്മിലുള്ള വഴക്കിന്റെ ഒരു കാരണമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ചോദിച്ചിട്ടും റിപ്പോര്‍ട്ട്‌ കൊടുക്കാതിരുന്നപ്പോള്‍ ഭാരത്‌ ഭൂഷണ്‍ അതാവശ്യപ്പെട്ടുകൊണ്ട് മന്ത്രിക്കു കുറിപ്പ് കൊടുത്തു. പതിവുപോലെ ഉദ്യോഗസ്ഥനെ മാറ്റി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടന്നു. ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ തസ്തിക കണ്ടെത്തി. പക്ഷെ പൂര്‍ണ്ണ പരിഹാരമായില്ല. പോകും മുമ്പേ ഭാരത്‌ ഭൂഷണ്‍  മന്ത്രിയുടെ ചെയ്തികളെ കുറിച്ച് പത്രക്കാരോട് പറഞ്ഞു. മന്ത്രി ഒരു പൊതുയോഗത്തില്‍ സംസാരിക്കവേ തന്റെ വകുപ്പിലെ മുന്‍ സെക്രട്ടറി ഒരു മാഫിയയുടെ ആളായിരുന്നെന്നും അയാള്‍ക്കെതിരെ ആഭ്യന്തര മന്ത്രി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം മറ്റൊരു പ്രസംഗത്തില്‍ അന്ന് ഉപയോഗിച്ച വാക്കുകള്‍ പരുക്കനായിരുന്നെന്നു ചിലര്‍ അഭിപ്രായപ്പെട്ടെന്നും തനിക്കും അങ്ങനെ തോന്നുന്നതുകൊണ്ട് പിന്‍വലിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ഒപ്പം നേരത്തെ  പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന്‍ ഒരു പ്രഖ്യാപനവും!

യു.ഡി.എഫ് കാലത്ത് ഭാരത്‌ ഭൂഷണ് ചീഫ് സെക്രട്ടറിയായി കേരളത്തില്‍ തിരിച്ചെത്തി. അന്ന്‍ ചില ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ അദ്ദേഹത്തിനെതിരെ പരാതികള്‍ ഉണയിച്ചു. അവ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയെങ്കിലും അദ്ദേഹം ഇടപെട്ടില്ല. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഐ.എ.എസ് അസോസിയേഷനാണെന്ന് ഭാരത്‌ ഭൂഷണ്‍ ആരോപിച്ചു. ഇപ്പോഴത്തെ തര്‍ക്കങ്ങളിലും അസോസിയേഷന്റെ പേര് പൊങ്ങിവന്നിട്ടുണ്ട് താഴെത്തട്ടിലുള്ള സര്‍വീസ് സംഘടനകളുടെ കാര്യത്തിലെന്ന പോലെ ഇതിന്റെയും നേതൃതലതിലുള്ളവര്‍ ഇപ്പോഴും സംശുദ്ധിക്ക് പേരുകെട്ടവരാകില്ല. അവര്‍ എറ്റെടുക്കുന്ന പരാതികള്‍ സംശുദ്ധരുടെതാകണമെന്നുമില്ല.

അന്നത്തെ തര്‍ക്കങ്ങളില്‍ നിന്ന്‍ ഇപ്പോഴത്തേവയെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളുണ്ട്. അതിലൊന്നു  മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പരസ്യമായി എതിര്‍ ചേരികളിലായി പക്ഷം ചേര്‍ന്നുവെന്നതാണ്. തലപ്പത്തിരിക്കുന്നവര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവരാണ്. അവര്‍ തര്‍ക്കത്തിന്റെ ഭാഗമാവുകയും എതിര്ചേരികളിലാവുകയും  ചെയ്യുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. 

മാധ്യമങ്ങളില്‍ നിന്ന്‍ മനസിലാക്കാന്‍ കഴിയുന്നത് ചീഫ് സെക്രട്ടറിയുടെയും കൂട്ട അവധി എടുക്കാനിരുന്ന ഉദ്യോഗസ്ഥരുടെ പ്രതിനിധികളുടെയും മുന്നില്‍ മുഖ്യമന്ത്രി സിനിമയിലെ ആക്ഷന്‍ ഹീറോയുടെ ശൈലിയില്‍ ഒരു ഡയലോഗ് അടിച്ചെന്നും പിന്നീട് അക്കാര്യം പത്രക്കാരെ അറിയിച്ചു എന്നുമാണ്. അവധിയെടുത്താല്‍   വേറെ ആളെ വെക്കും, പിന്നെ ഇവിടെ ജോലിക്ക് വരേണ്ട എന്ന്‍ അദ്ദേഹം പറഞ്ഞത്രേ. സസ്പെന്‍ഷന്‍ മുതലായ താല്‍കാലിക നടപടികള്‍ എടുക്കാം എന്നല്ലാതെ സര്‍ക്കാരുദ്യോഗസ്ഥന്മാരെ രായ്ക്കുരാമാനം പുറത്താക്കിയിട്ടു ആ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ഒരു മുഖ്യമന്ത്രിക്കെന്നല്ല, പ്രധാനമന്ത്രിക്കോ പ്രസിഡന്റിനു പോലുമോ അധികാരമില്ല. ഇതറിയാത്തവരല്ല ഐ.എ..എസ് ഉദ്യോഗസ്ഥന്മാര്‍. നിങ്ങള്‍ ഇത്തരത്തിലല്ല  പെരുമാറേണ്ടത്, പരാതികളുണ്ടെങ്കില്‍ പരിശോധിക്കാം എന്ന്‍ സൌമ്യമായി പറഞ്ഞിരുന്നെങ്കിലും അവര്‍ അവധി പരിപാടി ഉപേക്ഷിക്കുമായിരുന്നു. പക്ഷെ മുഖ്യമന്ത്രിക്ക് വേണ്ടിയിരുന്നത് കൂട്ട അവധി ഒഴിവാക്കുക മാത്രമായിരുന്നില്ല. ഇരട്ടച്ചന്കുള്ള നേതാവെന്ന പ്രതിച്ചായ വീണ്ടെടുക്കുകയും വേണമായിരുന്നു. ഇങ്ങനെയൊരു പ്രതിച്ചായാ പ്രശ്നം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ട്. അത് അദ്ദേഹത്തെയും തെറ്റായ വഴികളിലേക്ക് നയിക്കുന്നുമുണ്ട്. 

ബന്ധുനിയമനത്തിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെട്ട മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനെതിരായ കേസില്‍ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിചേര്‍ത്തതാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. മന്ത്രിമാരുടെ തീരുമാനങ്ങള്‍ ഉത്തരവായി ഇറക്കുന്നത് ഉദ്യോഗസ്ഥന്മാരാണ്. ഉത്തരവില്‍ ഒപ്പിട്ടത്തിന്റെ പേരില്‍ അവരെ പ്രതിയാക്കുന്നത് ഇതാദ്യമല്ല. കേസുകള്‍ അനന്തമായി നീളുകയാണു പതിവ്. ക്രിമിനല്‍ കേസ് നടപടികള്‍ നടക്കുന്നുവെന്നത് സ്ഥാനക്കയറ്റത്തിനു തടസമാകാത്തതുകൊണ്ട്  ഉദ്യോഗസ്ഥന്മാരെ അത് വളരെയൊന്നും ആലോസരപ്പെടുതിയിരുന്നില്ല. കെ. കരുണാകരനെതിരായ പാമൊലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ പി.ജെ. തോമസിനെ മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം ചീഫ് വിജിലന്‍സ് കമ്മിഷണറായി നിയമിച്ചിരുന്നു. അഴിമതി കേസില്‍ പ്രതിയായതിനാല്‍ അദ്ദേഹം ആ സ്ഥാനം വഹിക്കാന്‍ യോഗ്യനല്ലെന്നു സുപ്രീം കോടതി വിധിച്ചു. കുറ്റവാളിയാണെന്ന് വിചാരണയിലൂടെ കണ്ടെത്തും വരെ പ്രതി നിരപരാധിയാണെന്ന് കരുതണം എന്നാണു നമ്മുടെ നീതിശാസ്ത്രം പറയുന്നത്. അഴിമതിക്കാരന്‍ ഒരു സാഹചര്യത്തിലും അഴിമതിവിരുദ്ധ സംവിധാനത്തിന്റെ തലപ്പത്ത് വരാന്‍ പാടില്ലെന്നതുകൊണ്ട് കോടതി ആ തത്വം മറന്നത് പൊറുക്കാം. പക്ഷെ ആ ഉദ്യോഗസ്ഥന്‍ അഴിമതിയുടെ കരിനിഴലില്‍ തുടരുന്നതിന് നീതിന്യായ സംവിധാനവും ഉത്തരവാദിയാണ്. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇടതു ജീവനക്കാരുടെ  സഹായത്തോടെ ചോര്‍ത്തിയെടുത്തു കൊടുത്ത ഫയലിന്റെ അടിസ്ഥാനത്തില്‍ ഒരു പത്രം പാമോലിന്‍ അഴിമതി പുറത്തുകൊണ്ടുവന്നിട്ടു 25 കൊല്ലമായി. അച്ചനമ്മമാരെ കൊന്ന ഒരാളോട് ശിക്ഷ വിധിക്കുന്നതിനു മുമ്പ് എന്തെകിലും പറയാനുണ്ടോ എന്ന്‍ ജഡ്ജി ചോദിച്ചപ്പോള്‍ താന്‍ അനാഥനാണ്, കരുണ കാട്ടണം എന്ന് പറഞ്ഞതായി ഒരു കഥയുണ്ട്. കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസിന്റെ പേരില്‍ തോമസ്‌ അയോഗ്യനാണെന്ന അത്യുന്നത കോടതിയുടെ നിലപാടും ഏതാണ്ട് അതെ തരത്തിലുള്ളതാണ്.

രാഷ്ട്രീയ മേലാളന്മാരുടെ ചെയ്തികള്‍ക്ക് നിയമത്തിന്റെ മുന്നില്‍ ഉദ്യോഗസ്ഥന്മാര്‍ മറുപടി പറയേണ്ട സാഹചര്യം ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. കോടതി നടപടികളില്‍ സര്‍ക്കാരിനെ അല്ലെങ്കില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് ചീഫ് സെക്രട്ടറിയോ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയോ ആയിരിക്കും. ഒരിക്കല്‍ ഒരു സുപ്രീം കോടതി വിധി നടപ്പാക്കാഞ്ഞതിനു കര്‍ണ്ണാടക സര്‍ക്കാരിനെതിരെ കോര്ട്ടലക്ഷ്യക്കേസുണ്ടായി. സുപ്രീം കോടതി ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി. മന്ത്രിസഭയുടെ തീരുമാനം കൂടാതെ ആ ഉദ്യോഗസ്ഥനു നടപടി എടുക്കാനാകുമായിരുന്നില്ല. മന്ത്രിസഭയെയോ മുഖ്യമന്ത്രിയയോ വിളിച്ചുവരുത്തി ശിക്ഷിക്കാന്‍  കഴിയാത്ത കോടതി ചീഫ് സെക്രട്ടറിയെ ശിക്ഷയായി അന്ന് മുഴുവന്‍ കോടതി മുറിയില്‍ നിര്‍ത്തി.

നയപരമായ തീരുമാനങ്ങള്‍ എടുക്കുകയാണു.മന്ത്രിയുടെ ജോലി. അവ നടപ്പാക്കുകയാണ് വകുപ്പുദ്യോഗസ്ഥന്മാരുടെ ജോലി. ഈ വസ്തുത മനസിലാക്കി ഇരുവരും പ്രവര്‍ത്തിക്കുകയാണെങ്കില്‍ വലിയ പ്രശ്നങ്ങളുണ്ടാകില്ല. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൌരിയമ്മക്കൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്മാര്‍ അവര്‍ അത്തരത്തിലുള്ള ഒരു മന്ത്രിയായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പല മുഖ്യമന്ത്രിമാരും മന്ത്രിമാരും നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അവസരം കൊണ്ട് തൃപ്തരാകാറില്ല.  ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ സ്ഥലംമാറ്റത്തില്‍ ഇടപെട്ടില്ലെന്ന സല്പേര് നേടിയവരാണ് ജെ. ചിത്തരഞ്ജന്‍ (സിപിഐ), വി,എം. സുധീരന്‍ (കോണ്ഗ്രസ്) എന്നിവര്‍. ആ പാത പിന്തുടര്‍ന്നവര്‍ വേറെയുമുണ്ടാകാം. സ്ഥലംമാറ്റത്തില്‍ സ്ഥിരമായി ഇടപെട്ടെന്ന ദുഷ്പേര് സമ്പാദിച്ചവരുമുണ്ട്.

പോലീസിലെ നിയമനങ്ങളില്‍ വകുപ്പ് മന്ത്രിക്ക് മാത്രമല്ല,  എം.എല്‍.എ. മാര്‍ക്കും താല്പര്യമുണ്ടാകും. സി.പി.ഐ-എം ഭരിക്കുമ്പോഴാണെങ്കില്‍ പ്രദേശത്തെ പാര്‍ട്ടി ഘടകവും താല്പര്യമെടുക്കും.. പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലത്ത് സേനയില്‍ പാര്‍ട്ടി അംഗത്വമുള്ളവരുണ്ടെന്ന വിവരം പുറത്തു വന്നിരുന്നു. രണ്ടിടങ്ങളില്‍ പാര്‍ട്ടി ആപ്പീസുകളില്‍ പോലീസുകാരുടെ യോഗം വിളിച്ചുചേര്‍ത്തതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. പിണറായി വിജയന്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിയായ അച്യുതാനന്ദന് പോലീസിന്റെയും വിജിലന്സിന്റെയും ചുമതല  പാര്‍ട്ടി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയന്‍റെ ആദ്യ നടപടികളിലൊന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ പോലീസ് ഡിജിപി  ടി.പി. സെന്‍ കുമാറിനെ മാറ്റി ലോക നാഥ് ബെഹറയെ ആ സ്ഥാനത്ത് നിയമിച്ചതാണ്. വിജിലന്‍സ് തലപ്പത്തും ഇഷ്ടമുള്ള ഒരാളെ വെച്ചു. ബെഹറയുടെ കീഴില്‍ പോലീസ് മെച്ചപ്പെട്ട രീതിയില്‍ പ്രവര്ത്തിക്കുന്നെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടോ എന്നറിയില്ല. എന്നാല്‍ കഴിഞ്ഞ ഒരു കൊല്ലത്തില്‍ പോലീസ് പ്രവര്‍ത്തനം വഷളാവുകയാണുണ്ടായത്. കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പൊലീസിനെതിരെ ഉയര്‍ന്നിട്ടുള്ള നിഷ്ക്രിയത്വം മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ വരെയുള്ള  ആരോപണങ്ങളെ നിസ്സാരമായി തള്ളിക്കളയാനാവില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പിന്തുണ നേടിയിട്ടുള്ള ജേക്കബ് തോമസിനെയാണ് പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ വകുപ്പ്  പൊതുമണ്ഡലത്തിലുള്ള അഴിമതി ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ വേഗത്തില്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിനു പകരം  പുതിയ ഇരകള്‍ക്കുവേണ്ടി വലയെറിയുകയാണ്. ഐ.എ.എസിനും ഐ.പി.എസിനുമിടയിലും രണ്ടു സര്‍വീസുകളിലെയും ഉദ്യോഗസ്ഥര്‍ക്കിടയിലും നിലനില്‍ക്കുന്ന പിണക്കങ്ങളുടെ വെളിച്ചത്തില്‍ ഇതിനെ ആരോഗ്യകരമായ അവസ്ഥയായി കാണാനാവില്ല.
   .
ഏതൊരു സംവിധാനത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് മുകളിലുള്ളവരും താഴെയുള്ളവരും തമ്മില്‍ നല്ല ബന്ധമുണ്ടാകണം. എന്നാല്‍ പലപ്പോഴും ഒരുവശം അച്ചടക്ക അധികാരവും മറുവശം സംഘടനാ ബലത്തെയും അമിതമായി ആശ്രയിക്കുന്നു. സര്‍ക്കാരിലായാലും സ്വകാര്യ സ്ഥാപനങ്ങളിലായാലും കാര്യക്ഷമതയുള്ള ഒരാള്‍ക്ക് സാധാരണഗതിയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ സമീപനത്തിലൂടെ തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരുടെ ആദരവും സഹകരണവും നേടാനാകും. അതിനു കഴിയാതെ വരുമ്പോഴാണു  ഭീഷണികള്‍ ഉയരുന്നതും അച്ചടക്ക വാളും സംഘടിതശക്തിയും പ്രാമുഖ്യം നേടുന്നതും. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 29, 2017)

Thursday, December 22, 2016

വീണ്ടും ഒരു ഏറ്റുമുട്ടല്കൊലക്കാലം?

ബി.ആര്‍.പി. ഭാസ്കര്‍
ജനശക്തി

എല്‍. ഡി. എഫ് വരികയും എല്ലാം ശരിയാകുകയും ചെയ്തപ്പോള്‍ കേരളം ഒരു വ്യാജ ഏറ്റുമുട്ടല്‍കൊലക്കാലത്താണോ എത്തിയിരിക്കുന്നത്? വടക്കും വടക്കുകിഴക്കുമുള്ള ചില സംസ്ഥാനങ്ങളെപ്പോലെ വ്യാജമോ അല്ലാത്തതോ ആയ ഏറ്റുമുട്ടല്‍  പതിവായി നടക്കുന്ന ഒരു  പ്രദേശമല്ലിത്. അതേസമയം മന:സാക്ഷിയെ നടുക്കിയ ഒരു വ്യാജ ഏറ്റുമുട്ടലിന്റെ മരിക്കാത്ത ഓര്‍മ്മ കേരളത്തിനുണ്ട്. അതുകൊണ്ട് അതിന്റെ ആവര്ത്തനം ഒഴിവാക്കാന്‍ ജാഗ്രത  പുലര്‍ത്തേണ്ടതുണ്ട്.

സി. പി. ഐ (മാവോയിസ്റ്റ്) ഏതാനും സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ കുറെക്കാലമായി സജീവമാണ്. ഭരണകൂടങ്ങളില്‍ നിന്ന്‍ അര്‍ഹമായ പരിഗണന ലഭിക്കാതിരുന്ന ആദിവാസികള്‍ മാവോയിസ്റ്റുകളെ രക്ഷിതാക്കളായി കണ്ടെങ്കില്‍ അത്ഭുതപ്പെടാനുണ്ടോ? ആദിവാസികളെ ചൂഷണം ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന ഭരണകൂടങ്ങള്‍, പ്രത്യേകിച്ച് പോലീസ് സംവിധാനം, ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി മാവോയിസ്റ്റുകള്‍ക്ക് സഹായകമായി. അതിന്റെ ഫലമായി ഏറ്റവും ഭീകരമായ അവസ്ഥ നിലനില്‍ക്കുന്നത് ഛത്തിസ്സ്ഗഡിലാണ്. അവിടെ  പോലീസ് സല്‍വ ജൂഡും എന്ന പേരില്‍ ഉണ്ടാക്കിയ സേന കൊലയും ബലാല്സംഗവും ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടത്തുകയുണ്ടായി. ഒടുവില്‍ സുപ്രീം കോടതിക്ക് അത് പിരിച്ചുവിടാന്‍ ഉത്തരവിടെണ്ടി വന്നു. അതിനുശേഷവും ചിലയിടങ്ങളിലെങ്കിലും ആ അക്രമിസംഘം ശല്യം തുടരുന്നുണ്ട്.

ശിശുരോഗ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക് സെനിന്റെയും ആദിവാസി അധ്യാപികയും പൊതുപ്രവര്‍ത്തകയുമായ  സോണി സോറിയുടെയും ദുരനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. തടങ്കലിലായിരുന്ന ഒരു മാവോയിസ്റ്റ് നേതാവിനെ അധികൃതരുടെ അനുമതിയോടെ കണ്ടതിന്റെ പേരിലാണ് ആദിവാസി കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം മനുഷ്യാവകാശ പ്രശ്നങ്ങളില്‍ താല്‍പര്യമെടുത്ത സെന്നിനെതിരെ പോലീസ് വിധ്വംസകപ്രവര്ത്തനത്തിനു കേസെടുത്തത്. സുപ്രീം കോടതി വരെ പോയിട്ടും അദ്ദേഹത്തിനു ജാമ്യം കിട്ടിയില്ല. വിചാരണ കോടതി സെന്‍ കുറ്റക്കാരനാണെന്ന് വിധിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തശേഷം  അദ്ദേഹം വീണ്ടും ജാമ്യം തേടി. ഇത്തവണ സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം നല്‍കാന്‍ തയ്യാറായി. സെന്നിനെതിരായ പോലീസ് നീക്കം ലോകവ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. മുപ്പതില്‍ പരം നോബല്‍ പുരസ്കാര ജേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് സുപ്രീം കോടതിയെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ ഒരു പൌരനു നീതി ലഭിക്കാന്‍ ഇത്തരത്തിലുള്ളഉ ന്നതതല വിദേശ ഇടപെടല്‍  വേണ്ടിവരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് ഭൂഷണമല്ല.

ഇന്ത്യയിലെ പോലീസ് സംവിധാനം ഫ്യുഡല്‍-കൊളോണിയല്‍ സ്വാധീനത്തില്‍ നിന്നും ഇനിയും മോചിതമായിട്ടില്ല. ആ സ്വാധീനം ഇന്നും അതിശക്തമായി നിലനില്‍ക്കുന്ന ഒരു പ്രദേശമാണ് ഛത്തിസ്ഗഡ. തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് പോലീസ് സോറി സോണിയോട് പെരുമാറിയത്. ആ സ്ത്രീയോടു കാട്ടിയ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ ഒരു പോറലും ഏല്‍ക്കാതെ സര്‍വീസില്‍ കഴിയുന്നു.

ഛത്തിസ്ഗഡിനെപ്പോലുള്ള ഒരു പിന്നാക്കസംസ്ഥാനമല്ല കേരളം. പക്ഷെ പോലീസിനെ ജനങ്ങളുടെ മിത്രമാക്കാനുള്ള പരിപാടികള്‍ വലിയ ആരവത്തോടെ നടപ്പാക്കിയ ശേഷവും അതിന്റെ ഫ്യുഡല്‍ കൊളോണിയല്‍ ശേഷിപ്പുകള്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പ്രകടമാകാറുണ്ട്. നാല്പതു കൊല്ലം മുമ്പ് വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്ത്തിക്കുമ്പോഴാണ്‌ പൊലീസ് നക്സലൈറ്റ്‌ നേതാവ് എ. വര്‍ഗീസിനെ പിടികൂടി വെടിവെച്ചു കൊന്നത്. പിടിയിലായയാളെ കോടതിയില്‍ എത്തിക്കാനുള്ള കടമയെക്കുറിച്ച് ഐ.പി.എസുകാരായ മേലുദ്യോഗസ്ഥരെ ഓര്‍മ്മിപ്പിക്കാനുള്ള ചന്കൂറ്റം ഒരു സാധാരണ കോണ്‍സ്റ്റബിള്‍ ആയ പി. രാമചന്ദ്രന്‍ നായര്‍ കാട്ടി. അതിനു അദ്ദേഹം കൊടുക്കേണ്ടിവന്ന വില സ്വയം കൊലയാളിയാകുക എന്നതായിരുന്നു. പറഞ്ഞതുപോലെ ചെയ്തില്ലെങ്കില്‍ വര്‍ഗീസും ഒരു കോണ്‍സ്റ്റബിളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാവും അടുത്ത ദിവസം പാത്രങ്ങളിലുണ്ടാവുക എന്ന്  ഒരുദ്യോഗസ്ഥന്‍ രാമചന്ദ്രന്‍ നായരോട് പറഞ്ഞു. അതോടെ രാമചന്ദ്രന്‍ നായര്‍ക്ക് നിയമം മറന്നുകൊണ്ട് സ്വയംരക്ഷ തേടേണ്ടി വന്നു. എന്നാല്‍ അദ്ദേഹം നീതിബോധം കൈവിട്ടില്ല. വര്‍ഗീസിന്‍റെ സഹപ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അദ്ദേഹം സത്യാവസ്ഥ അറിയിച്ചു. ആ വിവരം പ്രയോജനപ്പെടുത്താന്‍ അന്നത്തെ സാഹചര്യങ്ങള്‍  അനുവദിച്ചില്ല. ഇരുപത്തെട്ടു കൊല്ലം കഴിഞ്ഞു, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം, മേലുദ്യോഗസ്ഥന്റെ ഭീഷണിയെ തുടര്‍ന്ന്‍  താനാണ് വര്‍ഗീസിനെ വെടിവെച്ചതെന്നു പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായി. മാറിയ സാഹചര്യത്തില്‍ ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ നടത്തിയ അന്വേഷണം ഐ.ജി. ആയി റിട്ടയര്‍ ചെയ്ത കെ. ലക്ഷ്മണക്ക് സംഭവം നടന്ന്‍ 29 കൊല്ലത്തിനു ശേഷം ജയില്‍ശിക്ഷ നേടിക്കൊടുത്തു.  രാമചന്ദ്രന്‍ നായരുടെ ഏറ്റുപറച്ചിലാണ് വര്‍ഗീസിന്‍റെ അരുംകൊല പുറത്ത് കൊണ്ടുവന്നത്. രാമചന്ദ്രന്‍ നായര്‍  എന്ന കോണ്‍സ്റ്റബിള്‍ കാട്ടിയ ധാര്‍മ്മികബോധം പോലീസിന്റെ ഉന്നതതലങ്ങളിലുണ്ടായാല്‍ വ്യാജ ഏറ്റുമുട്ടലുകളുണ്ടാകില്ല.

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നക്സലൈറ്റ് കാലത്ത് നടന്നതുപോലുള്ള വലിയ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പരിസ്ഥിതി മലിനീകരണം നടത്തുന്ന ഒരു വിദേശ കമ്പനിയുടെ ആപ്പീസില്‍ അതിക്രമിച്ചു കയറി ചില്ലറ നാശനഷ്ടം വരുത്തിയ ഒരു സംഭവം കുറച്ചുകാലം മുമ്പ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും അത്തരം പരിപാടികള്‍ നടത്താറുണ്ട്. എന്നാല്‍ മാവോയിസ്റ്റു ഭീഷണി  പര്‍വതീകരിക്കാന് ചില കേന്ദ്രങ്ങള്‍ കുറെക്കാലമായി ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഒമ്പത് കൊല്ലം മുമ്പ് ആന്ധ്രയില്‍ നിന്നുള്ള പ്രമുഖ മാവോയിസ്റ്റ് നേതാവ് മല്ല രാജി റെഡഡി കേരളത്തില്‍ നിന്ന്‍ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഇവിടെ ഒളിവില്‍ കഴിഞ്ഞെന്നല്ലാതെ എന്തെങ്കിലും അക്രമ പ്രവര്‍ത്തനം അദ്ദേഹം നടത്തിയതായി പോലീസ് കണ്ടെത്തിയില്ല. കേന്ദ്ര  രഹസ്യാന്വേഷണ ഏജന്‍സികള്‍ മാവോയിസ്റ്റുകള്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി നിരന്തരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍  വനമേഖലയില്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല.  ഇടതു തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി എടുക്കാന്‍ പ്രത്യേക പോലീസ് സേനാവിഭാഗത്തെ സജ്ജമാക്കുന്നതിനു കേന്ദ്ര ധനസഹായം ലഭിക്കുമെന്നതുകൊണ്ട് മാവോയിസ്റ്റ് ഭീഷണി ഊതിവീര്പ്പിക്കാന് സംസ്ഥാന സര്‍ക്കാരും തയ്യാറായി. കേരളാ പോലീസില്‍ ഇപ്പോള്‍ കേന്ദ്ര പദ്ധതി പ്രകാരം മാവോയിസ്റ്റ് വേട്ടയില്‍ പ്രത്യേക പരിശീലനം ലഭിച്ച തണ്ടര്‍ബോള്‍ട്ട് സംഘമുണ്ട്

കഴിഞ്ഞ കൊല്ലം അറസ്റ്റു ചെയ്യപ്പെട്ട രൂപേഷിനെ പശ്ചിമ ഘട്ടത്തിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ എന്നാണു പോലീസ് വിശേഷിപ്പിച്ചത്.  തണ്ടര്‍ബോള്‍ട്ട് രൂപേഷിനു വേണ്ടി കാട്ടില്‍ തെരച്ചില്‍  നടത്തിയിരുന്നു. ഔദ്യോഗിക ഭാഷ്യമനുസരിച്ച് രൂപേഷിനെ അറസ്റ്റ് ചെയ്തത് ആന്ധ്രാ പോലീസാണ്. അതും തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച്.  ദിവസങ്ങള്‍ക്കു മുമ്പ് വേറെയെവി ടെയോ വെച്ച് പിടികൂടിയിട്ട് അവിടെ കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ്  മാവോയിസ്റ്റുകള്‍ പറയുന്നത്. അറസ്റ്റു ചെയ്തത് ആരായാലും, എവിടെ വെച്ചായാലും കൊള്ളാം, അത് കേരളാ പോലീസിന്റെയും കൂടി നേട്ടമാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരന്വേഷണവും കൂടാതെ നിലമ്പൂരിലെ എറ്റുമുട്ടലിനെ ന്യായീകരിക്കാനും അദ്ദേഹത്തിനു മടിയില്ല.

നിലമ്പൂര്‍ വനത്തിലെ മാവോയിസ്റ്റ് ക്യാമ്പിലെ സജീകരണങ്ങളെ കുറിച്ച് പോലീസ് നല്‍കിയിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് അത് ഒരു സായുധസമര സംഘത്തിന്റെ  ഓപ്പരേഷനല്‍ കേന്ദ്രത്തേക്കാള്‍ കമ്മ്യൂണിക്കേഷന്‍ കേന്ദ്രമായിരുന്നു എന്നാണു. ബലപ്രയോഗത്തിന്റെ സാധുത വിലയിരുത്തുന്നിടത്ത് ഇതിനു പ്രസക്തിയുണ്ട്. പോലീസിന്‍ ബലം പ്രയോഗിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ ബലപ്രയോഗം അത് നേരിടുന്ന അപകട ഭീഷണിക്ക് ആനുപാതികമായിരിക്കണം.  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാജ ഏറ്റുമുട്ടലുകളുടെ പശ്ചാലത്തില്‍  ഏറ്റുമുട്ടല്‍ കൊലകള്‍ കേസ്  രജിസ്ടര്‍ ചെയ്ത് അന്വേഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മാനിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. 

Tuesday, November 22, 2016

അറുപതാണ്ടത്തെ നേട്ടങ്ങളും കോട്ടങ്ങളും


ശ്രീനാരായണൻ സൃഷ്ടിച്ച കേരളമാണിതെന്ന് 1956ൽ നമുക്ക് ധൈര്യമായി പറയാൻ കഴിയുമായിരുന്നുകാരണം ഗുരു മുന്നോട്ടുവെച്ച മാതൃകാസ്ഥാന സങ്കല്പത്തിലേക്ക് നാം നടന്നടുക്കുകയായിരുന്നു. ആദിവാസിയെ ദ്രോഹിക്കുകയും ദലിതനെ അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ കേരളം എല്ലാവരും സോദരത്വേന വാഴുന്ന കാലം വിഭാവന ചെയ്ത ഗുരുവിന്റെ സൃഷ്ടിയാകുന്നതെങ്ങനെ? ജാതിമതചിന്ത വളരുന്ന ഇന്നത്തെ കേരളം ഗുരുവിന്റെ സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ചതുമൂലം ഉണ്ടായതാണ്


ബി.ആർ.പി. ഭാസ്കർ 
കേരള കൗമുദി 

കേരള സംസ്ഥാനത്തിന് 60 തികയുമ്പോൾ അഭിമാനത്തോടെ  അവകാശപ്പെടാവുന്ന പല നേട്ടങ്ങളും നമുക്കുണ്ട്ഒപ്പം ലജ്ജയോടെ മാത്രം ഓർമ്മിക്കാവുന്ന ചില കോട്ടങ്ങളും

ജന്മമെടുത്ത് ആറാം മാസത്തിൽ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി ചരിത്രം സൃഷ്ടിച്ചതാണ് ആധുനിക കേരളത്തിന്റെ ആദ്യ നേട്ടംതെരഞ്ഞെടുപ്പിലൂടെയുള്ള അധികാരമാറ്റം ഇപ്പോൾ സാധാരണമായതുകൊണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കാൻ പുതിയ തലമുറക്ക് ഒരുപക്ഷെ കഴിയില്ലആ ചരിത്രസംഭവം സാധ്യമാക്കിയത് സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങൾ സമരോത്സുകരാക്കിയ സാധാരണക്കാരായ ജനങ്ങളാണ്.

സംസ്ഥാനം പിറക്കുന്നതിനു മുമ്പു തന്നെ കേരളം സാമൂഹികമായി ഇതരപ്രദേശങ്ങളെ പിന്നിലാക്കിയിരുന്നുസെൻസസ് റിപ്പോർട്ട് അനുസരിച്ച് 1951 രാജ്യത്തെ സാക്ഷരതാനിരക്ക്  വെറും18 ശതമാനം ആയിരുന്നു. എന്നാൽതിരുവിതാംകൂറിൽ 47 ശതമാനവും കൊച്ചിയിൽ 43 ശതമാനവും മലബാറിൽ 31 ശതമാനവും സാക്ഷരരായിരുന്നു.മലബാർ പിന്നോട്ടു വലിച്ചിട്ടും 1961ലും കേരളം 47 ശതമാനത്തോടെ ദേശീയ സാക്ഷരതാ നിരക്കായ 28ശതമാനത്തേക്കാൾ ഏറെ മുകളിലായിരുന്നുഅന്ന് രാജ്യത്തെ ശിശുമരണ നിരക്ക് (1000 നവജാതരിൽ ഒരു കൊല്ലത്തിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം) 115 ആയിരുന്നുകേരളത്തിൽ അത് 52 മാത്രമായിരുന്നു.  

തിരുവിതാംകൂർ 1875ൽ 5.7 4 ശതമാനം മാത്രം സാക്ഷരതയുള്ള സംസ്ഥാനമായിരുന്നുതിരുവനന്തപുരത്തെ സാക്ഷരത15 ശതമനം ആയിരുന്നു. ഇതിൽനിന്ന് തലസ്ഥാനത്തിനു പുറത്ത് എഴുതാനറിയാവുന്നവർ തീരെ കുറവായിരുന്നു എന്ന് മനസിലാക്കാംക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസ രംഗത്ത് സജീവമായിരുന്നതുകൊണ്ട് ക്രിസ്ത്യാനികളായിരുന്നു സാക്ഷരതയിൽ മുന്നിൽ: 6.56 ശതമാനംഅവർക്കു പിന്നിൽ ഹിന്ദുക്കൾ: 5.57 ശതമാനംഅവർക്കും പിന്നിൽ മുസ്ലിങ്ങൾ: 4.72 ശതമാനംനവോത്ഥാന പ്രസ്ഥാനങ്ങൾ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയതാണ് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയത്

ആരോഗ്യ രംഗത്തും മിഷനറിമാർ താല്പര്യമെടുത്തിരുന്നു. പിന്നീട് സർക്കാരും വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും   സജീവമായിഇതിന്റെയൊക്കെ ഫലമായാണ്  കേരളം തുടക്കത്തിൽ തന്നെ സാമൂഹികമായി മുൻനിര സംസ്ഥാനമായത്.  പിന്നീട് കൂടുതൽ പുരോഗതി കൈവരിക്കുകയും 1991ൽ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തുസാമൂഹ്യ പുരോഗതിയിൽ ഇപ്പോഴും കേരളം ഒന്നാം സ്ഥാനത്തു തന്നെഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ ഇങ്ങനെസാക്ഷരത: 93.91 ശതമാനംആയുർദൈർഘ്യം:74.9 കൊല്ലംശിശുമരണ നിരക്ക്:12.

സാമ്പത്തികമായി പിന്നാക്കമാണെങ്കിലും കേരളം വികസിത രാജ്യങ്ങൾക്ക് തുല്യമായ സാമൂഹിക പുരോഗതി കൈവരിച്ചതായി  ഐക്യരാഷ്ട്രസഭയുടെ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ 1969ൽ കണ്ടെത്തി. അതിനുശേഷം ഗൾഫ് പ്രവാസം കേരളത്തെ സമ്പന്ന സംസ്ഥാനമാക്കി.
      
ശ്രീനാരായണ ഗുരു ഉഴുതുമറിച്ച മണ്ണിൽ വിത്തു പാകിയതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇവിടെ നല്ല വളർച്ചയുണ്ടായതെന്ന് അതിന്റെ നേതാക്കൾ പറഞ്ഞിട്ടുണ്ട്ചിലർ ഗുരുവിനെ ആധുനിക കേരളത്തിന്റെ സ്രഷ്ടാവായി വാഴ്ത്തിയിട്ടുമുണ്ട്എന്നാൽ അദ്ദേഹം ഒറ്റയ്ക്ക് ഒരു പുതിയ കേരളത്തെ വാർത്തെടുക്കുകയായിരുന്നില്ലനിരവധി പേർ പല തലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഫ്യൂഡലിസത്തിന്റെ പിടിയിലായിരുന്ന കേരള സമൂഹത്തെ  പുരോഗമനോന്മുഖമാക്കിയത്. ഒരു മാതൃകാസ്ഥാനം എന്ന ലക്ഷ്യം നമുക്ക് മുന്നിൽ വെച്ചതാണ് ഗുരുവിനെ നവോത്ഥാന നായകന്മാരിൽ പ്രഥമഗണനീയനാക്കുന്നത്. തന്റെ മാതൃകാസ്ഥാന സങ്കല്പത്തിനൊത്ത് സ്വയം വളർന്നതിന്റെ ഫലമായി അവസാന കാലത്ത് താൻ ജാതിയെയും മതത്തെയും മറികടന്നിരിക്കുന്നെന്ന് പ്രഖ്യാപിക്കാൻ ഗുരുവിനായി.അതേ തലത്തിലേക്ക് വളരാനുള്ള കഴിവില്ലാത്തവർ ഗുരുവിനെ ജാതിമത മതിൽക്കെട്ടുകൾക്കുള്ളിൽ തളച്ചിടാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു

ശ്രീനാരായണൻ സൃഷ്ടിച്ച കേരളമാണിതെന്ന് 1956ൽ നമുക്ക് ധൈര്യമായി പറയാൻ കഴിയുമായിരുന്നുകാരണം ഗുരു മുന്നോട്ടുവെച്ച മാതൃകാസ്ഥാന സങ്കല്പത്തിലേക്ക് നാം നടന്നടുക്കുകയായിരുന്നു. ആദിവാസിയെ ദ്രോഹിക്കുകയും ദലിതനെ അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ കേരളം എല്ലാവരും സോദരത്വേന വാഴുന്ന കാലം വിഭാവന ചെയ്ത ഗുരുവിന്റെ സൃഷ്ടിയാകുന്നതെങ്ങനെ? ജാതിമതചിന്ത വളരുന്ന ഇന്നത്തെ കേരളം ഗുരുവിന്റെ സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ചതുമൂലം ഉണ്ടായതാണ്ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നയപരിപാടികളോട് എതിർപ്പുള്ള ജാതിമതശക്തികളും അവശിഷ്ട ഫ്യൂഡൽ ഘടകങ്ങളുമായി രാഷ്ട്രീയ എതിരാളികൾ കൈകോർത്തിടത്താണ് ദിശാമാറ്റം സംഭവിച്ചത്പിന്നീട് കമ്മ്യൂണിസ്റ്റ് കക്ഷികളും ജാതിമതശക്തികളുമായി കൂട്ടുകൂടാൻ തയ്യാറായിഅങ്ങനെ രൂപപ്പെട്ട ഒത്തുതീർപ്പ് രാഷ്ട്രീയം ഇപ്പോൾ  സമൂഹത്തിൽ ജീർണ്ണത പടർത്തിക്കൊണ്ടിരിക്കുകയാണ്മതന്യൂനപക്ഷങ്ങൾ ഒത്തുതീർപ്പുകളിലൂടെ ലാഭമുണ്ടാക്കിയെന്ന ധാരണ പരത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമത്തിലാണ് ഭൂരിപക്ഷ വർഗീയത.

അന്യോന്യം പരിപോഷിപ്പിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ജീർണ്ണതയുടെ ഒരംശം മാത്രമാണ്അഴിമതി,അക്രമവാസന തുടങ്ങി മറ്റ് പല അംശങ്ങളും അതിലുണ്ട്അഴിമതിയുടെ കറ പറ്റാത്ത ഭരണാധികാരികൾ നമുക്കുണ്ടായിരുന്നുവ്യക്തിപരമായി സംശുദ്ധി കാത്തുസൂക്ഷിച്ചതല്ലാതെ ഭരണ സംവിധാനം ശുദ്ധീകരിക്കാൻ അവർ ഒന്നും ചെയ്തില്ല. അതുകൊണ്ട് അവരുടെ കീഴിലും അഴിമതി വർദ്ധിച്ചു. 

ജീർണ്ണതയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന പല സംഭവങ്ങളും നമ്മുടെ മുന്നിലുണ്ട്കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചുറ്റുമുള്ളവർ ഉൾപ്പെടെ പലർക്കുമെതിരെ അഴിമതി ആരോപണങ്ങളുയർന്നുഅതെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാനായി. അക്കാലത്ത് ആരംഭിച്ച ചില അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്രണ്ട് ബന്ധുക്കൾക്ക് ഉയർന്ന ജോലികൾ നൽകിയ വ്യവസായ മന്ത്രി ഇ.പിജയരാജന് മന്ത്രിസഭ വിടേണ്ടി വന്നതിനെ എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും യശസ് ഉയർത്തുന്ന സംഭവമായി പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.അതേസമയം ഒരുന്നത പാർട്ടി നേതാവിന് സ്വജനപക്ഷപാതം നടത്തിയതും അതിനെ ന്യായീകരിച്ചതും നിസാരമായി കാണാവുന്നതല്ലവേണ്ടപ്പെട്ടവർക്ക് സർവകലാശാലയിൽ പണി തരപ്പെടുത്താൻ മത്സരപ്പരീക്ഷ എഴുതിയ  40,000ഓളം പേരുടെ ഉത്തരക്കടലാസുകൾ മുക്കിയെന്ന ആക്ഷേപം പാർട്ടിയെ പിന്തുടരുന്നുണ്ടെന്നതും  ഇവിടെ ഓർക്കേണ്ടതുണ്ട്. 

ജീർണ്ണത നീക്കി സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പ് ഉറപ്പാക്കുന്നതിന് പൊതുമണ്ഡലത്തിലെ സത്യസന്ധതാ നിലവാരം   ഏറെ ഉയരേണ്ടിയിരിക്കുന്നു

Friday, November 4, 2016

60 വർഷം: നേട്ടങ്ങളും കോട്ടങ്ങളും


ബി.ആർ.പി. ഭാസ്കർ

ദരിദ്രസംസ്ഥാനമായാണ് കേരളം പിറന്നത്. ആളോഹരി വിഹിതം ദേശീയ ശരാശരിക്കു താഴെ. ഇന്ന് ആളോഹരി വരുമാനത്തിലും ഉപഭോഗത്തിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഈ മാറ്റം സാധ്യമാക്കിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഗൾഫ് പ്രവാസമാണ്. കഴിഞ്ഞ 60 വർഷക്കാലത്തെ ഗൾഫിനു മുൻപും പിൻപും എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്.
തൊഴിലവസരങ്ങളുടെ അഭാവത്തിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാലുടനെ, അല്ലെങ്കിൽ ബിരുദം നേടിയാലുടനെ, ചെറുപ്പക്കാർ 1950കളിൽ ജോലി തേടി സഹ്യൻ കടന്നിരുന്നു. ഏറെക്കാലം മലയാളികൾ ആശ്രയിച്ചിരുന്ന സിംഗപ്പൂരും മലയയും സിലോണും വാതിൽ കൊട്ടിയടച്ചു. അത് ഭാവിയെ കുറിച്ച് ആശങ്കക്ക് വക നൽകിയ ഘട്ടത്തി ഗൾഫ് മേഖല തുറന്നു കിട്ടി. നേരത്തെ സംസ്ഥാനത്തിനു പുറത്ത് തൊഴിൽ നേടിയവർക്ക് കുടുംബത്തിന്റെ നില അല്പം മെച്ചപ്പെടുത്താനുള്ള കഴിവെ ഉണ്ടായിരുന്നുള്ളു. എണ്ണവില ഉയർന്നതിനെ തുടർന്ന് വൻ തോതിൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ കണ്ടെത്തിയവർക്ക് നാട്ടിലേക്ക് വലിയ തുകകൾ അയയ്ക്കാനായി. ഇഞ്ചിനീയറിംഗ്, മെഡിക്കൽ, നഴ്സിംഗ് പ്രൊഫഷനലുകൾക്ക് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറാനുള്ള അവസരവുമുണ്ടായി. വിദ്യാസമ്പന്നരല്ലാത്ത ഗൾഫ് പ്രവാസികൾ അവരേക്കാൾ കൂടുതൽ പണം നാട്ടിലേക്കയച്ചു. വാണിജ്യ മേഖല തഴച്ചുവളർന്നു. ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള കേരളീയർ രാജ്യത്ത് വിൽക്കപ്പെടുന്ന ഉപഭോഗ വസ്തുക്കളുടെ 12 ശതമാനം വരെ വാങ്ങുന്നവരായി. പ്രവാസിയുടെ പണം വയനാട്ടിൽ എത്തിയില്ല. അവിടെ പട്ടിണി മരണവും ആത്മഹത്യയും നടന്നു..
ഗൾഫ് പ്രവാസത്തിൽ സർക്കാരിന് പങ്കില്ലായിരുന്നു. തൊഴിലന്വേഷകർ ആ തൊഴിൽ വിപണി സ്വയം കണ്ടെത്തുകയായിരുന്നു. പ്രവാസികൾ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്ന വലിയ സംഭാവന തിരിച്ചറിഞ്ഞ് അവർക്കായി ചില കുറഞ്ഞ സൌകര്യങ്ങൾ ചെയ്തു കൊടുക്കാൻ പോലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ സമയമെടുത്തു. സ്വകാര്യ റിക്രൂട്ടുമെന്റ് ഏജൻസികൾ പണം കൊയ്യുന്നതു കണ്ട് സംസ്ഥാന സർക്കാരുണ്ടാക്കിയ സ്ഥാപനം  വെള്ളാനയായി.  ഗൾഫ് പണത്തിന്റെ ഗുണം കിട്ടിയവരിൽ ഒരു വലിയ വിഭാഗം നാട്ടിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാതിരുന്ന പിന്നാക്ക വിഭാഗങ്ങളായിരുന്നു. തന്മൂലം ആദ്യഘട്ടത്തിൽ അത് അസമത്വം കുറയ്ക്കാൻ സഹായിച്ചു. പ്രവാസിനിരയിൽ നിന്ന് പിന്നീട് അതിസമ്പന്നർ ഉയർന്നു. അതോടെ അസമത്വം വീണ്ടും വർദ്ധിച്ചു തുടങ്ങി. ഗൾഫ് പണമൊഴിക്കിനൊപ്പം പ്രാദേശിക സംരംഭകരുടെ ദേശീയ ബ്രാൻഡുകളുടെ പ്രചാരവും സർക്കാർ ഒരുക്കിയ ഐ.ടി. പാർക്കുകളുടെ വൈകിയുള്ള വളർച്ചയും സമ്പദ് വ്യവസ്ഥയുടെ വികാസത്തിൽ പങ്കു വഹിച്ചു.
നാല്പതു കൊല്ലത്തിൽ ഗൾഫിൽ നിന്നുള്ള വാർഷിക പണമൊഴുക്ക് 300 കോടി രൂപയിൽ നിന്ന് ഏകദേശം 1,00,000 കോടി രൂപയായി ഉയർന്നു. ഇതിന്റെ ഒരു ചെറിയ അംശമെ സമൂഹത്തിന് മൊത്തത്തിൽ ഗുണം ചെയ്യാൻ കഴിയുന്ന രീതിയിൽ വിനിയോഗിക്കപ്പെട്ടുള്ളു. പദ്ധതികൾക്കായി പ്രവാസികളിൽ നിന്ന് പണം സമാഹരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ വിജയിച്ചില്ല. പ്രവാസികൾക്ക് നേരിട്ട് ഗുണം ചെയ്യുന്ന കൊച്ചി വിമാനത്താവള പദ്ധതിക്കു മാത്രമാണ് പണം കിട്ടിയത്. നിക്ഷേപം തേടി ചെന്നവർക്ക് അവർ സമ്മാനങ്ങൾ നൽകി. പാർട്ടി നേതാക്കൾക്ക് ചാനൽ തുടങ്ങാനും തെരഞ്ഞെടുപ്പു ചെലവ് വഹിക്കാനും അവർ പണം കൊടുത്തു. പക്ഷെ വ്യവസായങ്ങളിൽ മുതൽ മുടക്കാൻ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാന കാരണം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും നിയന്ത്രണത്തിലുള്ള സംവിധാനങ്ങളിൽ അവർക്ക് വിശ്വാസമില്ലാത്തതാണ്.  പ്രൊഫഷണൽ മാനേജ്മെന്റുള്ള സംവിധാനങ്ങളുണ്ടാക്കി വിശ്വാസ്യത നേടാൻ സർക്കാരിന് ഇനിയും ശ്രമിക്കാവുന്നതാണ്.
ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ച സാമൂഹിക നവീകരണ പ്രക്രിയ മുന്നോട്ടു പോകുമ്പോഴാണ് കേരളം പിറന്നത്. ആ പ്രക്രിയ സാമൂഹികമായി കേരളത്തെ വികസിത രാജ്യങ്ങളുടെ തലത്തിലെത്തിച്ചതായി ഐക്യരാഷ്ട്രസഭ 1970 ആയപ്പൊഴേക്കും കണ്ടെത്തി. സർക്കാർ അതു മുന്നോട്ടു കൊണ്ടുപോയതിന്റെ ഫലമായി കേരളം സമ്പൂർണ്ണസാക്ഷരതയുൾപ്പെടെ പല നേട്ടങ്ങളം കൈവരിച്ചു. എന്നാൽ സാമൂഹ്യപരിഷ്കർത്താക്കളുടെ ശ്രമഫലമായി പുറന്തള്ളപ്പെട്ട പല അനാചാരങ്ങളും പിന്നീട് തഴച്ചു വളർന്നു. കൃഷിഭൂമിയുടെ ഉടമസ്ഥത ജന്മിയിൽ നിന്ന് ഇടനിലക്കാരനായ കുടിയാനിലേക്ക് മാറ്റി. എന്നാൽ കർഷകത്തൊഴിലാളി തഴയപ്പെട്ടു. കൃഷി ക്ഷയിച്ചു. ഇപ്പോൾ കൃഷി ചെയ്തു ഉപജീവനം നടത്താൻ തയ്യാറുള്ള ഒരു വലിയ വിഭാഗം ഇവരിലേറെയും ദലിതരും ആദിവാസികളുമാണ് -- കൃഷിഭൂമിക്കായി മുറവിളി കൂട്ടുകയാണ്. സർക്കാർ അത് കേട്ടില്ലെന്ന് നടിക്കുന്നു. കേരള രൂപീകരണത്തിനു മൂമ്പ് തുടങ്ങിയ വനം കയ്യേറ്റം പിന്നീട് സംഘടിത രൂപത്തിൽ വളർന്നു. കയ്യേറ്റക്കാരുടെ  സാമുദായിക വോട്ടുകൾ നേടാനായി പാർട്ടികൾ ആദിവാസികളെ കൈയൊഴിഞ്ഞു.
ആദ്യ തെരഞ്ഞെടുപ്പിൽ കേരളം കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയത് ലോക ശ്രദ്ധ ആകർഷിച്ചു. ഇന്ന് കേരളത്തിൽ ഒറ്റയ്ക്ക് അധികാരം നേടാൻ കഴിവുള്ള ഒരു കക്ഷിയില്ല. അതിനായി ശ്രമിക്കാനുള്ള ചങ്കൂറ്റം പോലും ഒരു കക്ഷിക്കുമില്ല  നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കളുണ്ട്. അവരുടെ പാർട്ടികൾ വളരുകയല്ല, തളരുകയാണ്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ രാഷ്ട്രീയരംഗത്തു നിന്ന് നിഷ്ക്രമിച്ച ജാതിമത സംഘടനകൾ വീണ്ടും സജീവമായിരിക്കുന്നു. ഒപ്പം പിന്നീട് ജന്മം കൊണ്ടവയുംമുണ്ട്. അവയുടെ സ്വാധീനത്തിൽ വർഗീയ ധ്രുവീകരണം നടക്കുന്നുഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു സീറ്റും നേടാനാകാത്ത കക്ഷികൾക്കും മുന്നണികളുടെ തണലിൽ അധികാരത്തിലേറാൻ കഴിയുന്നു. ഇങ്ങനെ വികലമാക്കപ്പെട്ട ജനാധിപത്യത്തിൽ ജീർണ്ണത പടർന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു?
കേരളം പിറക്കുമ്പോൾ സർക്കാർ മേഖലയിൽ മികച്ച സ്കൂളുകളും കോളെജുകളും ഉണ്ടായിരുന്നു. അവിടെ പ്രവേശനം ലഭിക്കാൻ സാധ്യതയില്ലെങ്കിലെ പലരും സ്വകാര്യ സ്ഥാപനങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നുള്ളു. ഇപ്പോൾ സ്വകാര്യ വിദ്യാഭ്യാസ മേഖല പ്രിയങ്കരമായിരിക്കുന്നു. അവിടെ നല്ല സ്ഥാപനങ്ങളുണ്ട്. ഒപ്പം ഭരണാധികാരുകളെ കോഴ കൊടുത്തൊ അല്ലാതെയൊ സ്വാധീനിച്ച് അനുവാദം വാങ്ങി സ്ഥാപിച്ച പീടികകളുമുണ്ട്. അവിടെ കോഴ കൊടുത്ത് ജോലി സമ്പാദിച്ച അദ്ധ്യാപകർ കോഴ കൊടുത്ത് പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഡോകടർമാരും ഇഞ്ചീീയർമാരുമാക്കാൻ ശ്രമിക്കുന്നു.

അഭിമാനത്തൊടെ ചൂണ്ടിക്കാണിക്കാവുന്ന പല നേട്ടങ്ങളും നമുക്കുണ്ട്. ദൂരെയിരുന്നു നോക്കുന്ന ജ. മാർക്കണ്ഡേയ കട്ജുവിനെപ്പോലുള്ള നിരീക്ഷകരെ ത്രസിപ്പിക്കാനുള്ള കഴിവും നമുക്കുണ്ട്. പക്ഷെ പൂർവികർ വെട്ടിത്തെളിച്ച, കേരളത്തെ ഒന്നാം നിര സംസ്ഥാനമാക്കി മാറ്റിയ, നവോത്ഥാനപാതയിൽ നിന്ന് മാറിയാണ് നാം സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വ്യത്യസ്തമായ പാത തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ തലമുറയ്ക്കുമുണ്ട്.  അത് നയിക്കുന്നത് മുന്നോട്ടാണ്, പിറകോട്ടല്ല, എന്ന് ഉറപ്പു വരുത്താനുള്ള ചുമതലയും അവർക്കുണ്ട്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 30, 2016)